ആരുമറിയില്ല, നിനക്ക് വേണ്ടതൊക്കെ ഞാൻ  തരാം…അവളൊന്ന് ഞെട്ടി…

തീരങ്ങള്‍ തേടി…

എഴുത്ത്: കർണൻ സൂര്യപുത്രൻ

===============

“ഈ പാതിരാത്രിക്ക് സാറല്ലാതെ ഇങ്ങോട്ട് വരുമോ?”

ഓട്ടോക്കാരന്റെ നിഷ്കളങ്കമായ  ചോദ്യം കേട്ടാണ് അവൻ ചിന്തകളിൽ നിന്നുണർന്നത്…

“അതെന്താ, ഇവിടെ രാത്രി പ്രേ തങ്ങൾ ഇറങ്ങാറുണ്ടോ?”

“ഏയ്…അതല്ല…ഈ സമയത്ത്  വാഹനങ്ങളൊന്നും കിട്ടില്ല…ഞാൻ ടൗണിൽ  വണ്ടി സർവീസ് ചെയ്യാൻ വന്നതായിരുന്നു…അമ്മായീടെ വീട് അവിടുണ്ട്…അങ്ങോട്ട് പോയത് കൊണ്ട് ലേറ്റ് ആയി…ഒൻപതു മണി കഴിഞ്ഞാൽ  ഈ ഭാഗത്തേക്ക് ഒരു ബൈക്ക് പോലും കിട്ടൂല..”

അയാൾ പറഞ്ഞുകൊണ്ടിരുന്നു..

“പിന്നെ പ്രേ തങ്ങളൊന്നും ഇല്ല..തെരുവ് പ ട്ടികളും കുറുക്കന്മാരും ഉണ്ടാകും..ഒറ്റയ്ക്ക് ആളെ കിട്ടിയാൽ അവറ്റകളു വിടില്ല..”

“തന്റെ പേരെന്താ..?”

“സുഗുണൻ….സാറിന്റെയോ?”

“ജയദേവൻ…”

“സാറ് പറഞ്ഞ രാമൻ വൈദ്യരുടെ വീട്ടിൽ ആൾതാമസം ഇല്ലല്ലോ…?പിന്നെന്തിനാ അങ്ങോട്ട്‌ പോകുന്നെ?”

“അദ്ദേഹത്തിന്റെ മോൻ എന്റെ കൂട്ടുകാരനാ…താക്കോൽ തന്നിട്ടുണ്ട്. കുറച്ചു ദിവസം ഞാനിവിടെ കാണും…”

ഓട്ടോ ഒരു കയറ്റം കയറുകയാണ്…റോഡിന്റെ ഇരുവശവും വന്മരങ്ങളുടെ നിഴൾരൂപങ്ങൾ ഇരുട്ടിൽ കാണാം…കുന്നിന് മുകളിലെത്തിയപ്പോൾ സുഗുണൻ വണ്ടി നിർത്തി..അവിടെ പ്രായമായ ഒരു സ്ത്രീയും ഒരു പെൺകുട്ടിയും നില്കുന്നുണ്ട്..

“എന്താ കൊച്ചേ ഇവിടെ ?” അയാൾ ചോദിച്ചു..

“അമ്മയ്ക്ക് പെട്ടെന്ന് ഒരു വ യറു വേദന…ഡോക്ടറെ കാണിക്കാൻ വന്നതാ സുഗുണേട്ടാ…”

അവൾ പറഞ്ഞു. അപ്പോഴാണ് ജയദേവൻ അവർക്കു പിന്നിലെ ബോർഡ് ശ്രദ്ധിച്ചത്..മൂപ്പൻ കുന്ന് പ്രാഥമികാരോഗ്യകേന്ദ്രം..

“എങ്ങനാ  വന്നത്?”

“എന്റെ സ്കൂട്ടിയിലാ…അതിപ്പോ സ്റ്റാർട്ട്‌ ആവുന്നില്ല…മാമനോട് വരാൻ പറഞ്ഞിട്ടുണ്ട്…അതാ ഇവിടെ കാത്തു നില്കുന്നെ…”

ജയദേവൻ അവളെ തന്നെ നോക്കിയിരിക്കുകയാണ്. ഇരുപതിന് മുകളിൽ പ്രായം തോന്നിക്കും…

“സാറേ…നമ്മുടെ നാട്ടുകാരാ…സാർ താമസിക്കാൻ പോകുന്ന വീടിനടുത്ത് തന്നെയാ..ഇവരേം കൂടി കയറ്റിയാലോ? ബുദ്ധിമുട്ട് ആവില്ലെങ്കിൽ….”

സുഗുണൻ പ്രതീക്ഷയോടെ അവനെ നോക്കി…ജയദേവൻ ഒന്നും മിണ്ടാതെ, ബാഗ് എടുത്ത് മടിയിൽ  വച്ച്  സൈഡിലേക്ക് നീങ്ങിയിരുന്നു…ആദ്യം ആ  സ്ത്രീയും പിന്നെ പെൺകുട്ടിയും കയറി..

“സാവിത്രി ചേച്ചീ…ഡോക്ടർ എന്തു പറഞ്ഞു?”

“തത്കാലം മരുന്ന് തന്നിട്ടുണ്ട് മോനേ..കുറവില്ലെൽ രണ്ടു ദിവസം കഴിഞ്ഞിട്ട് വരാൻ പറഞ്ഞു…അല്ല, ഈ കുഞ്ഞ് ഏതാ?”

അവർ ജയദേവനെ നോക്കി…

“നമ്മുടെ രാമൻ വൈദ്യരുടെ മോന്റെ കൂട്ടുകാരനാ…എറണാകുളത്തു നിന്നും വരുന്നതാ…ടൗണിൽ ബസ് കാത്തു നില്കുകയായിരുന്നു, പരിചയപ്പെട്ടു, ഞാനിങ്ങു കൂട്ടി…”

അയാളുടെ സംസാരം കേട്ട് ജയദേവൻ ചിരിയടക്കി..നഗരത്തിലെ ബാറിൽ നിന്നും വെള്ളമടിച്ചു കൊണ്ടിരിക്കവേ പരിചയപ്പെട്ടതാണ് സുഗുണനെ….കുണ്ടും കുഴിയുമുള്ള റോഡിലൂടെ ആടിയുലഞ്ഞ് പതിനഞ്ചു മിനിട്ട് യാത്ര….ഒടുവിൽ ഓട്ടോ ഒരു വീടിനു മുന്നിൽ നിന്നു..അവർ രണ്ടുപേരും ഇറങ്ങി…

“എത്രയാ സുഗുണേട്ടാ…?” ആ പെൺകുട്ടി പേഴ്‌സ് തുറന്നു…

“ഇപ്പൊ ഒന്നും വേണ്ട കുട്ടീ…എന്റെ ആവശ്യത്തിന് പോയി വരികയായിരുന്നില്ലേ? നീ ഓട്ടം വിളിക്കുമ്പോ തന്നാൽ മതി…ഞാൻ പോകുവാ…സാറിനെ ഒന്നവിടെ എത്തിക്കട്ടെ..”

പുഞ്ചിരിയോടെ സുഗുണൻ ഓട്ടോ മുന്നോട്ട് എടുത്തു…

“അത് സാറിന്റെ അയൽക്കാരാ..സാവിത്രിചേച്ചിയും മോള് നിത്യയും..ചേച്ചി നമ്മുടെ കവലയിൽ ചായക്കട നടത്തുന്നു..കൊച്ച് എന്തോ ജോലി ചെയ്യുകയാണ്..ടൗണിൽ  ഹോസ്റ്റലിലാ താമസം..ഇടയ്ക്ക് വരും… “

ഏകദേശം ഇരുന്നൂറ് മീറ്റർ ഓടിയ ശേഷം അയാൾ ഓട്ടോ ഓരം ചേർത്തു നിർത്തി..

“ഇതാ  വൈദ്യരുടെ വീട്..”

ഇരുട്ടിൽ ഒരു വീട് അവ്യക്തമായി കാണാം..ജയദേവൻ ബാഗുമെടുത്ത് പുറത്തേക്ക് ഇറങ്ങി..ആറു വർഷങ്ങൾക്ക് മുൻപ് ഒരിക്കൽ ഇവിടെ വന്നിട്ടുണ്ട്. രാത്രി വന്ന് രാവിലെ തിരിച്ചു പോയി..താനും സ്വപ്നയും..ഹൃദയത്തിൽ ഒരു നോവ് അരിച്ചു കയറുന്നു….

“ദോ ആ കാണുന്നതാ എന്റെ കൊട്ടാരം…” സുഗുണൻ റോഡിന്റെ എതിർ വശത്തേക്ക് കൈ ചൂണ്ടി…കുന്നിൻ ചെരിവിന് താഴെ ലൈറ്റ് കത്തുന്നുണ്ട്…

“എത്രയായി സുഗുണാ..”?

“അവരോടു പറഞ്ഞത് തന്നാ…ഇപ്പൊ ഒന്നും വേണ്ട..പോരാത്തതിന് എനിക്ക് രണ്ടു പെഗും ഭക്ഷണവും വാങ്ങി തന്നില്ലേ..? അത് മതി…”

“തനിക്ക് തിരക്കില്ലേൽ വാ..ഞാൻ അകത്തു കയറട്ടെ..വല്ല പാമ്പോ മരപ്പട്ടിയോ ഉണ്ടെങ്കിൽ എനിക്ക് പണിയാകും. കൂടെ ഒരാളുള്ളത് ധൈര്യമാ..”

സുഗുണൻ ഓട്ടോ ഓഫ്‌ ചെയ്തു പുറത്തിറങ്ങി..

