ജോയൽ…
Story written by Jisha Raheesh
============
“ഹാപ്പി ന്യൂ ഇയർ ഡിയർ.. “
ഇൻബോക്സിൽ ആ മെസ്സേജ് കണ്ടതും എന്റെ ചുണ്ടിൽ ഒരു ചിരി മിന്നി മാഞ്ഞിരുന്നു…
ഏറെക്കാലത്തിനു ശേഷമാണ് അവന്റെ മെസ്സേജ് എന്നെ തേടി വരുന്നത്…
“സെയിം ടു യൂ ജോ… “
തിരികെ ഞാനും അയച്ചു…
ജോ..
ജോയൽ…ഒരിക്കൽ ഏറെ പ്രിയമായിരുന്ന സൗഹൃദം…
വാക്കുകൾക്കിടയിൽ ഒളിപ്പിച്ചു വെച്ച അർഥങ്ങൾ തിരയാതെ, ഒളിയും മറയുമില്ലാതെ, സംസാരിക്കാൻ കഴിഞ്ഞിരുന്നൊരു സൗഹൃദം…
എപ്പോഴൊക്കെയോ വാ തോരാതെ സംസാരിച്ചിരുന്നു..വിശേഷങ്ങൾ പങ്കു വെച്ചിരുന്നു…
ശ്രീയേട്ടന്റെയും എന്റെയും കാര്യങ്ങളൊക്കെ ഞാൻ പറയുമ്പോൾ ,അവന്റെ സ്വപ്നങ്ങളും സങ്കൽപ്പങ്ങളുമൊക്കെ അവനും പങ്കു വെച്ചിരുന്നു…
അച്ഛൻ നേരത്തെ മരിച്ചു..അമ്മയായിരുന്നു അവനെല്ലാം..ഒരുപാട് സൗഹൃദങ്ങളൊന്നുമില്ലാത്ത ഒരുൾവലിഞ്ഞ പ്രകൃതമായിരുന്നു ജോ…
ആഴ്ചയിൽ രണ്ടോ മൂന്നോ തവണ വിളിക്കും…രണ്ടുപേരുടെയും ജോലി തിരക്കിനിടയിൽ,സമയം കിട്ടുമ്പോൾ മെസ്സേജ്സ് അയക്കും…മറ്റുള്ളവരെ പോലെ എന്റെ വ്യക്തി പരമായ കാര്യങ്ങളിൽ ഇടപെടാനോ, അഭിപ്രായങ്ങൾ പറയാനോ അവൻ ശ്രെമിച്ചിട്ടില്ല ഒരിക്കലും..
പക്ഷെ നാളുകൾ കഴിയവേ, പെട്ടെന്നൊരിക്കൽ അവൻ എന്നെ വിളിക്കാതെയായി..തിരിച്ചു വിളിച്ചാലും ആള് ബിസിയാണ്..വല്ലപ്പോഴും വന്നിരുന്ന മെസ്സേജുകളും നിലച്ചു..
അവനിൽ നിന്നും മറുപടികൾ കിട്ടാതായതോടെ, എന്റെ സൗഹൃദം അവനും മടുത്തു തുടങ്ങിക്കാണുമോയെന്ന് എനിക്കും തോന്നി..പ്രിയ്യപ്പെട്ടവരിൽ നിന്നും ഒഴിവാക്കപ്പെടുന്നതിലും വലിയൊരു വേദനയില്ല…
ഉള്ളിൽ കുറച്ചേറെ വിഷമം തോന്നിയിരുന്നു..കാരണം അത്ര പെട്ടെന്ന് ആരുമായും, അടുപ്പം കാണിക്കാറില്ലെങ്കിലും, ഇഷ്ടം തോന്നിയവർ പിന്നെ വിട്ടു പോവുമ്പോൾ എനിക്ക് സങ്കടം തന്നെയാണ്…
അത് കൊണ്ട് തന്നെ ആരുമായും അധികം കൂട്ട് കൂടാനും പോവാറില്ല…
പതിയെ പതിയെ, തിരക്കുകൾക്കിടയിൽ ഞാനും ആ സൗഹൃദത്തെ മനസ്സിന്റെ ഇരുളിലേയ്ക്ക് എവിടെയോ നീക്കി വെച്ചു…
ഒരു ദിവസം ഫേസ്ബുക്കിൽ അവന്റെ ഒരു പോസ്റ്റ് ഞാൻ കണ്ടു…
അവന്റെ സ്വപ്നം..ജീവിതത്തിന്റെ ഓട്ടപ്പാച്ചിലിനിടയിൽ, അവൻ മാറ്റി വെച്ചിരുന്ന സ്വപ്നം…
സിനിമയിൽ പാടാനുള്ള അവസരം..എന്നെങ്കിലും ഒരിക്കൽ അതവന് കിട്ടുമെന്ന് അവനെക്കാളും ഉറപ്പ് എനിക്കും ഉണ്ടായിരുന്നു..
