പഴയതിനെക്കുറിച്ച് സംസാരിക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല, എന്തിനാ നീ കാണണമെന്ന് പറഞ്ഞത്…

ക്ഷണക്കത്ത്…

എഴുത്ത്: അരവിന്ദ് മഹാദേവൻ

==============

“നിന്റത്ര ദുഷിച്ച സ്വഭാവം വേറൊരുവളിലും ഞാന്‍ കണ്ടിട്ടില്ലെടീ , ഏത് സമയത്താണോ ആവോ എനിക്ക് നിന്നെ സ്നേഹിക്കാന്‍ തോന്നിയത് “

ചുവന്ന മുഖവുമായി രശ്മിയുടെ മുഖത്ത് നോക്കി ഹരീഷ് പറഞ്ഞു.

കോഴിക്കോട് ബീച്ചിന്റെ ആളൊഴിഞ്ഞ ഭാഗത്ത് നില്ക്കുകയായിരുന്നു ഹരീഷും രശ്മിയും.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ഒരുമിച്ച് പഠിക്കാന്‍ തുടങ്ങിയപ്പോള്‍ മുതലേ പ്രണയത്തിലായതാണ് രണ്ടുപേരും..

പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചകള്‍ പാടേ കുറഞ്ഞിരുന്നു.

രശ്മി പിഎസ്‌സി പരീക്ഷയിലൂടെ ബാങ്കില്‍ ക്ലര്‍ക്കായി ജോലി നേടി. അച്ഛന്റെ ടെക്സ്റ്റയില്‍സില്‍ കാഷ്യറായി ഹരീഷും ഒതുങ്ങിക്കൂടിയിരുന്നു.

“ഡാ നീയിതെന്താ ഒരു കാരണവുമില്ലാതെ പെട്ടെന്നിങ്ങനെ വായില്‍ തോന്നിയതൊക്കെ വിളിച്ച് പറയുന്നത് “

ആഞ്ഞടിച്ച തിരയ്ക്കൊപ്പമുണ്ടായ ശക്തമായ കാറ്റില്‍ പറന്ന് പൊങ്ങിയ തലമുടിയെ മാടിയൊതുക്കി കണ്ണും മിഴിച്ച് ഹരീഷിനെ നോക്കി രശ്മി ചോദിച്ചു.

“അയ്യോ ഒന്നുമറിയാത്ത പതിവ്രത , ആരാണെടീ വരുണ്‍ ? നീയൊന്ന് പറഞ്ഞേ, നിന്റെ നാവീന്ന് തന്നെ എനിക്ക് കേള്‍ക്കണം ” ഹരീഷിന്റെ ഒച്ച വല്ലാതെ ഉയര്‍ന്നു.

“ഡാ ഒന്ന് പതുക്കെ പറ, വരുണാണോ നിന്റെ പ്രശ്നം ? ആ കക്ഷി ഞാന്‍ ജോലി ചെയ്യുന്ന ബാങ്കിലെ മാനേജരാണ്. അയാള്‍ക്കെന്നെ ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു , പക്ഷേ ഞാന്‍ മൈന്റ് ചെയ്തിട്ടില്ല”

പതുക്കെ പറയാനെന്ന അര്‍ത്ഥത്തില്‍ ആംഗ്യം കാണിച്ചുകൊണ്ട് രശ്മി ശബ്ദം താഴ്ത്തി ഹരീഷിന് മറുപടി നല്കി.

“ഓ , അത്ര മാത്രമേയുള്ളല്ലേ ? നീ മൈന്റ് ചെയ്യാത്തതുകൊണ്ടാകുമല്ലേ അവന്‍ നിന്റെ വീട്ടില്‍ കല്യാണാലോചനയുമായി വന്നത് ” ഹരീഷ് പുച്ഛത്തോടെ രശ്മിയോട് ചോദിച്ചു.

“ഡാ അയാള്‍ വന്നെന്ന് മാത്രമല്ലേയുള്ളൂ, കെട്ടാനൊന്നും ഞാന്‍ സമ്മതിച്ചിട്ടില്ലല്ലോ, നിനക്കെന്നെ സംശയമാണല്ലേ ? അതുകൊണ്ടല്ലേ ഈ വക കാര്യങ്ങള്‍ ഞാനറിയാതെ തിരക്കുന്നത്, ഇതൊക്കെ ശരിയാണെന്ന് നിനക്ക് തോന്നുന്നുണ്ടോ “

രശ്മിയുടെ ശബ്ദത്തില്‍ വിഷമവും നീരസവും കലര്‍ന്നു.

