താലി മാലയും കൈയ്യിൽ കിടന്ന വളകളും മോതിരവും ഊരി ബാഗിൽ നിന്നും പേഴ്സ് എടുത്ത് അതിലിട്ട് എൽദോയുടെ നേർക്കു നീട്ടി..

വൺ…ടു…ത്രീ…

Story written by Neeraja S

===============

റെഡി വൺ..ടു..ത്രീ..സ്റ്റാർട്ട്….

ചുരിദാറിന്റെ ഷാളെടുത്ത് അരയിൽകെട്ടി ഓടാൻ തയ്യാറായി വരയ്ക്കിപ്പുറം നിൽക്കുമ്പോൾ ലക്ഷ്യസ്ഥാനം മാത്രമായിരുന്നു കണ്ണിൽ..

സ്റ്റാർട്ട് കേട്ടതും സർവ്വവേഗവും എടുത്തോടി..മണലിൽ പലപ്പോഴും പാദങ്ങൾ താഴ്ന്നു പോകുന്നുണ്ടായിരുന്നു. അവസാനം മണലിൽ നാട്ടിവച്ചിരുന്ന കമ്പിനരികിൽ കിതപ്പോടെ നിന്നു.

താൻ ജയിച്ചു. സ്പോർട്സിൽ സ്കൂൾ ചാമ്പ്യനായ തന്നെ ആർക്കാണ് തോല്പിക്കാൻ പറ്റുക. ചിരിയോടെ തിരിഞ്ഞു നോക്കിയപ്പോൾ അവൻ മണലിൽ കാലു പുതഞ്ഞു വീണു കിടപ്പുണ്ടായിരുന്നു..വീണു കിടക്കുന്നത് കാണുമ്പോൾ തന്നെ മനസ്സിലാകും കള്ള വീഴ്ചയാണെന്ന്. ജയിക്കില്ലെന്ന് ഉറപ്പായപ്പോൾ അങ്ങ് വീണു. അത്ര തന്നെ.

ചിരിയോടെ പിടിച്ചെഴുന്നേല്പിച്ചു..പക്ഷെ അവന്റെ കണ്ണിൽ വെള്ളം നിറഞ്ഞിരിക്കുന്നത് കണ്ടപ്പോൾ സങ്കടമായി…

“സാരമില്ല പോട്ടെ..നമുക്ക് ഒന്നൂടെ ഓടാം. നീ ശ്രദ്ധിക്കാഞ്ഞിട്ടാണ് സ്റ്റാർട്ട് പറയുന്നതിന് മുൻപ് ഞാൻ ഓടി…അതുകൊണ്ട് ആദ്യത്തെ മത്സരം നമ്മൾ ക്യാൻസൽ ചെയ്യുന്നു.. “

അവന്റെ മുഖം സന്തോഷംകൊണ്ട് പൂപോലെ വിടർന്നു..

“ചേച്ചി ജയിച്ചത്‌ കൊണ്ടല്ല ഞാൻ കരഞ്ഞത്. “

“പിന്നെ…”

“ജയനും സാബുവും ജോണിയും അപ്പുവും വിനുവും..ഞങ്ങൾ മിക്കപ്പോഴും ഇവിടെ ഓട്ടമത്സരം വയ്ക്കാറുണ്ട്..ഒരിക്കൽപോലും എനിക്ക് ജയിക്കാൻ പറ്റിയിട്ടില്ല..എന്നും ഏറ്റവും പിന്നിൽനിന്ന് ഒന്നാംസ്ഥാനം.. ” അവന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു.

