കിടപ്പുമുറിയിലും അടുക്കളയിലുമൊന്നും കാണാനേ ഇല്ല. കുളിമുറിക്ക് അടുത്തെത്തിയപ്പോൾ വെള്ളം വീഴുന്ന ഒച്ച കേൾക്കാം…

അനന്തരാവകാശികൾ…

Story written by Lis Lona

================

“എന്തേ ശാരി വേഗം പോന്നത്….അവിടെ എല്ലാരും തിരക്കണുണ്ടാവില്ലേ…ഇത് നല്ല കഥയായി..ഞാൻ പോരുമ്പോ എന്നോട് പറഞ്ഞത് വൈകുന്നേരെ വരുള്ളൂ ന്നല്ലേ “

കാറ്റു പോലെ വന്ന് , വന്നപാടെ ഉമ്മറത്തെ ചാരുകസേരയിൽ കിടന്നിരുന്ന തന്നെ ഒന്നു നോക്കുക പോലും ചെയ്യാതെ അകത്തേക്ക് കയറിപ്പോയ ഭാര്യയോടാണ് ഉണ്ണിനായരുടെ ചോദ്യം…

തറവാട്ടിലേക്ക് കല്ല്യാണതലേന്നിന്റെ ആഘോഷം കൂടാൻ പോയതാണ് ശാരദ…താനിത്തിരി നേരത്തെ പോന്നു..അങ്ങനെ ഒരാഘോഷങ്ങൾക്കും കൂടുന്ന ആളല്ല ശാരി. മക്കളില്ലാത്തതു കൊണ്ട് അനന്തിരവൻ ശിവനെ  ജീവനാണ് രണ്ടാൾക്കും…അവനും അങ്ങനെ തന്നെ…രണ്ടാൾടേം കാലശേഷം മക്കളില്ലാത്ത തങ്ങളുടെ എല്ലാത്തിന്റെയും അനന്തരാവകാശിയാണവൻ…അവൻ വന്ന് ഒത്തിരി നിർബന്ധിച്ചപ്പോൾ പോയതാണവൾ….

ഉറക്കെ പേരെടുത്തു വിളിച്ചിട്ടും ആളെ കാണാതായപ്പോൾ അയാളകത്തേക്ക്  ചെന്നു…കിടപ്പുമുറിയിലും അടുക്കളയിലുമൊന്നും കാണാനേ ഇല്ല….കുളിമുറിക്ക് അടുത്തെത്തിയപ്പോൾ വെള്ളം വീഴുന്ന ഒച്ച കേൾക്കാം…

“താനെന്താ ഒന്നും മിണ്ടാതെ നേരെ വന്നു കുളിക്കാൻ കേറിയേ…മേലേന്തെങ്കിലും അഴുക്ക് പറ്റിയോ..ഒന്നു പറഞ്ഞുടെടോ “

“ഞാൻ ദാ വരണു ഉണ്ണിയേട്ടാ ..”

മറുപടി കേട്ടിട്ടും , കേട്ട സ്വരത്തിലെ തേങ്ങലിടകലർന്ന പതർച്ച അയാളെ അവിടെ തന്നെ നിൽക്കാൻ പ്രേരിപ്പിച്ചു . പതിനെട്ടാമത്തെ വയസ്സിൽ താലി ചാർത്തി കൊണ്ടുവന്നതാണവളെ ഇന്നിപ്പോ അവൾക്ക് വയസ്സ് അൻപത്തിരണ്ടും  തനിക്ക്  അൻപത്തിയേഴും….

