എന്നാൽ അളിയൻ ഒന്നു അവൾക്കു ഫോൺ കൊടുത്തേ…ഞാനൊന്നു സംസാരിച്ചു നോക്കട്ടെ….

അളിയനും പെങ്ങളും…

Story written by Arun Nair

============

ഞായറാഴ്ച ആയതു കൊണ്ട്  കുറച്ചു താമസിച്ചാണ് എഴുന്നേറ്റത്…ചങ്ക്  കൂട്ടുകാരൻ ഒരു പതിനൊന്നു മണി ആകുമ്പോൾ വീട്ടിലേക്കു  വരാമെന്നു പറഞ്ഞിട്ടുണ്ട്…ജോലിക്ക് പോകണ്ടല്ലോ എന്നുള്ള സന്തോഷത്തിൽ എഴുന്നേറ്റു പത്രവും വായിച്ചുകൊണ്ട് ഇരുന്നപ്പോളാണ് അമ്മ വന്നു വിളിച്ചത്…..

“”ടാ ഉണ്ണി,,,നിന്റെ അനുജത്തി അവിടെ കിടന്നു ഭയങ്കര വഴക്ക് ആണെന്ന് പറഞ്ഞു അവിടുത്തെ അമ്മ വിളിച്ചു,,,നീയൊന്നു അളിയനെ വിളിച്ചു നോക്കിക്കേ….. “”

“”ഞാൻ പറഞ്ഞതാണ് വകതിരിവ് ഇല്ലാത്ത ആ സാധനത്തിനെ കല്യാണം ഇപ്പോൾ തന്നെ കഴുപ്പിക്കണ്ടയെന്നു…എന്നിട്ടു ഇപ്പോൾ ആകെ ഉള്ള ഒരു അവധി ദിവസം ഞാൻ അവിടെ പോയി ഇരുന്നോണം…എന്തൊരു തലവിധി…. “”

എനിക്കു അങ്ങു ദേഷ്യം വന്നു…കഴിഞ്ഞ ഞായറാഴ്ചയും ഞാൻ അവിടെ തന്നെ ആയിരുന്നു…..

“”മോന് പോകാൻ വയ്യെങ്കിൽ അമ്മ പോയി തിരക്കാം..പെറ്റു പോയില്ലേ ഉപേക്ഷിക്കാൻ പറ്റില്ലല്ലോ…മോൻ അതോർത്തു വിഷമിക്കണ്ട….. “‘

“”എന്താണ് അമ്മേ ഇന്ന് പ്രശ്നം…ആകെ ഒരു ഞായറാഴ്ച ഉള്ളത് അതിങ്ങനെ പെങ്ങളെ കെട്ടിച്ചു വിട്ടതിൽ പിന്നെ അവിടെ പോകാനേ നേരമുള്ളൂ,,,അതുകൊണ്ട് പറഞ്ഞു പോയതാണ്…ആഴ്ചയിൽ അവധിയും ഞായറാഴ്ചയും  വേണ്ടായിരുന്നു….. “”

“”എനിക്കു അറിയില്ല മോനെ…അവൾ അവിടെ കിടന്നു കരച്ചിലാണ്…അവനു ഏതോ പെണ്ണുമായി അ വിഹിതം ഉണ്ടെന്നാണ് അവളു പറയുന്നത്…അവളിപ്പോൾ ചാകും എന്നൊക്കെ പറയുന്നു…എനിക്കു ആകെ പേടി ആകുന്നു…മോൻ ഒന്നു പോയിട്ട് വാ..ഒറ്റ പെങ്ങൾ അല്ലേടാ ഉള്ളു…എനിക്കൊരു സമാധാനവും കിട്ടുന്നില്ല…. “”

“”അ വിഹിതമോ അതും അളിയന് വിശ്വസിക്കാൻ പറ്റുന്നില്ല…പ ട്ടി കടിക്കുമ്പോൾ തിരിച്ചു കടിച്ചാൽ വി ഷബാധ ഉണ്ടാകില്ല എന്നു ആരോ പറഞ്ഞതും കേട്ടു വീടിനു ചുറ്റും  ഇരുപത്തിയാറു തവണ പ ട്ടിയെ ഇട്ടു ഓടിച്ചു തിരിച്ചു കടിച്ച അളിയന് പെണ്ണ് കിട്ടിയത് തന്നെ ഭാഗ്യം….അപ്പോൾ ആണ് അവിഹിതം…..

