എങ്ങനെ കണ്ടുപിടിക്കാതിരിക്കും അവൾ കാണാതെ അവളുടെ പിന്നാലെ നടക്കാൻ തുടങ്ങിയിട്ട് നാലഞ്ചു മാസമായ്…

എഴുത്ത്: മിഴി മാധവ്

==================

“ചങ്കെ എന്തായി വല്ല നടപടിയുമായോ..?”

കോളേജ് കാന്റീനിനടുത്തുള്ള വാകമരത്തിൽ ചാരി നിൽക്കുന്ന എന്നോട് ചെകുവേര സതിഷന്റെ ചോദ്യം..

എന്റെ മുഖത്തെ നിരാശ കണ്ട് ചിരിച്ചു കൊണ്ട് ലാലേട്ടൻ മമ്മദ് പറഞ്ഞു..

“ഇവനെ കൊണ്ട് നടക്കൂലാ ട്ടാ..നമ്മുടെ സീനിയറൊരുത്തൻ അവളുടെ പിന്നാലെ നടക്കുന്നുണ്ട്..!”

ഞാനൊന്നും മിണ്ടാതെ ക്ലാസ്സ് മുറിയിലേക്ക് നടന്നു..ഇവർക്കൊരു മറുപടി കൊടുക്കാൻ തനിക്കിതുവരെ കഴിഞ്ഞിട്ടില്ല..എങ്ങനെ കഴിയും സത്യത്തിൽ ചങ്കുറ്റത്തിന്റെ കാര്യത്തിൽ ഞാനൊട്ടും പിറകിലല്ലാ പക്ഷേ ഒരു പെണ്ണിന്റെടുത്ത് പ്രണയം പറയാൻ എന്തോ ചങ്കിടിക്കുന്നു.

അഷ്ടമി..

അതാണ് അവളുടെ പേര്.ആദ്യമായ് കോളേജിലേക്ക് കാലുകുത്തിയപ്പോൾ കണ്ണുകളിലുടക്കിയ മുഖം..പിന്നെ കുറെ ചങ്ങാതിക്കുട്ടമെനിക്കുണ്ടായി..അതിലെ ചങ്കുകളാണ് ചെഗുവേരയുടെ തത്വങ്ങളിൽ അടിയുറച്ച സഖാവ് സതീഷനും മോഹൻലാലിന്റെ കട്ട ഫാൻ ലാലേട്ടൻ മമ്മദും..

അഷ്ടമിയുടെ പിറകെ ഞാൻ സൈലന്റ് പ്രണയവുമായ് നടക്കുന്നത് അവര് കണ്ടു പിടിച്ചു..എങ്ങനെ കണ്ടുപിടിക്കാതിരിക്കും അവൾ കാണാതെ അവളുടെ പിന്നാലെ നടക്കാൻ തുടങ്ങിയിട്ട് നാലഞ്ചു മാസമായ്.

അവളെനിക്കെന്റെ ശ്വാസമാകുകയായിരുന്നു. അവളെ കാണുമ്പോഴൊക്കെ എന്റെയിഷ്ടം പറയണമെന്ന് വിചാരിക്കും.. എവിടെന്ന് അവളെ മുന്നിൽ കാണുമ്പോൾ ചങ്കിടിക്കാൻ തുടങ്ങും..

അന്നൊരു മഴയുള്ള ദിവസം..പാർട്ടിയുടെ എതോ ആവശ്യമായതിനാൽ സതീഷൻ ലീവ്.. ലാലേട്ടന്റെ പടം റിലീസായതിനാൽ മമ്മദും ലീവ്..ആകെ ഒറ്റപ്പെട്ടതുപോലെ..ഉച്ച ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഫ്രീയായപ്പോൾ വാകമരത്തിലേക്ക് പെയ്തു വീഴുന്ന മഴ നോക്കി നിൽക്കുമ്പോൾ…

“അതെയ് ഒരു സഹായം ചെയ്യുമോ?”

പിന്നിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ ചെറുതായി മഴ നനഞ്ഞ് മുന്നിൽ അഷ്ടമി. അവളുടെ നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടി തുമ്പിൽ നിന്നും മഴതുള്ളികൾ ഇറ്റിറ്റു വീഴുന്നു… അവളുടെ കണ്ണുകളിലേക്ക് നോക്കി ഞാൻ ചോദിച്ചു..

എന്താണ്..??

അത്.. അത് ഞാൻ എങ്ങനെ..!

അവളൊന്നു പരുങ്ങി..

അഷ്ടമിയോട് സംസാരിച്ചു കൊണ്ടിരിക്കുന്നത് ഇഷ്ടത്തോടെ അത് രസിച്ചുകൊണ്ട് ഞാൻ…

എന്താണെലും പറഞ്ഞോളു…?

മുടിയൊന്ന് മാടിയൊതുക്കികൊണ്ട് അവൾ..

“കൂട്ടുകാരികളുമായ് ഒരു ബെറ്റ്..തന്നെകൊണ്ട് ഐ ലൗ യൂ പറയിപ്പിക്കണം, അതാണ്.. പറ്റ്വോ….?”

ഞാൻ മറുപടിക്കായ് വാക്കുകൾ പരതി..എന്റെ ഹൃദയം അവളൊട് ഇഷ്ടം പറയാൻ വെമ്പുന്നതിവളറിയുന്നില്ലല്ലോ..എന്റെ തലയിണക്കും എന്റെ മുറിയിലെ കണ്ണാടിക്കും ജീവനുണ്ടായിരുന്നേൽ അഷ്ടമിയോട് വിളിച്ചു പറയുമായിരുന്നു..എനിക്കവളെ ജീവനാണെന്ന്‌….

