ആ ചിരിക്ക് നൂറ് അർത്ഥങ്ങളുണ്ടെന്ന് തോന്നിയെങ്കിലും കൂടുതലൊന്നും ചോദിക്കാൻ തോന്നിയില്ല…

എഴുത്ത്: മഹാ ദേവൻ

=================

ഒരു ട്രെയിൻ യാത്രക്കിടയിൽ ആയിരുന്നു ഞാൻ അവരെ ആദ്യമായി കണ്ടത്. അവശത നിറഞ്ഞ മുഖം പരിഭ്രാന്തിയോടെ അങ്ങിങ്ങു വെട്ടിച്ചുകൊണ്ട് മാറിൽ പറ്റിച്ചേർന്നു കിടക്കുന്ന കഞ്ഞിനെ ഒന്നുകൂടെ ഇറുക്കെ ചേർത്തുപിടിക്കുന്നുണ്ട്.

2nd. ക്ലാസ്സ്‌ ആയതുകൊണ്ടുതന്നെ ആളുകളാൽ നിറഞ്ഞ ബോഗിയിൽ, തിരക്കിനിടയിൽ കുഞ്ഞിനേയും ചേർത്തുപിടിച്ചുള്ള നിൽപ്പ് കണ്ടപ്പോൾ അടുത്തുള്ള ആളോട് ഒന്ന് അഡ്ജസ്റ്റ് ചെയ്ത് ഇരിക്കാമോ എന്ന് ചോദിച്ച് അവർക്ക് ഇരിക്കാനൊരു സീറ്റ് തരപ്പെടുത്തി…

പരവശയായ ആണ് മുഖത്തേക്ക് കയ്യിലെ കുപ്പി വെള്ളം നീട്ടുമ്പോൾ ആദ്യം മടിച്ചാണെങ്കിലും അവരത് വാങ്ങി ശ്വാസം വിലങ്ങുവോളം കുടിച്ചു.

അവരുടെ മാറിലേക്ക് പറ്റിച്ചേർന്ന് വാടിതളർന്നുറങ്ങുന്ന കുഞ്ഞുമുഖം കണ്ടപ്പോൾ ന്തോ ഒരു പിടച്ചിൽ ആയിരുന്നു മനസ്സിൽ.

ക്ഷീണമകറ്റി ഒരു നെടുവീർപ്പോടെ സീറ്റിലേക്ക് ചാഞ്ഞ അവരോട് “എങ്ങോട്ടാ പോകുന്നത് ” എന്ന് ചോദിക്കുബോൾ ഭീതി നിറഞ്ഞ കണ്ണുകളാൽ അവരെന്നെ ഒന്ന് നോക്കി. പിന്നെ മറുപടി ഒരു പുഞ്ചിരിയിലേക്ക് ഒതുക്കി.

ആ ചിരിക്ക് നൂറ് അർത്ഥങ്ങളുണ്ടെന്ന് തോന്നിയെങ്കിലും കൂടുതലൊന്നും ചോദിക്കാൻ തോന്നിയില്ല.

“ആ ഫോൺ ഒന്ന് തരാമോ “

അവരുടെ പ്രതീക്ഷയോടെ ഉള്ള നോട്ടം കണ്ടപ്പോൾ കയ്യിലെ ഫോൺ അവർക്ക് നേരേ നീട്ടി. ധൃതിയിൽ ഫോൺ വാങ്ങി മുഖത്തെ വിയർപ്പുതുള്ളികൾ തുടങ്ങിച്ചുകൊണ്ട് ആർക്കോ അവർ വിളിക്കുന്നുണ്ടായിരുന്നു.

അവരുടെ കണ്ണുകൾ കലങ്ങുന്നതും ചുണ്ടുകള് വിറയ്ക്കുന്നതും തൊണ്ടയിടറി പറയുന്ന വാക്കുകളിൽ ചിലത് കേട്ടപ്പോൾ തോന്നി അവരെന്തോ വലിയ ആപത്തിൽ നിന്ന് ഓടിവരുന്നതാണെന്ന്. കയ്യിൽ ഒരു ബാഗോ മറ്റൊന്നും തന്നെ ഇല്ലാത്തത് കൊണ്ട് തന്നെ എങ്ങോട്ടെന്ന് തീരുമാനിച്ചുള്ള യാത്രയല്ല ഇതെന്ന് തോന്നി.

കാൾ കട്ട്‌ ചെയ്ത് ഫോൺ തിരികെ തരുമ്പോൾ നന്ദിസൂചകമായ ഒരു പുഞ്ചിരി ഉണ്ടായിരുന്നു അവരുടെ മുഖത്ത്‌.

“സത്യത്തിൽ എങ്ങോട്ടാണ് പോകുന്നതെന്ന് എനിക്ക് തന്നെ അറിയാത്തത് കൊണ്ടാണ് ഞാൻ….ഈ കുഞ്ഞിനെ ഓർത്ത് മാത്രമാണ് ഞാൻ…അല്ലെങ്കിൽ ഈ ജീവിതം എന്നെ അവസാനിപ്പിക്കുമായിരുന്നു.”

അവരുടെ വാക്കുകളിൽ എന്തൊക്കെയോ ഒളിഞ്ഞിരിപ്പുണ്ടെന്ന് തോന്നി. പക്ഷേ, ചോദിച്ചില്ല.