അമ്മ കരയണ്ട ഞാൻ പോയി നോക്കിയിട്ട് വരാം…വഴക്ക് ഉണ്ടാക്കാതെയിരിക്കാൻ അവരോട് പറയാം…പോരെ…അമ്മ സമാധാനിക്കു….”‘

“”എങ്ങനെ സമാധാനം കിട്ടാനാ മോനെ..മോൻ ഇപ്പോൾ തന്നെ അവനെയൊന്നു വിളിക്കു……””

“”ഞാൻ വിളിക്കാം….””

അതും പറഞ്ഞു ഞാൻ മൊബൈൽ കൈകളിൽ എടുത്ത് അളിയന്റെ നമ്പർ ഡയൽ ചെയ്തു…ആദ്യം എടുത്തില്ല എങ്കിലും അടുത്ത വിളിക്കു എടുത്തു…..

“”അളിയാ എന്തുണ്ട് വിശേഷം… “” ഒന്നുമറിയാത്ത പോലെ ഞാൻ ചോദിച്ചു

“”അവൾ വിളിച്ചു പറഞ്ഞു കാണുമല്ലോ ഇപ്പോൾ തന്നെ…ദേ ഇവിടെ കിടന്നു ഇപ്പോൾ ചാകും പറഞ്ഞു കരയുന്നുണ്ട്…. “”

“”അളിയാ,,,അവൾ പറഞ്ഞു എങ്കിലും ഞാനതു വിശ്വസിക്കുന്നില്ല..കാര്യം അവൾ എന്റെ പെങ്ങൾ ആണെങ്കിലും അളിയനെ ആണെനിക്ക് വിശ്വാസം. കാരണം അളിയൻ കുറച്ചു കൂടി ലോകം കണ്ടവനല്ലേ…. “”

ഞാൻ ചുമ്മാ അളിയനെ ഒന്നു പൊക്കി വിട്ടു….

“”അളിയാ എന്റെ മഹത്വം നിന്റെ പെങ്ങൾക്ക് കൂടിയൊന്നു പറഞ്ഞു കൊടുക്ക്‌..ഇന്നലെ വരാൻ അഞ്ചു മിനിറ്റ് താമസിച്ചു പോയി പറഞ്ഞിട്ടാണ്  അവൾ ഈ കഥകൾ ഒക്കെ അടിച്ചു വിടുന്നത്…. “”

“”അഞ്ചു മിനിറ്റ് കൊണ്ട് എന്ത് അ വിഹിതം നടത്താൻ ആണ് അളിയാ….അല്ല അളിയൻ അങ്ങനെ താമസിക്കാറില്ലല്ലോ പിന്നെ ഇന്നലെ എന്ത് പറ്റി…. “”

“”അതു വരുന്ന വഴിക്കു വണ്ടി ഒന്നു ഓഫ്‌ ആയി പോയി…അതാണ് താമസിച്ചത്….അഞ്ചു  മിനിറ്റ് കൊണ്ട് അല്ല അളിയാ,,അഞ്ചു മിനിറ്റ് താമസിച്ചത് കൊണ്ട് ഞാൻ ജോലിക്ക് പോകാതെ വേറെയെന്തോ പരിപാടിക്ക് പോയതാണെന്നാണ് അവള് പറയുന്നത്……””

എന്നാൽ അളിയൻ ഒന്നു അവൾക്കു ഫോൺ കൊടുത്തേ…ഞാനൊന്നു സംസാരിച്ചു നോക്കട്ടെ…..

