വേഗത്തിൽ ചാടിപ്പിടഞ്ഞെഴുന്നേറ്റവൾ മുഖം കഴുകുവാനായി ബാത്റൂമിലേക്ക് കയറി. ആ സമയം…

നൈറ്റ് റൈഡ്

Story written by Prajith Surendrababu

===========

“ഏട്ടാ…എനിക്ക് ഈ രാവ് പുലരും വരെ ഏട്ടനൊപ്പം ഇങ്ങനെ ഉറങ്ങാതെ കെട്ടിപ്പിടിച്ചു കിടക്കണം “

നന്ദിനി ആർത്തിയോടെ വീണ്ടും മിലനെ വാരി പുണർന്നു.

“അതിനെന്താ കിടക്കാലോ പൊന്നെ..ഇന്ന് നമ്മുടെ ഒന്നാം വിവാഹ വാർഷികമല്ലേ..തന്റെ ഒരാഗ്രഹത്തിനും ഇന്ന് ഞാൻ എതിര് നിൽക്കില്ല “

ഒരു പുഞ്ചിരിയോടെയവൻ അവളുടെ നെറുകയിൽ ഒന്ന് ചുംബിച്ചു. അല്പസമയം കൂടി അവരങ്ങനെ കിടന്നു.

“ഏട്ടാ..എനിക്കൊരു ആഗ്രഹം..നമുക്ക് ഒരു നൈറ്റ് റൈഡ് പോയാലോ…ഏട്ടന്റെ ബുള്ളറ്റിൽ”

നന്ദിനിയുടെ അടുത്ത ആവശ്യം ഒരു നിമിഷം മിലനെ കുഴപ്പിച്ചു

“അത് വേണോ..നല്ല തണുപ്പല്ലേ നന്ദു..നമുക്കിവിടിങ്ങനെ കെട്ടിപ്പിടിച്ചു കിടന്നാൽ പോരെ.. “

ആ മറുപടി കേട്ട് അവളുടെ മുഖം വാടിയപ്പോൾ പതിയെ എഴുന്നേറ്റു മിലൻ

“ഓക്കേ പോകാം…ഇനി ആ കാര്യം പറഞ്ഞ് മുഖം വീർപ്പിക്കേണ്ട “

“ഓക്കേ ഏട്ടാ…ഞാൻ വേഗം റെഡിയാവാം..ഏട്ടനും പെട്ടെന്ന് റെഡിയായിക്കോ..ആ റെഡ്‌ റ്റി ഷർട്ട്‌ ഇടണം കേട്ടോ.. “

വേഗത്തിൽ ചാടിപ്പിടഞ്ഞെഴുന്നേറ്റവൾ മുഖം കഴുകുവാനായി ബാത്റൂമിലേക്ക് കയറി. ആ സമയം നന്ദിനി പറഞ്ഞ റെഡ്‌ റ്റി ഷർട്ടും ഒരു ഷോർട്ട്സും ഇട്ട് റെഡിയായി വീടിന് പുറത്തേക്കിറങ്ങി മിലൻ. ബുള്ളെറ്റ് ഷെഡിൽ നിന്നും തള്ളിയിറക്കി സ്റ്റാർട്ട്‌ ചെയ്യുമ്പോഴേക്കും റെഡിയായി നന്ദിനിയും എത്തിയിരുന്നു. അവളെ കണ്ട മാത്രയിൽ മിലന്റെ മിഴികൾ തുറിച്ചു പോയി. ഒരു ചുവന്ന ചുരിദാറിൽ അഴിച്ചിട്ട മുടിയിഴകൾ തലോടിയവൾ ഇറങ്ങുമ്പോൾ ഒരു ദേവതയെ പോലെ തോന്നി അവന്…അത്രമേൽ അഴക്കിൽ അവളെ ഇതിനു മുന്നേ കണ്ടിരുന്നില്ല അവൻ.

