തുടർച്ചയായുള്ള കുലുക്കവും ഇളക്കവും പേടിച്ചിട്ടാണോ എന്നറിയില്ല അല്ലിയുടെ ശബ്ദമൊന്നും കേൾക്കാനില്ല…

Story written by Lis Lona

==============

“ഔ…ഔ…ഒരിച്ചിരി സ്ഥലം പോലുമില്ല തമ്പാട്ട്യേ ഇവിടെ ഇയ്ക്ക് ഒന്ന് ചെരിഞ്ഞു കെടക്കാൻ…”

കാലുകൾ മടക്കിപിടിച്ച് ചുരുണ്ട്, പൂർവാധികം ശക്തിയോടെ ഞാൻ ഒന്നുകൂടി നിവർന്നു. കുറച്ചുനാള് കൂടി ഇങ്ങനെ സഹിക്കണംന്നാ തമ്പാട്ടിയും അമ്മയും പറഞ്ഞത്. അവരോടല്ലാതെ എനിക്കിപ്പോൾ പരിഭവവും പരാതിയും പറയാനും ആരുമില്ലല്ലോ..

കണ്ണും പൂട്ടി ഇരുട്ട് നിറഞ്ഞൊരാ ഇടത്തിലെ വെള്ളത്തിൽ കിടക്കുമ്പോൾ, ഇടയ്ക്കിടെ കഥകളുമായി വന്ന് ആമിക്ക് കൂട്ടിരിക്കാറുള്ളത് തമ്പാട്ടിയാ..അതോണ്ട് എനിക്കെന്തും പറയാം ചോദിക്കാം എനിക്കുത്തരം കിട്ടും..

ഇന്നിപ്പോ കുറെ സമയായിട്ടും തമ്പാട്ടിനെ കണ്ടില്ല..എവിടെ പോയി ആവോ..

ദേ…എന്റെ പരാതികൾ കുടഞ്ഞിട്ട് ഞാൻ മറന്നോയല്ലോ നിങ്ങളോടെന്റെ പേര് പറയാൻ..

ഞാനേ ആമിയാ..ആമി…

പിന്നേയ് ഞാനൊരു സ്വകാര്യം പറയട്ടെ..എനിക്ക് കിടക്കാനിവിടെ സ്ഥലമില്ലാത്തത് എന്താന്ന് അറിയോ നിങ്ങക്ക്..എന്റെ കൂട്ടിന് അല്ലിയുമുണ്ട് അമ്മേടെ വയറ്റില്..തമ്പാട്ടിയാ പറഞ്ഞത് ആമിയോട്..

ആമിയെ പൊലെ ചുന്ദരികുട്ടിയാ അല്ലിന്നും തമ്പാട്ടി പറഞ്ഞിട്ടുണ്ട്..പക്ഷേ കുറുമ്പ് ഇച്ചിരെ കൂടുതൽ ആമിക്കാന്ന്..ചാടി മറിഞ്ഞ് അമ്മയെ എപ്പോഴും വേദനിപ്പിക്കുന്നത് ഞാനാണെന്ന്..

തമ്പാട്ടിക്ക് അറിയാഞ്ഞിട്ടാ..ഞാനേ ഞാൻ പാവാ..ഇനി നോക്കിക്കോ ഞാൻ കുറുമ്പൊന്നും കാണിക്കാതെ കിടക്കും..അപ്പോ അമ്മയ്ക്ക് നോവില്ലല്ലൊ..

അല്ലിയെ ഒന്ന് കാണാൻ പറ്റോന്ന് ചോയ്ച്ചപ്പോ തമ്പാട്ടി പറയാ..അല്ലീനേം അമ്മേനേം ഒരുമിച്ചേ കാണാൻ പറ്റുള്ളൂ ന്ന്. കാണാൻ സാധിക്കില്ലെങ്കിലും എനിക്കവളോട് മിണ്ടാൻ പറ്റും കേട്ടോ..

ഒരൂസം ഞാനിവിടെ ചാടിയപ്പോ അമ്മ വയറിൽ കൈ വച്ച് നിലവിളിച്ചു..അന്ന് അല്ലിയെന്നോട് ഒത്തിരി ദേഷ്യപ്പെട്ടു..അമ്മയ്ക്ക് നൊന്താൽ ഞങ്ങക്കും സങ്കടാണെ,അതാ അവൾക്ക് ദേഷ്യം വന്നേ..അമ്മയ്ക്ക് അല്ലെങ്കിലേ എപ്പോഴും സങ്കടമാണ്..എല്ലാരും അമ്മേനോട് സങ്കടപെടണ്ടന്നൊക്കെ പറയുന്നത് കേൾക്കാം…

പക്ഷെ ആരുമില്ലാത്തപ്പോ അമ്മ അപ്പയോട് ഞങ്ങടെ വിശേഷങ്ങളൊക്കെ പറഞ്ഞു കരയും..എന്നാലും അപ്പയൊന്നും തിരികെ മിണ്ടില്ല.