അവിടെ അളിയൻ പെങ്ങളെ വിളിക്കുന്നതും എനിക്കു ആരോടും മിണ്ടണ്ട…എനിക്കു ആരുമില്ല എന്നുള്ള പെങ്ങളുടെ വിഷമ വൃത്തത്തിൽ ഉള്ള സംസാരവും ഞാൻ ഇവിടെ തന്നെ കേട്ടു…..

ഓക്കേ അളിയാ ഞാൻ അങ്ങോട്ട്‌ വന്നു അവളെ പറഞ്ഞു മനസിലാക്കാം പറഞ്ഞു ഞാൻ ഫോൺ കട്ട്‌ ചെയ്തു…..

അമ്മയോട്  അവിടെ കുഴപ്പമില്ല പറഞ്ഞു സമാധാനിപ്പിച്ചിട്ടു  സിറ്റൗട്ടിൽ  തലയിൽ കയ്യും വച്ചു ഇരുന്നപ്പോളാണ് കൂട്ടുകാരൻ വീട്ടിലേക്കു കയറി വന്നത്…

എന്റെ ഇരുപ്പു കണ്ടു അവൻ എന്താടാ ഉണ്ണി പ്രശ്നം ചോദിച്ചപ്പോൾ ഞാൻ അവനോടു കാര്യം പറഞ്ഞു…എന്റെ ചങ്ക് കൂട്ടുകാരൻ എന്റെ പെങ്ങളുടെ സ്വഭാവം കേട്ടു സിറ്റൗട്ടിൽ  കിടന്നു ചിരിച്ചോണ്ട് പറഞ്ഞു…..

“”നിന്റെ പെങ്ങളെ പോലെ ഒരെണ്ണത്തിനെ സഹിക്കുന്ന നിന്റെ അളിയന് വല്ല അവാർഡും  കൊടുക്കണം…എത്രയും ക്ഷമയുള്ള ആണുങ്ങൾ ഈ ഭൂമിയിൽ ഇപ്പോൾ ഉണ്ടോടാ..എന്തായാലും നിന്റെ പെങ്ങളുടെ ഭാഗ്യം…. ‘”

“”അളിയനും ആള് മോശം ഒന്നും അല്ലേടാ..അത് പോട്ടെ, ഇത് ഇപ്പോൾ പോയി സോൾവ് ചെയ്യണം…ചങ്കെ നീയും കൂടെ വാ…ആകെ മടുപ്പാണ് ഒറ്റയ്ക്ക് പോകാൻ…. “”

അവൻ വരാമെന്നു സമ്മതിച്ചു,,,ഞാൻ പെട്ടെന്ന് പോകാൻ  റെഡി ആയി…ഞങ്ങൾ എന്റെ പെങ്ങളുടെ വീട്ടിലേക്കു യാത്ര തിരിച്ചു..ഞങ്ങളുടെ പെങ്ങളുടെ വീടിന്റെ മുൻപിൽ എത്തിയപ്പോൾ വലിയൊരു ആൾകൂട്ടം..കൂട്ടുകാരൻ  ആയിരുന്നു വണ്ടി ഓടിച്ചത്..എന്റെ മനസ്സൊന്നു പിടഞ്ഞു…

“”ദൈവമേ,,അവൾ ഇനി പറഞ്ഞപോലെ വല്ലോം ചെയ്തു കാണുമോ…ഞാനെന്റെ ചങ്കിനോട് ചങ്ക് പൊട്ടി ചോദിച്ചു……. “”

“”അവൾ ഒന്നും ചെയ്തു കാണില്ലെടാ…നിന്റെ അളിയന്റെ അമ്മുമ്മ വല്ലോം കാഞ്ഞു പോയതായിരിക്കും…. “” ചങ്ക് എന്നെ സമാധാനിപ്പിക്കും പോലെ പറഞ്ഞു….

