തന്റെ എല്ലാ കാര്യങ്ങൾക്കും ഏറ്റവും മികച്ചത് മാത്രം തന്നിരുന്ന അച്ഛൻ ഇവിടെയും അങ്ങനൊരു തീരുമാനം എടുക്കും എന്ന് തന്നെയാണ് വിശ്വസിച്ചത്…

ജീവിതങ്ങള്‍…

Story written by Keerthy S Sreenivasan

===========

ചിലപ്പോഴൊക്കെ ഓർമ്മകൾ സൂചിമുനകൾ പോലെയാണ്…

വെറുതെ കുത്തിനോവിച്ചു കൊണ്ടിരിക്കും….

എന്തിനായിരുന്നു ഇന്ന് അയാളെ കാലം എന്റെ മുൻപിൽ എത്തിച്ചത്…പഴയ കാലങ്ങളെ ഓർമിപ്പിക്കാനോ…അങ്ങനെ വീണ്ടും മനസ്സ് നോവിക്കാനോ…

ലേഖയുടെ കണ്ണുകൾ നിറഞ്ഞൊഴുകി….

“അമ്മേ…” മീര മോളുടെ ശബ്ദം അവളെ ഓർമ്മകളിൽ നിന്നു ഉണർത്തി…

എന്ത്‌ മനോഹരമായിരുന്നു തന്റെ ജീവിതം…

പഠിച്ചും ചിരിച്ചും കളിച്ചും ജീവിതം ആഘോഷിച്ചു നടന്ന ഒരു പെൺകുട്ടി…

ഒരു വിവാഹം അവൾക് നേടി കൊടുത്തതോ ഒരു ജന്മത്തേക്കുള്ള സങ്കടങ്ങൾ….

ആലോചിക്കും തോറും നെഞ്ച് പൊടിയുന്നത് പോലെ തോന്നി ലേഖക്ക്…

തന്റെ പഠനത്തിലും  എന്തിന് താൻ കഴിക്കുന്ന ഭക്ഷണത്തിൽ വരെ  അതീവ ശ്രെദ്ധ പുലർത്തിയിരുന്ന അച്ഛനും അമ്മയും തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം വന്നപ്പോൾ എങ്ങനെ ഇത്രയും ഉദാസീനമായി പെരുമാറി എന്നവൾക് തെല്ലും മനസിലായിട്ടില്ല ഈ നിമിഷം വരെയും…

ഡിഗ്രി റിസൾട്ട്‌ അറിഞ്ഞു പി ജി അഡ്മിഷൻ പോവാൻ തയ്യാറെടുക്കുമ്പോൾ ആണ് ഒരു നല്ല വിവാഹലോചന വന്നുവെന്നും അവർ കണ്ടു ഇഷ്ടപെട്ടാൽ നമുക്കിത് നടത്തിയാലോ എന്നും അച്ഛൻ ലേഖയോട് ചോദിക്കുന്നത്…

തന്റെ എല്ലാ കാര്യങ്ങൾക്കും ഏറ്റവും മികച്ചത് മാത്രം തന്നിരുന്ന അച്ഛൻ ഇവിടെയും അങ്ങനൊരു തീരുമാനം എടുക്കും എന്ന് തന്നെയാണ് വിശ്വസിച്ചത്…

ഒരേയൊരു ഡിമാൻഡ് തനിക്ക് പഠിക്കണം എന്നത് മാത്രമായിരുന്നു…

പിന്നെ വന്ന ഞായറാഴ്ച പവിയുടെ വീട്ടുകാർ വന്നു പെണ്ണ് കണ്ടു പോയി തൊട്ടടുത്ത ദിവസം പവിയും…

ഒറ്റനോട്ടത്തിൽ യാതൊരു കുറ്റവും കുറവും തോന്നിയില്ല…

കാണാൻ യോഗ്യനായ ചെറുപ്പക്കാരൻ…നല്ല ജോലി വിദ്യാഭ്യാസം കുടുംബം…

നിനക്ക് നന്നായി ചേരുമെന്ന് എല്ലാവരും വിധി എഴുതി…എന്നാൽ ഞങ്ങളുടെ മനസുകൾ തമ്മിൽ ചേരുമോ എന്ന് ആരും തിരക്കിയില്ല….