മക്കളെ തരാൻ ദൈവം മറന്നതാണെന്ന് തോന്നുന്നു…ബാക്കിയെല്ലാ സന്തോഷവുമുണ്ടെങ്കിലും ആ ഒരു കുറവ് പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു വേദനയായി ഉള്ളിലുണ്ട് , എന്നിട്ടും  ഇന്ന് വരെ പരസ്പരം അതിനെക്കുറിച്ചു പഴിചാരലോ പരാതിയോ പറയാനോ   ആരുടെ കുഴപ്പമെന്നു അന്വേഷിക്കാനോ പോയില്ല

ആദ്യകാലങ്ങളിൽ കുഞ്ഞെന്ന സ്വപ്നം സാഫല്യമാകാതെ ഓരോ മാസമു റയും കടന്നുപോകുമ്പോൾ  ഭാഗ്യം ചെയ്യാത്ത ഗ ർഭപാത്രത്തിന്റെ ചുടുകണ്ണുനീരായി  ഒലിച്ചിറങ്ങുന്ന ആർ ത്തവര ക്തത്തിനൊപ്പം രണ്ടു പേരുടെയും  ഇടനെഞ്ചിൽ നിന്നും കിനിഞ്ഞിറങ്ങുന്ന ചോര കൂടി കലർന്നിരുന്നു…

അനന്തരവൻ ശിവനാണ് ആകെയുള്ള ആശ്വാസം എന്തിനും ഏതിനും അവൻ വിളിപ്പുറത്തുണ്ട്. മക്കളില്ലാത്ത വിഷമം അവനിൽ ആശ്വാസം കൊണ്ടാണ് തീർക്കുന്നത്…അവന്റെ കല്യാണമാണ് നാളെ , അതിനുള്ള ഒരുക്കങ്ങളുടെ ഇടയിൽ നിന്നാണ് ശാരി മടങ്ങി വന്നത്…

കാത്തു നിൽപ്പിന്റെ ദൈർഘ്യം കൂടിയപ്പോൾ അയാൾ വാതിലിൽ തട്ടി വിളിച്ചു..വാതിൽ തുറന്ന് തനിക്ക് മുഖം തരാതെ ഇറങ്ങിപ്പോകാൻ തുടങ്ങിയ അവരെ അയാൾ പിടിച്ചു നിർത്തി

“താനൊന്നു നിന്നേ…ഇതെന്താ കുളിച്ചൊന്നുമില്ലാലോ….എന്താ ഒരൊളിച്ചു കളി “

മുഖമൊന്നു പിടിച്ചുയർത്തി അമ്പരപ്പിൽ അവരുടെ കണ്ണിലെ ചുവപ്പു തടാകത്തിലേക്ക് കണ്ണെത്തിയതും അവർ അയാളുടെ നെഞ്ചിലേക്ക് ശക്തിയോടെ മുഖമമർത്തി തേങ്ങി…ആൾകൂട്ടത്തിൽ ഒറ്റപെട്ടു പോയ കുഞ്ഞു അമ്മയെ കണ്ടെത്തിയ ആശ്വാസത്തോടെ…

കാര്യമൊന്നും മനസ്സിലായില്ലെങ്കിലും സങ്കടം ഒഴുകിത്തീരട്ടെ എന്നു കരുതി അയാൾ അവരെ ചേർത്ത് നിർത്തി മുടിയിഴകളിൽ പതിയെ വിരലോടിച്ചു. അപ്പോഴും പനിക്കോള് തട്ടിയ പോലെ അവരുടെ ഉടൽ വെട്ടി വിറക്കുന്നുണ്ടായിരുന്നു…

പതിയെ തിരകളൊതുങ്ങിയ കടൽ ശാന്തമാകുന്നത് പോലെ തേങ്ങലുകൾ നിശ്വാസങ്ങളായി മാറി….എങ്കിലും ഉള്ളിലൊതുക്കിയ വന്യമായ തിരമാലകൾ ആഞ്ഞടിക്കാൻ വെമ്പൽ കൊള്ളുന്നത് കണ്ണുകളിൽ തെളിയുന്നുണ്ടായിരുന്നു.

“നമുക്ക് നമ്മുടേതെന്നു പറയാൻ മക്കൾ വേണം ഉണ്ണിയേട്ടാ…മനസ്സുനിറയെ കൊഞ്ചിക്കാനും ലാളിക്കാനും ഒരു കുഞ്ഞു വേണം….ഇട്ടു മൂടാനുള്ള സ്വത്തില്ലേ നമുക്ക്…എവിടെ പോയിയായാലും എന്ത്‌ ചെയ്തിട്ടായാലും എനിക്ക് കുട്ടികൾ വേണം.”

