ആദ്യമൊന്ന് പരിഭ്രമിച്ചുവെങ്കിലും സമചിത്തതയോടെ തന്നെ ചിറ്റ കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നു…

നന്ദിനി

എഴുത്ത്: സൂര്യകാന്തി (Jisha Raheesh)

=================

“ഗായൂട്ടി, നീയാ കുന്ത്രാണ്ടമങ്ങട് എടുത്ത് വെച്ച് ആ പുസ്തകങ്ങളിലെന്തേലുമെടുത്ത് വായിച്ചേ..”

പാലുമായി വന്നപ്പോൾ,എന്റെ കയ്യിലെ മൊബൈൽ കണ്ടിട്ടാണ് ചിറ്റ കലിപ്പിട്ടത്. അത്യാവശ്യത്തിനല്ലാതെ, ഈ സമയത്ത് മൊബൈൽ ഉപയോഗിക്കരുതെന്നാണ് ഓർഡർ..

“എന്റെ ചിറ്റേ, നവി ഇപ്പോ വിളിച്ചു വെച്ചതേയുള്ളൂ, അതാണ്..”

കയ്യെത്തിച്ചു, മൊബൈൽ സൈഡ് ടേബിളിലേയ്ക്ക് വെക്കുന്നതിനിടെ ഞാൻ പറഞ്ഞു..

ഒരു കാര്യവും ഇല്ലെങ്കിലും, ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പരതുകയെന്ന ഉറച്ചു പോയ ശീലം, പെട്ടെന്നൊരു നാൾ മാറ്റിവെക്കാൻ പറ്റില്ലെന്ന് ചിറ്റയ്ക്കും അറിയാം..

ദീർഘ നാളത്തെ കാത്തിരിപ്പിനൊടുവിൽ, ആ സംശയം സത്യമാണെന്നറിഞ്ഞപ്പോൾ ഞാനാദ്യം വിളിച്ചു പറഞ്ഞത് ചിറ്റയെ തന്നെയായിരുന്നു…നവീനും അത് തന്നെയാണ് പറഞ്ഞതും…

കുറച്ചു കോംപ്ലിക്കേഷൻഷസ് ഉണ്ടെന്നും, ഗർഭകാലയളവ് മുഴുവനും പൂർണ്ണമായ ബെഡ് റസ്റ്റ്‌ ആവശ്യമാണെന്നും ഡോക്ടർ പറഞ്ഞപ്പോൾ നവീന് ആകെ പേടിയായിരുന്നു..

എന്റെ ജോലിയുടെ കാര്യം തത്കാലം ആലോചിക്കേണ്ടെന്നും, നാട്ടിലേയ്ക്ക് തിരിച്ചു പോവാമെന്നും പറഞ്ഞപ്പോൾ അവനും എതിരൊന്നും പറഞ്ഞില്ല…

ശരിയാണെന്ന് അവനും തോന്നിയിട്ടുണ്ടാകും..അവിടെ ആ നഗരത്തിൽ,അങ്ങനെയൊരു അവസ്ഥയിൽ ഞങ്ങൾ മാത്രമായി..എന്തിനും ഏതിനും സുഹൃത്തുക്കൾ ഉണ്ടെങ്കിലും ഒരു പേടി…

ഒരു കുഞ്ഞു ജീവൻ ഉള്ളിൽ തുടിയ്ക്കുന്നതറിഞ്ഞത് മുതൽ കാണാൻ കൊതിച്ചത് ചിറ്റയുടെ മുഖമായിരുന്നു. അവിടെയും വേവലാതിയാണ്…

സ്കൂളിൽ പഠിക്കുമ്പോൾ ഒരാക്സിഡന്റിൽ അച്ഛനും അമ്മയും നഷ്ടമായ എനിയ്ക്ക് പിന്നീടെല്ലാം നന്ദിനി ചിറ്റയായിരുന്നു…

അമ്മയ്ക്ക് ഒരനിയത്തിയും രണ്ട് ഏട്ടന്മാരും ആയിരുന്നു..

അമ്മയുടെ ഏട്ടന്മാർ രണ്ടുപേരും, പുറം നാടുകളിൽ ജോലിയും കുടുംബവുമായി താമസിക്കുന്നു..അച്ഛന് ജോലി മുംബൈയിൽ ആയിരുന്നത് കൊണ്ട് ഞങ്ങൾ അവിടെയും…

ചിറ്റയുടെ വിവാഹം കൂടെ കഴിഞ്ഞതോടെ തറവാട്ടിൽ അമ്മമ്മയും, ജോലിക്കാരി എന്നതിൽ ഉപരി, അവിടുത്തെ കുടുംബാംഗത്തെ പോലെ തന്നെ എല്ലാവരും കണക്കാക്കിയിരുന്ന യാശോദാമ്മയും മാത്രമായി..