ഞങ്ങള് വന്നേപ്പിന്നെ അമ്മയ്ക്ക് ഒന്നും തിന്നാൻ പറ്റാതെ ക്ഷീണിച്ച് കോലം കെട്ടെന്ന് അമ്മൂമ്മ പറയുന്നുണ്ടായിരുന്നു..അത് കേട്ടപ്പോൾ സങ്കടായി. ഞങ്ങള് രണ്ടാളും കൂടി കിടക്കുന്നതുകൊണ്ട് അമ്മക്ക് മാമുണ്ണാൻ പോലും വയറ്റിൽ സ്ഥലമുണ്ടായിരിക്കില്ല.

‘അതൊന്നും സാരല്ല്യ ,കുഞ്ഞികളല്ലേ അമ്മേടെ പ്രാണൻ..അത്രക്കും ഇഷ്ടാ അമ്മയ്ക്ക് ‘ ന്ന് വയറ്റില് കയ്യും വച്ച് അമ്മ പറയുന്നത് കേൾക്കുമ്പോൾ എല്ലാ സങ്കടോം മാറും..

ശർദ്ധിച്ചു തൊണ്ട പൊട്ടി ചോ.ര വന്നാലും അമ്മ ,ന്റെ കുഞ്ഞുങ്ങൾ ക്ഷീണിക്കുമെന്ന് പറഞ്ഞ് പിന്നെയും എന്തൊക്കെയോ കഴിക്കും..പിന്നേം ശർദ്ധിക്കും..അവസാനം ആശൂത്രില് കൊണ്ടോയി സൂചി വച്ച് ഗ്ളൂക്കോസ് വെള്ളം തരും ഞങ്ങക്ക്..

ഞങ്ങള് കാരണാണോ അമ്മയ്ക്ക് എന്നും വയ്യണ്ടാതവണത്..അതോണ്ടാണോ അപ്പയ്ക്ക് ഞങ്ങളെ ഇഷ്ടല്ല്യതെ ഞങ്ങളോട് മിണ്ടാൻ വരാത്തേന്ന് കഴിഞ്ഞ ദിവസം അല്ലി തമ്പാട്ടിയോട് ചോദിച്ചിരുന്നു..

അപ്പാക്കും ഭയങ്കര ഇഷ്ടാണത്രെ കുഞ്ഞികളെ..മക്കളെ കാണാനും കൊഞ്ചിക്കാനും അപ്പയാണ് അമ്മേനെക്കാൾ കാത്തിരുന്നതെന്ന്..

അപ്പാക്കും അമ്മക്കും കുഞ്ഞാവയുണ്ടാകാത്തതിന് ആരൊക്കെയോ അമ്മേനെ എന്തെല്ലാമോ കളിയാക്കി വേദനിപ്പിക്കുമ്പോൾ അമ്മയെ കെട്ടിപിടിച്ച് നിന്ന് മക്കളില്ലെങ്കിലും ഉണ്ടെങ്കിലും എനിക്കിവളെ മതി എനിക്കില്ലാത്ത വിഷമം നിങ്ങൾക്ക് വേണ്ടെന്ന് പറയും ത്രെ..

അപ്പാക്ക് എത്ര തിരക്കുണ്ടായാലും അമ്മേനേം കൊണ്ട് എല്ലാ തവണയും കുഞ്ഞാവ വരുമോന്ന് നോക്കാനായി ആശുപത്രീല് പോകാൻ ഓടിവരാറുണ്ടായിരുന്നുന്ന്…

ഇങ്ങനെ കൊറേ കൊറേ അമ്മേനെ സ്നേഹിച്ച് കൂടെനിന്നിട്ടും ഞങ്ങൾ വന്നപ്പോൾ അപ്പയെന്താ ഒന്ന് മിണ്ടാൻ പോലും വരാത്തതെന്ന് ഞാനാ സങ്കടത്തോടെ പിന്നേം ചോദിച്ചേ തമ്പാട്ടിയോട്…

ഇനി വരുമ്പോ പറയാംന്ന് പറഞ്ഞിട്ട് ഉത്തരം തരാതെ തമ്പാട്ടി പൊയ്കളഞ്ഞു..

കുഞ്ഞികളുള്ളതുകൊണ്ട് മിക്കവാറും ദിവസം അമ്മയെ കാണാൻ ആരൊക്കെയോ വരും..ആര് കാണാൻ വന്നാലും അമ്മയ്ക്ക് നൂറുനാവാണ് ഞങ്ങളെപ്പറ്റി പറയാൻ..ആരുമില്ലാത്തപ്പോൾ ഞങ്ങളോട് കിന്നാരം പറഞ്ഞ് വയറിൽ ഉഴിഞ്ഞ് അമ്മയങ്ങനെ ഇരിക്കും..അതാ ഞങ്ങൾക്കും ഇഷ്ടം.

