അപ്പൊൾ താൻ പ്രവാസിയുടെ ഭാര്യയുടെ മുൻപിൽ വച്ചു അയാളോട് സപ്നയുടെ മുറിയിലേക്ക് പൊയ്ക്കോളാൻ പറയൂ…

കാലൻ ക്വാറന്റയിനിലാണ്…

Story written by Ranjitha Liju ( August 2, 2020)

================

രാവിലെ കണ്ണ് തുറന്നു നോക്കിയ ദൈവം തന്റെ കട്ടിലിനരികിൽ നിൽക്കുന്ന ആളെ കണ്ട് ഞെട്ടി. പെട്ടെന്ന് തന്നെ പുറകോട്ടു നീങ്ങി കട്ടിലിൽ ചാരിയിരുന്നു. താടിക്ക് മാസ്‌ക്കിടീച്ചു വളരെ വിഷമത്തോടെ ദൈവത്തെ നോക്കി നിൽക്കുന്നു കാലൻ.

എന്റെ ഈശ്വരാ! ഇവൻ എനിക്ക് പണി തരാനാണോ താടിയിൽ മാസ്ക്കുമിട്ട് രാവിലെ തന്നെ വന്നത്…എന്നോർത്തു ദൈവം തലേന്ന് കിടന്നപ്പോൾ അഴിച്ചു വച്ച മാസ്‌ക് തപ്പി.

ഇതു കണ്ട് നിന്ന ദൈവത്തിന്റെ ധർമ്മ പത്നി ഇങ്ങനെ മൊഴിഞ്ഞു “ദേവാ മാസ്ക് ഞാൻ രാവിലെ തന്നെ കഴുകിയിട്ടു…”

“അവളുടെ ഒരൊടുക്കത്തെ വൃത്തി” വന്ന ദേഷ്യം കടിച്ചമർത്തി ദൈവം പറഞ്ഞു “പ്രിയേ, എന്നും അതിങ്ങനെ കഴുകിയാൽ അതു നശിച്ചു പോകും .രണ്ടാഴ്ച കൂടുമ്പോൾ ചെയ്താൽ മതി.”

“ദേ തിരുമേനി, നിങ്ങളോട് ഞാൻ ഒരു നൂറുവട്ടം പറഞ്ഞതാ രണ്ടു മൂന്നു മാസ്ക് കൂടി വാങ്ങാൻ. അപ്പൊ വർക്ക്‌ ഫ്രം ഹോം അല്ലേ, പിന്നെ സാമ്പത്തിക പിരിമുറുക്കം എന്നൊക്കെ പറഞ്ഞു അത് ചെയ്തില്ല..ഇപ്പോ ഞാൻ ഇങ്ങനെ കഴുകി വൃത്തിയാക്കി വക്കുന്നത് കൊണ്ടാണ് നിങ്ങള് കുഴപ്പമില്ലാതെ പോകുന്നത്”

ഭാര്യ പറയുന്നത് കാര്യമാക്കാതെ ദൈവം കാ ലനോട് പറഞ്ഞു. “എടോ ആ കുന്തം ഒന്ന് മുഖത്തോട്ടു വയ്ക്ക്‌”

“അതു പിന്നെ സംസാരിക്കാനുള്ള എളുപ്പത്തിന്” കാലൻ മാസ്ക് നേരെയാക്കി.

താൻ ഇങ്ങനെ പറഞ്ഞാലും എനിക്ക് കേൾക്കാം. “ഉം ! എന്താ രാവിലെ തന്നെ”

കാ ലൻ തന്റെ കയ്യിലിരുന്ന പേപ്പർ ദൈവത്തിന് നേരെ നീട്ടി.

“നിക്ക്, നിക്ക്…” അയാളെ തടഞ്ഞു കൊണ്ടു ദൈവം കട്ടിലിന്റെ വശത്തായി വച്ചിരുന്ന സാനിട്ടൈസെർ എടുത്ത് കൈയ്യിൽ നന്നായി കൂട്ടിതിരുമ്മി.

“ഉം ! ഇനിയിങ്ങു താ”

വാങ്ങുന്നതിനിടയിൽ ദൈവം ചോദിച്ചു “എന്താ ഇത്…?”