“നന്ദു..ഇത് താനാണോ..എന്ത് ഭംഗിയാ നിന്നെ ഇപ്പോൾ കാണാൻ..കണ്ണെടുക്കാനെ തോന്നുന്നില്ല.. “

വാ പൊളിച്ചു നിന്ന മിലന്റെ കവിളിൽ ഒന്ന് തലോടിക്കൊണ്ട് ബുള്ളറ്റിന് പിന്നിലേക്ക് കയറി നന്ദിനി

“വാ പൊളിച്ചു നിൽക്കാതെ മോൻ വേഗം വണ്ടിയെടുക്ക് … “

“ഓക്കേ മാഡം “

നിമിഷങ്ങൾക്കകം അവന്റെ നേവി ഗ്രീൻ ബുള്ളറ്റിൽ അവർ റോഡിലേക്ക് പ്രവേശിച്ചു. ആ യാത്രയിൽ ഏറെ സന്തോഷവതിയായിരുന്നു നന്ദിനി. പിന്നിൽ നിന്നും  ഇരുകൈകളാലും ചുറ്റിപ്പിടിച്ചു മിലനോട് ചേർന്നിരുന്നു അവൾ

“എന്താടോ..താൻ റൊമാന്റിക്ക് ആയോ “

അവന്റെ ചോദ്യം കേട്ട് ഒന്ന് പുഞ്ചിരിച്ചു നന്ദിനി

“കോടമഞ്ഞുള്ള രാത്രിയിൽ ജീവന്റെ പാതിയോട് തൊട്ടുരുമ്മിയിരുന്നൊരു റൈഡിനു പോയാൽ ആരാണ് ഏട്ടാ റൊമാന്റിക് ആകാതിരിക്കുക..ഈ രാവ് പുലരാതിരുന്നെങ്കിൽ എന്നാണ് ഞാനിപ്പോൾ ആഗ്രഹിക്കുന്നത്…എന്നും മനസ്സിൽ മായാത്തൊരു ഓർമയാകണം നമ്മുടെയീ യാത്ര”

ആ വാക്കുകൾ കേൾക്കെ മിലനിലും പ്രണയത്തിന്റെ പുതു നാമ്പുകൾ മൊട്ടിട്ടു..പതിയെ നന്ദിനിയുടെ വലതു കൈ പിടിച്ചു തന്റെ ചുണ്ടോട് ചേർത്ത് ഒരു മുത്തം നൽകി അവൻ.

“എന്റെ പൊന്നിന് എവിടേക്കാണ് പോകേണ്ടത്..ഈ രാവ് പുലരും വരെ കറങ്ങാം നമുക്ക് “

നന്ദിനി കേൾക്കുവാൻ കൊതിച്ച വാക്കുകളായിരുന്നു അത്.

“നമുക്കൊരു ചൂട് കട്ടനടിച്ചാലോ..ഇതുപോലെ കോടമഞ്ഞുള്ള രാത്രിയിൽ ഏട്ടനൊപ്പം വഴിയോരത്തുള്ള കുഞ്ഞു കടയിൽ നിന്ന് നല്ല ആവി പറക്കുന്ന ഒരു കട്ടൻ കാപ്പി കുടിക്കുന്നത് എത്ര സ്വപ്നം കണ്ടതാ ന്ന് അറിയോ ഞാൻ..ഇന്ന് ആ ആഗ്രഹം സാധിക്കണം “

“അതിനെന്താ..നിന്റെ എല്ലാ ആഗ്രഹങ്ങളും എന്നോട് പറഞ്ഞോ..അതെല്ലാം സാധിച്ചു തരും ഞാൻ “

മിലന്റെ വാക്കുകൾ കേട്ട് വീണ്ടും അവന്റെ ചുമരിലേക്ക് ചാഞ്ഞു നന്ദിനി.

ആഗ്രഹ പ്രകാരം റോഡുവക്കിലെ കുഞ്ഞു തട്ടുകടയിൽ മിലനോട്‌ ചേർന്നിരുന്നു ആവി പറക്കുന്ന ചൂട് കട്ടൻ കുടിച്ചു അവൾ

“ഇനി എവിടേക്കാണ്…താൻ പറയ് “

ആ ചോദ്യം അവളെ ഒരു നിമിഷം നിശ്ശബ്ദയാക്കി

“നമുക്ക് മൊട്ടമലയുടെ മുകളിലേക്കു പോകാം ഈ സമയം അവിടെ ആരും ഉണ്ടാകില്ല..നമ്മൾ മാത്രം “