അതിനാരും മിനക്കേട്ടില്ല എന്ന് പറയുന്നതാവും ശെരി..കല്യാണം എപ്പോഴും ഒരു അഡ്ജസ്റ്മെന്റ് ആണ് എന്നാണല്ലോ എല്ലാവരും പറയാതെ പറയുന്ന വെയ്പ്…

വിവാഹ രാത്രിയിൽ തന്നെ പവി തന്നോട് തുറന്ന് പറഞ്ഞു ഈ വിവാഹം അവൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല എന്നും…അവനു തന്നെ ഒരു ഭാര്യ ആയി കാണാൻ സാധിക്കില്ല എന്നും….

പവിക്ക് വളരെ കാലമായി അടുപ്പമുള്ള സുഹൃത്തുമായി പിരിയാൻ കഴിയാത്ത ബന്ധം…മനോജിനെ എനിക്ക് മറക്കാൻ കഴിയില്ല എന്നും ലേഖയെ എനിക്ക് പെങ്ങളെ പോലെ മാത്രമേ കാണാൻ കഴിയു എന്നും പറഞ്ഞപ്പോൾ പിടിച്ചു നിൽക്കാൻ ആയില്ല

എല്ലാരേയും പോലെ കുറെ കുറ്റപ്പെടുത്തി നിലവിളിച്ചു…ഉറക്കെ പൊട്ടികരഞ്ഞു എന്റെ ജീവിതം തല്ലി കെടുത്തിയ ദൈവങ്ങളെ വരെ ശപിച്ചു….പക്ഷെ അത്കൊണ്ടൊന്നും പവിയുടെ മനസ്സ് മാറില്ല എന്ന് തിരിച്ചറിയുക ആയിരുന്നു….

എല്ലാവരെയും ബോധിപ്പിച്ചു കുറെ നാൾ ഭാര്യയും ഭർത്താവും വേഷം ആടി തിമിർത്തു..അതിനിടയിൽ പി ജി കഴിഞ്ഞു…ടെസ്റ്റ്‌ എഴുതി സർക്കാർ സർവീസിൽ ഒരു ജോലിയും നേടി…

അപ്പോഴേക്ക് പവിക്കും മനോജിനും അമേരിക്കയിലെ ഒരു കമ്പനിയിൽ ജോലി ആയിരുന്നു…

ഒരു കണക്കിന് അവരും അത് ആഗ്രഹിച്ചിരുന്നു…എല്ലാരിൽ നിന്നും മാറി അവർ ആഗ്രഹിക്കുന്ന ഒരു ജീവിതം അവരും സ്വപ്നം കണ്ടിരുന്നു….

അങ്ങനെ ജോലിക്കെന്ന വ്യാജേന പവി തിരിച്ചു പോയി…

കൂടുതൽ കാലം എല്ലാവരെയും പറ്റിക്കുന്നത് ശെരി അല്ല എന്ന തോന്നൽ ലേഖയെ കൊണ്ട് എല്ലാം തുറന്ന് പറയിപ്പിച്ചു

മറ്റൊരു വിവാഹം എന്ന ഓപ്ഷൻ അവൾക് സ്വീകര്യം ആയി തോന്നിയില്ല ജീവിതം കൊണ്ട് വീണ്ടും കളിക്കാനുള്ള ധൈര്യം നഷ്ടപ്പെട്ടു എന്ന് വേണം പറയാൻ…

പിന്നീട് എല്ലാത്തിൽ നിന്നും ഒരു തരം ഒളിച്ചോട്ടം ആയിരുന്നു…

എല്ലാം അറിഞ്ഞു വെച്ചിട്ട് വീണ്ടും വീണ്ടും പൂർവ്വ കാലം ചികയാൻ എത്തുന്നവരിൽ നിന്നുമുള്ള ഒളിച്ചോട്ടം…

ട്രാൻസ്ഫർ വാങ്ങി ഇത്രയും ദൂരത്തേക്ക് വരുമ്പോൾ..വിവാഹം കഴിക്കാത്ത ബന്ധുക്കൾ ഇല്ലാത്ത ഒരു സ്ത്രീ..ആ ഒരു കാഴ്ചപ്പാട് കൊടുക്കാൻ അവൾ ശ്രദ്ധിച്ചു….

അച്ഛനെയും അമ്മയെയും മനഃപൂർവം മറന്ന് തുടങ്ങി…

ചക്കപഴം പോലെ ചൂഴ്ന്ന് നോക്കാൻ പറ്റുമോ എന്ന അവരുടെ ചോദ്യം വെറും പ്രഹസനം മാത്രമായി തോന്നി..

അവരുടെ ഭാഗത്തു നിന്നു ചിന്തിക്കാൻ ശ്രെമിച്ചില്ല എന്ന് പറയുന്നതാവും ശെരി.