വൈശാഖൻ അങ്കിളിന്റെ വീട് അധികം അകലെയല്ലാത്തത് കൊണ്ട് നന്ദിനി ചിറ്റയും അങ്കിളും ഇടയ്ക്കിടെ തറവാട്ടിൽ വരും..രണ്ടു പേരും ഒരേ സ്കൂളിലെ അദ്ധ്യാപകരും…

വർഷങ്ങളുടെ പ്രണയത്തിനൊടുവിലാണ് വൈശാഖനങ്കിൾ ചിറ്റയെ സ്വന്തമാക്കിയത്…

ചിറ്റ സുന്ദരിയായിരുന്നു..നീണ്ട മുടിയും വിടർന്ന കണ്ണുകളുമൊക്കെയായി..അമ്മമ്മയുടെ ഭംഗി, അതേ പോലെ പകർന്നു കിട്ടിയത് ചിറ്റയ്ക്ക് മാത്രമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്..

ചെമ്പകപ്പൂക്കളെ ഏറെ ഇഷ്ടമായിരുന്നു ചിറ്റയ്ക്ക്..എപ്പോഴും മുടിയിലും മുറിയിലുമൊക്കെ ചെമ്പകപ്പൂക്കളുണ്ടാകും..ചെമ്പക പൂ പോലെ മൃദുലമായ സ്വഭാവം..

പതിഞ്ഞ ശബ്ദവും, സ്വഭാവവുമായി, ഒരുറുമ്പിനെ പോലും നോവിക്കാത്ത എന്റെ ചിറ്റ…

പക്ഷെ ഭാഗ്യമില്ലാതെ പോയി..ആഗ്രഹിച്ചു മോഹിച്ചു സ്വന്തമാക്കിയ പ്രണയം പാതി വഴിയെത്തും മുൻപേ നിലച്ചു പോയി..വിവാഹം കഴിഞ്ഞു ഏറെ കഴിയും മുൻപേ തന്നെ, മറ്റൊരു ആക്സിഡന്റിന്റെ രൂപത്തിൽ വൈശാഖൻ അങ്കിളിനെ വിധി തട്ടിയെടുത്തു..

വൈശാഖനങ്കിൾ മരിച്ചു ഏറെ താമസിയാതെ ചിറ്റ തറവാട്ടിൽ തിരികെ എത്തിയിരുന്നു..അപ്പോഴേക്കും, അമ്മമ്മയോടൊപ്പം ഞാനും അവിടെ ഉണ്ടായിരുന്നല്ലോ..അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട എനിയ്ക്ക് ചിറ്റയായിരുന്നു ആശ്വാസം..

ഒരേ കാലയളവിൽ, ജീവിതത്തിലെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടത് കൊണ്ടാകും ഞങ്ങൾ തമ്മിൽ വല്ലാത്തൊരു ആത്മ ബന്ധം ഉടലെടുത്തിരുന്നു..ജീവിച്ചിരുന്നപ്പോൾ അമ്മയോട് പോലും തോന്നാത്ത അത്രയും…

നവീനോടുള്ള ഇഷ്ടം ആദ്യം പറഞ്ഞതും ചിറ്റയോടായിരുന്നു..

ആദ്യമൊന്ന് പരിഭ്രമിച്ചുവെങ്കിലും സമചിത്തതയോടെ തന്നെ ചിറ്റ കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നു..എങ്കിലും ഇടയ്ക്കുള്ള ഉപദേശങ്ങൾ കേൾക്കുമ്പോൾ, പ്രണയിച്ചു വിവാഹം കഴിച്ച, പ്രണയ കവിതകളെഴുതിയിരുന്ന ചിറ്റ തന്നെയാണോ ഇതെന്ന് തോന്നിപ്പോകുമായിരുന്നു…

പഠനം കഴിഞ്ഞു ബാംഗ്ലൂരിൽ ജോലി ശരിയായതും അധികം വൈകാതെ വിവാഹം നടത്താമെന്ന് ചിറ്റ നിർബന്ധം പിടിച്ചു..നവീനും അവിടെ തന്നെയായിരുന്നതാവും കാരണം..എന്നെ സംബന്ധിക്കുന്ന മറ്റൊരു കാര്യങ്ങളിലും വലിയ ഇടപെടലൊന്നും നടത്താതിരുന്ന ചിറ്റയുടെ ആ ആഗ്രഹത്തിന് എതിര് നിൽക്കാൻ തോന്നിയില്ല..

വിവാഹം കഴിഞ്ഞു,നവീനോടൊപ്പം ബാംഗ്ലൂർക്ക് പോകുമ്പോൾ, ചിറ്റയെ ഓർത്തൊരു സങ്കടം വന്നെങ്കിലും ചിറ്റ അത് മുളയിലേ നുള്ളി കളഞ്ഞിരുന്നു..

ചിറ്റയ്ക്ക് തറവാട് വിട്ടൊരു സന്തോഷമില്ലെന്ന് അറിയാവുന്നത് കൊണ്ട് എന്റെയൊപ്പം വന്നു നിൽക്കാൻ ഞാനും നിർബന്ധിക്കാറില്ലായിരുന്നു…ആകെ ഒന്നോ രണ്ടോ തവണയാണ്, ബാംഗ്ലൂരിൽ വന്നിട്ടുള്ളത്, അതും അമ്മമ്മയുടെ മരണശേഷം….ഒരു ദിവസത്തിൽ കൂടുതൽ നിന്നിട്ടുമില്ല..