“നോക്ക്..നാളെ അവരെ മത്സരത്തിന് വിളിക്കണം. എൽദോ ആയിരിക്കും നാളെ ഒന്നാമതെത്തുക.. “

“ശരിക്കും.. ” അവന്റെ കുഞ്ഞു കണ്ണുകൾ തിളങ്ങി…

“ഓട്ടമത്സരത്തിൽ പങ്കെടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം..ഒന്നാമതാകുമെന്ന വാശി വേണം…തുടക്കത്തിൽ തന്നെ വെപ്രാളംപിടിച്ച് ഓടരുത്…പതുക്കെ ഓടണം ലക്ഷ്യസ്ഥാനത്തു എത്താറാകുമ്പോൾ വേഗത കൂട്ടണം.. “

“ഒരുകാര്യം കൂടി ഓടുമ്പോൾ വായിൽക്കൂടിയും മൂക്കിൽ കൂടിയും ഒരേസമയം ശ്വാസം വലിച്ചു വിടണം…”

“ഇത്രയും ശ്രദ്ധിച്ചാൽ മതി..നാളെ മോൻ വിജയിക്കും ഉറപ്പ്.. ” നിരവധി സമ്മാനങ്ങൾ വാങ്ങിയ ഓട്ടക്കാരിയുടെ ഉറപ്പ്.

അവന്റെ കൈയ്യിൽ പിടിച്ച് മണലിൽ ഇരിക്കുമ്പോൾ മനസ്സിന് ഒരാശ്വാസം..

“എൽദോ….മോന് ആരെയാ ഏറ്റവും ഇഷ്ടം… “

“അച്ഛനെയാ ചേച്ചി എനിക്ക് ഏറ്റവും ഇഷ്ടം..പക്ഷെ… “

“പക്ഷെ…? “

അവൻ പെട്ടെന്ന് കരയാൻ തുടങ്ങി..

“അച്ഛൻ മീൻ പിടിക്കാൻ കടലിൽ പോയതാണ്…കുറെ നാളായി ഇതുവരെ തിരിച്ചുവന്നില്ല…ചിലർ പറയുന്നു അച്ഛൻ ഇനി വരില്ലെന്ന്…എനിക്കറിയാം അച്ഛൻ തിരികെ വരുമെന്ന്…ഞങ്ങളെ ഒറ്റയ്ക്കാക്കിയിട്ട് അച്ഛൻ എങ്ങും പോകില്ല..”

“ചിലപ്പോൾ വള്ളം നിറച്ചു മീൻ കിട്ടിക്കാണില്ല..അതാകും മോന്റെ അച്ഛൻ വരാത്തത്…ചേച്ചി പ്രാർത്ഥിക്കാം കെട്ടോ..അച്ഛൻ തിരിച്ചു വരാൻ. “

പ്രതീക്ഷയോടെ അവൻ വെള്ളത്തിലേക്ക് ഇറങ്ങി നിന്ന് ഉറക്കെവിളിച്ചു..

“അച്ഛാ…അച്ഛാ…വേഗം വാ.. “

കുറച്ച് നേരം കടലിലേക്ക് നോക്കി നിന്നിട്ട് തിരികെ വന്ന് അടുത്തിരുന്നു.

അവൻ അച്ഛനെക്കുറിച്ചും ഞാൻ കുഞ്ഞാറ്റയെക്കുറിച്ചും ചിന്തിച്ചു കൊണ്ട് തിരമാലകൾ തീരം പുൽകുന്നതും തിരികെ പോകുന്നതും നോക്കിയിരുന്നു..

ഒരല്പനേരത്തെ അശ്രദ്ധ..പൊന്നുമോൾ കടലിന്റെ ആഴങ്ങളിൽ മറഞ്ഞുപോയി..കുഞ്ഞാറ്റ അച്ഛന്റെ  കൂടെ മണലിൽ ഇരുന്നു കളിക്കുന്നത് കണ്ടിട്ടാണ് മറ്റുള്ളവരുടെ കൂടെ തിരമാലകളിലേക്ക്  ഇറങ്ങിയത്…കുടുംബത്തിൽ എല്ലാവരും കൂടി ഒരു ഫാമിലിടൂർ. കടൽ ആദ്യമായി കാണുന്നതിന്റെ സന്തോഷമായിരുന്നു ഉള്ളിൽ.

