Story written by Shincy Steny Varanath
=============
ഒരാഴ്ചയായി, പനി കാരണം വീട്ടിൽ കൂടിയതാണ് പ്രദീപ്. പനി അത്ര കാര്യമായിട്ടില്ലെങ്കിലും കൊറോണ പേടി കാരണം ഓഫീസിന്ന് നീണ്ട ലീവ് അനുവദിച്ചിട്ടുണ്ട്…
നേരത്തെയൊക്കെ ഒരത്യവശ്യ കാര്യത്തിന് ലീവ് കിട്ടണമെങ്കിൽ കാലു പിടിച്ചാലും കിട്ടില്ലായിരുന്നു. വിവാഹ വാർഷികത്തിന് ഒരു ലീവ് ചോദിച്ചതിന് ഓഫീസിന്നും, ലീവ് കിട്ടാത്തതിന് ഭാര്യടെ വായീന്നും കേട്ട ഭരണി പാട്ടിനൊക്കെ എന്ത് തീവ്രതയായിരുന്നു….
അങ്ങനെ, പനിടെ ആലസ്യത്തിലിരിക്കുമ്പോഴാണ് FB തുറന്നത്. കുറേ തോണ്ടി തോണ്ടി മടുത്തപ്പോഴാണ് ആരാണ്ടൊ എഴുതിയ കഥയിൽ കണ്ണുടക്കിയത്…
ഹോ…ഭയങ്കരം…എന്നാ പ്രേമമാന്നെ എഴുതിപ്പിടിപ്പിച്ചേക്കുന്നത്…പിന്നെ ഒരു കഥയിൽ നിന്ന് മറ്റൊന്നിലേയ്ക്ക് ഒരു പാച്ചിലായിരുന്നു…കുറേ വായിച്ച് കഴിഞ്ഞപ്പോൾ ഒരു കാര്യം പിടികിട്ടി…കഥയിലെ പെണ്ണുങ്ങൾക്കെല്ലാം വെളുത്ത നിറം…എല്ലാത്തിനും മേൽ ചുണ്ടിന് മുകളിലോ കീഴ് ചുണ്ടിൻ്റ അടിയിലൊ മറുകുണ്ട്… ഏത്??? കാക്കപ്പുള്ളി…
കുറച്ചൂടെ തീവ്രതയുള്ള കഥകളിൽ ഇടനെഞ്ചിലൊ ചെവിക്കു പുറകിലോ ഉറപ്പായും കാണും…പിന്നെ താടിയേലൊരു ചുഴി നിർബന്ധമാണ്. ഇടതൂർന്ന തലമുടി…കുറുനിരകൾ…നുണക്കുഴി…എന്നാ നല്ല മൂക്ക്…കണ്ണ്…തൊണ്ടിപ്പഴം പോലുള്ള ചുണ്ടുകൾ…സുന്ദരമായ കൈകളും കാൽപാദങ്ങളും…ഒന്നും പറയണ്ട…ഇതൊക്കെ ഉള്ളത് തന്നാണാവോ…
ഉച്ചയ്ക്ക് പ്രദീപ് കിടന്ന സമയത്ത് ഭാര്യയും ഉച്ചമയക്കത്തിന് വന്നുകിടന്നു…കഥയൊക്കെ ഓർത്തു കിടന്ന പ്രദീപ് സുലുവിൻ്റെ മുഖത്തേയ്ക്കൊന്ന് സുക്ഷിച്ച് നോക്കി…മുഖക്കുരു വന്നതിൻ്റെ കുറേ അച്ചും പുള്ളിയുമല്ലാതെ ഇവളുടെ മേൽ ചുണ്ടിലും കീഴ് ചുണ്ടിലുമൊന്നും ഒരു കാക്ക പുള്ളിയുമില്ല…താടിക്ക് ചുഴി ??? ഏയ്…പണ്ട് എവിടെയൊ തട്ടി വീണ് മുറിഞ്ഞ് തുന്നലിട്ടതിൻ്റെ തടിച്ചുരുണ്ട ഒരു പാടുണ്ട്…നുണക്കുഴി ഒന്നുമില്ല…ഉണ്ടെങ്കിൽ തന്നെ ഇവള് നുണ പറഞ്ഞ് പറഞ്ഞ് അത് നികന്നു കാണും…ചുണ്ട്…ഇവള് ഞാൻ കാണാതെ ബീ ഡി വലിക്കുന്നുണ്ടോ വാ…അതോ തൊണ്ടിപ്പഴം ഇപ്പോൾ കറുത്താണൊ ഉണ്ടാകുന്നത്??? പുതിയ ഇനം…
