എനിക്ക് നിങ്ങളെ ഇഷ്ടമല്ല മേലാൽ ഇത്തരം വർത്തമാനം പറഞ്ഞ് എന്റെടുത്ത് വന്നേക്കരുത് ദേഷ്യത്തോടെ പറഞ്ഞിട്ട്…

എഴുത്ത്: മീനു ഇലഞ്ഞിക്കൽ

===========

അവൻ വരും…”

“മോളുടെ വിഷമങ്ങൾ എല്ലാം മാറ്റാൻ ഏഴ് മലകൾക്കപ്പുറത്ത് നിന്ന് ഒരാൾ വരും..”

തന്റെ അടുത്തിരുന്ന അന്നയുടെ കൈകളിൽ ചേർത്തുപിടിച്ചിട്ട്  ലൂസിയാ വല്യമ്മച്ചി വിറയാർന്ന സ്വരത്തിൽ പറഞ്ഞു…

കുഴിഞ്ഞ കൺതടത്തിൽ നിന്ന് ഒഴുകിയിറങ്ങിയ മിഴിനീർ തുള്ളികൾ ഒപ്പിയെടുത്തിട്ട് അന്ന പറഞ്ഞു “വല്യമ്മച്ചിഎന്നതാ ഈ പറയുന്നേ ആർക്കും വേണ്ടാത്ത ഈ പാഴ് ജന്മത്തിനെ തിരക്കി ഈ വടക്കൻ മല കയറി ആരു വരാനാ…”

“എന്റെ മണവാട്ടി…ലബനോനിൽ നിന്ന് എന്റെ കൂടെ വരിക…അപമാനകൊടുമുടിയിൽ നിന്ന് ഇറങ്ങി പോരുക..വടക്കൻ കാറ്റേ..ഉണരുക തെക്കൻ കാറ്റേ വരുക എന്റെ ഉദ്യാനത്തിൽ വീശുക അതിന്റെ പരിമളം വിദൂരത്തെങ്ങും പരക്കട്ടെ..കുതിര കുളമ്പടിയുടെ അകമ്പടിയോടെ അവനിതാ വരുന്നു…” അന്ന വായിച്ച് കേൾപ്പിച്ച വേദപുസ്തകത്തിലെ വേദവാക്യത്തിൽ ചെവികൾ കൂർപ്പിച്ച് ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന യേശുദേവന്റെ ചിത്രത്തിൽ മിഴികളൂന്നി ലൂസിയ വല്യമ്മച്ചി കിടന്നു…

ആളി കത്തി തുടങ്ങിയ മേശ വിളക്കിന്റെ തിരിയല്പ്പം താഴ്ത്തിയിട്ട് മേശ വിളക്കിന് ചുറ്റും വട്ടമിട്ട് പറക്കുന്ന ഇയാം പാറ്റകളെ നോക്കി അവളിരുന്നു.

ഒരു ചെറു തരി വെളിച്ചത്തിൽ ചിറകറ്റ് വീഴുന്ന അവരുടെ ജീവിതമല്ലേതനിക്കും..

ശരിക്കുംഅല്പ്പ പ്രാണികളായ അവറ്റകളെപോലെ തന്നെയല്ലേ ഞാനും…

അനാഥത്വത്തിന്റ വേദനയും പേറി ഇനി എത്രനാൾ….

കിഴക്കൻ മലേന്ന് ഉരുൾ പൊട്ടിയൊലിച്ച് വന്ന് വീടടക്കം തന്റെ അമ്മച്ചി യേം ചാച്ചനേയും കൊണ്ട് പോയപ്പോൾ അനാഥയായ അന്നക്കുട്ടിയുടെ പിന്നിടുള്ള ജീവിതം അമ്മാച്ചന്റെയും അമ്മാവിയുടെയും കുടെയായി..ത്രേസ്യാമ്മാവിയുടെ തല്ലും ശകാരവും ഏറ്റ് അവളുടെ ഓരോ ദിനങ്ങളും കണ്ണീരിന്റെ ഉപ്പ് നിറഞ്ഞതായിരുന്നു…

