ഏട്ടന്റെ നിഷ്കളങ്കമായ മനസ്സിൽ നിന്നും ആ ചോദ്യമുയരുമ്പോഴും പിന്നീടെന്നെങ്കിലും ഞാൻ അത്…

കൂടപ്പിറപ്പ്…

Story written by Arun Karthik

==============

ഏട്ടാന്ന് എന്നെ വിളിക്കാമോടാ ഞാൻ നിനക്ക് മിടായി മേടിച്ചു തരാമെന്ന് പത്തുവയസ്സുകാരൻ ഏട്ടൻ എന്നോട് പറയുമ്പോൾ വൃശ്ചികമാസത്തിലെ തണുപ്പിൽ കിറി കോടി ആഗ്യം കാണിച്ചു പുച്ഛഭാവത്തിൽ ഞാൻ വീടിനകത്തേക്ക് ഓടിപോയി.

ഏട്ടന്റെ നിഷ്കളങ്കമായ മനസ്സിൽ നിന്നും ആ ചോദ്യമുയരുമ്പോഴും പിന്നീടെന്നെങ്കിലും ഞാൻ അത്  തിരിച്ചറിയുമെന്ന് അറിഞ്ഞിട്ടായിരിക്കാം വീണ്ടും ഒരിക്കൽ പോലും ആ ആവശ്യം ഉന്നയിച്ചു എന്റെ മുന്നിൽ വരാതിരുന്നത്.

ദൂരെയുള്ള സ്കൂളിലേക്ക് നടന്നു പോകുന്ന വഴി എന്റെ കുന്നോളം കനമുള്ള പുസ്തകം നിറച്ച ബാഗും കൂടി ആ തോളത്തു ചുമക്കുമ്പോൾ ഞാനൊരിക്കലും ചോദിച്ചിട്ടില്ല ഏട്ടാ ആ തോളത്തു വേദന അനുഭവപ്പെടാറുണ്ടോന്ന്..

കോരിച്ചൊരിയുന്ന മഴയത്തു ആകെയുള്ള ഒരു കുടക്കീഴിൽ സ്കൂൾ വിട്ടു നടന്നു വരുമ്പോൾ ഞാൻ നനയാതിരിയ്ക്കാനായി എന്നെ ചേർത്തു പിടിക്കുമ്പോഴും ഏട്ടന്റെ വലതുതോള് മുഴുവൻ വെള്ളം വീണ് നനഞ്ഞുകുതിരുമ്പോഴും ഞാൻ ചോദിച്ചിട്ടില്ല ആ ദേഹം തണുത്തുവിറയ്ക്കാറുണ്ടോന്ന്…

നേരം വെളുപ്പിനെ പശുവിൻ പാലു കൊണ്ടു കടയിൽ കൊടുത്തിട്ടു പത്രവും വിറ്റു തിരിച്ചു വരുന്ന ഏട്ടനെ കാത്തു പറമ്പിലേക്ക് ചാടാൻ തയാറായി നിൽക്കുന്ന നന്ദിനിപശുവിനെ കാണുമ്പോഴും, ഉമ്മറപ്പടിയിൽ ഉറക്കം തൂങ്ങിയിരുന്നു ചായ കുടിക്കുന്ന ഞാൻ ചോദിക്കാറില്ല ഏട്ടാ കാപ്പി വേണോന്ന്..

അന്നൊക്കെ അയൽവക്കത്തെ വീട്ടിൽ ഞായറാഴ്ച സിനിമ കാണാൻ കൂട്ടുകാരുമായി പോയിരിക്കുമ്പോൾ, പശുവിനെ തീറ്റിച്ചു ഓടിക്കിതച്ചു പുറത്തെ  വരാന്തയിലേക്ക് താമസിച്ചെത്തുന്ന ഏട്ടൻ ചോദിക്കാറുണ്ട് പടം തുടങ്ങിയിട്ട് കുറെ നേരമായോന്ന് “

ഒന്ന് ശല്യപ്പെടുത്താതെ നീ കാണെന്ന് ഞാൻ പറയുമ്പോഴും ഏട്ടന്റെ ദേഹത്ത് നിന്ന് പശുവിന്റെ ചാണകഗന്ധം  പരക്കുമ്പോൾ കൂട്ടുകാർ മൂക്ക്പൊത്തി കുറച്ചു അകന്നു നിക്കെന്നു ഏട്ടനോട് പറയുമ്പോഴും ആ മനസ്സ് വേദനിച്ചതു കണ്ടില്ലെന്ന് നടിച്ചു സിനിമയിൽ മുഴുകിയിരുന്നിട്ടുണ്ട് ഞാൻ..