“സാറ് പറഞ്ഞത് നേരാ..കുറേ കാലം അടച്ചിട്ട വീടല്ലേ…? ഞാനും വരാം..”

വാതിൽ തുറന്ന് അകത്തു കയറി സുഗുണൻ സ്വിച്ച്ബോർഡ് കണ്ടെത്തി ലൈറ്റ് ഓണാക്കി..വിചാരിച്ച അത്ര  അലങ്കോലമായിട്ടൊന്നുമില്ല..റൂമിൽ ബെഡ് പൊതിഞ്ഞ് വച്ച പ്ലാസ്റ്റിക് കവർ മാറ്റാനും, ചൂലെടുത്ത് അവിടെ മാത്രം ഒന്ന് വൃത്തിയാക്കാനും സുഗുണൻ സഹായിച്ചു…

“ബാക്കി നമുക്ക് നാളെ ശരിയാക്കാം…ഇപ്പൊ സാർ ഉറങ്ങിക്കോ..നേരം ഒരുപാടായി…”

ജയദേവൻ ബാഗ് തുറന്ന് മ ദ്യക്കുപ്പി എടുത്തു…അത് കണ്ടപ്പോൾ സുഗുണന്റെ മുഖത്തൊരു തെളിച്ചം….

“എന്നെ സാർ എന്നൊന്നും വിളിക്കണ്ട..ഒന്നുകിൽ ജയാ, അല്ലെങ്കിൽ ദേവാ, ഇനി അതുമല്ലെങ്കിൽ ജയദേവാ എന്ന് വിളിച്ചോ..”

ഗ്ലാസിൽ മ ദ്യം പകർന്ന് അയാൾക്ക് നീട്ടികൊണ്ട് ജയദേവൻ ചിരിച്ചു..സുഗുണൻ നന്ദിയോടെ തലയാട്ടി..കുറച്ചു നേരം സംസാരിച്ചിരുന്ന ശേഷം  രാവിലെ വരാമെന്നു പറഞ്ഞ് സുഗുണൻ പോയി..കട്ടിലിൽ ചാരിയിരുന്നു അവൻ ഫോണെടുത്ത് വിശ്വനാഥനെ വിളിച്ചു…കുറെ നേരം ബെല്ലടിച്ച ശേഷമാണ് അപ്പുറത്ത് നിന്നും ശബ്ദം കേട്ടത്..

“എടാ..നീ എത്തിയോ?”

“ങാ…വിശ്വേട്ടൻ ഉറങ്ങിയാരുന്നോ?”

“ഇല്ല.. ഒരു ചെറിയ പാർട്ടി…ഇപ്പൊ തീരും..അത് പോട്ടെ…നിന്റെ ഫുഡിന്റെ കാര്യമൊക്കെ എങ്ങനാ? ഞാനാരെയെങ്കിലും വിളിച്ച് ഏർപ്പാട് ചെയ്യണോ.?”

“വേണ്ട…അതൊക്കെ ഞാൻ നോക്കിക്കോളാം…”

“ദേവാ…” രണ്ടു നിമിഷത്തിന് ശേഷം  വിശ്വനാഥൻ വിളിച്ചു…

“മനസ്സ് ശാന്തമാകാൻ വേണ്ടിയാ നീ അവിടെ പോയത്..ഇന്ന് രാത്രി കഴിഞ്ഞാൽ  നീ പഴയതൊന്നും ആലോചിക്കരുത്…ശരീരത്തിനും മനസിനും റസ്റ്റ് കൊടുക്കുക..എല്ലാം ശരിയായി വേഗം വാ..നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്..”

“ഒരു രാത്രികൊണ്ട് മായ്ച്ചു കളയാൻ പറ്റുന്ന വേദനകളാണോ  വിശ്വേട്ടാ എന്നിലുള്ളത്? എന്നാലും സാരമില്ല. ഞാൻ ശ്രമിക്കാം…”

അവൻ ഫോൺ വച്ചു..കുപ്പിയിൽ അവശേഷിച്ച മ ദ്യവും വലിച്ചു കുടിച്ച ശേഷം  എഴുന്നേറ്റ് ജനൽ തുറന്നു…കട്ടപ്പിടിച്ചു നിൽക്കുന്ന ഇരുട്ട്….തണുത്ത കാറ്റ് അകത്തേക്ക് കയറി…മാറണം…ഇനിയുള്ള നാളുകളെങ്കിലും  മനസമാധാനത്തോടെ, സന്തോഷത്തോടെ ജീവിക്കണം…അതിന് എല്ലാം മറക്കണം…അവൻ സ്വയം പറഞ്ഞുകൊണ്ടിരുന്നു..

**********

മുറിയിലെ നേർത്ത വെളിച്ചത്തിൽ കറങ്ങുന്ന ഫാനിൽ കണ്ണും നട്ട് കിടക്കുകയാണ് സിതാര…അടുത്ത് ഉമേഷ്‌ നല്ല ഉറക്കത്തിലാണ്. ഇതുപോലെ എല്ലാം മറന്ന് ഒരിക്കലെങ്കിലും ഉറങ്ങാൻ കഴിഞ്ഞെങ്കിലെന്ന് അവൾ ആശിച്ചു….അതോടൊപ്പം തന്റെ ഭർത്താവിന്റെ വിചിത്രമായ സ്വഭാവത്തെ കുറിച്ചോർക്കുമ്പോൾ അത്ഭുതവും തോന്നി..സന്ധ്യക്ക്‌  വഴക്കും കഴിഞ്ഞ്, രാത്രി കിടപ്പറയിൽ ഒരു മടിയുമില്ലാതെ ദാഹം തീർക്കുവാനും, അതിനു ശേഷം തിരിഞ്ഞു കിടന്നുറങ്ങാനും ഈ മനുഷ്യന് എങ്ങനെ കഴിയുന്നു?.. ഇയാളുടെ ജീവിതത്തിൽ തന്റെ സ്ഥാനം എന്താണ്? അടിമ? അതോ വേ.ശ്യയോ?…ഇന്നത്തെ വഴക്കിനു കാരണം എന്തായിരുന്നു എന്ന് അവൾ ഓർത്തെടുക്കാൻ ശ്രമിച്ചു…എന്നും കാരണങ്ങൾ  ഉണ്ടാവുമെങ്കിലും ഇന്നത്തേത് കുറച്ചു വലിയ പ്രശ്നം ആയിരുന്നു…താൻ ഇനി മുതൽ ജോലിക്ക് പോകുന്നില്ല എന്ന് പറഞ്ഞത്…

“ഉള്ള ജോലിയും കളഞ്ഞ്  ഇവിടെ ഇരുന്ന് തിന്നാനാ ഉദ്ദേശം അല്ലേ ? ഇത്രയും കടങ്ങളും വീട്ടു ചിലവുകളും എല്ലാം ഞാൻ ഒറ്റയ്ക്ക് ചുമക്കണമായിരിക്കും.? ഒരു കാര്യം ചെയ്യ്…വീട്ടുകാരോട് കുറേ പണം തരാൻ പറ…എന്നിട്ട് തമ്പുരാട്ടി കാലും നീട്ടിയിരുന്നോ..”

ഉമേഷ്‌ അട്ടഹസിക്കുകയായിരുന്നു..എരിതീയിൽ എണ്ണയൊഴിക്കും പോലെ അവന്റെ അമ്മ സരോജിനിയുടെ ശബ്ദം അകത്തെ മുറിയിൽ നിന്ന് കേട്ടു..

“കഷ്ടപ്പെടാൻ  എന്റെ മോനൊരുത്തൻ ഉണ്ടല്ലോ…അന്നേ എല്ലാരും പറഞ്ഞതാ  നമുക്ക് ചേരാത്ത ബന്ധമാണ് ഇതെന്ന്..അപ്പൊ അവനു ഈ രംഭയെ തന്നെ വേണം..അനുഭവിച്ചോ…”

“ഉമേഷേട്ടാ…എനിക്ക് അവിടെ അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നില്ല..പിന്നെ ഞാനിവിടെ വെറുതെയിരിക്കുകയൊന്നുമില്ല. കുറച്ചു നാള് കൂടി കഴിഞ്ഞാൽ  ജങ്ഷനിലെ  ലെതർബാഗ് ഉണ്ടാക്കുന്ന കടയിൽ  ജോലി ശരിയാക്കി തരാമെന്നു സീത ചേച്ചി പറഞ്ഞിട്ടുണ്ട്…”

“അഡ്ജസ്റ്റ് ചെയ്യേണ്ടിടത്ത് അത് ചെയ്യണം. അതാ ജീവിതം…ഇഷ്ടപ്പെട്ടത് മാത്രമേ ചെയ്യൂ എന്ന വാശിയൊക്കെ കൈ നിറയെ കാശ് ഉള്ളവർക്ക് പറഞ്ഞിട്ടുള്ളതാ…”

അവന്റെ വാക്കുകൾ കേട്ടപ്പോൾ സിതാര ഒന്നു ചിരിച്ചു..ആറു വർഷത്തോളമായി പലയിടത്തു നിന്നും കേട്ട വാക്കാണിത്…അഡ്ജസ്റ്റ് ചെയ്യുക….ഇന്ന് അതിന്റെ പേരിലാണ് ടെക്സ്റ്റെയിൽസിലെ ജോലി ഉപേക്ഷിച്ചത്…

“സിതാരാ…താൻ വിചാരിക്കുന്നത് പോലെ ഇത് വലിയ ആനക്കാര്യം ഒന്നുമല്ല..” കടയുടെ ഓണർ ജെയിംസ് നാവ് കൊണ്ട് ചുണ്ടുകൾ നനച്ച് അവളെ അടിമുടി നോക്കി..