ആ ജീവിതത്തിലെ അവളുടെ ഏക ആശ്വാസം വല്യമ്മച്ചി ആയിരുന്നു…വാതം വന്നു കിടപ്പിലായ വല്യമ്മച്ചിയുടെ തോളിൽ തല ചായ്ച്ച് കരയുന്ന അന്നക്കുട്ടിയെ നോക്കി വ്യക്തതയില്ലാത്ത ഭാഷയിൽ ജനാലയ്ക്ക് പുറത്തേയ്ക്ക് മിഴികൾ പായിച്ച് വല്യമ്മച്ചി എന്തോ പിറുപിറുക്കുമായിരുന്നു…

അവൾ ജനാല തുറന്ന് പുറത്തേയ്ക്ക് നോക്കി..കോടമഞ്ഞ് മൂടി കിടക്കുന്ന കുന്തിരക്ക മരകൊമ്പുകൾക്കിടയിലൂടെ കാട്ടുവള്ളികളാൽ മൂടിക്കിടക്കുന്ന വെളുത്ത ചുവരുകൾ ഉള്ള ആ ചെറിയ വീട് നോക്കി അവൾ നിന്നു…ആ വീട് അവൾക്ക് അമ്മയെ പോലെ ആയിരുന്നു…തേസ്യമ്മാവിയുടെ ശകാര വർഷങ്ങൾ കേട്ടു തളരുമ്പോൾ ഒരു ചെറു തണൽ തേടി ആൾപ്പാർപ്പിലാത്ത ആ കൊച്ചു വീടിന്റെ വരാന്തയിലിരുന്നു തലചായ്ച്ച് വിമ്മി വിമ്മി കരയുമ്പോൾ ആശ്വാസത്തിന്റെ തണുപ്പു നിറഞ്ഞ തന്റെ അമ്മച്ചിയുടെ ഗന്ധം അവൾ അനുഭവിക്കാറുണ്ടായിരുന്നു….

ആ വരാന്തയിലിരിക്കുമ്പോൾ പലപ്പോഴും തന്നെ രക്ഷിക്കാൻ ഒരാളു വരുമെന്ന തോന്നലിൽ ആ വെളുത്ത ചുവരിൽ മരക്കരി കൊണ്ട് അവൾ   ഇങ്ങനെ എഴുതി വച്ചു..

എന്നെ രക്ഷിക്കാൻ  നീ വരില്ലേ…? രാവും പകലും ഞാൻ നിനക്കായി കാത്തിരിക്കുന്നു ആകാശവും നക്ഷത്രങ്ങളും നില നിലാവും എല്ലാം നിനക്കായി എന്നോടൊപ്പം കൂട്ടിരിക്കുന്നു എന്നെ രക്ഷിക്കാൻ വേഗം വരില്ലേ..?

~അന്ന

ജനുവരിയിലെ ശീതക്കാറ്റിൽ അലയടിച്ചു വരുന്ന കുന്തിരക്ക ഗന്ധത്തിൽ വടക്കൻ മലയാകെ സുഗന്ധ പൂരിതമായി..

പുത്തുലഞ്ഞ പൈൻകൊമ്പുകളിൽ നിന്ന് ഒഴുകിയിറങ്ങിയ കുന്തിരിക്കം അടർത്തിയെടുക്കുകയായിരുന്നു അന്ന. കുന്തിരിക്കത്തിന്റെ ഗന്ധത്തിൽ അവൾ മതിമറന്നു നിൽക്കുകയായിരുന്നു..വല്യമ്മച്ചി എപ്പോഴും പറയാറുണ്ട് നിന്റെ അമ്മച്ചിയുടെ ഗന്ധം കുന്തിരക്കത്തിന്റേതാണന്ന്..

പെട്ടെന്നാണ് പുറകിൽ നിന്ന് രണ്ട് കൈകൾ അവളുടെ മുഖത്തേയ്ക്ക് അമർന്നത്..പെട്ടെന്ന് കുതറി മാറിക്കൊണ്ട് അവൾ, ചുണ്ടിൽ അടിക്കിപ്പിടിച്ച ഒരു വഷളൻ ചിരിയുമായി നിൽക്കുന്ന ത്രേസ്യാമ്മായിയുടെ ആങ്ങള സെബാനെ കണ്ട് ഒരു നിമിഷം നടുങ്ങി..

