സാരിയുടെ തുമ്പിൽ വിരൽ കോർത്തു പറയുന്നവളെ കാണെ അജയൻ ആ കൈകളിൽ അമർത്തി പിടിച്ചു…

പറയാതെ അറിയാതെ…

എഴുത്ത്: ഗീതു അല്ലു

===============

ആ കോളേജ് കവാടത്തിലേക്ക് അടുക്കുമ്പോൾ എന്തിനെന്നറിയാതെ ഹൃദയം ഉച്ചത്തിൽ മിടിക്കുന്നുണ്ടായിരുന്നു…..

അതിനെയൊന്ന് ശാന്തമാക്കാൻ വേണ്ടിയാണ് വണ്ടി ഓടിക്കുന്ന ആളിന്റെ കയ്യിലേക്ക് അമർത്തി പിടിച്ചത്…അടക്കി പിടിച്ച ചിരി കേട്ടപ്പോഴാണ് തന്റെ കാട്ടി കൂട്ടലുകളൊക്കെ കണ്ട് ആള് ചിരിയടക്കാൻ പാട് പെടുകയാണെന്ന് മനസ്സിലായത്… കൂർപ്പിച്ചൊന്നു നോക്കി കൈ മാറ്റി തിരിഞ്ഞിരുന്നു…

“ഹാ..താൻ പിണങ്ങിയോടോ…”

…..

മറുപടി ഒന്നും ഉണ്ടായില്ല….അവൻ വണ്ടി കോളേജിലെ ഒരു മരത്തണലിലേക്ക് ഒതുക്കി നിർത്തി…

” ഹേമ.. “

ആർദ്രമായുള്ള വിളി കേൾക്കെ ഉണ്ടായിരുന്ന ചെറിയ പരിഭവം പോലും അലിഞ്ഞു പോയിരുന്നു അവളുടെ….

“പിണക്കമാണോ…”

“എനിക്കാരോടും പിണക്കം ഒന്നുല്ല….”

ചുണ്ട് കൂർപ്പിച്ചു പറയുന്നവളെ കാണെ അവൻ പൊട്ടി ചിരിച്ചു പോയിരുന്നു…അവളുടെ കൂർത്ത നോട്ടം കണ്ടപ്പോഴാണ് ആ ചിരി അവൻ നിർത്തിയത്….

“സോറി…സോറി…ഞാൻ പെട്ടെന്ന് പെണ്ണ് കാണാൻ പോയ ഒരു ഇരുപത്തിരണ്ടുകാരിയെ ഓർത്തു പോയി ..”

അവന്റെ ആ വാചകം അവളിലും നാണത്തിന്റെ രാശി വിരിയിച്ചിരുന്നു…

“അല്ല ഹേമകുട്ടി…ഇനി പഴയ ആൾക്കാരെ ഒക്കെ കാണുമ്പോൾ നമ്മളെ ഒക്കെ മറക്കുവോ….”

കുറുമ്പോടെയുള്ള അവന്റെ സംസാരം കേൾക്കെ കൈ ചുരുട്ടി തോളിൽ ഒന്ന് അടിച്ചു കൊണ്ട് അവൾ ഡോർ തുറന്നു…

“വരുന്നുണ്ടേൽ വാ…ഞാൻ പോകുവാ…”

അവനും ചിരിച്ചു കൊണ്ട് അവൾക്ക് പിന്നാലെ ഇറങ്ങി…ഹേമയുടെ കോളേജിൽ ഒരു റീയൂണിയനു വേണ്ടി വന്നതാണവർ…റീയൂണിയന് ഫാമിലിയായി വരണം എന്ന് പറഞ്ഞപ്പോൾ അവനായിരുന്നു ഏറെ സന്തോഷം…

തന്റെ പ്രാണനിൽ നിന്നും കേട്ടറിഞ്ഞ ആ കോളേജും ആ കാലഘട്ടവും സുഹൃത്തുക്കളെയും ഒക്കെ അടുത്തറിയാൻ ഒരു കൊതി…പിന്നെ…പിന്നെ ഒന്ന് കൂടി…

ചുറ്റും കണ്ണുകളോടിച്ചു അവൻ അവൾക്കരുകിലേക്ക് എത്തി…അപ്പോഴേക്കും കണ്ടു സൗഹൃദങ്ങൾക്ക് നടുവിൽ പരിഭവവും വിശേഷവും ഒക്കെ പങ്കിടുന്ന ഹേമയെ…

അവൻ എത്തിയപ്പോഴേക്കും അവൾ അവനെയും എല്ലാവരെയും പരിചയപ്പെടുത്തി…ചുറ്റിനുമുള്ള എല്ലാരും പരസ്പരം പരിചയപ്പെടുകയും പരിചയപ്പെടുത്തുകയും ഒക്കെ ചെയ്യുന്നുണ്ട്….