എന്റെ സങ്കടം കണ്ടാണ്, നാട്ടിലേക്ക് ഇത്തിരി റിസ്ക് എടുത്തിട്ടാണെങ്കിലും പോവാമെന്ന് നവീൻ സമ്മതിച്ചത്..

ചിറ്റയോട് പറഞ്ഞില്ല..വിശേഷം അറിഞ്ഞപ്പോൾ ഞങ്ങളുടെ അടുത്തേയ്ക്ക് വരാമെന്ന് പറഞ്ഞിരിക്കുവായിരുന്നു ആള്…

വഴക്കൊക്കെ പറഞ്ഞെങ്കിലും, ചിറ്റയ്ക്ക് ഞാൻ തറവാട്ടിൽ വന്നതിൽ മനസ്സ് നിറഞ്ഞ സന്തോഷമാണെന്ന് എനിയ്ക്കും അറിയാമായിരുന്നു..

നവീന്റെ വീട്ടിൽ, രണ്ട് ഏട്ടത്തിയമ്മമാരും ജോലിയ്ക്ക് പോവുന്നവരായത് കൊണ്ട് അച്ഛനും അമ്മയ്ക്കും അവരുടെ കാര്യങ്ങൾ തന്നെ നോക്കാൻ സമയം തികയില്ല. അതുകൊണ്ട് തന്നെ ഞാൻ തറവാട്ടിൽ നിന്നോളാമെന്ന് പറഞ്ഞപ്പോൾ അവർക്കും എതിരഭിപ്രായമില്ലായിരുന്നു…

തലയിലും താഴത്തും വെയ്ക്കാതെ, ചിറ്റ എന്നെ കൊണ്ട് നടന്നു..ആൾക്ക് ഒരു പുതു ഉണർവ്വ് വന്നത് പോലെയുണ്ട്..നവി കളിയാക്കും..എന്നാലും നവിക്ക് ആളെ വല്യ കാര്യമാണ്..ചിറ്റയ്ക്കും അങ്ങനെ തന്നെ..

നവീൻ ഇടയ്ക്കിടെ ബാംഗ്ലൂരിൽ പോയും, വർക്ക്‌ ഫ്രം ഹോം എടുത്തുമൊക്കെ അവിടെയും ഇവിടെയുമായി അങ്ങനെ നിന്നു…

നവിയുടെ പ്രണയവും, ഞങ്ങളുടെ കുസൃതികളും കുറുമ്പുകളും കണ്ട ഭാവം നടിക്കുന്നില്ലെങ്കിലും, അതൊക്കെ ചിറ്റയ്ക്കും സന്തോഷമേകുന്നുണ്ടെന്ന് എനിയ്ക്ക് തോന്നിയിരുന്നു..

അങ്കിളിനെ ഓർമ്മ വരുന്നുണ്ടാവില്ലേ..?അത്രയ്ക്കിഷ്ടമായിരുന്നു അവർ തമ്മിലെന്നു തോന്നിയിട്ടുണ്ട്..വളരെ കുറച്ചു തവണയേ കണ്ടിട്ടുള്ളൂവെങ്കിലും അങ്കിളിന് എന്നെയും വല്യ കാര്യമായിരുന്നു..മടിയിലിരുത്തി, കഥകളും പാട്ടുകളുമായി കൊഞ്ചിക്കും..

പണ്ട്, ചിറ്റയുടെ കല്യാണം കഴിഞ്ഞതിൽ പിന്നെ ചിറ്റയുടെ സ്വഭാവത്തിലൊരു മാറ്റം ഉണ്ടായത് പോലെ തോന്നിയിരുന്നു..ഒരടുപ്പക്കുറവ് പോലെ..പക്ഷെ എല്ലാം വെറും തോന്നൽ മാത്രമായിരുന്നുവെന്ന് കാലം തെളിയിച്ചു…

ഡോക്ടർ പറഞ്ഞ ഡേറ്റിനു ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത്, ലേബർ റൂമിലേക്ക് കയറ്റുമ്പോൾ, നവിയ്‌ക്കൊപ്പം തന്നെ ചിറ്റയും ടെൻഷൻ മറച്ചു പിടിയ്ക്കാൻ ശ്രെമിക്കുന്നത് ഞാൻ കണ്ടിരുന്നു..

കുഞ്ഞുവാവയെ, നവി ചിറ്റയുടെ കയ്യിലേയ്ക്ക് വെച്ച് കൊടുത്തപ്പോൾ ആളുടെ കണ്ണ് നിറഞ്ഞിരുന്നത്രെ..പിന്നെ എന്നെ കണ്ടപ്പോഴും…

ആരോടെങ്കിലും കടുപ്പിച്ചു സംസാരിക്കാൻ അറിയില്ല, എന്റെ ചിറ്റയ്ക്ക്…മറ്റുള്ളവരുടെ വിഷമം കാണുമ്പോഴേക്കും സങ്കടപ്പെടുന്നവളാണെങ്കിലും, അമ്മമ്മ മരിച്ചപ്പോഴല്ലാതെ, ചിറ്റയുടെ കണ്ണുകൾ നിറഞ്ഞു ഞാൻ കണ്ടിട്ടില്ല..

നമ്മുടെ സങ്കടങ്ങൾ നമ്മുടേത് മാത്രമാണെന്നാണ് ആള് പറയുക..അത് മറ്റുള്ളവരെ കാണിക്കേണ്ടതില്ലെന്നും..