അന്ന കൊച്ച് പേടിച്ച് പോയോ…? ഒരു നിമിഷം പതറിയെങ്കിലും വീണ്ടും ഒരു ധൈര്യം നേടിയെടുത്തവളെ പോലെ അവനരികിൽ നിന്ന് നീങ്ങി മാറിയിട്ട് അവൾ കനത്തോടെ പറഞ്ഞു ഞാനെന്നാത്തിനാ പേടിക്കുന്നേ?

“…മലഞ്ചെരുവിലെ പെണ്ണുങ്ങൾ മിടുക്കത്തികളാ..അതല്ലേ നിന്നെ എനിക്ക് ഇഷ്ടമായേ..”

“എന്നാലും നീ വളർന്നങ്ങ് വലുതായല്ലോടീ പെണ്ണേ…”?

പുള്ളി പാവാടയുടുത്തു നിന്ന അന്നയുടെ സ്വർണ്ണ രോമങ്ങൾ നിറഞ്ഞകൊഴുത്ത കാൽ വണ്ണയിലേയ്ക്ക് നോക്കി ചുണ്ട് നനച്ചിട്ട് സെബാൻ പറഞ്ഞു…

എനിക്ക് നിങ്ങളെ ഇഷ്ടമല്ല മേലാൽ ഇത്തരം വർത്തമാനം പറഞ്ഞ് എന്റെടുത്ത് വന്നേക്കരുത് ദേഷ്യത്തോടെ പറഞ്ഞിട്ട് ദേഹത്തിട്ടിരുന്ന മേൽ കുപ്പായത്തിന്റെ തൊപ്പി തലയിലേയ്ക്ക് വലിച്ചിട്ടിട്ട് കോടമത്തിനെ വകഞ്ഞുമാറ്റി അവൾ മലഞ്ചെരുവിറങ്ങി..

“…ഉവ്വേ…നിന്നെ ഞാൻ എടുത്തോളാമെടി…നീ എന്റെ കൈയ്യിൽ വരാനുള്ളതല്ലേ..”? എന്ന് പറഞ്ഞ് പൈൻ കാടുകൾ മുഴങ്ങുന്ന ശബ്ദത്തിൽ പൊട്ടിച്ചിരിച്ചു ചിരിയുയരുമ്പോൾ..സെബാന്റെ വായിൽ നിന്ന് മഞ്ഞുപുക പറന്നുയർന്നു…അപ്പോൾ അകലെയെവിടെയോ ഒരു വെടിയൊച്ച മുഴങ്ങി.

ആകാശത്ത് പരുന്തിൻകൂട്ടങ്ങൾ ചിറകട്ടിടിച്ചു കൊണ്ട് വേഗത്തിൽ പറന്നുയർന്നു..

“കർത്താവേ…ആലമ്പാറേന്ന് പുലിയിറങ്ങി ന്നാ..തോന്നുന്നേ..കഴിഞ്ഞ വർഷവും ഈ സമയത്ത് കൂട്ടത്തോടെ ഫോറസ്റ്റ്കാര് പോവുന്നതു കണ്ടാരുന്നു അന്ന് എത്ര യണ്ണത്തിനെയാ ആ നശിച്ച ജന്തു കടിച്ചു കൊ ന്നത്.. “

വടക്കൻ മലേന്ന് തടി കയറ്റാൻ പോയി വന്ന മരകച്ചവടക്കാരൻ ദേവസ്യയുടെ വർത്തമാനം കേട്ട് അന്ന തന്റെ നടത്തത്തിന്റെ വേഗത കൂട്ടി മലഞ്ചെരുവിറങ്ങി താഴത്തേയ്ക്ക് എത്തിയപ്പോൾ അന്ന നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു..കിതപ്പൊന്നടങ്ങാനായി ചെമ്മരിയാടുകൾ മേയുന്ന കുന്നിൻ ചെരുവിലെ പുത്ത് വിടർന്ന് നിൽക്കുന്ന റംമ്പുട്ടാൻ മരത്തിന്റെ തണലേൽ അവൾ ചാഞ്ഞിരുന്നു..

“എടീ അന്ന കുട്ടിയേ…” ?