കാലത്തിന്റെതായ മാറ്റങ്ങൾ എല്ലാവരിലുമുണ്ട്…നീണ്ട ഇരുപത്തിനാല് വർഷങ്ങൾ..ഋതുക്കൾ മാറി മറിഞ്ഞ രണ്ട് വ്യാഴവട്ടക്കാലം..വ്യക്തികളിൽ മാത്രമല്ല…ആ കോളേജിനും മാറ്റങ്ങൾ നൽകിയിരുന്നു…

ഏറെ നേരത്തെ സംസാരത്തിനു ശേഷം എല്ലാവരും പരുപാടി നടക്കുന്ന ഹാളിലേക്ക് കയറി..ആ നിമിഷവും അവന്റെ കണ്ണുകൾ ആരെയോ തിരയുകയായിരുന്നു…ഹേമയുടെ വാക്കുകളിലൂടെ മാത്രം താൻ അറിഞ്ഞ ആ കണ്ണടക്കാരനെ….

“ഇനി വന്നു കാണില്ലേ….ഹേമ പറഞ്ഞത് വച്ച് ആൾക്ക് ഇങ്ങനെയൊക്കെയുള്ള പരുപാടികൾ ഇഷ്ട്ടമല്ല…ഒരുപക്ഷെ വന്നിട്ടുണ്ടാവില്ല….”

അവനിൽ ഒരു നിരാശ പടർന്നു…എന്തുകൊണ്ടോ ആ ഹാളിൽ ഇരിക്കാൻ തോന്നിയില്ല…ഹേമയെയും കൂട്ടി പുറത്തേക്കിറങ്ങി…അപ്പോഴും ആരോ ഓർമ്മകൾ പുതുക്കുന്ന വാക്കുകൾ കേൾക്കുന്നുണ്ടായിരുന്നു….

അവൻ അവളെയും കൂട്ടി നേരെ പോയത് അവളുടെ ഇഷ്ട സ്ഥലത്തേക്കായിരുന്നു…അവൾക്കത്ഭുതമായിരുന്നു…കല്യാണം കഴിഞ്ഞ ആ ഇടയ്ക്ക് എപ്പോഴോ ആണ് തന്നെ കുറിച്ച് എല്ലാം പറഞ്ഞത്….ഇത്ര നാളുകൾക്ക് ശേഷവും എല്ലാം അദ്ദേഹത്തിന് ഓർമയുണ്ട്…ഒരുപക്ഷെ തന്നെക്കാൾ…തന്റെ എല്ലാ വാക്കുകളും അത്രമേൽ ആഴത്തിൽ അദ്ദേഹത്തിൽ പതിഞ്ഞിരുന്നുവോ…

തന്റെ മുഖത്ത് നോക്കിയിരുന്ന് എന്തോ ആലോചിക്കുന്ന ഹേമയുടെ മുഖത്തിന്‌ നേരെ അവൻ വിരലുകൾ ഒന്ന് ഞൊടിച്ചു….

“എന്തെ ….”

“ങ്ങൂഹും “

ഒന്ന് മൂളിക്കൊണ്ട് ഒന്നുകൂടി അവനോട് ചേർന്നിരുന്നു…

“ഞാൻ സത്യത്തിൽ വന്നതെന്തിനാണെന്ന് അറിയുമോ നിനക്ക് “

അവൾ എന്തെന്ന രീതിയിൽ നോക്കി…

“അയ്യാളെ ഒന്ന് കാണണം എന്ന് തോന്നി…”

അവളുടെ മിഴികളിൽ വീണ്ടും പരിഭവം…

“വെറുതെയെടോ…എന്റെ പ്രണയത്തിന്റെ ആദ്യ പ്രണയത്തെ കാണാൻ ഒരു കൊതി…വെറുതെ…”

ചുണ്ടുകളിൽ പണ്ടത്തെ ആ കുസൃതി ഇപ്പോഴും ഉണ്ടെന്ന് അവൾ ഓർത്തു…

“വന്നില്ല എന്ന് തോന്നുന്നു…”

അവളുടെ മറുപടി അവനിൽ ചിരി വിരിയിച്ചു…

“എന്തെ കാണണം എന്നുണ്ടായിരുന്നോ…”

“ഇല്ല….”

തികച്ചും ആർദ്രമായി മറുപടി…

“നമുക്ക്..പോകാം അജയേട്ടാ…”

“ഇപ്പോഴെയോ…”

അവനിൽ അത്ഭുതം നിറഞ്ഞു…

“മ്മ്..എല്ലാരേം കണ്ടില്ലേ…മതി…പോവാം..”