ജോലി സ്ഥലത്ത് താമസം ശെരി ആക്കിയത് യാമിനി ആയിരുന്നു…സഹപ്രവർത്തക എന്നതിൽ ഉപരി കൂടെപ്പിറപ് എന്ന സ്ഥാനം കൈക്കലാക്കി അവൾ ലേഖയുടെ മനസ്സിൽ കയറുമ്പോ അന്ന് ആദ്യമായി ലേഖ മനസിന്റെ എല്ലാ ഭാരവും യാമിനിയുടെ ചുമലിൽ ഇറക്കി വെച്ചു….

യാമിനിയുടെ മകളായ മീര എപ്പോഴൊക്കെയോ തനിക്കും പ്രിയപ്പെട്ടവൾ ആയി മാറുകയായിരുന്നു….

കുടുംബം പോലെ കഴിഞ്ഞ നാളുകൾ….അതിനിടയിൽ പലപ്പോഴായി യാമിനി അവളുടെ കഥ പറഞ്ഞു…

മീരയുടെ അച്ഛനുമായുള്ള പ്രണയവും വിവാഹവും ഒടുവിൽ അദ്ദേഹത്തിന്റെ ആക്‌സിഡന്റ് ഉം. അങ്ങനെ എല്ലാം….

ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ തന്നെ പോലെ തന്നെ ജീവിതം നഷ്ടപെട്ട പെൺകുട്ടി ആണ് യാമിനി എന്ന് ലേഖക്ക് തോന്നി..ആ തോന്നൽ അവളോടുള്ള ആത്മബന്ധം കൂട്ടുകയാണ് ചെയ്തത്….

**************

ആ നശിച്ച ദിവസം ലേഖക്ക് ഇന്നലെ എന്ന പോലെ മനസ്സിൽ തെളിഞ്ഞു വന്നു….

മീര മോളുടെ പിറന്നാൾ നു വേണ്ടി ഡ്രസ്സ്‌ എടുക്കാൻ ആണ് യാമിനി തന്നെയും കൂട്ടി ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങിയത്…

ഡ്രസ്സ്‌ എടുത്ത് വരുന്ന വഴി വളവ് തിരിയുമ്പോൾ എന്തോ തമാശ പറയാൻ യാമിനി തന്നെ തിരിഞ്ഞു നോക്കിയത് വരെ വളരെ വ്യക്തമായി ഓർമ്മ ഉണ്ട്‌….

സ്കൂട്ടറിൽ ഒരു ലോറി ഇടിച്ചതാണ് എന്ന് പിന്നീട് പറഞ്ഞറിഞ്ഞു…

യാമിനിക്ക് അവിടെ  വെച്ച് തന്നെ ജീവൻ നഷ്ടപ്പെട്ടു..വണ്ടിയിൽ നിന്ന് തെറിച്ചു വീണ ലേഖ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു…ബോധം വന്നപ്പോൾ ആദ്യം തിരക്കിയത് യാമിനിയെ ആയിരുന്നു പിന്നെ മീര മോളെയും….

സാഹചര്യങ്ങൾ അംഗീകരിക്കാൻ കൊറച്ചു നാൾ എടുത്തു…

പിന്നീട് യാമിനിയുടെയും ഭർത്താവിന്റെയും ബന്ധുക്കളെ കണ്ടെത്തി മീര മോളെ ഏല്പിക്കാൻ ശ്രെമം തുടങ്ങി…

യാമിനിയുടെ മാതാപിതാക്കളും മീര മോളുടെ അച്ഛന്റെ അമ്മയും നേരത്തെ തന്നെ മരിച്ചിരുന്നു…

ബന്ധുക്കളെ ഏല്പിച്ചു പോരാൻ ലേഖക്ക് മനസ്സ് വന്നില്ല…

എന്റെ കൂടെ മീര മോള് വളരുന്നത് തന്നെ ആവും യാമിനിയുടെ ആത്മാവിന് സന്തോഷം എന്നവൾ വിശ്വസിച്ചു.

മീര മോൾ വന്ന ശേഷം ആണ് താനും ജീവിക്കാൻ തുടങ്ങിയത്…

ആസ്വദിച്ചു സന്തോഷിച്ചു അവളോടൊപ്പം ജീവിക്കുന്ന ഓരോ നിമിഷത്തിനും ലേഖ ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ടിരിക്കുന്നു അച്ഛനെയും അമ്മയെയും പോയി കണ്ടു വീണ്ടും അവരുടെ പഴയ പാവാടകാരി ആയി..

