തിരിച്ചു കാറിൽ യാത്ര ചെയ്യുമ്പോൾ മുന്നിലെ കണ്ണാടിയിലൂടെ ഞാൻ കൃഷ്ണയെ തന്നെ നോക്കിയിരുന്നു…

കൃഷ്ണ…

Story written by Arun Karthik

=============

രാത്രി ഉറങ്ങാൻ കിടക്കുമ്പോഴാണ് അടുത്ത മുറിയിൽ നിന്നും അമ്മ ഏട്ടനോട് പറയുന്നത് കേട്ടത് “ഗുരുവായൂർ തൊഴാൻ പോകുമ്പോൾ അഞ്ജലി കൃഷ്ണയെ കൂടി വിളിച്ചോളൂ, ആ കുട്ടിക്ക് ആവുമ്പോൾ ദൈവീകകാര്യങ്ങളിൽ ഒരു പ്രേത്യേക താല്പര്യമാണ്.. “

അമ്മ പറഞ്ഞു തീർന്നതും എന്നെ സമീപിച്ചുകൊണ്ടിരുന്ന നിദ്രാദേവിയെ വകഞ്ഞുമാറ്റി ഞാൻ കണ്ണുതുറന്നു.

ഏട്ടന്റെ വിവാഹദിവസമാണ് ഞാൻ ആദ്യമായി കൃഷ്ണയെ കാണുന്നത്. ഏടത്തിയമ്മയുടെ തൊട്ടുഅയൽവക്കത്തെ കുട്ടിയായതു കൊണ്ടു തന്നെ വിവാഹമണ്ഡപത്തിൽ ഒരു പ്രേത്യേക സ്ഥാനം അവൾക്കുണ്ടായിരുന്നു. അന്ന് പക്ഷേ കടാക്ഷംകൊണ്ടു തൃപ്തിപ്പെടാനേ എനിക്ക് സാധിച്ചിരുന്നുള്ളു.

എന്റെ കൂടെ വന്ന ചങ്കുസുഹൃത്തുക്കൾ അന്നവളെ നോക്കി ഊറ്റികുടിച്ച ചോ രയുടെ അളവ് പരിശോധിച്ചാൽ ഏകദേശം ഒരു ലിറ്ററോളം വരും. അവരെ കുറ്റം പറയാൻ കഴിയില്ല, കാരണം ഒരുമാതിരി ഒടുക്കത്തെ സൗന്ദര്യമാ അവൾക്ക്. കൂടെ നിന്ന് ഒരു സെൽഫി എടുക്കാൻ പറ്റിയാൽ ഭാഗ്യമെന്നു പറയാം.

കല്യാണത്തിനും പിന്നീട് അലമാര കൊടുക്കൽ ചടങ്ങിനും ആയിട്ട് രണ്ടു തവണയേ ഞാൻ അവളെ കണ്ടിട്ടുള്ളൂ. പക്ഷേ ഹൃദയത്തിൽ ആഴത്തിൽ അവളങ്ങു തറഞ്ഞുകയറുകയായിരുന്നു.

നാളെ ഈ വീട്ടിലേക്ക് വരുന്ന അവളെ എങ്ങനെ സ്വീകരിക്കണം എങ്ങനെ അവളുടെ ഇഷ്ടം പിടിച്ചു പറ്റും തുടങ്ങി ഒട്ടേറെ ആലോചനകളുമായി കിടന്നു എങ്ങനെയോ നേരം വെളുപ്പിച്ചു.