“ആയിക്കോട്ടെ…”

രണ്ടു പേരും എഴുന്നേറ്റപ്പോഴാണ് ഒരു പിൻവിളി…

“ലതേ…”

പിടിച്ചു കെട്ടിയപോലെ അവൾ അവിടെ നിന്ന് പോയി…അജയനും ഹേമയും ഒരുപോലാണ് തിരിഞ്ഞു നോക്കിയത്…

കണ്ണാടി ഇട്ട വെളുത്ത കൊലുന്നനെയുള്ള ഒരാൾ…അജയന്റെ കണ്ണുകൾ ഒന്ന് ചുരുങ്ങി…താൻ തിരഞ്ഞ ആളാണോ അതെന്ന അർത്ഥത്തിൽ…

“വൈശാഖൻ…”

ഹേമയിൽ നിന്നുതിർന്ന പേര് അജയന്റെ സംശയത്തെ ഉറപ്പിച്ചു…അവന്റെ ചൊടികളിൽ ഹൃദ്യമായ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു…

അവൻ നോക്കിക്കാണുകയായിരുന്നു അയ്യാളെ…ഹേമലത എന്ന തന്റെ ഹേമയുടെ ആദ്യ പ്രണയം..അവളുടെ മനസ്സിലും പുസ്തകത്താളുകളിലും മാത്രം ഒതുങ്ങി പോയൊരു പ്രണയം…അവളുടെ ആ പ്രണയത്തിനു സാക്ഷിയായത് മാനം കാണാത്ത സൂക്ഷിച്ച ഒരു മയിൽപ്പീലിത്തണ്ട് മാത്രമായിരുന്നു…

അവനും അവളെ തന്നെ നോക്കുകയായിരുന്നു…പാവാടയും ബ്ലൗസും ഇട്ട് മുടിയൊക്കെ ഇരുവശത്തും പിന്നിയിട്ട് തന്നോടൊപ്പം നടന്നവളിൽ നിന്നും ഒരുപാട് മാറ്റം വന്നിരിക്കുന്നു….സാരിയും…അഴിച്ചിട്ട മുടിയും…നെറുകയിലെ സിന്ദൂരവും ഒക്കെ അവൾക്ക് ഒരു പക്വത എത്തിയ സ്ത്രീയുടെ രൂപം തന്നെ നൽകുന്നുണ്ടായിരുന്നു…

അപ്പോഴേക്കും അയ്യാൾ അവർക്കരുകിലേക്ക് എത്തിയിരുന്നു….

“ലതേ…നീ എന്താടി എന്നെ മാത്രം കാണാതെ അങ്ങ് പോയത്… “

” ഇല്ല വൈശാഖ…കാണാഞ്ഞപ്പോ വന്നില്ല എന്ന് കരുതി.. “

സാരിയുടെ തുമ്പിൽ വിരൽ കോർത്തു പറയുന്നവളെ കാണെ അജയൻ ആ കൈകളിൽ അമർത്തി പിടിച്ചു…

“വൈശാഖ…ഇത് അജയ കൃഷ്ണൻ…എന്റെ ഹസ്ബൻഡ്…”

“ഹായ്…ഐആം വൈശാഖൻ…നിങ്ങളുടെ വിവാഹം അറിഞ്ഞിരുന്നു…എത്താൻ പറ്റിയില്ല…”

ഒരു ചെറിയ ചമ്മലോടെ വൈശാഖൻ അത് പറഞ്ഞപ്പോൾ അജയൻ ഉറക്കെ ചിരിച്ചു…

“കല്യാണം കഴിഞ്ഞിട്ട് ഏതാണ്ട് ഇരുപത്തിനാലു വർഷമായെടോ…ഇപ്പൊ ഈ ചമ്മലിന്റെ ആവശ്യം ഒന്നുല്ല…”

അജയന്റെ ആ ചിരി പതിയെ വൈശാഖനിലേക്കും വ്യാപിച്ചു…

“അല്ല വൈശാഖന്റെ ഫാമിലി എവിടെ..”