“അറിഞ്ഞ കാര്യം ചോദിച്ചപ്പോള്‍ ഞാന്‍ സംശയരോഗിയായി അല്ലേടീ ? വലിയ സര്‍ക്കാര്‍ ജോലിക്കാരിയായപ്പോള്‍ നിനക്ക് എന്നെ മടുത്തെന്ന് വളരെ മുന്‍പേ എനിക്ക് തോന്നിയതാണ്, അവനാകുമ്പോള്‍ മാനേജരല്ലേ ബാങ്ക് മാനേജര്‍ , അവന്‍ നിന്നെ നല്ലവണ്ണം മാനേജ് ചെയ്യും , ഞാനൊക്കെ വെറും മന്ദബുദ്ധി ” ഹരീഷ് തൊണ്ടയിടറിക്കൊണ്ട് പറഞ്ഞു.

“എല്ലാം നിന്റെ തോന്നലാണെടാ , എനിക്ക് നിന്നെയല്ലാതെ വേറൊരാളെയും സ്നേഹിക്കാനാകില്ല , അതെന്താ നീ മനസ്സിലാക്കാത്തത് “

രശ്മി ഹരീഷിന്റെയടുത്തേക്ക് നീങ്ങി അവന്റെ കൈയ്യില്‍ പിടിച്ചുകൊണ്ട് ചോദിച്ചു.

“മതി നിന്റെ അഭിനയം , നീ അവനെ തന്നെ കെട്ടിക്കോ, നിന്റെ കല്യാണത്തിന് ഒരു ദിവസം മുമ്പെങ്കിലും നിന്നേക്കാള്‍ നല്ലൊരു പെണ്ണിനെ കണ്ടെത്തി അവളുടെ കഴുത്തില്‍ ഞാന്‍ താലി കെട്ടിയിരിക്കും , ക്ഷണക്കത്ത് നിന്നെ നേരിട്ട് വിളിച്ച്  തന്നേക്കാം “

രശ്മിയുടെ കൈ കുടഞ്ഞെറിഞ്ഞുകൊണ്ട് കടുത്ത ശബ്ദത്തില്‍ പറഞ്ഞുകൊണ്ട് ഹരീഷ് തിരിഞ്ഞ് നടന്നു.

പിന്നില്‍ നിന്നുമുള്ള രശ്മിയുടെ വിളികള്‍ക്കൊന്നും ചെവികൊടുക്കാതെ അവന്‍ മണല്‍ത്തരികളെ ചവുട്ടി മെതിച്ച് നടന്ന് നീങ്ങി.

ആകെ തകര്‍ന്ന മട്ടില്‍ രശ്മി മണലിലേക്കിരുന്നു.

******************

“ചേച്ചീ ഈ മാസത്തെ ഫീസ് കൊടുക്കാന്‍ സമയമായി കേട്ടോ “

പൊതിച്ചോറ് കെട്ടിയെടുക്കുന്ന തിരക്കിലായിരുന്ന രശ്മിയുടെ പിന്നിലെത്തി അനുജത്തി രേഷ്മ പറഞ്ഞു.

“മോളെ ശമ്പളം രണ്ട് ദിവസത്തിനുള്ളില്‍  കിട്ടും, അന്നേരം തരാംട്ടോ “

രേഷ്മയുടെ മുഖത്ത് നോക്കാതെ പൊതിച്ചോറിലേക്ക് തേങ്ങാച്ചമ്മന്തി തിരുകി കയറ്റിക്കൊണ്ട് രശ്മി പറഞ്ഞു.

രേഷ്മ പ്ലസ്‌ടുവില്‍ പഠിക്കുകയാണ്  , കൂടാതെ രശ്മിക്ക് വേറെയും ഒരു അനുജത്തി കൂടിയുണ്ട് രേവതി. അവള്‍ എഞ്ചിനീയറിംഗ് ആദ്യ വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.

“അവള്‍ക്ക് മാത്രമല്ല മോളെ രേവതിയ്ക്കും ഏതാണ്ട് കുറേ കാശ് കോളേജില്‍ കൊടുക്കണമെന്ന് പറഞ്ഞായിരുന്നു “

മക്കളുടെ സംഭാഷണം ശ്രദ്ധിച്ചുകൊണ്ട് അടുക്കളയിലേക്കെത്തിയ അമ്മ രശ്മിയോടായി പറഞ്ഞു.

