അമ്മ ഇങ്ങനെയൊക്കെ പറഞ്ഞു തന്നിട്ടുണ്ടെങ്കിലും എൻ്റെ ഒരു അറിവ് വെച്ചു ഈ ലോകത്തിൽ ഏറ്റവും വിശ്വസിക്കാവുന്ന വക്തി ആണ്‌ മനു അങ്കിൾ…

മനു അങ്കിള്‍

Story written by Arun Nair

============

ഭാര്യ പിണങ്ങി പോയതിനു ശേഷം മനു അങ്കിളിന്റെ അടുത്തേക്ക് അമ്മ എന്നെ അധികം വിടാറില്ല….മനു അങ്കിൾ ഭയങ്കര പെണ്ണ് പിടിയൻ ആണെന്നാണ് അമ്മ പറയുന്നത്….അത്കൊണ്ട് തന്നെ പ്രായം അറിയിച്ചു തുടങ്ങിയ എന്നെ, അടുത്തു വിടുന്നത് ഇന്നത്തെ കാലം വച്ചു റിസ്ക് ആകും…

എനിക്കും അമ്മ പറഞ്ഞ കാര്യങ്ങൾ എല്ലാം മനസിലാക്കാൻ ഉള്ള പ്രായം ആയിരുന്നു…പക്ഷെ പാവം അങ്കിളിനു മാത്രം എന്നോട് ഇങ്ങനെ അമ്മ പറഞ്ഞിട്ടുള്ള കാര്യം അറിയത്തില്ല….അങ്കിൾ ഇപ്പോളും സമയം കിട്ടിയാൽ ഓടി  എന്റെ അടുത്തു വരാൻ ശ്രമിക്കും….

മനു അങ്കിളിനെ കുറിച്ചു പറയുക ആണെങ്കിൽ ആളു കാണാൻ ഒരു മമ്മൂട്ടി തന്നെ…എന്താ ഒരു ഗ്ലാമർ, ഏത് പെണ്ണും മോഹിച്ചു പോകുന്ന രൂപ ഭംഗി….സ്വഭാവം ഇങ്ങനെ കൂതറ ആണെങ്കിൽ എന്ത് ഭംഗി ഉണ്ടായിട്ടു എന്ത് കാര്യം….??? അല്ലേ…. !

അമ്മ ഇങ്ങനെയൊക്കെ പറഞ്ഞു തന്നിട്ടുണ്ടെങ്കിലും എൻ്റെ ഒരു അറിവ് വെച്ചു ഈ ലോകത്തിൽ ഏറ്റവും വിശ്വസിക്കാവുന്ന വക്തി ആണ്‌ മനു അങ്കിൾ..എന്നോടു ഇന്ന് വരെ അങ്ങനെ മാത്രമേ പെരുമാറിയിട്ടുള്ളു…..

മനു അങ്കിളിനു സ്വന്തം ആയി ഒരുപാട് ബിസ്സിനെസ്സ് എല്ലാം ഉണ്ട് അത്കൊണ്ട് ആണ്‌ അധികം അമ്മയും അച്ഛനും പിണക്കാത്തത്….അങ്കിളിനു വേറെ ആരും ഇല്ലാത്തതു കൊണ്ട് ഭാവിയിൽ അതെല്ലാം ഞങ്ങൾക്ക് കിട്ടും അതാണ് പ്ലാൻ….നല്ല കട്ടക്ക് പൈസ കൊതിയുണ്ട് എന്റെ വീട്ടുകാർക്ക് അതാണ് കാര്യം…..

ബിസ്സിനെസ്സ് ഒരുപാട് ഉള്ളതിൽ സന്തോഷം ഉണ്ടെങ്കിലും അത് കൂടാതെ അങ്കിളിനു ഒരു അനാഥാലയം ഉണ്ട്…അവിടെ ഒരുപാട് പെൺപിള്ളേർ ഉണ്ട്…അമ്മയും അച്ഛനും ഒക്കെ പറയുന്നത് അങ്കിൾ ആ പെൺപിള്ളേരെ എല്ലാം മോശമായി ഉപയോഗിക്കാൻ വേണ്ടീയിട്ടാണ്  അനാഥാലയം നടത്തുന്നത് എന്നാണ്…അതിന്റെ പേരിൽ പിണങ്ങി ഇറങ്ങിയത് ആണ്‌ അമ്മായി എന്നും കേട്ടുകേൾവി ഉണ്ട്…ഒരുപാട് പൈസയും ആ വഴിയിൽ അങ്കിൾ കളഞ്ഞിട്ടുണ്ടത്രെ…ഇതൊക്കെ ആണ്‌ എന്റെ അങ്കിളിന്റെ ആകെയുള്ള  യോഗ്യത…