“ഈ ഷോപ്പിലെ പലരും  ഇതിന് സമ്മതിച്ചിട്ടുണ്ട്..അതിന്റെ ഗുണം അവർക്കു കിട്ടിയിട്ടുമുണ്ട്…തനിക്കും കിട്ടും..പുതിയ ഷോപ്പ് അടുത്തമാസം തുടങ്ങുമ്പോൾ തന്നെ അവിടേക്ക് മാറ്റാം..കൂടുതൽ സാലറിയോടെ…തനിക്കു നഷ്ടമൊന്നും വരാനില്ലെടോ…കുറച്ചു നേരം എന്റെ കൂടെ ചിലവഴിക്കണം…അത് ഒരു സുഖമല്ലേ…”

അവളൊന്ന് ചിരിച്ചു..

“സാർ ക്ഷമിക്കണം…സാറിന് കിടന്നു തന്നാലേ ഇവിടെ ജോലി ചെയ്യാൻ പറ്റൂ എന്നാണെങ്കിൽ എനിക്കത് വേണ്ട…പണത്തിനു ആവശ്യമുണ്ട്..പക്ഷേ തുണിയഴിച്ചു സാമ്പാദിക്കാൻ താല്പര്യമില്ല. അത് വേണമെന്ന് വച്ചാൽ പണ്ടേ ആകാമായിരുന്നു…പിന്നെ നഷ്ടത്തിന്റെ കാര്യം…ആത്മാഭിമാനം എന്നൊന്ന് ഉണ്ട് സാർ…അത് നഷ്ടപ്പെടും…എന്നെപോലെ ഉള്ളവർക്ക് അതുമാത്രമേ ഉള്ളൂ..അത്  കളഞ്ഞു ജീവിക്കാൻ ആഗ്രഹമില്ല…ഞാൻ പോകുകയാ…ഒരുപകാരം ചെയ്യണം..താഴെ കൗണ്ടറിൽ വിളിച്ച് ബാക്കിയുള്ള ശമ്പളം തരാൻ പറഞ്ഞേക്ക്… “

കഴുത്തിൽ നിന്നും ഐഡികാർഡ് ഊരി മേശപ്പുറത്ത് ഇട്ട് അവൾ പുറത്തേക്ക് നടന്നു….അവളെ കണ്ടതും പ്രീതി ഓടി വന്നു..

“അങ്ങേര് എന്തു പറഞ്ഞു?”

“പ്രതീക്ഷിച്ചത് തന്നെ…ഞാൻ കരുതി വച്ച മറുപടിയും കൊടുത്തു…നീയൊന്ന് സൂക്ഷിച്ചോ…അടുത്തത് നിന്നെ ആയിരിക്കും..”

“എന്റെ കെട്യോനെ അയാൾക് നല്ലോണം അറിയാം. ആ കൈകൊണ്ട് ഒന്ന് കിട്ടിയാൽ ഇയാള് എഴുന്നേൽക്കില്ല…അതോണ്ട് എന്നോട് കളിക്കില്ല..”

പ്രീതി അവളെ ചേർത്തു പിടിച്ചു…

“ഇടയ്ക്ക് വിളിക്കണം…വേറെ ജോലി ശരിയാക്കാൻ ഞാനും ശ്രമിക്കാം..”

തലയാട്ടികൊണ്ട് ബാഗും എടുത്ത് സിതാര  കൗണ്ടറിലേക്ക് നടന്നു..

“മഹ്‌റൂഫെ…സാർ വിളിച്ചിരുന്നോ?”

“ആ…ചേച്ചിയുടെ കണക്ക് ക്ലിയർ ആക്കാൻ പറഞ്ഞു…ഒരു മിനിട്ടേ…”

അവൻ സിസ്റ്റത്തിൽ കണ്ണു നട്ടു…കുറച്ചു കഴിഞ്ഞ് കാശ്ശെടുത്ത് അവൾക്കു നൽകി…അവൾ എണ്ണി നോക്കി വൗച്ചറിൽ ഒപ്പിട്ടു,..അഞ്ഞൂറിന്റെ ഏതാനും നോട്ടുകൾ കൂടി  അവൻ  നീട്ടി…

“ഇതെന്താടാ?”

“അറിയില്ല..ചേച്ചിക്ക് തരാൻ പറഞ്ഞു..”

“ആ പൈസക്ക് നിന്റെ സാറിന്റെ ഭാര്യക്ക് വല്ലതും  വാങ്ങിക്കൊടുക്കാൻ ഞാൻ പറഞ്ഞെന്നു പറ..”

അമ്പരന്ന് നിൽക്കുന്ന മഹ്‌റൂഫിനെ നോക്കി ഒന്നു പുഞ്ചിരിച്ച് അവൾ പുറത്തിറങ്ങി…ഒന്നര വർഷം ജോലി ചെയ്ത  സ്ഥാപനം…അവൾക്ക് കണ്ണു നിറഞ്ഞു…ജെയിംസിന്റെ  പപ്പാ സക്കറിയ ഉണ്ടായിരുന്നപ്പോൾ എല്ലാവർക്കും സന്തോഷമായിരുന്നു…ജോലിക്കാരെ കുടുംബം പോലെ കണ്ടിരുന്ന വലിയ മനുഷ്യൻ..അദ്ദേഹം മരിച്ച ശേഷമാണു ജെയിംസ് ഏറ്റെടുത്തത്…സ്ത്രീവിഷയത്തിലെ അവന്റെ ആർത്തി കേട്ടറിഞ്ഞെങ്കിലും അത് സിതാരയുടെ നേരെ എത്തിയത് ഒരു മാസം മുൻപാണ്…ഇടയ്ക്കിടെ കാബിനിൽ വിളിച്ച് വരുത്തി പരോക്ഷമായി  സൂചനകൾ  നൽകി…വീട്ടിലെ ബുദ്ധിമുട്ടുകൾ ഓർത്ത് സഹിച്ചു നിന്നു..പക്ഷേ ഇന്നലെ പച്ചയ്ക്ക് കൂടെ കിടക്കാൻ വിളിച്ചപ്പോൾ സഹിച്ചില്ല…പ്രതികരിക്കാൻ തുടങ്ങുമ്പോൾ അവിടേക്ക് വേറെ ആൾകാർ വന്നത് കൊണ്ട് വിട്ടു…ഇന്നും അവൻ അതാവർത്തിച്ചപ്പോൾ  വേറൊന്നും ആലോചിച്ചില്ല…

ഇനിയെന്ത് എന്ന ചോദ്യം മുന്നിൽ ഉണ്ടെങ്കിലും എന്തും വരട്ടെ എന്ന് കരുതി നാട്ടിലേക്ക് ബസ് കയറി…

ഉമേഷ്‌ ഉറക്കത്തിൽ ഒന്ന് ഞരങ്ങിയപ്പോൾ അവളുടെ ചിന്തകൾ  മുറിഞ്ഞു. ബെഡ്ഷീറ്റിന്റെ തുമ്പ് കൊണ്ട് മിഴിനീർ തുടച്ച് അവൾ കണ്ണടച്ചു….

*************

രാവിലെ കുളിയും കഴിഞ്ഞ് വീടിനു ചുറ്റും വെറുതെ നടക്കുകയായിരുന്നു ജയദേവൻ…പറമ്പ് മുഴുവൻ കാട് കയറിക്കിടക്കുന്നു…അടുക്കളയിലെ ജനലിലേക്ക് പടർന്ന വള്ളിചെടികൾ  വെട്ടിക്കളഞ്ഞ ശേഷമാണു കുളിക്കാൻ കയറിയത്…..വീടിനു പിന്നിലായി ഒരു ചെറിയ കുളം…അതിന്റെ കരയിൽ പടുകൂറ്റൻ മാവ്…പേരറിയാത്ത ഒരുപാട് ചെടികൾ…ഇതിൽ ഭൂരിഭാഗവും മരുന്ന് ചെടികളാവും..വിശ്വേട്ടന്റെ അച്ഛൻ പ്രസിദ്ധനായ വൈദ്യർ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്…നിലത്തു വീണുകിടന്ന ഒരു മാമ്പഴം എടുത്ത് കുളത്തിലെ വെള്ളത്തിൽ കഴുകി അവൻ ഒന്ന് കടിച്ചു…നല്ല മധുരം…

“വീടും തുറന്നിട്ട് ഇവിടെ വന്നിരിക്കുകയാണോ?ഞാനെത്ര നേരമായി വിളിക്കുന്നു?”

പിന്നിലൊരു പെണ്ണിന്റ ശബ്ദം..അവൻ തിരിഞ്ഞു..ആളെ പെട്ടെന്ന് മനസിലായില്ല.

“എന്താ മാഷേ ഇങ്ങനെ നോക്കുന്നെ? ഇത്ര പെട്ടെന്ന് മറന്നു പോയോ? ഞാൻ നിത്യ..ഇന്നലെ രാത്രി കണ്ടില്ലേ? നിങ്ങളുടെ അയൽകാരിയാ….”

അവനു ഓർമ വന്നു….

“ഇന്നാ…” അവൾ സ്റ്റീൽ പാത്രം നീട്ടി…

“എന്തായിത്?”

“ചായ…ഇന്നലെ രാത്രിയല്ലേ വന്നത്? ഇവിടൊന്നും ഉണ്ടാകില്ല എന്നറിയാം..അമ്മ പറഞ്ഞു തരാൻ..”

“ഏയ്…വേണ്ട…ഞാൻ കവലയിലേക്ക് ഇറങ്ങാൻ തുടങ്ങുകയായിരുന്നു..”

“ആയിക്കോട്ടെ…ഈ ചായ കുടിച്ചാൽ ചത്തൊന്നും പോകില്ല…പിടിക്ക്..”

