വേർപിരിയൽ എന്നൊന്ന് ഞങ്ങളുടെ ബന്ധത്തിൽ ഉണ്ടാവില്ല എന്ന് അഹങ്കരിച്ചു. ഒടുവിൽ അങ്ങനൊരു അവസ്ഥ…

നീയും ഞാനും….

Story written by Keerthy S Sreenivasan

=================

ഒരുപാട് നാളുകൾക്ക് ശേഷം ഉള്ള ഒരു തീരുമാനമായിരുന്നു ഒരിക്കൽ കൂടി ആ വാക മര ചുവട്ടിലേക്ക് പോകാം എന്നത്…പലപ്പോഴും നാട്ടിൽ വരുമ്പോൾ അറിയാതെ പോലും നോക്കാൻ ഇഷ്ടപെടാത്ത സ്ഥലം…കാരണം എന്റെ കണ്ണുനീർ ഏറ്റവും കൂടുതൽ വീണിരിക്കുന്നത് അവിടെയാണ്…എനിക്കെല്ലാം നഷ്ടമായത് അവിടെയാണ് ജീവനോളം സ്നേഹിച്ചിരുന്ന അവനെ..അല്ല ജീവനേക്കാൾ ഏറെ….

വേർപിരിയൽ എന്നൊന്ന് ഞങ്ങളുടെ ബന്ധത്തിൽ ഉണ്ടാവില്ല എന്ന് അഹങ്കരിച്ചു.. ഒടുവിൽ അങ്ങനൊരു അവസ്ഥ വിധി എന്റെ മുൻപിൽ കൊണ്ട് വന്നു വെച്ചപ്പോൾ രണ്ടു മാർഗങ്ങളെ ഉണ്ടായിരുന്നുള്ളു…

ഒന്നുകിൽ ഞങ്ങൾ സ്വപ്നം കണ്ട സ്വർഗ്ഗ തുല്യമായ ജീവിതം…അല്ലെങ്കിൽ എന്റെ ലക്ഷ്യങ്ങൾ….

രണ്ടാമത്തെതിന് അവൻ തടസ്സം ആയപ്പോൾ നെഞ്ച് പൊടിയുന്ന ദുഖത്തോടെ അവനെ എനിക്ക് ഉപേക്ഷിക്കേണ്ടി വന്നു…

ഞാൻ ആമി…അഭിരാമി എന്ന എന്റെ പേരിനെ സ്നേഹത്തോടെ എല്ലാവരും വിളിച്ചിരുന്നത് ആമി എന്നായിരുന്നു…

ആ വിളി ഞാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നു…ബാല്യം കൗമാരത്തിലേക്ക് കടന്നപ്പോൾ എങ്ങനെ എന്നറിയില്ല അവനും എന്റെ മനസ്സിൽ കൂടു കൂട്ടിയിരുന്നു…

ഹരി…സാമ്പത്തികമായി ഏറെ വ്യത്യാസം ഉണ്ടായിരുന്നു ഞങ്ങളുടെ കുടുംബങ്ങൾ തമ്മിൽ…

എന്നാലും സമ്പത്തും കുടുംബവും ഒന്നും ഞങ്ങൾക്കിടയിൽ പ്രശ്നമായിരുന്നില്ല…ഞങ്ങൾക്കിടയിൽ എന്നും ഒരേ ഒരു മത്സരമേ ഉണ്ടായിരുന്നുള്ളു…ആരാണ് മറ്റേ ആളെ കൂടുതൽ സ്നേഹിക്കുന്നത് എന്ന മത്സരം…അതിൽ വിജയിക്കാൻ ഞങ്ങൾ വാശിയോടെ പ്രണയിച്ചു കൊണ്ടേ ഇരുന്നു….ഞാൻ പോസ്റ്റ്‌ ഗ്രാഡുവേഷൻ എത്തിയപ്പോൾ ആരും കൊതിക്കുന്ന ഒരു ജോലി അമേരിക്കയിൽ സ്വന്തമാക്കി ഹരി അവന്റ ഭാഗവും ഭംഗിയാക്കിയിരുന്നു.