ആകെയുള്ള 15 റബ്ബറിൽ നിന്നു വെട്ടികിട്ടുന്ന പാലെടുത്ത് ഷീറ്റ് ഉറച്ചു കഴിയുമ്പോൾ കയ്യിൽ പറ്റിപിടിച്ചിരിക്കുന്ന റബ്ബർപാൽ തേച്ചിട്ടും ചുരണ്ടിയിട്ടും പോവാതെ വരുമ്പോൾ ഇനിയും നിന്നാൽ സ്കൂളിൽ പോകാൻ താമസിക്കുമെന്നറിഞ്ഞു എന്നെയും കൂട്ടി ഓടുന്ന ഏട്ടനെ സഹായിക്കാൻ  എനിക്ക് ഒരിക്കലും തോന്നിയിരുന്നില്ല..

അഞ്ചാം തരത്തിൽ പഠിക്കുന്ന ഞാൻ അമ്മയുടെ അരികിലേക്കു സ്നേഹം കൂടാൻ പമ്മിപോയി കിടക്കുന്നത് കണ്ടു നാലു വയസ്സ് മൂത്ത ഏട്ടൻ വന്നു കിടന്നപ്പോൾ പോത്ത് പോലെ വളർന്നില്ലേ പോയി പശുവിനെ തിറ്റെന്നു പറഞ്ഞു അമ്മ ഓടിച്ചപ്പോൾ സ്നേഹം നിഷേധിക്കപ്പെട്ട  മനസ്സുമായി ഏട്ടൻ  നടന്നു നീങ്ങുന്നത് കണ്ടു സൈഡിലിരുന്ന് ഞാൻ കളിയാക്കുന്നുണ്ടായിരുന്നു..

പക്ഷേ, കോളേജിൽ എത്തിയപ്പോഴും അമ്മയുടെ അടുത്ത് കൊഞ്ചാൻ ചെന്നിരുന്ന എന്നെ അമ്മ ഒരിക്കൽപോലും നീ വളർന്നു എന്നു പറഞ്ഞു അകറ്റി നിർത്താതിരുന്നത് എന്താണെന്നുള്ള ചോദ്യത്തിന് മാത്രം ഉത്തരം കിട്ടിയില്ല..

പ്ലസ് ടു കൊണ്ട് പഠനം അവസാനിപ്പിച്ച് കരിങ്കൽ പണിക്ക് പൊയ്ക്കൊണ്ടിരുന്ന ഏട്ടന്റെ പാത്രത്തിൽ ഇട്ടു കൊടുക്കുന്ന രണ്ടുദോശയിൽ നിന്നും ഒരെണ്ണം കട്ടെടുക്കുമ്പോൾ  ഞാനറിഞ്ഞിരുന്നില്ല  ഉച്ചവരെ ആ ഒരു ദോശയിൽ ആണ് ഏട്ടൻ ജോലി  ചെയ്തിരുന്നതെന്ന്….

പണികഴിഞ്ഞു തളർന്നു കിടന്നുറങ്ങുന്ന ഏട്ടന്റെ പഴ്സിൽ നിന്നും കോളേജിൽ ധൂർത്തടിക്കാനായ് പണം കട്ടെടുക്കുന്നത്‌ അറിയാമായിരുന്നിട്ടും അത് എടുത്തുപോകരുത് എന്നൊരു ശകാര വാക്ക് ഏട്ടന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല….

ടൈൽസ് ഇട്ട കുളിമുറിയിൽ ഇരുന്നു ഞാൻ എന്റെ കാൽവെള്ള ചുവപ്പിക്കുമ്പോൾ വിണ്ടുകീറിയ ഉപ്പൂറ്റിയും ചീളുതെറിച്ചു മുറിവേറ്റ വിരലുകളുമുള്ള ഏട്ടന്റെ പാദം പുറത്ത് കല്ലിൽ കഴുകുന്നത് കാണാമായിരുന്നെങ്കിലും ഞാൻ അതേപ്പറ്റി ആരാഞ്ഞിരുന്നില്ല

അച്ഛനുള്ള കാലത്ത് പണയത്തിലായ വീടിന്റെ ആധാരം തിരിച്ചെടുത്ത് അമ്മയുടെ കയ്യിൽ ഏട്ടൻ ഏല്പിച്ചതിന്റെ നാലാംനാൾ പ്രേമിച്ച പെണ്ണുമായി ഞാൻ വീട്ടിൽ വന്നുകേറുമ്പോൾ ഏട്ടനും കല്യാണപ്രായമെന്നൊന്നുണ്ട് എന്ന് ഞാനോർത്തില്ല.

