സംഭാഷണം കേട്ട് ഉമ്മറത്തേക്കു ചെല്ലുമ്പോൾ ബ്രോക്കർ മഹേഷേട്ടനാണ്. ഊഹം തെറ്റിയില്ല. കല്യാണാലോചന തന്നെ…

Story written by Soumya Dileep

===========

“മിണ്ടാൻ പറ്റാത്ത ആളെന്നൊക്കെ പറയുമ്പൊ…അതു വേണ്ട മഹേഷേ. നീ വേറേതെങ്കിലും നോക്ക്. സ്വത്തും പണവും ഇത്തിരി കുറഞ്ഞാലും സാരമില്ല “

“ഇതു പോലൊരു ബന്ധം ഇനി ഒത്തു കിട്ടില്ല.”

“എന്നാലും, എന്റെ കുട്ടി അയാൾടെ കൂടെ എങ്ങനെയാ?”

സംഭാഷണം കേട്ട് ഉമ്മറത്തേക്കു ചെല്ലുമ്പോൾ ബ്രോക്കർ മഹേഷേട്ടനാണ്. ഊഹം തെറ്റിയില്ല. കല്യാണാലോചന തന്നെ.

“മിണ്ടാത്തതോ, തളർന്നു കിടക്കുന്നതോ ആരായാലും വേണ്ടില്ല മഹേഷേട്ടാ. പെട്ടന്ന് കല്യാണം നടത്തി ഈ ബാധ്യത ഒന്നൊഴിവാക്കണം. അവരോടു പറഞ്ഞോളൂ എനിക്ക് സമ്മതാണെന്ന് “

ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞൊപ്പിച്ച് തിരികെ മുറിയിലേക്കു നടക്കുമ്പോൾ അമ്മയുടെ മുഖത്തേക്ക് ഒളികണ്ണിട്ട് നോക്കാൻ മറന്നില്ല ഞാൻ.

കേട്ട പാതി മഹേഷേട്ടൻ ബൈക്കുമെടുത്ത് പായുന്ന ഒച്ച കേട്ടു . പിന്നാലെ അമ്മയുടെ സംസാരവും.

”ഞാൻ എന്റെ ആധി കൊണ്ട് വല്ലതും പറഞ്ഞു ന്ന് വച്ച് പെൺകുട്ട്യോൾക്ക് ഇത്രേം അഹങ്കാരം പാടുണ്ടോ? ഇനി യാ മഹേഷ് ആളേം കൊണ്ട് വരുമ്പൊ ഞാനെന്ത് പറയുമെന്റ ഭഗവതീ “

”വെറുതെ ഭഗവതിയെ ബുദ്ധിമുട്ടിക്കണ്ട. എനിക്ക് സമ്മതം തന്ന്യാണ്.”

ഈറനണിഞ്ഞ കണ്ണുകൾ മറച്ചു പിടിച്ച് അത്രയും പറയുമ്പോൾ, മനസിൽ 5 വർഷത്തെ വസന്തം സമ്മാനിച്ച് പടിയിറങ്ങി പോയവന്റെ മുഖമായിരുന്നു.

ഡിഗ്രി ഒന്നാം വര്‍ഷം തുടങ്ങിയ പ്രണയം അഞ്ച് വർഷങ്ങൾ പിന്നിട്ടപ്പോഴും അതെന്റെ മാത്രം പ്രണയമായിരുന്നെന്ന് എനിക്ക് മനസിലായതേയില്ല.

ഡിഗ്രി കഴിഞ്ഞ് അവനെ കാണാൻ വേണ്ടി മാത്രമാണ് ഞാൻ PGക്ക് ചേർന്നത്.  കൂലിപ്പണിക്കു പോയിരുന്ന അമ്മയുടെ കൊക്കിലൊതുങ്ങാത്തതു  കൊണ്ട് ട്യൂഷനെടുത്തായിരുന്നു ഞാൻ പഠന ചെലവിന് പണം കണ്ടെത്തിയത്.

കോടീശ്വരനായ അവൻ higher studies നു വേണ്ടി വിദേശത്തേക്കു പറന്നപ്പോൾ നാട്ടിലുപേക്ഷിച്ച നേരംപോക്കുകളിലൊന്നായി ഞാനും.

എല്ലാം കഴിഞ്ഞിപ്പോൾ ഒരു വർഷമായി. ഇതുവരെ ഒന്നും മറക്കാൻ കഴിയാത്തതു കൊണ്ട്, കല്യാണ കാര്യം പറയുമ്പോഴൊക്കെ ഒഴിഞ്ഞുമാറി. പക്ഷേ ഒരാഴ്ചയായി അമ്മ വാശിയിലാണ്. ഇനിയും പിണക്കം നീട്ടികൊണ്ടു പോകാൻ പറ്റില്ല. എന്നെ കുറിച്ച് ഓർത്ത് ആധിപിടിച്ചുരുകുന്ന അമ്മക്ക് വേണ്ടിയെങ്കിലും വിവാഹത്തിനൊരുങ്ങിയേ പറ്റൂ.