അപ്പോൾ ആണ് വിവാഹം എന്ന സ്വപ്നം ഇനി ഒരുപാട് ദൂരം അകലെ അല്ല എന്ന ഓർമ ഉണ്ടായത്. ഹരിയെ കൂടുതൽ മനസ്സിലാക്കിയപ്പോൾ ആണ് അവൻ എന്റെ കാര്യത്തിൽ ഒരുപാട് സ്വാർഥൻ ആണെന്ന് എനിക്ക് മനസിലായി തുടങ്ങിയത്…

അതിൽ ഒന്നായിരുന്നു നിനക്കെന്തിനാ ജോലി എനിക്ക് ഉണ്ടല്ലോ എന്ന അവന്റെ ചോദ്യം…നിനക്ക് ജോലി ഉള്ളതും എനിക്ക് ഇല്ലാത്തതും തമ്മിൽ ഒരുപാട് വ്യത്യാസം ഇല്ലേ ഹരി എന്ന എന്റെ മറുചോദ്യത്തിനു മുന്നിൽ അവൻ പെടുന്നെനെ നിശ്ശബ്ദനായിരുന്നു…

അതിനു മറുപടി പറയാൻ അവൻ ആഗ്രഹിക്കാഞ്ഞിട്ടോ അതോ പറഞ്ഞും എതിർത്തും അവന്റെ തീരുമാനം മാറരുത് എന്ന ആഗ്രഹം കൊണ്ടോ അറിയില്ല…

ചുമടെടുത്തു എന്നെ  പഠിപ്പിച്ച അച്ഛന്റെയും..ഭക്ഷണം പോലും കുറച്ചു ആ കാശും ഹോസ്റ്റലിൽ അയച്ചു തരുന്ന അമ്മച്ചിയുടെയും ഞാൻ കര കയറിയാൽ എന്റൊപ്പം രക്ഷപെടും എന്ന് അച്ഛനും അമ്മയും വിശ്വസിക്കുന്ന ഇളത്തുങ്ങളുടെയും മുഖം ഓർക്കുമ്പോ ആ സംഭാഷണം അധികം നീട്ടി കൊണ്ട് പോവാൻ ഞാനും ആഗ്രഹിച്ചില്ല..

ഒരു വെള്ളിയാഴ്ച അന്ന് ആണ് ദൈവം എനിക്ക് രണ്ട് സമ്മാനങ്ങൾ കരുതി വെച്ചിരുന്നത്…

ഒന്ന് പോസ്റ്റിങ്ങ്‌ ഓർഡർ ആയിരുന്നു…ഞാൻ സ്വപ്നം കണ്ടത് പോലെ ഒരു ഗവണ്മെന്റ് ജോലി…പഞ്ചായത്തിൽ LD ക്ലാർക്ക് ആയിട്ട്…

ആ സന്തോഷ വാർത്ത….ഹോസ്റ്റലിൽ  നിന്നും വരും വഴി അറിഞ്ഞ ആ വാർത്ത അച്ഛനോട് പറയാൻ ഓടി വരവേ അച്ഛൻ എനിക്കായി മറ്റൊരു സന്തോഷവും കരുതി വെച്ചിരുന്നു….ഹരിയുടെ വീട്ടുകാർ പെണ്ണ് ചോദിച്ചു വന്നു എന്ന വാർത്ത…

അച്ഛന്റെയും അമ്മയുടെയും അഭിപ്രായത്തിൽ അത് സ്വപ്നം കാണാൻ പറ്റാത്ത ബന്ധം എന്നായിരുന്നു…എന്റെ ഭാഗ്യം എന്നവർ പറയുന്നത് കേട്ടപ്പോൾ ഒരുപാട് കഷ്ടപ്പാടുകൾക്ക് ശേഷം ദൈവം എനിക്കും ചില നന്മകൾ കരുതി വെച്ചു എന്ന് ഞാനും വിശ്വസിച്ചു….

പിന്നെ കാര്യങ്ങൾ ഒക്കെ പെട്ടെന്നായിരുന്നു അങ്ങനെ ഞങ്ങളുടെ കല്യാണം ഉറപ്പിച്ചു…പെട്ടെന്ന് തീരുമാനിച്ചത് കൊണ്ട് നിശ്ചയം ഒഴിവാക്കാം എന്ന് ഹരിയുടെ വീട്ടുകാർ പറഞ്ഞു….

