അത്രയും പറഞ്ഞു കൊണ്ട് തിരിഞ്ഞ് ആ ആൺകുട്ടിക്ക് നേരെ മുട്ടുകുത്തിയിരുന്നു അനന്തൻ….

ദൈവത്തിനു പ്രിയപ്പെട്ടവർ….

Story written by Prajith Surendrababu

============

“തിരുമേനി..അതേതാ ആ കുട്ട്യോള്…രണ്ടൂന്ന് ദിവസായി കാണണുണ്ട്..ക്ഷേത്ര കോംബൗണ്ടിനു വെളീല് വന്ന് നിൽക്കാ എന്തൊക്കെ തുരു തുരെ പറഞ്ഞ ശേഷം അകത്തേക്ക് കല്ലുകൾ വാരി എറിയാ.. “

കീഴ്ശാന്തിയുടെ വാക്കുകൾ കേട്ടാണ് അനന്തൻ തിരുമേനി ആ കുട്ടികളെ ശ്രദ്ധിച്ചത്.

ഏകദേശം അഞ്ചു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ആൺകുട്ടി..അവന്റെ വിരലിൽ തൂങ്ങി രണ്ടോ മൂന്നോ വയസ്സ് പ്രായമുള്ള ഒരു പെൺകുട്ടി കൂടി. അയാള് പറഞ്ഞത് ശെരിയാണ്. ക്ഷേത്രത്തിലേക്ക് നോക്കി അവൻ എന്തൊക്കെയോ പറയുന്നുണ്ട് ഒപ്പം റോഡിൽ നിന്നും കല്ലുകൾ വാരി അകത്തേക്ക് എറിയുന്നുമുണ്ട്. ഒന്നും മനസ്സിലാകാതെ അനന്തൻ നോക്കി നിൽക്കെ തന്നെ ആ കലാപരിപാടി അവസാനിപ്പിച്ചു അവര് എങ്ങോട്ടോ ഓടി പോയി..

“ഇതെന്താ പ്പോ ന്റെ കൃഷ്ണാ ഇങ്ങനെ ഒരു കലാ പരിപാടി… “

ശ്രീ കോവിലിലേക്ക് നോക്കി ആത്മഗതം പറഞ്ഞു കൊണ്ട് പതിയെ ഉള്ളിലേക്ക് കയറി അയാൾ. പിറ്റേന്നും അതേ സമയമായപ്പോൾ പുറത്തേക്ക് ഒന്ന് ശ്രദ്ധിക്കുവാൻ മറന്നില്ല അനന്തൻ. കൃത്യ സമയമായപ്പോൾ തന്നെ ആ കുട്ടികൾ എത്തിയിരുന്നു. പതിവ് കലാ പരിപാടികളും ആരംഭിച്ചു. എന്നാൽ ഇത്തവണ അനന്തൻ തിരുമേനി മാത്രമായിരുന്നില്ല അവരെ കാത്തു നിന്നിരുന്നത്. അയാളെ പോലെ തന്നെ ആ കുട്ടികളുടെ പ്രവർത്തികൾ രണ്ട് മൂന്ന് ദിവസങ്ങളായി നിരീക്ഷിച്ചിരുന്ന ക്ഷേത്ര കമ്മിറ്റി അംഗങ്ങളും അവർക്കായുള്ള കാത്തു നിൽപ്പിലായിരുന്നു.

“പിടിക്കെടാ ആ അസത്തുക്കളെ..ഇതിപ്പോ കുറേ ദിവസമായി ഇതുങ്ങള് ഈ പരിപാടി തുടങ്ങീട്ട്… ” കമ്മിറ്റി പ്രസിഡന്റ് ഉച്ചത്തിൽ ആക്രോശിക്കുമ്പോൾ  ആരൊക്കെയോ ആ കുട്ടികൾക്ക് നേരെ പാഞ്ഞു.

പിന്തിരിഞ്ഞോടിയെങ്കിലും പിടിയിലകപ്പെട്ടു പോയി അവർ. ആ കൊച്ചു പെൺകുട്ടി ഭയന്നു വിറച്ചു കരയുന്നത് കണ്ടാണ് അനന്തൻ തിരുമേനിയും അവിടേക്ക് ഓടിയെത്തിയത്

“എന്ത് തോന്ന്യവാസമാടാ കൊച്ച് തെമ്മാടികളെ നിങ്ങള് കാട്ടുന്നത്. “

അടുത്തെത്തിയ പാടെ ആ ആൺകുട്ടിക്കൊരു വീക്ക് വച്ചു കൊടുക്കുവാൻ മറന്നില്ല പ്രസിഡന്റ്.