പതിയെ നിരങ്ങി നീങ്ങി അടുത്തേയ്ക്കെത്തി ചെവി പുറകിൽ ഒന്ന് എത്തി നോക്കി…ഹോ…ഈ കമ്മലൊക്കെ വല്ലപ്പോഴുമൊക്കെ കഴുകി കൂടെ ഇതിന്…ഏതായാലും പനി കൊറോണയല്ലെന്ന് ഒരു പരിശോദനയുമില്ലാതെ തെളിഞ്ഞു…മൂക്കിൻ്റെ മണം പിടിക്കാനുള്ള കഴിവ് പോയിട്ടില്ല…
രണ്ടും കൽപ്പിച്ച് തിരിഞ്ഞ് കിടന്നുറങ്ങുന്നവളുടെ ചെവിയുടെ പുറകിലൊരുമ്മവെച്ച്, വളരെ കാതരമായി മൊഴിഞ്ഞു…I Love u baby…
പിന്നെ പത്ത് മിനിട്ട് കഴിഞ്ഞാണ് സ്ഥലകാലബോധം വന്നത്…എന്നാ ഒരു തട്ടാണ് തട്ടിയത്…ഇതുപോലൊന്ന് ഓർമ്മയിൽ വേറെവിടെയോ ഒന്ന് കിടപ്പുണ്ട്…ആ ഓർക്കുന്നുണ്ട്…ഓർമ്മ വരുന്നുണ്ട്…
പണ്ട് പശുവിന് കാടി കൊടുക്കാൻ പോയപ്പോൾ അടുത്തു നിന്ന മൂരികിടാവിൻ്റെ കാലിൻ്റെ ഒരു കിക്ക്…ഇതും അതും ഏതാണ്ടൊരു പോലെ…ഒന്നിനോടൊന്ന് സാദൃശ്യം തോന്നുകിൽ ഉപമയോ ഉൽപ്രേക്ഷയോ അങ്ങനെയെന്തോ പറയില്ലേ…ഈ കിക്കിൽ ഓർമ്മകൾ പത്താം ക്ലാസിലെ മലയാളം ക്ലാസിൽ വരെയെത്തി…
അമ്മുവും അനുവും അപ്പുവുമൊക്കെയെഴുതിയ കഥകളിലൊക്കെ ചെവിയുടെ പുറകിലെ ഉമ്മയെക്കെ കിട്ടുമ്പോൾ തരളിതയായ ഭാര്യയാണുള്ളത്…ഇത് ഉറഞ്ഞു തുള്ളുവാണല്ലോ ചെയ്തത്…
പ്രദീപേട്ടാ…പ്രദീപേട്ട…
മുഖവും പൊത്തി അനക്കമില്ലാതെ കിടക്കുന്ന പ്രദീപിനെ സുലു തട്ടി വിളിക്കുന്നുണ്ട്…
ഈശ്വരാ…പനി പിടിച്ച് പിച്ചും പേയും പറഞ്ഞതാണോ വാ (പേ നിൻ്റെ ***** പ്രദീപൻ്റ ആത്മാവ്)
ദേവീ… പ്രദീപേട്ടൊനൊന്നും വരുത്തല്ലേ… ( വരൂല്ല…വയസ്സാംകാലത്ത് പോയ പല്ലൊന്നും വരൂല്ല…ആത്മാവിൻ്റെ നിലവിളി )
പ്രദീപേട്ടാ…
ഉം…
എന്നാ പറ്റിയെ?
ഉം ഉം…
വാ തൊറന്ന് പറ മനുഷ്യാ…
(ഒന്ന് തുറന്നകൊണ്ട് ഈ ഗതി…ആത്മാവിൻ്റെ നിലവിളി )
നിങ്ങളെന്തിനാ എന്നെ ഇക്കിളിയാക്കിയെ…ഞാൻ എന്തൊ ചെവിയേ കേറിയെന്നോർത്ത് തട്ടിയതല്ലേ?
(പാമ്പ് കേറിയാ പോലും ഇതുപോലൊന്നും ചെയ്യരുത്…അതുമൊരു ജീവിയല്ലേ…അതിനും നോവില്ലെ…ശത്രുക്കാർക്ക് പോലും ഈ ഗതി വരല്ലേ…പ്രദീപിൻ്റെ ആത്മാവിന് സങ്കടം തീരുന്നില്ല.)