മലഞ്ചെരുവിൽ നിന്ന് പ്രതിധ്വനിച്ചുയരുന്ന ത്രേസ്യാമ്മാവിയുടെ വിളിയൊച്ച കേട്ട് അന്ന ഞെട്ടി എഴുന്നേറ്റു..ത്രേസ്യമ്മാവിയുടെ ശകാരത്തിൽ നിന്ന് രക്ഷപ്പെടാനായി വീശിയടിക്കുന്ന ശീതക്കാറ്റിന്റെ വേഗത്തിനൊപ്പം അവൾ വീട്ടിലേയ്ക്ക് ഓടിയെത്തി…

അടുപ്പേൽ തിളച്ച് മറിയുന്ന കപ്പപ്പുഴുക്കു പോലെ ത്രേസ്യമ്മാവിയും കലിപൂണ്ട് തിളച്ച് നിൽക്കുകയായിരുന്നു..

“ഇത്രനേരം എന്നാ എടുക്കുവാരുന്നെടീ ഒരുമ്പെ ട്ടോളെ…” മൺപാത്രത്തിൽ കോരിയെടുത്ത പോത്ത് വരട്ടിയത് നീട്ടിപ്പിച്ച് കൊണ്ട് ചോദിച്ചു…?

“അതു…പിന്നെ..ഞാൻ..”

“ഓ ഇനി അത്പറഞ്ഞ് ഫലിപ്പിക്കാൻ  നിക്കണ്ട..എന്റെ സെബിച്ചൻ വന്നിട്ടുണ്ട് ഇന്നാ ഇത് കൊണ്ടോയ്കൊടുക്ക്” കലികൊണ്ട് നിൽക്കുന്ന അമ്മാവിയുടെ കൈയ്യീന്ന് പാത്രം പിടിച്ചു വാങ്ങുമ്പോൾ അന്നയുടെ കൈ നന്നായി വിറക്കുന്നുണ്ടായിരുന്നു…

പകലിനെ കീറിമുറിച്ച് കൊണ്ട് ഇരുട്ട് പരക്കാൻ തുടങ്ങി..കത്തിയെരിയുന്ന വിറക് കൊള്ളികൾക്ക് മുന്നിൽ തീകാഞ്ഞു  മ ദ്യ സേവയ്ക്കായി തയാറെടുക്കുകയായിരുന്നു ജോപ്പനമ്മാച്ചനും സെബാനും…

ഗ്ലാസ്സിലേയ്ക്ക് വാറ്റ് ചാ രാ യം പകരുന്നതിനിടയിൽ അന്നയെ കണ്ട് മുന്തിരിപ്പഴം കണ്ട കുറുക്കനെ പോലെ സെബാന്റെ കണ്ണുകൾ തിളങ്ങി..

“കശുമാങ്ങായും മാതളവും ഇട്ടുവാറ്റിയ നല്ല സ്വയമ്പൻ സാധനമാ ഒന്നു പിടിപ്പിക്കുന്നോടി അന്ന കൊച്ചേ തടിച്ച ചുണ്ടുപിളർത്തി മ ദ്യം അകത്താക്കുന്നതിനിടയിൽ സെബാൻ ചോദിച്ചു”?

ഇതെല്ലാം കേട്ട് മുകമായി ഇരിക്കുന്ന അമ്മാച്ചനെ നോക്കി നിറകണ്ണുകളോടെ അന്നക്കുട്ടി അവിടുന്ന് പോയി…

വല്യമ്മച്ചിയ്ക്കുള്ള ഭക്ഷണം കൊടുത്തിട്ട് വായ് തുടയ്ക്കുന്നതിനിടയിൽ “അന്ന മോളെ..” ?

” എന്നതാ വല്യമ്മച്ചി..?

ആ സാ ത്താന്റെ സന്തതി വന്നിട്ടുണ്ട് അല്ലിയോ..?

ഉവ്വ് വല്യമ്മച്ചീ..

“എന്റെ മോള് സൂക്ഷിക്കണം കള്ളവാ റ്റും ക ഞ്ചാവുമായി നടക്കുന്ന വെളിവില്ലാത്തവനാ അവൻ എന്നാ ചെയ്യുകയെന്ന് പറയാൻ പറ്റുകേല”

അന്ന മറുപടിയൊന്നും പറയാതെ അയൽവക്കത്തെ ആ വെളുത്ത ചുവരുള്ള വീട്ടിലേയക്ക് മിഴി പായ്ച്ചു നിന്നു..