കാലൻ അൽപ്പം വിഷമത്തോടെ പറഞ്ഞു “എന്റെ ലോങ് ലീവിനുള്ള അപേക്ഷയാണ്”

ദൈവം ഒന്നു ഞെട്ടി “ലോങ് ലീവോ?താൻ എന്തു മണ്ടത്തരമാണ് ഈ പറയുന്നത്. ഒരാള് മാത്രം ജോലി ചെയ്യുന്ന തന്റെ ഡിപ്പാർട്മെന്റ് പിന്നെ എങ്ങനെ പ്രവർത്തിക്കും? അതൊന്നും ശരിയാവില്ല. ഇതെനിക്ക് അനുവദിക്കാൻ പറ്റില്ല.”

കാല ൻ ആകെ ധർമ്മസങ്കടത്തിലായി “തിരുമേനി,.എനിക്കും ഇഷ്ടമുണ്ടായിട്ടല്ല. ഇപ്പോ കേരളം റെഡ് സോണിലാണ്. അതുകൊണ്ട് ഒരാളെ കൊണ്ട് വരാൻ അവിടെ പോയി തിരിച്ചു വന്നാൽ ഇരുപത്തെട്ടു ദിവസം ഞാൻ ക്വാറന്റയിനിൽ ഇരിക്കണം.”

ദൈവം ഇടക്ക് കയറി “അതു പറഞ്ഞപ്പോഴാണ് ഓർത്തത് ,തന്റെ ക്വാറന്റിയിൻ കഴിഞ്ഞോ?”

“ഉവ്വ് തിരുമേനി, ഇന്നലെ കഴിഞ്ഞു”

“ഉം ! അതിന് ?” ബാക്കി പറയാനെന്നോണം ദൈവം ചോദിച്ചു

“മാത്രമല്ല, എന്റെ ഭാര്യ ഇപ്പൊ എന്നെ കണ്ടാൽ മിണ്ടാറ് പോലുമില്ല. ഇങ്ങനെ പോയാൽ എന്റെ ദാമ്പത്യം പോലും താറുമാറാകും. കൂടാതെ ഇതിനിടയിൽ മരിക്കുന്നവരുടെ ആത്മാക്കൾ വരാൻ പറ്റാതെ കേരളത്തിൽ തന്നെ അലയുകയാണ്” പിന്നെ ഒരൽപ്പം പരദൂഷണം പറയാനായി ശബ്ദമൊന്നു താഴ്ത്തി കാലൻ തുടർന്നു “ഈ അലഞ്ഞു തിരിയുന്ന ആത്മാക്കൾ ഇപ്പൊ നമുക്കെതിരെ അവിടെ അപവാദ പ്രചരണം നടത്തുകയാണ്”

അറിയാനുള്ള ആകാംക്ഷയിൽ ദൈവം ഇടക്കു കയറി “അതെന്തുവാടോ..?”

കാല ൻ തുടർന്നു “എനിക്കു കൊറോണ ആണെന്ന്. അതുകൊണ്ടാ ഞാൻ ജോലിക്കു ചെല്ലാത്തതെന്ന്. അത് പോട്ടെ, അവർ അവിടുന്നിനെക്കുറിച്ചു പറയുന്നത് കേട്ടാലാ സഹിക്കാൻ പറ്റാത്തത്. ദൈവം എന്നൊന്നില്ല പോലും..ഉണ്ടെങ്കിൽ തന്നെ യാതൊരു കഴിവുമില്ലെന്ന്. അങ്ങനെ കഴിവില്ലാത്ത ഒരാളിനെ ഇങ്ങനെ പൂജിക്കുന്നതിൽ ഒരു അർത്ഥവുമില്ലെന്ന്. അതുകൊണ്ട് തിരുമേനിയെ എത്രയും പെട്ടെന്ന് ആ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന്”

ദൈവത്തിന്റെ കണ്ണുകൾ ദേഷ്യം കൊണ്ട്‌ ചുവന്നു. “അവരെയൊക്കെ കൊണ്ട്‌ വന്നാൽ ഉടൻ തന്നെ ചെ കുത്താനോട് പറഞ്ഞ് നല്ല തിളച്ച എ ണ്ണയിൽ ഇട്ടു ഡ്രൈ ഫ്രൈ ചെയ്തേക്ക്‌. എന്റെ കഴിവെന്താണെന്ന് അവന്മാരൊന്നറിയട്ടെ.”