“അമ്മേ ഞാനൊരാളല്ലേയുള്ളൂ എല്ലാത്തിനും, കൊടുക്കാം ഞാന്‍ “

പൊതിച്ചോറും കെട്ടി ബാങ്കിലേക്ക് പോകാനുള്ള തിടുക്കത്തില്‍ മുറിയിലേക്ക് നടക്കുന്നതിനിടയില്‍ രശ്മി പറഞ്ഞു.

“നീ കുറച്ച് നേരമൊന്ന് നിന്നേ, ഒരു കാര്യമുണ്ട് “

രശ്മിയുടെ പുറകെ മുറിയിലെത്തിയ അമ്മ അവളുടെ ചുമലില്‍ പിടിച്ചു.

“എന്താ അമ്മേ ? ഇപ്പോള്‍ തന്നെ ഒരുപാട് വൈകി ” രശ്മി നീരസം ഭാവിച്ചു.

“അല്ല എനിക്കറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ എന്തിനുള്ള പുറപ്പാടാ നിന്റേത് ? വര്‍ഷം രണ്ടായി നിന്റെ മ റ്റവന്‍ വരുമെന്നും പറഞ്ഞ് നീ കാത്തിരിക്കാന്‍ തുടങ്ങിയിട്ട്, അവന്‍ നിന്നെ വേണ്ടെന്നും പറഞ്ഞ് പോയതല്ലേ? എന്നിട്ടും ആര്‍ക്ക് വേണ്ടിയാ നിന്റെ കാത്തിരുപ്പ് , ദൈവമായിട്ട് കൊണ്ട് വന്നതാണ് വരുണിനെ , വരുണിനെന്താടീ ഒരു കുറവുണ്ടായിരുന്നത് ? അവനീ വീട്ടില്‍ വന്നിരുന്നെങ്കില്‍ എല്ലാവരുടെ ജീവിതവും രക്ഷപ്പെട്ടേനെ “

രശ്മിയോട് പരുഷമായി പറഞ്ഞുകൊണ്ട് അമ്മ നെടുവീര്‍പ്പിട്ടു.

“അമ്മേ ദേ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്, ഇവിടെ എന്ത് കുറവാ ഉള്ളത് ? എല്ലാം ഞാന്‍ നോക്കുന്നുണ്ടല്ലോ , എന്നെ വിവാഹത്തിന് വെറുതെ നിര്‍ബന്ധിക്കരുത്, അത് നടക്കില്ല “

രശ്മിക്ക് ശരിക്കും ദേഷ്യം വന്നിരുന്നു.

“നീ ഇതേ പറയത്തൊള്ളെന്ന് എനിക്കറിയാമായിരുന്നു , രേഷ്മയ്ക്ക് ഒന്നര വയസ്സുള്ളപ്പോള്‍ പോയതാ നിന്റച്ഛന്‍, അതിന് ശേഷം ഒരുപാട് കഷ്ടപ്പെട്ടാ നിന്നെയൊക്കെ ഞാന്‍ വളര്‍ത്തിയത്, ആ എന്നോടിങ്ങനൊക്കെ തന്നെ പറയണം , വരുണിനോട് അടുത്തയാഴ്ച വരാന്‍ പറഞ്ഞിട്ടുണ്ട് ഞാന്‍ , നീ എതിര് പറഞ്ഞാല്‍ പിന്നെ നീ മാത്രമേ ഇവിടെ കാണൂ, നിനക്ക് താഴെയുള്ള രണ്ടിനും വി ഷം കൊടുത്ത് കൊ ന്നിട്ട് ഞാനും ചാ വും നോക്കിക്കോ “

ചുവരില്‍ തൂക്കിയിരിക്കുന്ന ഭര്‍ത്താവിന്റെ പൂമാലയിട്ട ഫോട്ടോയിലേക്ക് നോക്കി പറഞ്ഞിട്ട് മൂക്കും ചീറ്റി രശ്മിയുടെ അമ്മ തിരിഞ്ഞ് നടന്നു.

ബാങ്കിലേക്ക് പോകാന്‍ ബസിലിരിക്കുന്ന സമയം രശ്മിയുടെ ചിന്തകള്‍ കാടുകയറി.