വീടിന്റെ മുൻപിൽ ഞങ്ങൾ വണ്ടി നിർത്തിയിട്ടു ഇറങ്ങിയപ്പോൾ എല്ലാവരും കിണറ്റിൽ ആണ് വീണത് പറയുന്നുണ്ടായിരുന്നു..ഞാൻ എന്റെ സർവ ജീവനും എടുത്തു കിണറിന്റെ അടുത്തേക്ക് ഓടി…

ഓടി കിണറിന്റെ അടുത്തു എത്തിയപ്പോൾ കണ്ടു പെങ്ങൾ അവിടെ നിന്നു നിർദേശം കൊടുക്കുന്നു…അറിയാതെ പെട്ടെന്ന് ഞാൻ ചോദിച്ചു പോയി….

“”പെങ്ങളെ,,,ആരാ അളിയൻ ആണോ കിണറ്റിൽ ചാടിയത്…. “” അവിടെ കൂടി നിന്നവരെല്ലാം എന്നെ തുറിച്ചു  നോക്കി..പെങ്ങളുടെ അമ്മായിഅമ്മ എന്നെ ഇപ്പോൾ നോക്കി ദഹിപ്പിക്കുമെന്നു എനിക്കു തോന്നി പോയി…..

പെങ്ങൾ ചിരിച്ചുകൊണ്ട് പറഞ്ഞു “”ഇത് എന്തൊക്കെ പറയുന്നത്…അളിയൻ അല്ല ഒരു പൂച്ച വീണത് ആണ് അതിനെ എടുക്കാൻ ആണ് ഇവരൊക്കെ കൂടി നോക്കുന്നത്….. “”

അളിയൻ എന്ത്യേ പെങ്ങളെ എന്ന എന്റെ ചോദ്യം തീർന്നപ്പോൾ അളിയൻ എന്റെ മുൻപിൽ എത്തി….

“”അളിയാ എവിടെ ആയിരുന്നു,,അളിയനെ ഇവിടെ കാണാഞ്ഞപ്പോൾ ഞാൻ വിചാരിച്ചു ഇവളുടെ ശല്യം കാരണം കിണറ്റിൽ ചാടിയെന്നു..ഞാൻ ആരും കേൾക്കാതെ പതുക്കെ അളിയനോട് ചോദിച്ചു…… “”

“”ഞാൻ ക ക്കൂസിൽ ആയിരുന്നു അളിയാ…എന്തോ വയറിനു ഒരു ഏനക്കേട്…..””

എന്റെ സംസാരം കേട്ടു ചിരിച്ചുകൊണ്ട്  ആ ആയിരം ലിറ്ററിന്റെ വയറും തിരുമി അളിയൻ മറുപടി തന്നു….

അവനവന്റെ വയറു ആണെന്ന് വിചാരിച്ചു കഴിക്കണം അല്ലങ്കിൽ ഇങ്ങനെ ഒക്കെ ഉണ്ടാകുമെന്നു ഞാൻ മനസ്സിൽ ഓർത്തു എങ്കിലും പുറത്തു മാന്യമായി വന്ന കാര്യം ചോദിച്ചു….

അതൊക്കെ പോട്ടെ അളിയാ,,,നിങ്ങളുടെ പ്രശ്നം തീർന്നോ എന്നു ചോദിച്ചപ്പോളേക്കും..പെങ്ങൾ ചായയുമായി വന്നു…അവൾ കേട്ടു ഞങ്ങളുടെ സംസാരവും….