ഗത്യന്തരമില്ലാതെ അവനത് വാങ്ങി. അവളുടെ കൂടെ മുറ്റത്തേക്ക് നടന്നു..

“ഈ സിറ്റിയിലൊക്കെ ജനിച്ചു വളർന്നവർ വല്യ ജാഡക്കാരാണോ?”

“അതെന്താ താൻ അങ്ങനെ ചോദിച്ചേ?”

“അല്ല…ഇന്നലെ ഞാനും അമ്മയും ഓട്ടോയിൽ കേറിയപ്പോൾ മാഷ് മസിലും പിടിച്ചിരിക്കുന്നത് കണ്ടു…ഞങ്ങൾ ഇറങ്ങിയപ്പോഴും ഒന്നു നോക്കുകയോ ചിരിക്കുകയോ ചെയ്തില്ല…അതോണ്ട് ചോദിച്ചതാ…”

“ഏയ് ജാഡ കൊണ്ടൊന്നുമല്ല..ഇന്നലെ അത്യാവശ്യം നല്ല രീതിയിൽ മ ദ്യപിച്ചിരുന്നു…വായ തുറന്നാൽ  സ്മെൽ അടിക്കും..അതാ ശ്വാസം പിടിച്ചിരുന്നേ.. “

നിത്യ ഉറക്കെ ചിരിച്ചു,..

“അതെനിക്ക് ഇഷ്ടമായി….ഇങ്ങനെ വേണം സംസാരിക്കാൻ….മാഷ് എന്തു ചെയ്യുന്നു?”

“ഒരു അഡ്വർടൈസിങ് കമ്പനി നടത്തുന്നുണ്ട്..ചെന്നൈയിൽ… “

“ങേ…സുഗുണേട്ടൻ ഇന്നലെ പറഞ്ഞത് എറണാകുളത്ത് നിന്ന് എന്നല്ലേ?”

“മെയിൻ ചെന്നൈ ആണ്…എറണാകുളത്ത് ഒരു ഓഫീസ് ഉണ്ട്…”

നിത്യയുടെ അമ്മ വിളിക്കുന്ന ശബ്ദം കേട്ടു..

“പിന്നെ കാണാട്ടോ..അമ്മയ്ക്ക് ഹോട്ടലിലേക്ക് പോകാൻ സമയമായി…”

അവൾ നടന്നു..കുറച്ച് മുന്നോട്ട് ചെന്നു തിരിഞ്ഞു നിന്ന് ചോദിച്ചു..

“മാഷിന്റെ പേരെന്താ?”

“ജയദേവൻ….”

“ആഹാ…കിടു…പക്ഷേ ഈ രൂപത്തിന് ചേരില്ല…മാഷിന്, രാഹുൽ, റോഷൻ, അഖിൽ,…ഇതുപോലെയുള്ള പേരാ  മാച്ച്…”

അവൾ ചിരിച്ചു കൊണ്ട് ഓടിപ്പോയി…അകത്തു നിന്നും ഫോൺ ശബ്‌ദിക്കുന്നുണ്ട്..ജയദേവൻ ചായ ഒരു ഗ്ലാസിലേക്ക് ആക്കി അതുമെടുത്തു കട്ടിലിൽ ഇരുന്നു…ഷെറിൻ ആണ് വിളിക്കുന്നത്…

“സർ, അപ്സര ജ്വല്ലറിയുടെ ആഡ് എന്തായെന്ന് ചോദിച്ചു വിളിച്ചിരുന്നു,..”

വിനയത്തോടെ ഷെറിൻ പറഞ്ഞു…

“അവർ ഒഴിവായതല്ലേ? നമ്മളുമായി ഡീലിംഗിന് ഇല്ലെന്നാണല്ലോ പറഞ്ഞത്..”

“ശരിയാണ് സാർ…സ്വപ്ന മാഡം കൊടുത്ത കൺസപ്റ്റ് അവർക്ക് ഇഷ്ടമായില്ല..മാറ്റാൻ പറഞ്ഞു. അപ്പൊ മാഡം ഉടക്കി..അങ്ങനെ പോയതാണ്. പക്ഷേ ഇപ്പോൾ മാഡവും സാറുമായുള്ള ഇഷ്യൂസ് അവർ അറിഞ്ഞു…സാർ ഏറ്റെടുക്കുമെങ്കിൽ അവർ റെഡിയാണത്രേ…”

ജയദേവൻ ഒരുനിമിഷം മിണ്ടിയില്ല..

“നല്ലൊരു ഓഫറാണ് സാർ..അതാ ഞാൻ ഇപ്പൊ വിളിച്ചത്…സോറി…”

“ഏയ് സാരമില്ല…നീ ചെയ്യുന്നതൊക്കെ നമുക്ക് ഗുണമുള്ളതാകും എന്നെനിക്ക് അറിയാം…ഒരു കാര്യം ചെയ്യ്…നീ മെൽവിനെയും കൂട്ടി പോയി അവരോട് നേരിട്ടു സംസാരിക്ക്..എന്നിട്ട് ഒക്കെ ആണെങ്കിൽ ബാക്കി നോക്കാം. ഞാനെന്തായാലും കുറച്ചു ദിവസം കഴിഞ്ഞേ വരൂ …”

“സാർ…ഞാനൊന്ന് പറഞ്ഞോട്ടെ.?”

“എന്താ ഷെറിൻ?”

“സാർ തളരരുത്…ഞങ്ങൾ എല്ലാവരും കൂടെയുണ്ട്…ആ പഴയ ജയദേവൻ സാറിനെ ഞങ്ങൾക്ക് വേണം…അതിന് എത്ര നാള് വേണമെങ്കിലും എടുത്തോ…അതുവരെ ഇവിടുത്തെ കാര്യങ്ങൾ ഒരു കുഴപ്പവുമില്ലാതെ ഞങ്ങൾ നോക്കും…”

അവൾ ഫോൺ വച്ചു…അത് സത്യമാണെന്നു ജയദേവനും അറിയാം, വർഷങ്ങൾക്ക് മുൻപ് പരസ്യകമ്പനി ആരംഭിച്ച സമയത്ത് വന്നവരാണ് ഷെറിനും മെൽവിനും..ആദ്യകാലത്ത്  നഷ്ടങ്ങൾ മാത്രമായിരുന്നു…അന്ന് ശമ്പളം പോലും പ്രതീക്ഷിക്കാതെ മാസങ്ങളോളം അവർ ജോലി ചെയ്തു…സ്റ്റാഫ്‌ എന്നതിലുപരി കൂടപ്പിറപ്പുകളെ പോലെയാണ് അവർ രണ്ടും..പക്ഷേ അത് മനസിലാക്കാത്ത ഒരാൾ  സ്വപ്നയായിരുന്നു..ബന്ധങ്ങളുടെ വില എന്തെന്ന് അവൾക്കറിയില്ല…അതോ അറിയാത്ത പോലെ നടിച്ചതോ….

ഒരുകാലത്ത് പ്രാണന്റെ പാതിയായിരുന്നവൾ  എത്ര പെട്ടന്നാണു അന്യയായത്..!!! കണ്ണടച്ചു തുറക്കും മുൻപ് ജീവിതം മാറി മറിയുന്നതെങ്ങനെയാണ്..? ഉമ്മറപ്പടിയിലിരുന്ന് ജയദേവൻ ഒന്ന് നിശ്വസിച്ചു…

***********

“നീ വരുമ്പോൾ റേഷൻ വാങ്ങുമോ? ഞാൻ വെറുതെ അവിടെ വരെ പോകണ്ടേ?”

സനൂപ് പുറത്തിറങ്ങുമ്പോൾ അമ്മ ശാന്ത  ചോദിച്ചു…

“ഓട്ടോ സ്റ്റാന്റിലേക്ക് വിളിച്ചാൽ വണ്ടി വരും അതിൽ പോയി വാങ്ങിയാൽ മതി..എനിക്ക് വയ്യ..”

അവൻ തിരിഞ്ഞു നോക്കാതെ പറഞ്ഞു..

“കൂട്ടുകാരുടെ കൂടെ നട്ടപ്പാതിര വരെ ക ള്ളുകുടിച്ചു നടക്കാൻ നിനക്ക് സമയമുണ്ട്…വീട്ടിലൊരാവശ്യം വന്നാൽ പറ്റില്ല അല്ലേ?”

“ഞാൻ കുടിക്കുന്നത് കഷ്ടപ്പെട്ട് അധ്വാനിച്ചു ഉണ്ടാക്കിയ കാശിലാ..അതിന് അമ്മയ്ക്കെന്താ? ഇവിടെ ചിലവിനുള്ളത് കൃത്യമായി തരുന്നുണ്ടല്ലോ..? കൂടുതൽ ചോദ്യം ചെയ്യലൊന്നും വേണ്ട…”

അവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു…

“അവളോടുള്ള ദേഷ്യം നീയെന്തിനാ എന്നോട് തീർക്കുന്നെ?”

ശാന്ത വിട്ടുകൊടുത്തില്ല…

“എനിക്കാരോടും ഒരു ദേഷ്യവുമില്ല…എന്നോട് തന്നെ വെറുപ്പാ..ഒരപേക്ഷയെ ഉള്ളൂ…കുറച്ചു മനസമാധാനം താ…”

അവന്റെ ബൈക്ക് റോഡിലേക്ക് കുതിച്ചു കയറി…കുറച്ച് ദൂരം പോയപ്പോൾ പോക്കറ്റിൽ നിന്ന് ഫോൺ ചിലച്ചു…വണ്ടി സൈഡിലൊതുക്കി നിർത്തി അവൻ എടുത്തു നോക്കി…നിത്യയാണ്….