പറഞ്ഞു നിർത്തിയ അവരുടെ മുഖത്തേക്ക് അത്ഭുതത്തോടെ നോക്കി നിൽക്കുമ്പോൾ ഉണ്ണിനായരുടെ കണ്ണും  തുറന്നു പിടിച്ച വായും ഓർമിപ്പിച്ചു…….ഈ പ്രായത്തിലോ….

“എന്താ ഉണ്ടായതെന്ന് പറ…ഇതിപ്പോ ഓടി വന്നു മക്കളുണ്ടാവണംന്നു പറഞ്ഞാൽ ഇക്കണ്ട കാലമൊന്നും കനിയാതിരുന്ന ഭഗവാൻ ഈ വയസ്സാം കാലത്തു തരാമെന്ന് കരാറ് ഒപ്പ് വച്ചിട്ടുണ്ടോ ഇന്നലെയെങ്ങാനും “

“ഇന്ന് വരെ എന്റെ സങ്കടങ്ങൾ പറഞ് ഞാൻ വേദനിപ്പിച്ചിട്ടില്ല പക്ഷേ…..മ ച്ചിയായ ഞാൻ തൊട്ടാൽ കുഞ്ഞിന് സുഖമില്ലാതാവും ന്നും…ന്റെ കൊതി , ശാപം പോലെ അതിന്റെ അച്ഛനുമമ്മക്കും കിട്ടും എന്നൊക്കെ പറഞ്ഞു കേട്ടപ്പോ സഹിക്കാൻ കഴിയുന്നില്ലേട്ടാ…ഒരു കുഞ്ഞിനെ ദത്തെടുത്താൽ ആവോളം അതിനെ സ്നേഹിക്കാം പക്ഷേ വന്ധ്യയെന്ന പേരൊരിക്കലും മായില്ല “

വന്ന വിരുന്നുകാരിലാരുടെയോ  കരയുന്ന കുഞ്ഞിനെ ഒന്നെടുത്തു കൊഞ്ചിക്കാൻ നോക്കിയതും…അവരതിനെ ബലമായി പിടിച്ചു മാറ്റി കൊണ്ട് പോയതും…പോകുന്ന പോക്കിൽ ഒന്നുഴിഞ്ഞിടാൻ ആരോ പറഞ്ഞതും….ഒന്നും വിടാതെ കേട്ടു നിൽക്കുമ്പോൾതന്നെ തന്റെ കവിളിൽ കണ്ണീരിന്റെ ചുടും ചുണ്ടിൽ ഉപ്പുരസവും പടരുന്നത് അയാളറിഞ്ഞു..

ഒളിഞ്ഞും തെളിഞ്ഞും കുട്ടികളില്ലാത്തതിന് കളിയാക്കുന്നവരുണ്ടെന്നറിയാമായിരുന്നു. എന്നാലിങ്ങനൊരു സങ്കടം ആദ്യമായാണ്…അതും വേണ്ടപെട്ടവരെല്ലാം കണ്ടു നിന്നതല്ലാതെ പ്രതികരിച്ചില്ല എന്നറിഞ്ഞപ്പോൾ…

അവരെ പതുക്കെ അടർത്തി മാറ്റി മറുപടിയൊന്നും പറയാതെ അയാൾ തിരിഞ്ഞുനടന്നു, അവൾക്ക് മാത്രമല്ല എല്ലാവർക്കുമുള്ള മറുപടി വാക്കിലൂടെ അല്ലായിരിക്കണം എന്ന് അയാൾക്കറിയാമായിരുന്നു…

ഒരു സങ്കടവും കാണിക്കാതെ പിറ്റേന്ന് കല്യാണത്തിൽ പങ്കെടുക്കുമ്പോളും അയാളുടെ മനസ്സ് കൂട്ടിയും കിഴിച്ചും ഹരിച്ചും ഒരു തീരുമാനത്തിലെത്തിയിരുന്നു .