സെപ്റ്റംബർ 26 അന്ന് നടത്താം എന്ന അവരുടെ തീരുമാനം എന്റെ കാതുകളിൽ ഒഴുകിയെത്തി….അത് കഴിഞ്ഞു 3നു ഹരി പോകും…പിറ്റേ മാസം എല്ലാം റെഡി ആക്കി ആമിക്കും പോവാം എന്ന ഹരിയുടെ അച്ചന്റെ സംസാരവും പുറകെ ആമി എങ്ങനാ പോവാ അപ്പോ അവളുടെ ജോലിയോ എന്ന എന്റെ അച്ഛന്റ്റെ ആധിയും ഞാൻ കേട്ടു….

ജോലി കളയേണ്ട എന്ന് തന്നെ ആയിരുന്നു ഞങ്ങളുടെ തീരുമാനം…പക്ഷെ ഹരി സമ്മതിക്കണില്ല…രണ്ടിടത് കഴിയാനാണെ എന്തിനാ കല്യാണം കഴിക്കാനെന്നാ അവൻ ചോദിക്കണേ…ആമിക്ക് കിട്ടണത്തിന്റ ഇരട്ടി അവനു അവിടെ കിട്ടാനുണ്ടല്ലോ….അവർ രണ്ടാളും നേരത്തെ ഇത് സംസാരിച്ചു ഉറപ്പിച്ചതാണ് എന്നവൻ പറഞ്ഞു..

ഹരിയുടെ അച്ഛന്റ്റെ വാക്ക് കേട്ടു അങ്ങനെ ആണേ കുട്ടികളുടെ ഇഷ്ടം പോലെ നടക്കട്ടെ…എന്ന എന്റെ അച്ഛന്റ്റെ മറുപടിയിൽ ഇളയ രണ്ടു പേരുടെയും ഭാവിയെ കുറിച്ചുള്ള ആശങ്കയോ ജപ്തി നേരിടാൻ തുടങ്ങുന്ന വീടിനെ കുറിച്ചുള്ള ഉത്കണ്ഠയോ ഒന്നും ഉണ്ടായിരുന്നില്ല…

രാത്രിയിൽ വെള്ളം എടുക്കാൻ അടുക്കളയിൽ ചെന്നപ്പോൾ ആണ് അച്ഛനും അമ്മയും എന്നെ കുറിച്ച് പറയുന്നത് കേട്ടത്…എന്തോരം ആളുകൾ ആഗ്രഹിക്കണ ജോലിയാ നമ്മൾ എന്തോരം കഷ്ടപ്പെട്ട് പഠിപ്പിച്ചതാ എന്ന അമ്മയുടെ ആധിയെ പഠിപ്പിക്കുക എന്നത് അച്ഛനമ്മമാരുടെ കടമയാ പ്രതിഫലം ആഗ്രഹിച്ചല്ല അത് ചെയ്യേണ്ടത് എന്ന ഒറ്റ മറുപടി കൊണ്ട് അച്ഛൻ നിസ്സാരവൽക്കരിച്ചു കളഞ്ഞു…

തിരിച്ചു മുറിയിലേക്ക് നടക്കുമ്പോൾ ഒറ്റ സംശയമേ എന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളു മക്കൾക്കും അച്ഛനമ്മമാരോട് തിരിച്ചൊരു കടമ ഇല്ലേ എന്ന സംശയം…ഉണ്ട് എന്ന ഉത്തരം എന്റെ മനസ്സ് തന്നപ്പോൾ ഫോൺ എടുത്ത് സ്ഥിരം കാണുന്ന സ്ഥലത്ത് വരണം എന്ന് ഹരിക്ക് മെസ്സേജ് അയക്കുമ്പോൾ ചില തീരുമാനങ്ങൾ ഞാനും എടുത്തിരുന്നു….

അസ്തമിക്കാൻ നിന്ന സൂര്യനും കൂടെറാൻ കാത്തു നിന്ന പക്ഷികളും കൂടി നിന്നിരുന്ന വാക മരവും ഞങ്ങളുടെ തീരുമാനത്തിനു കാതോർക്കുക ആണ് എന്നെനിക്കു തോന്നി…

ഹരിയോട് ഞാൻ എപ്പോഴാ ജോലി കളഞ്ഞു അമേരിക്കയിൽ വരുന്നു പറഞ്ഞത്…എന്ന എന്റെ ചോദ്യം അവനെ ഒന്ന് അസ്വസ്ഥനാക്കിയോ…

