സൗന്ദര്യം എന്നതൊക്കെ വെറും മായയാണ്, തടിച്ചതായാലും മെലിഞ്ഞതായാലും, കറുത്തതായാലും വെളുത്തതായാലും മനസ്സ് ശരിയല്ലെങ്കിൽ…

തടിച്ചവൾ…

Story written by Shaan Kabeer

==================

“പെണ്ണിത്തിരി തടിച്ച് കറുത്തിട്ടാ അതോണ്ടന്നെ കല്യാണകാര്യമൊന്നും അങ്ങട് ശരിയാവുന്നില്ല ബ്രോക്കറേ”

സുലൈമാനിക്കയുടെ സങ്കടം കേട്ടപ്പോൾ ബ്രോക്കർ പുഞ്ചിരിച്ചു

“നല്ല ചക്കചുള പോലെ സ്ത്രീധനം അങ്ങ് കൊടുത്ത് നോക്കിയേ, ചെക്കന്മാർ വന്ന് ക്യൂ നിൽക്കും”

ഒന്ന് നിറുത്തിയിട്ട് ബ്രോക്കർ തുടർന്നു…

“പണമെറിഞ്ഞാൽ ഇവിടെ തടിയും നിറവും ഒന്നും ഒരു പ്രശ്നമല്ലന്നേ”

“വീടിന്റെ ആധാരം പണവെച്ചിട്ടാണേലും ഞാൻ സ്ത്രീധനം ശരിയാക്കാം ബ്രോക്കറേ. അവളിങ്ങനെ പുര നിറഞ്ഞ് നിക്കുന്നത് കണ്ടിട്ട് സഹിക്കാൻ പറ്റണില്ല”

സുലൈമാനിക്ക വിതുമ്പി, ബ്രോക്കർ മൂപ്പരെ ആശ്വസിപ്പിച്ച് കയ്യിൽ നിന്നും പാടത്തെ ചെളി പുരണ്ട നൂറിന്റെ അഞ്ച് നോട്ടുകൾ പുഞ്ചിരിച്ച മുഖത്തോടെ വാങ്ങി നല്ലൊരു പയ്യനേയും കൊണ്ടുവരാം എന്നും പറഞ്ഞ് നടന്നുനീങ്ങി.

ദിവസങ്ങൾ, ആഴ്ചകൾ, മാസങ്ങൾ കഴിഞ്ഞു, ബ്രോക്കറെ പിന്നെ ആ വഴിക്ക് കണ്ടതേയില്ല. സുലൈമാനിക്ക തീർത്തും നിരാശനായി…

പെട്ടെന്നൊരു ദിവസം ബ്രോക്കർ സുലൈമാനിക്കയെ വിളിച്ചു

“ന്റെ ഇക്കാ, ഞാൻ ഇങ്ങളെ കാര്യം മറന്നതല്ല. മ്മടെ കുട്ടിക്ക് പറ്റിയൊരു കാര്യം കിട്ടേണ്ടേ. അങ്ങനെ അവിടേം ഇവിടേം കൊണ്ടോയി ചാടിക്കാൻ പറ്റോ മ്മക്ക്…അത് മ്മളെ കുട്ടിയല്ലേ”

സുലൈമാനിക്കാക്ക് വല്ലാത്തൊരു പ്രതീക്ഷ വന്നു

“അല്ല ബ്രോക്കറേ, ന്നിട്ട് വല്ല ചെക്കനേയും കിട്ടിയോ…?”

“അതോണ്ടല്ലേ മനുഷ്യാ ഞാൻ ഇപ്പൊ ഇങ്ങളെ വിളിച്ചേ, ഞങ്ങൾ ഇന്ന് വൈകുന്നേരം അങ്ങോട്ട് വരും. പലഹാരൊക്കെ അങ്ങട് ഉഷാറായിക്കോട്ടെ”

ഫോൺ വെക്കാൻ നേരം ബ്രോക്കർ ഒന്നൂടി പറഞ്ഞു

“ഇനി പെണ്ണിന് ചെക്കനെ കുറിച്ചറിയണങ്കിൽ ഞാൻ അവന്റെ ഫേസ്ബുക്ക് ഐഡി പറഞ്ഞു തരാം. സോഷ്യൽ മീഡിയയിൽ ആള് പുലിയാണ്”

“ഒരു മിനിറ്റ് ഞാൻ മോൾക്ക് കൊടുക്കാം”

സുലൈമാനിക്ക മോളെ വിളിച്ച് ഫോൺ കൊടുത്തു

“ആ മോളേ, ഷാൻ കബീർ എന്നാണ് അവന്റെ ഫേസ്ബുക്ക് ഐഡി. താടിവെച്ച്  മുടിയൊക്കെ വളർത്തിയ പ്രൊഫൈൽ പിക്കാണ്. ഒന്ന് തുറന്ന് നോക്ക്, അപ്പൊ ആളെക്കുറിച്ച് കൂടുതൽ അറിയാൻ പറ്റും”