രാവിലെ ഞാൻ പത്രം വായിച്ചു കൊണ്ട് ഇരുന്നപ്പോൾ അങ്കിൾ വളരെ ധൃതിയിൽ  ഇറങ്ങി പോകുന്നത് കണ്ടു…അമ്മ വിലക്കിയിട്ടു ഉണ്ടെങ്കിലും അറിയാതെ ഞാൻ ചോദിച്ചു പോയി….

“”എങ്ങോട്ടാ മമ്മൂട്ടി രാവിലെ കുളിച്ചു ഒരുങ്ങി…..”” ഞാനൊരു കള്ള ചിരിയോടെ ചോദിച്ചു.

അങ്കിളിനും വളരെ ഇഷ്ടമാണ് ഞാൻ മമ്മൂട്ടി വിളി കേൾക്കാൻ…..

“”മോളെ അത് നമ്മുടെ സ്ഥാപനത്തിലെ ഒരു കൊച്ചിന് തിരുവനന്തപുരത്ത്‌ ഇന്റർവ്യൂ ഉണ്ട്…അവളെയും കൊണ്ട് പോകണം അതാണ് തിരക്ക്….. “”

“”എന്നാൽ പെട്ടെന്ന് വിട്ടോ അല്ലങ്കിൽ താമസിക്കും…..”” എന്നു കളിയാക്കി ഞാൻ അങ്കിളിനെ യാത്ര ആക്കി….എന്നിട്ടു തിരിഞ്ഞു നോക്കിയപ്പോൾ അമ്മ നിൽക്കുന്നു……

“”നിന്നോട് പറഞ്ഞിട്ടില്ലേ അവനോടു മിണ്ടരുതെന്നു,,,,കണ്ടില്ലേ കണ്ട പെണ്ണുങ്ങളെയും കൊണ്ടു കറങ്ങി നടക്കാൻ വേണ്ടി ഓരോ കാര്യവും പറഞ്ഞു പോകുന്നത്…ഇങ്ങനെ ഒരുത്തൻ എങ്ങനെ എൻ്റെ ആങ്ങള ആയി പിറന്നൊ ഈ ഭൂമിയിൽ….. “” അമ്മക്ക് ഞാൻ  അങ്കിളിനോട് മിണ്ടിയാൽ ദേഷ്യത്തിൽ കണ്ണുകൾ ചുവന്നു….

“”അത് നന്നായില്ലേ അമ്മേ,,,അത്കൊണ്ട് സ്വത്തു വീതിച്ചു പോകില്ലല്ലോ….. “” അത്രയും പറഞ്ഞു ചിരിച്ചു കൊണ്ട് ഞാൻ സ്കൂളിൽ പോകാൻ റെഡി ആയി…സ്വത്തിന്റെ കാര്യം കേട്ടപ്പോൾ അമ്മക്ക് കുറച്ചു സമാധാനം കിട്ടി…

വൈകുന്നേരം സ്കൂളിൽ നിന്നും വരും വഴി എന്നെ അങ്കിൾ കണ്ടു…നല്ല മഴ ആയതു കൊണ്ട് കുട ഉണ്ടാഞ്ഞിട്ടും നനഞ്ഞു കുതിർന്നു ആയിരുന്നു ഞാൻ നടന്നു വന്നത്…അങ്കിൾ എന്നോട് കാറിൽ കയറാൻ പറഞ്ഞു.

ദൈവമേ പെട്ടല്ലോ…കയറിയാലും കുഴപ്പം…കയറി ഇല്ലങ്കിലും കുഴപ്പം…

ഞാൻ ഇങ്ങനെ ആശയ കുഴപ്പത്തിൽ നിൽക്കുമ്പോൾ തന്നെ അങ്കിൾ വണ്ടിയുടെ ഡോർ തുറന്നു എന്നോട് കയറാൻ പറഞ്ഞു…….

