അഴിഞ്ഞുലഞ്ഞ കിടന്നിരുന്ന അവളുടെ നീണ്ട ഇടതൂർന്ന മുടിയിഴകൾ കാറ്റിൽ പാറി പറന്നു…

എഴുത്ത്: ശിവ

==============

“”എന്താണ് മാഷേ ഈ പ്രണയം..? മാഷിന് എന്നെയൊന്ന് പ്രണയിക്കാമോ..?”

തന്നെ ചേർത്ത് പിടിച്ച് കിടക്കുന്ന അയാളുടെ ന ഗ്നമായ മാ റിലെ രോ മങ്ങളിൽ വിരലോടിച്ചു കൊണ്ടവൾ കുറുമ്പോടെ ചോദിച്ചു.

നഗരത്തിന്റെ ഒരു കോണിലുള്ള ലോഡ്ജിലെ മുറിയിൽ രാത്രിയിലെ വികാരങ്ങൾ കെട്ടടങ്ങിയ നിമിഷം തന്റെ മാറിലേക്ക് ചേർന്നു കിടന്നുള്ള വേ ശ്യപ്പെണ്ണിന്റെ ചോദ്യം കേട്ടയാൾ അവളെ അത്ഭുതത്തോടെ നോക്കി.

അയാളുടെ കണ്ണുകളിൽ അത്ഭുതം നിറയുന്നത് കണ്ടവളുടെ ചുണ്ടിലൊരു നേർത്ത പുഞ്ചിരി വിടർന്നു.

“”അല്ല മാഷ് വലിയൊരു എഴുത്തുകാരൻ അല്ലേ..ഞാൻ നിങ്ങളുടെ പുസ്തകങ്ങൾ ഒക്കെ വായിച്ചിട്ടുണ്ട്. അതിൽ നിറയെ പ്രണയം ആണല്ലോ..ഞാൻ കണ്ടിട്ടുള്ള സിനിമകളിലും കാണാം പ്രണയം. പക്ഷേ ഇന്നേവരെ ഈ പ്രണയമെന്ന ഫീൽ എന്താണെന്ന് എനിക്ക് അറിയാനായിട്ടില്ല..

കുട്ടിക്കാലത്തെ അച്ഛനും അമ്മയും നഷ്ടമായ എന്നെ എടുത്തു വളർത്തിയ സ്ത്രീ എന്റെ ശരീരം വളർന്നതോടെ അവരുടെ ഈ തൊഴിലിലേക്ക് എന്നെയും പിടിച്ചിട്ടു.

സ്വന്തം ശരീരത്തോട് അറപ്പും വെറുപ്പും തോന്നിയ ദിവസങ്ങൾ ആയിരുന്നു പിന്നീട്..

തുരുമ്പിച്ച ജനലഴികളിൽ പിടിച്ചു കണ്ണീർ വാർത്തു കണ്ണീർ പോലും വറ്റിപോയ ദിവസങ്ങൾ.

കാ മത്തിന്റെ വെറിപൂണ്ട കണ്ണുകളുമായി വന്നവർ എന്റെ ശരീരം കൊ ത്തിപ്പറിക്കുമ്പോൾ മരപ്പാവ കണക്കിന് അവർക്ക് മുന്നിൽ മരവിച്ച മനസ്സുമായി എനിക്ക് ശരീരം പങ്കിടേണ്ടി വന്നു…

രക്ഷപെടാൻ ആവാത്ത വിധം ഈ അഴുക്കു ചാലിൽ വീണു ഒടുങ്ങി തീരാൻ വിധിക്കപ്പെട്ടതാണെന്റെ ജന്മമെന്ന് പിന്നെപ്പോഴോ എനിക്ക് മനസ്സിലായി തുടങ്ങി.