*************

2 ദിവസം കഴിഞ്ഞതും പെണ്ണുകാണാൻ ആളുകളെത്തി. അധികമാരും ഇല്ല. അച്ഛനും അമ്മയും ചെറുക്കനും ബ്രോക്കറും മാത്രം. അധികം ചമയങ്ങളൊന്നും ഇല്ലാതെയാണ് ഞാൻ നിന്നത്. ആകാശനീല കളറിൽ അരികിൽ ചുവന്ന ബോർഡറുള്ള സാരിയായിരുന്നു വേഷം.

ചായ കൊടുത്ത ശേഷം ഞങ്ങൾക്കു മാത്രമായി സംസാരിക്കാൻ കുറച്ചു സമയം കിട്ടി. റൂമിലേക്കു കയറിയ എന്റെ പുറകെ ആളും വന്നു.

തുറന്നിട്ട ജനാലയിലൂടെ പുറത്തേക്ക് നോക്കി നിന്നതല്ലാതെ ഞാൻ ഒന്നും ചോദിച്ചില്ല. എന്റെ മൗനം കണ്ടിട്ടാകണം റൂമിൽ അടുക്കി വച്ചിരുന്ന പുസ്തകങ്ങളെടുത്ത് നോക്കിയത്.

പുസ്തകത്തിൽ എന്തോ എഴുതി എനിക്കു നേരെ നീട്ടി ആൾ നടന്നകന്നു. പോയ ശേഷമാണ് എന്താണ് എഴുതിയിരിക്കുന്നത് എന്നു ഞാൻ നോക്കിയത്.

“ഇഷ്ടമാണെങ്കിൽ മാത്രം വിളിക്കൂ” ഇങ്ങനെ ഒരു വരിയും ഒരു ഫോൺ നമ്പരും.

അതിലേക്കു തന്നെ നോക്കി എത്ര നേരം നിന്നെന്നറിയില്ല. അമ്മ വന്ന് വിളിച്ചപ്പോഴണ് ഞാൻ ബോധത്തിലേക്ക് തിരിച്ചുവന്നത്.

“അവര് അറിയിക്കാമെന്ന് പറഞ്ഞ് പോയി “

മറുപടി ഒരു മൂളലിലൊതുക്കി ഞാൻ നിന്നു.

*****************

കുറേ നാളത്തേക്ക് വേറെ ആലോചനകളൊന്നും വന്നില്ല. ഇതിനിടക്ക് എനിക്ക് സ്കൂൾ ടീച്ചറായി ജോലി കിട്ടി. വീട്ടിൽ നിന്നും കുറച്ചകലെയാണ് എങ്കിലും വന്ന് പോകാം.

അമ്പലത്തിൽ പോയി പ്രാർത്ഥിച്ചിട്ടാണ് ആദ്യമായി ജോലിക്ക് പോയത്. സ്കൂളിലെത്തി എല്ലാ ടീച്ചർമാരേയും പരിചയപ്പെട്ട് വന്നപ്പോഴേക്കും ക്ലാസ് തുടങ്ങാനുള്ള മണിയടിച്ചിരുന്നു. ആദ്യത്തെ ക്ലാസ് ആയതു കൊണ്ട് HM കൂടെ വന്നിരുന്നു.  കുട്ടികളെയൊക്കെ പരിചയപ്പെട്ട് വരുമ്പോഴേക്കും അടുത്ത പിരീഡിനുള്ള ബെൽ അടിച്ചു.

ക്ലാസിൽ നിന്നിറങ്ങി നടക്കുമ്പോഴാണ് സ്റ്റാഫ് റൂമിന് നേരെ വരുന്ന ആളെ ശ്രദ്ധിച്ചത്. പുഞ്ചിരിച്ചു കൊണ്ടാ മുഖത്തു നോക്കിയതും ആ കണ്ണുകൾ തിളങ്ങുന്ന കണ്ടു. പുഞ്ചിരിയോടെ അടുത്തുവന്ന് കൈയിലെ പേപ്പറിൽ എഴുതി കാണിച്ചു “പുതിയ ടീച്ചറാണോ?”

“അതെ, ഇന്നാണ് ജോയിൻ ചെയ്തത് “

അനീ എന്നൊരു വിളി കേട്ട് പിന്നെ വരാം എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ച് ആൾ ഓടി പോയി. ഞാൻ സ്റ്റാഫ് റൂമിലേക്കും.

അന്നു വൈകിട്ട് വീട്ടിലെത്തിയതും, അന്നെഴുതി തന്ന ഫോൺ നമ്പർ എടുത്ത് ഫോണിൽ അനി എന്ന പേരിൽ save ചെയ്തു.

