പക്ഷേ അമ്മുവിന്റെ മനസിൽ സന്തോഷമായിരുന്നില്ല. സങ്കടങ്ങളുടെ കാർമേഘങ്ങളാണ് ഉണ്ടായിരുന്നത്…

മൗനം

Story written by Swaraj Raj

============

“അമ്മു ചിത്രങ്ങൾ വളരെ നന്നായിട്ടുണ്ട്”

തന്റെ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അമ്മുവിന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.

മഹേഷ്…

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരായ പെൺകുട്ടികൾ സ്വപ്നം കണ്ടു നടക്കുന്ന യുവതാരം. അയാളാണ് തന്റെ മുറിയിൽ വന്നു നിൽക്കുന്നത് താൻ വരച്ച ചിത്രങ്ങൾ തേടി

“അമ്മു വരച്ച എന്റെ ചിത്രം ഫേസ് ബുക്കിൽ കണ്ട അന്ന് ഉറപ്പിച്ചതാണ് ഇയാളെ ഒന്നു കാണാൻ എനിക്ക്. ഇപ്പോൾ നിന്നോട് ആരാധന തോനുന്നു “

അത് കേട്ട് അമ്മുവിന്റെ കണ്ണുകൾ നിറഞ്ഞു തുള്ളുമ്പി. അവൾ എന്തൊ പറയാൻ ശ്രമിച്ചു. പക്ഷേ ശബ്ദം പുറത്തു വന്നില്ല

“എനിക്കറിയാം ആ മനസിൽ എന്താ പറയാനുള്ളതെന്ന് “

അമ്മു ജയരാജന്റെയും ലക്ഷ്മിയുടെയും രണ്ടാമത്തെ മകൾ. മൂത്ത ചേട്ടൻ അമൽ…അമ്മുവിന് രണ്ട് വയസ്സുള്ളപ്പോളാണ് അവളുടെ മാതാപിതാക്കൾ ആ ഞെട്ടിപ്പിക്കുന്ന സത്യം അറിയുന്നത് അമ്മുവിന് സംസാരശേഷിയില്ല. അവൾ ഊമയാണെന്ന്…ധാരാളം ചികിത്സകൾ ചെയ്തു നോക്കി. പക്ഷേ ഒരു ഫലവുമുണ്ടായില്ല.

പ്ലസ് ടു കഴിഞ്ഞ അമ്മു തുടർന്നു പഠിക്കാതെ ചിത്രരചനയിൽ മുഴക്കി. അതി മനോഹരമായ ധാരളം ചിത്രങ്ങൾ അവളിൽ നിന്നും പിറവി കൊണ്ടു. അവളുടെ ചേട്ടൻ അവൾ വരച്ച മഹേഷിന്റെ ചിത്രം ഫേസ് ബുക്കിലിട്ടു. അത് കണ്ടിട്ടാണ് മാഹേഷ് അവളെ കാണാനെത്തിയത്

“നീ വരച്ച എന്റെ ചിത്രമൊന്ന് കാണിക്കാമോ”

മഹേഷിന്റെ ചോദ്യം കേട്ട് അവൾ വരച്ച ചിത്രമെടുത്ത് കാണിച്ചു കൊടുത്തു.

ആ ചിത്രത്തിലേക്ക് മഹേഷ് കുറച്ചു നേരം നോക്കി നിന്നു. താൻ കണ്ണാടിയിൽ നോക്കുകയാണെന്ന് അവന് തോന്നിപോയി

“ഇതിനു പ്രതിഫലമായി ഞാൻ എന്താ നൽകേണ്ടത് ” ചിത്രത്തിൽ നിന്നും മുഖംമുയർത്തി പുഞ്ചിരിയോടെ അവൻ ചോദിച്ചു

ഒന്നും വേണ്ട എന്നർത്ഥത്തിൽ തലയാട്ടി

“എന്റെ  ഹൃദയം നിനക്ക് നൽകട്ടേ ” അവന്റെ ചോദ്യം കേട്ട് അവൾ ഞെട്ടി മനസിലാകാത്ത രീതിയിൽ അവനെ നോക്കി

മഹേഷ് പതിയ ജയരാജന്റെ അരികിൽ ചെന്നു

“എനിക്ക് തരുമോ ഇവളെ കണ്ണിലെ കൃഷ്ണമണി പോലെ നോക്കി കൊള്ളാം” അവൻ ജയരാജന്റെ കൈകൾ പിടിച്ചു ചോദിച്ചു