ഞങ്ങള് രണ്ടാളും വലുതായി തുടങ്ങിയപ്പോൾ ഡോക്ടറാന്റി പറഞ്ഞു അമ്മേടെ വയറിന്റെ അടീല് തുന്നിവെച്ചില്ലെങ്കിൽ ഞങ്ങടെ ഭാരം താങ്ങാൻ അമ്മേടെ വയറിന് പറ്റില്ലാന്ന്..

അന്ന് തണുപ്പുള്ള ഒരു മുറിയിൽ കൊണ്ടുപോയി അവര് അമ്മയ്ക്ക് തുന്നലിട്ടു , എല്ലാം കഴിഞ്ഞപ്പോൾ വേദന കൊണ്ട് അമ്മ കുറെ കരഞ്ഞു..കൂടെ ഞങ്ങളും..

അന്ന്, ചാടികളിച്ചു അമ്മയെ നോവിപ്പിക്കണ്ടയെന്ന് കരുതി ഞങ്ങളും അനങ്ങാതെ കിടന്നതാ അപ്പൊ എല്ലാരും പേടിച്ചു കരച്ചിലായി..

പിന്നെയവർ അമ്മേടെ മേലൊക്കെ വലിയൊരു ബെൽറ്റും കുറെ വയറുമൊക്കെ വച്ച് പീ പീ ന്ന് കൂക്കി വിളിക്കണ മെഷീൻ വച്ചു..നടുവേദനയും വയറിന്റെ അടിയിൽ തുന്നിയ വേദനയും മെഷീൻ വച്ച വയ്യായ്കയും ഒക്കെ കൂടി അമ്മ കുറെ പാടുപെട്ടു..

ഞാനിങ്ങനെ കലപിലാ സംസാരിച്ചിട്ടും ഈ അല്ലിയെന്താ ഇന്നൊന്നും മിണ്ടാത്തെ..!

അല്ലി…അല്ലി…

ഈയിടെയായി ഇവളെപ്പോഴും ഇങ്ങനെയാണ് അനങ്ങാതെ മിണ്ടാതെ കിടക്കും..മടിച്ചി!

“എന്താ ആമി..നിനക്കൊന്ന് മിണ്ടാതെ കിടന്നൂടെ..ഒന്നുറങ്ങാനും സമ്മതിക്കില്ല..” അല്ലി ഒന്നുകൂടെ ചുരുണ്ടു

“ആഹാ രണ്ടാളും കൂടി എന്താ കിന്നാരം പറയുന്നേ..ഇനി പെട്ടെന്ന് രണ്ടാൾക്കും അമ്മേനെ കാണാല്ലോ..അതിനുള്ള സമയം ശരിക്കും ആയിട്ടില്ല പക്ഷെ നിങ്ങളിവിടെ കിടന്ന് അമ്മയെ കാണാൻ കയറ് പൊട്ടിക്കയല്ലേ..”

അമ്മയ്ക്ക് നല്ലപോലെ ഭക്ഷണമൊന്നും കഴിക്കാൻ പറ്റാത്തതുകൊണ്ട് ആമിയിത്തിരി ക്ഷീണിച്ചാ ഉള്ളത് അല്ലിയും ഇങ്ങനെ തന്നെ ആകും എന്നാലും സാരമില്ല അമ്മേനേം അപ്പയെയും ഞങ്ങൾക്ക്  കാണാല്ലോ..അമ്മയുടെ വയറ്റിൽ മറിഞ്ഞതുപോലെ അപ്പയുടെ കുമ്പയിലും കളിച്ചു മറിയണം..

യ്യോ അപ്പാക്ക് കുമ്പ ഉണ്ടോ ആവോ..!

തമ്പാട്ടിയുടെ സ്വരം കേട്ടതോടെ ഞാനൊന്ന് കൂടി ഉഷാറായി..അമ്മയെ കാണാനുള്ള സമയമായെന്ന് കേട്ടതോടെ അല്ലിയുടെയും ഉറക്കം പോയി…

“കഥയൊന്നും പറയാനിപ്പോൾ നേരമില്ല കുഞ്ഞികളെ..നിങ്ങളെ പുറത്തേക്കിറക്കി അമ്മയെ ഏല്പിച്ചിട്ട് വേണം തമ്പാട്ടിക്ക് ദൂരെയൊരിടത്ത് പോകാൻ..”

അമ്മ നല്ല സുഖമായി ഉറങ്ങുകയാണ്. കാല് വേദനയെടുത്തിട്ട് രാത്രിയൊന്നും ഉറങ്ങിയിട്ടില്ല അമ്മ…രണ്ട് കാലിലും നീര് വന്ന് വീർത്ത് ഇപ്പൊ പൊട്ടുമെന്നപോലെ ആണ് ഇരിക്കുന്നത്..നടക്കാനൊന്നും പറ്റാത്തതുകൊണ്ടും വലിയ വയറായതുകൊണ്ടും അമ്മ കൂടുതലും കിടപ്പാണ്..