രണ്ടു കിലോമീറ്റർ ഉള്ളു വീട്ടിലേക്കു..അങ്കിൾ വീട്ടിലേക്കു തന്നെ വണ്ടി വിട്ടാൽ മതിയായിരുന്നു….എൻ്റെ ഉള്ളിൽ അമ്മ പറഞ്ഞു തന്ന കാര്യങ്ങൾ എല്ലാം വന്നു ഞാൻ പേടിച്ചു വിറച്ചാണ് സ്വന്തം അങ്കിളിന്റെ കൂടെ യാത്ര ചെയ്തത്..പേടി കുറക്കാൻ വേണ്ടി ഞാൻ ചോദിച്ചു…

“”അങ്കിൾ പോയിട്ട് ഇന്റർവ്യൂ എന്തായി…””

“”നീ അത് മറന്നില്ലേ വാവേ…ആ കൊച്ചിന് മിക്കപ്പോളും ജോലി കിട്ടും…രക്ഷപെട്ടു പോട്ടെ,,,,ആ ഒഴിവിൽ നമുക്കു വേറെ ആരും ഇല്ലാത്ത ഒരാൾക്ക് അഭയം നൽകുകയും ചെയ്യാം… “”

ഞാൻ ഓർത്തു എത്ര നിഷ്കളങ്കതയോടെ ആണ്‌ അങ്കിൾ കള്ളത്തരങ്ങൾ പറയുന്നത്…ആരും വിശ്വസിച്ചു പോകും…അങ്കിൾ ഇപ്പോൾ ഇന്റർവ്യൂവിന് കൊണ്ടു പോയ പെണ്ണിനെ മടുത്തു കാണും…ഒഴിവാക്കാൻ ഉള്ള മാർഗം ജോലി…കൊള്ളാം അങ്കിൾ,,,ഞാൻ മനസ്സിൽ ഇങ്ങനെ പറഞ്ഞു കൊണ്ട് ഇരുന്നു….

എന്തായാലും ഞാൻ പേടിച്ചത് പോലെ ഒന്നും സംഭവിച്ചില്ല അങ്കിൾ കാർ നേരെ വീട്ടിലേക്കു തന്നെ ആണ്‌ വിട്ടത്…കാർ പാർക്ക്‌ ചെയ്തിട്ട് വീട്ടിലേക്കു കുറച്ചു നടക്കാൻ ഉണ്ട്…അങ്കിളിന്റെ കയ്യിൽ കുട ഇല്ലാത്തതിനാൽ അങ്കിൾ എൻ്റെ കുടയിൽ ആണ്‌ കയറിയത്…എന്നെ ചേർത്ത് പിടിച്ചു അങ്കിൾ വീട്ടിലേക്കു കയറി ചെന്നു.

അങ്കിളിന്റെ കൂടെ ഞാൻ വന്നത് തന്നെ ഇഷ്ടപ്പെടാതെ ഇരുന്ന അമ്മ കുടയിലും കൂടി അങ്കിൾ കയറിയതോടെ നിയന്ത്രണം വിട്ടു നിൽക്കുന്നത് ഞാൻ കണ്ടു…ഇന്ന് ഇവിടെ എന്തെങ്കിലുമൊക്കെ നടക്കുമെന്ന് എന്റെ മനസ്സു പറഞ്ഞു……

വീട് എത്തിയപ്പോൾ  അമ്മയെ ചിരിച്ചു കാണിച്ചു കൊണ്ട് അങ്കിൾ കയറി അകത്തേക്ക് പോയി…..

ഞാൻ തിണ്ണയിൽ എത്തിയപ്പോൾ തന്നെ അമ്മ എൻ്റെ ദേഹത്ത് കൈ വച്ചു…

“”നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ അവന്റെ കൂടെ വരരുതെന്ന്…കണ്ടടത്തു കിടക്കുന്ന പെണ്ണുങ്ങൾക്ക്‌ വേണ്ടി സ്വന്തം ഭാര്യയെ ഉപേക്ഷിച്ചു നടക്കുന്നവൻ ആണ്‌,,,എൻ്റെ അനുജൻ ആണെങ്കിലും എനിക്ക് വിശ്വാസം ഇല്ല….. “” അമ്മ വഴക്കു പറയലും തല്ലും കരച്ചിലും ഒരേ സമയത്ത് ചെയ്തുകൊണ്ട് ഇരുന്നു

പെട്ടന്ന് അങ്കിൾ അങ്ങോട്ട്‌ വന്നു,,,,എല്ലാം കേട്ടു…പൊതുവെ അങ്ങനെ ഒരു വരവ് അങ്കിളിനു ഇല്ല,,,,അകത്തേക്ക് കയറിയാൽ പിന്നെ…പിന്നെ അങ്കിളിനെ ഇന്ന് ദൈവം കൊണ്ടു വന്നതാണോ അങ്ങോട്ടു….