അതിനിടയിൽ എന്നോ ഞാൻ വായനയുടെ ലോകത്തെത്തി..പിന്നെ അക്ഷരങ്ങളിൽ കൂടി  പുതിയൊരു ലോകം തന്നെ ഞാൻ സൃഷ്ടിച്ചെടുത്തു. അവിടെ അക്ഷരങ്ങളും പിന്നെ ഞാൻ നെയ്തു കൂട്ടിയ സ്വപ്നങ്ങളും ആയിരുന്നു എനിക്ക് കൂട്ട്.

ആ സ്വപ്നങ്ങൾക്ക് ഇടയിൽ എപ്പോഴോ പ്രണയിക്കാനും പ്രണയിക്കപ്പെടാനും ഒരു മോഹം തോന്നി.

കിടക്ക പങ്കിടാൻ വരുന്നവരോടൊക്കെ വെറുതെ ഞാൻ ഈ ചോദ്യം ചോദിക്കും..

അത് കേൾക്കുമ്പോൾ ചിലർ ഭയന്ന് വെപ്രാളത്തോടെ എഴുന്നേറ്റു പോവുന്ന കാണാം.

ഞാൻ തലയിൽ ആവുമെന്ന് പേടിച്ചിട്ട് ആവും. പാവങ്ങൾ…

അവളുടെ മുഖത്ത് ചിരി പടർന്നു.

മറ്റു ചിലർ വാഗ്ദാനം നൽകി പോവും ചിലർ മടങ്ങി വരും പിന്നെയും എന്റെ ശരീരം മാത്രം മോഹിച്ചു.

ആ കണ്ണുകളിൽ ഒന്നിലും ഞാൻ പ്രണയം കണ്ടിട്ടില്ല മാഷേ..

അല്ലെങ്കിലും എന്നെപ്പോലൊരു പെണ്ണ് ഇതൊക്കെ ആഗ്രഹിക്കുന്നത് തന്നെ തെറ്റാണ്..അല്ലേ മാഷേ..?”

അവളുടെ മുഖത്തെ ചിരി മാഞ്ഞിരുന്നു.

അയാൾ അവളെ മുറുകെ പിടിച്ചു നെറ്റിയിൽ ചുംബിച്ചു.

“”നീ വേഗം ഒരുങ്ങ്..നമുക്കൊന്ന് പുറത്ത് പോവാം.”

അതും പറഞ്ഞു അയാൾ അവളിൽ നിന്ന് വേർപ്പെട്ട് എഴുന്നേറ്റു മുണ്ട് അരയിൽ ഒന്നൂടി മുറുക്കി ഉടുത്തു .

“”ഈ രാത്രിയിലോ.. “?

“”അതിനെന്താ..ഈ നഗരം ഉറങ്ങിയിട്ടില്ലല്ലോ..നീ വാ പെണ്ണേ..”

അയാൾ ചെറു ചിരിയോടെ പറഞ്ഞു കൊണ്ടു ഷർട്ട്‌ ഇട്ടു.

അതോടെ അവൾ ഡ്രെസ്സും എടുത്തു ബാത്‌റൂമിൽ പോയി ഫ്രഷായി വന്നു. പിന്നെ അവർ ഒരുമിച്ചു ഇറങ്ങി ലോഡ്ജിലെ നിശബ്ദതയിൽ നിന്നും നഗരത്തിന്റെ ബഹളങ്ങളിൽ ലയിച്ചു.

അയാൾ തന്റെ ഇടം കൈയിൽ അവളുടെ വലം കൈ ചേർത്തു വഴിയരികിൽ കൂടി നടന്നു.

റോഡിൽ വാഹനങ്ങൾ ചീറി പാഞ്ഞു പോവുന്നു.

രാത്രിയുടെ ഇരുട്ടിനെ കീറി മുറിച്ചു യാത്രക്കാർക്ക് വെളിച്ചം പകർന്നു അവരെ തുറിച്ചു നോക്കി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾ.

ചിരിച്ചുല്ലസിച്ചു വരുന്നവർ..സാധങ്ങൾ വാങ്ങി വീടെത്താൻ ധിറുതിയിൽ ജോലി കഴിഞ്ഞു പോവുന്നവർ..