ശരിയെന്ന് പറഞ്ഞ് അവൾ കോൾ കട്ടാക്കി ഫോണെടുത്ത് ഫേസ്ബുക്ക് തുറന്ന് ഷാൻ കബീർ എന്ന് സെർച്ച് ചെയ്തു. ഷാനിന്റെ അകൗണ്ട് തുറന്നപ്പോൾ അവൾ ശരിക്കും ഞെട്ടിപ്പോയി, കാരണം ചൊവ്വാ ഗ്രഹത്തിലെ പ്രശ്നങ്ങൾക്ക് മാത്രമേ അവനിനി പ്രതികരിക്കാൻ ബാക്കിയൊള്ളൂ. നാട്ടിലെ സകലമാന അനീതികൾക്കും അക്രമണങ്ങൾക്കുമെതിരേയുള്ള തന്റെ പ്രതിഷേധം അറിയിച്ച് ദിവസവും പത്തും പതിനഞ്ചും പോസ്റ്റുകൾ ഷാൻ ഇടാറുണ്ട്.

ഇതിനിടയിലാണ് സ്ത്രീധനത്തിന് എതിരെയുള്ള അവന്റെ പോസ്റ്റുകൾ അവൾ കണ്ടത്. അതൊക്കെ വായിച്ചപ്പോൾ അവൾ ശരിക്കും ഷാനിന്റെ കടുത്ത ആരാധികയായി മാറി. അപ്പോഴാണ് അവന്റെ സ്റ്റാറ്റസ് അവൾ ശ്രദ്ധിച്ചത്

“സൗന്ദര്യം എന്നതൊക്കെ വെറും മായയാണ്, തടിച്ചതായാലും മെലിഞ്ഞതായാലും, കറുത്തതായാലും വെളുത്തതായാലും മനസ്സ് ശരിയല്ലെങ്കിൽ എല്ലാം പോയില്ലേ. എനിക്ക് നല്ല മനസുള്ള ഒരു പെണ്ണിനെ മതി”

സത്യം പറഞ്ഞാൽ അവൾ ശരിക്കും വേറെയൊരു ലോകത്തായിപ്പോയി. പിന്നീട് അവൾ കാത്തിരിപ്പിലായിരുന്നു ദി റിയൽ ഹീറോക്ക് വേണ്ടിയുള്ള കാത്തിരുപ്പ്.

അങ്ങനെ അന്ന് വൈകുന്നേരം ബ്രോക്കറും ഷാൻ കബീറും കൂടെ അവളുടെ വീട്ടിലെത്തി. ഷാനിനെ കണ്ടതും അവളൊന്ന് ഞെട്ടി, കാരണം നല്ല ഉയരവും അതിനൊത്ത തടിയുമുള്ള എവിടെക്കെയോ പ്രിത്വിരാജിന്റെ ഛായയുള്ള ഒരു ചെറുപ്പക്കാരൻ. സുലൈമാനിക്ക അവരെ വീട്ടിലേക്ക് ക്ഷണിച്ചിരുത്തി.

ഷാൻ വീടും പരിസരവും നന്നായൊന്ന് വീക്ഷിച്ചു. എന്നിട്ട് സോഫയിൽ പോയിരുന്നു. പെണ്ണ് ചായയുമായി നാണത്തോടെ വന്നു. ഷാൻ പെണ്ണിനെ അടിമുടിയൊന്ന് നോക്കി. അവൾ നാണത്തോടെ അകത്തേക്ക് പോയി. ഷാൻ ബ്രോക്കറിനേയും വിളിച്ച് മാറിനിന്ന് എന്തോ സംസാരിച്ചു. സുലൈമാനിക്കാക്ക് അതുകണ്ടപ്പോൾ വല്ലാത്തൊരു ആദി

“ന്താ ബ്രോക്കറേ ഒരു രഹസ്യം പറച്ചിൽ”

ബ്രോക്കർ ഒരു ചിരി പാസാക്കി സുലൈമാനിക്കയുടെ അടുത്ത് പോയിരുന്നു

“ഏയ്‌, സ്വകാര്യം ഒന്നുല്ല, മ്മളെ ഷാൻ പറയാ അവൻ വിചാരിച്ചതിനേക്കാൾ പെണ്ണിന് തടി കൂടുതലുണ്ട് എന്ന്, പിന്നെ നിറവും അത്രക്ക് ഇല്ലാന്ന്”

സുലൈമാനിക്ക വിയർക്കാൻ തുടങ്ങി, കാരണം ഈ കാര്യം നടക്കുമെന്ന് മൂപ്പര് ഉറപ്പിച്ചതായിരുന്നു. നിന്ന് വിയർക്കുന്ന സുലൈമാനിക്കയെ കണ്ടപ്പോൾ ബ്രോക്കർ സമാധാനിപ്പിച്ചു