അത്..പിന്നെ എങ്ങനാ ഞാൻ അവിടേം നീ ഇവിടേം കഴിയുവോ അതൊന്നും നടക്കില്ല ആമി എത്ര വർഷയുള്ള നമ്മുടെ സ്വപ്നവാ യാഥാർഥ്യം ആവുന്നേ അതിനിടയിൽ ചെറിയ പലതും നമുക്ക് ഉപേക്ഷിക്കേണ്ടി വരും…ആ ജോലി കളഞ്ഞാൽ നീ പട്ടിണി കിടക്കേണ്ടി ഒന്നും വരില്ലല്ലോ….നമ്മുടെ ആറു തലമുറക്ക് തിന്നും സുഖിച്ചും കഴിയാനുള്ളത് എന്റെ വീട്ടിലുണ്ട് പിന്നെ ഞാൻ സമ്പാദിക്കുന്നത് വേറെ പിന്നെന്നാ…ഹരി വാദിച്ചു

അതെനിക്കറിയാം ഹരി എനിക്ക് ഒരു കൊറവും ഉണ്ടാവില്ലാന്ന്…പക്ഷെ എനിക്കൊരു കുടുംബം ഉണ്ട് ഒരു അച്ഛനും അമ്മേം രണ്ട് കൂടെപ്പിറപ്പുകളും ഉണ്ട്..ഏത് നിമിഷോം സഹകരണ ബാങ്ക് കൊണ്ട് പോകാവുന്ന ഒരു വീടും അതുങ്ങളേം കൊണ്ട് എന്റെ അച്ചായി എന്നാ ചെയ്യും ഹരി…ഞാൻ പങ്കു വെച്ചത് എന്റെ ആശങ്ക ആയിരുന്നു…

എല്ലാം കൂടി ചിന്തിച്ചാൽ ഒന്നും നടക്കുവേല…അതൊക്കെ അച്ഛൻ ഉണ്ടാക്കിക്കോളും നിന്നെ കെട്ടാൻ ഞാൻ ഒന്നും ചോദിച്ചില്ലല്ലോ…അപ്പോ അച്ഛൻ ഇനി കല്യാണ ചെലവ് കണ്ടെത്തിയാൽ മതീല്ലോ നമ്മുടെ കല്യാണം കഴിഞ്ഞ് പതുക്കെ ജോലിക്ക് ഒക്കെ പോയിട്ട് കൊറേശ്ശേ ബാങ്കിൽ അടച്ചു വീട്ടണം എന്നിട്ട്  ബാക്കി കാര്യങ്ങൾ ചെയ്താ മതീല്ലോ….ഹരി പറഞ്ഞു നിർത്തി…

എന്റെ അച്ഛന് ജീവിക്കാനുള്ള വഴി പറഞ്ഞു കൊടുക്കുവാണോ നീ…അത് വേണ്ട ഹരി…എന്റെ തീരുമാനം ഞാൻ പറയാം നാളെ രാവിലെ വരെ ഞാൻ സമയം തരാം…ഹരിയുടെ തീരുമാനത്തിൽ എന്നേലും മാറ്റം ഉണ്ടേ എന്നെ വിളിക്കണം മാറ്റം ഒന്നും ഇല്ലേ ഈ കല്യാണത്തിന് എനിക്ക് താല്പര്യം ഇല്ല ഹരി…എന്റെ അച്ഛനെ കൂടുതൽ കഷ്ടപ്പാടിലേക്ക് തള്ളി ഇട്ടിട്ട് കിട്ടുന്ന ഒരു സ്വർഗ്ഗവും എനിക്ക് വേണ്ട…

പറഞ്ഞു തീർത്തു തിരിഞ്ഞു നടക്കുമ്പോ അസ്ത്രം കണക്കെ ആമിയുടെ ഹൃദയം കീറി മുറിക്കാൻ ഹരിയുടെ വാക്കുകൾ പാഞ്ഞു വരുന്നുണ്ടായിരുന്നു…

നിനക്ക് നമ്മുടെ ബന്ധത്തേക്കാൾ വലുത് ഈ ജോലി ആണേ എനിക്ക് ആലോചിക്കാൻ സമയം വേണ്ട ആമി…നമുക്ക് പിരിയാം…

തിരിഞ്ഞു നോക്കിയില്ല അവൾ…തിരിഞ്ഞു നോക്കിയാൽ അവന്റ മുഖം ഒന്ന് കൂടി കണ്ടു പോയാൽ താൻ അവിടെ വീണു പോയേക്കും എന്നവൾക്ക് തോന്നി….