അടുത്ത ദിവസം തന്നെ ശാരിയെയും കൂട്ടി പരിചയത്തിലുള്ള ഒരു  ഡോക്ടറെ കാണാൻ ചെന്നിരിക്കുമ്പോളും മനസ്സിലെ പ്രതീക്ഷകളുടെ ശക്തിയെക്കാൾ കുഞ്ഞു വേണമെന്ന  അഭിവാഞ്ജ അവരെ ഒന്നാകെ തീവ്രമായി കീഴടക്കിയിരുന്നു..

ഇരുവരുടെയും , വെള്ളിനാരുകൾ വീണു തുടങ്ങിയ മുടിയിഴകളിലേക്കും  ചുളിയാൻ വെമ്പി നിൽക്കുന്ന തൊലിപ്പുറത്തേക്കും കണ്ണ് നട്ട്  , ഈ പ്രായത്തിൽ സാധാരണയായുള്ള ഒരു ഗർഭധാരണത്തിന്റെ സാധ്യതകുറവ് അവരെ പറഞ്ഞു മനസിലാക്കിക്കാൻ ശ്രെമിച്ച ഡോക്ടറെ , പിന്നോട്ടില്ലെന്ന തീരുമാനത്തിലൂന്നി നിന്നവർ തോൽപിച്ചു…

തന്റെ കഴിവിന്റെ പരമാവധിക്കുമപ്പുറത്തേക്കാണ് കാര്യങ്ങളെന്നു മനസിലാക്കിയത് കൊണ്ട് തന്നെ ഡോക്ടറവർക്ക് തന്നെക്കാൾ പ്രഗൽഭ്യമുള്ള മിടുക്കിയായ ഒരു ഡോക്ടർക്ക് കത്തു നൽകി

പുതുതായി കിട്ടിയ ഡോക്ടറെ ഒരു മുടക്കവും കൂടാതെ കണ്ട് ഓരോ പരിശോധനകളും കഴിഞ്ഞു വരുമ്പോളും എവിടെ പോയിരുന്നു എന്നു തുടങ്ങുന്ന ചോദ്യങ്ങളെ  ശാരിക്ക് നല്ല സുഖമില്ല എന്നൊരൊറ്റ മറുപടിയിൽ അയാളൊതുക്കി…

കഴിഞ്ഞു പോകുന്ന ഓരോ പരിശോധനകളും കുത്തിവയ്പ്പുകളും  വേദനയുടെ ഒരു പർവ്വം തന്നെ അവർക്ക് സമ്മാനിക്കുന്നുണ്ടെന്നു അയാൾക്കറിയാമായിരുന്നു …

മാസങ്ങൾ കടന്നു പോകുന്തോറും കയ്യിലെ പൈസ കുറഞ്ഞു വരുന്നതും പരാജയപ്പെടുന്ന IVF സൈക്കിളുകളും  അവരെ നിരാശരാക്കിയില്ല പക്ഷേ…..ഈ പ്രായത്തിൽ എന്തു സൂക്കേടാണിവർക്കെന്നും അനന്തരവനെ മകനാക്കി ദത്തെടുത്തു കൂടെയെന്നും സ്വന്തം പെങ്ങൾ പോലും മറ്റുള്ളവരെ വിട്ടു പറയിപ്പിച്ചപ്പോൾ ഇത്തിരിയെങ്കിലും വിഷമം തോന്നാതിരുന്നില്ല..

പിന്നെയും ഉപദേശികളുടെ വരവുണ്ടായിരുന്നു…പ്രായമിത്രേ ആയതു കൊണ്ട് വിജയിക്കാൻ പന്ത്രണ്ട് ശതമാനം പോലും സാധ്യതയില്ലാത്ത ചികിത്സ എന്തിനാണെന്നും ഇനി എങ്ങാനും ഗർഭിണി ആയാൽതന്നെ  ഈ വയസ്സാംകാലത്തു ശാരദേടത്തിക്കതു താങ്ങാനുള്ള ആരോഗ്യമുണ്ടോയെന്നും….ചോദ്യങ്ങൾക്കൊരു പഞ്ഞവുമില്ലായിരുന്നു…ഉത്തരങ്ങൾ കൊടുത്തില്ലെങ്കിലും…