ആ ആഗ്രഹം അല്പം കടുത്തു പോയോ എന്ന് തോന്നിപ്പോയി മിലന്

“അത് വേണോ നന്ദു..സമയം ഇപ്പോൾ പന്ത്രണ്ട് കഴിഞ്ഞു ഈ സമയം ഇനി അവിടേക്ക് പോണോ..നമുക്ക് റോഡിൽ ചുറ്റിയാൽ പോരെ “

ആ ചോദ്യം വീണ്ടും അവളുടെ മുഖത്തു വാട്ടം സമ്മാനിച്ചു

“ഈ ഏട്ടൻ ഒട്ടും റൊമാന്റിക് അല്ല…ഈ സമയത്തെ മൊട്ടമലയിലെ  നിശബ്ദതയും മഞ്ഞും പിന്നെ ഇണക്കുരുവികളായി നമ്മൾ രണ്ടു പേരും..കൊതി തോന്നുന്നു എനിക്ക്. നമുക്ക് അവിടേക്ക് പോകാം ഏട്ടാ “

ആ വാക്കുകളിൽ ഒരു കൊഞ്ചലിന്റെ സ്വരമുണ്ടായിരുന്നു. അത് വല്ലാതങ്ങ് ബോധിച്ചു മിലന്.

“ഓക്കേ ശെരി…കേറിക്കോ..ഞാനായിട്ട് ഇനി തന്റെ മൂഡ് കളയുന്നില്ല “

വീണ്ടുമവർ യാത്ര തുടർന്നു. ആദ്യമത്ര താത്പര്യം തോന്നിയില്ലെങ്കിലും മലയിലേക്കുള്ള കയറ്റത്തിൽ ഇളം കാറ്റിൽ കോടമഞ്ഞ് വന്ന് തഴുകവേ പതിയെ പതിയെ മിലനും ആ യാത്ര ഇഷ്ടപ്പെട്ടു തുടങ്ങി. ഒപ്പം തന്നോട് ചേർന്നിരിക്കുന്ന പ്രിയദമയുടെ ചുടു നിശ്വാസം അവന്റെ ചോ രയെ ചൂട് പിടിപ്പിച്ചു.

സമയം പന്ത്രണ്ടര കഴിഞ്ഞപ്പോഴാണ് അവർ മലയുടെ മുകളിൽ എത്തിയത്..ആ നിശബ്ദതയിൽ മിലന്റെ മാറിൽ ചാഞ്ഞു കൊണ്ടവൾ പതിയെ മലയുടെ ഏറ്റവും ഓരത്തായെത്തി. അങ്ങ് താഴെ പൊട്ട് പോലെ ചെറിയ ചെറിയ വെട്ടങ്ങൾ മാത്രം തെളിഞ്ഞു നിന്നു. തണുത്ത കാറ്റ് വന്ന് മെല്ലെ താഴുകവേ..അവരുടെ നിശ്വാസം മാത്രം അവിടെ മുഴങ്ങി കേട്ടു..

“നന്ദു….ഇതുവരെ ഇത്തരമൊരു മനോഹര നിമിഷം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല..താങ്ക്സ്..താങ്ക്സ് എ ലോട്ട് ഡിയർ.. “

പതിയെ അവളുടെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്തു നാണത്താൽ കൂമ്പിയടഞ്ഞ ആ മിഴികളിൽ ഒരു മുത്തം നൽകി മിലൻ..പതിയെ പതിയെ ആ അധരങ്ങളിലും അവന്റെ ചുണ്ടുകൾ അമർന്നു. ഒരു നിമിഷം സ്വയം മറന്ന് പരസ്പരം വാരി പുണർന്നു രണ്ടാളും

“കല്യാണത്തിന് മുന്നേ വരെ എന്തെല്ലാം വാഗ്ദാനങ്ങളായിരുന്നു..എന്നും ഒരുമിച്ച് ബീച്ചിലേക്ക് യാത്ര..പിന്നെ നൈറ്റ് റൈഡ്..വഴിയിൽ ഐസ് ക്രീം..എന്നിട്ട് ഒരു വർഷം തികയുമ്പോൾ ഇന്നാദ്യമായാണ് ഏട്ടൻ എന്നെ രാത്രി പുറത്ത് കൊണ്ട് വരുന്നത് .. “

ആ വാക്കുകളിലെ പരിഭവം വേദനയോടെ തൊട്ടറിഞ്ഞു മിലൻ.

