കണ്ണന്റെ പിറകിൽ ബൈക്കിൽ ഇരുന്നു പോകുമ്പോൾ വല്ലാത്ത സന്തോഷം തോന്നി. എത്ര നാളായി ആഗ്രഹിക്കുന്നു…

നഷ്ട സ്വപ്‌നങ്ങൾ….

Story written by Neeraja S

=================

“സുജീ..വൈകുന്നേരം മക്കളെയും കൂട്ടി ഒരുങ്ങിക്കോളൂ..നമുക്ക് ഇന്ന് പുറത്ത് പോകാം. മക്കൾ കുറെ നാളായില്ലേ പറയുന്നു “

കണ്ണേട്ടൻ അങ്ങനെ പറഞ്ഞപ്പോൾ വിശ്വാസം വരാതെ അയാളെ നോക്കി.

“നേരായിട്ടും… ?”

“നേരായിട്ടും പറഞ്ഞതാ..”

സന്തോഷംകൊണ്ടു കണ്ണ് നിറഞ്ഞു. പിന്നെ സ്പീഡിൽ അടുക്കളയിലേക്ക് ഓടി. രാത്രി ഭക്ഷണം റെഡിയാക്കണം. കുക്കറിൽ കഞ്ഞി വയ്ക്കാം. പിന്നെ ചമ്മന്തിയും പയർ തോരനും…

കൃത്യം അഞ്ചുമണിക്ക് തന്നെ മക്കളെയും ഒരുക്കി പോകാൻ റെഡിയായി. അച്ചുവിന് 6 വയസ്സും കിച്ചുവിന് 3 വയസ്സും. കുട്ടികൾ തുള്ളിച്ചാടി എല്ലാവരോടും വിളിച്ചു പറഞ്ഞു.

“ഞങ്ങൾ ഷോപ്പിംഗ് മാൾ കാണാൻ പോകുവാ… “

കണ്ണന്റെ അമ്മ ഇഷ്ടപ്പെടാത്ത മട്ടിൽ അവളെ നോക്കി. അമ്മയ്ക്ക് കാലിന് എപ്പോഴും വേദനയാണ്. ഒരു സ്ഥലത്തും പോകാറില്ല. മറ്റുള്ളവർ പോകുന്നത് ഇഷ്ടവുമല്ല.

“എന്റെ കാലിനു നല്ല വേദന. നീ വരുന്നത് വരെ വേദന തിന്നാൻ വയ്യ..കുഴമ്പിട്ട് ഒന്ന് തിരുമ്മി തന്നിട്ട് പൊയ്ക്കോ. “

സങ്കടം വന്നു. അമ്മയ്ക്ക് ഒരുങ്ങുന്നതിനു മുൻപ് പറയാമായിരുന്നു. ആ കുഴമ്പിന്റെ മണം…എന്തോരം കഴുകിയാലും കയ്യിൽനിന്നും പോകില്ല.

കണ്ണന്റെ പിറകിൽ ബൈക്കിൽ ഇരുന്നു പോകുമ്പോൾ വല്ലാത്ത സന്തോഷം തോന്നി. എത്ര നാളായി ആഗ്രഹിക്കുന്നു ഇങ്ങനെയൊരു യാത്ര. അമ്മയ്ക്ക് താൻ എങ്ങും പോകുന്നത് ഇഷ്ടമല്ല.. പോയാൽപിന്നെ കുറച്ച് ദിവസത്തേക്ക് തൊട്ടതിനും പിടിച്ചതിനും വഴക്കാണ്.

നഗരത്തിലെ പ്രശസ്തമായ മാളിൽ ചെന്നു കയറുമ്പോൾ, അവധി ദിവസം ആയതിനാൽ നല്ല തിരക്ക്. കുട്ടികളുടെ കോർണർ…എന്തെല്ലാം കളിപ്പാട്ടങ്ങൾ..റൈഡുകൾ..എല്ലാം തൊട്ടും തലോടിയും മക്കൾ ഓടി നടന്നു. മറ്റൊരു ഭാഗത്തുള്ള ഫോട്ടോ പ്രദർശനം കാണണമെന്ന് മനസ്സ് കൊതിച്ചു എങ്കിലും മക്കളുടെ സന്തോഷം നോക്കി അവരുടെ കൂടെ നടന്നു.