“എന്നതാ മോളെ ഈ ചിന്തിക്കുന്നേ..?എന്റെ മോളെ രക്ഷിക്കാൻ അവൻ വരും ഗോലിയാത്തിനെ തോൽപ്പിച്ച ദാവിദിനെ പോലെ അവൻ എന്റെ മോളെ രക്ഷിക്കാൻ വരും…”

ആ രാത്രിയിൽ അന്നയ്ക്ക് ഉറങ്ങാനായില്ല ഒന്നു കണ്ണു മയങ്ങുമ്പോ വഷളൻ ചിരിയുമായി നിൽക്കുന്ന സെബാന്റെ രൂപം കൺമുന്നേൽ തെളിയും…അവൾ കിടക്കയിൽ നിന്ന് എണീറ്റ് ജനാലയ്ക്കരികിലെത്തി മഞ്ഞുകാറ്റിന്റെ കുളിർമയിൽ അവളുടെ പല്പുകൾ കൂട്ടിയിടിച്ചു..

അടുത്ത ദിവസം അമ്മാച്ചനും അമ്മാവിയും ഉടുത്തൊരുങ്ങി പട്ടണത്തിൽ പഠിക്കുന്ന മക്കളെ കാണാൻ പോയി കൂട്ടത്തിൽ അണക്കര പള്ളിയേലൊരു മനസ്സ് ചോദ്യവുമുണ്ടന്ന് അമ്മായിയുടെ വർത്തമാനത്തിന്ന് അന്ന മനസ്സിലാക്കിയിരുന്നു..

എടീ അന്നമ്മേ..കിഴക്കൻ മലേന്ന് പുലിയിറങ്ങിട്ടുണ്ടന്നാ കേട്ടത് നീ ഏത് നേരുവും ആ ആളൊഴിഞ്ഞ വീടിന്റെ പറമ്പിൽ നെരങ്ങലല്ലേ പണി..പുലിയെ പിടിക്കാനായി വരുന്നഫോറസ്റ്റ് ആപ്പിസർമാർ വന്ന് താമസിക്കുന്ന വീടാ..അവൻ മാരുടെ കൈയ്യിൽപ്പെടാതെ വീട്ടിലിരിക്കുന്നതാ നിനക്ക് നല്ലത് പറഞ്ഞേക്കാം…ത്രേസ്യമ്മാവി താക്കീത് നൽകി കൊണ്ട് ഇറങ്ങിപ്പോയി…

അമ്മാച്ചനും അമ്മാവിയും ഇല്ലാത്ത സന്തോഷത്തിൽ അന്നക്കുട്ടി മല മുകളീന്ന് പതഞ്ഞൊഴുകി വരുന്ന മലവെള്ളത്തിൽ മനസ്സ് നിറഞ്ഞ് കുളിച്ചു സുന്ദരിയായി മച്ചിൽ പുറത്ത് ആരും കാണാതെ തന്റെ അമ്മച്ചിയുടെ തായിസൂക്ഷിച്ചു വച്ചിരുന്നു ട്രങ്ക് പെട്ടി തുറന്നു അമ്മച്ചി ധരിച്ചിരുന്ന വെളുത്ത സ്വെറ്റർ എടു ത്തണിഞ്ഞു കൊണ്ട്  മരഗോവണിയിറങ്ങാൻ തുടങ്ങവേ…

പെട്ടെന്നാണ് പിന്നിൽ നിന്ന് ആരോ അവളുടെ വായ് പൊത്തി പിടിച്ചത്…കരുത്താർന്ന സെബാന്റെ കൈകളിൽ കിടന്ന് അന്ന പിടഞ്ഞു..അവനിൽ നിന്ന് കുതറിയോടാൻ ശ്രമിച്ചെങ്കിലും അവൻ അവളെ കൂടുതൽ ശക്തിയോടെ ചേർത്തുപിടിച്ചു അവളുടെ ചുണ്ടുകളിൽ അമർത്തി ചുംബിക്കാൻ ശ്രമിച്ചതും മര ഗോവണി തകർന്ന് സെബാൻ താഴേയ്ക്കു പതിച്ചു.