രാവിലെ മുറ്റത്തിറങ്ങി നിന്ന് സ്വന്തം വീടിനെ മൊത്തത്തിൽ ഒന്നു തലയുയർത്തി വീക്ഷിച്ചു. വീടിന്റെ മുൻപിലെ പത്രമാനത്തിൽ അലസമായി  നിരത്തിവച്ചിരിക്കുന്ന സോപ്പ്പെട്ടി, സോപ്പ് പൊടി, ബ്രഷ്, സ്‌ക്കർബർ. പോർച്ചിലാണെങ്കിൽ ഏടത്തി കഴിച്ചിട്ട് ഇട്ടേച്ചു പോയ മിട്ടായികടലാസ്. മുറ്റത്തു വീണു കിടക്കുന്ന പൊട്ടിപ്പോയ ബക്കറ്റ്, കപ്പ്….എല്ലാം കണ്ടു കലീ കയറിയ ഞാനലറി. “ഈ വീട്ടിൽ ആരുമില്ലേ “

പക്ഷെ ശബ്ദം പുറത്തേക്കു വന്നില്ല. കാരണം ആ വീട്ടിൽ എന്റെ ശബ്ദം ഉയരാറില്ല. അമ്മ വളരെ ഡിസിപ്ലിൻ ആയത് കൊണ്ടു ശബ്ദനിയന്ത്രണം ആ വീട്ടിൽ നിർബന്ധമാ…

എന്തായാലും വൃത്തിയാക്കിയിട്ടു തന്നെ ബാക്കികാര്യമെന്ന് വിചാരിച്ചു എല്ലാം എടുത്തു യഥാർത്ഥ സ്ഥാനത്തു കൊണ്ടുപോയി വച്ചു.

എന്റെ മുറിയിലെ പൊട്ടും പൊടിയും തൂത്തുവാരി വൃത്തിയാക്കി.

മാറാല നീക്കം ചെയ്യുന്നതും അലമാര നീക്കി അടിച്ചു വരുന്നതും കണ്ടു അമ്മ എന്നെയൊന്നു തുറിച്ചു നോക്കിയെങ്കിലും ഞാൻ അതൊന്നും മൈൻഡ് ചെയ്യാതെ എന്റെ മുറി വൃത്തിയാക്കി.

ഒരു മാസമായിട്ട് വെള്ളം കാണാതിരുന്ന എന്റെ ബൈക്ക് കുളിപ്പിച്ച് കുട്ടപ്പനാക്കി…

എപ്പോഴാണ് കൃഷ്ണ ഈ വീട്ടിലേക്ക് എത്തുക എന്നറിയാൻ പതിയെ അടുക്കളയിൽ ചെന്നു നോക്കി.

ഏടത്തിയും അമ്മയും കറിക്കുള്ള കഷ്ണങ്ങൾ നുറുക്കുന്നതുകണ്ട്‌ എന്തെങ്കിലും വിവരം കിട്ടുമെന്നു പ്രേതീക്ഷിച്ചു ഫ്രിഡ്ജിൽ നിന്നും ദാഹിക്കുന്നില്ലെങ്കിലും ഒരു കുപ്പി വെള്ളമെടുത്തു കുടിച്ചു.

എന്റെ പതുങ്ങലും വെപ്രാളവുമൊക്കെ കണ്ടിട്ടാവണം ഏടത്തി പറയുന്നത് കേട്ടു.

“കൃഷ്ണയെ കൂട്ടാൻ വൈകിട്ട് പോകണമമ്മേ “

അപ്പൊ ഇനിയും സമയമുണ്ടെന്നു ആലോചിച്ചു പതിയെ കണ്ണാടിയുടെ മുന്നിൽ പോയി സ്വന്തം മുഖത്തേക്ക് നോക്കി നിന്നു.

ഒരു ഫെയർ ആൻഡ് ലാവ്‌ലി മേടിച്ചു തേച്ചാലോ, അല്ല എവിടെ തേക്കാനാ. ലേഡീസ്നു താടിയുള്ളവരെയാ ഇഷ്ടം എന്നു പറഞ്ഞിട്ട് ഇപ്പോൾ നെറ്റിയും മൂക്കും ഒഴികെ കട്ടത്താടി നിറഞ്ഞു നിക്കുവാ….

വൈകിട്ട് കൃഷ്ണ ടൗണിൽ എത്തിയെന്നറിഞ്ഞപ്പോൾ ഏടത്തി അമ്മയോട് പറഞ്ഞു. “കാർത്തിയെ പറഞ്ഞു വിട്ടാൽ കൃഷ്ണയെ കൂട്ടികൊണ്ടു വരാമായിരുന്നുവെന്ന്.”