“എന്താ മാഷേ ആലോചിക്കുന്നത്..ദയവായി അരുതെന്ന് പറയരുത്….!”

ഞാനൊന്ന് ചിരിച്ചു..

“അതിനെന്താണ് ഞാൻ പറയാം പക്ഷേ എനിക്കെന്ത് തരും….?

“എന്റെ പൊന്നു മാഷേ ആദ്യമെന്റെ ബെറ്റ് വിജയിപ്പിച്ചു താട്ടെ.. അതിനു ശേഷം നമുക്ക് കാണമെന്നേ പോരേ… “

“എന്നാൽ ഓക്കെ.. പക്ഷേ ഇതെനിക്ക് വല്യാ പരിചയമുള്ള പരിപാടിയല്ലാ..
എങ്കിലും ശരിയാക്കാം… “

“ഈ മാഷിന്റെയൊരു കാര്യം പറഞ്ഞ പ്രണയ സിനിമയൊക്കെ കാണാറുള്ളതല്ലെ..അതുപോലങ്ങ് തട്ടിയാൽ മതിയെന്നെ..!അപ്പോ നാളെ കെമിസ്ട്രീ ലാബിന്റെ പിന്നിലുള്ള മുത്തശ്ശിമാവിന്റെ ചോട്ടിൽ ഇന്റെർവൽ സമയത്ത് കാണാം….പറ്റിക്കരുത് ട്ടോ….!”

അവൾ പോയതിനു ശേഷം എന്റെ ഹൃദയത്തിലേക്കൊരു കുളിർമഴ പെയ്ത്താരംഭിച്ചു..

മുത്തശ്ശിമാവിൻ ചോട്ടിൽ അഷ്ടമിയും കൂട്ടുകാരികളും നിൽക്കുന്നു. പ്രണയത്തിന്റെ പുഷ്പമായ ചുവന്ന പനിനീർ പൂവുമായ് ഞാനവരുടെയടുത്തേക്ക് ചെന്നു. കൂട്ടുകാരികളും അവളും എന്നെ നോക്കി നിൽക്കുകയാണ്. ഞാനവളുടെ മുന്നിൽ മുട്ടുകുത്തി നിന്ന് പൂവ് നീട്ടികൊണ്ട് പറഞ്ഞു..

” ഞാൻ നിന്നെ സ്നേഹിക്കുന്നു പെണ്ണേ! ഈ ലോകത്തിലെ മറ്റെന്തിനേക്കാളും ഞാൻ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നത് നിന്നെയാണ് നിന്നെ മാത്രം. ഇതെന്റെ ഹൃദയം തൊട്ട വാക്കുകളാണ്”

വിടർന്ന കണ്ണുകളോടെ അഷ്ടമി ഞാൻ നീട്ടിയ പൂവ് വാങ്ങി..ഒന്നും മിണ്ടാതെ തിരിഞ്ഞു നടക്കുമ്പോൾ അവൾ പിറകിൽ നിന്നും…

“മാഷെ… ഒന്നു നിന്നേയ്.. “

അവൾ എന്റെ മുന്നിലേക്ക് വന്നു നിന്നു..

“മുട്ടുകുത്തി നിൽക്കാനൊന്നും പറ്റുല്ലാ തൽക്കാലം ഇങ്ങനെ നിന്നു കൊണ്ട് പറയാം…എന്നോട് പ്രണയം പറയാൻ കഴിയാതെ എന്റെ പിറകെ നടക്കുന്ന ഈ ചെക്കനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്…”

ഞാൻ അത്ഭുതത്തോടെ നിൽക്കുമ്പോൾ കൈയ്യടിച്ചുകൊണ്ട് ചെഗുവേര സതീഷും ലാലേട്ടൻ മമ്മദും…..

“ചങ്കെ ഞങ്ങളിവളോട് കാര്യങ്ങളെല്ലാം പറഞ്ഞപ്പോ ഇവൾക്ക് നിന്നോടും മുടിഞ്ഞ പ്രണയമായിരുന്നെന്ന്…! അപ്പോ ഇങ്ങനൊരു സൂത്രപ്പണിയൊപ്പിച്ചു..ചോദിച്ച ചങ്ക് പറിച്ചുതരുന്ന ചങ്ങായിമാരുണ്ട് മച്ചാനേ കൂടെ…..!!”

ഞാൻ എന്റെ ചങ്കുകളെ കെട്ടിപ്പിടിച്ചു…

അങ്ങനെ പല പ്രണയങ്ങൾക്കും സാക്ഷിയായ മുത്തശ്ശിമാവ് ഞങ്ങളുടെ പ്രണയത്തിനും സാക്ഷിയായി…….

കുറേ നാളുകൾക്കു ശേഷം ഞാൻ ലേബർ റൂമിന് പുറത്തെ കസേരയിൽ ടെൻഷനടിച്ചിരിക്കാണ്.. മ്മ്ടെ അഷ്ടമിയുടെ രണ്ടാമത്തെ പ്രസവമാണ്. പ്രണയിച്ചാൽ മാത്രം പോരാ പ്രണയിച്ച പെണ്ണിനെ തന്നെ കെട്ടുകയും വേണം അല്ലങ്കിൽ ഈ പണിക്ക് നിൽക്കരുത്..

“അഷ്ടമിയുടെ കൂടെ ആരാ ഉള്ളത്….? പെൺക്കുട്ടിയാണ്.! അമ്മയും കുട്ടിയും സുഖമായിരിക്കുന്നു..”

അഭിനവിന് ഒരു പെങ്ങളുക്കുട്ടിയെ കിട്ടിയിരിക്കുന്നു… അഭിനയ.!!

~മിഴി മാധവ്