ചിട്ടി പിടിച്ചും കടം മേടിച്ചും ഏട്ടൻ പണി തീർത്ത ആ ഗൃഹത്തിന്റെ ഭാഗം വീതിച്ചു തരണമെന്ന് ഞാൻ അമ്മയോട് ആവശ്യപ്പെട്ടപ്പോൾ കൂടെവന്ന പെണ്ണിന്റെ മുന്നിൽ അഭിമാനം കുറയ്ക്കരുതെന്നേ ഞാൻ ഓർത്തുള്ളു. പക്ഷേ, അതുകേട്ട് പണികഴിഞ്ഞുവന്നു  ഷർട്ട്‌ അലക്കിക്കൊണ്ട് ഇരുന്ന ഏട്ടന്റെ കണ്ണീർ ആ സോപ്പുവെള്ളത്തിൽ അലിഞ്ഞുചേരുന്നത് കണ്ടില്ലെന്നു ഞാൻ നടിച്ചു.

ഭാഗം പിരിയണ്ടമ്മേ ഞാനെന്നും നോക്കികണ്ടിരുന്നത് എന്റെ അനിയന്റെ ഭാഗംമാത്രമാണെന്ന് പറഞ്ഞ ഏട്ടൻ ആ തൊഴുത്തിന്റെ മുന്നിൽ പോയി നിന്നപ്പോൾ തൂണിൽ കെട്ടിയ  കഴുത്തിലെ കയറേന്തി  വലിച്ചു നന്ദിനിപശു ഏട്ടന്റെ ദേഹത്ത് സ്നേഹത്തോടെ നക്കിതലോടുന്നുണ്ടായിരുന്നു.

അടുത്ത ദിവസം വാടകവീട്ടിലേക്കു മാറിയ ഏട്ടനെ തിരിച്ചു വിളിക്കാൻ അമ്മ ആവശ്യപ്പെട്ടെങ്കിലും ജോലിയും പെണ്ണുമില്ലാത്ത ഏട്ടന് ഇപ്പോൾ എന്തിനാ വീട് എന്ന് ചോദിച്ച എന്റെ മുഖം അടച്ചു അമ്മ ആദ്യമായി തല്ലിയപ്പോൾ എന്റെ അറിവില്ലായ്മയ്ക്കു കിട്ടിയ ആദ്യ തിരിച്ചടി ആയിരുന്നു അത്.

നിനക്ക് മുൻപ് അവന്റെ മുഖമാണ്  ഞാൻ ആദ്യം കണ്ടത്. എന്റെ കുട്ടിയെ ഞാൻ സ്നേഹിച്ചില്ലെന്ന് നിനക്കു തോന്നലുണ്ടെങ്കിൽ തെറ്റി. ജീവിക്കാനുള്ള അവന്റെ വാശി കളയാതിരിക്കാനാ ഞാൻ അകലം പാലിച്ചത്. ചെറുപ്പത്തിൽ നിന്റെ അച്ഛൻ മരിക്കുമ്പോൾ നിന്റെ കൈ പിടിച്ചു അവന്റെ കയ്യിലാ ഏല്പിച്ചത്. അന്ന് തൊട്ട് വാക്ക്കൊണ്ടു പോലും നിന്നെ അവൻ വേദനിപ്പിച്ചിട്ടില്ല. ഇതുപോലൊരു ഏട്ടനെ കിട്ടാൻ നീ  പുണ്യം ചെയ്യണം. പഠിക്കാൻ മോശമായിട്ടോ പെണ്ണു കിട്ടാഞ്ഞിട്ടോ അല്ല അവൻ വഴി മാറി തന്നത്. അവന്റെ അനിയൻ തോൽക്കാതിരിക്കാനാ. ഏട്ടനാണ് മറക്കരുത്. മറന്നു പോവരുത്. ആ ശാപം ഏറ്റുവാങ്ങാൻ എന്റെ മോന്റെ ആയുസ്സ് പോരാതെ വരും.

അമ്മയുടെ നാവിൽ നിന്നു വീണ വാക്കുകൾ കേട്ട് എന്റെ നെഞ്ചകം നീറി. എല്ലാം എന്റെ സ്വാർത്ഥത ആയിരുന്നുവെന്നോർത്തപ്പോൾ ഉള്ളിലെ സങ്കടം തികട്ടി വന്നു തൊണ്ടയിൽ തങ്ങി നിന്നു. ഒരിക്കലും ഏട്ടന്റെ  മനസ്സ് കാണാൻ എന്റെ സ്വാർത്ഥത അനുവദിച്ചില്ലല്ലോ എന്നോർത്ത് എന്റെ  മനസ്സ് നീറിപുകഞ്ഞു.