അതുകേട്ടു എന്റെ ഏടത്തിയോട് എനിക്ക് ആദ്യമായി ആരാധന തോന്നി.

“കൃഷ്ണയെയും കൂട്ടി ബൈക്കിലൊരു യാത്രയോ ഇതിലും വലിയ യാത്ര സ്വപ്നങ്ങളിൽ മാത്രം “

മനസ്സ് സന്തോഷം കൊണ്ടു നിറഞ്ഞു തുളുമ്പിയപ്പോൾ അമ്മ പറയുന്നത് കേട്ടു.

അതുവേണ്ട മോളേ ഏട്ടൻ ടൗണിൽ ഉണ്ടല്ലോ അവനോട് കൊണ്ടുവിടാൻ പറ.

കാണപ്പെട്ട ദൈവമായ അമ്മയെ കൺവെട്ടത്തു നിന്നു വിളിച്ചോണ്ട് പോകാനെന്ന് പറയാൻ തോന്നിയ നിമിഷം..

അവൾ എത്തുമ്പോഴേക്കും ഞാൻ കുളിയും കഴിഞ്ഞു പൗഡറും പൂശി സ്പ്രേ അടിച്ച ഒരു ഷർട്ടും എടുത്തിട്ട് വരാന്തയിൽ പോയി നിന്നു.

ഇട്ട ഷർട്ട്‌ അത്ര പോരെന്നു തോന്നി വീണ്ടും ഷർട്ട്‌ മാറി വരുന്നത് കണ്ട് ഏടത്തി ഒരു കള്ളചിരി ചിരിച്ചു. ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടിൽ ഞാൻ നൈസായിട്ട് ഒഴിഞ്ഞു മാറി.

സമയം സന്ധ്യയായപ്പോൾ ഞങ്ങൾ  നാമജപം നടത്തുമ്പോൾ കൃഷ്ണയും ഏട്ടനും കൂടി ബൈക്കിൽ വരുന്നത് കണ്ടു ഞാൻ  എന്റെ ബൈക്കിലേക്ക് ദയനീയമായി ഒന്നു നോക്കി.

അഞ്ജലി കൃഷ്ണ വന്നു കേറിയപ്പോൾ തന്നെ  ഞാനെന്റെ മുപ്പത്തിരണ്ടു പല്ലും കാട്ടിചിരിച്ചു. അവൾ പക്ഷേ അതൊരു ചെറുപുഞ്ചിരിയിൽ ഒതുക്കി. ഗണപതിക്ക് വച്ചത് തന്നെ കാക്ക കൊണ്ടുപോയല്ലോ എന്നോർത്ത് ഞാനെന്റെ മുറിയിൽ പോയിരുന്നു.

എല്ലാവരും പരിചയം പുതുക്കലും ചായകുടിയും കഴിയുന്നത് വരെ ഞാൻ മുറിവിട്ട് പുറത്തേക്കു വന്നില്ല.

കുറച്ചു കഴിഞ്ഞപ്പോൾ കൃഷ്ണ എന്റെ മുറിയിലേക്ക് കടന്നു വന്നപ്പോൾ ഞാനും കുറച്ചു ജാഡയിട്ടു ഇരുന്നു. കലിപ്പാണേൽ ഞാനും കട്ടകലിപ്പ്‌ ആണെന്ന് വിചാരിച്ച്‌ ഇരിക്കുമ്പോൾ എന്റെ മൊബൈൽ എനിക്ക് നേരെ അവൾ വച്ചു നീട്ടി.

“ഏതോ ഒരു ലക്ഷ്മി വിളിച്ചിരുന്നു, അവളുടെ കവിതയ്ക്കു ലൈക്ക് അടിച്ചില്ലത്രെ. കുറെ വിളിച്ചിട്ടും ഇയാൾ കേട്ടില്ല അതാണ് ഫോൺ കൊണ്ടു വന്നത്. ഞാൻ പോട്ടെ….” അവൾ തിരിച്ചു പോയപ്പോൾ ഞാൻ ആകെചമ്മി പോയി.

