പക്ഷെ അവൾ ഓടിച്ചാടി നടക്കുന്നത് വരെ ഉണ്ടായിരുന്നുള്ളൂ എന്റെ ചേച്ചി സ്ഥാനം. നടന്നു തുടങ്ങി ഇന്ന് വരെ അവൾ…

അനിയത്തി

Story written by Susmitha Subramanian

=============

ന്റെ അനിയത്തി , അവൾ ജനിച്ചതേ എനിക്കിട് പണി തരാൻ ആണ് എന്ന് തോന്നിയിട്ടുണ്ട് .

അമ്മ പറഞ്ഞറിയാം എലിക്കുഞ്ഞിനെ പോലെയായിരുന്നു ജനിച്ചപ്പോ ഞാൻ. പക്ഷെ അവളോ മാലാഖ കുട്ടിയെ പോലെ !

ഞാൻ ഇത് പറയുമ്പോ ഈ വാചകത്തിനൊപ്പം തന്നെ എന്റെ മനസിലേയ്ക്ക് ഒരു ലോഡ് പുച്ഛസ്മൈലി കടന്നു വരും

മാലാഖ കുട്ടിയേ , അതും ലവൾ…പിത്തക്കാ ളി !

തരം കിട്ടുമ്പോഴൊക്കെ അവളെ ഞാൻ അങ്ങനെ വിളിക്കാറുണ്ട്. ഒരു മനസുഖം….

പക്ഷെ അവൾ ഓടിച്ചാടി നടക്കുന്നത് വരെ ഉണ്ടായിരുന്നുള്ളൂ എന്റെ ചേച്ചി സ്ഥാനം. നടന്നു തുടങ്ങി ഇന്ന് വരെ അവൾ എന്റെ ചേച്ചിയാണ് , അതിപ്പോ എല്ലാ കാര്യത്തിനും അങ്ങനെ തന്നെ….

അവളുടെ കുഞ്ഞു നാളിൽ അവൾക് ആരും കരയുന്നത് ഇഷ്ടമല്ലായിരുന്നു. അതുകൊണ്ടായിരിക്കും സീരിയൽ കണ്ടു കരഞ്ഞ അച്ഛമ്മയെ ചപ്പാത്തി കോല് കൊണ്ട് തലയ്ക്കിട്ടു തന്നെ വീക്കിയത്. അടികൊണ്ട അച്ചാമ്മ കുഞ്ഞല്ലേ എന്നും പറഞ്ഞു വിട്ടു കളഞ്ഞെങ്കിലും അച്ഛൻ ഇനി ആവർത്തിക്കാതിരിക്കാൻ അവൾക്കിട്ടൊന്നു കൊടുത്തു.

അതിനവൾ അന്ന് ജാക്കിച്ചാന്റെ ശിഷ്യയെ കൂട്ട് അടിച്ചു പഞ്ഞിക്കിടാൻ നേരം മുണ്ടഴിച്ചിടാന് അച്ഛൻ ഓടി രക്ഷപെട്ടത്…

അത് കഴിഞ്ഞതിൽ പിന്നെ അച്ഛൻ അവളെ ഈർക്കിലി കൊണ്ടുപോലും നോവിച്ചിട്ടില്ല എന്നുള്ളത് മറ്റൊരു കാര്യം.

അല്ലെങ്കിലും പിനീട് അടികിട്ടാൻ മാത്രമുള്ള കുരുത്തക്കേടുകൾ ഒന്നും അവൾ ചെയ്തിട്ടില്ല. വീട്ടിലെ ഇളയ കുഞ്ഞായ അവൾ ചെയ്തതൊക്കെയും കുസൃതികൾ ആയിരുന്നു !

വീട്ടിൽ പുലിക്കുട്ടി ആയിരുന്നെങ്കിലും പുറത്തു ഇറങ്ങിയാൽ അവളുടെ വായിൽ നാക്കുണ്ടോ എന്നറിയാൻ വാ തുറന്നു നോക്കേണ്ട അവസ്ഥയായിരുന്നു….

ഒരിക്കൽ അവൾക് സ്കൂളിൽ നിന്ന് കേരളത്തിന്റെ മാപ്പിന് കളർ അടിച്ചു കൊണ്ടുവരാൻ പറഞ്ഞു മാപ് കൊടുത്തുവിട്ടു. സ്വാഭാവികമായും ആ ജോലി എനിക്ക് കിട്ടി. ഞാൻ എന്റെ കഴിവുമൊത്തമായി പുറത്തെടുത്തു മാപ്പിന് കളർ അടിച്ചു കൊടുത്തു.