“”ഞങ്ങൾ ഭാര്യ ഭർത്താക്കന്മാർ അല്ലേ ചേട്ടാ,,,,അപ്പോൾ ഇടയ്ക്കു വഴക്ക് ഒക്കെ ഉണ്ടാകും,,,,അതിനു ഇങ്ങനെ ധൃതി പിടിച്ചു ചേട്ടൻ അല്ലേ വരൂ…… “”

എനിക്കു അവളുടെ സംസാരം കേട്ടപ്പോൾ ചൊറിഞ്ഞു വന്നു എങ്കിലും ഞങ്ങൾക്ക് ജന്മം നൽകിയ മാതാപിതാക്കൾക്ക് തന്നെ വിളിക്കുന്നത് ശരി അല്ലല്ലോ കരുതി ഞാൻ ക്ഷമിച്ചു……

അതിനിടക്ക് അളിയൻ പെങ്ങളോട് ഒരു ഡയലോഗ് അത് കൂടി കേട്ടപ്പോൾ എനിക്കു തൃപ്തി ദേശായി ആയി….

“”മോളു,,,മോൾക്ക് മേടിച്ചു തരാമെന്നു പറഞ്ഞ ആ പട്ടു സാരി നമുക്ക് ഇന്ന് തന്നെ പോയി മേടിക്കാമേ…കൂടെ എനിക്കൊരു  ഉപദേശവും ഇങ്ങനെ പെങ്ങളുടെ കാര്യം നോക്കി നടക്കാതെ ഒരു ഞായറാഴ്ച അല്ലേ ഉള്ളു അതൊന്നു അടിച്ചു പൊളിച്ചു ജീവിക്കു…ഈ പ്രായം ഇനി തിരിച്ചു കിട്ടില്ല അതോർത്തോ….. “”

“”അതൊക്കെ എനിക്കു അറിയാം…എന്നാലും അമ്മക്കു ടെൻഷൻ ആയി അതാ ഞാൻ പെട്ടെന്ന് വന്നത്…നിങ്ങൾ തമ്മിൽ പ്രശ്നം ഒന്നുമില്ലെന്ന് അമ്മയോട് പെട്ടെന്ന് തന്നെ പറയണം എങ്കിൽ മാത്രമേ അമ്മ ആഹാരം കഴിക്കുകയുള്ളു…എന്നാൽ ഞാൻ ഇറങ്ങട്ടെ….നിങ്ങൾ ഇടയ്ക്കു അങ്ങോട്ട്‌ ഒക്കെ ഇറങ്ങു…”” ചൊറിഞ്ഞു വന്നു എങ്കിലും ഞാൻ മാന്യമായി യാത്ര ചോദിച്ചു ഇറങ്ങാൻ തുടങ്ങി…..

നിൽക്കുക ആണെങ്കിൽ ഇവളുടെ സ്പെഷ്യൽ സാമ്പാർ കൂട്ടി ചോറുണ്ണാം എന്ന അളിയന്റെ ഓഫർ തിരക്കും പിന്നെ എന്റെ പെങ്ങളുടെ കൈപ്പുണ്യവും അറിയാവുന്നതു കൊണ്ട് വേറെ ഒരിക്കൽ ആകാം അളിയാ,,,,അമ്മ അവിടെ ഒറ്റയ്ക്ക് ആണെന്ന് പറഞ്ഞു ഞങ്ങൾ ഇറങ്ങി…….

ചിക്കൻ മസാല ഇട്ടു മൊരു കൂട്ടാൻ വച്ചവൾ ആണ് ഇപ്പോൾ സ്പെഷ്യൽ സാമ്പാർ വെക്കുന്നു എനിക്കു ഊഹിക്കാം അതെന്തു ആണെന്ന്…….