കൂട്ടത്തിൽ പരിചയമുള്ള ചില മുഖങ്ങളും കടന്ന് പോയി.

രാത്രിയുടെ ഇരുട്ടിൽ മാന്യതയുടെ മുഖം മൂടി വലിച്ചെറിയുന്ന കപടസദാചാരക്കാർ….

അങ്ങനെ പലവിധ ആളുകളെയും കടന്നവർ നടന്നു നീങ്ങി.

ഇടയിൽ വഴിയരുകിലെ തട്ടുകടയിൽ നിന്നും ഭക്ഷണം കഴിച്ചു പിന്നെയും നടത്തം തുടങ്ങി.

എങ്ങോട്ടെന്ന് ചോദിക്കാതെ ആകാംഷയോടെ അയാൾക്കൊപ്പം അവൾ നടന്നു.

കുറച്ചു ദൂരം പിന്നിട്ടതും അവളുടെ കാതുകളിൽ കടലിരമ്പം കേട്ട് തുടങ്ങി.

പതിയെ പതിയെ അവർ മണൽ തരികളിൽ ചവിട്ടി മെതിച്ചു കടൽ തീരത്തെത്തി.

കടൽ ശാന്തമാണ്.

നുരഞ്ഞു പതഞ്ഞു പൊങ്ങുന്ന കടൽ തിരകൾ കരയെ പുൽകുന്നു.

അകലങ്ങളിൽ കുഞ്ഞു വെളിച്ചം കാണാം. മീൻപിടിക്കാൻ പോയവരുടെ ബോട്ടുകളിൽ നിന്നാവും.

തെളിഞ്ഞ നീലാകാശത്ത് നിലാവും നക്ഷത്രങ്ങളും രാത്രിയെ മനോഹരമാക്കി നിൽക്കുന്നു.

തണുത്ത കാറ്റ് വീശിയതും ചെറിയൊരു വിറയലോടെ അവൾ തന്റെ കൈകൾ കൂട്ടി കെട്ടി നിന്നു.

അയാൾ ഒന്നും മിണ്ടാതെ വിദൂരതയിലേക്ക് കണ്ണും നട്ട് നിൽക്കുകയാണ്. പരസ്പരം മിണ്ടാതെ നിമിഷങ്ങൾ കടന്ന് പോയി.

“”നീ രാത്രി ഇങ്ങനെ കടൽ കണ്ട് നിന്നിട്ടുണ്ടോ..?”

ഒടുവിൽ അവർക്കിടയിലെ നിശബ്ദതയെ കീറിമുറിച്ചു കൊണ്ടയാൾ ചോദിച്ചു.

“”ഇല്ല..”

നേർത്ത ശബ്ദത്തിൽ അവൾ മറുപടി പറഞ്ഞു.

“”ഞാൻ നിൽക്കാറുണ്ട്..സായന്തനം മുതൽ ഞാൻ ഏറ്റവും കൂടുതൽ സമയം പങ്കിടുന്നതും ഇവിടെ തന്നെ..

നിനക്കറിയുമോ ഈ കടലും കരയും തമ്മിൽ അഗാധമായ പ്രണയത്തിലാണ്.

നീ ചുറ്റുമൊന്ന് നോക്കിക്കേ എന്തുമാത്രം ആളുകൾ ഇവിടെ വന്നു പോവുന്നെന്ന്. പക്ഷേ അതൊന്നും ശ്രദ്ധിക്കാതെ വേർപിരിയാനാവാതെ അവരിങ്ങനെ പ്രണയിച്ചു കൊണ്ടിരിക്കുകയാണ്..”

“”ആഹാ നല്ല സാഹിത്യം..”

എന്നും പറഞ്ഞവൾ ചുറ്റും നോക്കി.

യുവമിഥുനങ്ങൾ, ദമ്പതിമ്മാർ, കുട്ടികൾ, അവർക്കിടയിലൂടെ ജീവിക്കാനായി രാത്രിയും കച്ചവടവുമായി നടക്കുന്നവർ അങ്ങനെ അങ്ങനെ നിരവധി ആളുകൾ.

