കാറിൽ നിന്ന് വലത് കാൽ വെച്ചിറങ്ങിയ കല്ല്യാണപയ്യനെ കണ്ട് ഒരു നിമിഷം ഞാൻ സ്തംഭിച്ചു പോയി…

സിത്താര പറഞ്ഞ കഥയിലൂടെ…

Story written by Saheer Sha

===============

വീടിന്റെ ബാൽക്കണിയിലിരുന്ന് എന്തൊക്കെയോ ചിന്തിച്ച് കൊണ്ടിരിക്കുമ്പോളാണ് അപ്രതീക്ഷിതമായി സലീമിക്കയുടെ കടന്നു വരവ്..

“ഹാ..നീ ഇവിടെ ഇരിക്കുവാണോ..ഞാൻ കരുതി എന്തെങ്കിലും എഴുതി കൊണ്ടിരിക്കുവായിരിക്കുമെന്ന്..എന്തൊക്കെയാടാ വിശേഷം..സുഖമല്ലേ..”

4 വർഷത്തോളമായി ഞാൻ ഈ വീട്ടിൽ താമസം തുടങ്ങിയിട്ട്..ഓസ്‌ട്രേലിയയിലുള്ള എന്റെ അമ്മാവന്റെ മകന്റേതാണ് വീടെങ്കിലും ഇപ്പോൾ എന്റെ വീട് പോലെ തന്നെയാണ്…

എറണാംകുളത്ത് ജോലി ലഭിച്ച് വന്നപ്പോൾ അവൻ തന്നെയാണ് പറഞ്ഞത് ഓഫീസിൽ നിന്ന് വളരെ അകലെയൊന്നുമല്ലല്ലോ നീ എന്റെ വീട്ടിൽ താമസിച്ചോടാ ന്ന്..വെറുതെ അടഞ്ഞു കിടക്കുന്നതിലും നല്ലത് വീട്ടിൽ ആരെങ്കിലും താമസിക്കുന്നതാണല്ലോ എന്ന് അവൻ കരുതിയിട്ടുണ്ടാവണം..

അന്ന് തുടങ്ങിയതാണ് ഇവിടെയുള്ള താമസം..ഇവിടെ സമീപത്തുള്ള വീട്ടുക്കാരുമായൊന്നും വലിയ സൗഹൃദമില്ലെങ്കിലും സലീമിക്കയുടെ വീടുമായി എനിക്ക് വളരെ അടുത്ത ബന്ധമാണുള്ളത്..

“ഇന്നലെ നീ നാട്ടിൽ നിന്ന് വന്നുവെന്നറിഞ്ഞു എന്നിട്ട് വീട്ടിലേക്കൊന്നും കണ്ടില്ലല്ലോ..?” അകത്തോട്ട് കാലെടുത്ത് വെക്കും മുൻപേ ഇക്കയുടെ ചോദ്യവും വന്നു..

“അത് പിന്നെ സലീമിക്കാ കൊറോണയൊക്കെയല്ലേ..എന്തിനാ വെറുതെ പുറത്തിറങ്ങുന്നതെന്ന് കരുതി വരാതിരുന്നതാ..”

“ഉവ്വ്..വിശ്വസിച്ചു..നിനക്കിപ്പോൾ പറയാനൊരു കാരണമായല്ലോ..നന്ദനമോളുടെ കല്ല്യാണം ഉറപ്പിച്ചു..അടുത്ത ഞായറാഴ്ച്ച വീട്ടിൽ ചെറിയൊരു പാർട്ടി നടത്താനാണ് ഉദ്ദേശിക്കുന്നത്..അതിന് ക്ഷണിക്കാനാണ് സത്യം പറഞ്ഞാൽ ഞാൻ വന്നത്..നീയൊക്കെയല്ലേയൊള്ളൂ ഞങ്ങൾക്കൊരു ബന്ധുവായിട്ട്..”