എപ്പോഴും മൊബൈലിൽ പരതിക്കൊണ്ടിരിക്കുന്ന ഏട്ടൻ കുഞ്ഞിനെ ശ്രദ്ധിക്കുമെന്ന് കരുതിയതാണ് പറ്റിയ തെറ്റ്. കുറ്റം മുഴുവൻ അമ്മയ്ക്കായിരുന്നു..അമ്മയുടെ നൊമ്പരമാരുമറിഞ്ഞില്ല. പിന്നീട് ഒരിക്കലും ഉറങ്ങാനായില്ല..കണ്ണടയ്ക്കുമ്പോൾ ശ്വാസംകിട്ടാതെ പിടയുന്ന കുഞ്ഞാറ്റയുടെ രൂപമാണ് തെളിയുക.

എന്റെ കുഞ്ഞിന്റെ കാലടികൾ അവസാനമായി പതിഞ്ഞ മണൽ തരികൾ…ഇവിടെവച്ചാണ് അവൾ തന്നെ വിട്ടകന്നത്..മണലിൽ വെറുതെ കടലിലേക്ക് നോക്കിയിരിക്കുമ്പോഴാണ് എൽദോയെ കണ്ടത്..കടലാസ്പൂക്കൾ വിൽക്കാൻ നടക്കുകയായിരുന്ന പത്തുവയസ്സുകാരൻ..വൈകുന്നേരം വരെ കൂട്ടിരുന്നാൽ പൂക്കൾ മുഴുവൻ വാങ്ങാമെന്നു പറഞ്ഞപ്പോൾ കൂടെക്കൂടി..

“എൽദോ….”

കടപ്പുറത്തെ കൂണുകൾ പോലെയുള്ള ചെറിയ വീടുകൾ…ഒന്നിൽ നിന്നും മെലിഞ്ഞു ക്ഷീണിച്ച ഒരു സ്ത്രീ കടപ്പുറത്തേക്ക് നടന്നുവന്ന് ഉറക്കെ വിളിച്ചു..

“വരുന്നമ്മേ…ഇപ്പം വരാം “

“ചേച്ചി…അമ്മ വിളിക്കുന്നു ഞാൻ പോകുവാ..”

“എൽദോ..നിൽക്കൂ..”

താലി മാലയും കൈയ്യിൽ കിടന്ന വളകളും മോതിരവും ഊരി ബാഗിൽ നിന്നും പേഴ്സ് എടുത്ത് അതിലിട്ട് എൽദോയുടെ നേർക്കു നീട്ടി..

“നാളെ എൽദോ ഓട്ടമത്സരത്തിൽ ജയിക്കണം…ജയിച്ചാൽ ഇതെനിക്ക് തിരിച്ചു തരേണ്ട…തോറ്റാൽ ഇതെല്ലാം നാളെ തിരികെ തരണം. “

എൽദോ മനസ്സില്ലാ മനസ്സോടെ പേഴ്സ് കൈയ്യിൽ വാങ്ങി…

“അപ്പോൾ ചേച്ചി വരുമൊ നാളെ എന്റെ ഓട്ടമത്സരം കാണാൻ…? “

“ഉറപ്പായും വരും… “

അവനെ ചേർത്തുപിടിച്ചു നെറുകയിൽ ഉമ്മ വച്ചു..അവന്റെ കണ്ണുകൾ സ്നേഹംകൊണ്ട് തിളങ്ങി..

“ചേച്ചി ഇപ്പോൾ ഒരു ഓട്ടമത്സരത്തിൽ പങ്കെടുക്കാൻ പോകുവാണ്…എൽദോ വേണം വൺ റ്റൂ ത്രീ സ്റ്റാർട്ട് പറയാൻ… “

“ചേച്ചി ആരുടെ കൂടെയാ മത്സരിക്കുന്നത് “

“അത്‌ കടലമ്മയോട്…ഈ കടലിലെ തിരമാലകളോട്…ആരാ ജയിക്കുന്നതെന്നു നോക്കാം… “

“അടുത്ത തിര വരുമ്പോൾ മോൻ സ്റ്റാർട്ട് പറയണം ഓക്കേ.. “

ഷാൾ എടുത്ത് അരയിൽ കെട്ടി തയ്യാറായി…അടുത്ത വലിയ തിര വന്നു കാലിൽ തൊട്ടപ്പോൾ എൽദോ സ്റ്റാർട്ട് പറഞ്ഞു…

പിന്നിൽ നിന്നും അമ്മയുടെ വിളി വീണ്ടും…എൽദോ കടലിലേക്ക് നോക്കി..