“അത്…. “

” എല്ലാം അറിഞ്ഞു കൊണ്ടാണ് ഞാൻ ചോദിക്കുന്നത്. ഇവൾക്ക് നാവായി ഞാൻ എന്നുമുണ്ടാകും” എന്തോ പറയാൻ ഭാവിച്ച ജയരാജനെ തടഞ്ഞു കൊണ്ട് മഹേഷ് പറഞ്ഞു

ജയരാജന്റെ കണ്ണുകൾ നിറഞ്ഞൊഴുകി അയാൾ മഹേഷിന്റെ കൈകൾ കൂട്ടി പിടിച്ചു

“നൂറുവട്ടം സമ്മതം”

“രണ്ട് ദിവസം കഴിഞ്ഞ് ഞാൻ വരും അമ്മയെയും കൂട്ടി ” എന്നും പറഞ്ഞ് മഹേഷ് ആ വീട്ടിൽ നിന്നിറങ്ങി

“നീ ഭാഗ്യം ചെയ്തവളാടി നിന്നെ കൊണ്ടുപോകാൻ വരുന്നത് സൂപ്പർ സ്റ്റാറല്ലേ ” അമ്മുവിന്റെ ചേട്ടന്റെ ഭാര്യ വിദ്യ അവളെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു

പക്ഷേ അമ്മുവിന്റെ മനസിൽ സന്തോഷമായിരുന്നില്ല. സങ്കടങ്ങളുടെ കാർമേഘങ്ങളാണ് ഉണ്ടായിരുന്നത്

**************

“വരുണേ നീയറഞ്ഞോ നമ്മുടെ അമ്മുവിന് നല്ലൊരു പയ്യനെ കിട്ടി ” അത് കേട്ട് വരുൺ ഞെട്ടി

“അമ്മയോട് ആരാണിത് പറഞ്ഞത് ” വരുൺ കുറച്ച് സങ്കടത്തോടെ ചോദിച്ചു

“വിദ്യ ഇപ്പോൾ വിളിച്ചു പറഞ്ഞു ” വരുണിന്റെ ചേച്ചിയാണ് വിദ്യ

“ആരാ അവളെ കാണാൻ വന്നത് “

” മറ്റാരുമല്ല സൂപ്പർ സ്റ്റാർ മഹേഷ് ആ കൂട്ടിയുടെ ഒരു ഭാഗ്യം”

“സിനിമ നടൻ മഹേഷോ ” വരുൺ സംശയത്തോടെ ചോദിച്ചു

“അതെ രണ്ട് ദിവസം കഴിഞ്ഞ് അമ്മയെയും കൂട്ടി വരും. ഈ വിവാഹം നടന്നാൽ ആ കുടുംബത്തിന്റെ ഭാഗ്യമാ…വിദ്യ വിളിച്ചു പറയാറുണ്ട് അമലിന്റെ ബിസിനസ് നഷ്ടത്തിലാണെന്നും കടം ധാരാളമുണ്ടെന്നും ഈ വിവാഹം നടന്നാൽ അതൊക്കെ മാറിക്കിട്ടും “

“വിവാഹത്തിന് അവള് സമ്മതിച്ചോ ” അവന്റെ കണ്ണുകൾ സങ്കടത്താൽ നിറഞ്ഞു

“പിന്നെ മഹേഷിന്റെ ആലോചന വന്നാൽ ഏതെങ്കിലും പെൺകുട്ടി നിരസിക്കുമോ കല്യാണം കഴിഞ്ഞ പെൺകുട്ടിക്കാ ആലോചന വന്നതെങ്കിൽ അവൾ ഡൈവോഴ്സ് ചെയ്തു അവനെ കെട്ടും “

ഇല്ല അവൾ ഒരിക്കലും സമ്മതിക്കില്ല. അവൾ എന്റെ മാത്രം പെണ്ണാണ്ടെന്ന് പറഞ്ഞവളാ എന്റെ നെഞ്ചിൽ മാത്രമേ കിടന്നുറങ്ങു എന്ന് പറഞ്ഞവളാ അവൾ ഒരിക്കലും സമ്മതിക്കില്ല. പക്ഷേ അവന്റെ കാതുകളിൽ അമ്മയുടെ വാക്കുകൾ മുഴുകി “അമലിന്റെ ബിസിനസ് നഷ്ടത്തിലാണ് ധാരാളം കടങ്ങൾ ഉണ്ട്” താൻ അമ്മുവിനെ വിവാഹം ചെയ്താൽ ചേച്ചിയുടെ ജീവിതം കഷ്ടത്തിലാകും. തനിക്ക് പറയാനായി പണിയുമില്ല. അവന്റെ മനസ് എന്ത് പറയണം എന്ത് ചെയ്യണം എന്നറിയാതെ കുഴുങ്ങി…