“ഏയ്.. കുട്ടികളാണ് അവരെ ഉപദ്രവിക്കാതിരിക്കു “

അനന്തൻ തിരുമേനി ഇടയിലേക്ക് കയറി കുട്ടികളെ സംരക്ഷിച്ചു നിന്നു.

“തിരുമേനി..ഈ പിള്ളേര് എന്നും കാട്ടുന്നത് കാണുന്നില്ലേ ഭഗവാന്റെ മുന്നില് വന്ന് തെറിയാണ് വിളിച്ചു പറയുന്നത് ഇവൻ എന്നിട്ട് കല്ലും വാരി എറിയുന്നു. ഇതങ്ങിനെ വെറുതെ വിട്ടാൽ പറ്റില്ലല്ലോ. നല്ലത് പോലെ ഒന്ന് വിരട്ടി വിട്ടില്ലേൽ ഇനിയും ആവർത്തിക്കും ഇവറ്റകള് “

കലിയടങ്ങാതെ കമ്മിറ്റി പ്രസിഡന്റ് വീണ്ടും കുട്ടികളെ അടിക്കുവാൻ കൈ ഓങ്ങുമ്പോൾ പേടിച്ചു അനന്തനു പിന്നിലൊളിച്ചു അവർ.

“നിൽക്കു നിങ്ങൾ ഇങ്ങനെ അവരെ പേടിപ്പിക്കല്ലേ..കുട്ടികൾ അല്ലെ അവർ..അറിവില്ലായ്മ കൊണ്ടാകും..മയത്തിൽ കാര്യം പറഞ്ഞു മനസ്സിലാക്കി വിടാം “

അത്രയും പറഞ്ഞു കൊണ്ട് തിരിഞ്ഞ് ആ ആൺകുട്ടിക്ക് നേരെ മുട്ടുകുത്തിയിരുന്നു അനന്തൻ

“എന്താ നിങ്ങടെ രണ്ടാളുടേം പേര്….. “

“ന്റേത് കണ്ണൻ ന്നാ..ഇത് എന്റെ അനിയത്തിയാ ഗൗരി”

പേടിച്ചു പേടിച്ചവൻ മറുപടി പറയുമ്പോൾ പതിയെ ആ പെൺകുട്ടിയുടെ ഓമനത്വം തുളുമ്പുന്ന മുഖത്തേക്കൊന്ന് നോക്കി അനന്തൻ. കരച്ചിലടങ്ങിയെങ്കിലും അവൾ ഭയത്തോടെ ചുറ്റും കണ്ണോടിക്കുകയായിരുന്നു.

“എന്തിനാ കുട്ട്യോളെ നിങ്ങൾ എന്നും വന്ന് ഇങ്ങനെ ഭഗവാനേ നോക്കി കല്ലുകൾ വാരി എറിയുന്നേ..അതൊക്കെ പാപമല്ലേ…അങ്ങിനെ ചെയ്താൽ ദൈവത്തിനു നിങ്ങളോട് ഇഷ്ടം തോന്നില്ല ദേഷ്യാവും…ഇനി ആവർത്തിക്കരുത് കേട്ടോ”

സ്നേഹത്തിന്റെ ഭാഷയിൽ അനന്തൻ പറഞ്ഞു കൊടുക്കുമ്പോൾ കണ്ണൻ പതിയെ തല ഉയർത്തി

“ദൈവത്തിനു ഞങ്ങളോട് ഇഷ്ടം തോന്നാത്തിരിക്കാനാ ഞാൻ ഇങ്ങനെ ചെയ്യണേ “

“ങേ.. “

ആ മറുപടി കേട്ട് എല്ലാവരും പരസ്പരം മുഖാ മുഖം നോക്കി.

“കേട്ടില്ലേ തിരുമേനി തർക്കുത്തരം..ഇതുങ്ങളെ വെറുതെ ഉപദേശിച്ചിട്ട് മാത്രം കാര്യമില്ല “

കമ്മിറ്റി പ്രസിഡന്റ് പല്ലിറുമ്മുമ്പോൾ വല്ലാത്ത ആശ്ചര്യമാണ് അനന്തന് അത് കേട്ടിട്ട് തോന്നിയത് ഒപ്പം അഞ്ചു വയസ്സ് മാത്രം പ്രായമുള്ള ഒരു കുട്ടി ഇങ്ങനെ പറയണമെങ്കിൽ അതിനുള്ള കാരണമെന്താണെന്ന് അറിയുവാനുള്ള ആകാംഷയും ഏറി

“എന്താ മോനീ പറയുന്നേ ദൈവത്തിന് ഇഷ്ടം തോന്നാതിരിക്കുവാനോ..എന്തിനാണ് അങ്ങിനെ ചെയ്യുന്നേ.. “

“ആ….ഇഷ്ടം തോന്നാതിരിക്കാനാ ചെയ്യുന്നേ….ഇഷ്ടം തോന്നിയാൽ ചിലപ്പോ ന്നേം വാവേനേം ദൈവം വിളിച്ചാലോ..”