ശ്ശോ അവൾ എന്തു വിചാരിച്ചു കാണും എന്നെക്കുറിച്ചു. അല്ല ഞാൻ ലക്ഷ്മിക്കു ലൈക്‌ അടിച്ചതാണല്ലോ. ഫോൺ നോക്കിയപ്പോൾ അവളുടെ പുതിയ കവിത, 5മിനിറ്റ് കൂടുമ്പോൾ പുതിയ കവിത ഇടുന്ന ഒരു നിമിഷകവി ചങ്ക് ആയിപ്പോയി. എന്തു ചെയ്യാനാ.

ഫോൺ അവിടെ വച്ചു  പതിയെ പുറത്തേക്കു വന്നപ്പോൾ കൃഷ്ണ ഏതോ ബുക്ക്‌ വായിച്ചുകൊണ്ടു അവിടെ ഇരിക്കുന്നു. ഞാൻ പതിയെ ഒന്നു മുരടനക്കി അവളുടെ അടുത്ത് ചെന്നുനിന്നു.

സാഹിത്യമൊക്കെ എഴുതുമല്ലേ അവൾ ചോദിച്ചു.

ഇന്നുവരെ അങ്ങനെ ഒരു സാഹസികതയ്ക്കു മുതിരാത്തതു കൊണ്ടു ഞാൻ ചോദിച്ചു.

ഇല്ലല്ലോ….

അപ്പോൾ ഇതൊക്കെ…

ഞാൻ നോക്കിയപ്പോൾ എന്റെ ഡയറിയാണ് അവളുടെ കയ്യിൽ ഉള്ളത്. അതിൽ ഞാൻ കുത്തികുറിച്ചത് അവളെ കുറിച്ചാണ് എന്നു പാവം അവൾക്കു മനസിലായില്ല.

ഞാൻ പതിയെ ആ ഡയറി മേടിച്ചു തിരിഞ്ഞു നടന്നു….

അടുത്ത ദിവസം രാവിലെ ഞങ്ങൾ ഗുരുവായൂർ എത്തി. നിർമാല്യം തൊഴാൻ ക്യുവിൽ അവളുടെ പിറകിലായി ഞാൻ നിൽക്കുമ്പോൾ അവളുടെ കാർകൂന്തൽ എന്റെ മുഖത്തേക്ക് തഴുകി തലോടുന്നുണ്ടായിരുന്നു

അവളുടെ സമീപത്തു നിൽക്കുമ്പോൾ അറിയാതെ എന്റെ ഹൃദയസ്പന്ദനത്തിന്റെ വേഗത കൂടി വരുന്നത് പോലെ തോന്നി.

പക്ഷെ ഈ കു രങ്ങുമോറനെ അവൾ ഒരിക്കലും ഇഷ്ടപ്പെടില്ല എന്നു മനസ്സ് എന്നെ പുറകോട്ടു വലിച്ചുകൊണ്ടിരുന്നു.

കൽവിളക്കിന്റ്  ഇരുവശങ്ങളിൽ നിന്നും ഞങ്ങൾ ഉണ്ണിക്കണ്ണനെ തൊഴുതുമ്പോൾ “ഈ കൃഷ്ണയേ എനിക്ക് തരുമോ” എന്ന് ഞാൻ ഗുരുവായൂരപ്പനോട് ചോദിക്കുന്നുണ്ടായിരുന്നു

ഏടത്തിയും കൃഷ്ണയും ഒരുപാട് സംസാരിക്കുമ്പോഴും എന്നോട് എപ്പോളും കൃഷ്ണ അകലം പാലിക്കുന്നത്  സങ്കടത്തോടെ ഞാൻ നോക്കിനിന്നിരുന്നു.

തിരിച്ചു കാറിൽ യാത്ര ചെയ്യുമ്പോൾ മുന്നിലെ കണ്ണാടിയിലൂടെ ഞാൻ കൃഷ്ണയെ തന്നെ നോക്കിയിരുന്നു. അവളുടെ പാതിയടഞ്ഞ കണ്ണുകളിൽ നിദ്രാദേവി തഴുകുന്നുണ്ടായിരുന്നു.