എത്ര സ്നേഹമുള്ളവനായിരുന്നു ഹരീഷ്, താനെന്ന് വെച്ചാല്‍ ജീവനായിരുന്ന അവന്‍ എത്ര പെട്ടെന്നാണ് മാറിപ്പോയത് ..

രണ്ട് വര്‍ഷം പിന്നിട്ടിരിക്കുന്നു അവനെ കണ്ടിട്ട് , ഒന്ന് വിളിക്കാന്‍ പോലും അവന് തോന്നിയില്ലല്ലോ..

തന്നേക്കാള്‍ നല്ലൊരു പെണ്ണിനെ കണ്ടെത്തി താലികെട്ടുമെന്നും പറഞ്ഞ് പോയവനാണ്..

ഇനി അങ്ങനെന്തേലും സംഭവിച്ചിരിക്കുമോ ?

രശ്മിക്ക് ചെറിയൊരു ഭയം തോന്നി.

അവള്‍ ഫോണെടുത്ത് തന്റെ കൂടെ പഠിച്ച രാഹുലിന്റെ നമ്പര്‍ ഡയല്‍ ചെയ്ത് ഫോണ്‍ ചെവിയോട് ചേര്‍ത്തു.

“എന്താടീ ? “

ഏതാനും റിംഗുകള്‍ക്ക് ശേഷം രാഹുല്‍ കോളെടുത്തു.

രശ്മിയുടെയും ഹരീഷിന്റെയും ഉറ്റ സുഹൃത്താണ് രാഹുല്‍.

“ഡാ നിനക്ക് സുഖാണോ ? ഒരുപാട് കാലമായല്ലോ വിളിച്ചിട്ട് “

രശ്മി കുശലാന്വേഷണം നടത്തി .

“പരമ സുഖമാണേ , വിളിക്കാത്തത് ഞാനല്ലല്ലോ നീയല്ലേ ? ഞാന്‍ കരുതി നീ നമ്മളെയൊക്കെ മറന്നിട്ടുണ്ടാകുമെന്ന് “

രാഹുല്‍ പരിഹാസത്തോടെ മറുപടി നല്കി.

“തമാശ വിട് രാഹുലേ, സീരിയസായി ഒരു കാര്യം സംസാരിക്കാനാ ഞാന്‍ വിളിച്ചത് “

രശ്മിയുടെ ശബ്ദത്തില്‍ ഗൗരവം നിറഞ്ഞു.

“നീ മുഖവുരയിടാതെ കാര്യം പറയ് “

രാഹുല്‍ അക്ഷമനായി.

“ഡാ നിനക്കറിയാമല്ലോ രണ്ട് വര്‍ഷമായി ഞാന്‍ ഹരീഷിനെ വെയിറ്റ് ചെയ്തിരിക്കുന്ന കാര്യം, വീട്ടിലിപ്പോള്‍ ആകെ പ്രശ്നമാണ്  , ഇനിയുമെനിക്ക് പിടിച്ച് നില്കാന്‍ വയ്യ , ഹരീഷിപ്പോള്‍ എവിടെയാണ് “

രശ്മി ഒറ്റ ശ്വാസത്തില്‍ രാഹുലിനോട് തിരക്കി.

“വീട്ടിലെന്ത് പ്രശ്നം ? കല്യാണക്കാര്യം വല്ലതുമാണോ “

രാഹുല്‍ മറുചോദ്യമെറിഞ്ഞു.

“അതേടാ കല്യാണക്കാര്യം തന്നെ, രണ്ട് വര്‍ഷം ഞാന്‍ പിടിച്ച് നിന്നു, ഇനിയുമത് തുടര്‍ന്നാല്‍ വീട്ടില്‍ മൂന്ന് ശ വങ്ങളെ കാണേണ്ടി വരും, നീ വേറൊന്നും ചോദിക്കാതെ ഞാന്‍ ചോദിച്ചതിന് മറുപടി താ “

രശ്മിക്ക് ഹരീഷിനെ കുറിച്ചറിയാനായിരുന്നു തിടുക്കം.

“കല്യാണക്കാര്യം വല്ലതുമാണേല്‍ നീയങ്ങ് സമ്മതിച്ചേക്ക്, ഹരീഷിന്റെ വിവാഹ നിശ്ചയമൊക്കെ കഴിഞ്ഞു, ഉടനെ കല്യാണമുണ്ടാകുമെന്നാ കേട്ടത് “

രാഹുലിന്റെ മറുപടി രശ്മിയുടെ ഹൃദയത്തിനുള്ളില്‍ വലിയൊരു സ്ഫോടനമുണ്ടാക്കി.