പിറ്റേന്ന് ഏട്ടനെ തിരിച്ചു വിളിച്ചുകൊണ്ടു വരുമെന്ന് അമ്മയ്ക്കു  വാക്ക് കൊടുത്തെങ്കിലും അതുവരെ കാത്തു നിൽക്കാനുള്ള ക്ഷമ എനിക്കുണ്ടായിരുന്നില്ല. ആ കാലിൽ വീണൊന്നു മാപ്പു പറയാതെ ഉറങ്ങാൻ എന്നെ മനസ്സാക്ഷി അനുവദിച്ചിരുന്നില്ല. രാത്രിയിൽ ആരോടും പറയാതെ ഏട്ടന്റെ അടുത്തേക്ക് പോയ എന്റെ ബൈക്ക് മറ്റൊരു വണ്ടിയുമായി കൂട്ടിയിടിച്ചു ഞാൻ ആശുപത്രിയിൽ ആയി.

ആശുപത്രിയിലെ ബെഡിൽ  കൈ ഒടിഞ്ഞു പ്ലാസ്റ്റർ ഇട്ടു  കിടന്നിരുന്ന  എന്റെ അടുത്തേക്ക് ഓടിപ്പാഞ്ഞുവന്ന്  ഏട്ടൻ  എന്നെ തലോടുമ്പോൾ ആ കണ്ണിൽ നിന്നുവീണ തുള്ളികൾ എന്റെ നെഞ്ചിലേക്ക് ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു.

ഏട്ടാ തെറ്റ് പറ്റിപോയി. എന്നെ തിരുത്താമായിരുന്നില്ലേ ഏട്ടാ. എന്നെ തല്ലാമായിരുന്നില്ലേ.എന്നെ ഒന്ന് ശകാരിച്ചു പോലുമില്ലല്ലോ.ഏട്ടനെ വിഷമിപ്പിച്ചതിനു ദൈവം തന്ന ശിക്ഷയാണെന്നു ഞാൻ പറഞ്ഞപ്പോൾ അന്നാദ്യമായാണ് “ഏട്ടാ”ന്ന് വിളിച്ചതെന്ന് ഞാൻ ഓർത്തില്ല. ആ  വിളിയ്ക്കു വേണ്ടി ഒരുപാട് കാത്തിരുന്ന ആ മുഖത്തു പക്ഷേ അപ്പോൾ എന്നെകുറിച്ചുള്ള ആകുലതകൾ വിട്ടു മാറിയിരുന്നില്ല.

നീ നമ്മുടെ വീട്ടിൽ നിൽക്കുന്ന മാവു കണ്ടോ, അത് തൈ ആയിരിക്കുന്ന സമയത്ത് ഒരുപാട് തവണ കൊഴിഞ്ഞു പോയി പക്ഷേ ഏട്ടന് അതിനെ ശപിച്ചിട്ടില്ല. ഇട്ടിട്ടു പോയിട്ടില്ല. അത് വളരുമെന്ന് എനിക്ക് അറിയാമായിരുന്നു. അതുപോലെ ഏട്ടൻ നട്ടുനനച്ചു വളർത്തിയതാ നിന്നെ. ഒരിക്കലും നിന്നെ ശിക്ഷിക്കാൻ എനിക്ക് ആവില്ല.. ഇട്ടേച്ചു പോവത്തുമില്ല..ചെറുപ്പത്തിൽ അച്ഛൻ നമ്മളെ ഇട്ടേച്ചു പോവുമ്പോൾ എനിക്ക് സങ്കടം ഉണ്ടായിട്ടുണ്ട്. മേലെ ഒരു തണലുള്ളപ്പോ നമുക്ക് ഒരു ബലമാ..അത് എനിക്ക് നഷ്ടപ്പെട്ടപ്പോൾ എന്റെ അനിയന് എങ്കിലും ആ ഗതി ഉണ്ടാവരുതെന്നേ ഏട്ടൻ ആഗ്രഹിച്ചുള്ളൂ..നീ എന്നെ ഏട്ടാ ന്ന് ഒരു തവണ വിളിച്ചില്ലേ അതുമതി മോനെ  ഇനിയുള്ള എന്റെ ജീവിതത്തിൽ…ഈ ഏട്ടന് ഓർത്തു വയ്ക്കാൻ…

ഏട്ടന് ഞാൻ തിരിച്ചു ഒന്നും ചെയ്തില്ലല്ലോ എന്നു പറഞ്ഞപ്പോൾ നീ എന്റെ അനിയനല്ല മകനാണെന്ന് പറഞ്ഞു ഏട്ടൻ എന്റെ  മൂർദ്ധാവിൽ  തലോടിയപ്പോൾ ഇനിയും ഒരായിരം വട്ടം ഈ ഏട്ടന്റെ അനിയനായി പിറക്കാൻ സാധിക്കണെ എന്നായിരുന്നു എന്റെ പ്രാർത്ഥന…

(കാർത്തിക് )