“തിരുമേനി അതു മാത്രമല്ലല്ലോ നമ്മുടെ പ്രശ്നം” കാലൻ ചോദിച്ചു.

അപ്പോ ദൈവത്തിന് ഒരു സംശയം “അല്ല! അതിനു താൻ എന്തിനാ ലോങ് ലീവു എടുക്കുന്നത്”

“ഇതൊക്കെയായിട്ടു എനിക്കു വല്ലാത്ത ഡിപ്രെഷൻ. അതാ ഞാൻ……” കാലൻ ഒന്നു നിർത്തി.

“എടോ, ഒരു പ്രശ്‌നം വരുമ്പോൾ ഒളിച്ചോടുകയല്ല വേണ്ടത്. അതിനുള്ള പോംവഴി കണ്ടെത്തണം”

“അത് പിന്നെ…” തല ചൊറിഞ്ഞു കൊണ്ട് കാലൻ പറഞ്ഞു

“എന്റെ പൊട്ട ബുദ്ധിയിൽ ചെറിയ ഒരു പോംവഴി തെളിഞ്ഞിട്ടുണ്ട്”

“എന്താ അതു?”

“എന്റെ ഡിപാർട്മെന്റിൽ മൂന്നു നാല് പേരെ കൂടി കൂട്ടണം”

“എവിടുന്ന്? നമ്മുടെ സ്റ്റാഫുകൾ ഇപ്പൊൾ തന്നെ കുറവാണ്. പിന്നെ പുതിയ നിയമനം ഒന്നും വേണ്ടെന്ന് ഞാൻ എച്ച്‌ ആർ ഡിപാർട്മെന്റിനോട് പറഞ്ഞിട്ടുണ്ട്” ദൈവം പറഞ്ഞു.

“അതു അറിയാവുന്നത് കൊണ്ട് വേറൊരു വഴിയാണ് എന്റെ മനസ്സിൽ തെളിഞ്ഞത്. ഇവിടെയുള്ള ആത്മാക്കളിൽ നിന്നു മൂന്നാല് പേരെ തിരഞ്ഞെടുത്താലോ. അതാവുമ്പോൾ മാറിയും തിരിഞ്ഞും അവർ പൊയ്ക്കൊള്ളും” കാലൻ ചോദിച്ചു.

“അതു കൊള്ളാം. എന്നാൽ പിന്നെ ഇന്ന് തന്നെ മൂന്നാല് മലയാളികളെ നിയമിച്ചോളു”

“അത്…” കാ ലൻ ഒന്ന് നിർത്തി.

“ഉം, എന്തു പറ്റി….”

“തിരുമേനി എന്നോട് ക്ഷമിക്കണം. ഇങ്ങോട്ട് വരുന്നതിനു മുൻപു തന്നെ അവരെയൊക്കെ കണ്ട്‌ സംസാരിച്ചിരുന്നു. അവരുടെ താൽപ്പര്യം കൂടി അറിയണമല്ലോ.”

“എന്നിട്ട്…” ദൈവത്തിന് ആകാംക്ഷയായി.

“ഭൂരിപക്ഷം മലയാളികളും നോ പറഞ്ഞു..അവരുടെ സ്റ്റാറ്റസിന് പറ്റിയ ജോലിയല്ലന്ന്. പിന്നെ, സമ്മതിച്ചവരൊക്കെ ഒടുക്കത്തെ ശമ്പളമാണ് ചോദിക്കുന്നത്.”

“അപ്പൊൾ പിന്നെ എന്ത് ചെയ്യും” ദൈവം ആകെ ആശയക്കുഴപ്പത്തിലായി.

“അതിന് ഒരു വഴിയുണ്ട് തിരുമനസ്സെ. അത്യാവശ്യം മലയാളം അറിയാവുന്ന, പോ ത്തിനെ കൈകാര്യം ചെയ്ത് പരിചയം ഉള്ള മൂന്നാല് അതിഥി തൊഴിലാളികളുണ്ട്. അവരാവുമ്പോൾ സമയം നോക്കാതെ പണിയെടുത്തോളും. പിന്നെ,.ശമ്പളവും കുറച്ച് കൊടുത്താൽ മതി”

“അടിപൊളി , തനിക്ക് ഒടുക്കത്തെ ബുദ്ധിയാണല്ലോടോ” ദൈവം ചിരിച്ചു.