വൈശാഖൻ അങ്കിളിനെ പറ്റിയോ, അവരുടെ പ്രണയത്തെ പറ്റിയോ ചോദിച്ചാലും ആള് അങ്ങനെ ഒന്നും വിട്ടു പറയില്ല..പക്ഷെ ചിലപ്പോഴൊക്കെ, ചിറ്റ രാത്രിയിൽ തനിയെ ജാലകവാതിലിലൂടെ പുറത്തേയ്ക്ക് നോക്കി നിൽക്കുന്നതും, കണ്ണുകൾ തുടയ്ക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്..

ദൈവം എന്തിനിത്ര ക്രൂ രനാവുന്നു..?അത്രമേൽ സ്നേഹിച്ചിട്ടും കൊതി തീരെ, ഒന്നിച്ചു ജീവിക്കാനാവാതെ..

യാശോദാമ്മ ഉണ്ടെങ്കിലും, ആൾക്ക് പണ്ടത്തെ അത്ര ആരോഗ്യമൊന്നുമില്ല..വീട്ടുജോലിയും എന്റെയും കുഞ്ഞിന്റെയുമടക്കം എല്ലാ കാര്യങ്ങളും കൂടെ, ചിറ്റയ്ക്ക് ഒറ്റയ്ക്ക് പറ്റില്ലെന്ന് തോന്നിയപ്പോൾ ഒരാളെ കൂടെ വെക്കാമെന്ന് പറഞ്ഞത് നവീനാണ്..

അങ്ങനെയാണ് രാജിചേച്ചി എന്റെ കാര്യങ്ങൾ നോക്കാനായി വരുന്നത്…വീട്ടിൽ നിന്നും പോയി വരാനുള്ള ദൂരമേയുള്ളൂ ചേച്ചിയുടെ വീട്ടിലേക്ക്…

ഓട്ടോ ഡ്രൈവറാണ് ഭർത്താവെങ്കിലും അയാളെ കൊണ്ട് കാൽ കാശിന്റെ ഉപകാരമില്ല ചേച്ചിക്കും കുഞ്ഞുങ്ങൾക്കും..കിട്ടുന്നത് മുഴുവനും കുടിച്ചു നശിപ്പിക്കുന്നത് കൂടാതെ, ചേച്ചിയെയും കുഞ്ഞുങ്ങളെയും ഉപദ്രവിയ്ക്കുകയും ചെയ്യും..ചേച്ചിയ്ക്ക് ആകെയുള്ളത് കല്യാണം കഴിഞ്ഞ ഒരനിയത്തി മാത്രമാണ്..ചോദിക്കാനും പറയാനും ആരും ഇല്ലാത്തത് കൊണ്ട് അയാളുടെ ക്രൂ രതകൾ ദിനം പ്രതി വർദ്ധിച്ചു കൊണ്ടിരുന്നു…

ശമ്പളത്തിന് പുറമെ വസ്ത്രങ്ങളായും കുഞ്ഞുങ്ങൾക്കെന്ന് പറഞ്ഞു നൽകുന്ന ആഹാരസാധനങ്ങളായും കാശായും പലവിധത്തിൽ ചിറ്റയുടെ സഹായം രാജിച്ചേച്ചിയ്ക്ക് കിട്ടുന്നുണ്ടായിരുന്നു…

ആള് പാവമാണ്..എല്ലാം കണ്ടറിഞ്ഞു ചെയ്യും..അയാള് തല്ലി ചതച്ചിട്ടുണ്ടാവുമെങ്കിലും അതൊന്നും വക വെയ്ക്കാതെ ചേച്ചി ജോലിയ്ക്ക് വരും..സങ്കടം തോന്നും,മുഖത്തും കൈകളിലുമൊക്കെയുള്ള കരിനീലിച്ച പാടുകൾ കാണുമ്പോൾ…

ഇട്ടിട്ടു പോകാൻ ഒരിടമില്ല, വീട് അയാളുടെ പേരിലാണത്രേ…എന്തിനിങ്ങനെ സഹിയ്ക്കുന്നുവെന്ന് ചോദിച്ചപ്പോൾ പറഞ്ഞതാണ്..അഞ്ചിലും ഒൻപതിലും പഠിക്കുന്ന രണ്ട് പെൺകുട്ടികളാണ്..

സൗമ്യശീലയായ ചിറ്റ പോലും പല്ലുകൾ ഞെരിയ്ക്കുന്നുണ്ടായിരുന്നു…

ലീവ് കഴിയുന്നത് വരെ, നവീൻ എന്നോടും കുഞ്ഞിനോടും ഒപ്പം തന്നെ ഉണ്ടായിരുന്നു..പ്രസവം കഴിഞ്ഞ ഉടനെ തന്നെ,.നവീൻ ഞങ്ങളോടൊപ്പം കഴിയുന്നതിലും, എന്റെ മുറിയിൽ തന്നെ സമയം ചിലവഴിക്കുന്നതിനും യാശോദാമ്മയും രാജിച്ചേച്ചിയും ഇടയ്ക്ക് എന്തെങ്കിലും പറയുമെങ്കിലും..