“ഹാ..ഞാൻ നേരത്തെ തന്നെ സംഗതി അറിഞ്ഞു..സിത്താരമോൾ രാവിലെ തന്നെ എന്റെയടുത്തേക്ക് ഓടി വന്ന് എല്ലാ കാര്യങ്ങളും പറഞ്ഞു..നന്ദനയുടെ കൂടെ പഠിക്കുന്ന പയ്യനുമായാണല്ലേ..അവൻ ക്രിസ്ത്യാനിയാണല്ലേ ഇക്കാ..”

ഒരു പൊട്ടിച്ചിരിയിലാണ് ഇക്ക മറുപടി പറഞ്ഞത്.. “എന്തോന്ന് ക്രിസ്ത്യാനിയെടാ..ഞാൻ മുസ്‌ലിം, എന്റെ ഭാര്യ രാധിക ഹിന്ദു, ഇപ്പോൾ എന്റെ മരുമകൻ ക്രിസ്ത്യാനിയും..ഞങ്ങളുടെ വീടല്ലെടാ യഥാർത്ഥത്തിൽ മതസൗഹാർദ്രം നിറഞ്ഞ വീട്..അല്ലേ..?”

ഞാൻ എന്തായാലും കല്ല്യാണ പാർട്ടിക്ക് നേരത്തെ തന്നെ പോയി..സലീമിക്കയുടെയും രാധികചേച്ചിയുടെയും ഒരു ഒളിച്ചോട്ട വിവാഹമായിരുന്നത് കൊണ്ട് തന്നെ അടുത്ത ബന്ധുക്കൾ എന്നൊക്കെ പറയാൻ ഞങ്ങൾ കുറച്ച് പേർ മാത്രമേ ഉണ്ടായിരുന്നൊള്ളൂ…

അണിഞ്ഞൊരുങ്ങി വന്ന് തർക്കുത്തരം പറഞ്ഞ് കൊണ്ടിരിക്കുകയായിരുന്ന നന്ദന വരനും കൂട്ടരും വരുന്നത് കണ്ട് അകത്തേക്ക് ഓടിയത് ഞങ്ങളിൽ ചിരിപടർത്തി..

കാറിൽ നിന്ന് വലത് കാൽ വെച്ചിറങ്ങിയ കല്ല്യാണപയ്യനെ കണ്ട് ഒരു നിമിഷം ഞാൻ സ്തംഭിച്ചു പോയി..ദൈവമേ ഇവനോ..?

ഞാൻ എന്തിനാണ് കല്ല്യാണ ചെറുക്കനെ കണ്ട് ഞെട്ടിയത് എന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത്..? പറയാം..അതിന് ഒരു വർഷം പിന്നോട്ട് സഞ്ചരിക്കണം..

ഇവിടെ താമസമാക്കിയത് മുതൽ ഞാനുമായി അടുപ്പമുള്ള ഒരേയൊരു കുടുംബം സലീമിക്കയുടേതാണെന്ന് മുമ്പ് പറഞ്ഞിരുന്നല്ലോ..അതിൽ ഇക്കയുടെ രണ്ട് മക്കളിൽ ഇളയവളായ സിത്താരക്കുട്ടിയുമായിട്ടായിരുന്നു ഏറ്റവും വലിയ സൗഹൃദവും..

ഒരു രാജകുമാരിയെ പോലെ സുന്ദരിയായ പൂമ്പാറ്റയെ പോലെ പാറി നടക്കുന്ന പതിനാറുകാരി അതാണ് സിത്താര..ഒഴിവ് സമയങ്ങളിലെല്ലാം എന്റെയടുക്കൽ സമയം ചിലവഴിക്കാൻ അവൾ ആഗ്രഹിച്ചിരുന്നു..

ഞാൻ എഴുതുന്ന എഴുത്തുകളെല്ലാം ആദ്യം വായിക്കുന്നത് പലപ്പോഴും അവൾ തന്നെയാണ്..പ്രണയാർദ്രമായ സമീപനമാണ് അവൾക്കെന്നോട് ഉള്ളതെന്ന് ഒരല്പം ഭയത്തോടെ ഞാൻ മനസ്സിലാക്കിയിട്ടുമുണ്ട്..