“സോറി പൊന്നെ..നിനക്ക്‌ അറിയാവുന്നതല്ലേ…ഓഫീസ് ജോലിയുടെ സ്‌ട്രെസ്സിൽ പലപ്പോഴും തളർന്നവശനായാണ് ഞാൻ വീട്ടിൽ വന്ന് കേറുന്നത് തന്നെ..പല ദിവസങ്ങളിലും പാതി രാത്രി വരെ ഓവർടൈം കൂടി ചെയ്യുന്നുണ്ട്..ഇതിനിടക്ക് എവിടുന്നാ കറങ്ങാൻ സമയം…എന്റെ പൊന്ന് എന്നോട് ക്ഷെമിക്ക് “

ആ വാക്കുകൾ കേട്ട് പതിയെ മിലനിൽ നിന്നും അടർന്നു മാറി നന്ദിനി

“ഓവർ ടൈം..പല രാത്രികളിലും ഈ കുന്നിന് മുകളിലായിരുന്നില്ലേ ഏട്ടന്റെ ഓവർടൈം ജോലികൾ..അതും അവൾക്കൊപ്പം “

അപ്രതീക്ഷിതമായ ആ ചോദ്യം മിലനിൽ ഒരു നടുക്കം സൃഷ്ടിക്കുന്നത് നോക്കി നിന്നു അവൾ.

“ന..നന്ദു..എന്താ..നീ..നീ ഈ പറയുന്നേ..ഈ മലയുടെ മുകളിലോ…ഇവിടെ എനിക്കെന്ത് പണി “

അവന്റെ വാക്കുകളിലെ പതർച്ച നന്ദിനിയുടെ മുഖത്തു പതിയെ പുഞ്ചിരി വിടർത്തി

“അതാണ് ഏട്ടാ എനിക്കും അറിയുവാനുള്ളത്…രേവതി ചന്ദ്രനുമായി ഈ മലയുടെ മുകളിൽ പല രാത്രികളിലും എന്ത് ഓവർടൈം ജോലിയാണ് എന്റെ ഏട്ടൻ ചെയ്തിരുന്നത്..അവളുമായി തന്നെ പല ഞായറാഴ്ചകളിലും എന്ത് ഓവർടൈം വർക്കുകളാണ് ഏട്ടൻ ചെയ്തു തീർത്തത് “

ഇത്തവണ വിറച്ചു പോയി മിലൻ

“രേ..രേവതി ചന്ദ്രനോ..അതാരാ..എന്താ നന്ദു നീയീ പറയുന്നേ..നിനക്ക്‌ എന്താ ഭ്രാ ന്ത് പിടിച്ചോ.. “

ആ വാക്കുകൾ കേട്ട് അവളുടെ മുഖത്തേക്ക് രോക്ഷഭാവം ഇരച്ചു കയറുന്നത് ഭയത്തോടെ നോക്കി നിന്നു മിലൻ.

“അതേടോ…..ഭ്രാന്ത് ആയിരുന്നു എനിക്ക്..നീ എന്ന ഭ്രാന്ത്. ഊണിലും ഉറക്കത്തിലുമെല്ലാം എന്റെ മനസ്സിൽ നീയായിരുന്നു. ഒരുപാട് സ്വപ്നങ്ങളുമായി നിന്റെ ജീവിതത്തിലേക്ക് കാലെടുത്തു വച്ച എന്നെ അടുക്കളച്ചുവരുകൾക്കുള്ളിൽ ബന്ധിച്ചപ്പോഴും സ്നേഹിച്ചിട്ടേ ഉള്ളു. നീ കെട്ടിയ താലിയായിരുന്നു എനിക്ക് ഈ ലോകത്ത് ഏറ്റവും വിലയേറിയത്. എന്നെക്കാളേറെ നിന്നെ ഞാൻ സ്നേഹിച്ചു…ആ എന്നെ ചതിക്കുവാൻ എങ്ങിനെ മനസ്സ് വന്നെടോ നിനക്ക് “

അലറി വിളിച്ചു കൊണ്ടവൾ തന്റെ ഷർട്ടിൽ പിടുത്തമിടുമ്പോൾ മറുപടിയില്ലാതെ കുഴഞ്ഞു മിലൻ..