ഞൊടിയിടയിൽ വീണ് കിടക്കുന്ന സെബാനെ മറികടന്ന് അന്ന പുറത്തേയ്ക്ക് ഇറങ്ങി ഓടി. ഏത് നിമിഷവും സെബാൻ തന്റെ തൊട്ടുപിന്നാലെയെത്തുമെന്ന ഭയത്താൽ അന്ന തൊട്ടടുത്തുള്ള കൊക്കോ തോട്ടം കടന്ന് കാട്ടുപാതയിലേയ്ക്ക് ഓടികയറി..

ലക്ഷ്യമില്ലാതെ ഓടുന്നതിനിടയിൽ കാട്ട് മരത്തിന്റെ വേരുകൾ കാലിലുടക്കി അന്ന പാറമേൽ മുഖമടിച്ചു വീണു. ചുണ്ടുകൾപൊട്ടി രക്തമൊലിച്ചു…അസഹ്യമായ വേദനയാൽ അവൾ പുളഞ്ഞു..

എങ്കിലും സെബാൻ തന്നെ പിൻതുടരുന്നുണ്ടന്ന് അവൾക്ക് തോന്നി..ആരോ തന്റെയരികിലേയ്ക്ക് നടന്നടുക്കുന്നത് കണ്ണിലേയ്ക്ക് ഒഴുകിയിറങ്ങിയ രക്ത തുള്ളികളുടെ മറവിലൂടെ അവൾ അവ്യക്തമായി കണ്ടു അപ്പോഴേയ്ക്കും അവളുടെ ബോധം മറഞ്ഞു…

ഈട്ടി മരത്തേലിരുന്ന് നീട്ടി കൂവുന്ന കൂമന്റെ കൂവൽകേട്ടാണ് അന്ന കണ്ണ് തുറന്ന്… “താനിത് എവിടെയാ…”

അന്നയുടെ കണ്ണുകൾ ചുറ്റും പരതി..പതഞ്ഞ് ഒഴുകി വരുന്ന കാട്ടാറിന്റെ കളകളാരവം…വഴുക്കലുള്ള പാറകെട്ടുകൾക്കിടയിൽ വീണു കിടന്ന അന്ന പാറകെട്ടുകൾ മീതേ കൈകൾ ഊന്നി എഴുന്നേൽക്കാൻ ശ്രമിച്ചു…

ശരീരത്തിലാകമാനം വല്ലാത്തൊരു നീറ്റൽ അവൾ പതിയെ നടന്നു  കാട്ടാറിലെ തണുത്തവെള്ളം കൈക്കുമ്പിളിൽ  കോരിയെടുത്തു…ഒരു പാറ കെട്ടിലിരുന്നു കൈകളും മുഖവും കഴുകി.

കഴിഞ്ഞ കുറച്ച് മണിക്കൂറുകൾക്ക്മുന്നേ നടന്നത് ഒക്കെ ഓർത്തെടുക്കാൻ ശ്രമിച്ചു..തന്നെ പിന്തുടർന്ന് സെബാൻ തന്റെ അരികിലേയ്ക്ക് നടന്ന് വരുന്നതും താൻ അബോധാവസ്ഥയിലായതുമൊക്കെ ആവൾക്ക് ഓർമ്മ വന്നു…പിന്നീട് എന്തായിരിക്കാം സംഭവിച്ചത്..?

പെട്ടെന്നാണ് പാറക്കെട്ടുകൾക്ക് സമീപം ഒരു ഒരാണിന്റെ കാൽപാദം കണ്ടത് പരിഭ്രമത്തോടെ അവൾ അതിനടുത്തേയ്ക്ക് ചെന്നു…പേടി കൊണ്ട് കരിയില പോലെ അവൾ വിറയ്ക്കുന്നുണ്ടായിരുന്നു..ഒരു കൈ കൊണ്ട് മുഖം പൊത്തിയിട്ട് വിരലുകൾക്കിടയിലൂടെ അവൾ ആ ഭയാനക കാഴ്ച കണ്ടു…

ഏതോ മൃ ഗം കടിച്ച് വി കൃതമാക്കിയ സെബാന്റെ മൃതശരീരം പേടിച്ച് അലറിക്കൊണ്ട് അവൾ അവിടെ നിന്നും ഓടിപ്പോയി…