അവൾ എന്നിൽ നിന്ന് എന്തൊക്കെയോ ആഗ്രഹിക്കുന്നുണ്ടെന്ന് അവളുടെ കണ്ണുകളിലൂടെ പലപ്പോഴും അറിയുന്നുണ്ടായിരുന്നുവെങ്കിലും  മാന്യതയുടെ കപടമുഖമണിഞ്ഞ് ഒരു പതിനാറുകാരിയുടെ പക്വതയില്ലാഴ്മയാണെന്ന് എന്നെ വിശ്വസിപ്പിച്ചെടുക്കാൻ ഞാൻ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്..

ഒരിക്കൽ അവളെന്നോട് ചോദിച്ചു “നിങ്ങൾക്ക് ഞങ്ങളുടെ കഥ ഒന്ന് എഴുതിക്കൂടെ..?”

“നിങ്ങളുടെ കഥയോ..? അതെന്ത് കഥ..” അല്പം സംശയത്തോടെയാണ് ഞാൻ അത് ചോദിച്ചത്..

“പപ്പയുടെയും മമ്മിയുടെയും പ്രണയത്തിന്റെ കഥ..അതുപോലെ നന്ദന ചേച്ചിയെ ഞങ്ങൾക്ക് കിട്ടിയ കഥ..”

പ്രണയ കഥ എന്ന് പറഞ്ഞപ്പോൾ എനിക്ക് വലിയ താല്പര്യമൊന്നും തോന്നിയില്ല..പക്ഷെ എന്തായിരിക്കും നന്ദനയെ കുറിച്ച് അവൾക്ക് പറയാനുള്ളത് എന്ന കാര്യത്തിൽ എനിക്ക് ചെറിയ ആകാംഷയുണ്ടായി..

അവൾ കഥ പറയാൻ തുടങ്ങി..

ഗ്രാമത്തിലെ പ്രമാണിയായിരുന്ന മാധവൻ നായരുടെ 6 മക്കളിൽ ഇളയവളായിരുന്നു സുന്ദരിയായ രാധിക..പഠിക്കാൻ മിടുക്കിയായത് കൊണ്ട് തന്നെ രാധികയെ നഗരത്തിലുള്ള ബന്ധു വീട്ടിൽ നിർത്തി പഠിപ്പിക്കാൻ മാധവൻ നായർ തീരുമാനിച്ചു..

കുഗ്രാമത്തിലെ തന്റെ തറവാട് വീട്ടിൽ ഒതുങ്ങി കൂടി കഴിഞ്ഞിരുന്ന രാധികയ്ക്ക് കോളേജ് പോലെ തന്നെ നഗരവും പുതിയൊരു അനുഭവമായിരുന്നു..

കോളേജ് ജീവിതത്തിന്റെ ആനന്ദ വഴികളിലെവിടെയൊ അവളിലും പ്രണയത്തിന്റെ പൂമൊട്ടുകൾ വിരിയാൻ തുടങ്ങി..

അലക്കി തേച്ച വസ്ത്രങ്ങൾ ധരിച്ച് വരുന്ന സുന്ദരമായ മലബാറിന്റെ ഭാഷ സംസാരിക്കുന്ന അത്തറിന്റെ മണമുള്ള ചുറു ചുറുക്കുള്ള സലീമിൽ അവൾ ആകൃഷ്ടയായി..

തന്റെ സ്വപ്ന സുന്ദരിയായ രാധികയുടെ പുസ്ത താളുകളിലൂടെയുള്ള പ്രണയാഭ്യർത്ഥന അത്ഭുതവും അതിലേറെ ഞെട്ടലുമാണ് സലീമിൽ ഉളവാക്കിയത്..അവളെ കൈപിടിച്ച് കൂടെ കൂട്ടാൻ സലീമിന് മറുത്തൊന്നും ചിന്തിക്കേണ്ടിയിരുന്നില്ല..