“എന്താ നന്ദു..എന്താ നീയീ പറയുന്നേ… “

” ഇനിയും എന്നെ പൊട്ടിയാക്കണോ…തന്റെ ഫോണിൽ കണ്ടെടോ ഞാൻ ഞാൻ എല്ലാം..ക്ലൈന്റ് എന്ന പേരിൽ നീ അവളുടെ നമ്പർ സേവ് ചെയ്തപ്പോൾ പലപ്പോഴും കോളുകൾ വരുമ്പോൾ ഈ ഞാൻ തന്നെയല്ലേ ഫോൺ എടുത്ത് നിനക്ക്‌ തന്നിരുന്നത്. ഒടുവിലൊരു ദിവസം ഫോൺ ലോക്ക് ആക്കാൻ മറന്ന് നീ കുളിക്കുവാൻ കയറിയപ്പോൾ യാദൃശ്ചികമായി ആ വാട്ട്സാപ്പ് ചാറ്റ് നോക്കിയതാണ് ഞാൻ..അതിൽ കണ്ട മെസേജസ്…ഫോട്ടോസ്…അന്ന് ഞാനനുഭവിച്ച മാനസിക വേദന തനിക്കെത്ര പറഞ്ഞാലും മനസ്സിലാകില്ല..ജീവന് തുല്യം സ്നേഹിച്ച എന്നെ നീ വെറുമൊരു പൊട്ടിയാക്കി എന്നറിഞ്ഞപ്പോൾ ചത്തുകളയാമെന്നാണ് ആദ്യം കരുതിയത്..പക്ഷെ പിന്നീട് ഓർത്തപ്പോൾ ഞാനെന്തിന് ചാകണം..തെറ്റ് ചെയ്തത് നീയല്ലേ..എന്നെ മാത്രമല്ലല്ലോ നീ ചതിച്ചത് കൂടെ കൊണ്ട് നടന്നു കാര്യം നടത്തി ഒടുവിൽ ഗ ർഭിണിയായ അവളെയും നീ ചതിച്ചില്ലേ…ഉള്ളു പിടഞ്ഞുള്ള അവളുടെ മെസേജസ് ഇന്നും വന്നില്ലേ നിന്റെ ഫോണിലേക്ക്..അപ്പോൾ ചാകേണ്ടത് നീ തന്നെ അല്ലെ “

നോവിന്റെ സ്വരം പതിയെ പകയുടേതായി മാറവേ ഒന്ന് പകച്ചു മിലൻ

“നന്ദു..എന്നോട് ക്ഷമിക്ക് പറ്റിപ്പോയി..പ്ലീസ്..താനിത് പ്രശ്നമാക്കരുത്..ഇനി ഒരിക്കലും നിന്നോട് തെറ്റ് ചെയ്യില്ല ഞാൻ..പ്രോമിസ്.. “

കൂപ്പ് കൈകളോടെയവൻ അപേക്ഷിക്കുമ്പോൾ  നന്ദിനിയുടെ മിഴികൾ ജ്വലിച്ചു

“ക്ഷമിക്കുവാനല്ല ഞാൻ തന്നെ ഇവിടെ കൊണ്ട് വന്നത്..കൊ.ല്ലുവാനാണ് “

പറഞ്ഞു തീരുമ്പോഴേക്കും വലതു കാലുയർത്തി മിലന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി അവൾ..പിന്നിലേക്കാഞ്ഞു പോയ അവൻ കാലിടറി  മലയുടെ മുകളിൽ നിന്നും താഴേക്ക് ഉരുണ്ട് പോകവേ പകയോടെ നോക്കി നിന്നു നന്ദിനി ഒടുവിൽ ഏറ്റവും ഓരത്തായുള്ള ഒരു ചെറിയ കുറ്റിച്ചെടിയിൽ മുറുകെപ്പിടിച്ചവൻ താഴേക്ക് തൂങ്ങിയാടവേ പതിയെ അരികിലേക്ക് നടന്നു ചെന്നു അവൾ