ഞങ്ങൾ പുറത്തേക്ക് ഇറങ്ങും വരെ മരണവേദന അമ്മ അനുഭവിക്കണമെന്നാ തമ്പാട്ടി പറഞ്ഞത്..പാവം എന്റെ അമ്മക്ക് എല്ലാം സഹിക്കാനുള്ള ശക്തി കൊടുക്കണേ…

തമ്പാട്ടിയോട് കളിച്ചും ചിരിച്ചും കിടക്കുമ്പോൾ പെട്ടെന്നൊരു കുലുക്കത്തോടെ ആരോ എന്നെ പിടിച്ച് അമർത്തി, നോവ് താങ്ങാനാകാതെ അമ്മ ഞെട്ടിയെഴുന്നേറ്റ് വയറിൽ പൊത്തി നിലവിളിച്ചു..

വയറിനും നടുവിനും മെല്ലെ ഉഴിഞ്ഞുകൊണ്ട് അമ്മ ആരെയോ വിളിക്കുന്നുണ്ട്. വേദന കുറയാനൊന്നും  കാത്തുനിൽക്കണ്ട നമുക്കിറങ്ങാമെന്ന് ആരോ ധൃതി പിടിച്ച് അമ്മയോട് പറയുന്നുന്നത് കേൾക്കാം..

കഷ്ടി രണ്ട് മാസം കൂടിയില്ലേ ,നമുക്ക് കുറച്ചുനേരം നോക്കാം, ഇത് പേടിക്കാനൊന്നും ഇല്ലെന്ന വേറൊരു സ്വരത്തിനോട് അമ്മ കടുപ്പത്തിലാണ് മറുപടി പറയുന്നത്..എനിക്കെന്റെ മക്കളെ ഒരു കുഴപ്പവും കൂടാതെ കയ്യിൽകിട്ടണം നമുക്കിപ്പോൾ തന്നെ ഹോസ്പിറ്റലിലേക്ക് പോകാമെന്ന്..ദേഷ്യമോ വേദനയോ അമ്മ വിയർത്തുകുളിച്ചിട്ടുണ്ട്..

വീണ്ടും വീണ്ടും ആരോ പിടിച്ചു താഴേക്ക് ഉന്തുകയാണ്..ഞങ്ങളെ പിടിച്ചു അമർത്തുന്ന ഓരോ തവണയും സഹിക്കാൻ പറ്റാത്ത വേദനയിൽ അമ്മയാണ് കരയുന്നത്..

“മക്കള് അമ്മയെ സങ്കടപെടുത്താതെ നല്ല കുട്ടികളായി വളരണം കേട്ടോ..ഇനി തമ്പാട്ടിക്ക് മക്കളുടെ അടുത്തേക്ക് വരാൻ കഴിയില്ല..ഞാൻ നോക്കുന്നതിനേക്കാൾ കരുതലോടെ സ്നേഹത്തോടെ അമ്മയിനി മക്കളെ നോക്കും..ഒരിക്കലും പറഞ്ഞുതീരാത്ത കഥകൾ അമ്മയിനി മക്കൾക്ക് ചൊല്ലിത്തരും..”

ആമിക്ക് തമ്പാട്ടിയേം ഇഷ്ടമാ ഞങ്ങളെ വിട്ട് പോകല്ലേ..ഞാൻ ചിണുങ്ങി.

“നിങ്ങൾ രണ്ടുപേരെയും പുറത്തേക്ക് ഇറക്കുംവരെ ഞാനുണ്ടാകും, പേടിക്കണ്ട കേട്ടോ..അമ്മയുടെ അടുത്തെത്തുമ്പോൾ ലോകത്തിലെ ഏറ്റവും മധുരമുള്ളൊരു അമൃത് ,അമ്മ നിങ്ങൾക്ക് തരും അപ്പോൾ നിങ്ങളെന്നെ മറക്കും..ആ നെഞ്ചിലെ ചൂടേറ്റ് നിങ്ങൾ കിടക്കുമ്പോൾ ഒരു കുഞ്ഞുകാറ്റ് പോലെ നിങ്ങളെ തഴുകി എന്നോടൊപ്പമുള്ള ഓർമ്മകളെയും തിരികെ വാങ്ങി ഞാൻ പോകും ദൂരേക്ക്..”

ഓരോ നിമിഷം കഴിയും തോറും അമ്മയുടെ നിലവിളി കൂടിവരുകയാണ്..