അയാൾ അവളുടെ കൈയും പിടിച്ച് തിരകൾ പുൽകിയ നനവാർന്ന മണലിലൂടെ ഒഴിഞ്ഞ തീരം നോക്കി നടന്നു..

നനഞ്ഞ മണലിൽ പതിഞ്ഞ അവരുടെ കാലടി പാടുകളെ തിരകൾ ആവേശത്തോടെ വന്നു മായിച്ചു കളയുന്നത് അവൾ കുസൃതിയോടെ നോക്കി.

“”കണ്ടില്ലേ നമ്മുടെ കാലടിപ്പാടുകളെ ഒരു ചുംബനം കൊണ്ടു മായിച്ചു കളയുന്ന തിരമാലയെ..

ആത്മാവ് തൊട്ടറിഞ്ഞ പ്രണയമാണ് അവരുടേത്…

ഇതുപോലെ നിന്നിലെ കുറവുകളെ ഇല്ലാതാക്കാൻ എനിക്കൊരു ചുംബനം മതി.”

എന്നും പറഞ്ഞു അയാൾ അവളുടെ നെറുകയിൽ ചുംബിച്ചു. അപ്രതീക്ഷിതമായി കിട്ടിയ ചുംബനത്തിൽ  അവൾ പതറി പോയി. അവളിൽ ഒരു തരിപ്പ് അനുഭവപ്പെട്ടു. ആദ്യമായി ഒരാൾ തന്നെ സ്നേഹത്തോടെ ചുംബിച്ചിരിക്കുന്നു.

അയാളുടെ കണ്ണുകളിൽ കാ മമില്ല സ്നേഹം മാത്രം.

നേർത്ത പുഞ്ചിരിയോടെയുള്ള അയാളുടെ നേട്ടത്തിന് മുന്നിലവൾ നാണിച്ചു മുഖം താഴ്ത്തി.

അവളുടെ കവിളുകളിൽ  നാണത്തിന്റെ ചുവപ്പ് രാശി പടർന്നു.

അത് അയാളിലും ഒരു കൗതുകം പടർത്തി.

അഴിഞ്ഞുലഞ്ഞ കിടന്നിരുന്ന അവളുടെ നീണ്ട ഇടതൂർന്ന മുടിയിഴകൾ കാറ്റിൽ പാറി പറന്നു.

ആ മുടിയിഴകളിൽ ചിലത് വിരൽ കൊണ്ടു ഓരോ തവണ കോതി ഒതുക്കുമ്പോളും അനുസരണയില്ലാത്ത കുട്ടികളെ പോലെ വീണ്ടും വീണ്ടും അവളുടെ മുഖത്തേക്ക് പാറി പറന്നു വീണു കൊണ്ടിരുന്നു.

അയാൾ അവളുടെ കീഴ്ത്താടി പിടിച്ചുയർത്തി ആ കണ്ണുകളിലേക്ക് നോക്കി.

ആകാശത്ത് തിളങ്ങുന്ന നക്ഷത്രങ്ങളെക്കാൾ ചന്തം നിന്റെ ഈ തിളങ്ങുന്ന ഈ കണ്ണുകൾക്ക് തന്നെയാണ്..

അയാളുടെ വാക്കുകൾ കേട്ടവൾ പൊട്ടിച്ചിരിച്ചു.

അയാൾ ആ ചിരി ആസ്വദിച്ചു നോക്കി നിന്നു.

“”ഒരുപാട് സന്തോഷം തോന്നുന്നു മാഷേ..ജീവിതത്തിൽ ആദ്യമായാണ് ഞാനിത്രയും സന്തോഷിക്കുന്നത്. ഏതൊരു പെണ്ണിനെ പോലെ ഞാനും നല്ലൊരു ജീവിതം സ്വപ്നം കണ്ടിരുന്നു. പക്ഷേ എന്റെ വിധി ഇതായിരുന്നു.