“നവിയുടെ പ്രെസെൻസ്, അവളിപ്പോൾ ഏറ്റവും അധികം ആഗ്രഹിക്കുന്നുണ്ടാവും..അവനും അങ്ങനെ തന്നെയാവും..പഠിപ്പും വിവരവുമുള്ള കുട്ട്യോളല്ലേ, എന്തെങ്കിലും കുരുത്തക്കേട് കാട്ടിയാൽ, അതിന്റെ ഫലവും അവർ തന്നെ അനുഭവിക്കണമെന്ന് ചിന്തിക്കാനുള്ള വകതിരിവ് ഒക്കെ അവർക്കുണ്ട്..ഉള്ള സമയം അവർ സന്തോഷത്തോടെ ഇരിക്കട്ടെന്നെ..”

ഇങ്ങനെയാണ് ചിറ്റ പറയുക…

നവി എനിയ്ക്ക് വേണ്ടി ഓരോരോ കാര്യങ്ങൾ ചെയ്ത് തരുമ്പോഴും, എന്നോടുള്ള സ്നേഹവും ശ്രെദ്ധയും ചിറ്റയെയും തൃപ്തിപ്പെടുത്തുന്നുണ്ടെന്നും, എന്നോളം തന്നെ ചിറ്റ അവനെയും സ്നേഹിക്കുന്നുണ്ടെന്നും ഞാനും അറിയുന്നുണ്ടായിരുന്നു…

അന്ന് രാജി ചേച്ചി കുറച്ചു താമസിച്ചാണ് എത്തിയത്..ആകെ അവശയാണ്..നീര് വന്ന മുഖവും വീർത്ത കൺപോളകളും കണ്ടപ്പോൾ തന്നെ വിഷമം തോന്നി..

അന്നങ്ങനെ ജോലിയൊന്നും ചെയ്യാൻ ചിറ്റ സമ്മതിച്ചില്ല..രാജിച്ചേച്ചി ചെയ്യുന്ന ജോലികൾ കൂടെ ചിറ്റ ചെയ്തിരുന്നു..

അന്ന്, സാധാരണ പോവാറുള്ള സമയമായിട്ടും രാജിച്ചേച്ചി പരുങ്ങി നിന്നപ്പോഴാണ് ചിറ്റ കാര്യം ചോദിച്ചത്..

“ഞാ…ഞാൻ നാളെ വരുമ്പോ, കുട്ട്യോളെ കൂടെ ഇങ്ങോട്ട്..ഇങ്ങോട്ട് കൊണ്ട് വന്നോട്ടെ..വൈകിട്ട് ഞാൻ പോവുന്നത് വരെ അവർ ഇവിടെ നിന്നോട്ടെ…”

സ്കൂൾ അടവാണ്…അതാവും..എന്നാലും..ഞാനും ചിറ്റയും മുഖത്തോട് മുഖം നോക്കുമ്പോഴാണ്, ചേച്ചി മടിയോടെ വിക്കി വിക്കി പറഞ്ഞത്..

“അയാള്…അയാളുടെ സ്വഭാവം ശരിയല്ല നന്ദിനിച്ചേച്ചി…സ്വന്തം കുഞ്ഞുങ്ങളാണെന്ന് പോലും ഓർക്കാതെ…അവരെ..അവരെ അയാൾ..ആരോടു പറയാൻ..എന്റെ മക്കളെയും കൊണ്ട് ഞാൻ…”

പറഞ്ഞു പൂർത്തിയാക്കാനാവാതെ, അവർ പൊട്ടിക്കരഞ്ഞപ്പോൾ, ഞാൻ ഇരുന്നയിടത്തു നിന്നും എഴുന്നേറ്റ് പോയിരുന്നു…

പക്ഷെ ചിറ്റ ഇരുന്നിടത്ത് നിന്നും അനങ്ങിയില്ല…പക്ഷെ ആ മുഖം കല്ലിച്ചിരുന്നു…കണ്ണുകൾ രാജി ചേച്ചിയിൽ തന്നെയായിരുന്നു…

“ധൈര്യമുണ്ടോ നിനക്ക്, അവനെ തീർത്തു കളയാൻ…?”

മുറുകിയ ശബ്ദം കേട്ടതും, ഞാനും രാജിച്ചേച്ചിയും ഒരു പോലെ ഞെട്ടിയിരുന്നു..അവിശ്വസനീയതയോടെ ഞാൻ ചിറ്റയെ നോക്കി…ചിറ്റയുടെ കണ്ണുകളിൽ തീയായിരുന്നു…

“അവൻ ഒരിക്കലും മാറാൻ പോവുന്നില്ല..കുഞ്ഞുങ്ങളോട് പോലും, ഇങ്ങനെയൊക്കെ പെരുമാറാൻ മനസ്സുള്ളവനൊന്നും ജീവിക്കാൻ അർഹനല്ല..”

അമർത്തിയ ശബ്ദത്തിൽ, ചിറ്റ പറയുമ്പോഴും ഞാനും രാജിച്ചേച്ചിയും ശബ്ദം നഷ്ടപ്പെട്ടു നിൽക്കുകയായിരുന്നു…

“നിനക്കും മക്കൾക്കും സമാധാനത്തോടെ ജീവിക്കണ്ടേ, ആ വീടിനുള്ളിലെങ്കിലും പേടിയ്ക്കാതെ ഉറങ്ങണ്ടേ…?”