താഴേക്കാരോ പിടിച്ചുവലിക്കുന്നത് പോലുള്ള തോന്നലിപ്പോൾ ശക്തമാണ്..തുടർച്ചയായുള്ള കുലുക്കവും ഇളക്കവും പേടിച്ചിട്ടാണോ എന്നറിയില്ല അല്ലിയുടെ ശബ്ദമൊന്നും കേൾക്കാനില്ല..

“സിസ്റ്ററെ Dr ശ്യാമളയുടെ പേഷ്യന്റ്നെ കൊണ്ടുവന്നിട്ടുണ്ട് പെട്ടെന്ന് തീയറ്ററിലേക്ക് വരാൻ ഡോക്ടറിനോട് ഇൻഫോം ചെയ്യാമോ..! IVF ട്വിൻ പ്രെ.ഗ്നൻസിയാണ്.. cervical stitched 33 weeks pregnancy , one FHS low ,ബിപി ഷൂട്ട് അപ്പ് ആണ്…ആ അതെ സിസ്റ്ററെ ,ആ കുട്ടിയില്ലേ അപർണ..ഹസ്ബൻഡ് ഡെത്ത് ആയ കുട്ടി!…”

ഇതുവരെയും കേൾക്കാത്തൊരു സ്വരം പരിഭ്രമത്തോടെ ആരോടോ വിളിച്ചുപറയുന്നത് കേൾക്കുന്നുണ്ടല്ലോ തമ്പാട്ട്യേ..

അവര് പറയുന്നതൊന്നും മനസിലാകുന്നില്ല അമ്മക്ക് പ്രഷർ കൂടി ബോധം പോയിട്ടുണ്ടെന്ന് മനസിലായി അതുകൊണ്ടാകും ആമിക്കു ശ്വാസം മുട്ടുന്നത്..അല്ലിക്കും അമ്മയ്ക്കും ഒരാപത്തും വരുത്തല്ലേ..

ശ്വാസം കിട്ടാതെ കിടന്നു തിരിഞ്ഞു മറിഞ്ഞിട്ടാകും വയറ്റിലെ വള്ളി കഴുത്തിന് ചുറ്റും ചുറ്റിയിട്ടുണ്ട്..കയ്യുയർത്തി മാറ്റാൻ ശ്രമിക്കുമ്പോൾ ഒന്നുകൂടെ മുറുകുന്നു.

“ആമി..പേടിക്കണ്ട കേട്ടോ തമ്പാട്ടി ഇവിടെ തന്നെയുണ്ട്..കുഞ്ഞി അമ്മയെ കാണാൻ തയ്യാറായിക്കോ..”

വള്ളി കഴുത്തിൽ മുറുകാൻ തുടങ്ങിയിരിക്കുന്നു. വെപ്രാളത്തിൽ അറിയാതെ അപ്പി പോയതുകൊണ്ടാകും വെള്ളത്തിന് കറുപ്പ് നിറം കലർന്ന് ശ്വാസം മുട്ടൽ കൂടിയിരിക്കുന്നു..

നേരെ ഇരിക്കാൻ പോലും വയ്യാത്ത അമ്മയെ എന്തിനാണ് ഇവർ ഇങ്ങനെ ഒടിക്കാൻ ശ്രമിക്കുന്നത്..ഞങ്ങൾക്കിവിടെ ശ്വാസം മുട്ടുന്നത് നിങ്ങളറിയുന്നുണ്ടോ..

“അപർണാ..അപർണ.. നടുവിന് ചെറിയൊരു ഇൻജെക്ഷൻ എടുക്കുന്നുണ്ട് കേട്ടോ..”

മിണ്ടാൻ പോലും വയ്യമ്മക്ക്..വേണ്ട..വേണ്ട…ഇനീം ഞങ്ങടെ അമ്മയെ നോവിപ്പിക്കല്ലേ..ഞാൻ അലറിക്കരയുന്നത് അമ്മ കേൾക്കുന്നുണ്ടോ ആവോ..

അമ്മയുടെ വയറ്റിൽ ആരൊക്കെയോ മരുന്നുകൾ പുരട്ടുന്നത് കൊണ്ടാകും തണുപ്പ് കൂടി അമ്മ വിറയ്ക്കാൻ തുടങ്ങിയിരിക്കുന്നു..മൂർച്ചയേറിയ എന്തുകൊണ്ടോ അമ്മയെ കീ റിവ രയുന്നുണ്ട്..മരവിപ്പിക്കാൻ കൊടുത്ത മരുന്നിനെന്തേ ശക്തിയില്ലേ..വേദനയിൽ അമ്മ ഞെരങ്ങുന്നുണ്ട്..

മരുന്നിന്റെ മയക്കത്തിലാണെങ്കിലും ഉള്ളുകൊണ്ട് മക്കൾക്കൊരു ആപത്തും വരുത്തല്ലേ ദൈവമെയെന്നാണ് അമ്മ ഉള്ളുരുകി കരയുന്നത്..