*****************

“എടാ ഇനിയും ദൂരമുണ്ടോ അമ്മുവിന്റെ വീട്ടിലേക്ക് “

“ഇല്ലന്റെ ഭാവാനിയമ്മേ ഏറിയാൽ ഒന്നര കിലോ മീറ്റർ കൂടി ” അമ്മയുടെ ചോദ്യം കേട്ട് ഡ്രൈവ് ചെയ്യുന്നതിനിടയിൽ മഹേഷ് പറഞ്ഞു

“ഈ രാത്രിയാണോ പെണ്ണ് കാണുന്നത് “

“ഏയ് അല്ല നമ്മൾ ടൗണിൽ ഇന്ന് റൂമെടുത്ത് നാളെ രാവിലെ പെണ്ണ് കാണാൻ പോകും” മഹേഷ് ചിരിച്ചു കൊണ്ട് പറഞ്ഞു

മഹേഷ് പെട്ടന്ന് വണ്ടി റോഡിന്റെ സൈഡോടടുപ്പിച്ച് നിർത്തി

“എന്താടാ ഇവിടെ നിർത്തിയത്” അമ്മയുടെ ചോദ്യം കേട്ട് മൂ ത്രമൊഴിക്കണമെന്ന് ആഗ്യം കാട്ടി. അവൻ ഡോർ തുറന്ന് പുറത്തിറങ്ങി അപ്പുറത്തെ സൈഡിലുള്ള പറമ്പിലേക്ക് നടന്നു

മൂ ത്രമൊഴിച്ച് തിരിച്ചെത്തിയ മഹേഷ് കാറിൽ നോക്കിയപ്പോൾ അമ്മയില്ല. കാറിന് ചുറ്റുനോക്കി എവിടെയുമില്ല. അപ്പോളാണ് അവൻ അത് കാണുന്നത്…റോഡിനപ്പുറത്ത് റെയിൽ പാളം പാളത്തിൽ നിന്ന് അമ്മയും വേറൊരുത്തനും പിടിവലി നടക്കുന്നു. അമ്മ അവനെ പിടിച്ചു വലിക്കുകയാണോ അമ്മയെ അവൻ പിടിച്ചു വലിക്കുകയാണോ ഒന്നും മനസിലാവാതെ മഹേഷ് നിന്നു.

അപ്പോളാണ് ആ പാളത്തിലൂടെ ട്രയിൻ വരുന്നത് കണ്ടത് മഹേഷ് സർവ്വശക്തിയുമെടുത്ത് അങ്ങോട്ടേക്കോടി

“മോനേ വേഗം വാ ഇവൻ പാളത്തിൽ തലവെയ്ക്കാൻ വന്നതാ” മഹേഷ് വരുന്നത് കണ്ട് ഭാവാനിയമ്മ വിളിച്ചു പറഞ്ഞു

മഹേഷ് ഓടി വന്ന് അമ്മയെയും അവനെയും പിടിച്ച് പാളത്തിൽ നിന്നു താഴെക്കിട്ടു. താഴെക്കിടലും ട്രയിൻ അവരെ കടന്നു പോയതും ഒരുമിച്ചായിരുന്നു

“നിന്നക്ക് എന്താ ഭ്രാന്തുണ്ടോ ചാവാൻ ” മഹേഷ് അവനോട് ചൂടായി

“അതെ ഞാൻ മരിക്കാൻ പോകുകയാണ് എനിക്കിന് ജീവിക്കണ്ട ” അവൻ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു

“നീ മരിക്കണോ ജീവിക്കണോന്ന് പിന്നെ തീരുമാനിക്കാം ആദ്യം കാരണമെന്താണെന്ന് പറ”

“കാരണം നിങ്ങളാണ് “

” ഞാനോ…” അമ്പരപ്പോടെ മഹേഷ് ചോദിച്ചു. ഭവാനിയമ്മ ഒന്നും മനസിലാകതെ നിന്നു

“അതെ ഞാൻ സ്നേഹിച്ച പെണ്ണാണ് അമ്മു. അവളെയാണ് നിങ്ങൾ കെട്ടാൻ പോകുന്നത്” മഹേഷിന് ഭൂമി രണ്ടായി പിളരുന്നത് പോലെ തോന്നി