ആ കാഴ്ചയുടെ ഭയം വിട്ടു മാറാതെ അവൾ കാട്ട് പാതയിലൂടെ ഓടിയിറങ്ങി

കാട്ടുവള്ളികളാൽ മൂടികിടക്കുന്ന  അവളുടെ പ്രിയപ്പെട്ട വെളുത്ത ചുവരുകളുള്ള വീടിന്റെ ഇറയത്തെത്തി..കഴിഞ്ഞ കാഴ്ചകളുടെ നടുക്കത്തിൽ അവൾ ആ ചുവരിൽ തല ചായ്ച്ച് പൊട്ടി കരഞ്ഞു…

പെട്ടെന്ന് അവിടെമാകെ കുന്തിരിക്ക ഗന്ധം പരക്കാൻ തുടങ്ങി…

തന്റെ അമ്മച്ചിയുടെ ഗന്ധം..അവൾ ഇമകളൾ പൂട്ടി ആ സുഗന്ധത്തിൽ മതിമറന്നിരുന്നു.തന്റെ ശാരിരിക വേദനകൾ എല്ലാം ഇല്ലതായത് പോലെ അവൾക്ക് തോന്നി…

പെട്ടെന്ന് അവൾ വല്യമ്മച്ചിയെ കുറിച്ചോർത്തു. തന്നെ കാണാതെ പാവം വല്ലാതെ വിഷമിക്കുന്നുണ്ടാവും..ഇരുട്ട് പരന്ന് തുടങ്ങിയിരുന്നു ..

അവൾ തിടുക്കത്തിൽ നടന്ന് വീട്ടീലേയ്ക്ക് എത്തി..

അന്നയെ വിളിച്ച് നിലവിളിക്കുന്ന വല്യുമ്മച്ചിയുടെ അരികിലേയ്ക്ക് അവൾ ഓടിയെത്തി ഉണ്ടായതെല്ലാം ധരിപ്പിച്ചു കിടക്കയിൽ കിടന്ന് വല്യമ്മച്ചീകണ്ണീർ വാർത്തു കരഞ്ഞു…

പാതിരാവായപ്പോൾ വല്യമ്മച്ചിയ്ക്ക് കടുത്ത ശ്വാസതടസ്സം തുടങ്ങി സഹായത്തിന് ആരുമില്ലാതെ അന്ന ആകെ പരിഭ്രമത്തിലായി…

“വേദ പുസ്തകത്തിലേയ്ക്ക് മിഴി ചായ്ച്ച് വല്യമ്മച്ചി എന്തോ പറയാൻ ശ്രമിച്ചു… “

അവൾ വേദ പുസ്തകം തുറന്ന് വായിക്കാൻ തുടങ്ങി..പെട്ടെന്ന് വല്യമ്മച്ചിയുടെ കണ്ണുകൾ മേലോട്ട് മറിയുന്നത് പോലെ അന്നയ്ക്ക് തോന്നി..

“വല്യമ്മച്ചീ….അവൾ ഇടർച്ചയോടെ വിളിച്ചു..”

“അന്ന മോളേ…”

വല്യമ്മച്ചിയ്ക്ക് എന്നതാ പറ്റിയെ..?

വീണ്ടും അന്ന മോളേ എന്നുള്ള വിളി മാത്രം ഉയർന്നു. മെല്ലേ മെല്ലേ ആ വിളി തൊണ്ടക്കുഴിയുടെ അഗാധങ്ങളിലെവിടെയോ തടഞ്ഞ് നിൽക്കുന്നത് പോലെ അവൾക്ക് തോന്നി…പിന്നിട്ട് വല്യമ്മച്ചി ആ വിളി കേട്ടതേയില്ല…

അണക്കര പോയ അമ്മാച്ചനും അമ്മാവിയും വരാത്തതിനാൽ…തനിച്ചായ അന്ന ജീവനറ്റ വല്യമ്മച്ചിയുടെ ശരീരത്തെ കെട്ടിപ്പിടിച്ച് കരഞ്ഞ് കൊണ്ട് തളർന്ന് മയങ്ങി….