ഹേമയുടെ ചോദ്യത്തിന് അവൻ ഒന്ന് പുഞ്ചിരിച്ചു…

“അങ്ങനെ പറയത്തക്ക ആരും ഇല്ലെടി…”

“വിവാഹം…”

“വേണമെന്ന് തോന്നിയില്ല…”

അവന്റെ വാക്കുകളിൽ എന്തോ നിരാശ നിറഞ്ഞു നിൽക്കുന്നത് പോലെ തോന്നിയത് കൊണ്ട് അവർ ആ സംസാരം മുന്നോട്ട് കൊണ്ട് പോയില്ല….അവർ മറ്റു സംസാരങ്ങളിലേക്ക് തിരിഞ്ഞു…മൂന്ന് പേരും വിശേഷങ്ങൾ പറഞ്ഞു…ചിരിച്ചു…സൗഹൃദം പങ്കു വച്ചു…അതിനുമപ്പുറം മറ്റേതൊക്കെയോ വികാരങ്ങൾ അവരെ മൂന്നിനെയും അദൃശ്യമായി പൊതിയുന്നുണ്ടായിരുന്നു…

അവസാനം വാക്കുകളാൽ വിട പറയുമ്പോൾ മൂന്ന് പേരുടെയും മനസ്സിൽ മറ്റെന്തൊക്കെയോ ആയിരുന്നു…അജയന് വൈശാഖനോട് ചെറിയൊരു അസൂയ തോന്നി…സ്നേഹിക്കാൻ മാത്രം അറിയുന്ന ഹേമയുടെ ആദ്യ പ്രണയമായതിൽ…

ഹേമയും വൈശാഖനെ കുറിച്ചാണ് ചിന്തിച്ചത്…

“എന്തെ ഒരു കുടുംബത്തിനെ കുറിച്ചൊന്നും ചിന്തിച്ചിട്ടുണ്ടാവില്ല…”

മനസ്സിലാണ് ചോദിച്ചതെങ്കിലും അത് ചുണ്ടുകൾക്ക് പുറത്തേക്ക് വന്നിരുന്നു..

“നീ എന്തിനാ ഇപ്പൊ അത് ആലോചിക്കുന്നേ…”

അജയന്റെ വാക്കുകളിൽ ചെറിയ പരിഭവം നിറഞ്ഞു…ഹേമ ഞെട്ടി അവനെ നോക്കി…

“ഇനി ഒരുപക്ഷെ വല്ല തെറ്റ് ധാരണയും…” അവളുടെ മനസ്സ് കലുഷിതമായി….

“നീ ഇങ്ങനെ ഉണ്ടക്കണ്ണ് ഉരുട്ടണ്ട…എന്റെ ഭാര്യ വേറെ ഒരുത്തനെ കുറിച്ച് വ്യാകുലപ്പെടുന്നത് എനിക്ക് ഇഷ്ട്ടല്ല…”

അവന്റെ മറുപടി കേൾക്കേ അവൾ ചിരിച്ചു പോയിരുന്നു…അവൻ അവളെ ഒന്ന് കൂടി ചേർത്തു പിടിച്ചു കൊണ്ട് നടന്നു…ഒന്നിനും വിട്ട് കൊടുക്കുകയില്ല എന്ന പോലെ…

അവരുടെ പോക്ക് നോക്കിക്കൊണ്ടിരുന്ന വൈശാഖന്റെ കണ്ണുകളിലും രണ്ടു തുള്ളി ഉരുണ്ട് കൂടി…

താൻ പറയാതെ വിട്ട് കളഞ്ഞ പ്രണയമാണവൾ…വിശുദ്ധമായ സൗഹൃദത്തിൽ കളങ്കമേൽപ്പിക്കരുത് എന്ന് കരുതി താൻ വിട്ട് കളഞ്ഞവൾ…അവൾ അറിഞ്ഞിട്ടുണ്ടാവുമോ…ഇല്ല…അറിഞ്ഞിരുന്നെങ്കിൽ അജയൻ അവളിലേക്കെത്തില്ലായിരുന്നല്ലോ…

തനിക്ക് ഇത് വരെ കഴിഞ്ഞില്ലല്ലോ അവളെ അല്ലാതെ മറ്റൊരാളെ സങ്കൽപ്പിക്കാൻ…എന്തായാലും അവൾ സന്തോഷവതിയാണ്…അത് മതി…അത്ര മാത്രം മതി…അവളിലേക്കെത്താതെ എന്റെ പ്രണയത്തെ ഞാൻ ഒഴുക്കിവിട്ടുകൊള്ളാം…അയ്യാളും പിന്തിരിഞ്ഞു നോക്കാതെ നടന്നകന്നു…

ചില പ്രണയങ്ങൾ അങ്ങനെയാണ് പറയാതെ അറിയാതെ അങ്ങനെ കടന്നു പോകും…അതിനു ശേഷം മറ്റൊരാൾ കടന്നു വരികയോ വരാതിരിക്കുകയോ ചെയ്യാം…എങ്കിലും ആ പ്രണയം മൃതിയടയാതെ നില നിൽക്കും….

അവസാനിച്ചു…

~ഗീതു