“അതിന് നീയെന്തിനാ മരിക്കാൻ പോകുന്നത്. അത് എന്നോട് പറഞ്ഞാൽ മതിയായിരുന്നില്ലേ ഞാൻ മാറി തരുമായിരുന്നില്ലേ “

“നിങ്ങൾ ഇതിൽ നിന്നു പിൻമാറിയാൽ അതിന് ഞാനാണ് കാരണക്കാരൻ എന്നറിഞ്ഞാൽ എല്ലാവരും എന്നെ ശപിക്കും. അമ്മു എന്റെ ചേച്ചിയുടെ ഭർത്താവിന്റെ സഹോദരിയാണ്. ഞാനാണ് അവൾക്ക് കിട്ടേണ്ട ഭാഗ്യം ഇല്ലാതാക്കിയതെന്നറിഞ്ഞാൽ സ്വന്തം അമ്മയുടെയും സഹോദരിയുടെയും ശാപം പേറി നടക്കേണ്ടി വരും. അത്രയ്ക്കും ഇഷ്ടമാണ് അവർക്ക് അമ്മുവിനെ “

“ഇതൊക്കെ അറിഞ്ഞിട്ടും നീ എന്തിന് അവളെ പ്രേമിച്ചു. അതിരിക്കട്ടെ അവൾക്ക് നിന്നെ ഇഷ്ടമാണോ”

“അവൾ അറിയാതെ അറിയാതെ എന്റെ ഉള്ളിൽ കയറി ഞങ്ങൾ രണ്ട് വർഷത്തോളമായി ഇഷ്ടത്തിലായിരുന്നു “

“എന്താ നിന്റെ ജോലി ” മഹേഷിന്റെ ചോദ്യം കേട്ട് അവൻ തല കുനിച്ചു നിന്നു

“നിന്നോടാ ചോദിച്ചത് എന്താ നിന്റെ ജോലിയെന്ന് “

“എനിക്ക് അങ്ങനെ പണിയൊന്നുമില്ല” അവൻ തലയുയർത്താതെ പറഞ്ഞു

“ഞാൻ അവളെ കാണാൻ വന്നില്ല എന്ന് കരുത്. അപ്പോൾ ഒരു പണിയുമില്ലത്ത നിനക്ക് അവളെ അവളുടെ അച്ഛൻ കെട്ടിച്ചു തരും എന്നുണ്ടോ “

“ഇല്ല “

“പിന്നെ നീ എന്ത് ചെയ്യും”

“അവളെയും കൊണ്ട് ഒളിച്ചോടും ” അത് കേട്ട് മഹേഷ് പൊട്ടിച്ചിരിച്ചു

“ഒരു പണിയുമില്ലത്ത നീ അവളെയും കൊണ്ട് എവിടെ പോകും”

“എനിക്കറിയില്ല പക്ഷേ എനിക്ക് അവളെ അത്രയ്ക്കും ഇഷ്ടമാണ് ” അവൻ കരഞ്ഞു കൊണ്ട് പറഞ്ഞു

“എടാ പെണ്ണിനെ പ്രേമിക്കുമ്പോൾ അവളെ തനിക്ക് നോക്കാൻ പറ്റും, അവളുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ തന്നെ കൊണ്ട് സാധിക്കും എന്ന ഉറപ്പുണ്ടങ്കിൽ മാത്രമേ പ്രേമിക്കാൻ നിൽക്കാവു…അല്ലാതെ ഒരു പണിയുമില്ല ഒരുത്തിയെ പ്രേമിച്ച് അവളെയും സ്വപ്നം കണ്ട് നടന്ന് അവസാനം അവൾക്ക് നല്ലൊരാലോചന വരുമ്പോൾ അവൾ എന്നെ തേച്ചു എന്നെക്കാൾ നല്ലൊരുത്തനെ കണ്ടപ്പോൾ ഇട്ടേച്ചു പോയി കാശുകാരനെ കണ്ടപ്പോൾ അവൾ എന്നെ തേച്ചു എന്നൊക്കെ പറഞ്ഞ് മൊങ്ങി ട്രയിനിനു മുന്നൽ വന്ന് ചാടുകയല്ല വേണ്ടത്. എടാ നീയിപ്പോൾ മരിച്ചാൽ അവൾ ബന്ധുക്കളുടെ നിർബന്ധത്താൽ എന്നെ വിവാഹം കഴിച്ചെന്നു വരും. പക്ഷേ അവൾക്ക് എന്നെ സ്നേഹിക്കാൻ കഴിയില്ല. അവൾ നിന്റെ ഓർമ്മകളിൽ നീറിപ്പുകയും അവസാനം ഭ്രാ ന്തിയായി മാറും. നീ കാരണം അവളുടെ ജീവിതം തകരും. എന്റെയും…ഒന്ന് കരയാൽ പോലുമാകില്ല ആ പാവത്തിന്” മഹേഷ് പറഞ്ഞത് കേട്ട് അവന്റെ കണ്ണുനീർ ധാരയായി ഒഴുകി