അവള്‍ കോള്‍ കട്ട് ചെയ്ത് സീറ്റിലേക്ക് ചാരിയിരുന്ന് കണ്ണുകളടച്ചു..

വല്ലാത്തൊരു വാശി അവളുടെ മനസ്സിലേക്ക് കടന്ന് കൂടാന്‍ തുടങ്ങിയിരുന്നു..

*****************

എല്ലാം വളരെ ധൃതിയിലായിരുന്നു.

രശ്മിയും വരുണും തമ്മിലുള്ള വിവാഹ തീയതി കുറിക്കപ്പെട്ടു.

രാഹുല്‍ വഴി ഹരീഷിന്റെ നമ്പര്‍ തരപ്പെടുത്തി അവസാനമായി ഒന്നുകൂടി കാണണമെന്ന് രശ്മി ആവശ്യപ്പെട്ടു.

രശ്മിയുടെ ആവശ്യ പ്രകാരം അവര്‍ ആദ്യമായി കണ്ടുമുട്ടിയ കോളേജ് ക്യാംപസില്‍ തന്നെയായിരുന്നു വീണ്ടുമുള്ള കൂടിക്കാഴ്ച.

ഹരീഷ് താടിയൊക്കെ വളര്‍ത്തി വേറൊരു രൂപത്തിലായിരുന്നു.

“നീയാളാകെ മാറിപ്പോയല്ലോടാ “

ക്യാംപസിലെ മരച്ചുവടിലെ ബഞ്ചിലിരുന്ന് ഹരീഷിന്റെ മോതിര വിരലിലണിഞ്ഞ മറ്റൊരു പെണ്‍കുട്ടിയുടെ പേരുള്ള മോതിരത്തെ വീക്ഷിച്ചുകൊണ്ട് രശ്മി ചെറിയൊരു പരിഹാസത്തോടെ അവനോട് പറഞ്ഞു.

“നീയും ഒരുപാട് മാറിപ്പോയി, ശരിക്കും പറഞ്ഞാല്‍ പണ്ടത്തേക്കാള്‍ സുന്ദരിയായി “

ഹരീഷ് ചിരിയോടെ രശ്മിയെ ആകെയൊന്ന് നോക്കി .

“നിന്റെ കണ്ണില്‍ ഇപ്പോഴാവും വെളിച്ചം കയറിയത്, മുന്‍പിങ്ങനല്ലാരുന്നല്ലോ , ഞാനൊരു പോക്ക് കേസല്ലേ “

രശ്മി പുച്ഛിച്ചു.

“പഴയതിനെക്കുറിച്ച് സംസാരിക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല, എന്തിനാ നീ കാണണമെന്ന് പറഞ്ഞത് “

രശ്മി പറഞ്ഞത് ഇഷ്ടപ്പെടാതെ ഹരീഷ് ഇരുന്നയിടത്ത് നിന്നും എഴുന്നേറ്റു.

“ദാ ഇത് തരാനാണ് കാണണമെന്ന് പറഞ്ഞത്, എന്റെ വിവാഹ ക്ഷണക്കത്താണ് , ഇന്ന് പന്ത്രണ്ടാം തീയതി, ഇന്നേക്ക് പതിമൂന്ന് നാള്‍ കഴിഞ്ഞ് ഇരുപത്തിയഞ്ചാം തീയതി എന്റെ വിവാഹമാണ്, നീ ഉറപ്പായും വരണം “

പരിഹാസച്ചിരിയോടെ വിവാഹ ക്ഷണക്കത്ത് ഹരീഷിന് നീട്ടിക്കൊണ്ട് രശ്മി പറഞ്ഞു.

“തീര്‍ച്ചയായും ഞാനും ഭാര്യയും വരും “

ഹരീഷ് മുഖത്തെ ചിരി മായ്ക്കാതെ പറഞ്ഞു.

കാണാമെന്നും പറഞ്ഞുകൊണ്ട് രശ്മി അവിടെ നിന്നും മടങ്ങി.

*************

രശ്മിയുടെ വിവാഹ ദിനം.