അളിയൻ ചോദിച്ചപ്പോൾ കഴിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്ന എന്റെ ജിമ്മൻ ചങ്കിനോട് ഞാൻ അവളുടെ ചെറിയ രീതിയിലുള്ള പാചക  കൈപ്പുണ്യത്തെ കുറിച്ചു പറഞ്ഞപ്പോൾ തന്നെ അവൻ അവള് ഉണ്ടാക്കിയത് കഴിക്കാം എന്നു ചിന്തിച്ച തെറ്റുകൊണ്ട്  വയറിനു ഒന്നും വരാതെയിരിക്കാൻ നൂറ്റൊന്നു ശയന പ്രദക്ഷിണം നേർന്നു,,,അതും സ്വന്തം അച്ഛനെക്കൊണ്ട്…..മക്കൾ ആണെങ്കിൽ ഇങ്ങനെ വേണം….

എന്തായാലും അവിടെ പ്രശ്നം ഒന്നുമില്ലെന്ന് അറിയിക്കാൻ ഞാനും ചങ്കും കൂടി പെട്ടന്ന് വണ്ടി എടുത്തു വീട്ടിലോട്ടു വന്നു..അമ്മ അല്ലങ്കിൽ ഇന്ന് മുഴുവൻ അതുമോർത്തു ഇരിക്കും…

വഴക്ക് ഉണ്ടാക്കുമ്പോൾ അവൾ വിളിച്ചു പറയുമെങ്കിലും വഴക്ക് മാറിയാൽ അതു വിളിച്ചു പറയാൻ ഉള്ള മാന്യത എന്തുകൊണ്ടോ പെങ്ങളും അളിയനും കാണിക്കാറില്ല…ഞങ്ങൾ വണ്ടി കൊണ്ടേ നിർത്തിയപ്പോൾ അമ്മ പാവം വിഷമിച്ചു വീടിന്റെ മുൻപിൽ തന്നെ ഇരിക്കുണ്ടായിരുന്നു…വണ്ടിയിൽ നിന്നുമിറങ്ങിയതും ഞാൻ അമ്മയോട് പറഞ്ഞു…..

“”അമ്മ വിഷമിക്കുക ഒന്നും വേണ്ട…അവരു തമ്മിൽ ഒരു വിഷയവും ഇല്ല…രണ്ടാളും അടിച്ചു പൊളിക്കുകയല്ലേ അവിടെ…പിന്നെ അളിയൻ പറയുന്നത് കേട്ടു അവൾക്കു പുതിയ പട്ടു സാരി ഇന്ന് മേടിച്ചു കൊടുക്കുമെന്ന്…അമ്മ ഇനി എങ്കിലും ഒന്നു സന്തോഷിച്ചു ഞങ്ങൾക്ക് കുറച്ചു ചോറ് എടുക്കു..എന്നിട്ടു അമ്മയും കഴിക്കു…… “”

“”മോനെ അതല്ലെടാ ഇന്നലത്തെ പ്രശ്നം കഴിഞ്ഞു അതു അവൾക്കു അല്ലായിരുന്നോ ഇളക്കം,,,ഇതിപ്പോൾ അവൾ വിളിച്ചിരുന്നു അവൻ വഴക്ക് ആണെന്നും പറഞ്ഞു…. “”

“”ഇപ്പോൾ ഞങ്ങൾ വരുന്നത് വരെ കുഴപ്പം ഒന്നും ഇല്ലായിരുന്നല്ലോ അമ്മേ…പിന്നെ ഇത്രയും പെട്ടെന്ന് എന്ത് ഉണ്ടാകാൻ…അമ്മയെ ചുമ്മാ അവരു പറ്റിക്കുന്നത് ആയിരിക്കും,,,അളിയൻ ഇപ്പോൾ അവള് വച്ച സാമ്പാറും കഴിച്ചു കിടന്നു ഉറങ്ങുക ആയിരിക്കും….. “”

“”അത് തന്നെയാണ് മോനെ പ്രശ്നം ആയതു..അവൾ ഇന്ന് വച്ച സാമ്പാറിൽ ഒരു വെറൈറ്റിക്കു  വേണ്ടി കുറച്ചു ഉണക്ക മീൻ കൂടി ഇട്ടു..അതിന്റെ കൂടെ എരുവും പുളിയും എല്ലാം കൂടുതൽ ആയിരുന്നു എന്നും പറഞ്ഞു അവൻ അവളെ ഉപേക്ഷിക്കാൻ പോകുക ആണെന്ന പറഞ്ഞത്…. “”