ഭവാനിയമ്മ അവന്റെ അരികിലേക്ക് നടന്നു അവന്റെ കൈയിൽ പിടിച്ചു

“മഹേഷ് വണ്ടിയെടുക്ക് “

***********

അമ്മുവിന്റെ വീട് മഹേഷിനെ വരവേൽക്കാൻ ഒരുങ്ങി. പലതരം പലഹാരങ്ങൾ നിരന്നു ഉണ്ണിയപ്പം ഇലയട കൽത്തപ്പം ലഡു എന്നിവയൊക്കെ മുൻനിരയിൽ സ്ഥാനം പിടിച്ചു

അവിടെ എല്ലാവരും വളരെ സന്തോഷത്തിലാണ് അമ്മുമാത്രം നീറി പുകയുന്ന മനസുമായി നിന്നു അവളുടെ ഉള്ള് നിറയെ വരുണ്ടായിരുന്നു. ചേട്ടത്തിയുടെ വീട്ടിൽ നിന്ന് വരുണൊഴിച്ച് ബാക്കി എല്ലാവരും ഇന്നലെ എത്തിയിരുന്നു. വരുണിനെ കുറിച്ച് ചോദിച്ചപ്പോൾ അവൻ ഇന്ന് വരുമെന്നാണ് പറഞ്ഞത്. പക്ഷേ ഇതുവരെ എത്തിയില്ല മെസേജ് അയച്ചു. പക്ഷേ ഒന്നിനും മറുപടിയുണ്ടായിരുന്നില്ല

“ലക്ഷമി അവരെത്തി ” ജയരാജൻ അകത്തു നോക്കി വിളിച്ചു പറഞ്ഞു. ലക്ഷമിയും ജയരാജനും മഹേഷനെയും അമ്മയെയും സ്വീകരിച്ചിരുത്തി

ഇരു വീട്ടുകാരും വിശേഷങ്ങൾ പങ്കു വച്ചു..കുറച്ചു സമയത്തിനു ശേഷം ജയരാജൻ ലക്ഷമിയെ നോക്കി അർത്ഥം മനസിലായ ലക്ഷ്മി അകത്തേക്ക് പോയി കുറച്ചു കഴിഞ്ഞ് കൈയിൽ ചായകളുമായി അമ്മു പുറത്തേക്ക് വന്നു. അവളുടെ മുഖം കണ്ടപ്പോൾ നല്ലണം കരഞ്ഞിരുന്നെന്ന് മഹേഷിന് മനസിലായി

ഭവാനിയമ്മ എഴുന്നേറ്റ് പതിയെ അമ്മുവിനരികിലെത്തി അവളുടെ മുഖം ഇരുകൈകളിലുമാക്കി

“ഇന്നലെ നല്ലണം കരഞ്ഞിരുന്നു അല്ലേ ” ഭവാനിയമ്മയുടെ ചോദ്യം കേട്ട് അവൾ കണ്ണുകളടച്ചു ജയരാജൻ ഒന്നും മനസിലാകാതെ ലക്ഷ്മിയെ നോക്കി

“ഞാൻ വന്നത് ഇവളെ കാണാനാണ് പക്ഷേ എന്റെ മകന് വേണ്ടിയല്ല ” അത് കേട്ട് എല്ലാവരും ഞെട്ടി മഹേഷിന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു

“അവനെ വിളിച്ചോണ്ട് വാ ” മഹേഷിനെ നോക്കി കൊണ്ട് ഭവാനി പറഞ്ഞു. മഹേഷ് ഉടൻ കാറിനടുത്തേക്ക് നടന്നു പിൻ സിറ്റിന്റെ ഡോർ തുറന്നു