മാപ്പു കൈയിൽ കിട്ടിയ അവൾ പക്ഷെ എന്റെ കൈപിടിച്ച് തിരിച്ചു വല്യ വായിൽ കരയുകയാണ് ചെയ്തത്. കാരണം ഒരുജില്ലയ്ക് ഞാൻ കറുത്ത കളർ ആണ് കൊടുത്തത്. കറുപ്പിന് ഏഴഴകാണെന്നൊക്കെ മനസ്സിൽ കളർ സെൻസ് ഉള്ളവർക്ക് വേണ്ടി മാത്രം പറയുന്നതാണ് ! അവൾക്കതില്ല…

വല്ലവിധത്തിലുമാണ് അത് ഞാൻ “ഇപ്പ ശെരിയാക്കി തരാമെന്ന്” പറഞ്ഞു മനസിലാക്കിയത്. എന്റെ ഭാഗ്യത്തിനാണ് ഞാൻ അന്ന് വാട്ടർ കളർ ഉപയോഗിച്ച് കളർ ചെയ്തത്. കുറച്ചു കട്ടിയുള്ള പേപ്പർ ആയതുകൊണ്ടും പഞ്ഞിയോക്കെ ഉപയോഗിച്ച് കളർ കുറച്ചു ഞാൻ ആ ജില്ലയെ കടും നീല നിറത്തിൽ ആക്കി കൊടുത്തു. എന്നിട്ടും തൃപ്തി വരാതെയാണ് പിറ്റേന്നു അതും കൊണ്ട് അവൾ സ്കൂളിൽ പോയത്

പക്ഷെ വൈകുനേരം വന്നിട്ടെന്നെ കെട്ടി പിടിച്ചു ഉമ്മയൊക്കെ തന്നു , കാരണം അവള്കായിരുന്നു കളർ അടിച്ചതിൽ ഫസ്റ്റ് കിട്ടിയത്. അന്ന് ഞാൻ ക്രയോൺസോ സ്കെച് പെന്നോ ഉപയോഗിച്ചായിരുന്നു കളർ ചെയ്തിരുന്നതെങ്കിൽ സത്യമായും ഇതെഴുതാൻ എന്റെ കൈ ഉണ്ടാകുമായിരുന്നോ എന്നെനിക് ഇന്നും സംശയമാണ്….

പിനീടൊരിക്കൽ ക്രീയേടിവ് ആയി എന്തെങ്കിലും ഉണ്ടാക്കി കൊണ്ട് വരാൻ ആയിരുന്നു പറഞ്ഞത്. വണ്ടിയിൽ കുറഞ്ഞതൊന്നും അവൾക് വേണ്ട , അതും വെള്ളയ്ക്കാ ടയർ കൊണ്ടുള്ള വണ്ടി. പിന്നെ നിരാഹാരമാണ് കിട്ടുന്നത് വരെ….അടുത്ത വീട്ടിൽ പോയി വെള്ളക്ക പെറുക്കി കാർഡ്ബോർഡ് ഒക്കെ വെട്ടി കളർ അടിച്ചു അന്നത്തെ ടോയ് കാറുകളെയൊക്കെ വെല്ലുന്ന അസ്സലൊരു കാർ രാത്രിയെ പകലാക്കിയാണ്‌ ഞാനും അമ്മയും കൂടെ റെഡി ആക്കിയത്…

സ്കൂളിൽ കൊണ്ടുപോകുമ്പോ നശിഞ്ഞു പോകണ്ടല്ലോ എന്ന് കരുതി അച്ഛന്റെ ടിഫ്ഫിൻ ബോക്സിൽ കാർ വച്ച് ഭദ്രമായി അടച്ചു കൊടുത്തു വിട്ടു . വൈകീട്ട് കെട്ടി പിടിച്ചുള്ള  ഉമ്മയും പ്രതീക്ഷിച്ചു നിന്ന എനിക്ക് നേരെ തുറക്കാത്ത ടിഫ്ഫിൻ ബോക്സണ് അവൾ  നീട്ടിയത്. ക്ലാസ്സിൽ വേറെ ആരും ഒന്നും കൊണ്ടുവന്നില്ലത്രേ…അപ്പോൾ അവരുടെയൊക്കെ ഭീക്ഷണിക്കു വഴങ്ങി അവൾ അതൊട്ട് കൊടുത്തുമില്ല.

മാവിൽ മാങ്ങ ഉണ്ടായ സമയം…കയ്യെത്തിച്ചു പറിക്കാമെന്നതുകൊണ്ടു തന്നെ പഴുത്തു തുടങ്ങുന്നതിനു മുൻപേ ഒക്കെയും അവൾ ചാടി പറിക്കും. ഇനി പച്ചമാങ്ങ പൊട്ടിച്ചാൽ നല്ല തല്ലുകിട്ടുമെന്നു പറഞ്ഞു അമ്മ. പിറ്റേന്നു അച്ഛൻ ഒരു മാങ്ങ പറിച്ചു കൊണ്ടുവന്നു. അതിൽ ആരോ കടിച്ചപാടുകണ്ടപ്പോഴാണ് വൈകുനേരം അവൾ എന്തിനാണ് കസേരയും കൊണ്ട് പോയതെന്ന് മനസിലായത്.