അവനെ അതിനു വേണ്ടി പ്രയത്നിക്കാൻ നിർബന്ധിച്ചിട്ടുണ്ട് ഒട്ടേറെ തവണ..
എന്തോ ഒരു നീറ്റൽ..ഒടുവിൽ കിട്ടിയിട്ടും എന്നോടൊന്നു പറഞ്ഞു പോലുമില്ലല്ലോ…വെറുതെ…
ആ ഒരു വാശിയിൽ ആണ് ഞാൻ വിളിച്ചത്…
“ഹലോ “
അവന്റെ ശബ്ദം വല്ലാതെ നേർത്തിരുന്നു..
“കൺഗ്രാറ്റ്സ് ജോ….”
ഒരു നിമിഷം കഴിഞ്ഞാണ് അവൻ മറുപടി പറഞ്ഞത്..
“താങ്ക്സ് നിമ്മി.. “
പിന്നെ സംസാരിക്കാൻ ഒന്നും ഇല്ലാത്തത് പോലെ…
മൗനത്തിനൊടുവിൽ ഞാൻ തന്നെ പറഞ്ഞു.…
“എന്നാൽ ഓക്കേ ജോ..ആൾ ദി ബെസ്റ്റ്…”
“നിമ്മി…?”
“യെസ്..”
പിന്നെയും മൗനം…
“തനിയ്ക്ക് എന്നോട് എന്തെങ്കിലും പറയാനുണ്ടോ ജോ…?”
“ഉം…”
“എന്ത് പറ്റിയെടാ..എന്താ താൻ ഇങ്ങനെ..?”
ഞാനപ്പോൾ, ഞാനപ്പോൾ ഞങ്ങൾക്കിടയിൽ വന്നു പെട്ട അകലം മറന്നു, അവൻ പറയുന്നതൊക്കെ ക്ഷമയോടെ കേൾക്കുന്ന ആ പഴയ സുഹൃത്തായി മാറിയിരുന്നു…
“നിമ്മി..തനിയ്ക്കറിയാലോ…എനിക്ക് തന്നോട് അഭിനയിക്കാൻ കഴിയില്ല…”
“ജോ…താൻ ഇത് എന്തൊക്കെയാ പറയുന്നത്..? എനിയ്ക്കൊന്നും മനസ്സിലാവുന്നില്ല…”
“മനസ്സിൽ ഒന്നും വെക്കാതെ സംസാരിക്കുന്ന തന്നോട്, എനിക്ക് കള്ളം പറയാൻ കഴിയില്ല നിമ്മി…”
ഞാൻ ഒന്നും മിണ്ടിയില്ല..ആഗ്രഹിക്കാത്തത് എന്തോ കേൾക്കാൻ പോവുന്നുവെന്ന തോന്നലിൽ, ഉള്ളൊന്ന് ഉലഞ്ഞു…
“എപ്പോഴൊക്കെയോ എനിക്ക്..എനിക്ക് തന്നോട് പ്രണയം തോന്നിപ്പോയി…”
ശബ്‌ദിക്കാനാവാതെ നിന്നു പോയിരുന്നു ഞാൻ…
“നിമ്മി…?”
“ഉം….?”
“സോറി…”
ഞാൻ ഒന്നും പറഞ്ഞില്ല…
“അറിഞ്ഞു കൊണ്ടെല്ലെടോ…അതും മനസ്സിൽ വെച്ച്, പിന്നെയും തന്നോട് സംസാരിക്കാൻ തോന്നിയില്ല..തുറന്നു പറഞ്ഞാൽ താൻ അത് എങ്ങനെ ഉൾക്കൊള്ളും എന്നൊരു പേടി..പിന്നെ ഒരിക്കലും താൻ, എന്നെ സുഹൃത്തായി പോലും പരിഗണിക്കില്ലെന്നും അറിയാമായിരുന്നു..”
അപ്പോഴും ഞാൻ മൗനത്തിൽ അഭയം തേടിയിരുന്നു…
“നിമ്മി..ഇനിയൊരിക്കലും നമ്മൾക്ക് പഴയത് പോലെ സംസാരിക്കാനാവില്ല….സോ…?”
“വിളിക്കില്ല..താനും വിളിക്കരുത്..”