അതിൽ നിന്നും പുറത്തിറങ്ങിയ ആളെ കണ്ട് എല്ലാവരും ഞെട്ടി

“വരുൺ ” അമ്മുവിന്റെ കണ്ണുകൾ സന്തോഷത്താൽ വിടർന്നു. ഒന്നും മനസിലാവാതെ വിദ്യയും അമ്മയും പരസ്പരം നോക്കി

“ഞാൻ ഇവനെ കാണുന്നത് ഇന്നലെ രാത്രി റെയിൽ പാളത്തിൽ വച്ചാണ് വണ്ടിക്ക് മുന്നിൽ തല വെയ്ക്കാൻ ” അതു കേട്ടതും അമ്മുവിന് തന്റെ നെഞ്ച് പിളരുന്നത് പോലെ തോന്നി

മഹേഷ് രാത്രി ഉണ്ടായതെല്ലാം വിവരിച്ചു എല്ലാ കേട്ട വരുണിന്റെ അമ്മ അവനുത്തേക്ക് നടന്നു. അടുത്തെതിയതും മുഖമടക്കി ഒരടി കൊടുത്തതും ഒരുമിച്ചായിരുന്നു

“നീ പോയി ച ത്താൽ ആർക്കാടാ സന്തോഷമുണ്ടാക്കുക. നീ പോയാൽ ഞങ്ങളെല്ലാവരും തകർന്നു പോവില്ലേ…നിനക്ക് അവളോട് ഇഷ്ടമുള്ളത് എന്നോടൊന്ന് സൂചിപ്പിക്കാമായിരുന്നില്ലേ ” പൊട്ടിക്കരഞ്ഞുകൊണ്ട് ആ അമ്മ അവന്റെ നെഞ്ചിലേക്ക് വീണു. അത് കണ്ട് എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു

ഭവാനിയമ്മ ജയരാജനടുത്തേക്ക് നീങ്ങി “എനിക്ക് നിങ്ങളോട് ഒരപേക്ഷയുണ്ട് അവളുടെ ജീവിതം വച്ച് കളിക്കരുത്. അവൾ ഇഷ്ടപെടുന്ന ആളുടൊപ്പം ജീവിച്ചോട്ടെ…ഒന്ന് പൊട്ടിക്കരയാൻ കൂടി പറ്റാത്ത പെണ്ണാണ് “

“അവൾക്ക് ആരോടാണിഷ്ടം അയാൾക്കൊപ്പം ജീവിച്ചോട്ടെ” ജയരാജൻ നിറകണ്ണുകളോടെ പറഞ്ഞു. അത് കേട്ട് എല്ലാവരുടെ മുഖവും സന്തോഷത്താൽ നിറഞ്ഞു

മഹേഷ് വരുണിനടുത്തേക്ക് നടന്നു പോക്കറ്റിൽ നിന്നും കാർഡെടുത്ത് അവന്റെ കൈയിൽ കൊടുത്തിട്ട് പറഞ്ഞു

“ഇത് എന്റെ ഫ്രണ്ടിന്റെ കമ്പനിയുടെ വിസിറ്റിംഗ് കാർഡ് ആണ്. രണ്ട് ദിവസം കഴിഞ്ഞ് അവിടെ വാ നല്ലൊരു ജോലി ശരിയാക്കി തരാം” മഹേഷ് വരുണിന്റെ ചുമലിൽ തട്ടി

“എന്നാൽ ഞങ്ങളിറങ്ങട്ടെ ” എല്ലാവരെയും നോക്കി കൈകൂപ്പി കൊണ്ട് ഭവാനിയും മഹേഷും കാറിനടുത്തേക്ക് നടന്നു

കാറിനടുത്തെത്തിയപ്പോൾ മഹേഷ് തിരിഞ്ഞു അമ്മുവിനെ നോക്കി. അവൾ അപ്പോളും കൈകൂപ്പി നിൽപ്പുണ്ടായിരുന്നു

അവന്റെ കണ്ണുകളിൽ നിന്നും രണ്ടു കണ്ണുനീർത്തുള്ളി താഴെക്ക് പതിച്ചു

അവൻ അത്രയ്ക്കും ഇഷ്ടപ്പെട്ടു പോയിരുന്നു അമ്മുവിനെ…