“പറഞ്ഞോ..”

“എന്താടാ ഒരു ഗൗരവം?”

“ഒന്നുമില്ല…നീയെവിടെയാ?”

“കടയിൽ…അമ്മ ഒറ്റയ്‌ക്കെ ഉള്ളൂ…സഹായത്തിനു വന്നതാ…നീയോ”

“ജോലിക്ക് പോകുന്നു..”

“ഇന്നലെ നൈറ്റ്‌ നല്ല ഫിറ്റ്‌ ആയിരുന്നു അല്ലേ?..രണ്ടെണ്ണം മാത്രമേ അടിക്കൂ എന്ന് പറഞ്ഞത് കൊണ്ടാ ഞാൻ വിട്ടത്…”

“ഞാനത്രയേ കഴിച്ചുള്ളൂ…”

“പൊന്നുമോനെ… കാലം കുറെയായില്ലേ നിന്നെ കാണാൻ തുടങ്ങിയിട്ട്? എന്നോട് നമ്പറിറക്കണ്ട…ഇന്നലെ രാത്രി ഭയങ്കര സെന്റിയായിരുന്നല്ലോ…?”

“ആണോ?”

“ഞാൻ വല്ല തെ റിയും വിളിക്കും…നീ നന്നാവില്ലെടാ…അതുകൊണ്ട് ഞാൻ പറച്ചിൽ  നിർത്തി…ഇനി ഇഷ്ടം പോലെ ചെയ്തോ…”

അവൾ ദേഷ്യത്തിലാണെന്ന് മനസിലായി…

“സോറി…ഇന്നലെ മനസ് ശരിയല്ലായിരുന്നു..അതാ.”

“കു ടിച്ചപ്പോ ശരിയായോ?  ഞാനൊരുത്തി നിന്നെക്കുറിച്ചു മാത്രം ചിന്തിച്ചു ഇവിടെ കഴിയുന്നുണ്ട്…ആ  വിചാരം വേണം…”

“സോറി..ഇനിയുണ്ടാവില്ല..”

“അത് പോട്ടെ…ചേച്ചിയുടെ കാര്യം എന്തായി? അതിൽ പിന്നെ വിളിച്ചില്ലേ?”

“നിനക്ക് വേറെ വല്ലതും പറയാനുണ്ടെങ്കിൽ പറ…ഇല്ലേൽ വച്ചിട്ട് പോ.”

“ചൂടാവല്ലേ…എനിക്ക് നിന്നെയൊന്നു കാണണം . വൈകിട്ട് അമ്പലത്തിലോട്ട് വാ..”

“നോക്കട്ടെ..”

ഫോൺ പോക്കറ്റിലിട്ട് അവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ടെടുത്തു…

നിത്യയുടെ ചോദ്യം മനസിനെ അലട്ടി….ചേച്ചി…അവനു ദേഷ്യവും  സങ്കടവും  ഒന്നിച്ചു വന്നു. അപമാനിതനായി  തലകുനിച്ചിറങ്ങേണ്ടി വന്ന ദിവസം ഓർമയിൽ തെളിഞ്ഞതോടെ കണ്ണ് നിറഞ്ഞു….കാഴ്ചകൾ അവ്യക്തമായിട്ടും അവൻ ആക്സിലറേറ്റർ ആഞ്ഞു തിരിച്ചു…വല്ലാത്തൊരു വാശിയോടെ…..

******************

ദുർഗാ ദേവീ ക്ഷേത്രത്തിന്റെ പിന്നിലെ ഇലഞ്ഞിമരച്ചുവട്ടിൽ  നിത്യ കുറേ നേരമായി ഇരിക്കുന്നു…അവൾ വാച്ചിൽ നോക്കി. ആറു മണി കഴിഞ്ഞു..രണ്ടു സ്ത്രീകളും  കുട്ടികളും ചുറ്റുവിളക്കിൽ തിരിയിട്ട് എണ്ണ പകരുകയാണ്…സനൂപിന്റെ ബൈക്ക് അടുത്ത് വന്നു നിന്നു…

“എന്താടീ മോന്തയ്ക്കിത്ര കനം?” മുഖം വീർപ്പിച്ചു നിൽക്കുന്ന നിത്യയോട്‌ അവൻ ചോദിച്ചു..

“ഒരുമണിക്കൂറായി  ഞാനിവിടെ നിൽക്കുന്നു….”

“പണി തീരണ്ടേ?പുഴയ്ക്കക്കരെ ഒരു വീട്ടിൽ ഗ്രിൽസ് ഫിറ്റ്‌ ചെയ്യാൻ പോയതാ..അതും തീർത്തു വീട്ടിൽ പോയി കുളിച്ചു വന്നപ്പോഴേക്കും വൈകി. നീയൊന്ന് ക്ഷമിക്കെടീ…”

അവളൊന്നും മിണ്ടാതെ ക്ഷേത്രത്തിലേക്ക് നടന്നു..ഒരുമിച്ചു തൊഴുതു വന്നു വീണ്ടും ആ മരച്ചുവട്ടിൽ ഇരുന്നു.

“നീയെപ്പോഴാ തിരിച്ചു ഹോസ്റ്റലിലേക്ക് പോകുന്നേ?”

“രണ്ടുമൂന്നു ദിവസം കഴിയട്ടെ. മിനിഞ്ഞാന്ന് വന്നതല്ലേ ഉള്ളൂ..നിനക്കെന്നെ പറഞ്ഞു വിടാൻ ധൃതിയായോ?”

അവൾ പരിഭവിച്ചു..

“നിന്നോടൊന്നും ചോദിച്ചൂടെ? എന്തിനാ ഇങ്ങനെ ചൂടാവുന്നെ?”

“അത് ഞാൻ അങ്ങോട്ട് ചോദിക്കാനിരിക്കുവാ..എടാ..ശരിക്കും നിന്റെ പ്രശ്നം എന്താ? ആരോടാ ഈ  ദേഷ്യം? എന്നോടോ? അതോ  നിന്റെ ചേച്ചിയോടോ? അതോ  അമ്മയോടോ? നീ മറ്റുള്ളവരുടെ ഭാഗത്ത്‌ നിന്നും ചിന്തിച്ചു നോക്ക്..”

അവൻ മിണ്ടാതെ കേട്ടിരുന്നു…

“ചേച്ചി അതിനു ശേഷം വിളിച്ചില്ലേ? “

“രണ്ടു പ്രാവശ്യം വിളിച്ചു…ഞാനെടുത്തില്ല. വാട്സാപ്പിൽ മെസ്സേജ് അയച്ചിട്ടുണ്ടായിരുന്നു. ഞാൻ നോക്കിയില്ല..”

“അവർക്ക് എന്താ പറയാനുള്ളത് എന്നൊന്ന് കേട്ടൂടെ സനൂ?”

“അതിന്റെ ആവശ്യമില്ല. അവൾക്കു പറയാനുള്ളത് കേൾക്കാൻ ഞാനൊരിക്കൽ നിന്നതാ..രണ്ടു വർഷം മുൻപ്.. അതിനു കുറേ നാണം കെട്ടു..എന്നിട്ട് ഇപ്പൊ വീണ്ടും വന്നേക്കുവാ…”

അവൾ മറുപടി പറയാൻ തുടങ്ങിയപ്പോഴാണ്  അതിലൂടെ വരുന്ന ജയദേവനെ കണ്ടത്..

“ഹലോ മാഷേ…ഇങ്ങോട്ട്…” നിത്യ കൈ കാട്ടി വിളിച്ചു… അവൻ അങ്ങോട്ട് വന്നു.

“ആഹാ..അമ്പലത്തിലേക്കുള്ള വഴി കണ്ടുപിടിച്ചോ?”

“ഏയ്…ഇവിടെ ഒരു പുഴയുണ്ടെന്ന് കവലയിൽ നിന്നൊരാൾ പറഞ്ഞു..അതുമന്വേഷിച്ചു നടന്നതാ..വഴി തെറ്റി..”

“തെറ്റിയിട്ടൊന്നുമില്ല..ക്ഷേത്രത്തിന്റെ മുന്നിൽ നിന്ന് ഇടത്തോട്ട് ഒരു വഴിയുണ്ട്..അതിലൂടെ പോയാൽ പുഴക്കരരയിൽ എത്തും.. ഈ സന്ധ്യക്ക്‌ എന്തിനാ അങ്ങോട്ട് പോകുന്നെ? ആ.ത്മഹത്യ ചെയ്യനാണെൽ വീടിനു പുറകിൽ ഒരു കുളമുണ്ടല്ലോ…?”

ജയദേവൻ ചിരിച്ചു….

“അതിനല്ല കൊച്ചേ…ചുമ്മാ പോയിരിക്കാനാ…അത്യാവശ്യം എഴുത്തിന്റെ അസുഖമൊക്കെ ഉണ്ട്…അതിനു പറ്റിയ ചുറ്റുപാടല്ലേ പുഴ?”

“പിന്നേ…വറ്റികിടക്കുന്ന പുഴയിൽ നോക്കിയാലാണോ ഭാവന വരുന്നത്…? അത് പോട്ടെ..ഇത് സനൂപ്….എടാ…ഇത്  നമ്മുടെ വിശ്വേട്ടന്റെ ഫ്രണ്ട് ആണ്. ജയദേവൻ..”

സനൂപ് എഴുന്നേറ്റു നിന്നു അവനു കൈ കൊടുത്തു..

“എന്ത് ചെയ്യുന്നു..?” ജയദേവൻ ചോദിച്ചു.

“വെൽഡിങ്ങിന്റെ ജോലി…”

കുറച്ചു നേരം സംസാരിച്ചിരുന്നപ്പോഴേക്കും സനൂപിന് ഫോൺ വന്നു..