ചോദ്യത്തിന് വല്ലാത്ത മൂർച്ചയുണ്ടായിരുന്നു…രാജിച്ചേച്ചി മുഖം തുടയ്ക്കുന്നത് ഞാൻ കണ്ടു…

“ആരും സഹായിക്കില്ല..ആരും…”

ചിറ്റ പിറുപിറുക്കുന്നത് ഞാൻ കേട്ടു…എനിക്ക് ഒട്ടും പരിചിതയല്ലാത്ത നന്ദിനി ചിറ്റ..

“നിനക്ക് സമ്മതമാണെങ്കിൽ, ധൈര്യമുണ്ടെങ്കിൽ പറ,വഴി ഞാൻ പറഞ്ഞു തരാം..കൂടെ നിൽക്കാം..”

ചിറ്റയുടെ വാക്കുകളിൽ വല്ലാത്തൊരു ഉറപ്പുണ്ടായിരുന്നു. പതിയെ രാജിച്ചേച്ചിയുടെ മുഖം കടുത്തത് ഞാൻ കണ്ടു..

എന്റെ കുഞ്ഞിനെ മാറോട് ചേർക്കുമ്പോൾ ഞാനും അറിഞ്ഞിരുന്നു, അവരുടെ മനസ്സ് …

അന്ന് രാത്രി കിടക്കുമ്പോൾ പതിവില്ലാത്ത വണ്ണം നിശബ്ദതയായിരുന്നു ഞങ്ങളുടെ മുറിയിൽ..ഏറെ നേരം കഴിഞ്ഞാണ് ചിറ്റ ചോദിച്ചത്..

“നവി വിളിച്ചില്ലേ…?”

“വിളിച്ചു ചിറ്റേ..”

മോളെ, ഒന്നും കൂടെ നേരെ കിടത്തി ഞാൻ പറഞ്ഞു…

“നിനക്ക് ഞാനൊരു കഥ പറഞ്ഞു തരട്ടെ ഗായൂട്ടി…?”

ഞാൻ ഒന്നും പറയാതെ ചിറ്റയെ നോക്കി..

“ഏറെക്കാലത്തെ മോഹത്തിനൊടുവിൽ, കയ്യിൽ കിട്ടിയ പൂവ് വിഷപ്പൂവാണെന്നും, അതിന്റെ മനം മയക്കുന്ന സുഗന്ധം വിഷമയമാണെന്നും തിരിച്ചറിഞ്ഞ ഒരുവളുടെ കഥ…”

ചിറ്റയുടെ വാക്കുകൾ ശാന്തമായിരുന്നു..മിഴികൾ വിദൂരതയിലായിരുന്നു…

“വൈശാഖൻ..വൈശാഖൻ ഒരു പീ ഡോഫൈലായിരുന്നു…”

ആ നിശബ്ദതയിലേയ്ക്ക് ഒരിടിവെട്ട് പോലെയായിരുന്നു ചിറ്റയുടെ ശബ്ദം…

“ചിറ്റേ…”

ഞാൻ അറിയാതെ എഴുന്നേറ്റു പോയിരുന്നു…ചിറ്റ എന്നെ നോക്കിയതേയില്ല..ആള് ഇവിടെയൊന്നും അല്ലെന്ന് എനിയ്ക്ക് തോന്നി…

“ആഗ്രഹിച്ചു മോഹിച്ചും, കരഞ്ഞും കെഞ്ചിയും, പ്രാർത്ഥിച്ചും,.ഞാൻ നേടിയെടുത്ത എന്റെ പ്രണയം..”

ചിറ്റ ഒന്ന് ചിരിച്ചു..പൊള്ളയായി…എന്നോ വറ്റിയ കണ്ണീരിന്റെ നനവില്ലാതെ..

“പണ്ടേ വൈശാഖന് കുട്ടികളെ വല്യ ഇഷ്ടമായിരുന്നു..കുട്ടികളുടെ പ്രിയപ്പെട്ട മാഷ്..പക്ഷെ…”

ഏതോ ഓർമ്മയിൽ നിന്നെന്നത് പോലെ ചിറ്റ പറഞ്ഞു..

“വിവാഹം കഴിഞ്ഞു, ഏറെ കഴിയും മുൻപേ ഞാനത് തിരിച്ചറിഞ്ഞു..ചെറുതല്ലാത്ത ഒരു മാനസിക വൈകൃതത്തിനു അടിമയാണ് എന്റെ ഭർത്താവെന്ന്..ആദ്യം നിഷേധിച്ചു, പിന്നെ തെളിവോടെ ചോദ്യം ചെയ്തപ്പോൾ ഗത്യന്തരമില്ലാതെ സമ്മതിച്ചു..കരഞ്ഞു കാല് പിടിച്ചു മാപ്പ് പറഞ്ഞെങ്കിലും, അയാൾക്കത് തിരുത്താനാവില്ലായിരുന്നു..എന്റെ നിർബന്ധത്തിന് വഴങ്ങി ട്രീറ്റ്മെന്റിനു തയ്യാറായെങ്കിലും അത് തുടരാൻ അയാൾക്ക് താല്പര്യം ഉണ്ടായില്ല..മാറാനും..”