അസഹ്യമായ വേദന താങ്ങാനാവാതെയാകണം അടഞ്ഞ കൺപോളകൾ വെട്ടിവിറച്ച് രണ്ട് മിഴിക്കോണിൽ നിന്നും നീർതുള്ളികൾ ഒഴുകിയിറങ്ങുന്നു..

കല്ല്യാണം കഴിഞ്ഞ് അഞ്ചുവർഷമായിട്ടും മക്കളില്ലാതിരുന്ന അപർണയെയും അവളുടെ ഭർത്താവിനെപ്പറ്റിയും ആരോ സംസാരിക്കുന്നുണ്ട്. മൂന്നു വട്ടം IVF എടുത്തിട്ടും വിജയിക്കാതിരുന്നതും..ഒന്നരവർഷം മുൻപ് കോവിഡ് ജീവൻ കവർന്നെടുത്ത ഭർത്താവിന്റെ ശീതീകരിച്ചു സൂക്ഷിച്ച ബീ ജമുപയോഗിച്ച് വ ന്ധ്യതാചികിത്സ തുടരാൻ അവൾ തീരുമാനമെടുത്തതും..

എതിര് പറഞ്ഞവരോട് അദ്ദേഹത്തിന്റെ മക്കളെ തനിക്ക് വേണമെന്നും.. ഇനി മുന്നോട്ടുള്ള  ജീവിതത്തിൽ ആ ഓർമ്മകളോടൊപ്പം മക്കൾ ഉണ്ടാകുമെന്നും മറുപടി നൽകി ചോദ്യങ്ങളെ അവൾ നേരിട്ടത്രേ..ഇരുവർക്കും വേണ്ടി അവൾക്ക് മാത്രം സാധിക്കുന്ന ഒരേയൊരു കാര്യമാണ് തന്റെ ജീവനായിരുന്നവന്റെ പ്രാണന്റെ ചീന്തായൊരു കുഞ്ഞുജീവന് ജന്മം കൊടുക്കുകയെന്നുള്ളതെന്നുള്ള അമ്മയുടെ കഥകൾ കൂടെ നിൽക്കുന്നവർക്കായി ഡോക്ടറാന്റിയാണ് തൊണ്ടയിടറികൊണ്ടു പറയുന്നത്…

അതികഠിനമായി ശ്വാസത്തിനായി പിടയുമ്പോഴും എന്റമ്മയും അപ്പയും ആഗ്രഹിച്ചതുപോലെ ഞങ്ങളിൽ ഒരാൾക്ക് പോലും ഒരു പോറല് പോലും ഏൽക്കാതെ ഞങ്ങളെ അമ്മയോട് ചേർത്തുവെക്കണേയെന്ന് ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു..

“ള്ളേ..ള്ളേ…ള്ളേ..”

അല്ലിയുടെ സ്വരം കേട്ടിട്ടാണെന്ന് തോന്നുന്നു കുഞ്ഞു കരഞ്ഞെന്ന് പറയുന്നവരുടെ ശബ്ദത്തിൽ ആശ്വാസമാണ്..

ഒന്നിനെ കൊതിച്ചവർക്ക് വാരിക്കോരി രണ്ട് കൊടുത്ത ദൈവം അത് കാണാൻ മാത്രം കുഞ്ഞുങ്ങളുടെ അപ്പക്ക് യോഗം കൊടുത്തില്ലെന്ന് ദീർഘനിശ്വാസം വിടുന്നുണ്ട്..

എന്റെ വിരൽതുമ്പ് പിടിച്ച് തമ്പാട്ടിയിപ്പോഴും നിൽക്കുന്നുണ്ട്..എന്തേ തമ്പാട്ടിയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത്..!

പെട്ടെന്ന് ശക്തമായ വെളിച്ചമുള്ളൊരു ലോകത്തിലേക്ക് ആരോയെന്നെ കയ്യിലെടുത്ത് ഉയർത്തിയതും തമ്പാട്ടിയുടെ വിരൽ തുമ്പ് എന്റെ കുഞ്ഞികൈയിൽ നിന്നും ഊർന്നുപോയി..

തളർന്നു കുഴഞ്ഞുകിടക്കുന്ന എന്നെയാരാണ് കാലിൽ തൂക്കിപിടിച്ച് പൊക്കുന്നത്..

ആ..അയ്യോ..പതിയെ അടിക്കെന്റെ പുറത്ത്, ആമിക്ക്  നോവുന്നു..

എന്റെ കാലിലെയും കയ്യിലേയും നീലനിറത്തിലേക്കും കരിനീലിച്ച ചുണ്ടുകളിലേക്കും പരിഭ്രാന്തിയോടെ നോക്കി അവരെന്റെ മൂക്കിലും വായിലും ട്യൂബിട്ട് എന്തോ വലിച്ചെടുക്കുന്നു..

നെഞ്ചിൽ വിരലുകൊണ്ടമർത്തി വായ് മുടിയൊരു ബലൂൺ വീർപ്പിക്കുന്നു..