“അല്ല മനുഷ്യാ, ഇങ്ങളെന്തിനാ ഇങ്ങനെ പേടിക്കുന്നെ, ഞാനില്ലേ ഇങ്ങളെ കൂടെ. അന്ന് ഞമ്മള് പറഞ്ഞുറപ്പിച്ച സ്ത്രീധനത്തിനേക്കാൾ ഒരു നാലഞ്ച് ലച്ചം കൂട്ടി കൊടുത്താൽ തീരാവുന്ന പ്രശ്നമേ ഒള്ളൂ ഇത്”

ഒന്ന് നിറുത്തിയിട്ട് ബ്രോക്കർ ഷാനിനെ നോക്കി

“അല്ലേ ഷാനെ, ഇജ്ജ് ഓക്കേ അല്ലേ”

ഷാനിന്റെ മുഖത്ത് 400 വാൾട്ട് സിഎഫ്എൽ ബൾബ് കത്തിച്ചത് പോലൊരു ചിരി വിടർന്നു. പൈസയൊക്കെ എവിടുന്നേലും ശരിയാക്കാം എന്ന് സുലൈമാനിക്കാ ഉറപ്പ് കൊടുക്കാൻ നേരം പെട്ടെന്നായിരുന്നു അടുക്കളയിൽ നിന്നും വെട്ടുക ത്തിയുമായി പെണ്ണ് ഓടിവരുന്നത് ഷാനും ബ്രോക്കറും കണ്ടത്.

ഓടാൻ തുടങ്ങുമ്പോഴേക്കും വെട്ടുക ത്തി അവൾ ഷാനിന്റെ കഴുത്തിൽ വെച്ചുരുന്നു

“നിന്റെയൊരു ഫേസ്ബുക്കിലെ തള്ളിമറിക്കൽ, ഇനി മേലാൽ ഈ പരിസരത്ത് കണ്ടുപോകരുത് കേട്ടോടാ”

ഇതും പറഞ്ഞ് അവൾ ഷാനിന്റെ മുഖത്ത് ആഞ്ഞടിച്ചു

“ഇതെന്തിനാന്ന് അറിയോ…?”

ഇല്ല എന്ന അർഥത്തിൽ ഷാൻ കണ്ണ്ചിമ്മി

“ഇനിമേലാൽ ഫേസ്ബുക്കിൽ സ്ത്രീധനത്തിനെതിരെ നീ പ്രതിഷേധിക്കരുത്. ഇതുവരെ പ്രതിഷേധിച്ചതിനാണ് ഈ അടി, ഇനി പ്രതിഷേധിച്ചാൽ വീട്ടിൽ കയറി തല്ലും ഞാൻ”

ഷാൻ നിലത്തുവീണ കൂളിംഗ് ഗ്ലാസും കയ്യിൽ പിടിച്ച് വേഗത്തിൽ പുറത്തേക്ക് നടന്നു. ബ്രോക്കറെ തടഞ്ഞ് അവൾ അടിമുടിയൊന്ന് നോക്കി

“തന്നെ ഞാൻ തല്ലാത്തതേ എന്റെ വാപ്പാന്റെ പ്രായം ഉള്ളോണ്ടാ കേട്ടോടാ വിയർപ്പ് നക്കി ബ്രോക്കറേ”

ഒന്ന് നിറുത്തിയിട്ട് അവൾ വാപ്പാനെ നോക്കി

“ഒരു പെണ്ണിന്റെ ഏറ്റവും വലിയ ലക്ഷ്യം കല്യാണം കഴിക്കുക എന്നതല്ല. സ്വന്തം കാലിൽ നിന്ന് ആരേയും ആശ്രയിക്കാതെ ജീവിക്കാൻ പറ്റുക എന്നതാണ്. എനിക്ക് ഇനീം പഠിക്കണം നല്ലൊരു ജോലി നേടണം, അതുവരെ ഞാൻ തടിച്ചി ആണെന്നും കാണാൻ കൊള്ളാത്തവൾ ആണെന്നും പറഞ്ഞ് ഇതുപോലുള്ള കള്ളന്മാർക്ക് മുന്നിൽ എന്നെ പ്രദർശിപ്പിക്കരുത്, അപേക്ഷയാണ്”

അന്നത്തെ ഷാനിന്റെ സ്റ്റാറ്റസ്

“ചങ്ക് പറിച്ച് കാണിച്ചാലും ചിലർ ചെമ്പരത്തിപൂവെന്നെ പറയൂ, അല്ലേലും ഈ നാട്ടിൽ ആത്മാർത്ഥതക്ക് പുല്ല് വിലയാണ്”

~ഷാൻ കബീർ