അത്…ഞാൻ…കഥകളിലൊക്കെ ഭാര്യടെ ചെവിയിലൊക്കെ ചുംബിച്ച് സ്നേഹം പ്രകടിപ്പിക്കുന്നതൊക്കെ വായിച്ചപ്പോൾ…ഒരു രസത്തിന്…നിന്നെ സ്നേഹിക്കാൻ വേണ്ടി…
മിണ്ടാണ്ടിരുന്നോണം…മൂന്ന് ദിവസമായി ഞാനൊന്ന് മര്യാദയ്ക്കുറങ്ങീട്ട്…പനിച്ച് തുള്ളി കിടന്നപ്പോൾ…വെള്ളവും മരുന്നും കൃത്യമായി എടുത്ത് തന്നും…എഴുന്നേൽപിച്ചിരുത്തി ഭക്ഷണം തന്നും…പനി കൂടുന്നുണ്ടോന്ന് ഇടയ്ക്കിടെ നോക്കിയും മനുഷ്യൻ്റെ ഊപ്പാട് തെറ്റി…എങ്ങനേലും പനി കുറഞ്ഞ് നിങ്ങളൊന്ന് എഴുന്നേറ്റ് നടക്കാൻ പ്രാർത്ഥിച്ചോണ്ടിരിക്കുവായിരുന്നു…തലപൊക്കാറായപ്പോൾ മുതൽ ഫോണും തോണ്ടി എല്ലാ കഥയും വായിച്ച് ശേഹിക്കാൻ വന്നേക്കുന്നു…അടങ്ങി കിടന്നോ…
നീയൊട്ടും റൊമാൻ്റിക്കല്ല…
അല്ല…നമ്മുടെ കല്യാണം കഴിഞ്ഞിടയ്ക്കെ, നമ്മള് ടൗണിൽ പോയപ്പോൾ ഞാനാ കൈയോലൊന്ന് പിടിച്ചതിന് നിങ്ങളെന്താ പറഞ്ഞത്…വിടെ ടീ…വിട്…എൻ്റെ കൈയേന്ന് വിട്…ഈ നാട്ടിലുള്ളവരൊക്കെ എൻ്റെ പരിചയക്കാരാന്ന്…എല്ലാരും കളിയാക്കുമെന്ന്…ഇപ്പോൾ വലിയ റൊമാൻ്റിക് ഹീറോ വന്നേക്കുന്നു…പോയെ…പോയേ..ഞാനൊന്ന് പോയ ഉറക്കമൊക്കെ നികത്തട്ട്…എന്നിട്ടാലോചിക്കാം…ഫോൺ മാറ്റിവെച്ച് കിടക്കാൻ നോക്ക്…
കോ പ്പ്…ഉമ്മ കിട്ടുമ്പോൾ ഈ പെണ്ണുങ്ങൾ വെട്ടി വിറയ്ക്കുന്നും ഇടുപ്പിൽ കൈ ചേർത്ത് പിടിക്കുമ്പോൾ വിനീതവിധേയയാകുമെന്നും ചുണ്ടിലുമ്മവെക്കുമ്പോൾ ഇരുമ്പ് ചുവയ്ക്കുമെന്നുമൊക്കെ മനുഷ്യനെ കൊതിപ്പിക്കാൻ എന്തൊക്കെയാ എഴുതിപിടിപ്പിക്കുന്നത്.
I need you…I want you…എന്നു കൂടെ കഥയിലുള്ളതായിരുന്നു…ലാസ്റ്റത്തെ I Love u…പറഞ്ഞപ്പോൾ തന്നെ ഒരു പല്ലിൻ്റ കാര്യം തീരുമാനമായി…
കഥയല്ലിത് ജീവിതം…(സുലു )
ഇവളെനിക്കിട്ടിനിയും താങ്ങുവാണല്ലോ…
യോഗമില്ല അമ്മിണി..(വിട്ടുകൊടുക്കാൻ പറ്റില്ലല്ലോ…
ഓരോന്നിനും ഒരു സമയമുണ്ട് ദാസാ…
(ഇവള് വീണ്ടും ട്രോളുവാണല്ലോ… )
മൗനം വിദ്വാന് ഭൂഷണം… (മനസ്സ് മനസ്സിൻ്റെ കാതിൽ മന്ത്രിച്ചതാണ്)
മൗനം വിഡ്ഢിക്ക് ആഭരണം…
മനസ്സ് വായിക്കാൻ മാത്രം സുലു പുരോഗമിച്ച് കഴിഞ്ഞു…ഇനി രക്ഷയില്ല…