“”എന്തൊക്കെയാ ചേച്ചി വാവയോട് പറയുന്നത്…അവൾ എന്റേം കൂടെ മോൾ അല്ലെ…ഇങ്ങനെ ഒന്നും പറഞ്ഞു കൊടുക്കരുത്…അവൾക്കു കുറച്ചു ഡ്രസ്സ് വാങ്ങിച്ചിരുന്നു…അത് വണ്ടിയിൽ ഉണ്ട്,,,പോയി എടുത്തോളാൻ പറയാൻ ഇറങ്ങി വന്നത്കൊണ്ട് ഞാൻ ഇതെല്ലാം കേട്ടു..കൊള്ളാം ചേച്ചിടെ മനസ്സിരുപ്പു…. “”

“”അതേടാ,,,അന്യ പെണ്ണുങ്ങൾക്ക്‌ വേണ്ടി സ്വന്തം ഭാര്യയെ, അതും പ്രണയിച്ചു വിവാഹം കഴിച്ചവളെ ഉപേക്ഷിച്ചു എന്നിട്ടു ഇപ്പോൾ അവൻ പുണ്യാളൻ ചമയുന്നു….. “‘

അമ്മക്ക് ആ കാഴ്ച ഒരുപാട് സങ്കടം ഉണ്ടാക്കി എന്നു എനിക്ക് മനസിലായി…അല്ലങ്കിൽ അമ്മ സ്വത്തോർത്തു ഒന്നും മിണ്ടാതെ ഇരുന്നേനെ, അങ്കിൾ കേട്ടു അറിയുമ്പോൾ എങ്കിലും…അത്രക്കും വിശ്വാസം ഇല്ല അമ്മക്ക് സ്വന്തം ആങ്ങളയെ,,എങ്കിൽ അതിൽ എന്തെങ്കിലും കാണും….എന്റെയും മനസ്സു അങ്ങനെ പറഞ്ഞു…..

അങ്കിൾ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു

“‘എന്താടാ നിന്റെ മിണ്ടാട്ടം മുട്ടി പോയോ…”” അമ്മ അങ്കിളിനെ പരിഹസിച്ചു

“”ഇല്ല ചേച്ചി, ആരും അറിയാതെ മനസ്സിൽ വച്ച കാര്യങ്ങൾ ഞാൻ പറയാം അല്ലങ്കിൽ ഞാൻ ആരെ സ്വന്തം മകൾ ആയി കാണുന്നുവോ അവളെ എനിക്ക് നഷ്ടം ആകും…ചേച്ചി പറഞ്ഞത് എല്ലാം ശരി ആണ്‌…പ്രണയിച്ചു വിവാഹം കഴിച്ചു പക്ഷെ അവൾ പോയത് എൻ്റെ ദുർനടപ്പ് കൊണ്ടല്ല എൻ്റെ കഴിവ് ഇല്ലാഴിമ കൊണ്ട് ആണ്‌…….””

അങ്കിളിന്റെ കഴിവ് ഇല്ലാഴിമായോ….??? അമ്മയൊന്നു ഞെട്ടി…ആ കണ്ണുകൾ ബുൾസൈ പോലെ ആകുന്നത് കണ്ടപ്പോൾ എനിക്കതു മനസ്സിലായി….