വരുണിന്റെ കാശിന്റെ പ്രഭാവം രശ്മിയുടെ വീട്ടില്‍ തുടങ്ങി കല്യാണ മണ്ഡപത്തില്‍ വരെ തിളങ്ങി നിന്നു.

വിവാഹം കൂടാനെത്തിയ ആളുകള്‍ക്കിടയില്‍ രശ്മിയുടെ കണ്ണുകള്‍ തിരഞ്ഞത് ഒരാളെ മാത്രമായിരുന്നു ” ഹരീഷിനെ ” !

കതിര്‍ മണ്ഡപത്തില്‍ നില്കുമ്പോഴും താലികെട്ട് നടന്നപ്പോഴുമൊന്നും ഹരീഷ് ആ പരിസരത്തെങ്ങുമുണ്ടായിരുന്നില്ല.

വരനും വധുവും വരന്റെ വീട്ടിലേക്ക് പോകാന്‍ തയ്യാറായി പുറത്ത് വന്ന സമയം ഒരു സമ്മാനപ്പൊതിയുമായി രാഹുലെത്തി.

“കൃത്യ സമയത്തെത്താന്‍ പറ്റിയില്ലെടീ, വേറൊരു യാത്രയിലായിരുന്നു , ഇതാണ് നിനക്കുള്ള എന്റെ വിവാഹ സമ്മാനം , ഞാനും ഹരീഷും കൂടി വാങ്ങിച്ചതാണ് , അവന്‍ തിരിച്ച് പോയി “

ചെറിയ സമ്മാനപ്പൊതി വരുണിന്റെ ശ്രദ്ധയില്‍പ്പെടാതെ രശ്മിക്ക് സമ്മാനിച്ചുകൊണ്ട് രാഹുല്‍ പറഞ്ഞു.

“എന്തായാലും നീ വന്നല്ലോ അതുമതി  , അവന്‍ വരില്ലെന്ന് എനിക്കറിയാമായിരുന്നു “

വിജയിയെപ്പോലെ തലയുയര്‍ത്തി രശ്മി പറഞ്ഞു.

“ഡീ സമ്മാനമെന്താണെന്ന് ഇന്ന് തന്നെ നോക്കണേ ,  എനിക്ക് നില്കാന്‍ സമയമില്ല ഇറങ്ങുവാണ് “

രശ്മിയുടെ മറുപടിക്ക് ചെവിയോര്‍ക്കാതെ രാഹുല്‍ നടന്ന് നീങ്ങി.

വരുണിന്റെ വീടെത്തും വരെ രശ്മിയുടെ ഉള്ളില്‍ തീയായിരുന്നു, ഹരീഷൊരു ഭ്രാ ന്തന്‍ സ്വഭാവക്കാരനാണ്, ഇനി താനും അവനുമായി സ്വകാര്യ നിമിഷങ്ങളിലെടുത്ത ഫോട്ടോ വല്ലതും അവന്‍ രാഹുല്‍ വഴി തന്നതാണെങ്കിലോ..

വധു വീട്ടിലേക്ക് കയറുന്ന ചടങ്ങുകളൊക്കെ കഴിഞ്ഞതും കുളിക്കണമെന്നും പറഞ്ഞ് രശ്മി വരുണിന്റെ മുറിയിലേക്ക് കയറി വാതിലടച്ചു.

എന്നിട്ട് രാഹുല്‍ സമ്മാനിച്ച സമ്മാനപ്പൊതി തുറന്നു.

ഉള്ളില്‍ വെള്ള പേപ്പറില്‍ എന്തോ എഴുതിയിരുന്നു, ഒപ്പം പ്രിന്റ് ചെയ്യപ്പെട്ട ഒരു കാര്‍ഡും ഉണ്ടായിരുന്നു.

അവളാദ്യം വെള്ള പേപ്പര്‍ കൈയ്യിലെടുത്തു.

“രശ്മിയോട്,

ഇത് ഞാന്‍ രാഹുലാണ് എഴുതുന്നത്..

നിന്റെ അമ്മ നിന്നോട് മുഴക്കിയ അതേ ഭീഷണിയും പ്രാരാബ്ധ പ്രശ്നങ്ങളും തന്നെയായിരുന്നു ഹരീഷിനോടും പറഞ്ഞത്, അവന്‍ കാരണം നിന്റെ കുടുംബത്തിനൊന്നും സംഭവിക്കരുതെന്ന് അവനാഗ്രഹിച്ചു , അതുകൊണ്ട് തന്നെയാണ് അവന്‍ നിന്നില്‍ നിന്നും വഴിമാറി പോയത്. അവന്‍ പറഞ്ഞത് പോലെ അവന്റെ വിവാഹമുറപ്പിച്ചുവെന്നും ഞാന്‍ നിന്നോട് നുണ പറഞ്ഞു..