മുറിക്കുള്ളിൽ കിടന്നു തൊണ്ട പൊട്ടുമാറു ഉറക്കെ ഉറക്കെ കരഞ്ഞിട്ടുണ്ട്. സ്വയം മുറിവേൽപ്പിച്ചിട്ടുണ്ട്. പട്ടിണി കിടന്നു സ്വയം ശിക്ഷിച്ചിട്ടുണ്ട്.

ഈ നശിച്ച ജീവിതത്തെ ഓർത്ത്.

മരിക്കാൻ എനിക്ക് ഭയമാണ് അല്ലായിരുന്നെങ്കിൽ അതിനും ഞാൻ ..”

ഒരു നിമിഷം അവൾ നിശബ്ദതയായി.

ഇപ്പോൾ വീണ്ടും ആ മോഹങ്ങൾ വെറുതെ എന്നെ മോഹിപ്പിക്കുന്ന പോലെ തോന്നുവാ മാഷേ….”

അവളുടെ വാക്കുകൾ അവിടെ അവസാനിച്ചു.

ആ മിഴികൾ അപ്പോഴേക്കും നിറഞ്ഞിരുന്നു.

“”ബന്ധങ്ങളും ബന്ധങ്ങളുമില്ലാത്ത ഒരാനഥൻ ആണ് ഞാനും. ഒറ്റപ്പെടലിന്റെ വേദനയിൽ ഞാൻ കുറിച്ച വാക്കുകളാണ് ഇന്നെന്നെ ഒരെഴുത്തുകാരൻ ആക്കി തീർത്തത് തന്നെ.

ഇന്ന് നിന്നെ പോലെ തന്നെ അക്ഷരങ്ങൾ കൊണ്ട് തീർത്ത സ്വപ്നലോകത്താണ് എന്റെ ജീവിതവും.

പക്ഷേ ഇന്നാദ്യമായി സ്വപ്നങ്ങൾ വിട്ട് യാഥാർഥ്യത്തിൽ ജീവിക്കാൻ ഒരു മോഹം.

പ്രണയം എന്തെന്നറിയാത്ത പ്രണയം കൊതിക്കുന്ന ഒരു പെണ്ണിനൊപ്പം ഇനിയുള്ള ജീവിതം ജീവിച്ചു തീർക്കാൻ തോന്നുന്നു.

കേവലം ഒരു നിമിഷത്തെ എന്റെ തോന്നലല്ല ഇത്.

ഈ ആയുഷ്കാലം മുഴുവൻ നിന്നോടൊപ്പം സന്തോഷമായിരിക്കാൻ കഴിയുമെന്നെന്റെ മനസ്സ് പറയുന്നു.

എന്റെ മനസ്സ് പറയുന്ന വഴിക്കാണ് ഞാൻ ഇന്നു വരെ നടന്നിട്ടുള്ളത്. ഇനി അങ്ങോട്ടും അങ്ങനെ തന്നെ.

പിന്നെ ഞാനും വിശുദ്ധനൊന്നുമല്ല..

പക്ഷേ ഇനി അങ്ങോട്ട് വിശുദ്ധമായൊരു പ്രണയത്തിന്റെ ചങ്ങല കൊണ്ടെന്റെ മനസ്സിനെ ബന്ധിക്കാൻ ഒരു മോഹം.””

അയാൾ പുഞ്ചിരിച്ചു.

“”മാഷ്….മാഷിത് എന്തൊക്കെയാണ് ഈ പറയുന്നത്….?”

“”നീ മറുത്തൊന്നും പറയണ്ട ഇപ്പോൾ ഞാൻ പോവുന്നു. നമുക്ക് ഒന്നിച്ചു സ്വപ്‌നങ്ങൾ കെട്ടിപ്പടുത്തു ജീവിക്കാൻ നമ്മളെ തിരിച്ചറിയാത്ത ഒരിടത്ത് ഒരു കുഞ്ഞു വീടും വെച്ച് ഞാൻ മടങ്ങി വരും.