പിറ്റേന്ന് സ്കൂളിൽ എത്തിയപ്പോഴേ കണ്ടു, ഓഫിസ് റൂമിനു മുൻപിൽ കുട്ടികളെ നോക്കി നിൽക്കുന്ന ആളെ. എന്നെ കണ്ടപ്പോൾ അടുത്തുവന്നു. കൈയിൽ പേപ്പറും പേനയും ഉണ്ടായിരുന്നു.

” ടീച്ചറുടെ പേരെന്താ? ” എന്നെഴുതി ചോദിച്ചു.

അതിനു താഴെ ഞാൻ എഴുതി വച്ചു “ആവണി”

ചൂണ്ടുവിരലും തള്ളവിരലും കൂട്ടിപ്പിടിച്ച്, 3 വിരൽ ഉയർത്തി നല്ല പേര് എന്ന അർത്ഥത്തിൽ ആളൊന്നു ചിരിച്ചു.

പിന്നീടങ്ങോട്ട് എന്നും രാവിലെയുള്ള കൂടിക്കാഴ്ചയും സംസാരവും പതിവായി. ക്ലാസെടുക്കുമ്പോൾ വരാന്തയിലൂടെ ചിലപ്പോൾ നടന്നു പോകുന്നതു കാണാം. ഞാൻ കണ്ടെന്നുറപ്പായാൽ ഒരു ചിരി ഉറപ്പാണ്.

*************

അന്നു സ്കൂൾ വിട്ട് വീട്ടിൽ ചെല്ലുമ്പോൾ ആരൊക്കെയോ അതിഥികളുണ്ടായിരുന്നു. ചെന്നു കേറിയപ്പോഴാണ് അതൊരു പെണ്ണുകാണലാണെന്ന് മനസിലായത്.  അമ്മക്കു വേണ്ടി മാത്രം അവരുടെ മുൻപിൽ നിന്നു കൊടുത്തു. അറിയിക്കാം എന്നു പറഞ്ഞവർ പോയി.

രാത്രി ഏറെയായിട്ടും ഉറക്കം വന്നില്ല. കണ്ണടക്കുമ്പോഴെല്ലാം മുന്നിൽ തെളിയുന്നത് പുഞ്ചിരിക്കുന്ന ആ മുഖമാണ്. പതുക്കെ ഫോണെടുത്ത് വിളിച്ചു. ഫോൺ കണക്ടായി.

“ഹ…..ഹലോ ഞാൻ….ആവണിയാണ്. അനി…..അനിയേട്ടൻ അല്ലേ “

വിറയലോടെ അത്രയും പറഞ്ഞൊപ്പിച്ചതും അപ്പുറത്ത് നിന്നൊരു മണിയൊച്ച കേട്ടു. ഫോൺ പെട്ടന്ന് ഡിസ്കണക്ടായി.

പിറ്റേന്ന് പതിവുപോലെ സ്കൂളിലേക്ക് പുറപ്പെട്ടു. മനസ് അസ്വസ്ഥമായിരുന്നു. വിചാരിച്ച പോലെ എന്നെയും കാത്ത് നിൽക്കുന്നുണ്ടായിരുന്നു ആൾ. പുഞ്ചിരിയോടെ ആ മുഖത്ത് നോക്കിയപ്പോൾ അവിടെ തിരിച്ചറിയാൻ പറ്റാത്ത ഏതോ ഭാവമായിരുന്നു.

നിറഞ്ഞ കണ്ണുകൾ താഴ്ത്തി, ഒരു കുറ്റവാളിയെ പോലെ നടക്കാൻ തുനിഞ്ഞ എന്റെ കൈയിലേക്ക് ഒരു കടലാസ് തുണ്ട് വച്ചു തന്ന് ആൾ നടന്നകന്നു.

നിവർത്തി നോക്കിയ ആ കടലാസുകഷണത്തിൽ ചുവന്ന മഷിയിൽ  എന്റെ വേണിക്ക് എന്നെഴുതിയതിനു താഴെ ഒരു ആലിലത്താലിയുടെ ചിത്രമായിരുന്നു.

പതിയെ മിഴികളുയർത്തി നോക്കുമ്പോൾ, ഒരു ജന്മത്തിലേക്കുള്ള മുഴുവൻ പ്രണയവും കണ്ണിലൊളിപ്പിച്ച് എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു എന്റെ ഊമചെക്കൻ. പരിസരം നോക്കാതെ ഓടിച്ചെന്നാ നെഞ്ചിൽ ചേരുമ്പോൾ എന്റെ കണ്ണിലുമുണ്ടായിരുന്നു കടലോളം പ്രണയം….

സ്നേഹത്തോടെ, സൗമ്യ ദിലീപ്