അവർക്കും ഇപ്പോൾ മീര കൊച്ചുമകളാണ്…പ്രിയപ്പെട്ട മകൾക് പിറക്കാതെ പിറന്ന കൊച്ചുമകൾ

**************

മീര മോളുടെ പത്താം പിറന്നാൾ ആയിരുന്നു ഇന്ന്…ക്ഷേത്ര ദർശനം കഴിഞ്ഞ് തിരിയുമ്പോൾ ആണ് അപ്രതീക്ഷിതമായി മനോജിനെ കണ്ടത്….എത്ര കൊല്ലം കഴിഞ്ഞു പക്ഷെ അവന്റെ മുഖം ഒറ്റ നോട്ടത്തിൽ തന്നെ ലേഖക്ക് തിരിച്ചറിയാൻ സാധിച്ചു..

ഇപ്പോൾ പഴയ പോലെ ഒരു ദേഷ്യം പവിയോടോ മനോജിനോടോ തോന്നുന്നില്ല…താൻ പക്വത വെച്ചതായി ലേഖക്ക് തോന്നി അല്ലങ്കിൽ അവരുടെ സ്വത്വം താൻ അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു….അന്നും പവിയുടെ ഇഷ്ടത്തോട് ആയിരുന്നില്ല തന്റെ വെറുപ്പ്‌…

സ്വന്തം ഇഷ്ടങ്ങൾ ഒളിപ്പിച്ചു വെച്ച് എന്റെ ജീവിതം ഇല്ലാതാക്കിയതിനോട് മാത്രം ആയിരുന്നു…

അമ്മേ…..

മീരമോളുടെ ശബ്ദംൽ വീണ്ടും അവളെ ഉണർത്തി…

എന്താ മോളെ എന്ന ലേഖയുടെ ചോദ്യത്തിന് ഒരു അങ്കിൾ കാണാൻ വന്നിരിക്കുന്നു എന്ന ഉത്തരമാണ് മീരയിൽ നിന്നും കിട്ടിയത്….

ഹാൾ ൽ ഇരുന്ന ആളുകളെ കണ്ടപ്പോ അത്ഭുതം ഒന്നും തോന്നിയില്ല…

പവിയും മനോജും…

അമ്പലനടയിലെ കണ്ടുമുട്ടൽ അവരെ ഇവിടെ എത്തിക്കുമെന്ന് ലേഖ പ്രതീക്ഷിച്ചിരുന്നു….

ലേഖക്ക് ഇപ്പോഴും എന്നോട് വെറുപ്പ് ആണെന്ന് അറിയാം പവി സംസാരിച്ചു തുടങ്ങി…

കോളേജിൽ വെച്ച് തുടങ്ങിയ സൗഹൃദം ആയിരുന്നു മനോജിനോട്…സൗഹൃദം അതിരുകൾ ഭേധിക്കുന്നത് മനസിലായെങ്കിലും തടയിടാൻ ആയില്ല…കാരണം ഞങ്ങളുടെ ഇഷ്ടങ്ങൾ അങ്ങനെ ആയിരുന്നു…

ഒരിക്കലും ഒന്നും അറിയാത്ത ഒരു പെൺകുട്ടിയെ ചതിക്കണം എന്ന് വിചാരിച്ചതല്ല…പക്ഷെ ഞാൻ പറഞ്ഞ കാര്യങ്ങൾ യഥാസ്തികരായ അച്ഛനും അമ്മയ്ക്കും മനസിലാക്കാൻ സാധിച്ചില്ല…

ഈ ” അസുഖം ” ഒരു വിവാഹത്തോടെ മാറുമെന്ന് അവർ വിശ്വസിച്ചു…എന്റെ സ്വത്വം ഇതാണ് എന്നവർ അംഗീകരിച്ചു തന്നില്ല….