കുഞ്ഞു ജനിച്ചാൽ തന്നെ നിങ്ങൾക്ക് എത്രെ കാലം അതിനെ നോക്കാൻ കഴിയും…ഈ പ്രായത്തിൽ മക്കളെ പെറ്റിട്ടിട്ട് നിങ്ങൾക്കെന്തെങ്കിലും സംഭവിച്ചാൽ പിന്നാരുണ്ട്? അത് വഴിയാധാരമാകില്ലേ? എന്ന അനന്തരവന്റെ ചോദ്യത്തിന് മാത്രേം അവർ കരഞ്ഞു പോയി…എങ്കിലും അതിനെയും അവർ മറികടന്നു മുന്നോട്ട് പോകാൻ തന്നെ തീരുമാനിച്ചതോടെ അവനും ഈ വഴി വരാതായി..

എട്ടാമത്തെ തവണയും IVF പരാജയപ്പെട്ടതോടെ രണ്ടാളുടേം മനസ്സ്‌ തകർന്നിരുന്നു…പക്ഷേ  അവസാനശ്രമമെന്ന നിലയിൽ ഒറ്റ തവണ കൂടി നോക്കാമെന്നുള്ള മനസ്സ് രണ്ടുപേർക്കും ഒന്നാണെന്ന് പരസ്പരം നോക്കുന്ന കണ്ണുകൾ പറയുന്നുണ്ടായിരുന്നു…

തളർന്നു തുടങ്ങിയെന്നു പറയാനായി ഡോക്ടറുടെ മുന്നിലവർ ഇരുന്നപ്പോൾ , ഒരു രാത്രിക്കൊരു പകലുള്ള പോലെ ഓരോ സങ്കടവും  സന്തോഷത്തിന്റെ മുന്നോടിയാണെന്നു ഊട്ടിയുറപ്പിക്കും വിധം ഡോക്ടറവരെ അറിയിച്ചു ഇത്തവണ ,കാലം വൈകിയെങ്കിലും ദൈവം ശാരിയിലെ അമ്മമരത്തെയും പൂവണിയിച്ചിരിക്കുന്നു…

പിന്നീടുള്ള ഓരോ  ദിവസങ്ങളും എണ്ണിയെണ്ണിയാണ് കടന്നു പൊയ്ക്കൊണ്ടിരുന്നത്…പാലക്കാടു നിന്നും വന്നു പോക്ക് ബുദ്ധിമുട്ടായത് കൊണ്ട് എറണാംകുളത്തു തന്നെ ഒരു കുഞ്ഞു വീടെടുത്തു…ആരും വരില്ല എന്നറിയാമെന്നത് കൊണ്ട് തന്നെ ആരോടും കൂട്ട് നില്ക്കാൻ യാചിച്ചുമില്ല . ഇതിനെല്ലാം മുൻപ് ഒന്നു മുള്ളാൻ പോലും സമ്മതം ചോദിച്ചു അമ്മാവനെയും അമ്മാവിയെയും കാണാൻ വന്നിരുന്ന മരുമക്കളോ കൂടപ്പിറപ്പോ ഒന്നു വിളിച്ചു അന്വേഷിച്ചിട്ട് പോലുമില്ല…

പരീക്ഷണങ്ങളുടെയും  വേദനകളുടെയും നിമിഷങ്ങൾ താണ്ടുമ്പോളും വന്നു ചേരാൻ പോകുന്ന നിധി തന്നെയായിരുന്നു രണ്ടാളുടെയും മനസ്സിൽ…ഒരു കുഞ്ഞു കിളികൊഞ്ചലിനും അച്ഛാ…അമ്മേ എന്നുള്ള വിളിക്കുമായി സ്വപ്നം കണ്ട് ഒരു നിമിഷം പോലും അവരെ തനിച്ചാക്കാതെ അയാൾ തുണയിരുന്നു….