ക്യാമ്പസിന്റെ ഇടനാഴികളിലും ലൈബ്രറി അലമാരകൾക്കിടയിലും വാകമരത്തിന്റെ തണലുകളിലും അവരുടെ പ്രണയത്തെ അവർ ആഘോഷിച്ചു…

മനസ്സുകൊണ്ട് ഒന്നായി തീര്‍ന്നിരുന്ന സലീമും രാധികയും ആ സുന്ദര നിമിഷങ്ങളിലെപ്പോഴോ ശരീരം കൊണ്ടും ഒന്നായി മാറിയിരുന്നു..

നഗരത്തിൽ പഠിക്കാൻ പോയ തന്റെ മകൾ രാധിക പൂർണ്ണ ഗർഭണിയാണെന്ന വിവരം വളരെ വൈകിയാണ് മാധവൻ നായർ അറിയുന്നത്..

മകൾ പി ഴച്ച് ഗർഭണിയായ വിവരം നാട്ടിലറിഞ്ഞാൽ പിന്നെ താൻ ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന് മാധവൻ നായർക്ക് അറിയാമായിരുന്നു..അത് കൊണ്ട് തന്നെ എല്ലാം രഹസ്യമാക്കി വെക്കാനും ആരോരുമറിയാത്ത ഒരിടത്തേക്ക് അവളെ മാറ്റി പാർപ്പിക്കാനും അയാൾ തീരുമാനിച്ചു..

പിന്നീട് തന്റെ അടുത്ത സുഹൃത്തായ ഡോക്ടറുടെയും സഹായിയായ നേഴ്സിന്റെയും സാന്നിധ്യത്തിൽ ആരോരുമറിയാതെ രാധികയുടെ പ്രസവം നടത്തുകയും കുട്ടി പ്രസവത്തിൽ മരണപ്പെട്ടുവെന്ന് വളരെ വിദഗ്ദമായി രാധികയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു…

കൂടാതെ തന്റെ വിശ്വസ്തനായ ജോലിക്കാരൻ രാഘവന്റെ കൈയ്യിൽ കുറച്ചധികം പൈസയും നൽകിയിട്ട് കുഞ്ഞിനേയും കൊണ്ട് എവിടെയെങ്കിലും പോയി  ജീവിക്കാൻ അദ്ദേഹം നിർദ്ദേശം നൽകുകയുമായിരുന്നു..

ആ ദിവസങ്ങളിലത്രയും രാധികയെ എവിടെയാണ് ഒളിച്ചു പാർപ്പിച്ചിട്ടുള്ളതെന്നറിയാതെ സലീം അന്വേഷിച്ചു നടക്കുകയായിരുന്നു..

തന്റെ നിരന്തരമായ പരിശ്രമം കൊണ്ട് അവളെ കണ്ടെത്താൻ സാധിച്ചുവെന്ന് മാത്രമല്ല കഠിനമായ പ്രയത്‌നത്തിലൂടെ അവിടെ നിന്ന് അവളെയും രക്ഷപ്പെടുത്തി ഒളിച്ചോടുകയായിരുന്നു..

വർഷങ്ങൾ കഴിഞ്ഞു..പതിയെ അവരുടെ ജീവിതം പച്ചപിടിക്കാൻ തുടങ്ങി..അതിനിടയിൽ അവർക്കൊരു കുഞ്ഞും പിറന്നു സിത്താര..അതാണ് ഈ ഞാൻ..അത്രയും പറഞ്ഞു കൊണ്ട് സിത്താരമോൾ എന്റെ മുഖത്തേക്ക് നോക്കി…

” അപ്പോൾ നന്ദന..? അന്ന് നഷ്ടപ്പെട്ട കുട്ടി അവളായിരുന്നോ..? ” എന്റെ മുഖത്തെ ആകാംഷ കണ്ടിട്ടെന്നോണം സിത്താര പൊട്ടിച്ചിരിച്ചു..

ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി..എന്റെ കണ്ണുകളിലെ ചോദ്യം മനസ്സിലാക്കിയെന്നോണം അവൾ വീണ്ടും കഥ പറയാൻ തുടങ്ങി..

വർഷങ്ങൾക്ക് മുമ്പ് ചെറിയൊരു ബൈക്കപകടത്തിൽ പപ്പയ്ക്ക് കാലിനൊരു സർജറി ആവശ്യമായി വന്നു…അന്ന് ഇവിടെയുള്ള ഒരു സ്വകാര്യ ആശുപത്രിയിലാണ് അഡ്മിറ്റ് ചെയ്തിരുന്നത്…

ആ ഹോസ്പിറ്റലിലുണ്ടായിരുന്ന നേഴ്സുമാരിൽ ഒരാളായ ബിന്ദു ചേച്ചി സത്യം പറഞ്ഞാൽ പണ്ട് അമ്മയുടെ പ്രസവമെടുത്ത ആ നേഴ്സ് ആയിരുന്നുവെന്നത് തികച്ചും യാദൃച്ഛികമായിരുന്നു..

അമ്മയെ കണ്ടപ്പോൾ പെട്ടെന്ന് തന്നെ മനസ്സിലായെങ്കിലും ആ വലിയ സത്യം തുറന്നു പറയാൻ അപ്പോൾ അവർക്ക് ധൈര്യമുണ്ടായിരുന്നില്ല…

എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം ആ നേഴ്സ് ഞങ്ങളെ തേടിയെത്തി..അന്ന് സംഭവിച്ച കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞതിനോടൊപ്പം കുഞ്ഞിനെ കൊണ്ടുപോയ രാഘവനെ ഹോസ്പിറ്റലിൽ വെച്ച് കാണാനിടയായ ഞെട്ടിക്കുന്ന കാര്യവും പറയുകയുണ്ടായി..

വാഹനാപകടത്തിൽ പെട്ട് ഗുരുതരാവസ്ഥയിൽ അഡ്മിറ്റ് ചെയ്തിട്ടുള്ള അയാളെ ഹോസ്പിറ്റലിൽ ചെന്നാൽ കാണാൻ സാധിക്കുമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഞങ്ങളെല്ലാവരും ഹോസ്പിറ്റലിലേക്ക് കുതിച്ചു..

എന്നാൽ ഞങ്ങൾ അവിടെയെത്തിയപ്പോഴേക്കും ആ മനുഷ്യൻ മരണത്തിന് കീഴടങ്ങിയിരുന്നു..

പിന്നീട് ആ മനുഷ്യന്റെ കുടുംബത്തെ അന്വേഷിച്ചു ഞങ്ങൾ കണ്ടെത്തുകയും അയാൾക്ക് സ്വന്തമെന്ന് പറയാൻ നന്ദന എന്ന് പേരുള്ള ഒരു പെൺകുട്ടി മാത്രമേയൊള്ളൂവെന്ന് മനസ്സിലാക്കുകയുമായിരുന്നു..

നഷ്ടപ്പെട്ടുപ്പോയ കുഞ്ഞാണ് അവളെന്ന് പപ്പയ്ക്കും മമ്മിയ്ക്കും ബോധ്യമായതിന്റെ അടിസ്ഥാനത്തിൽ ഞങ്ങളുടെ വീട്ടിലേക്ക് അവളെ കൈപിടിച്ച് കൊണ്ട് വരികയായിരുന്നു..

“ഇതാണ് നന്ദന ചേച്ചിയെ ഞങ്ങൾക്ക് തിരിച്ചു കിട്ടിയ കഥ..എന്താ ഇത് നിങ്ങൾക്ക് ഒരു കഥയാക്കി എഴുതിക്കൂടെ..? “

സിത്താര അത് പറഞ്ഞപ്പോൾ ഞാൻ ചിന്തിച്ചു..ശരിയാണ് ഒരു കഥയ്ക്കുള്ള ജീവിതമൊക്കെയുണ്ട്…എഴുതിയാലോ..?