അവരുടെ ജീവിതത്തെ കുറിച്ച് കൂടുതൽ ചികയാൻ നിൽക്കാതെ ഒന്ന് മാത്രം ചോദിച്ചു, “എന്നിട്ട് ഇപ്പോൾ തീരുമാനിച്ചോ ഇങ്ങോട്ട് പോകണമെന്ന്”

അവൾ ഉവ്വെന്ന് പതിയെ തലയാട്ടി. പക്ഷേ, അപ്പോഴും ആണ് മുഖത്തൊരു വിഷാദം ഉണ്ടായിരുന്നു.

ഈ യാത്രയിൽ അവർ ഒന്നും തന്നെ കരുതിയിട്ടില്ലെന്ന് മനസ്സിലായി. എത്തിപ്പെടേണ്ട സ്ഥലത്ത്‌ എത്തുന്നതുവരെ കുഞ്ഞിന്റെ വിശപ്പകറ്റാൻ പോലും കയ്യിൽ വഴിയില്ലെന്ന് തോന്നിയത് കൊണ്ട് തന്നെ അവരോട് കൂടുതൽ ഒന്നും ചോദിക്കാതെ അവർക്ക് ഇറങ്ങേണ്ട സ്ഥലം മാത്രം ചോദിച്ച് ഒറ്റപ്പാലം സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ ഞാൻ പതിയെ പുറത്തേക്ക് ഇറങ്ങി.

അവർക്ക് പോകാനുള്ള ഒരു ടിക്കറ്റും കുറച്ചു വെള്ളവും ബിസ്ക്കറ്റും മറ്റുമായി തിരികെ ട്രെയിനിൽ കയറുമ്പോൾ അതുവരെ ഉറങ്ങിയ കുഞ്ഞ് എഴുനേറ്റ് വാശിയിൽ കരയുകയായിരുന്നു. വിശന്നിട്ടാകണം…കയ്യിലെ കരുതിയ സാധനങ്ങളും വെള്ളവും കൂടെ ടിക്കറ്റും അവർക്ക് നേരേ നീട്ടിക്കൊണ്ട് ഞാൻ ചിരിച്ചു.”എനിക്ക് ഇറങ്ങേണ്ട സ്ഥലം ഇവിടെ ആണ്. സൂക്ഷിച്ചു പോകുക. ജീവിതം തോൽക്കാൻ മാത്രമുള്ളതല്ല. അത്രേം മനസ്സിലാക്കുക..പിന്നെ നിങ്ങളുടെ അവസ്ഥ അറിഞ്ഞു സഹായിക്കാൻ എന്റെ കയ്യിൽ കൂടുതൽ ഒന്നുമില്ല.”

ഞാൻ കയ്യിൽ ബാക്കിയുള്ളതിൽ നിന്ന് ഒരു ഇരുനൂറു രൂപ ആ കുഞ്ഞിന്റെ കയ്യിൽ വെച്ചുകൊണ്ട് പതിയെ തലയിലൂടെ ഒന്ന് തലോടി. പിന്നെ “ശരി” എന്ന് പറയുമ്പോൾ അവരുടെ കണ്ണുകൾ സന്തോഷത്താൽ ഈറനണിഞ്ഞിരുന്നു.

ഇതുപോലെ എത്രയെത്ര ജീവിതങ്ങളാണ് നമുക്ക് മുന്നിൽ നിസ്സഹായതയോടെ എന്നോർത്തുകൊണ്ട് ഞാൻ പുറത്തേക്ക് ഇറങ്ങുമ്പോൾ ഈറനണിഞ്ഞ കണ്ണുകൾ ജനലഴിയിലൂടെ നോക്കുന്നുണ്ടായിരുന്നു നന്ദി പറയുംപോലെ.

ചില സന്തോഷങ്ങൾക്ക് ആയുസ്സില്ലെന്ന് പറയുംപോലെ പിറ്റേ ദിവസം ഒരു വാർത്ത കൂടി വായിച്ചു.

വാളയാറിനു സമീപം അമ്മയും കുഞ്ഞും ട്രെയിൻ തട്ടി മ രിച്ച നി ലയിൽ.

തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ് ബോ ഡി എന്നറിഞ്ഞപ്പോൾ മനസ്സിലേക്ക് ആദ്യം ഓടിയെത്തിയത് അവരായിരുന്നു. തലേ ദിവസം കണ്ട ആ അമ്മയും നിഷ്ക്കളങ്കത നിറഞ്ഞ ആ കുഞ്ഞ് മുഖവും.

അവർ ആകില്ലെന്ന് മനസ്സ് പറയുന്നുണ്ട്. അവർ ആത്മഹത്യ ചെയ്യില്ലെന്ന് അവരുടെ വാക്കുകളിൽ കേട്ടതാണ്. പക്ഷേ, പത്രത്തിൽ കൊടുത്തിരിക്കുന്ന വാർത്തയിൽ ഡ്രെസ്സിന്റെ കളറും മറ്റും….

അറിയില്ല….

പക്ഷേ…ഞാൻ ഇപ്പോഴും വിശ്വസിക്കുന്നില്ല അവർ ഒരിക്കലും….

ഇപ്പോഴും മനസ്സ് പറയുന്നുണ്ട്, അത് അവരല്ല, അവർ സേഫ് ആണെന്ന്.

പക്ഷേ അവർ തിരഞ്ഞെടുത്ത സേഫ്റ്റി മരണം കൊണ്ട് ആണെങ്കിൽ…അപൂർണ്ണമായ അടയാളപ്പെടുത്തലുകളാണ് ചില എഴുത്തുകൾ…അതുപോലെ ചില ജീവിതങ്ങളും…

✍️ദേവൻ