ഫിനിഷിങ് പോയിന്റ് എവിടെയാണെന്ന് ചേച്ചി പറഞ്ഞില്ലല്ലോയെന്നു അപ്പോഴാണ് എൽദോ ഓർത്തത്.

ചേച്ചിയെ കാണുന്നില്ല…ചിലപ്പോൾ കുറെ ദൂരം ഓടിയിട്ടായിരിക്കും തിരിച്ചു വരിക…

പെട്ടെന്ന് ഒരടി ചുമലിൽ പതിച്ചു.

“എത്ര നേരമായെടാ വിളിക്കുന്നു…മര്യാദക്ക് വീട്ടിൽ കേറാൻ നോക്ക്… “

***************

എൽദോയും കൂട്ടുകാരും മണലിൽ വരച്ച നീളൻ വരയോട് ചേർന്നു നിന്നു…കാലിനു പരിക്കുപറ്റി  ഓടാൻ പറ്റാത്തതിൽ വിഷമത്തോടെ നിൽക്കുന്ന വിനുവാണ് സ്റ്റാർട്ട് പറയുന്നത്..എൽദോ ബനിയൻ ഊരി പേഴ്സ് അതിൽ പൊതിഞ്ഞു വിനുവിന്റെ അടുത്തായി വച്ചു…നിക്കറിന്റെ ബട്ടൻസ് ഒന്നുകൂടി മുറുക്കി…ദൂരെയുള്ള ലക്ഷ്യം നോക്കി വരയോട് ചേർന്നു നിന്നു.

രാത്രിയിൽ അമ്മ ഉറങ്ങിക്കഴിഞ്ഞപ്പോൾ ചെറിയ നിലാവെളിച്ചത്തിൽ പേഴ്സിൽ നിന്നും മാലയും വളയുമൊക്കെ പരിശോധിച്ചു നോക്കിയതാണ്…അമ്മയുടെ കഴുത്തിലെ കറുത്ത ചരടിന് പകരം തിളങ്ങുന്ന സ്വർണ്ണമാല കിടക്കുന്നത് സ്വപ്നം കണ്ടാണ് ഉറങ്ങിയത്…

വിനു സ്റ്റാർട്ട് പറഞ്ഞപ്പോൾ ചേച്ചി പറഞ്ഞത് പോലെ വായതുറന്ന്, ശ്വാസംവലിച്ച്, വേഗത കുറച്ച് എൽദോ ഓടിത്തുടങ്ങി..ലക്ഷ്യത്തിലേക്ക് മാത്രമായിരുന്നു കണ്ണ്..അടുത്തെത്താറായപ്പോൾ മിന്നലുപോലെ മറ്റുള്ളവരെ മറികടന്നു എൽദോ ഒന്നാമതെത്തി…

ആദ്യമായി…എൽദോയ്ക്കു താൻ കടപ്പുറത്തെ രാജാവായപോലെ തോന്നി…എല്ലാവരെയും ഓടി തോല്പിച്ചിരിക്കുന്നു..

മത്സരത്തിൽ ജയിച്ചതുകൊണ്ട് പേഴ്സ് തനിക്കുള്ളതാണ്…എങ്കിലും പറയാതെ എങ്ങനെയാണ്..ചേച്ചി ഓടിയിറങ്ങിപ്പോയ ഭാഗത്തേക്ക് നോക്കി മണലിൽ ഇരുന്നു…ചേച്ചി  ജയിച്ചുവന്നാൽ പേഴ്സ് ചേച്ചിക്ക് കൊടുക്കണം.

ചേച്ചിയപ്പോൾ കുഞ്ഞാറ്റയെയും ഒക്കത്തുവച്ച് എൽദോയുടെ തൊട്ടടുത്തുനിന്നിരുന്നു..ചേച്ചിയും ഓട്ടമത്സരത്തിൽ ജയിച്ചെന്ന് അവനോട് എങ്ങനെ പറയുമെന്നോർത്തുകൊണ്ട്…