ഉറക്കെ കരയണമെന്നുണ്ടെനിക്ക്..കൈകാലിട്ടടിച്ച് ഒന്ന് നിർത്തണേയെന്ന് അലറണമെന്നുണ്ട് പക്ഷെ വെയിലേറ്റ് തളർന്ന് വാടിയൊരു പൂവ് പോലെ ഞാൻ കുഴഞ്ഞ് കിടന്നു..

“Come on baby… U can’t leave your mama like this..Please…please”

എന്നെയും നെഞ്ചിലേക്ക് ചേർത്ത് ഓടുന്ന ചേച്ചി ആകുലതയോടെ വിളിച്ചുപറയുന്നത് എനിക്ക് കേൾക്കാം..

വായിലും മൂക്കിലും വയറിലും ട്യൂബുകൾ ഘടിപ്പിച്ച് ഒരു കയ്യിലും ഒരു കാലിലും സൂചി കുത്തി ഒരു കുഞ്ഞുസൂര്യന്റെ ചെറുചൂടുള്ള വെളിച്ചം തട്ടുന്ന പതുപതുത്ത കിടക്കയിലേക്ക് അവരെന്നെ കിടത്തി..

തൊട്ടരുകിലെ കിടക്കയിൽ എന്നെപോലെ വേറൊരു കുഞ്ഞിയുണ്ട്…ഞാൻ വന്നതറിഞ്ഞാകും അവളൊന്ന് കണ്ണ് തുറന്ന് എനിക്ക് മാത്രം കേൾക്കാനായി മന്ത്രിച്ചു..

“ആമി.. ഇത് ഞാനാ അല്ലി..വേഗം വയ്യായ്കയൊക്കെ മാറി മിടുക്കിയായി വാ നമുക്കമ്മയെ കാണണ്ടേ..”

എന്റെ കൂടപ്പിറപ്പ്..മിനിറ്റുകൾ മാത്രം വ്യത്യാസമുള്ള എന്റെ ചേച്ചി..അവൾ വിളിച്ചാൽ ഞാൻ വിളി കേൾക്കാതിരിക്കുന്നതെങ്ങനെ..കുഞ്ഞികൈയ്യുയർത്തി ഞാൻ വരാമെന്ന സൂചന നൽകി ഞാനൊന്ന് പതിയെ അനങ്ങി..ഞാനവൾക്ക് വാക്ക് കൊടുത്തത് കണ്ടാകും അവിടെ ചുറ്റിനും നിന്നവരുടെ കണ്ണുകൾ ആ അനക്കം കണ്ടതോടെ സന്തോഷത്തോടെ ഒന്ന് തിളങ്ങി.

എന്റെ തലക്ക് മുകളിലെ നീല വെളിച്ചമുള്ള യന്ത്രത്തിന്റെ ബോർഡിലേക്ക് നോക്കിയൊരാൾ..

“Thank God..heart rate and saturation is okay now“

അവിടെ നിന്ന ഓരോരുത്തരും എനിക്ക് വേണ്ടി പ്രാർഥിച്ചത് എന്റമ്മയോടുള്ള സ്നേഹമായിരുന്നുവെന്ന് എനിക്കറിയാം..ഞങ്ങൾക്ക് വേണ്ടി അമ്മ നടത്തിയ പോരാട്ടങ്ങളോടുള്ള ബഹുമാനമായിരുന്നു ആ സ്നേഹമെന്നും എനിക്ക് മനസിലായി..പിന്നെ ഞാനെങ്ങനെ ഇവരെയെല്ലാം വിട്ട് മടങ്ങിപ്പോകും..

രണ്ടുപേരെയും ഒരുമിച്ചേ കാണുകയുള്ളവെന്ന് അമ്മ വാശിപിടിച്ചതുകൊണ്ട് അല്ലിയെന്നോട് ഇടതടവില്ലാതെ വേഗം ഉഷാറായി വരാൻ വഴക്കടിച്ചുകൊണ്ടിരുന്നു..

അവളുടെ നിർത്താതെയുള്ള കരച്ചിൽ വിശപ്പാണെന്ന് തെറ്റിദ്ധരിച്ചു സിസ്റ്ററമ്മ അവൾക്ക് ഇടയ്ക്കിടെ പാല് കൊടുത്ത് കൈകളിൽ കൊണ്ടുനടന്നു.

ദേ..കണ്ടോ എന്റെ മേലെയുള്ള ട്യൂബൊക്കെ എടുത്തു…രാവും പകലും എത്രെയാണ് കടന്നുപോയത് ഒടുവിൽ ഇന്നാദ്യമായി ഞങ്ങൾ അമ്മയെ കാണാൻ പോകുകയാണ്..ഇത്രയും ദിവസം വായിലിറ്റിച്ചു തന്ന അമ്മിഞ്ഞമധുരം ഇന്ന് രാവിലെ തരുമ്പോൾ സിസ്റ്ററമ്മ പറഞ്ഞത് ഇനി ഞങ്ങൾ അമ്മയുടെ നെഞ്ചിലെ ഇളം ചൂടിൽ ചേർന്നുകിടന്നാണത്രെ കുടിക്കാൻ പോകുന്നത്..