“എടീ ഞാൻ പോകുവാ…ചിട്ടിയുടെ നറുക്കെടുപ്പ് ആണ്..നിന്നെ വീട്ടിലാക്കാണോ?”

“വേണ്ട..ഞാൻ മാഷിന്റെ കൂടെ പൊയ്ക്കോളാം..”

“ശരി..ജയേട്ടാ..ഞാൻ പോകുകയാ..പിന്നേ കാണാം..എന്തായാലും കുറച്ചു ദിവസം ഇവിടുണ്ടാവുമല്ലോ?”

അവൻ ദൂരെ മറയുന്നതും നോക്കി നിത്യ നിൽക്കവേ, ജയദേവൻ ചോദിച്ചു.

“പ്രണയമാണോ?”

“അതെങ്ങനെ മനസിലായി?” അവൾ അത്ഭുതപ്പെട്ടു..

“നിന്റെ കണ്ണുകളിൽ ഉണ്ടല്ലോ..”

നിത്യ അവന്റെ അടുത്തിരുന്നു..ഇലഞ്ഞിപ്പൂവിന്റെ സുഗന്ധം അവിടെ പരക്കുന്നുണ്ട്…

“പാവമാ മാഷേ…പെട്ടെന്ന് ദേഷ്യം വരും..അതേ പോലെ സങ്കടവും… “

അവളെന്തോ ആലോചിച്ചിരുന്നു..പിന്നെ ജയദേവനെ നോക്കി.

“നമുക്ക് പോകാം? വീട്ടിൽ കുറച്ചു ജോലിയുണ്ട്. “

രണ്ടുപേരും എഴുന്നേറ്റു..

*************

മീൻ വെട്ടിക്കൊണ്ടിരികുമ്പോഴാണ് മുറ്റത്തു ആരോ വിളിക്കുന്നത് സിതാര കേട്ടത്…കൈ കഴുകി അവൾ അങ്ങോട്ട് നടന്നു…ചിട്ടി കാശ് വാങ്ങാൻ വരുന്ന പയ്യനാണ്…അവനോടു നില്കാൻ പറഞ്ഞിട്ട് അവൾ  അകത്തു കയറി  തന്റെ ബാഗ് തുറന്നു…അവിടെ വച്ചിരുന്ന കാശ് കാണുന്നില്ല.!!! ബാഗ് കട്ടിലിൽ കുടഞ്ഞിട്ട് നോക്കി…ഇല്ല…ഏതാനും നാണയതുട്ടുകൾ ഒഴികെ  വേറൊന്നുമില്ല…

“ചേച്ചീ…എനിക്ക് വേറെയും പോകാനുള്ളതാ….” പുറത്ത് നിന്നും ആ പയ്യൻ വിളിച്ച് പറഞ്ഞു..അവൾ മുറ്റത്തേക്ക് ഇറങ്ങി..

“കാശ് അവിടെത്തിക്കാൻ ഞാൻ ഉമേഷേട്ടനോട് പറയാം…”

അവൻ തലയാട്ടി കൊണ്ട് പോയി. സിതാര ഫോണെടുത്ത് ഉമേഷിനെ വിളിച്ചു..

“എന്താ..?” ഗൗരവത്തിലുള്ള ചോദ്യം…

“എന്റെ ബാഗിൽ നിന്നും കാശെടുത്തായിരുന്നോ?”

“എനിക്കെന്തിനാ നിന്റെ കാശ്? “

“ഉമേഷേട്ടൻ കള്ളം പറയണ്ട…ചിട്ടിക്ക് കൊടുക്കാൻ വച്ച പൈസ ആയിരുന്നു…എന്റെ പൈസ എടുക്കുമ്പോൾ എന്നോട് ചോദിക്കണം. അതാണ് മര്യാദ…”

“നീ എന്നെ മര്യാദ പഠിപ്പിക്കുന്നോടീ..” അപ്പുറത്തു പച്ചത്തെ റി കേട്ടു…

“നിന്നെപ്പോലൊരു ശ വത്തിനോട് ഇത്രയൊക്കെ മര്യാദ കാട്ടാനെ എനിക്ക് പറ്റൂ…ബാക്കി ഞാൻ വന്നിട്ടു തരാം…” പിന്നെയും തെറി വിളിച്ച് കൊണ്ട് ഉമേഷ്‌ ഫോൺ വച്ചു..

അകത്തു കയറുമ്പോൾ വരാന്തയിൽ ഇരിക്കുകയായിരുന്ന സരോജിനി മുറ്റത്തേക്ക് നീട്ടി തുപ്പി..

“ഭാര്യയുടെ കാശ് ഭർത്താവ് എടുക്കുന്നതൊക്കെ സാധാരണമാ…അതിന് ജോലിക്ക് പോയ ചെറുക്കനെ വിളിച്ച് വഴക്കു പറയേണ്ട ആവശ്യമില്ല “

“ഞാൻ എന്റെ ഭർത്താവിനോടാ സംസാരിച്ചേ….അതിലെന്തിനാ അമ്മ ഇടപെടുന്നത്?  ഇത്രേം നേരം കിടക്കുകയായിരുന്നല്ലോ…ഞങ്ങളെന്താ സംസാരിക്കുന്നത് എന്ന് കേൾക്കാനല്ലേ ഇവിടെ വന്നിരിക്കുന്നെ?”

സിതാരയുടെ നിയന്ത്രണം വിട്ടു..

“സഹിക്കുന്നതിനു ഒരു പരിധിയുണ്ട്…എന്നും ഞങ്ങളെന്തെങ്കിലും സംസാരിക്കുമ്പോൾ അതിനിടയിൽ വന്നു വീഴും..പിന്നെ അമ്മയുടെ മോൻ എടുത്തത് ഞാൻ അധ്വാനിച്ചുണ്ടാക്കിയ കാശാ..അത് എനിക്ക് ചിലവാക്കാൻ വച്ചതല്ല. ചിട്ടി വിളിച്ചെടുത്തത് അമ്മ ആശുപത്രിയിൽ കിടന്നപ്പോഴാ…അമ്മയ്ക്ക് പെൻഷനൊക്കെ ഉണ്ടല്ലോ..ഒരു കാര്യം ചെയ്യ് ഇനി മുതൽ ചിട്ടികാശ് കൊടുത്തോ….”

അവൾ അടുക്കളയിലേക്ക് കയറിപ്പോയി…പുറത്തു നിന്നും സരോജിനി അസഭ്യം പറയുന്നത് കേൾക്കാം. ഇനി കുറേ നേരം ഇതായിരിക്കും…അടുത്തവീട്ടിലുള്ളവർ എല്ലാം കേൾക്കുന്നു എന്നുറപ്പാവും വരെ സരോജിനി അലറി വിളിക്കും…അതൊരു പതിവാണ്…വീട്ടിലെ വഴക്ക് നാലാളെ കേൾപ്പിച്ചില്ലെങ്കിൽ അവർക്കൊരു സമാധാനവും ഉണ്ടാകില്ല..വര്‍ഷങ്ങളായി കാണുന്നത് കൊണ്ട് ഇതൊക്കെ ശീലമായി..അടുക്കളയിൽ  ജോലി ചെയ്തു കൊണ്ടിരിക്കവേ എന്തിനോ സിതാരയുടെ കണ്ണുകൾ നിറഞ്ഞു…എന്തൊരു ജീവിതമാണിത്?….ആരോടെങ്കിലും മനസ്സ് തുറന്നൊന്നു സംസാരിക്കാൻ കൂടി പറ്റുന്നില്ല…സുഹൃത്തുക്കളായി അങ്ങനെ ആരുമില്ല…ഫേസ്ബുക് സൗഹൃദങ്ങൾ മാത്രം..പക്ഷേ അവരോടൊന്നും ഒരു പരിധി വിട്ട് അടുക്കാറില്ല…അത്യാവശ്യം കഥയും കവിതയുമൊക്കെ എഴുതാറുണ്ട്…സങ്കടങ്ങൾ  മറന്നു ചിരിക്കാൻ ഒരു ഗ്രൂപ്പും ഉണ്ട്…അത് മാത്രമാണ് ആകെയുള്ള ആശ്വാസം..ടൈം ട്രാവൽ ചെയ്യുന്ന മെഷീനെ പറ്റി ഒരു ഫേസ്ബുക് പോസ്റ്റ്‌ കണ്ടിരുന്നു…അങ്ങനെ ഒന്ന് കിട്ടിയിരുന്നെങ്കിൽ എവിടെ വച്ചു തന്റെ ജീവിതം മാറ്റും?? അവൾ  ചിന്തിച്ചു…ഉമേഷിനു മുന്നിൽ താലി കെട്ടാൻ തല കുനിക്കുന്ന ആ നിമിഷമോ…? അല്ല…അതിനും മുൻപിലേക്ക് പോകണം..വർഷങ്ങൾ മുൻപിലേക്ക്… കുഞ്ഞു സിതാരയുടെ മുൻപിലേക്ക് ഒരു വാവയെ നീട്ടി പിടിച്ചു മുത്തശ്ശൻ പറയുന്നു..

“ദാ നോക്ക്…മോളുടെ അനിയനാ….”  അവന്റെ കവിളിൽ ഉമ്മ വച്ച ആ നിമിഷത്തിലേക്ക് തിരിച്ചു പോകാൻ അവൾ അതിയായി ആഗ്രഹിച്ചു..ഒരിക്കൽ കൂടി  അവനെ ഒരു കുഞ്ഞായി കിട്ടണം….സനൂപ്….തന്റെ അനിയൻ…..തലകുനിച്ചു ഇറങ്ങി പോകുന്ന അവനെയോർത്തപ്പോൾ അവളിലൊരു കരച്ചിൽ പൊട്ടി….