കഥയുടെ പൂർണ്ണതയ്ക്ക് വേണ്ടി നന്ദന ജീവിച്ചിരുന്ന ചുറ്റുപാടും ജീവിതവും കൂടി ഉൾപ്പെടുത്തിയാൽ നന്നായിരിക്കുമെന്ന് എനിക്ക് തോന്നി..നന്ദനയോട് നേരിട്ട് അതിനെക്കുറിച്ചൊക്കെ ചോദിച്ചാൽ വിഷമമാവുമോ എന്നൊരു ഭയമുള്ളതിനാൽ അവൾ ജീവിച്ചിരുന്ന നാട്ടിലേക്ക് പോവാൻ ഞാൻ തീരുമാനിക്കുകയായിരുന്നു..

ആ യാത്ര ജനവാസം കുറഞ്ഞ ഒരു ഗ്രാമത്തിലെ ചെറിയൊരു കൂരയിലാണ് എത്തിപ്പെട്ടത്..

ആദ്യമായി രാഘവേട്ടൻ ഈ നാട്ടിലേക്ക് വന്നപ്പോൾ ആ കുട്ടിയും കൂടെയുണ്ടായിരുന്നുവെന്നല്ലാതെ മറ്റൊന്നും ആ നാട്ടുകാർക്കുമറിയില്ലായിരുന്നു..

എന്നാൽ രാഘവനെ ആ നാട്ടിലേക്ക് കൊണ്ടു വന്നത് രാമൻ എന്നയാളാണെന്നും അയാൾക്ക് രാഘവനുമായി അടുത്ത ബന്ധമാണുണ്ടായിരുന്നതെന്നും ഞാൻ മനസ്സിലാക്കി..

വാർദ്ധക്യ സഹജമായ അസുഖങ്ങൾ കാരണം വീട്ടിൽ വിശ്രമിക്കുകയായിരുന്ന രാമൻ ചേട്ടനുമായി ഒരല്പം സംസാരിച്ചപ്പോൾ അയാൾ എന്നിൽ നിന്ന് എന്തൊക്കെയോ മറച്ച് വെക്കുന്നതായി ഞാൻ മനസ്സിലാക്കി..

ഞങ്ങൾ സംസാരിക്കുമ്പോളത്രയും കതകിന്റെ മറവിലൂടെ പാളി നോക്കി കൊണ്ടിരുന്ന അയാളുടെ ഭാര്യയുടെ കണ്ണുകൾ എന്തൊക്കെയോ എന്നോട് പറയുന്നതായി എനിക്ക് തോന്നി..

പുറത്തേയ്ക്കിറങ്ങിയപ്പോൾ എന്റെ പിന്നാലെ വന്ന ആ സ്ത്രീയുടെ കൈയ്യിൽ ഒരു അഞ്ഞൂറിന്റെ നോട്ട് വെച്ച് കൊടുത്ത് ഞാൻ കാര്യം തിരക്കി..

ആ സ്ത്രീ പറയാൻ തുടങ്ങി “സാറേ..നന്ദന ശരിക്കും രാഘവേട്ടന്റെ മോൾ തന്നെയാണ്..പ്രസവത്തിൽ ഓളെ അമ്മ സുമതി മരിച്ചു പോയതാണ്..”

“അപ്പോൾ രാഘവേട്ടൻ കൊണ്ട് വന്ന കുഞ്ഞ്..?” ഒരല്പം സംശയത്തോടെയാണ് ഞാൻ അത് ചോദിച്ചത്..