ഇടയ്ക്കു വണ്ടി നിർത്തി എല്ലാവർക്കും കാറിലേക്ക് ജ്യൂസ്‌ മേടിച്ചു കൊടുത്തപ്പോൾ കൃഷ്ണ മാത്രം അത് നിരസിച്ചപ്പോൾ സങ്കടമായിരുന്നില്ല, മുൻപ് കൂട്ടുകാർ പറഞ്ഞതാണ് ഓർമ്മ വന്നത്.

നീ എത്ര തലകുത്തി മറിഞ്ഞാലും അവൾ നിന്നെ ഇഷ്ടപ്പെടില്ല. ചുവന്ന ഓറഞ്ച് പോലെയുള്ള അവളെ ആഗ്രെഹിക്കാനും വേണം ഒരു യോഗ്യത.

വീണ്ടും പലതവണ കൃഷ്ണ എന്നോട് മാത്രം താല്പര്യകുറവ് കാണിച്ചപ്പോൾ ഏടത്തി വന്ന് എന്നോട് പറഞ്ഞു

നിന്റെ മനസ്സ് എനിക്കറിയാം, പക്ഷേ അവൾ നമ്മുടെ ഗസ്റ്റ് ആണ്. ന്റെ അനിയൻ അത് മറന്നു കളഞ്ഞേക്ക്.

തിരിച്ചു വീട്ടിൽ വന്ന് കഴിഞ്ഞപ്പോൾ കൃഷ്ണയ്ക്കു പനി പിടിപിടിപെട്ടു. വെള്ളം മാറി കുളിച്ചിട്ടാവാം പനി പിടിച്ചതെന്ന് പറഞ്ഞു അമ്മ ആ നെറുകയിൽ രാസ്നാദി പൊടി തേക്കുമ്പോഴും നെറ്റിയിൽ നനച്ച തുണി കെട്ടുമ്പോഴും അവൾ ഈ വീട്ടിന്റെ സ്വന്തമായിരുന്നെങ്കിൽ എന്നു അറിയാതെ ഞാൻ ആഗ്രെഹിച്ചു പോയി..

ഏടത്തി പറഞ്ഞ വാക്കുകൾ ആണ് ശരിയെന്നു മനസ്സിനെ പറഞ്ഞു പഠിപ്പിക്കുമ്പോൾ കൃഷ്ണയുടെ മുറിയിൽ നിന്നും ശബ്ദം കേട്ടു ഞാൻ അവിടേക്കു ചെന്നു.

ഗുളിക കഴിക്കാൻ വേണ്ടി വെള്ളം എടുക്കാൻ ശ്രെമിച്ച കൃഷ്ണയുടെ കയ്യിൽ നിന്നും വെള്ളം തട്ടി മറിഞ്ഞു നിലത്തേക്ക് വീണിരുന്നു.

ഞാൻ ടേബിളിൽ ഇരുന്ന  ഗുളിക നൽകി വെള്ളമെടുത്തു അവളുടെ ചുണ്ടിലേക്ക് അടുപ്പിച്ചു വച്ചുകൊടുത്തു. കൃഷ്ണ തണുത്തുവിറയ്ക്കുന്നതു കണ്ടു ആ ഉള്ളംകാലിൽ ഞാൻ കൈകടഞ്ഞു കൊടുത്തു.

ആ കണ്ണുകളിൽ അപ്പോൾ  ദേഷ്യമോ പരിഭവമോ  ഉണ്ടായിരുന്നില്ല.

അടുത്ത ദിവസം കൃഷ്ണ തിരിച്ചു പോകാൻ തയാറെടുത്തു. ഏട്ടന്റെ കാറിൽ കയറുന്നതിനു മുൻപ് അവൾ എല്ലാവരോടുമായി യാത്ര പറഞ്ഞു. ഒരു താങ്ക്സ് എങ്കിലും പറയുമെന്ന് പ്രതീക്ഷിച്ച് നിന്നെങ്കിലും അവൾ ഒന്നും മിണ്ടാതെ യാത്രയായി.

