കതക് കുറ്റിയിടുന്ന ശബ്‌ദം കേട്ടപ്പോൾ ഇനി ശല്യം ചെയ്യണ്ട എന്നു കരുതി മേരി തിരികെ പോന്നു…

തിരിച്ചറിവ്…

Story written by Neeraja S

===============

ജോയൽ നനഞ്ഞുകുളിച്ചു കയറി ചെല്ലുമ്പോൾ മേരി അവനെ കാത്തു വഴിയിലേക്കു നോക്കി ഇരിപ്പുണ്ടായിരുന്നു. എന്നും നേരത്തെ വീട്ടിൽ വരുന്ന മകനെ പാതിരാത്രിയായിട്ടും കാണാതെ വേവുന്ന മനസ്സുമായി ഇരിക്കുകയായിരുന്നു മേരി.

“എന്താടാ ഫോൺ വിളിച്ചാൽ എടുത്താൽ…വീട്ടിൽ ഉള്ളവരെകുറിച്ച് ശകലമെങ്കിലും ബോധം വേണ്ടേ..”

“അമ്മച്ചി…അല്പം താമസിച്ചുപോയി അമ്മച്ചി കിടന്നോ ഞാൻ  പുറത്ത്നിന്നും കഴിച്ചു…”

ജോയൽ വേഗം  മുറിയിലേക്ക് നടന്നു..കതക് കുറ്റിയിടുന്ന ശബ്‌ദം കേട്ടപ്പോൾ ഇനി ശല്യം ചെയ്യണ്ട എന്നു കരുതി മേരി തിരികെ പോന്നു.

ഡ്രസ്സ്‌ മാറാനൊന്നും മിനക്കെടാതെ കട്ടിലിൽ കമഴ്ന്നു കിടന്നു. ഹൃദയം നുറുങ്ങുന്ന വേദന. മനസ്സ് ഒരിടത്തും ഉറപ്പിക്കാൻ പറ്റുന്നില്ല. താൻ ഹൃദയം പൊട്ടി മരിക്കും. ജീവിതത്തിലെ വർണ്ണങ്ങൾ പാതി വഴിയിൽ ഒലിച്ചു  പോയിരിക്കുന്നു. ആ കിടപ്പിൽ എപ്പോഴോ ഉറങ്ങി.

രാവിലെ കതകിൽ മുട്ട് കേട്ടാണ് ഉണർന്നത്. പതിവ് സമയത്ത് മെസ്സേജ്  ചെന്നില്ലെങ്കിൽ അവൾ പിണങ്ങും. ഫോണിനായി പരതിയെങ്കിലും കണ്ടില്ല. ഒരു നിമിഷത്തെ മായക്കാഴ്ചയിൽ നിന്നും  ജോയൽ പുറത്തേക്കു വലിച്ചെറിയപ്പെട്ടു.. ആർക്കാണ് അയക്കേണ്ടത് അതെല്ലാം ഇന്നലെമാഞ്ഞ സ്വപ്‌നങ്ങൾ.

“ടാ ജോ കതക്  തുറക്കാൻ… “

ജോയൽ ചെന്നു വാതിൽ തുറന്നു. മേരി അകത്തേക്ക്  കടന്ന് കട്ടിലിൽ ഇരുന്നു.

“നിന്നെ ആ പെണ്ണ് തേച്ചു അല്ലേടാ… “

അമ്മച്ചിയുടെ ചോദ്യം കേട്ടപ്പോൾ ആദ്യം മനസ്സിലായില്ല.

“അമ്മച്ചി  എന്താ ചോദിച്ചത്…. ?”

“അല്ല  നീ കൊണ്ട്  നടന്നവൾ തേച്ചിട്ട് പോയോ എന്നാ  ചോദിച്ചത്… “

“അമ്മച്ചിയെ  ആരാ ഈ ഭാഷയൊക്കെ പഠിപ്പിച്ചു തന്നത്… “

“ഞാനും ഈ ലോകത്തു തന്നെയാടാ ചെക്കാ… ജീവിക്കുന്നത്. അതെല്ലാം പോട്ടെ നീ ഒരുങ്ങി വാ നമുക്കൊരു സ്ഥലംവരെ പോകണം അധികദൂരം  ഇല്ല നടന്നു പോകാം”

” എങ്ങോട്ടാ….”

“നീ വാ ഞാൻ പറയാം.” 

കൂടുതൽ തർക്കിക്കാൻ നിന്നില്ല. അമ്മച്ചി മുറിയിൽനിന്നും ഇറങ്ങിയപ്പോൾ പെട്ടെന്ന് കുളിച്ചു റെഡിയായി. തന്റെ മാനസികനിലയ്ക്ക് തല്ക്കാലം ഇങ്ങനെയൊരു യാത്ര ആവശ്യമാണ്.

” ടാ ജോ വാ പോകാം “

അമ്മച്ചിയുടെ കൂടെ നടന്നു ബേക്കറിയുടെ അടുത്ത് എത്തിയപ്പോൾ അമ്മച്ചി ആവശ്യപ്പെട്ടതു പ്രകാരം കുറച്ച് പലഹാരങ്ങൾ കൂടി വാങ്ങി. ഇടവകയിൽ തന്നെയുള്ള ഒരു ചെറിയ വീട്ടിലാണ് യാത്ര അവസാനിച്ചത്.

ഭർത്താവ് മരത്തിൽനിന്നും വീണു തളർന്നു കിടക്കുന്നു. ചെറിയ മൂന്നു കുഞ്ഞുങ്ങളെയും ചേർത്തു പിടിച്ചു അയാളുടെ ഭാര്യയും. കൈയിൽ സഞ്ചിയിൽ കരുതിയിരുന്ന സാധനങ്ങളും കുറച്ച് രൂപയും മേരി അവരെ ഏല്പിച്ചു. ആ സ്ത്രീയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു.

കുഞ്ഞുങ്ങളെ കൈ കാണിച്ചു വിളിച്ചു. നീട്ടിയ പലഹാരം വാങ്ങി അവർ പോയി എങ്കിലും ഏറ്റവും ചെറിയ കുട്ടി തിരികെവന്ന് തന്നെ ചുറ്റിപ്പറ്റി നിന്നു. എന്താണ് അവന്റെ ഉദ്ദേശ്യമെന്ന് മനസ്സിലായില്ല. അവൻ പതുക്കെ മടിയിൽ ഇരിക്കണം എന്ന മട്ടിൽ കൈചൂണ്ടി. ആദ്യം എന്തോപോലെ  തോന്നിയെങ്കിലും അവനെ മടിയിൽ കയറ്റി ഇരുത്തി. രാജാവിന്റെ മട്ടിൽ അവൻ എല്ലാവരെയും നോക്കി ചിരിച്ചു.

കൊതിപ്പിക്കുന്ന ഒരു ചെറിയ ചൂട് അവന്റെ കുഞ്ഞു ശരീരത്തിന് ഉണ്ടായിരുന്നു. അവനെ ഇറക്കി തറയിൽ നിർത്തിയപ്പോൾ ആ കുഞ്ഞു മുഖം വാടി. ഇനിയും വരാമെന്നുപറഞ്ഞ് അവിടെ നിന്നും തിരികെ നടക്കുമ്പോൾ മനസ്സിന്റെ ഭാരം അല്പം കുറഞ്ഞതുപോലെ തോന്നി.

“മോനെ ഇതുപോലെ സഹായം ആഗ്രഹിക്കുന്ന എന്തു മാത്രം പാവങ്ങൾ നമ്മുടെ ചുറ്റിനും ഉണ്ട്. നീ നിന്റെ സമ്പാദ്യവും ജീവിതവും നശിപ്പിക്കാൻ നോക്കുന്നു…അവളുടെ സ്നേഹത്തിനു  വേണ്ടി. പ്രണയിക്കണ്ട എന്നൊന്നും അമ്മച്ചി പറയുന്നില്ല…അത് മാത്രംആകരുത് എന്നേ പറഞ്ഞുള്ളൂ. ഇനി അവൾ നിന്നെ വേണ്ടാ…എന്ന് പറഞ്ഞാൽ അവിടെ തീർക്കുക. വിധി പോലെ വരട്ടെ. പക്ഷെ ആകെയുള്ള ജീവിതം ആ പേരും പറഞ്ഞു കളയാൻ ഞാൻ സമ്മതിക്കില്ല.”

“അമ്മച്ചി പറയുന്നതെനിക്ക് മനസ്സിലാകുന്നുണ്ട്. ഞാൻ ശ്രമിക്കാം”

വീട്ടിൽചെന്ന് മുറിയിലെ കട്ടിലിൽ കിടക്കുമ്പോഴും തന്റെ ശരീരത്തിൽ ആ കുഞ്ഞിന്റെ ഇളം ചൂട് തങ്ങിനിൽക്കുന്നതായി തോന്നി. തന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയിരുന്ന ഒരു ഓമനമുഖം.

പകൽമുഴുവൻ അമ്മച്ചിയുടെ കൂടെ ഓരോ കാര്യങ്ങൾക്കായി നടന്നതുകൊണ്ടു ഓർമ്മകൾ മാറിനിന്നിരുന്നു. രാത്രിയിൽ പകൽ അലഞ്ഞു തിരിഞ്ഞ ഓർമ്മകൾ ഒന്നിച്ചു കൂടി ഹൃദയത്തെ വരിഞ്ഞുമുറുക്കിക്കൊണ്ടിരുന്നു.

നാലുവർഷമായി പ്രിൻസിയുമായി ഇഷ്ടത്തിൽ ആയിരുന്നു. പെട്ടെന്ന് കാണണം എന്നുപറഞ്ഞ് ഫോൺ വന്നപ്പോൾ പതിവ്പോലെ അവളുടെ എന്തെങ്കിലും കുസൃതി ആയിരിക്കും എന്ന് വിചാരിച്ചു.

കണ്ടപ്പോൾ മുഖം തരാതെ അപരിചിതയെ പോലെ പറഞ്ഞത് ആദ്യം മനസ്സിലായില്ല.

“ജോ..ചാച്ചന് അറ്റാക്ക് വന്ന കാര്യം നിനക്ക് അറിയാല്ലോ..ചാച്ചൻ ഇന്ന് രാവിലെ വിളിച്ചിരുന്നു. കൂട്ടുകാരന്റെ മകനുമായി എന്റെ വിവാഹം നടത്താൻ വാക്ക് കൊടുത്തു..ചാച്ചനെ വിഷമിപ്പിക്കാൻ എനിക്കാവില്ല..”

കൂടുതൽ പറയാൻ നിൽക്കാതെ കാറ്റുപോലെ അവൾ കടന്ന് പോയി..ഇത്ര പെട്ടെന്ന് മുറിച്ചു മാറ്റാൻ സാധിക്കുമോ അവൾക്ക്..പക്ഷെ അവൾക്കു ചാച്ചനോടുള്ള സ്നേഹം തനിക്ക് നന്നായി അറിയാം..ചാച്ചന് വന്ന അസുഖമാണ് ഇപ്പോൾ വില്ലനായിരിക്കുന്നത്.

വേദനിപ്പിക്കുന്ന ഓർമ്മകളിലൂടെ ഏറെ ദൂരം നടന്നെപ്പോഴോ ഉറങ്ങി.

അതിരാവിലെ കതകിൽ മുട്ടുന്ന ശബ്‌ദം  കേട്ടുകൊണ്ടാണ് ഉറക്കത്തിൽ നിന്ന് ഉണർന്നത്.

“ജോ കതക്  തുറക്ക്.. “

“അമ്മച്ചി എന്താ…രാവിലെ ഇങ്ങനെ ശല്യം ചെയ്യുന്നത്…. ?? അൽപം കഴിഞ്ഞ് എണീക്കാം “

മേരിക്ക് അറിയാമായിരുന്നു തന്റെ മകനെ ഇപ്പോൾ അകപ്പെട്ട പ്രതിസന്ധിയിൽനിന്ന് കരകയറ്റാൻ തനിക്കു മാത്രമേ കഴിയുകയുള്ളൂ എന്ന്..

അവർ വീണ്ടും വാതിലിൽ മുട്ട് തുടർന്നു..അവസാനം എണീറ്റ് കതകു തുറന്നു.

“എന്താ അമ്മച്ചി ഇത്…?”

“നീ വന്നേ… ഇന്നും നിനക്ക് ഒരു ജോലിയുണ്ട്.”

” അമ്മച്ചി ഒന്നും പറയണ്ട…എന്തായാലും എനിക്ക് പറ്റില്ല…”

“ജോ അങ്ങനെ പറയല്ലേ…ഞാൻ അവരോട് പറഞ്ഞതാണ് നിന്നെ വിടാമെന്ന്..നിനക്ക് റോസിനെ അറിയില്ലേ…? അവളുടെ ചാച്ചന് തീരെ സുഖമില്ല…നീ ഒന്ന് ഹോസ്പിറ്റലിൽ വരെ കൂട്ട് ചെന്നിട്ട് വാ “

മനസ്സില്ലാമനസ്സോടെ കുളിച്ചു റെഡിയായി വന്നു. ഒന്നിനും ഉത്സാഹം തോന്നുന്നുണ്ടായിരുന്നില്ല.

“അമ്മച്ചി ഇനി ഇത്തരം ആവശ്യമില്ലാത്ത പൊല്ലാപ്പുകൾ എടുത്ത് തലയിൽ വച്ച് തന്നാൽ…ഞാൻ ചെയ്യില്ല കെട്ടോ..”

“വേണ്ടടാ ഈ ഒരു തവണ കൂടി മതി.. “

റോസിന്റെ അച്ഛനെയുംകൂട്ടി ഹോസ്പിറ്റലിൽ പോയി ടെസ്റ്റുകളെല്ലാം നടത്തി മരുന്നു മേടിച്ചു തിരിച്ചുവന്നപ്പോൾ ഉച്ചയായിരുന്നു.

“അമ്മച്ചി ഞാൻ ഇന്നാണ് ശ്രദ്ധിച്ചത്. റോസ്..അവൾ എന്താണ്…വീൽചെയറിൽ.. “

“നന്നായി….നീ ഈ ലോകത്ത് ഒന്നും ഇല്ലായിരുന്നല്ലോ…? അവൾക്ക് കഴിഞ്ഞവർഷം ആക്സിഡൻറ് പറ്റിയതാണ്. അരയ്ക്കുതാഴെ തളർന്നു..പതിയെ ശരിയാവുമെന്ന് പറയുന്നു. പാവം കുട്ടി..”

ഇനി ശല്യപ്പെടുത്തില്ല എന്നു പറഞ്ഞാലും മേരി ഓരോ ദിവസവും എന്തെങ്കിലും ജോലികൾ അവനായി മാറ്റിവച്ചിരുന്നു.

കുട്ടികൾ ഓടിക്കളിക്കുകയും ചിരിക്കുകയും ചെയ്യുന്ന ശബ്‌ദം കേട്ടാണ് ഒരു ദിവസം രാവിലെ  ഉറക്കമെണീറ്റത്.അമ്മച്ചി ഇന്നെന്തു കുരിശാണോ ഒരുക്കിയിരിക്കുന്നത്.

കതകു തുറന്നപ്പോൾ ഒരു ഗ്ലാസ് കാപ്പിയുമായി അമ്മച്ചി ഓടി വന്നു..

“ഇന്നെന്താ ബഹുമാനം ഇച്ചിരി കൂടുതൽ… “

“ജോ…കിഴക്ക് വശത്തുള്ള വീട്ടിലെ സുമിയെ നീ ഓർക്കുന്നില്ലേ…അവളുടെ കല്യാണമാണ്..കുറച്ചു കുട്ടികൾ അവളുടെ അടുത്ത് ട്യൂഷൻ പഠിക്കുന്നുണ്ടായിരുന്നു..അവൾ ട്യൂഷൻ നിർത്തിയതുകൊണ്ടു കുട്ടികൾ ആകെ വിഷമത്തിലാണ്..അടുത്ത മാസം എക്സാം തുടങ്ങും..നീ ചുമ്മാ ഇരിക്കുവല്ലേ..അതുങ്ങളെ ഒന്ന് സഹായിക്ക്.. “

അമ്മച്ചി നല്ല കോളുമായിട്ടാണ് രാവിലെ വന്നിരിക്കുന്നത്. തലവേദന കേസാണ്. കുട്ടികൾ കളി നിർത്തി ചുറ്റിനും കൂടിക്കഴിഞ്ഞിരുന്നു.

“പ്ലീസ് ചേട്ടാ…ഒരു മാസം മതി…പരീക്ഷ ആയതു കൊണ്ടാണ്.. “

അമ്മച്ചിയുടെ നേർക്ക് കത്തുന്ന നോട്ടമെറിഞ്ഞെങ്കിലും. അമ്മച്ചി ചിരിച്ചു കൊണ്ട് അടുക്കളയിലേക്കു രക്ഷപെട്ടു.

എത്ര പെട്ടെന്നാണ് ദിവസങ്ങൾ കടന്ന് പോകുന്നത്. ഇപ്പോൾ സ്ഥലത്തെ പ്രധാന ട്യൂഷൻ മാഷാണ് താൻ. മോശമല്ലാത്ത ഒരു തുക എല്ലാ മാസവും കിട്ടുന്നുണ്ട്. കൂടാതെ ചുറ്റിനുമുള്ളവരുടെ ബഹുമാനവും. തല്ലിപ്പൊളിയായി കരുതിയിരുന്നവർ ഇപ്പോൾ സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് ഇടപെടുന്നത്.

ഇടവേളകളിൽ അമ്മച്ചി എന്നും എന്തെങ്കിലും കുരിശുമായി വരാതിരിക്കില്ല..പക്ഷെ അതെല്ലാം ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. പലതരത്തിലുള്ള ആൾക്കാരുമായി സഹകരിച്ചതിൽ നിന്നും തനിക്കു ഒരു കാര്യം വ്യക്തമായി..

‘ഗർഭിണിയായിരിക്കെ ഭർത്താവ് മരിച്ച ഒരു പെൺകുട്ടിയുടെ, കൈയിൽ തൂങ്ങി നടക്കേ അച്ഛൻ മരിച്ചു പോയ ഒരു കുട്ടിയുടെ, പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയും കൊണ്ട് ഭാവിയിലേക്ക് ഉറ്റുനോക്കുന്ന ഒരു വിധവയുടെ, ഓമനയായി വളർത്തിയ ഒറ്റ മകൻ മരിച്ച അമ്മയുടെ അങ്ങനെ പലരുടെയും ദുഃഖം, പ്രണയനഷ്ടം എന്ന തന്റെ ദുഃഖത്തേക്കാൾ എത്രയോ വലുതാണ്.’

പ്രിൻസിയെക്കാൾ തന്നെ സ്നേഹിക്കുന്ന ഒരുവൾ ജീവിതത്തിലേക്ക് കടന്ന് വന്നാൽ അടഞ്ഞു പോകുന്ന വിടവുകൾ മാത്രമേ തന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ളൂ.

ആത്മവിശ്വാസത്തോടെ അമ്മച്ചി കൊണ്ടുവന്ന കട്ടൻകാപ്പി കുടിക്കുമ്പോൾ വൈകുന്നേരത്തെ ട്യൂഷനുള്ള കുട്ടികൾ ഓരോരുത്തരായി പടികടന്നു വരുന്നുണ്ടായിരുന്നു.