മിനുസമുള്ള പഞ്ഞി തുണികളിൽ പൊതിഞ്ഞ് ഞങ്ങളെയും കൊണ്ട് സിസ്റ്ററമ്മമാർ അമ്മയുടെ അടുക്കലേക്ക് നടക്കുമ്പോൾ അല്ലിയുടെ മുഖത്തൊരു കുസൃതിചിരിയുണ്ടായിരുന്നു..

ഇവരൊന്നുമല്ലാതെ ആരോ ഒരാൾ ഞങ്ങളുടെ കൂടെയുണ്ടായിരുന്നുവെന്ന് എനിക്കോർമയുണ്ട് പക്ഷെ അത് ആരാണെന്ന് മാത്രം ഓർമ കിട്ടുന്നുണ്ടായിരുന്നില്ല.. മനസ്സ് നിറയെ അമ്മയോളം സ്നേഹം മുഖമോർമയില്ലാത്ത ആ നിഴലിനോടും എനിക്ക് തോന്നുന്നുണ്ട്.

ആ മുഖം ഓർത്തെടുക്കാനുള്ള ശ്രമത്തിൽ തീവ്രമായ ആലോചനയിലായിരുന്നത് കൊണ്ട് അവരെല്ലാം എന്നെ ഗൗരവക്കാരിയെന്ന് കളിയാക്കി കൊഞ്ചിച്ചു കൊണ്ടിരുന്നു..

കണ്ണിലൊരായിരം സ്നേഹദീപങ്ങൾ തെളിയിച്ച്..ഇരുകൈകളും നീട്ടി സന്തോഷത്താൽ തുടികൊട്ടുന്ന ഇടനെഞ്ചോടെ..പുഞ്ചിരിച്ച് അമ്മ ഞങ്ങളെയും കാത്തിരിപ്പുണ്ടായിരുന്നു..

കട്ടിലിന് അരികിലായി കിടന്ന മേശയിൽ പുഞ്ചിരിയോടെ ചേർന്നുനിൽക്കുന്ന രണ്ടുപേരുള്ള ആ ഫോട്ടോയിലേക്ക് ഞാൻ നോക്കി…അമ്മയ്‌ക്കൊപ്പമുള്ള ആ മുഖം എനിക്ക് പരിചയമുള്ളത് പോലെ തോന്നി..

ഒൻപത് മാസം ഞങ്ങളെ വയറ്റിലേറ്റിയ അമ്മയ്‌ക്കൊപ്പം വർഷങ്ങളായി ഞങ്ങളെ വളരെയധികം ആഗ്രഹിച്ച, ആയുശ്ശേഷവും മക്കളോടുള്ള കരുതലുമായി ഞങ്ങൾക്കൊപ്പമുണ്ടായിരുന്ന അപ്പയുടെ ആത്മാവിനും..അമ്മയുടെ വയറ്റിൽ ഉരുവായ അന്നുമുതൽ അവിടെ നിന്നും ഇറങ്ങും വരെ കഥകൾ പറഞ്ഞ് കരുതലോടെ ഞങ്ങൾക്ക് കൂട്ടിരുന്ന തമ്പാട്ടിക്കും ഒരേ മുഖമായിരുന്നു..

തമ്പാട്ടിയെന്ന മുഖവും സ്വരവും പേരും തമ്പാട്ടിയിട്ട ഞങ്ങളുടെ ആമിയെന്നും അല്ലിയെന്നുമുള്ള പേരും ഓർമകളിൽ നിന്ന് അലിഞ്ഞില്ലാതാകുന്നതും അപ്പയുടെ മുഖം മാത്രം മനസിലേക്ക് തെളിഞ്ഞുവരുന്നതും ഞാനറിഞ്ഞു..

അമ്മയുടെ നെഞ്ചിലെ ചൂടേറ്റ് കിടക്കുമ്പോൾ  അമ്മയെ നല്ലോണം നോക്കണമെന്ന് പറഞ്ഞ് ഞങ്ങളുടെ ശിരസ്സിൽ തലോടി അമ്മയുടെ മൂർദ്ധാവിൽ ചുംബിച്ച് യാത്ര പറയുന്ന ആ നിഴലിന്റെ ഇളംകാറ്റ് പോലെയുള്ള സാന്നിധ്യം അറിഞ്ഞാകും അമ്മയുടെ കണ്ണുകൾ ഇത്തവണ നിറഞ്ഞൊഴുകിയത്.

~ലിസ് ലോന