വൈശാഖൻ അങ്കിളിന്റെ മുഖം എന്റെ മനസ്സിൽ തെളിഞ്ഞു..സുന്ദരനായിരുന്നു..സർവ്വസമ്മതനും സൽസ്വഭാവിയും..

കാണുമ്പോഴൊക്കെ അടുത്ത് പിടിച്ചിരുത്തി വിശേഷം ചോദിക്കുമായിരുന്നു..പക്ഷെ അപ്പോൾ, ചിറ്റയുടെ മുഖത്തെ വല്ലായ്മയ്ക്ക് കാരണം ഇതായിരുന്നോ…?

എന്തെങ്കിലും പറഞ്ഞു എന്നെ ആ സാമീപ്യത്തിൽ നിന്നും ഒഴിവാക്കാൻ ശ്രെമിച്ചതിനു പിറകിൽ ഇങ്ങനെയൊരു കാരണം…?

“സ്വന്തം പെങ്ങളുടെ കുഞ്ഞിനെ പോലും വെറുതെ വിട്ടില്ല അയാൾ…അന്നാണ്…അന്നാണ് അയാൾ ഇനി ജീവിച്ചിരിക്കേണ്ടെന്ന് ഞാൻ തീരുമാനിച്ചത്…”

ശ്വാസമെടുക്കാൻ പോലും ഞാൻ മറന്നു..ആദ്യം പറഞ്ഞതിനാണോ, രണ്ടാമത് പറഞ്ഞതിനാണോ, ഞാൻ ഏറ്റവും കൂടുതൽ ഞെട്ടിയതെന്നെനിക്കറിയില്ല..

“സഹോദരനെങ്കിലും സ്വന്തം കുഞ്ഞിനെ മറ്റൊരു കണ്ണോട് കൂടെ സമീപിച്ചവനോട്, പൊറുക്കാൻ അശ്വതിയും തയ്യാറായിരുന്നില്ല..ഒരു തെറ്റും ചെയ്യാത്ത കുഞ്ഞുങ്ങളെ, ഇരകളെന്ന് മുദ്ര കുത്തി, സമൂഹത്തിലെ ക ഴുകന്മാർക്ക് കൂടെ കൊത്തി വലിക്കാൻ എറിഞ്ഞു കൊടുക്കാൻ തോന്നിയില്ല..ഞാനാണ് പറഞ്ഞത് കൊ ല്ലാമെന്ന്…അവളും കൂടെ നിന്നു..ഒരു പാട് കുഞ്ഞുമനസ്സുകളെ പിച്ചിച്ചീ ന്തിയ, ഒരു പേ പ്പ ട്ടിയെ,ഒരു തെളിവും അവശേഷിപ്പിക്കാതെ ഞങ്ങൾ യാത്രയാക്കി..”

അശ്വതി ചേച്ചി..വൈശാഖൻ അങ്കിളിന്റെ അനിയത്തി..ചേച്ചിയുടെ മോൾക്ക് എന്തോ ചെറിയ മാനസിക പ്രശ്നമുണ്ടെന്ന് കേട്ടത് ഞാനോർത്തു..

അങ്കിൾ അവരുടെ തറവാട്ട് കുളത്തിൽ വീണാണ് മരിച്ചത്..നീന്തൽ അറിയാമായിരുന്നെങ്കിലും, കാൽ വഴുക്കി വീണപ്പോൾ, തല കല്ലിലോ മറ്റോ ഇടിച്ചിരുന്നുവെന്നും, ആഴത്തിൽ മുറിവുണ്ടായിരുന്നെന്നും, ബോധരഹിതനായത് കൊണ്ടാവാം രക്ഷപ്പെടാൻ പറ്റാതിരുന്നതെന്നുമൊക്കെ കേട്ടിട്ടുണ്ട്..

“ചെയ്ത് പോയതിൽ എനിയ്ക്കൊരു തരിമ്പും കുറ്റബോധമില്ല ഗായൂട്ടി….”

ചിറ്റ എന്റെ മുഖത്തേക്ക് നോക്കി..

“അശ്വതിയുടെ മോള്..ശ്രേയ…ഇന്നുമവൾക്ക് ആ ട്രോമയിൽ നിന്നും പൂർണ്ണമായും പുറത്തു വരാൻ കഴിഞ്ഞിട്ടില്ല…ഞാനറിഞ്ഞതും അറിയാത്തതുമായ വേറെയും കുഞ്ഞുങ്ങൾ…”

ചിറ്റയുടെ മുഖം കടുത്തു..