ആറാം മാസം തുടങ്ങുമ്പോളെക്കും പൂർണമായ വിശ്രമം വേണമെന്ന ഡോക്ടറുടെ നിർദ്ദേശത്തിൽ ഹോസ്പിറ്റലിൽ തന്നെ മുറിയെടുത്തു .

വലിയ വയറും വച്ച് ഒന്നു തിരിയാനോ മറിയാനോ കഴിയാതെ അവർ  ചക്രശ്വാസം വലിക്കുന്നതും…പാതിരാത്രിയിൽ വെട്ടിപൊളിക്കുന്ന വേദനയും കൊണ്ട് കടന്നു വരുന്ന മസിലുരുണ്ടു കയറലും ആഗ്രഹം പറഞ്ഞു വാങ്ങിച്ചാലും തിന്നാൻ കഴിയാതെ മാറ്റി വച്ചിരിക്കുന്ന ഇഷ്ടഭക്ഷണവും എല്ലാമെല്ലാം അയാൾക്ക് പുത്തനറിവുകൾ സമ്മാനിച്ചു…

പ്രായാധിക്യവും ഗർഭാലസ്യവും ഒരുപോലെ ശാരദയെ  കീഴടക്കിയിരുന്നെങ്കിലും എപ്പോഴും സന്തോഷവതിയായിരിക്കാൻ അവർ ശ്രദ്ധിക്കുന്നത് അയാളെ അത്ഭുതപെടുത്തിയിരുന്നു…ഇതിനിടയിൽ ഒരിക്കൽ പോലും മകനെ പോലെ സ്നേഹിച്ചിരുന്ന ശിവൻ വന്നെത്തി പോലും നോക്കിയില്ല എന്നത് ഒരു നോവായി അവശേഷിച്ചെങ്കിലും…

മുൻ‌കൂർ നിശ്ചയിച്ചുറപ്പിച്ചതാണെങ്കിലും ശാരിയെ ഓപ്പറേഷൻ തീയേറ്ററിലേക്ക് കൊണ്ടുപോകാനായി നേഴ്‌സുമാർ ഒരുക്കുന്നത് നെഞ്ചിലൊരു നീറ്റലോടെയാണ് കണ്ടു നിന്നത്…

തുടക്കം മുതൽ ഡോക്ടർ പറഞ്ഞു കേൾപ്പിച്ച വരുംവരായ്കകളും , തലേദിവസം വന്ന അനസ്തറ്റിസ്റ് വിശദമാക്കി തന്ന ബുദ്ധിമുട്ടുകളും ശാരിക്കായി ഒരുക്കി നിർത്തിയ രക്തദാതാക്കളും എല്ലാം മനസ്സിൽ ഓട്ടപ്രദക്ഷിണം നടത്തുമ്പോഴും ,മുടി രണ്ടു വശത്തേക്കും പിന്നിയിട്ട് പച്ച വസ്ത്രമണിഞ്ഞു തീയറ്ററിലേക്ക് പോകാൻ തയ്യാറായി പുഞ്ചിരിച്ചിരിക്കുന്ന അവരെ അയാൾ സ്നേഹത്തോടെ ഉമ്മ വച്ചു….

സ്ട്രച്ചറിൽ പതിയെ ഓപ്പറേഷൻ തീയേറ്ററിലേക്ക് കൊണ്ട് പോകുമ്പോഴും ഞാൻ കൂടെത്തന്നെയുണ്ട് എന്നോർമിപ്പിച്ചു വിരൽത്തുമ്പുകൾ കൊണ്ട് അവളെ തൊട്ട്  അയാളും കൂടെച്ചെന്നു…പറഞ്ഞറിയിക്കാൻ പറ്റാത്ത  സങ്കീർണ്ണതക്കു നടുവിലാണ് പ്രസവമെങ്കിലും “ഞാൻ വരും കുഞ്ഞിനേയും കൊണ്ട് ” എന്ന ആത്മവിശ്വാസത്തിന്റെ വാക്കുകൾ അയാളിൽ തെല്ലൊന്നുമല്ല സന്തോഷമുയർത്തിയത്…

മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിന്റെയും ആകാംഷയുടെയും അവസാനം വാതിൽ തുറന്നു ഭൂമിയിലെ മാലാഖമാർ കുഞ്ഞു തുണികെട്ടുമായി അയാളുടെ മുന്നിലെത്തി…

പനിനീർപ്പൂവിന്റെ നൈർമല്യതയോടെ ചെഞ്ചോരയുടെ നിറത്തിൽ ഒരു കുഞ്ഞു മുഖം..വിറയ്ക്കുന്ന കൈകളോടെ ആ കുഞ്ഞു മുഖത്തു വിരലോടിപ്പിച്ചപ്പോൾ പഞ്ഞികെട്ടിന് പോലുമില്ലാത്ത മൃദുലത…അച്ഛനെ അറിഞ്ഞാണോ കുഞ്ഞു ചെറുതായി ഒന്നു ചിണുങ്ങി. ആത്മാവിനെ തളിരണിയിക്കുന്ന ഒരനുഭൂതി ഉടൽ മുഴുവൻ പൂത്തുലയുന്നത് അയാളറിഞ്ഞു

മോനാണോ മോളാണോ എന്ന അയാളുടെ ചോദ്യത്തിന് രണ്ടും മോനാണെന്ന ഡോക്ടറുടെ ഉത്തരം അയാളെ  അമ്പരപ്പിച്ചു…വിശ്വസിക്കാനും തയ്യാറായില്ല  കൂടെയുള്ള സിസ്റ്ററുടെ കയ്യിലെ മറ്റൊരു  തുണികെട്ടു കാണും വരെ….

ഒരാപത്തും കൂടാതെ ഒന്നിനെയെങ്കിലും തരണേ എന്നുള്ളുരുകിക്കഴിഞ്ഞ അയാൾക്ക്….സത്യം പറയാൻ  ഡോക്ടറെ പോലും സമ്മതിക്കാതെ രഹസ്യമായി അവൾ കരുതി വച്ച വിലമതിക്കാത്ത രണ്ടു നിധികളെ സമ്മാനമായി നൽകി ആ അമ്മമരം തളർന്നു കിടപ്പുണ്ടായിരുന്നു അകത്ത്….ചുണ്ടിലൊരു പുഞ്ചിരിയുമായി….

മ ച്ചിയെന്ന വാക്കിൽ നിന്നും അമ്മയെന്ന അതിധന്യമായ പദത്തിന്റെ, മഹനീയമായ അസുലഭ നിമിഷങ്ങൾ ആസ്വദിക്കാൻ അവർ തയ്യാറായിക്കഴിഞ്ഞു….കമിഴ്ന്നു വീഴും മുൻപേയും പിച്ച വയ്ക്കാൻ തുടങ്ങും മുൻപേയും വാക്കുകൾ സ്പഷ്ടമാകും മുൻപും റോസാപൂവിതളുകളെ പോലും തോല്പിക്കുന്ന പിഞ്ചു ചുണ്ടിൽ നിന്നും പൊഴിഞ്ഞു വീഴുന്ന വാക്കാണ് അമ്മ…

കുഞ്ഞുങ്ങളെയും അമ്മയെയും കാണാൻ വന്ന ബന്ധുക്കളിൽ ആരുടേയും മുഖത്തു തെളിച്ചമില്ലായിരുന്നെങ്കിലും….അരികെ കിടത്തിയ കുഞ്ഞിന്റെ വായിൽ മു ലക്കണ്ണ് തിരുകി അമ്മിഞ്ഞപ്പാലെന്ന അമൃത് പകർന്ന് , തൊട്ടിലിൽ കിടത്തിയ കുഞ്ഞിനെ നോക്കി നിർവൃതിയോടെ പുഞ്ചിരിച്ച ശാരിയുടെയും , കൈകെട്ടി അവരെ തന്നെ നോക്കി നിന്ന ഉണ്ണിനായരുടെയും  മുഖങ്ങളിൽ  ആയിരം സൂര്യന്മാരുടെ ശോഭയുണ്ടായിരുന്നു…

~ലിസ് ലോന (20.06.2018)