ഇത്തവണ കണ്ണന്റെ മറുപടി എല്ലാവരെയും ഒരുപോലെ ആശ്ചര്യപ്പെടുത്തി.

“ദൈവം വിളിക്കുമെന്നോ..ദൈവം എങ്ങിനെയാ വിളിക്കുന്നെ “

ആനന്ദന്റെ ആ ചോദ്യം കേട്ട് അവൻ വീണ്ടും തലയുയർത്തി

“ന്റെ അച്ഛനേം അമ്മേനേം ദൈവം വിളിച്ചല്ലോ…ദൈവത്തിനു അവരെ കൂടുതൽ ഇഷ്ടപ്പെട്ടോണ്ടാ വേഗം അടുത്തേക്ക് വിളിച്ചെന്നു അമ്മൂമ്മ പറഞ്ഞു. കൂടുതൽ ഇഷ്ടോള്ളോരേ ദൈവം വേഗം അടുത്തേക്ക് വിളിക്കും ഇപ്പോ അമ്മുമ്മേനേം ദൈവം വിളിച്ചു…ഇനി ഞാനും വാവേം മാത്രേ ഉള്ളു..എന്നോടും ദൈവത്തിനു ഇഷ്ടം തോന്നിയാൽ എന്നേം വിളിച്ചോണ്ട് പോവില്ലേ…അപ്പോ വാവ ഒറ്റക്കായി പോവും…വാവയോട് ഇഷ്ടം തോന്നി വിളിച്ചാൽ ഞാനും ഒറ്റക്കാകും അതോണ്ട് ഇഷ്ടം തോന്നാതിരിക്കാനാ ഇങ്ങനെ ചെയ്യണേ…”

അനിയത്തിയെ ചേർത്തു പിടിച്ചു കൊണ്ടവൻ പറയുമ്പോൾ എല്ലാവരും മറുപടിയില്ലാതെ നടുക്കത്തോടെ അത് കേട്ടു നിന്നു. അവരോടുള്ള ദേഷ്യം കെട്ടടങ്ങുവാൻ ആ ഒരു നിമിഷം മതിയായിരുന്നു.  അനന്തന്റെ ഉള്ളിൽ ഒരു പിടപ്പായി മാറി ആ വാക്കുകൾ..ഇതെല്ലം കണ്ടുകൊണ്ട് ക്ഷേത്രത്തിൽ തൊഴാനെത്തിയ നാട്ടുകാരിൽ ഒരുവൻ പ്രസിഡന്റിനരികിലേക്കെത്തി

“പ്രസിഡന്റെ..ഇത് ആ തെക്കതിലെ സതീശന്റെ വീട്ടില് വാടകയ്ക്ക് താമസിക്കാൻ വന്ന വൃദ്ധയായ ഒരു സ്ത്രീക്കൊപ്പമുണ്ടായിരുന്ന കുട്ടികളാ..ആ ത ള്ള കഴിഞ്ഞയാഴ്ച മരിച്ചു. ഇതുങ്ങളുടെ ത ന്തേം തള്ളയുമൊക്കെ മുന്നേ മരിച്ചതാ…അയൽക്കാരൊക്കെയാ ഇപ്പോ ആഹാരമൊക്കെ കൊടുക്കുന്നെ..ഏതോ ഓർഫനേജിൽ ആക്കുവാൻ വേണ്ടത് ചെയ്യാമെന്ന് പറഞ്ഞു പോയ പഞ്ചായത്ത് മെമ്പറെയും പിന്നെ ആ വഴിക്ക് കണ്ടിട്ടില്ല”

ആ വാക്കുകൾ കേട്ട് പ്രസിഡന്റും ആകെ വിഷമത്തിലായി.