“ആ..അതൊരു ആൺകുഞ്ഞായിരുന്നു സാറേ എനിക്ക് നല്ല ഓർമ്മയുണ്ട്..അതിനെ ഇതിയാനും രാഘവേട്ടനും കൂടി വിറ്റു കളഞ്ഞതാണ് സാറെ..നല്ല കാശും വാങ്ങിയിട്ടുണ്ട്..” ഒരു ഞെട്ടലോടെയാണ് അത് ഞാൻ കേട്ടത്..

“ആർക്കാണ് വിറ്റതെന്ന് ചേച്ചിക്കറിയാമോ..? “

“മെമ്പർ ബാബുവിനാണ് കുഞ്ഞിനെ കൊടുത്തതെന്നറിയാം സാറെ..പക്ഷെ കുട്ടികളില്ലാത്ത വേറെയാർക്കോ വേണ്ടിയാണെന്നാണ് അയാൾ പറഞ്ഞത്..ഇതൊന്നും ഞാൻ പറഞ്ഞതാണെന്ന് ആരോടും പറയല്ലേ സാറെ..”

മെമ്പർ ബാബുവായിരുന്നു എന്റെ അടുത്ത ലക്ഷ്യം..ആദ്യം അയാൾ കൈയ്യൊഴിഞ്ഞെങ്കിലും എന്റെ ഭീക്ഷണിയിൽ അയാൾ കുരുങ്ങി..

കുട്ടികളില്ലാത്ത യൂറോപ്പിലെവിടെയോ ബിസിനസ്സ് ഒക്കെയുള്ള പൂത്ത കാശുള്ള തോമസ് എന്നൊരാൾക്ക് ഒരു കുഞ്ഞിനെ വേണമെന്നും എന്നാൽ ദത്തെടുത്തതാണെന്ന് രേഖകളിൽ വരാത്ത തരത്തിൽ സംഘടിപ്പിച്ചു നൽകിയാൽ നല്ല പണം ലഭിക്കുമെന്നൊക്കെ പരിചയത്തിലുള്ള ആരോ ബാബുവിനോട് പറഞ്ഞിട്ടുണ്ടായിരുന്നു..

ആ സമയത്താണ് രാഘവന്റെ കൈയ്യിലുള്ള കുഞ്ഞിനെക്കുറിച്ച് രാമൻ ചേട്ടൻ അയാളോട് പറയുന്നത്..പിന്നീട് ഇരു ചെവിയറിയാതെ അവർ ആ കുഞ്ഞിനെ തോമസ് എന്നയാൾക്ക് വിൽക്കുകയുമായിരുന്നു..

ബാബുവിന്റെ കൂടെ പോയി ഞാൻ അക്കാര്യങ്ങൾ സത്യമാണെന്ന് സ്ഥിതീകരിച്ചു..അന്നത്തെ ആ കുഞ്ഞ് വളർന്ന് സുമുഖനായ ഒരു ചെറുപ്പക്കാരനായത് ഞാൻ നേരിട്ട് കണ്ട് മനസ്സിലാക്കി..

പക്ഷെ മറ്റൊരു സംശയം അപ്പോഴും എന്നെ അലട്ടിയിരുന്നു..അതൊരു ആൺകുഞ്ഞായിരുന്നുവെന്നത് ആ നേഴ്സിന് അറിയാതിരിക്കുമോ..?

അന്വേഷിച്ചപ്പോൾ അവർക്ക് ശരിക്കും അക്കാര്യം ഓർമ്മയില്ല എന്നുള്ളത് വ്യക്തമായതോടെ ആ സംശയത്തിനും ഉത്തരമായി..

എങ്ങനെയാണ് ഇക്കാര്യങ്ങളൊക്കെ സലീമിക്കയെ അറിയിക്കുക എന്നുള്ളതിനെ കുറിച്ച് ഞാൻ ഒരുപ്പാട് ചിന്തിച്ചു..

നന്ദന കുട്ടിയെ അവർ സ്വന്തം മകളായി സ്വീകരിച്ചു കഴിഞ്ഞതാണ്..ആരോരുമില്ലാത്ത ആ പെൺകുട്ടിയ്ക്ക് ലഭിച്ച സന്തോഷകരമായ ജീവിതം ഞാനായിട്ട് നശിപ്പിക്കേണ്ടി വരില്ലേ..?  