“ഈ വൈ കൃതങ്ങളുമായി ജീവിക്കുന്നവർ പിച്ചി ചീ ന്തുന്നത് ഒരു ജീവിതം തന്നെയാണ്, ഇത് പോലെയുള്ള മൃ ഗങ്ങൾക്ക്, മരണം വിധിക്കാത്ത, ഒരു തെറ്റും ചെയ്യാത്ത, ഇവരുടെ പേ ക്കൂത്തുകൾക്ക് ബലിയാടുകളാവുന്നവരെ, ഇരകളെന്ന് മുദ്ര കുത്തി അധിക്ഷേപിക്കുന്ന, സംരക്ഷിക്കാനോ, കൈപിടിച്ച് ഉയർത്താനോ തയ്യാറാവാത്ത, നമ്മുടെ സമൂഹത്തിൽ..ഇനിയും ഇത്തരമൊരു അവസ്ഥയിൽ കടന്നു പോയാലും ഞാൻ ഇതേ ചെയ്യൂ…”

എനിയ്ക്ക് ശബ്ദം വീണ്ടു കിട്ടിയിരുന്നില്ല..

“വ്യവസ്ഥിതിയുടെയും നിയമങ്ങളുടെയും ഒപ്പം മനസ്സുകളും മാറണം…അതിനു ചിലപ്പോൾ ഇനിയും നൂറ്റാണ്ടുകൾ തന്നെ വേണ്ടി വന്നേക്കാം…”

ചിറ്റയുടെ ശബ്ദത്തിൽ പരിഹാസം നിറഞ്ഞിരുന്നു..

എനിയ്ക്കൊന്നും പറയാനുണ്ടായിരുന്നില്ല..ഈ ചിറ്റയെ എനിയ്ക്ക് പരിചയമുണ്ടായിരു ന്നില്ല..ഒരുറുമ്പിനെ പോലും നോവിക്കാനാവില്ലെന്ന് ഞാൻ വിശ്വസിച്ചിരുന്ന എന്റെ ചിറ്റ…

വിവാഹത്തിന് മുൻപോ ശേഷമോ ആരോടും ശബ്ദമുയർത്തി സംസാരിക്കുന്നതോ ദേഷ്യപ്പെടുന്നതോ പോലും ഞാൻ കണ്ടിട്ടില്ല..

എന്നിട്ടും ഒരാളെ കൊ ന്നുവെന്നൊക്കെ പറയുമ്പോൾ..അതും പ്രാണനെ പോലെ സ്നേഹിച്ചവനെ…

ശാന്തമായി ഉറങ്ങുന്ന എന്റെ മോളെ ഞാൻ ഒന്ന് നോക്കികുഞ്ഞിനരികിൽ ഒരു കൊതുക് വന്നാൽ പോലും വെപ്രാളപ്പെടുന്ന എന്റെ സ്വഭാവം ഓർത്തപ്പോൾ ചിറ്റയെ എനിയ്ക്ക് മനസ്സിലാകുന്നുണ്ടായിരുന്നു..അശ്വതിയെയും…

പിറ്റേന്ന് കാണുമ്പോൾ ചിറ്റ പഴയത് പോലെ തന്നെയായിരുന്നു..ഞങ്ങൾ സംസാരിച്ച വിഷയത്തിന്റെ നേരിയ ഒരു ലാഞ്ചന പോലും ആ ഭാവങ്ങളിലോ സംസാരത്തിലോ ഇല്ലായിരുന്നു…

ഒരു ചെമ്പകപ്പൂവിനെ പോലെ മൃദുലമായതെന്ന് ഞാൻ കരുതിയ ആ മനസ്സിനുള്ളിൽ ഇത്രയും ഉൾക്കരുത്തുണ്ടാവുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചതല്ല..

****************

ഇത്തവണത്തെ അവധിയ്ക്ക് നാട്ടിൽ പോണുണ്ട് ഞങ്ങൾ, ഞാനും നവീനും മിയമോളും…

മിയ കുട്ടിയുടെ നന്ദുവമ്മ കാത്തിരിപ്പുണ്ടാകും..യശോദാമ്മയുടെ മരണത്തിനു മുൻപേ തന്നെ, രാജിച്ചേച്ചിയും മക്കളും തറവാട്ടിൽ താമസം തുടങ്ങിയിരുന്നു….അവരുടെ ഭർത്താവ്, അമിതമായി മ ദ്യപിച്ചു, അടുത്തുള്ള ആൾമറയില്ലാത്ത കിണറ്റിൽ വീണു മരിച്ചു, അധികം കഴിയുന്നതിനു മുൻപേ..

ചിറ്റ തനിച്ചല്ലെന്നതിൽ എനിയ്ക്കൊരു സമാധാനമാണ്, ചിറ്റയ്ക്ക് അതൊരു വിഷയമല്ലെങ്കിലും…

സ്കൂളിൽ നിന്നും മിയയെ ഞാനും നവീനും പിക്ക് ചെയ്യുമ്പോൾ ശ്രേയയും കൂടെയുണ്ടായിരുന്നു…

ചിറ്റയുടെ നാത്തൂനായിരുന്ന, അശ്വതിയുടെ മകൾ ശ്രേയ..മിയയുടെ പുതിയ സ്കൂൾ ടീച്ചർ…ഇത്തവണ അവളുമുണ്ടത്രേ ഞങ്ങളോടൊപ്പം..ചിറ്റയുടെ അടുത്തേയ്ക്ക്..

ചെമ്പകപ്പൂമണം നിറയുന്ന തറവാട്ടിൽ..ചിറ്റ കാത്തിരിക്കുകയാവും…ഞങ്ങൾക്കായി….

~സൂര്യകാന്തി  (ജിഷ രഹീഷ് )💕