വീട്ടിലെത്തി ഈ കല്യാണം നടക്കില്ല അച്ഛാ..തിങ്കളാഴ്ച ഞാൻ പോകും പാലക്കാട്ടേക്ക് പിറ്റേന്ന് എനിക്ക് ജോയിൻ ചെയ്യണം എന്ന് പറഞ്ഞു മുറിയിൽ കയറി വാതിൽ അടക്കുമ്പോൾ രണ്ട് ഉദ്ദേശങ്ങൾ ഉണ്ടായിരുന്നു അവൾക്…

ഒന്ന് ഇനി ചോദ്യങ്ങൾ ആരുടെയും ഭാഗത്തു നിന്ന് ഉണ്ടാവരുതെന്ന്..

രണ്ട് തന്റെ കണ്ണുനീർ ഈ ചുമരുകൾ മാത്രമേ കാണാവൂ എന്നു…

*********

ജോലിയിൽ ജോയിൻ ചെയ്ത ശേഷം നാളുകൾ കടന്ന് പോയത് അറിഞ്ഞില്ല..വൈകാതെ ഒരു വാർത്ത അവളെ തേടി എത്തി ഹരിയുടെ കല്യാണം ഉറപ്പിച്ചു എന്നത്…

പക്ഷെ അപ്പോഴേക്കും “താൻ തന്നെ വേണ്ടത് വെച്ചത് ” എന്ന വാക്യം അവൾ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിരുന്നു…

പതിയെ വീടിന്റെ ആധാരം തിരിച്ചു എടുത്തു. കാലം ഉണങ്ങാത്ത മുറിവുകൾ ഇല്ലല്ലോ അത്കൊണ്ടാണ് പിന്നീട് വന്ന ആലോചനക്ക് അവൾ സമ്മതം അറിയിച്ചത്….

കാണാൻ യോഗ്യൻ ഗവണ്മെന്റ് ഉദ്യോഗസ്ഥൻ നല്ല സ്വഭാവം…പെട്ടന്ന് വിവാഹം കഴിഞ്ഞു….ദൈവം അവൾക് അർഹിച്ചത് കൊടുത്ത പോലെ ആയിരുന്നു സിദ്ധാർഥൻ അവളെയും അവളുടെ കുടുംബത്തെയും അവരുടെ കഷ്ടപാടുകളെയും മനസിലാക്കിയവൻ…അത്കൊണ്ട് തന്നെ സിദുവും ആമിയും ഒന്നിച്ചു നിന്ന് ഇളയവരുടെ കല്യാണം നടത്തി…

വീട്ടിൽ ഇപ്പോൾ അച്ഛനും അമ്മയും മാത്രം…അവരുടെ കാര്യങ്ങൾ നോക്കുന്നതും ആമി ആണ്…ആമിക്ക് രണ്ട് കുഞ്ഞുങ്ങൾ…

ഇത്തവണ ഉത്സവം കൂടാൻ വീട്ടിൽ വന്നപ്പോൾ സിദ്ധു നിർബന്ധിച്ചിട്ടാണ് അവർ ആ വാകമര ചുവട്ടിൽ പോയത്. പലപ്പോഴും സിദ്ധു പറഞ്ഞിട്ടും ആമി സമ്മതിച്ചിരുന്നില്ല അവിടെ പോവാൻ…ആ മര ചുവട്ടിൽ ഇരിക്കുമ്പോൾ താൻ പലതും വീണ്ടും ഓർത്തു പോയേക്കുമെന്ന് അവൾ ഭയന്നു…

അവിടെ ചെന്നിരുന്നു സിദ്ധുവിനോട് ഒരുപാട് സംസാരിച്ചു തിരിച്ചു നടക്കുമ്പോൾ അവൾ അഹങ്കാരത്തോടെ അവന്റെ കൈകളിൽ കൈ ചേർത്ത് പിടിച്ചു…

സന്തോഷത്തോടെ വാകമരം അവരെ നോക്കി നിൽകുമ്പോൾ ആമി വീണ്ടും മനസിലാക്കുക ആയിരുന്നു…

സ്നേഹം മാത്രമല്ല ദുഖവും കഷ്ടപ്പാടും പങ്കു വെക്കുന്നവനാണ് യഥാർത്ഥ നല്ല പാതി എന്ന്…

❤കീർത്തി പ്രമോദ് ❤