സന്തോഷകരമായി ജീവിക്കുന്ന ആ ചെറുപ്പക്കാരന്റെയും സ്വന്തം മകനെപ്പോലെ വളർത്തുന്ന ആ മാതാപിതാക്കളുടെയും ജീവിതം ഞാനായിട്ട് ഇല്ലാതാക്കേണ്ടി വരില്ലേ..?

ഉത്തരമില്ലാത്ത ചോദ്യങ്ങൾ മാത്രമായിരുന്നു  എന്റെ മുമ്പിൽ അപ്പോൾ ഉണ്ടായിരുന്നത്…

ഞാൻ അറിഞ്ഞ കാര്യങ്ങൾ ആരുമറിയാതെയിരുന്നാൽ ഒരു പക്ഷെ പലരുടെയും സന്തോഷങ്ങൾ ഇല്ലാതാക്കേണ്ടി വരില്ലെന്ന തോന്നൽ എന്നെ ഒരു മൗനിയാക്കി മാറ്റി..

അപ്പോഴും സലീമിക്കയുടെ കുടുംബത്തോട് ഞാൻ ചെയ്യുന്നത് ശരിയാണോ എന്ന കാര്യത്തിൽ എനിക്ക് മനഃപ്രയാസമുണ്ടായിരുന്നു..

അപ്പോൾ ഞാൻ പറഞ്ഞു വന്നത് കാറിൽ നിന്നിറങ്ങിയ കല്ല്യാണപയ്യനെ കണ്ട് എന്തിനാണ് അത്ഭുതപെട്ടതെന്നല്ലേ..?

അതെ അത് അവനായിരുന്നു, സലീമിക്കയുടെയും രാധിക ചേച്ചിയുടെയും രക്തത്തിൽ പിറന്ന അവർക്കു പോലും അറിയാത്ത ആ മകൻ..

മരുമകന്റെ വേഷത്തിൽ വന്നിരിക്കുന്നത് സ്വന്തം മകനാണെന്ന് പോലും അറിയാതെ സ്വീകരിക്കുന്ന ആ മാതാപിതാക്കളെയും സ്വന്തം അച്ഛനുമമ്മയുമാണ് തന്നെ സ്വീകരിക്കുന്നതെന്നറിയാതെ അവരുടെ സ്നേഹം ഏറ്റു വാങ്ങുന്ന ആ മകനെയും കണ്ടപ്പോൾ ആ മുഹൂർത്തത്തിന് സാക്ഷിയായപ്പോൾ ആ നിമിഷം ഈ ലോകത്ത് ഏറ്റവുമധികം സന്തോഷിക്കുന്ന വ്യക്തി  ഞാനായിരിക്കുമെന്ന് എനിക്ക്  ഉറപ്പായിരുന്നു….

—————————

ചില കാര്യങ്ങൾ അങ്ങനെയൊക്കെയാണ് ഒന്നും ചെയ്യാൻ നമുക്ക് സാധിക്കില്ലെന്ന് നാം ഉറപ്പിക്കുമ്പോളൊക്കെയും ദൈവം അതിനൊരു മാർഗ്ഗം കണ്ടെത്തിയിട്ടുണ്ടാവും…

പരസ്പരം തിരിച്ചറിയുന്നില്ലെങ്കിലും ഒരേ കുടുംബമായി ഒരുമിച്ച് സന്തോഷത്തോടെ അവർ ജീവിക്കട്ടെ..

ഞാൻ അറിഞ്ഞ സത്യങ്ങൾ രഹസ്യങ്ങളുടെ സങ്കേതമായ എന്റെ ഹൃദയത്തിന്റെ അകത്തറയിൽ എന്നെന്നും ഒളിഞ്ഞിരിക്കട്ടെ..

~Saheer Sha