*****************

“മോളുടെ കുടുംബക്കാർ ശരിക്കും അന്വേഷിച്ചിട്ട് തന്നെയാണോ ഈ കല്യാണത്തിന് സമ്മതിച്ചത്?”

വിവാഹം കഴിഞ്ഞ് ഉമേഷിന്റെ  വീട്ടിലെത്തി ഒരാഴ്ച കഴിഞ്ഞപ്പോൾ  അയല്പക്കത്തെ ചേച്ചി സ്വകാര്യം പോലെ ചോദിച്ചു…

അവരോട് എന്തുപറയണം എന്നറിയില്ലായിരുന്നു..അച്ഛനില്ലാത്ത പെണ്ണ്,..സ്ഥിരവരുമാനം ഇല്ലാത്ത അനിയൻ..കൂലിപണി ചെയ്യുന്ന അമ്മ…അത്തരം ഒരവസ്ഥയിൽ  അമ്മാവന്മാർ കൊണ്ടുവന്ന ആലോചന  ദൈവാനുഗ്രഹം എന്നേ എല്ലാവരുംചിന്തിച്ചുള്ളൂ…

“ഒറ്റ മോനാ…പ്ലംബിങ് ജോലി ചെയ്യുന്നു..വീട്ടിൽ അമ്മ മാത്രമേയുള്ളൂ… “

അമ്മാവൻ പറഞ്ഞപ്പോൾ അമ്മ നന്ദിയോടെ തലയാട്ടി..അന്ന് രാത്രി സനൂപ് അമ്മയോട് ചോദിച്ചു..

“നമുക്കിത് വേണോ? ഒന്നുമില്ലെങ്കിലും ചേച്ചി ഡിഗ്രി വരെ പഠിച്ചതല്ലേ? അയാൾ വെറും പത്താം ക്ലാസ്…”

“എന്നാൽ നീ  വല്ല ഡോക്ടറെയോ എഞ്ചിനീയറേയോ കൊണ്ടുവന്ന് കെട്ടിക്കെടാ…”

അമ്മ കോപത്തോടെ പറഞ്ഞു..

“നീ തരുന്ന നക്കാപ്പിച്ച കാശ് കൊണ്ട് ഇവിടെ ഒരാഴ്ച ചെലവ് നടക്കാൻ തന്നെ ബുദ്ധിമുട്ടാ…ഒരു കല്യാണം നടത്തണേൽ എത്ര രൂപ വേണമെന്ന് വല്ല നിശ്ചയവും ഉണ്ടോ? ഇതാവുമ്പോൾ എന്റെ ചേട്ടന്മാർ സഹായിക്കും..അവർക്കറിയുന്ന കുടുംബമാ…നീയായിട്ട് അതിന് തടസ്സം നിൽക്കരുത്…”

നിസ്സഹായതയോടെ സനൂപ് പിന്തിരിഞ്ഞു…രാത്രി ഭക്ഷണം കഴിക്കാൻ അവനെ തിരഞ്ഞപ്പോൾ  മുറ്റത്തിന്റെ കോണിൽ എന്തോ ആലോചിച്ചു നില്കുകയായിരുന്നു..സിതാര മെല്ലെ അരികിൽ ചെന്നു..

“എന്താടാ ആലോചിക്കുന്നെ…?”

“ഒന്നുമില്ല…”

അവൾ അവന്റെ ചുമലിൽ പിടിച്ചു…

“പോട്ടെ…അമ്മ പറയുന്നതിലും കാര്യമില്ലേ? അച്ഛൻ ഉണ്ടായിരുന്നെങ്കിൽ പ്രശ്നമില്ല…”

സനൂപ് അവൾക്കഭിമുഖമായി നിന്ന് കണ്ണുകളിലേക്ക് നോക്കി..

“ചേച്ചി സത്യം പറ. ഈ  വിവാഹത്തിന് പൂർണ്ണ മനസ്സോടെയാണോ സമ്മതിച്ചത്? “

ആ നോട്ടം നേരിടാൻ കഴിയാതെ അവൾ മുഖം കുനിച്ചു..

“ഞാൻ അന്വേഷിച്ചു. അയാൾക്ക് എന്തൊക്കെയോ കുഴപ്പങ്ങളുണ്ട്..ആരും ഒന്നും വിട്ട് പറയുന്നില്ല. അയാളെ പേടിച്ചിട്ടാ..ഞാനിതു വല്യമ്മാവനോട് ചോദിച്ചപ്പോ കല്യാണം കഴിച്ചാൽ ശരിയായിക്കോളും എന്നാ പറയുന്നത്…എല്ലാ ആണുങ്ങൾക്കും ഉള്ള പോരായ്മകൾ മാത്രമേ ഉള്ളുപോലും..”

സനൂപ് ദേഷ്യത്തോടെ കൈകൾ കൂട്ടി തിരുമ്മി..

അവൾ ചേർത്തു പിടിച്ചു മെല്ലെ നടന്നു.

“സാരമില്ലെടാ..ഇനി വരുന്നിടത്തു വച്ചു കാണാം..അത്ര മോശം ബന്ധമൊന്നും അമ്മാവന്മാർ കൊണ്ട് വരില്ലല്ലോ..നീ ഇത്രയും പെട്ടെന്ന് എന്തെങ്കിലും ഒരു ജോലി കണ്ടെത്താൻ നോക്ക്..എനിക്ക് നിന്നെയൊർത്താ  ടെൻഷൻ…”

“ഞാനാ രാഘവേട്ടന്റെ വെൽഡിങ് ഷോപ്പിൽ ജോലിക്ക് പോകും..പണ്ട് കുറേ നാൾ പോയതല്ലേ..ഏകദേശം അറിയാം…ഗൾഫിലൊക്കെ നല്ല ചാൻസ് ആണെന്നാ  എല്ലാരും പറയുന്നേ..”

“അതൊക്കെ ബുദ്ധിമുട്ട് ഉള്ള പണിയല്ലേടാ?” സിതാര വേവലാതിയോടെ ചോദിച്ചു..

“അതിന്റെ വെട്ടമടിച്ചാൽ കണ്ണിനു ദോഷമാ..വേണ്ട..നീ വേറെ വല്ല ജോലിക്കും പോയാൽ മതി..”

“അതൊക്കെ വെറുതെ പറയുന്നതാ ചേച്ചീ..ഞാനെന്തായാലും തീരുമാനിച്ചു..”

ദിവസങ്ങൾ കടന്നുപോയി…

ഉമേഷിന്റെ സ്വഭാവദൂഷ്യത്തെ പറ്റിയുള്ള പിറുപിറുക്കലുകൾ കാതിൽ  വീണെങ്കിലും അവൾ അതവഗണിച്ചു..വിവാഹ തലേന്ന് രാത്രി ഏറെ വൈകി അവൾ  സനൂപിന്റെ മുറിയിൽ ചെന്നു..അവൻ ജാലകത്തിലൂടെ പുറത്തേക്ക് നോക്കി നിൽക്കുകയാണ്..കാൽപെരുമാറ്റം കേട്ടപ്പോൾ അവൻ തിരിഞ്ഞു..

“ചേച്ചി ഇനിയും ഉറങ്ങിയില്ലേ?” അവൻ അതിശയപ്പെട്ടു..

“കുറച്ചു നേരം ഉറങ്ങ്…നാളെ നേരത്തെ എണീക്കേണ്ടതല്ലേ?”

“നീയെന്താ ഉറങ്ങാത്തെ?” അവനൊന്നും മിണ്ടിയില്ല..

“സനൂ…” അവൾ  സ്നേഹത്തോടെ വിളിച്ചു.

“ഞാനിന്ന് നിന്റെ കൂടെ ഉറങ്ങിക്കോട്ടെ?” അവൾ അപേക്ഷിച്ചു…സനൂപിന് കരച്ചിൽ വന്നു…അവൻ  അവളെ  കട്ടിലിൽ കിടത്തി പുതപ്പിച്ചു. എന്നിട്ട് അരികിൽ കിടന്നു..

“ചേച്ചീ..”

“ഉം?”

“എന്തുണ്ടെങ്കിലും എന്നെ വിളിച്ച് പറഞ്ഞാൽ മതി…ഞാൻ പറന്നെത്തും…ഞാനുണ്ട് ചേച്ചിക്ക്..”

സിതാര അവന്റെ മുടിയിലൂടെ വിരലോടിച്ചു..തന്റെ വിരലും പിടിച്ചു ഓടി നടന്ന കുഞ്ഞ് ഇന്ന് വലിയൊരാളായി…അവന്റെനിസ്സഹായത  മനസ്സിലാകുന്നുണ്ട്..സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തി ഇവനുണ്ടെങ്കിൽ ഇഷ്ടമില്ലാത്ത ഈ വിവാഹത്തിന് താൻ  സമ്മതിക്കില്ലായിരുന്നു..പോട്ടെ..ഇനി ആലോചിച്ചിട്ട് എന്തു കാര്യം…അവൾ  കണ്ണുകളടച്ചു..

വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങൾക്കുള്ളിൽ  സിതാരയ്ക്ക് കാര്യങ്ങൾ ഏകദേശം മനസ്സിലായിതുടങ്ങി…ദേഷ്യം വന്നാൽ കണ്ണുകാണാൻ പറ്റാത്ത സ്വഭാവമാണ് ഉമേഷിന്റെത്…കയ്യിൽ കിട്ടുന്നതെടുത്ത് എറിയും..അടിക്കും..ചീത്ത പറച്ചിൽ അസ്സഹനീയമായതാണ്. അയൽക്കാരോടൊക്കെ അമ്മയും മോനും വഴക്കായത് കൊണ്ട് ആരും വീട്ടിലേക്ക് വരാറില്ല..അവൾ അമ്മയും ഉമേഷും ഇല്ലാത്തപ്പോൾ മാത്രം വേലിയുടെ അടുത്തു പോയി അവരോടൊക്കെ സംസാരിക്കും..ഉമേഷ്‌ ജോലിക്ക് കൃത്യമായി പോകില്ല.. കടം മേടിച്ചാൽ തിരിച്ചു കൊടുക്കില്ല…മ ദ്യപാനവുമുണ്ട്…ആഭരണങ്ങൾ ഓരോന്നായി പല ബാങ്കുകളിൽ അപ്രത്യക്ഷമാകാൻ തുടങ്ങിയപ്പോഴും സനൂപ് ഇടയ്ക്ക് വരുമ്പോൾ അവളുടെ കൈയിൽ വച്ചു കൊടുക്കുന്ന പൈസ വരെ എടുത്തു കൊണ്ടുപോകുമ്പോഴും അവൾ പ്രതികരിച്ചില്ല…ഇത് തന്റെ വിധിയാണ്…അവൾ  സ്വയം സമാധാനിപ്പിച്ചു…

അസ്സഹനീയമായത്  കിടപ്പറയിലെ ക്രൂ രതകളാണ്…സ്നേഹത്തോടെയുള്ള ഒരു തലോടൽ പോലുമില്ലാതെ  ഉമേഷിന്റെ പരാക്രമം  എത്രയും പെട്ടെന്ന് തീർന്നു കിട്ടണേ എന്നു പ്രാർത്ഥിച്ചു കൊണ്ട് കണ്ണിറുക്കി അടച്ചു കിടക്കുകയാണ് പതിവ്..ഇതാണോ  ദാമ്പത്യം? ആ  ചോദ്യം അവളെ അലട്ടിക്കൊണ്ടിരുന്നു…അകാരണമായ വഴക്കുകൾ  പതിവായി…തൊട്ടതിനും പിടിച്ചതിനുമൊക്കെ സരോജിനിയും അലറി വിളിക്കും…ഒന്നും അവൾ  സനൂപിനോട് പറഞ്ഞില്ല..വെറുതെയെന്തിന് അവനെ  വിഷമിപ്പിക്കണം.?.. പക്ഷേ പ്രശ്നങ്ങൾ കൂടുതൽ വഷളായി..പലിശയ്ക്ക് പണം കൊടുക്കുന്ന കരുണൻ അടിക്കടി വീട്ടിൽ വന്നു പ്രശ്നങ്ങൾ ഉണ്ടാക്കാൻ തുടങ്ങി…അയാൾ വന്നാൽ സരോജിനി  മുറിക്കകത്തു കയറി  വാതിലടയ്ക്കും..സമാധാനം പറഞ്ഞു  സിതാരയ്ക്ക് മടുത്തു…

“ഉമേഷേട്ടന് കുറച്ചെങ്കിലും പൈസ കൊണ്ട് കൊടുത്തൂടെ? അയാൾ രണ്ടുദിവസം കൂടുമ്പോൾ ഇവിടെ വന്നു ചീത്തപറയുകയാ…അല്ലെങ്കിൽ അയാൾ  വിളിക്കുമ്പോ ഫോണെടുക്ക്..എനിക്ക് വയ്യ ഇങ്ങനെ നാണം  കെടാൻ..”

ഒരുദിവസം അവൾ  രണ്ടും കല്പിച്ചു പറഞ്ഞു..

“നിന്റെ ത ള്ളയോട് കാശ് തരാൻ പറയെടീ?അല്ലെങ്കിൽ അനിയനൊരുത്തൻ ഇല്ലേ? അവനോട് തരാൻ പറ…”

പിന്നൊരു സ്ഫോടനം ആയിരുന്നു..താനെന്ത് തെറ്റാണ് പറഞ്ഞതെന്ന് അറിയാതെ സിതാര പകച്ചു..

ഒരു മാസത്തിനു ശേഷം  ഒരു ദിവസം…ഉമേഷ്‌ അമ്മയെയും കൂട്ടി ഏതോ ബന്ധുവിനെ കാണാൻ പോയിരിക്കുകയാണ്..സിതാര  ഉമ്മറത്തിരുന്നു കീറിയ ഒരു നൈറ്റി തുന്നുകയായിരുന്നു…കരുണൻ  അങ്ങോട്ട് വരുന്നത് കണ്ടപ്പോൾ അവളുടെ നെഞ്ചിടിപ്പ് കൂടി..അയാളുടെ  മുഖത്തു ദേഷ്യമൊന്നുമില്ല..ചെറു ചിരി…

“ഉമേഷേട്ടൻ ഇവിടില്ല…” അവൾ പറഞ്ഞു..

“അറിയാം…അവൻ ബസ് കയറുന്നത് ഞാൻ കണ്ടായിരുന്നു…അല്ല, അവനെ കണ്ടിട്ട് ഒരുകാര്യവുമില്ല എന്നെനിക്കറിയാം..ഞാൻ നിന്നോട് സംസാരിക്കാനാ വന്നത്…”

അവൾക്ക് മനസിലായില്ല…

“കുറേ നാളായി ഞാൻ കാശിനു വേണ്ടി അലയുന്നു…എന്റെ ചെരിപ്പ് തേയുന്നത് മാത്രം മിച്ചം…പലിശ കൂടിക്കൂടി വരികയാ…ഇങ്ങനെ പോയാൽ ശരിയാവില്ല….അവനിട്ടു രണ്ടു പൊട്ടിച്ചാൽ കാശ് എന്റെ വീട്ടിലെത്തും..പക്ഷേ നിന്നെ കുറിച്ചോർക്കുമ്പോൾ അതിനും  തോന്നുന്നില്ല…”

അയാൾ  നിഷ്കളങ്കത ഭാവിച്ചു…എന്നിട്ട് വരാന്തയിലേക്ക് കയറി..അവൾ വാതിൽ പടിയിലേക്ക് മാറി നിന്നു..

“നീ വിചാരിച്ചാൽ ഇതെല്ലാം ഒഴിവാകും..മുതലും  വേണ്ട പലിശയും വേണ്ട…ഞാനിവിടെ വന്നു പ്രശ്നം ഉണ്ടാകുകയുമില്ല..”

കരുണന്റെ നോട്ടം തന്റെ മാ റിലേക്ക് ആണെന്നറിഞ്ഞതോടെ സിതാരയ്ക്ക് അയാളുടെ ഉദ്ദേശം മനസ്സിലായി…ഒരു ചുവടു പിറകിലോട്ട് നടന്നാൽ വാതിൽ അടയ്ക്കാം…അവൾ അത് ചിന്തിക്കവേ കരുണൻ ചുറ്റും കണ്ണോടിച്ചു..പെട്ടെന്ന് അവളുടെ വലതു കൈയിൽ പിടിച്ചു…

“ആരുമറിയില്ല…നിനക്ക് വേണ്ടതൊക്കെ ഞാൻ  തരാം…”

അവളൊന്ന് ഞെട്ടി…ഒരു നിമിഷത്തെ പതർച്ചയ്ക്ക് ശേഷം സമചിത്തത വീണ്ടെടുത്ത് അവൾ  കരുണന്റെ കൈ കുടഞ്ഞെറിഞ്ഞു..അയാളെ തള്ളി മാറ്റിയ ശേഷം മുറ്റത്തേക്ക് ഓടിയിറങ്ങി..കാലുകളിൽ തളർച്ച തോന്നിയെങ്കിലും അത് കാര്യമാക്കാതെ അടുത്ത വീട് ലക്ഷ്യമാക്കി അവൾ അക്ഷരാർത്ഥത്തിൽ പറക്കുകയായിരുന്നു…..ആ വീട്ടിലെ ചേച്ചിയുടെ മുന്നിൽ തളർന്നു വീണു…..

പ്രശ്നം എല്ലാവരും അറിഞ്ഞു…പോലീസ് കേസ് കൊടുക്കണമെന്നും, വേണ്ടെന്നും ഒക്കെ പല അഭിപ്രായങ്ങൾ ഉയർന്നു..പക്ഷേ സിതാരയെ ഞെട്ടിച്ചത് ഉമേഷിന്റെ പ്രതികരണം ആയിരുന്നു

“കരുണേട്ടനെ എനിക്ക് വര്‍ഷങ്ങളായി അറിയാം…അയാൾ അത്തരക്കാരൻ ഒന്നുമല്ല..നീ ചുമ്മാ പറയുന്നതാ..”

സമനില തെറ്റുന്നത് പോലെ അവൾക്ക് തോന്നി…കുറേ നേരത്തെ കരച്ചിലിന് ശേഷം അവൾ  ഫോണെടുത്തു സനൂപിന്റെ നമ്പർ ഡയൽ ചെയ്തു….

“ചേച്ചീ..ഞാനങ്ങോട്ടു വിളിക്കാനിരിക്കുകയായിരുന്നു…ശബ്ദം കേൾക്കാഞ്ഞിട്ട് എന്തോ പോലെ… “

അവൻ പറഞ്ഞു തീരും മുൻപ് സിതാരയുടെ നിയന്ത്രണം വിട്ടു…അത്രയും  നാൾ ഉള്ളിലടക്കി വച്ചതെല്ലാം  ഒറ്റ നിമിഷം കൊണ്ട് പുറത്തേക്കൊഴുകി…ഫോണിന്റെ അങ്ങേതലയ്ക്കൽ  കാര്യമറിയാതെ സനൂപ് പകച്ചു നില്കുകയായിരുന്നു…

ബാക്കി ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….