“”എന്താടാ നീ പറയുന്നത്…ചേച്ചിക്ക് ഒന്നും മനസിലാകുന്നില്ല…അവൾ ഈ വീട് വിട്ടു നിന്നേ കുറ്റപ്പെടുത്തി ഇറങ്ങിയപ്പോൾ നീ ഒന്നും മിണ്ടി ഇല്ലല്ലോ….. “”

“”ഇല്ല മിണ്ടി ഇല്ല..എനിക്ക് അവളെ അത്രക്കും ഇഷ്ടമായിരുന്നു…അവൾ മോശം ആണെന്ന് ആരെങ്കിലും ചിന്തിക്കുന്നത് പോലും എനിക്ക് സഹിക്കാൻ കഴിയില്ലായിരുന്നു. ചേച്ചിക്ക് അറിയുമോ ഞങ്ങൾക്ക് കുട്ടികൾ ഉണ്ടാകില്ല അറിഞ്ഞപ്പോൾ ഞാൻ തുടങ്ങിയതാണ് ആ അനാഥാലയം..സ്വന്തം ആയി ഒരു കുഞ്ഞു ഇല്ലാത്തതു കൊണ്ട് ആരോരും ഇല്ലാത്ത കുറെ കുഞ്ഞുങ്ങളുടെ അച്ഛൻ ആകാൻ…

അവളോടും പറഞ്ഞത് ആണ്‌ ഇവിടെ വാവ ഉണ്ട്,,,പിന്നെ നമുക്കു അവിടെയും കുറെ കുഞ്ഞുങ്ങൾ ഉണ്ട് അതിൽ സന്തോഷിക്കാമെന്നു, പക്ഷെ അവൾക്കു വേണ്ടത് സ്വന്തം കുഞ്ഞിനെ ആയിരുന്നു…അത് മാത്രം അല്ല കുഞ്ഞുങ്ങൾ എനിക്ക് ഉണ്ടാകില്ല അറിഞ്ഞത് തൊട്ടു അവൾക്കു എന്നോട് വെറുപ്പ്‌ ആയിരുന്നു…അല്ലങ്കിലും അവൾ എൻ്റെ സൗന്ദര്യത്തിൽ മാത്രം മയങ്ങി വന്നവൾ ആയിരുന്നു എനിക്ക് അങ്ങനെ അല്ലായിരുന്നു എങ്കിൽ കൂടി…അല്ലങ്കിൽ മാർഗം ഉണ്ടായിരുന്നു അവൾക്കു പ്രസവിക്കാൻ,,,,പക്ഷെ അതൊന്നും അവൾക്കു സ്വീകാര്യം അല്ലായിരുന്നു…. “”

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അമ്മയുടെ കണ്ണുകൾ കുറ്റബോധത്താൽ നിറഞ്ഞു ഒഴുകി…..

“”ക്ഷമിക്കട മോനെ നീ ഈ പാപി ആയ ചേച്ചിയോട്…നിന്റെ മോൾ തന്നെയാ നമ്മുടെ വാവ..അങ്ങനെ തന്നെ നീ വളർത്തിയാൽ മതി…..””

“”ചേച്ചി എന്നോട് വാവയെ സ്നേഹിക്കരുത് പറഞ്ഞാലും എനിക്ക് മനസ് കൊണ്ട് പറ്റില്ല ചേച്ചി,,, അത്രക്കും ഇഷ്ടവുമാണ് എനിക്ക് എൻ്റെ വാവച്ചിയെ…. “”

നീണ്ട അഞ്ചു വര്ഷങ്ങള്ക്കു ശേഷം ഞാൻ ഓടി ചെന്നു എൻ്റെ അങ്കിളിനെ കെട്ടി പിടിച്ചു…അപ്പോളും അങ്കിൾ പറയുന്നുണ്ടായിരുന്നു….

“”എൻ്റെ മോൾ തന്നെയാ എൻ്റെ വാവാച്ചി…മേടിച്ച ഉടുപ്പ് കാറിൽ ഇരുപ്പുണ്ടെന്നു….. “”

ഞാൻ മഴ നനഞ്ഞു ഓടി പോയി ആ ഡ്രസ്സ് എടുത്തു,,,അളവ് വച്ചു നോക്കി…എനിക്ക് കിറു കൃത്യം…എൻ്റെ അമ്മക്ക് പോലും പറ്റില്ല ഇങ്ങനെ എടുക്കാൻ എന്നും പറഞ്ഞു ഞാൻ എൻ്റെ സ്വന്തം മമ്മൂട്ടി അങ്കിളിനെ കെട്ടിപിടിച്ചു ഉമ്മ വെച്ചു…..

~അരുൺ നായർ

അഭിപ്രായം പറയണേ….