“”അമ്മ വിഷമിക്കാതെ….ഞാൻ ഇപ്പോൾ വിളിക്കാം അളിയനെ….. “”

“”വേണ്ട മോനെ വിളിച്ചാലും അവൻ എടുക്കില്ല..അമ്മ വിളിച്ചു നോക്കിയായിരുന്നു..അവസാനം അവൾ എടുത്തിട്ടു പറഞ്ഞു ക ക്കൂസിൽ കയറി ഇരിക്കുക ആണെന്ന്,,,,അതിൻറെ വെളിയിൽ ഇറങ്ങിയാൽ അവളെ ഒഴിവാക്കാൻ വക്കിലിനെ കാണാൻ പോകുമെന്നാണ് പറഞ്ഞരിക്കുന്നത്….””

“”എന്നാൽ അമ്മ പേടിക്കണ്ട അവള് ഉണ്ടാക്കിയ കറി കഴിച്ചിട്ട് അല്ലേ…രണ്ടു ദിവസത്തേക്ക് അളിയൻ അവിടെ തന്നെ കാണും..രണ്ടു ദിവസത്തിന് മുൻപ് അവരു ചക്കരയും അടയും ആയിക്കോളും..അമ്മ അതൊന്നുമോർത്തു വിഷമിക്കാതെ വന്നു ചോറുണ്ണാൻ നോക്കു…. “”

“”അല്ല മോനെ എന്നാലും…. “”

“”ഒരു എന്നാലും ഇല്ല അല്ലങ്കിൽ അമ്മ വൈകിട്ട് വിളിച്ചു നോക്കിക്കോ അപ്പോൾ അറിയാം അവർ പിരിഞ്ഞോ ഇല്ലയോ എന്നു…. “”

ചോറൂണും കഴിഞ്ഞു ഒരു ഉറക്കവും കഴിഞ്ഞു അമ്മ അവരെ ചുമ്മാ ഒന്നു വിളിച്ചു നോക്കി…ലൂസ് മോഷൻ പിടിച്ച അളിയനെയും കൊണ്ട് ഹോസ്പിറ്റലിൽ പോയിട്ട് അവൾ വന്നതേയുള്ളെന്നു എന്നവളുടെ മറുപടി കേട്ടപ്പോൾ പെറ്റമ്മയാണെങ്കിലും  പരിഹാസത്തോടെ ചോദിച്ചു പോയി….

“”അല്ല മോളെ അപ്പോൾ അവൻ നിന്നേ  ഉപേക്ഷിക്കുന്നില്ലേ..എന്താണ് ഇപ്പോൾ പറയുന്നത് അവന്റെ കയ്യിൽ ഒന്നു ഫോൺ കൊടുത്തേ……. “”

“”ഫോൺ കൊടുക്കാൻ ചേട്ടൻ ഇപ്പോളും കക്കൂസിൽ തന്നെയാണ് അമ്മേ,,,ചേട്ടന് എന്നെ പിരിയുക ഒന്നും വേണ്ട,,,ഇവിടെ ഉലുവ ഇരുപ്പില്ല കുറച്ചു ഉലുവ മേടിച്ചു കൊടുത്തു വയറൊന്നു അടച്ചു കൊടുത്താൽ മതിയെന്നാണ് പറയുന്നത്…അവളുടെ മറുപടിയിൽ അമ്മ പൊട്ടി ചിരിച്ചു പോയി…..””

~അരുൺ നായർ 

പെങ്ങളുടെയും അളിയന്റെയും അഭിപ്രായം പറയണേ കൂട്ടുകാരെ…..