“നന്ദു..എ..എന്നെ..രക്ഷിക്ക് പ്ലീസ്.. “

മിലന്റെ വിറയാർന്ന ശബ്ദം അവൾക്ക് ഹരമായി

“ഞാനിപ്പോൾ പോകുന്നത് പോലീസ് സ്റ്റേഷനിലേക്കാണ്. കീഴടങ്ങുവാനല്ല വിവാഹ വാർഷികമാഘോഷിക്കുവാനെത്തവേ കാൽ വഴുതി കൊക്കയിലേക്ക് വീണുപോയ സ്നേഹ നിധിയായ ഭർത്താവിനെ രക്ഷിക്കണമെന്ന് കെഞ്ചാൻ..നമ്മുടെ സ്നേഹത്തിനു ആ പാവം ചായക്കടക്കാരനും സാക്ഷിയല്ലേ. അപ്പോൾ സംശയം എന്നിലേക്ക് നീളില്ല…”

മരണ വെപ്രാളത്തിൽ പിടയുന്ന മിലന് അവളുടെ ആ വാക്കുകൾ വലിയ നടുക്കമായി..

“നന്ദു പ്ലീസ്..എന്നെ രക്ഷിക്ക്..പറ്റിയ തെറ്റുകൾ ഏറ്റു പറഞ്ഞ് എന്ത് ശിക്ഷയും സ്വീകരിച്ചോളാം ഞാൻ..പ്ലീസ്…എന്നെ രക്ഷിക്ക് “

ആ വാക്കുകൾ അവളുടെ കാത്തുകളിൽ പതിച്ചില്ല. വല്ലാത്തൊരു ഉന്മേദാവസ്ഥയിലായിരുന്നു അവൾ അപ്പോൾ

“നോക്ക് മിലാ..ഞാൻ എങ്ങിനാ പോലീസ് സ്റ്റേഷനിൽ പോകുന്നതെന്ന് അറിയോ നിനക്ക്‌…നിന്റെ ബുള്ളറ്റിൽ ഞാൻ ഓടിച്ചു കൊണ്ട്..പണ്ട് നമ്മുടെ എൻഗേജ്മെന്റ് കഴിഞ്ഞപ്പോൾ തൊട്ടുള്ള എന്റെ ആഗ്രഹമായിരുന്നു കല്യാണ ശേഷം നിന്നെ പിന്നിലിരുത്തി ബുള്ളറ്റിൽ ഒരു യാത്ര..അതിനായി അച്ഛന്റെ കാലുപിടിച്ചു പോയി ഓടിക്കുവാൻ പഠിച്ചതാണ് ഞാൻ..പക്ഷെ എന്റെ ഒരാഗ്രഹങ്ങളും നീ കണ്ടില്ല..കാണുവാൻ ശ്രമിച്ചില്ല നിന്റെ കാഴ്ചകൾ മറ്റുള്ളവരിലേക്കായിരുന്നു”

പൊട്ടിക്കരഞ്ഞു കൊണ്ടവൾ പതിയെ അവന് നേരെ നോക്കി. പതിയെ പതിയെ ആ മിഴികളിൽ വീണ്ടും അഗ്നി പടർന്നു. ചെമ്പട്ടണിഞ്ഞ് പാറിപ്പറന്ന കേശഭരവുമായി രൗദ്ര ഭാവത്തിൽ നിൽക്കുന്ന ഭദ്രകാ ളിയായാണ് ആ നിമിഷം നന്ദിനിയെ മിലൻ കണ്ടത്. കൂടുതൽ സമയം പിടിച്ചു നിൽക്കുവാൻ കഴിഞ്ഞില്ല അവന്..ഒരു നിലവിളിയോടെയവൻ അഗാധമായ കൊക്കയിലേക്ക് മറയവേ..നിശ്ചലയായി നോക്കി നിന്നു നന്ദിനി..നിറമിഴികൾ തുടച്ചു കൊണ്ട് തിരികെ ബുള്ളറ്റിനരികിലേക്ക് നടന്നു അവൾ…

ആ ബുള്ളറ്റ് ഇനി അവൾക്ക് സ്വന്തം..അടുക്കള ചുവരുകൾക്കുള്ളിൽ നിന്നും പുറം ലോകത്തേക്കവൾ ഇനി പാറി പറക്കുന്നത് ആ ബുള്ളറ്റിലാണ്..

ശുഭം