“ഓക്കേ..”
ഒരു നിമിഷം കഴിഞ്ഞാണ് അവൻ പറഞ്ഞത്…
കല്യാണത്തിന് മുൻപേ, നല്ലൊരു പിടക്കോഴിയായിരുന്ന ഞാൻ, അതിനു ശേഷം വേഴാമ്പലായി മാറിയതും, എന്റെ കൂടെയുള്ള പ്രണയം, ഒരിക്കലും മങ്ങലേൽക്കാതെ, മരണത്തിലും എന്റെയൊപ്പം ഉണ്ടാവുമെന്നും അവനും അറിയാവുന്നതാണ്…
ശ്രീയേട്ടനും ഞാനും തമ്മിലുള്ള ആത്മ ബന്ധം…
“നിമ്മി..തനിയ്ക്ക് എന്നോട് ദേഷ്യമുണ്ടോ..?”
ശബ്ദമൊന്ന് ശരിയാക്കിയാണ് ഞാൻ പറഞ്ഞത്…
“എന്തിന്..?”
അവനൊന്നും പറഞ്ഞില്ല…
“ഒരാളോട് പ്രണയം തോന്നുന്നത് സ്വഭാവികമല്ലേ ജോ..അതിന് വല്യ കാരണങ്ങളും വേണ്ടാ..”
അവന്റെ മറുപടിയൊന്നും ഇല്ല…
“എനിക്ക് തന്നോട് ബഹുമാനം മാത്രമേയുള്ളു..എന്നെ മനസ്സിലാക്കിയതിന്..ഇടയ്ക്കെപ്പോഴോ തോന്നിപ്പോയ പ്രണയം മനസ്സിൽ വെച്ച്,നമ്മുടെ സൗഹൃദത്തെ വഞ്ചിക്കാതിരുന്നതിന്…അല്പം വൈകിയെങ്കിലും ഉള്ളിലുള്ളത് തുറന്നു പറഞ്ഞതിന്..…”
“പറയണ്ടായെന്ന് ഒരുപാട് കരുതിയതാണ് നിമ്മി..പക്ഷെ..പിന്നെയും താൻ എന്നെ തെറ്റിദ്ധരിയ്ക്കുമെന്ന് തോന്നിയത് കൊണ്ടാണ് പറയേണ്ടി വന്നത്…”
“പറഞ്ഞത് നന്നായി ജോ..ഇല്ലെങ്കിൽ എന്റെ മനസ്സിൽ അതൊരു നോവായി ഉണ്ടായേനെ എന്നും…നമ്മുടെ സൗഹൃദത്തിന് എന്ത് പറ്റിയെന്നു ആലോചിച്ച്..…”
അവനൊന്നും പറയാനുണ്ടായിരുന്നില്ല…
“സോ…?”
“നിമ്മി..?”
“ഓൾ ദി ബെസ്റ്റ് ജോ..എന്റെ പ്രാർത്ഥനകളിൽ ഉണ്ടാവും…”
“താങ്ക്സ് ഡിയർ…”
“ബൈ ജോ.. “
“ബൈ…”
അവന്റെ ശബ്ദം വളരെ പതുക്കെയായിരുന്നു…
ഞാൻ കോൾ കട്ട് ചെയ്തു…
അതിൽ പിന്നെ ഒരിക്കലും ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ടില്ല….
വർഷത്തിൽ രണ്ടോ മൂന്നോ തവണ വരുന്ന ആശംസകൾ ഒഴികെ..ഞങ്ങൾ തമ്മിൽ ഒരു ബന്ധവും ഇല്ല…
ജോയുടെ നേട്ടങ്ങൾ ഞാൻ അഭിമാനത്തോടെയും സന്തോഷത്തോടെയും കണ്ടു നിന്നിരുന്നു എന്നും…
ശ്രീയേട്ടനോട് ജോയുടെ വെളിപ്പെടുത്തലിനെ പറ്റി ഞാൻ പറഞ്ഞിട്ടില്ല ഇത് വരെ…
എന്നോട് എപ്പോഴൊക്കെയോ സൗഹൃദത്തിൽ കവിഞ്ഞൊരു ഇഷ്ടം തോന്നിയതെന്നതല്ലാതെ ഒരു തെറ്റും ജോയൽ ചെയ്തിട്ടില്ല…
എന്റെ മനസ്സിൽ എപ്പോഴും ജോയലിന് ഒരു സ്ഥാനം ഉണ്ടാവും..സൗഹൃദത്തിൽ നിറങ്ങൾ കലരാതെ തന്നെ…
~സൂര്യകാന്തി ?