എല്ലാം കാശ്  ഉണ്ടെങ്കിൽ മാത്രം ഉപയോഗിക്കാവുന്ന കളിപ്പാട്ടങ്ങൾ. ഏതെങ്കിലും ഒരെണ്ണത്തിൽ കയറാനുള്ള അനുവാദം മക്കൾക്ക്‌ കണ്ണേട്ടൻ കൊടുത്തിരുന്നു.

ഇടയ്ക്കു തന്റെ ചുരിദാറിലേക്കു നോക്കി. നിറം മങ്ങിയ വസ്ത്രം..അവിടെ കൂടി നിന്നിരുന്ന എല്ലാവരെയും അപേക്ഷിച്ചു തീരെ പഴയതും നിറം മങ്ങിയതുമാണ്. ചുറ്റിനുമുള്ള സ്ത്രീകൾ നന്നായി ഒരുങ്ങി, ലിപ്സ്റ്റിക് ഇട്ട്, ഭംഗിയുള്ള വസ്ത്രങ്ങളും ധരിച്ചിരുന്നു. വന്ന വഴിയിൽ ഭിക്ഷ യാചിച്ചു കൊണ്ടിരുന്ന സ്ത്രീയെക്കുറിച്ച് ഓർത്തപ്പോൾ അവൾക്ക് അല്പം ആശ്വാസം തോന്നി.

കുട്ടികൾക്ക് വിശന്നു തുടങ്ങിയിരുന്നു. കണ്ണേട്ടൻ ചിരപരിചിതനെ പോലെ ഭക്ഷണം ഓർഡർ ചെയ്തു.

“സുജീ നീ ഇഷ്ടമുള്ളത് ഓർഡർ ചെയ്തോ..മക്കളോട് ചോദിച്ചാവശ്യമുള്ളത് വാങ്ങിച്ചോ.”

ആകെ ധർമ്മസങ്കടത്തിൽ ആയി. എന്താണ് കഴിക്കുക. ഇവിടെയൊക്കെ ഭക്ഷണസാധനങ്ങൾക്ക് ഭയങ്കര വിലയാണെന്ന് കേട്ടിട്ടുണ്ട്.

“മാഡം..മെനു നോക്കി ഓർഡർ ചെയ്തോളു..”

മെനു വായിച്ച് നോക്കിയെങ്കിലും എന്താണെന്നു മനസ്സിലാകാത്ത കുറെ പേരുകൾ. പരിചയമുള്ള വാക്ക് ബിരിയാണി ആയിരുന്നു…തലശ്ശേരി ബിരിയാണി ഓർഡർ ചെയ്തിട്ട് അവിടെനിന്ന പെൺകുട്ടിയോട് തിരക്കി..

“ചിക്കൻ ബിരിയാണി തന്നെ ആണല്ലോ അല്ലെ… ?”

“അതെ മാഡം. “

കേട്ടപ്പോൾ സമാധാനം ആയി. മക്കൾക്ക് ഏറെ ഇഷ്ടമാണ് ചിക്കൻ ബിരിയാണി. ഭക്ഷണം വലിയ പത്രത്തിൽ ഭംഗിയായി അടുക്കി വന്നു. ആ വലിയ പരന്ന പാത്രത്തിലെ ഭക്ഷണ സാധനങ്ങൾ താഴെ വീഴാതെ….അനങ്ങാതെ പിടിച്ചു കണ്ണേട്ടൻ ഇരുന്ന ടേബിൾ വരെ എത്തിയപ്പോൾ വിയർത്തു പോയി.

“എന്തെങ്കിലും കുടിക്കാൻ കൂടി മേടിക്ക്..ഇതൊക്കെ പറഞ്ഞിട്ട് വേണോ..ഒന്നും നോക്കീം കണ്ടും ചെയ്യാൻ അറിയില്ല..”

നാരങ്ങാ വെള്ളത്തിന്‌ ഓർഡർ കൊടുത്തു. തന്ന മെനുവിൽ ഏറ്റവും കുറഞ്ഞ വില അതിനായിരുന്നു. നീണ്ടു മെലിഞ്ഞ ചില്ലു ഗ്ലാസിൽ ലെമൺ ജൂസ്.

ദൈവമേ….അടുത്ത പരീക്ഷണം. പരന്ന പാത്രത്തിൽ ഇരുന്ന് നാലു ഗ്ലാസ്‌ നാരങ്ങാ വെള്ളം അവളെ നോക്കി വെല്ലുവിളിച്ചു.

എല്ലാവരും ഭക്ഷണം കഴിക്കാൻ തുടങ്ങി. ഇളയവൻ ബിരിയാണി അല്പം വാരി വായിൽ വച്ചില്ല ഒറ്റ തുപ്പ്..

“ഭയങ്കര എരുവാ അമ്മേ…”

വാ പൊളിഞ്ഞു കഴിഞ്ഞു. ഇനി നിർത്താൻ പാടാണ്.

“വെള്ളം താ… “

ചുറ്റിനും ടേബിളിൽ ഇരുന്നവർ നോക്കി തുടങ്ങി. അച്ചു ഒരു വാ കഴിച്ചിട്ട് നാരങ്ങ വെള്ളം കുടിക്കുന്നു. ഇത്രയും എരിവ് ഉണ്ടാകുമെന്നു പ്രതീക്ഷിച്ചില്ല

കിച്ചു ഇതിനിടയിൽ ടൊമാറ്റോ സോസ് ഇരുന്ന കുപ്പിയെടുത്തു നന്നായി ഒന്ന് ഞെക്കി. അടപ്പു തെറിച്ചു സോസ് മുഴുവൻ തന്റെ ഷാളിലേക്ക്..വെളുത്ത ഷാളിൽ ചിത്രം വരച്ചു പതുക്കെ താഴേക്ക് ഒഴുകി.

തൂവാല കൊണ്ട് തുടച്ചുകളയാൻ ശ്രമിച്ചപ്പോൾ അത് കൂടുതൽ പടർന്നതല്ലാതെ പോയില്ല. നോക്കുമ്പോൾ അച്ചു കൈയിൽനിന്നും താഴെ വീണ ചിക്കൻകഷ്ണം എടുക്കാൻ താഴേക്ക് കുനിഞ്ഞു ശ്രമിക്കുന്നു..

“മോനെ….വേണ്ടാ…എടുക്കല്ലേ… “

നോക്കി ഇരിക്കെ നീണ്ട ചില്ല് ഗ്ലാസ്‌ നിവർന്നു വന്ന അച്ചുവിന്റെ കൈ തട്ടി താഴേക്ക്‌…ഗ്ലാസ്‌ ഉടഞ്ഞു ചില്ലുകൾ  തറയിൽ ചിതറി വീണു. ശബ്‌ദം കേട്ട് ഒരാൾ ഓടി വന്നു…

“സാരമില്ല മാഡം.. ഞങ്ങൾ ക്ലീൻ ചെയ്തോളാം..ചില്ല് കാലിൽ കയറാതെ നോക്കിയാൽ മതി.”

കണ്ണേട്ടൻ ഭക്ഷണം കഴിക്കുന്നത് മതിയാക്കി. ദേഷ്യം കൊണ്ട് ആ മുഖം ചുവന്നിരുന്നു.

“പിള്ളേരെ ഭക്ഷണം കഴിക്കാൻ പഠിപ്പിക്കണം. അല്ലാതെ തോന്നുന്നപോലെ..മനുഷ്യനെ നാണം കെടുത്താൻ.. “

ചുറ്റിനും ഇരിക്കുന്നവർ ശ്രദ്ധിക്കുന്നത് കണ്ട്, കൂടുതൽ പറയാതെ കണ്ണേട്ടൻ വാഷ്ബേസിൻ ലക്ഷ്യമാക്കി നടന്നു. ഒരാളെയെങ്കിലും കൂടെ കൊണ്ട് പോയിരുന്നെങ്കിലെന്ന് വെറുതെ ആശിച്ചു. ചുറ്റിനും ഇരുന്നവരുടെ നോട്ടം തന്റെ നേർക്കാണെന്നു കണ്ടപ്പോൾ എഴുന്നേറ്റു.

മക്കളുടെ കൈയും വായും കഴുകി വൃത്തിയാക്കി തിരിച്ചു നടക്കുമ്പോൾ ഉള്ളിലൊരു സങ്കടകടൽ ശക്തി പ്രാപിക്കുന്നുണ്ടായിരുന്നു.

കണ്ണേട്ടൻ സ്പീഡിൽ നടന്നു കഴിഞ്ഞിരുന്നു. എന്ത് പറഞ്ഞാലും മൗനം മാത്രം എന്നറിയാവുന്നതു കൊണ്ടാവാം പിന്നെയൊന്നും പറഞ്ഞില്ല. തിരികെ പിന്നിലിരുന്നു പോരുമ്പോൾ ഉള്ളംപോലെ വഴിയാകെ ഇരുൾ മൂടി കഴിഞ്ഞിരുന്നു.