പിറ്റേ ദിവസം…മലഞ്ചെരുവിലുള്ള കാട്ട് പാതയിൽ നിന്ന് പുലി കടിച്ചുകീറിയ സെബാന്റെ ശവ ശരീരം കിട്ടി എന്ന്…മറ്റൊരു മരണവാർത്തയുമായാണ് മലഞ്ചെരുവു ഉണർന്നത്…ലൂസ്യയ വല്യമ്മച്ചിയുടെ മരണമറിഞ്ഞു ആളുകൾ വന്നു തുടങ്ങി

അണക്കരയിൽ പോയ അമ്മാച്ചനും അമ്മാവിയും രാവിലെ തന്നെ എത്തിയിരുന്നു

വല്യമ്മച്ചിയുടെ ശവമടക്ക് കഴിഞ്ഞ് അമ്മാച്ചനും അമ്മാവിയും മക്കളുമെല്ലാം സെമിത്തേരിയിൽ നിന്ന് പിരിഞ്ഞു തുടങ്ങി…വല്യമ്മച്ചിയുടെ കുഴിമാടത്തിനരുകിൽ കരഞ്ഞു തളർന്നിരുന്ന അന്നയെ കൂട്ടി കൊണ്ട് പോകാൻ ആരുമുണ്ടായിരുന്നില്ല…കനത്ത മഞ്ഞ് വീഴ്ചയുള്ളതിനാൽ സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തിലേയ്ക്ക് വേഗത്തിൽ ആഴ്ന്നിറങ്ങാൻ തുടങ്ങി…ജെർബറാ പൂക്കൾ വിരിഞ്ഞു നിൽക്കുന്ന സെമിത്തേരിയിൽ നിന്ന് അവൾ ഇറങ്ങി നടന്നു…

കോട മഞ്ഞുവീണു കിടക്കുന്ന താഴ്‌വരയിലൂടെ അവൾ നടന്ന് കാട്ട് വള്ളികൾ മൂടി കിടക്കുന്ന വെളുത്ത ചുവരു ള്ള വീടിനു മുന്നിലെത്തി വാരാന്തയിൽ അവൾ തൂക്കിയിരുന്ന റാന്തൽ വിളക്കിൽ തിരിതെളിച്ചു..അപ്പോഴാണ് ഭിത്തി യേൽ താൻ കോറിയിട്ട വരികൾക്ക് താഴെ മറ്റൊരു മറുകുറിപ്പ് കണ്ടത്…

“എന്റെ പ്രിയേ…നീയെത്ര സുന്ദരിയാണ്.. നിന്റെ അധരം ചെന്നുലൂ പോലെയാണ്..നിന്റെ മൊഴികൾ മധുവൂറുന്നതാണ്..രാവുപകലും ഞാൻ നിന്നെയോർത്തിരിക്കുന്നു..രാത്രിയിൽ ഞാനുറങ്ങി എങ്കിലും എന്റെ ഹൃദയം നിനക്കായ് ഉണർന്നിരിക്കുന്നു..എന്റെ മണവാട്ടീ എന്നോട് കൂടെ വേഗം വരുക..”

~ഫിയോ

അവൾക്ക് തന്റെ കണ്ണുകളെ വിശ്വാസിക്കാനായില്ലഅവളുടെ ഹൃദയം സന്തോഷത്താൽ തുടിച്ചു..അവൾ ആ വരികളിലൂടെ വിരലോടിച്ചു..

“ആരായിരിക്കുംഇത് എഴുതിച്ചേർത്തത്..?

തന്നെ കൂടാതെ അപ്പോൾ മറ്റാരൊ ഇവിടെ വരാറുണ്ടോ..ആരേലും തന്നെ കളിപ്പിക്കാൻ എഴുതി വച്ചതാവുമോ..? “ആരായിരിക്കും  ഈ ഫിയോ…?” അതോ എല്ലാം തന്റെ തോന്നലായിരിക്കുമോ..ഒരു പാട് ചോദ്യങ്ങളുടെ ഉത്തരമില്ലാ ചിന്തകളുമായി ആ വെളുത്ത ചുവരുകള്ളുള്ള വീട്ടിൽ അവൾ തലചായ്ച്ചിരുന്നു  !

~മീനു ഇലഞ്ഞിക്കൽ