“ഇതിപ്പോൾ വല്ലാത്ത വിഷമം ആയല്ലോ…എന്ത് ചെയ്യാനാ ഇതുങ്ങളെ.. പോലീസിനെ വിളിച്ചു എല്പിച്ചാലോ.. “

“അത് ശെരിയാണ് പ്രസിഡന്റെ അങ്ങിനെ ചെയ്യ്…പോലീസാകുമ്പോൾ ഇവരെ കൊണ്ട് ഏതേലും അനാഥാലയത്തിൽ ആക്കും അല്ലാതെ പിള്ളേരെ ഇങ്ങനെ ഒറ്റക്ക് വിടുന്നത് ശെരിയല്ല… “

കൂട്ടത്തിൽ നിന്നവർ അഭിപ്രായപ്പെടുമ്പോൾ അതുതന്നെ തീരുമാനിച്ചു ഫോൺ കയ്യിലേക്കെടുത്തു അകലേക്ക്‌ മാറി പ്രസിഡന്റ

ഒക്കെയും കേട്ട് നിന്ന അനന്തൻ അന്നേരം ആ കുട്ടികളുടെ മുഖത്തേക്ക് തന്നെ ഇമവെട്ടാതെ നോക്കി നിന്നു. നിഷ്കളങ്കമായി ചുറ്റുമുള്ളവരെ അല്പം പേടിയോടെ തന്നെ മാറി മാറി നോക്കുകയായിരുന്നു ആ കുട്ടികൾ അപ്പോൾ.

“പോലീസ് ഇപ്പോ എത്തും..ബാക്കി അവര് നോക്കിക്കോളും തത്കാലം കുട്ടികളെ ആ കമ്മിറ്റി ഓഫീസിൽ ഇരുത്താം..”

അത്രയും പറഞ്ഞു ഫോണും പോക്കട്ടിലിട്ട് പ്രസിഡന്റ് മുന്നേ നടന്നു പിന്നാലെ കുട്ടികളുമായി മറ്റുള്ളവരും. നടന്നു പോകുമ്പോൾ അനന്തനെ ഒന്ന് തിരിഞ്ഞു നോക്കുവാൻ മറന്നില്ല കണ്ണൻ. അവന്റെ ആ നോട്ടം അനന്തന്റെ ഉള്ളിൽ തറച്ചു കയറി. അവരെ തന്നെ നോക്കി നിന്നു അയാൾ.

“തിരുമേനി..സന്താന യോഗത്തിനായി ഒരു പുഷ്പാഞ്ജലി കഴിപ്പിക്കണം.. “

പിന്നിൽ നിന്നുമുള്ള ശബ്ദം കേട്ടാണ് അനന്തൻ ആ നോട്ടം പിൻവലിച്ചത്. ഞെട്ടി തിരിയുമ്പോൾ പണമടച്ച റെസീപ്റ്റുമായി  ദമ്പതികൾ അയാളെ നോക്കി നിന്നു.

“തിരുമേനി വിവാഹം കഴിഞ്ഞു ആറ് വർഷങ്ങളാക്കുന്നു. ഇതുവരെ ഒരു കുട്ടിയുണ്ടായിട്ടില്ല..തിരുമേനി ഒന്ന് അറിഞ്ഞു ചെയ്യണം “

പുഞ്ചിരിയോടെ അവർ ഓർമിപ്പിക്കുമ്പോൾ ഒരു നിമിഷം നോക്കി നിന്നശേഷം പതിയെ ശ്രീക്കോവിലിലേക്ക് നടന്നു അനന്തൻ. ഉള്ളിലേക്കുള്ള സ്റ്റെപ്പുകളിൽ ഒന്ന് നിന്നു അയാൾ പതിയെ മുഖം തിരിച്ച് ആ കുട്ടികളെ ഒന്ന് നോക്കി. കമ്മിറ്റിയോഫീസിന് പുറത്തുള്ള ബഞ്ചിൽ ആരോ വാങ്ങി കൊടുത്ത ചായയും നുണഞ്ഞുകൊണ്ടിരുന്നു ആ അവർ…ഭാവിയെന്തെന്നറിയാതെ..

“തിരുമേനി ഞങ്ങടെ പുഷ്പാഞ്ജലി ഒന്ന് വേഗം ചെയ്യാവോ. പോയിട്ട് ഇച്ചിരി തിടുക്കമുണ്ട് “

ദമ്പതികൾ പിന്നാലെയെത്തി ഓർമിപ്പിക്കുമ്പിൽ പതിയെ തിരിഞ്ഞു അനന്തൻ

“ഇപ്പോ ചെയ്ത് തരാം കേട്ടോ… “

ശേഷമയാൾ പതിയെ ഉള്ളിലേക്ക് കയറി.

അനാഥരായ രണ്ട് കുരുന്നുകൾ ആരും ഏറ്റെടുക്കുവാനില്ലാതെ ഭാവിയെന്തെന്നറിയാതെ നിഷ്കളങ്കമായി നോക്കി ഇരിക്കുമ്പോൾ വർഷങ്ങളായി കുട്ടികളില്ലാത്ത ദമ്പതികൾ സന്താന ഭാഗ്യത്തിനായി എങ്ങിനെയും ഭഗവാനേ പ്രീതിപ്പെടുത്തുവാനുള്ള ശ്രമത്തിലായിരുന്നു.

ശുഭം