ലേഖയെ ഒരു തരത്തിലും ഉപദ്രവിക്കരുത് എന്ന് ആഗ്രഹം ഉണ്ടായിരുന്നത് കൊണ്ടാണ് വിവാഹ രാത്രിയിൽ തന്നെ എല്ലാം തുറന്ന് പറഞ്ഞത്…

ഇപ്പോ ഇത്രയും കൊല്ലങ്ങൾക്ക് ശേഷം ലേഖയെ കണ്ടിട്ട് സംസാരിക്കാതെ പോയാൽ ഞങ്ങൾക്ക് മനസമാധാനം കിട്ടില്ല എന്ന് തോന്നി പവി പറഞ്ഞു നിർത്തി…

അല്ല ഈ കുട്ടി…മനോജ്‌ ചോദിച്ചു…

എന്റെ സുഹൃത്തിന്റെ കുട്ടി ആണ് അവളുടെ മരണത്തോടെ മീര മോളെ ഞാൻ ഏറ്റെടുത്തു…അതോടെയാണ് എന്റെ ജീവിതത്തിലും പുതു നാമ്പുകൾ വിരിയാൻ തുടങ്ങിയത് മനോജ്‌ ലേഖ പറഞ്ഞു…

നിങ്ങളോട് എനിക്ക് ഇപ്പോ ഒരു ദേഷ്യവും ഇല്ലാ…അന്ന് നിങ്ങളെ പൂർണമായും മനസിലാക്കാൻ എനിക്ക് കഴിഞ്ഞില്ല പക്ഷെ ഇന്ന് അതിനു എനിക്ക് സാധിക്കുന്നുണ്ട്…..

നിങ്ങൾ ആയിരുന്നു ഒന്നിച്ചു ജീവിക്കേണ്ടത്…

സ്നേഹിച്ചവർ തന്നെ ഒന്നിച്ചു ജീവിക്കണം..

ലേഖ ചിരിച്ചു…മനസ്സ് തുറന്നാണ് ഞാൻ ചിരിക്കുന്നത്…

എന്റെ ജീവിതം ഇങ്ങനൊക്കെ വഴിമാറി ഒഴുകിയത് വിധിയുടെ വിളയാട്ടം എന്നെ ഞൻ വിശ്വസിക്കുന്നുള്ളു…നിങ്ങളോട് എനിക്ക് യാതൊരു ദേഷ്യവും ഇല്ലാ…ഈ കൊച്ചു ജീവിതത്തിൽ പരസ്പരം വഴക്കും വൈരാഗ്യവും വെച്ച് പുലർത്തിയിട്ട് എന്ത്‌ നേടാനാണ് പവി…

ലേഖയുടെ മറുപടി പവിയുടെയും മനോജിന്റെയും മനസ്സ് നിറച്ചു…

അർജുൻ മനോജ്‌ പുറത്തേക്ക് നോക്കി വിളിച്ചു…ഏകദേശം ഏഴേട്ടു വയസ്സ് തോന്നുന്ന ഒരു കുഞ്ഞു കാർ ൽ നിന്നും ഇറങ്ങി വരുന്നത് ലേഖ സാകൂതം നിരീക്ഷിച്ചു കൊണ്ടിരുന്നു….ഞങ്ങളുടെ മകനാണ് ലേഖ….

അമേരികയിൽ സ്വവർഗ ര തി നിയമ വിരുദ്ധം അല്ല അത്കൊണ്ട് തന്നെ ഞങ്ങൾ വിവാഹിതരായി..

വാടക ഗർഭ പാത്രത്തിലൂടെ നൂതന ചികിത്സ രീതിയിലൂടെ ഞങ്ങൾക്ക് ഇവൻ ജനിച്ചു..

ഇവന്റെ അച്ഛൻ ആരാണെന്ന് ഞങ്ങൾ ഒരിക്കലും ഇവനോട് വെളിപ്പെടുത്തില്ല…

ഞങ്ങളെ ആരെ വേണമെങ്കിലും അച്ചനും അമ്മയും ആയി കണ്ടു അവൻ വളരട്ടെ…

വലുതാവുമ്പോൾ അവൻ അവന്റെ സ്വാതന്ത്ര്യത്തിനു അനുസരിച്ചു പറക്കട്ടെ…അല്ലെ ലേഖ പവി ചോദിച്ചു…

അതെ ഇനി ഒരു പവിയും ലേഖയും മനോജും ഉണ്ടാവാതിരിക്കാട്ടെ…

വിവാഹവും പങ്കാളിയെയും ഇനിയുള്ള തലമുറ സ്വന്തമായ്‌ തിരഞ്ഞെടുക്കട്ടെ…

അത് പറയുമ്പോൾ ലേഖയിൽ ഒരു ചിരി വിടർന്നു…

ആ ചിരി ആ വീടിന്റെ ചുവരുകളെയും ഭേദിച്ചു സ്വാതന്ത്ര്യതിന്റെ മാറ്റൊലി ആയി പുറത്തേക്ക് പ്രതിധ്വനിച്ചു😊

ശുഭം…

~കീർത്തി പ്രമോദ്