വരുണിന് നിങ്ങളുടെ പ്രണയത്തെക്കുറിച്ച് അറിയാമായിരുന്നു, അതും നിന്റെ അമ്മ വഴി തന്നെ.

അവര്‍ രണ്ടുപേരും കൂടി സമര്‍ത്ഥമായി നിങ്ങളെ ചതിച്ചു..

എന്താണേലും നീ ഹരീഷിനെ വിളിച്ച് കല്യണക്കുറി നല്കിയ വിവരം ഞാനറിയാന്‍ വൈകിപ്പോയി..

അതുകൊണ്ട് തന്നെ മറ്റൊരു സമ്മാനാം എന്റെ വക നിനക്ക് തരുന്നു , അത് നിനക്ക് മാത്രമുള്ളതാണ് , നിനക്ക് മാത്രം അവകാശപ്പെട്ടത് .

കാരണം, കുറച്ച് ഇ റച്ചി കഷണങ്ങള്‍ കിട്ടിയിരുന്നു ഒരു റെയില്‍വേ ട്രാക്കില്‍ നിന്നും, നിനക്ക് ക റി വെച്ച് തിന്നാന്‍ ഉപകരിച്ചേനെ, പക്ഷേ ക ത്തിച്ച് കളയേണ്ടി വന്നു.

കൂടുതലെഴുതാനോ, നിന്റെ മുന്നില്‍ നില്കാനോ ഞാന്‍ താല്പര്യപ്പെടാത്തത് എന്റെ ദേഷ്യം നിന്നോട് തീര്‍ത്ത് പോകുമോയെന്ന ഭയത്താലാണ്.

വിവാഹ മംഗളാശംസകള്‍..

അത്രയും വായിച്ചപ്പോഴേക്കും രശ്മിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി ചുണ്ടിനെ നനച്ച് നിലത്ത് പതിച്ചിരുന്നു.

കാര്‍ഡ് എന്താണെന്നറിയാന്‍ അവളതിനെ കയ്യിലെടുത്തു.

അതൊരു ക്ഷണക്കത്തായിരുന്നു  !

അന്നേ ദിവസം തന്നെ നടത്തപ്പെട്ട ഒരു സഞ്ചയനത്തിന്റെ ക്ഷണക്കത്ത് ,  ആ ക്ഷണക്കത്തില്‍ ഹരീഷിന്റെ ചിരിക്കുന്ന മുഖമുണ്ടായിരുന്നു !

കുളിക്കാന്‍ മുറിയിലേക്ക് കയറിപ്പോയ രശ്മിയെ കാണാതെ തേടിയെത്തിയ വരുണും വരുണിന്റെ അമ്മയും വാതിലില്‍ തട്ടി വിളിച്ചു. ഒരു തരത്തിലും വാതില്‍ തുറക്കാതായപ്പോള്‍ വാതിലിന് ചുറ്റും ആളുകള്‍ കൂടി.

അവസാനം വാതില്‍ ചവുട്ടി പൊളിക്കേണ്ടി വന്നു.

വാതില്‍ പൊളിച്ച് അകത്തേക്ക് കയറിയവരുടെ മുന്നില്‍ ഉത്തരത്തിലെ ഫാനില്‍ വിവാഹ സാരിയില്‍ അര്‍ദ്ധ ന ഗ്നമായ രശ്മിയുടെ നിശ്ചലമായ ശരീരം കഴുത്തിലെ കുരുക്കിനാല്‍ തൂക്കി നിറുത്തപ്പെട്ടിരുന്നു.

ആദ്യരാത്രിക്കായി അലങ്കരിച്ചൊരുക്കിയിരുന്ന കട്ടിലില്‍ രശ്മിയുടെ വിവാഹ ക്ഷണക്കത്തും ഹരീഷിന്റെ സഞ്ചയന ക്ഷണക്കത്തും ചുറ്റിനും കൂടിയവരെ നോക്കി പരിഹസിച്ചുകൊണ്ട് വിശ്രമത്തിലായിരുന്നു.

~അരവിന്ദ് മഹാദേവന്