നഷ്ടങ്ങളുടെ കണക്കുപുസ്തകത്തിലേക്ക് കൃഷ്ണ എന്ന ഓർമ്മയും ചേർത്തു വച്ചപ്പോൾ ഫോണിൽ ഒരു  sms വന്നു. ലക്ഷ്മിയുടെ പുതിയ കവിതയായിരിക്കുമെന്ന് ഓർത്ത് ഫോൺ നോക്കിയപ്പോൾ അതിൽ ഒരു പരിചയമില്ലാത്ത നമ്പറിൽ നിന്നുള്ള മെസ്സേജ് ആയിരുന്നു.

“കാർത്തിയുടെ ഡയറിയിലെ  സാഹിത്യം ഞാൻ പൂർത്തിയാക്കിയിട്ടുണ്ട്. ഇഷ്ടമായാൽ പോസ്റ്റ്‌ ചെയ്യുക. “

ഞാൻ മുറിയിലേക്ക് ഓടിച്ചെന്നു എന്റെ ഡയറിയിൽ താൾ മറിച്ചു നോക്കി. അതിൽ എഴുത്തു ഞാൻ വായിച്ചു നോക്കി.

“പ്രണയിച്ചു കൊതി തീരും മുൻപേ വിവാഹം ഉറപ്പിക്കാനും മണ്ഡപത്തിൽ എന്റെ അരികിലിരുന്ന് ഒറ്റ കണ്ണിറുക്കി കാണിക്കാനും ആ താലി ദേഹത്ത് വീഴുമ്പോൾ ആരായുസ്സ് മുഴുവൻ ഒരുമിച്ചുജീവിക്കാൻ മനസ്സുരുകി പ്രാർത്ഥിക്കാനും  രാത്രിയിൽ ചാറ്റൽ മഴ പെയ്യുമ്പോൾ  എന്റെ ബൈക്കിനു പുറകിലിരുന്ന് വയറിനു കൈ ചുറ്റി പിടിക്കാനും, എന്നെ യാത്രയാക്കാൻ നേരം ആ മൂർദ്ധാവിൽ ചുംബനം ഏറ്റു വാങ്ങാനും ഞാൻ താമസിക്കുമ്പോൾ വഴിയോരത്തു നോക്കി കാത്തിരിക്കാനും ഞാൻ ഉണ്ണുമ്പോൾ ആദ്യഉരുള വന്നു തട്ടിപ്പറിച്ചു എടുക്കാനും വെറുതെ ഓരോന്ന് പറഞ്ഞു വഴക്കിട്ടു തിരിച്ചു വന്നു ക്ഷമ പറഞ്ഞു കൂട്ടി കൊണ്ടു പോവാനും എന്റെ അമ്മയെ പൊന്നു പോലെ നോക്കാനും എന്റെ മക്കൾക്ക് വിദ്യ പകർന്നു നൽകാനും താരാട്ട് പാടി ഉറക്കാനും ഞാൻ പോയാലും എന്റെ ഓർമ്മകളിൽ, പതറാതെ ജീവിതം മുന്നോട്ടു കൊണ്ടു പോകാനും എനിക്ക് ഒരു പെണ്ണിനെ വേണം..ഇഷ്ടമാണോ നിനക്കെന്നെ…..”

(കാർത്തിക് )

…………….”ഇഷ്ടമാണ് ഒരായിരം വട്ടം ഈ നിഷ്കളങ്ക കള്ള താടിക്കാരനെ…” കൃഷ്ണയോട് എന്തിനാ നീ ഉള്ളിലെ ഇഷ്ടം പറയാതിരുന്നത്. ഓ ഞാൻ ഗസ്റ്റ് ആണല്ലോ അല്ലേ…

(അഞ്ജലി കൃഷ്ണ)

അതു വായിച്ചു തീർന്നപ്പോൾ ഏടത്തി പുറകിൽ വന്ന് ഒരു കള്ളച്ചിരി ചിരിക്കുന്നുണ്ടായിരുന്നു.

“ഞാനൊന്നുമറിഞ്ഞില്ലെന്ന്……”

~അരുൺ കാർത്തിക്