“എന്നാ പിന്നെ ഇന്ന് തന്നെ അതിനു വേണ്ടുന്ന കാര്യങ്ങൾ ചെയ്തോളു. ചെയ്യുമ്പോൾ ഒന്നു രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കണം..പോ ത്തിന്റെ പരിപാലനവും ഓപ്പറേഷനും താൻ തന്നെ അവർക്ക് പറഞ്ഞു കൊടുക്കണം..ജോലിക്കു വേണ്ടുന്ന മറ്റു ട്രെയിനിങ് എച്ച്‌ ആർകാർ ചെയ്യട്ടെ. കൂടാതെ നമ്മുടെ ലീഗൽ അഡ്വൈസറോട് ഒരു കോണ്ട്രാകട് ഉണ്ടാക്കി അവരെ കൊണ്ട് ഒപ്പിട്ടു വാങ്ങി സൂക്ഷിക്കാൻ പറയണം. പിന്നെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, അവരെയെല്ലാം താത്‌കാലിക ജീവനക്കാരായി നിയമിച്ചാൽ മതി. പിന്നീട് തനിക്കതൊരു പണിയാവരുത്.”

കാ ലന് സന്തോഷമായി. ദൈവത്തോട് നന്ദി പറഞ്ഞ് കാലൻ തിരിച്ചു നടന്നു.അപ്പോഴാണ് താൻ പറയാൻ വന്ന മറ്റൊരു കാര്യം ഓർത്തത്. കാലൻ തിരിഞ്ഞ് “തിരുമേനി”

“എന്താടോ” ദൈവത്തിന് ദേഷ്യം വന്നു..

“ഞാൻ മറ്റൊരു പ്രധാനപ്പെട്ട കാര്യം കൂടി പറയാനാണ് വന്നത്”

“എന്താന്ന് വച്ചാൽ പെട്ടെന്ന് പറഞ്ഞു തുലക്ക്”

“അത് പിന്നെ ഈ നശിച്ച  കൊറോണ കാരണം മരണ സംഖ്യ ഉയർന്നിരിക്കുകയാണ്. ഇവരെയെല്ലാം കൂടി അക്കോമഡേറ്റ് ചെയ്യാൻ ഇപ്പോഴത്തെ സംവിധാനം വച്ച് നമുക്കാവില്ല.”

“ശ്ശെടാ! ഇതൊരു പൊല്ലാപ്പായല്ലോ.”

“ഞാൻ അന്നേ തിരുമേനിയോട് പറഞ്ഞതാണ് ഇത് നമുക്ക് പണിയാവുമെന്ന്” കാ ലൻ പറഞ്ഞു.

“എടോ ജാതിയും മതവും പറഞ്ഞ് തമ്മിൽ തല്ലുന്നത് കണ്ടപ്പോൾ, ഈ ഒരു രോഗം കൊണ്ടെങ്കിലും മനുഷ്യര് മര്യാദ പഠിക്കുമെന്ന് ഞാൻ കരുതി.ഇതിപ്പോൾ ഉത്തരത്തിൽ ഇരുന്നത് എടുക്കാനും പറ്റിയില്ല, കക്ഷത്തിലിരുന്നത് പോവുകയും ചെയ്തു എന്നു പറഞ്ഞത് പോലെയായി..ചുരുക്കി പറഞ്ഞാൽ ഞാൻ പെട്ടു. ങാ ! ഇനി വരുന്നത് പോലെ വരട്ടെ…” ദൈവം നെടുവീർപ്പിട്ടു.

കാലൻ ദൈവത്തിന്റെ ശ്രദ്ധയെ വീണ്ടും ക്ഷണിച്ചു.

“ഇപ്പൊ എന്താ നമ്മുടെ മുറികളുടെ അവസ്ഥ?” ദൈവം ചോദിച്ചു.

“വി വി ഐ പി ,വി ഐ പി,ഡീലക്സ് , പിന്നെ ജനറൽ..എല്ലാം സിംഗിൾ ആണ്. ