കൂടുതലൊന്നും സംസാരിക്കാൻ താല്പര്യമില്ലാത്തതിനാൽ ദിവ്യ തിരക്ക് ഉണ്ടെന്നും പറഞ്ഞു തിരികെ നടന്നു…

വഴക്കാളി…

Story written by Reshja Akhilesh

===============

“ഓ നാശം…ആകേണ്ടാർന്ന  വെളിച്ചെണ്ണ ആർന്നു. അത് മുഴോനും തട്ടിക്കളഞ്ഞു. നിന്റെ ത ന്തേം ത ള്ളേം കൊണ്ടു വെച്ചിട്ടുണ്ടോടി ങ്ങനെ കളയാൻ മാത്രം “

ഓലമേഞ്ഞ ആ കൊച്ചു വീടിന് ഉള്ളിൽ നിന്നും വഴിയിലേക്ക് വരെ രമണിയുടെ  ഒച്ച കേട്ടു. മരുമകൾ ദിവ്യയെ വഴക്കു പറയുകയാണെന്ന് കേട്ടവർക്കെല്ലാം മനസ്സിലായി.

“ആ ത.ള്ള എന്തിനാ രാവിലെ തന്നെ ആ കൊച്ചിന്റെ മെക്കട്ട് കേറണേ “

വഴിയിലൂടെ രാജീവനോട് വർത്തമാനം പറഞ്ഞ് കൊണ്ടു പോകുകയായിരുന്ന  ദിനേശൻ  വ്യാകുലപ്പെട്ടു.

“ആ പെണ്ണെടുത്തിടെ വാ അങ്ങനെ തന്ന്യാന്നേ…ഇതീക്കൂടെ പോവ്മ്പോ എപ്പളും കേക്കാ…”

രമണിയുടെ ശകാരങ്ങൾക്ക് ഇടയിലൂടെ രമണിയുടെ ഭർത്താവ് ഗോപാലന്റെ ചുമയും ഉച്ചത്തിൽ കേൾക്കാമായിരുന്നു.

സാധാരണക്കാരായ കൂലിപ്പണിക്കാരുടെ വീടുകൾ തിങ്ങി നിറഞ്ഞ ഒരു കോളനി ആയിരുന്നു അത്. അതിൽ തന്നെ ഏറ്റവും ദാരിദ്ര്യം വിളിച്ചോതുന്ന വീട് ആയിരുന്നു ആ ഓല വീട്. പഴക്കം കൊണ്ട് ഉമ്മറം കാണാൻ പറ്റാത്ത വിധം മേൽക്കൂര താഴെ എത്താറായിട്ടുണ്ട്. മഴവെള്ളം ചോരാതിരിക്കാൻ രാഷ്ട്രീയക്കാരുടെ ചിഹ്നമുള്ള ഫ്ളക്സും ചിലയിടങ്ങളിൽ കെട്ടി വെച്ചിട്ടുണ്ട്.

അറിയാതെ തട്ടി മറിഞ്ഞതാണ് ദിവ്യയുടെ കയ്യിൽ നിന്നും വെളിച്ചെണ്ണ.

“ഞാൻ വേലായുധേട്ടന്റെ പീട്യേന്ന് വാങ്ങീട്ട് വരാമ്മേ “

ദിവ്യ അത് പറഞ്ഞു ഇടുപ്പിൽ വശത്തേയ്ക്കു കുത്തികയറ്റി വെച്ചിരിക്കുന്ന മാക്സി നേരെയിട്ട ശേഷം മുടിയൊന്ന് അഴിച്ചു കെട്ടി കുറച്ചു ചില്ലറത്തുട്ടുകൾ തപ്പിയെടുത്തു കടയിലേക്ക് നടന്നു.

“മോളെ…അച്ഛന് ഒരു കെട്ട് ബീഡീ വാങ്ങിചോ”

വേലായുധൻ പറഞ്ഞത് കേട്ട് അകത്തു നിന്നും കലി തുള്ളി രമണി ഉമ്മറത്തേയ്‌ക്കെത്തി.

“പിന്നേ നിങ്ങൾക്ക് വലിച്ചു വലിച്ചു ചുമയ്ക്കാൻ ബീഡി വാങ്ങാത്തെന്റെ കുറവുള്ളു. അവിടന്നും ഇവിടുന്നും ഒക്കെ തപ്പിയെടുത്ത ചില്ലറയ അത്.”

ദിവ്യ വേഗം നടന്നു അകലെയല്ലാത്ത ആ പെട്ടിക്കടയിലെത്തി. വീടും കടയും ചേർന്ന ഒരു ചെറിയ കെട്ടിടം.

“വേലായുധേട്ട നൂറു  വെളിച്ചെണ്ണ “

അകത്തു നിന്നും വേലായുധന്റെ ഭാര്യയാണ് ഇറങ്ങി വന്നത്. ഷീല നൂറു വെളിച്ചെണ്ണ അളന്നു ദിവ്യ കൊടുത്ത ചെറിയ സ്റ്റീൽ ഗ്ലാസിൽ പകർന്നു കൊടുക്കവേ അവർ ദിവ്യയോട് വീട്ടുകാര്യങ്ങൾ ചോദിക്കാതെ ഇരുന്നില്ല.

“ന്തിനാ ദിവ്യെ നിന്റെ അമ്മായി അമ്മ ഇന്ന് ഒച്ചയിട്ടേർന്നത്.”

“ഏയ്യ് അതൊന്നൂല്യ. വെളിച്ചെണ്ണ പാത്രത്തിന്റെ അടപ്പ് ഉറപ്പ് ഇല്ല്യാർന്നു. അത് എന്റെ കയ്യീന്ന് വീണു ഇണ്ടാർന്നതെല്ലാം പോയി. എന്റെ അശ്രദ്ധയാ… “

“ഓ ഇത്തിരി വെളിച്ചെണ്ണ തൂവി പോയേനാണോ അവർ. എന്തൊരു സ്ത്രീയാ…”

ഷീല വിടുന്ന ലക്ഷണമില്ല എന്ന് ദിവ്യയ്ക്ക് മനസ്സിലായി. ഉള്ളത് ഉള്ളത് പോലെ മുഖത്ത് നോക്കി പറയുന്ന രമണിയെ അയൽവാസികൾക്ക് ദേഷ്യമാണ്. എന്തിനു സ്വന്തം ഭർത്താവിനും മകനും അടുത്ത വീടുകളിലെ കൊച്ചു കുട്ടികൾക്കു വരെ  അവരോട് വെറുപ്പാണ്. ആരോടും കുശലം ചോദിക്കുന്ന പതിവില്ല. ആരോടും ചിരിച്ചു സംസാരിക്കാനും മെനക്കെടാറില്ല. ഒരു വഴക്കാളി ആയി നാട്ടുകാർ കാണുന്ന സ്ത്രീ.

ആദ്യം ദിവ്യക്കും അങ്ങനെ തന്നെ ആയിരുന്നു. കൂടുതലൊന്നും സംസാരിക്കാൻ താല്പര്യമില്ലാത്തതിനാൽ ദിവ്യ തിരക്ക് ഉണ്ടെന്നും പറഞ്ഞു തിരികെ നടന്നു.

രമണിയെന്ന അമ്മായി അമ്മയെ ആദ്യമായി കണ്ട അന്ന് അവരുമായി ചേരില്ലെന്ന് മനസ്സുകൊണ്ടു ഉറപ്പിച്ചതായിരുന്നു താൻ.

അന്നൊരു മഴയുള്ള ദിവസമായിരുന്നു. വിവേക് തന്നെ രജിസ്റ്റർ വിവാഹം ചെയ്ത് കൊണ്ടു വന്ന ദിവസം. ആൺമക്കൾ മാതാപിതാക്കളോട് ആലോചിക്കാതെ വിവാഹം കഴിച്ചു അപ്രതീക്ഷിതമായി വീട്ടിൽ കൊണ്ടു വരുമ്പോൾ ഉണ്ടാകുന്ന കോപവും  സങ്കടവും അല്ല അന്ന് അമ്മയുടെ മുഖത്തു കണ്ടത്. അന്ന് അതിന്റെ പൊരുൾ അറിയാൻ കഴിഞ്ഞില്ല.

“നീയെന്ത് കണ്ടിട്ടാ പെണ്ണേ ഇവനെ കെട്ടിയത് ” എന്ന്  വിവേകിനടുത്തു നിൽക്കുന്ന എന്നോട് ചോദിച്ചപ്പോൾ  അമ്മായി അമ്മ പോരിന്റെ മറ്റൊരു അവസ്ഥ ആയിട്ടാണ് തോന്നിയത്.

നിലവിളക്കും ആരതിയും ആയി അമ്മ സ്വീകരിക്കും എന്ന് വെറുതെ മോഹിച്ചു. അതും ഉണ്ടായില്ല.

സാധാരണ കുടുംബത്തിൽ തന്നെയാണ് ജനിച്ചു വളർന്നതെങ്കിലും ഭക്ഷണത്തിലും വസ്ത്രത്തിലും മറ്റെല്ലാ സൗകര്യങ്ങളിലും കുറെ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു. വീട്ടിൽ നിന്ന് വിവേകിനൊപ്പം ഇറങ്ങുമ്പോൾ വലിയ സങ്കടം ഒന്നും ഇല്ലായിരുന്നു. അമ്മ മരിച്ചതിൽ പിന്നെ രണ്ടാമത് വിവാഹം ചെയ്ത അച്ഛന്റെ ഒരു ദയ മാത്രമായിരുന്നു ആ വീട്ടിലെ ജീവിതം. സ്നേഹം അനുഭവിച്ചിട്ടേയില്ല എന്നു തന്നെ പറയാം. അതു കൊണ്ടു തന്നെ ആണല്ലോ വിവേകിന്റെ സ്നേഹത്തിൽ വീണു പോയതും. പ്രായത്തിന്റെ  പക്വത കുറവും മറ്റൊരു കാരണം.

വിവാഹം കഴിഞ്ഞു രണ്ടാഴ്ച തികയ്ക്കും മുൻപേ  അമ്മ അന്ന് ചോദിച്ചതിന്റെ അർത്ഥം മനസ്സിലായി. സ്ഥിരമായി പണിക്കു പോവാനും പോയാൽ തന്നെ വീട്ടിലെ ചെലവ് നോക്കാനും അയാൾക്ക് മടിയായിരുന്നു. ക ള്ളുകുടിയും കൂട്ടുകെട്ടും അതായിരുന്നു അയാളുടെ  ലോകം.

അമ്മയും മകനും തമ്മിൽ വഴക്കിടുമ്പോഴെല്ലാം താൻ വിചാരിച്ചിരുന്നത് അമ്മയുടെ സ്വഭാവം കൊണ്ടാണെന്നാണ്. ഒരുമാസം തികയും മുൻപ് തനിക്കും വഴക്കിടേണ്ടി വന്നു. കയ്യിലെയും കാതിലെയും എല്ലാം പൊന്ന് കൊണ്ടു പോയി വിറ്റു കുടിച്ചു. അവസാനം മാലയിൽ കണ്ണു വെച്ചപ്പോഴാണ് എതിർത്തത്. അടിയും തൊഴിയും കൊണ്ട് മരിച്ചു പോയില്ല എന്നു മാത്രം..വലിയ ബഹളമായിരുന്നു. സ്ഥിരം  വഴക്കുനടക്കുന്ന വീടായതിനാൽ ആവാം അയൽപക്കത്തുള്ളവർ ഒന്ന് വന്നു അന്വേഷിക്കുക പോലും ചെയ്തിരുന്നില്ല.

പോകെപ്പോകെ വിവേക് വീട്ടിലെ അഥിതി പോലെ ആയി. ആഴ്ചയിൽ  ഒന്നോ രണ്ടോ വട്ടം പാതിരാത്രിയിൽ വന്നു പിറ്റേദിവസം പോകുന്ന അഥിതി. നാട്ടുകാർ ഭീകരി ആയി കരുതുന്ന ആ സ്ത്രീ ഉള്ളത് കൊണ്ട് മാത്രമാണ് ജീവിച്ചിരിക്കുന്നത് എന്ന് അവൾ നന്ദിയോടെ ഓർത്തു. വലിയ വീടുകളിൽ പണിക്കു പോയി കിട്ടുന്ന തുച്ഛമായ ശമ്പളത്തിൽ പങ്ക് പറ്റി കഴിയുന്നു.

*******************

ഉച്ചയായി. വീട്ടുപണിയ്ക്ക് പോയ് രമണി തിരിച്ചു വരുന്നതും കാത്ത് ഇരിക്കുകയായിരുന്നു ദിവ്യ.

“എടിയേ ദിവ്യെ… എടീ…ദാ ഇതങ്ങട്ട് വെച്ചോ…ഞാൻ മേൽ കഴുകീട്ടു വരാം.”

വലിയ രണ്ടു സഞ്ചികൾ ഉമ്മറത്തു വെച്ച് ദിവ്യയ്ക്കു കൊടുത്തിട്ട് രമണി   വീടിനു പുറകു വശത്തേയ്ക്ക് പോയി. കുളികഴിഞ്ഞു വന്നു ദിവ്യയോട് പറഞ്ഞു “എടി…ആ രണ്ടു പാത്രങ്ങളും അംബികാമ്മേടെ അവടത്തെയാ അവിടെ ഇന്ന് ഒരു വിരുന്നു ഉണ്ടായിരുന്നു. ബാക്കി വന്ന ബിര്യാണിം ചോറും എല്ലാം എന്നോട് കൊണ്ടക്കോളാൻ പറഞ്ഞു. ചൂട് പോയിണ്ടാവും ഒന്ന് ചൂടാക്കി കഴിച്ചോട്ട…ചോറ് ഞാനും അങ്ങേരും കഴിച്ചോളാം. “

“അമ്മയ്ക്ക് ബിരിയാണി ഇഷ്ട്ടല്ലേ…”

“ഹും ഇനിയീ വയസ്സാം കാലത്ത് ബിര്യാണി കഴിക്കാണ്ട…നെനക്ക് വേണേൽ കഴിച്ചോ. അല്ല പിന്നെ.”

രമണി ഇന്നേവരെ ദിവ്യയെ ദ്രോഹിച്ചിട്ടില്ലെങ്കിലും സ്നേഹത്തോടെ നല്ലൊരു വാക്ക് പറഞ്ഞിട്ടില്ല.

എന്തെങ്കിലും സംസാരിക്കാൻ ചെന്നാൽ തന്നെ മുഷിപ്പിക്കുന്ന പെരുമാറ്റം ആയിരിക്കും എന്നുള്ളത് കൊണ്ട് ദിവ്യ ഒന്നിനും പോകാറുമില്ല.

രമണി കൊണ്ടുവന്ന ആഹാരം രുചിയോടെ  ആസ്വദിച്ചു കഴിക്കുന്ന ദിവ്യയെ കണ്ടപ്പോൾ അവരിൽ ഒരു മൗനം വീർപ്പുമുട്ടി നിന്നു.

“അതേയ്… നീ പത്തും പന്ത്രണ്ടും ഒക്കെ കഴിഞ്ഞതല്ലേ?”

“ആഹ്. പ്ലസ്ടു കഴിഞ്ഞതാ “

“നെനക്  കംബ്യുട്ടറിൽ ചെയ്യാനൊക്കെ അറിയോ.”

“ആ അറിയാം. പ്ലസ് ടു കഴിഞ്ഞിട്ട് കമ്പ്യൂട്ടർ പഠിച്ചിരുന്നു.”

“ആ എന്നാലേ…ഒരു ജോലി ശരിയാക്കി തരാന്ന് പറഞ്ഞിണ്ട് അംബികാമെടെ മോൾ. ഇവിടെ അല്ല എറണാംകുളം ആണ്. താമസം ഒക്കെ അവിടെ തന്നെ. ശമ്പളം നിനക്ക് ജീവിക്കാള്ളത് കിട്ടും. “

“ഞാൻ ഒറ്റയ്‌ക്ക്…ഇത്രേം ദൂരെ…”

“പിന്നെ നിയോറ്റയ്ക്കു അല്ലാണ്ട്. പേട്യ? എന്റെ മോന്റെ കൂടെ എറങ്ങിപ്പോന്നപ്പോ ഇല്ലാത്ത പേടിയൊന്നും ഇപ്പോ വേണ്ട നല്ല ആൾക്കാരാ…അവരടെ തുണിക്കടേൽ   എന്തോ ചെറിയ ജോലി ഉണ്ടത്രേ. വിവേകിനോട് ചോദിക്കാനും പറയാനും നിൽക്കണ്ട. ആ കുരുത്തംകെട്ടവൻ നല്ലതായിരുന്നേൽ നിനക്ക് ഇങ്ങനെ കഷ്ട്ടപ്പെടേണ്ടി വരുമായിരുന്നോ. നീ എങ്ങിട്ട പോയെന്ന് തന്നെ ഞാൻ പറയില്ല. അവൻ അന്വേഷിക്കാനും പോണില്ല.

ഇന്ന് അവിടെ വിരുന്നു സൽക്കാരം ആയോണ്ട് ‘രമണ്യേ രമണീടെ മരുമോളേം കൊണ്ടു വന്നോളൂ സഹാത്തിനു’ എന്ന് പറഞ്ഞതാ…എന്നെപ്പോലെ സ്കൂളിന്റെ പടി കാണാത്തവളല്ലല്ലോ നീയ്…അത് ശരിയാകില്ല എന്ന് വിചാരിച്ചു. അല്ലെങ്കിൽ നീയും എന്നെപ്പോലെ ഈ  കൂരയിൽ കിടന്നു നരകിയ്ക്കും. എനിക്ക് ഈ കൂരയെങ്കിലും ഇണ്ടാർന്നു…ഇതെപ്പോഴാ ഇടിഞ്ഞു പൊളിഞ്ഞു വീഴാന്ന് അറിയില്ല. കൊച്ചൊന്നും ആയില്ലല്ലോ നിനക്ക്. ഒരു കൊച്ചു കൂടെ ഇണ്ടാരുന്നേൽ അതിന്റെ സങ്കടം കൂടി കാണേണ്ടി വരും ഞാനും അങ്ങേരും. നീയെങ്കിലും പോയി രക്ഷപ്പെടു…അടുത്ത ആഴ്ച പോവാൻ റെഡി ആയിക്കോ…പിന്നെയിങ്ങോട്ട് വന്നേക്കരുത്.”

രമണി വലിയ ഒച്ചയിൽ തന്നെ പറഞ്ഞു  അവരുടെ കട്ടിലിൽ പോയി കിടന്നു.

കഴിച്ചുകൊണ്ടിരുന്ന ദിവ്യയുടെ കവിളിലൂടെ രണ്ടു തുള്ളി കണ്ണുനീര് പെയ്തിറങ്ങി. അമ്മയുടെ മരണശേഷം രണ്ടാനമ്മയുടെ ഇഷ്ടക്കേട്. അമ്മയുടെ സ്ഥാനത്തുള്ള രണ്ടു പേരുടെ സ്‌നേഹം കിട്ടിയിരുന്നില്ല. സംരക്ഷിക്കേണ്ട അച്ഛന്റെയും ഭർത്താവിന്റെയും സ്നേഹം കിട്ടിയിട്ടില്ല. അനുഭവിച്ച കഷ്ടപ്പാടുകളിൽ കണ്ണുകൾ കരയാനും മറന്നിരുന്നു.

ഒരിക്കലും സ്നേഹവും ദയയും പ്രതീക്ഷിക്കാത്ത ഒരു ഹൃദയത്തിൽ നിന്നും സ്നേഹം ഇത്രയും നാൾ  തനിക്കു കൂടെ ഉണ്ടായിരുന്നുവെന്നത് ആയിരുന്നു അവളുടെ കണ്ണുകളെ ഈറനണിയിച്ചത്.

മനുഷ്യപ്പെറ്റില്ലാത്തവരെന്നും ദേഷ്യക്കാരിയെന്നും എല്ലാവരും പറയുന്ന ഒരു സ്ത്രീയ്ക്ക് മരുമകളോട് ഇത്രയും കരുതലോടെ പെരുമാറുവാൻ സാധിക്കുമോ എന്ന് അവൾ അത്ഭുതപ്പെട്ടു.

പട്ടിണിയും ദുരിതവും ആയികഴിയുന്നതിനിടയിൽ സ്നേഹം അനുഭവിക്കാനും പകർന്നു കൊടുക്കുവാനും ആ അമ്മയ്ക്ക് കഴിഞ്ഞിട്ടുണ്ടാകില്ല. ചിലപ്പോൾ അവരുടെ ദേഷ്യം തന്നെ ആയിരുന്നിരിക്കാം അവരുടെ സ്നേഹവും.

അമ്മായി അമ്മ ആയി മാത്രം കണ്ടിരുന്ന രമണിയെ അമ്മയുടെ രൂപത്തിലേക്ക് നിറം ചാർത്തി ഭംഗിയായി മനസ്സിൽ ചേർത്തു വെയ്ക്കാൻ ദിവ്യയ്‌ക്ക് ഒരുപാട് നാളുകൾ വേണ്ടി വന്നതിനു അവൾക്ക് കുറ്റബോധം ആയിരുന്നു.

*****************

ഒരാഴ്ചയ്ക്കു ശേഷം….

“അമ്മേ ഞാൻ പോയി വരാം.”

ബാഗ് തോളിലിട്ട് ആ വീട്ടിൽ നിന്നും യാത്ര പറഞ്ഞിറങ്ങുകയായിരുന്നു ദിവ്യ.

“ഹാ പോകുന്നിടത് പിടിച്ചു നിന്നോണം. ആരും ഇല്ലാ താങ്ങാൻ എന്ന ബോധം ഉണ്ടായാൽ നന്ന്.”

“അറിയാം അമ്മേ…എന്തെങ്കിലും ഉണ്ടെങ്കിൽ അറിയിക്കണേ…”

“ഹാ. ശരി.ബസ് തെറ്റണ്ട ” ഒഴുക്കൻ മട്ടിൽ പറഞ്ഞു അവർ അകത്തേയ്ക്ക് പോയി.

കണ്ണ് നിറയുന്നത് ആരെയും കാണിക്കാൻ ഇഷ്ട്ടപ്പെട്ടിരുന്നില്ല അവർ.

ദിവ്യ ജോലിക്ക് കയറി ആദ്യ ശമ്പളം  കിട്ടിയപ്പോൾ രമണിയെ മറന്നില്ല. അങ്ങനെ ഓരോ മാസവും സ്നേഹപൂർവ്വം ഒരു വിഹിതം അയച്ചു കൊടുക്കുമായിരിന്നു. ഫോൺ ഉപയോഗിക്കാറില്ലാത്ത രമണിയുടെ  സുഖവിവരങ്ങൾ അന്വേഷിക്കാൻ മാത്രം കഴിയാതെ പോയി അവൾക്.

കുറെ ആയി രമണി വീട്ടുജോലിക് പോയിട്ട്. ദിവ്യ അയക്കുന്ന പണം. ധാരാളം ആയിരുന്നു. കുറച്ചു നാൾ മുൻപ് വരെ ഇപ്പോൾ മൂന്നു പേരുടെ ചെലവ് ഉണ്ട്. കിടപ്പിലായ ഒരാളുടെ ചികിത്സ ഉൾപ്പടെ.

“ദിവ്യ ഇപ്പ്രാവശ്യം കാശ് അയച്ചില്ലേ അമ്മേ ” തന്നെ കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ സഹായിക്കുന്നതിനിടെ അമ്മയോട് വിവേക് ചോദിച്ചു.

“ആ “

“അവളോട് ഇങ്ങട്ട് വരാൻ അറിയിക്ക് അമ്മേ “

“എന്തിനു? ആ പെണ്ണ് അവിടെ കിടന്നു പണി എടുക്കുന്നത് കൊണ്ട് മൂന്നാളും തിന്നും കുടിച്ചും കിടക്കുന്നു. നിന്റെ മരുന്നും വാങ്ങുന്നു.”

“അവളെ അറിയിക്കണ്ടേ…എനിക്ക് വയ്യാണ്ടാവുമ്പോ എന്നെ നോക്കേണ്ട ബാധ്യത അവൾക്കില്ലേ “

“ഫ്ഭ… നീയായിട്ട ആ പെണ്ണിന്റെ ജീവിതം കളഞ്ഞത്. അതിനെ ഇവിടെ കൊണ്ടന്നിട്ട് നീ ക ള്ളും കുടിച്ചു ഊര് തെണ്ടാൻ പോയി. ചില്ലറയൊന്നും അല്ല ആ പെണ്ണ് അനുഭവിച്ചത്. അറിയിച്ചാൽ ചിലപ്പോൾ അവളു വരുമായിരിക്കും. നല്ല കാലത്തു നിയവളെ നോക്കീട്ടില്ല. വീണു കിടക്കുമ്പോഴാണോ ഭാര്യ ആണെന്ന് ബോധം വന്നത്? ഇത്രേം കാലം നിന്റെ അടിയും തൊഴിയും കൊണ്ടു. ഇനി നിന്നെ പരിചരിച്ചു കഴിയാൻ മാത്രം അവൾക് നീയെന്താ ചെയ്തു കൊടുത്തിട്ടുള്ളത്.

നിന്നെ നേർവഴി നടത്താൻ ഞാൻ കുറെ നോക്കി നടന്നില്ല. തോറ്റു. നിന്റെ പെറ്റ ത ള്ള ആയിപ്പോയില്ലേ ഞാൻ…എനിക്ക് ആവതുള്ളിടത്തോളം നോക്കും. ആ പെണ്ണ് എവിടെയെങ്കിലും സുഖായിട്ട് കഴിയട്ടെ.”

മറുപടിയ്ക്കു കാത്തു നിൽക്കാതെ അവർ മകന് കഴിക്കാനുള്ള കഞ്ഞി എടുക്കാൻ പോയി.

അമ്മ അത്രയും പറഞ്ഞതിൽ അയാൾക് അരിശമായിരിന്നു. എഴുന്നേറ്റു നിൽക്കാൻ കഴിയുന്ന സ്ഥിതിയിൽ ആയിരുന്നെങ്കിൽ ഒരു പക്ഷെ അയാൾ തനി സ്വഭാവം കാണിക്കുമായിരുന്നു.

അത് അടുക്കളയിൽ നിന്ന് കണ്ണ് തുടയ്ക്കുന്ന രമണിയ്ക്കും അറിയാം. അമ്മ ആയിപ്പോയില്ലേ…കലഹം  മുഖമുദ്ര ആയിരുന്ന ഒരു സ്ത്രീ. അവർ കലഹിച്ചിരുന്നത് തന്റെ ദുരിങ്ങളോടാണെന്ന് ആര് ചിന്തിക്കാൻ?

ഒരമ്മയും ഒരു അമ്മായി അമ്മയും. മകന് അമ്മ ശത്രുവും മരുമകൾക്ക് അമ്മയും ആയിത്തീർന്ന  ഒരു അമ്മ. സ്നേഹം ചിലപ്പോൾ അങ്ങനെയാണ് ചിലർ തിരിച്ചറിയും മറ്റു ചിലർ അറിയാതെ പോകും. എന്നെങ്കിലും ഒരിക്കൽ ആ അമ്മയും നന്മയും തിരിച്ചറിയപ്പെടുമായിരിക്കും. ചിലപ്പോൾ  ആരാലും പരിചരിക്കപ്പെടാതെ കാലത്തിനോട് കലഹിച്ചു തോറ്റു മണ്ണിൽ അലിഞ്ഞു തീരുമായിരിക്കും ആ വഴക്കാളി.

ശുഭം

~രേഷ്ജ അഖിലേഷ്.