ഞെക്കിനോക്കിയാൽ പഴുത്തോ എന്നറിയില്ലെങ്കിലും അവൾക് കടിച്ചു നോക്കിയാൽ അറിയാൻ പറ്റും. പൊട്ടിക്കരുതെന്നു പറഞ്ഞിരുന്നത് കൊണ്ട് ആൾ കസേരയിട്ട് കൈയെത്തുന്ന മാങ്ങയൊക്കെ കടിച്ചു നോക്കി!

അവളുടെ ഏറ്റവും വല്യ ഹോബിയാണ് വെറുതെ ഇരിക്കുന്ന എന്നെ എന്തെങ്കിലും കൊണ്ട് തല്ലി വേദനിപ്പിച്ചിട്ട് വല്യ വായിൽ കരയുന്നത്. കരച്ചിൽ കേട്ടുവരുന്ന അച്ഛനുമമ്മയും അവളെ തല്ലി കരയിച്ചതിന്റെ പേരിൽ എനിക്കിട് നല്ല അടിവച്ചു തരും

പക്ഷെ എനിക്കിട് തല്ലുകൊള്ളുന്നത് കണ്ടാൽ “ചൂചുനെ തല്ലല്ലേ എന്നും പറഞ്ഞു പിന്നെയും കരയും. കണ്ടാടി അവളുടെ സ്നേഹമെന്നു അവരും ! ഇതൊരുതരം സൈക്കോ സ്നേഹമാണെന്നു ഞാൻ മനസ്സിൽ വിചാരിക്കും. പറഞ്ഞിട്ട് കാര്യമില്ല , അന്നും ഇന്നും ഞാൻ തല്ലിയിട്ടല്ല അവൾ കരഞ്ഞിരുന്നതെന്നു പറഞ്ഞാൽ അവർ വിശ്വസിക്കില്ല.

സ്കൂളിൽ കലക്ഷനും പ്രോജെക്ടിനും അസ്‌സൈൻമെന്റിനുമെല്ലാം അവൾക് വെരി ഗുഡ് കിട്ടും…ന്താ കാരണം ? മൂന്നു വര്ഷങ്ങള്ക്കു മുൻപ് ഞാൻ ചെയ്തിരുന്നതൊക്കെ നിധിപോലെ ഞാൻ സൂക്ഷിച്ചു  വച്ചിട്ടുണ്ടാകും. അതൊക്കെ നേരെ വേറെ ബുക്കിൽ പകർത്തുന്ന ജോലിയെ ഓൾക് ഉണ്ടായിരുന്നുള്ളു..അതും മിക്കവാറും ഞാൻ തന്നെ ചെയ്തു കൊടുക്കണം.

പി ടി എ മീറ്റിങ്ങിനു പോയാൽ , ചേച്ചിയെ പോലെയല്ല ഇവൾ മിടുക്കിയ, എല്ലാ വർക്കും കൃത്യ സമയത് തന്നെ ചെയ്തു തീർക്കുമെന്ന് ഓരോ ടീച്ചേഴ്സിന്റെയും ഗുഡ് സെര്ടിഫിക്കറ്റും അവൾക്ക് കിട്ടും.

എത്രയൊക്കെ വഴക്കിടാലും വെകേഷന് അവളെ കൂട്ടാതെ ഞാൻ അമ്മവീട്ടിൽ പോയി നിന്നാൽ അവളെന്നെ കട്ടിലിന്റെ അടിയിലും അലമാരയ്ക്കുള്ളിലുമൊക്കെ ചെന്ന് നോക്കുമെന്നു അമ്മ പറയാറുണ്ട്.

എല്ലാ സഹോദരങ്ങൾക്കിടയിലെയും പോലെ ഞങ്ങൾക്കിടയിലും ഡ്രെസ്സിന്റെ പേരിൽ ഭക്ഷണത്തിന്റെ പേരിൽ അച്ഛന്റേം അമ്മേടേം അവകാശത്തെ ചൊല്ലി വരെ വഴക്കുണ്ടായിട്ടുണ്ട്

എങ്കിലും കൂടപ്പിറപ്പുകൾ ഒരു ഭാഗ്യം തന്നെയാണ്. എത്ര വഴക്കിടാലും മിണ്ടാതെ ഇരുന്നാലും ഒരിക്കലും അവകാശം നഷ്ടപ്പെടാതെ ഇരിക്കുന്ന ഒരു ബന്ധം സഹോദരങ്ങളുടെയാണ്…വഴക്കിട്ടതിനു കാലങ്ങൾക്കു ശേഷം നീ പണ്ടെന്റെ കൂട്ടുകാരി ആയിരുന്നു എന്ന് പറയുന്നത് പോലെ അല്ല , എത്ര വഴക്കിടാലും അനിയത്തിയാണ്/ചേച്ചിയാണ് /ചേട്ടനാണ് / അനിയനാണ് എന്നലാതെ ആയിരുന്നു എന്ന് ഒരിക്കലും പറയില്ലല്ലോ !