നിന്റെ കഴുത്തിൽ ഒരു താലി കെട്ടി നെറുകയിൽ സിന്ദൂരം ചാർത്തി ഞാനെന്റെ ഈ പെണ്ണിനെ കൂട്ടികൊണ്ട് പോവുക തന്നെ ചെയ്യും.”

അതും പറഞ്ഞു അയാൾ തന്റെ കൈയിലുള്ള ബാഗിൽ നിന്നും ഒരു പുസ്തകം എടുത്തു അതിലെ താളിൽ എന്തോ ഒന്ന് കുറിച്ചു.

പിന്നെ അത് അവൾക്ക് നേരെ നീട്ടി.

അവളത് വാങ്ങിയതും അവൾക്ക് നേർത്തൊരു പുഞ്ചിരി സമ്മാനിച്ചു അയാൾ നടന്നു.

കൈയിലിരുന്ന പുസ്തകത്തിലെ താള് അവൾ ആകാംഷയോടെ മറിച്ചു നോക്കി.

“”എനിക്ക് വേണ്ടിയുള്ള നിന്റെ കാത്തിരിപ്പിന്റെ പേരാണ് പ്രണയം..

ഒരുപക്ഷേ ആ കാത്തിരിപ്പ് ഉണങ്ങാത്ത മുറിവുപോൽ നിനക്ക് വേദന പകർന്നെന്ന് വരാം….

പക്ഷേ നീ ഒരിക്കലും നിരാശപ്പെടരുത്..

ആ കാത്തിരിപ്പിന് അവസാനം ഞാനെത്തും നിന്നെ സ്വന്തമാക്കാൻ.. എന്റേത് മാത്രമാക്കാൻ….”

അതേ…..

“ഞാൻ നിന്നെ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു..”

അയാൾ എഴുതിയ വരികൾ വായിച്ചതും അവളുടെ മിഴിനീർ തുള്ളികൾ ആ വരികൾക്ക് മുകളിലായി വീണു കൊണ്ടിരുന്നു.

കുറച്ച് സമയം കൊണ്ടു ഒരുപാട് അടുത്തത് പോലെ..തനിക്ക് വിലപ്പെട്ടത് എന്തോ അകന്ന് പോയത് പോലെ..

താൻ ഒറ്റപ്പെട്ടത് പോലെ.

നെഞ്ചിലൊരു പിടച്ചിൽ.

ഒന്നും മിണ്ടാൻ കഴിയാതെ ചുണ്ടുകൾ വിതുമ്പുന്നു.

എന്തോ ഒരു വികാരം തന്നിൽ ആഴത്തിൽ മുറിവേൽപ്പിക്കുന്നത് അവൾ തിരിച്ചറിഞ്ഞു.

അന്ന് ആദ്യമായി അവൾ പ്രണയത്തിന്റെ നോവറിയുകയായിരുന്നു..

അയാൾ നടന്നു നീങ്ങിയിടത്തേക്ക് അവൾ  നോക്കി.

ശൂന്യം…

അയാൾ ഇരുട്ടിൽ എവിടെയോ പോയി മറഞ്ഞിരിക്കുന്നു.

കണ്ണുനീർ കാഴ്ചയെ മറയ്ക്കുന്നു.

“അയാൾ വരും..വരാതിരിക്കില്ല.. “

ആ പുസ്തകത്തെ നെഞ്ചോട് ചേർത്തവൾ വിങ്ങുമ്പോൾ അവളുടെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു.

വർഷങ്ങൾ കടന്നു പോവുന്നതറിയാതെ ഓരോ സായന്തനത്തിലും ആ കടൽക്കരയിൽ വന്നു അയാൾക്കായി അവളിന്നും കാത്തിരിക്കുകയാണ് ….

“പ്രണയത്തോടെ….പ്രതീക്ഷയോടെ..”

(സ്നേഹപൂർവ്വം…? ശിവ ?)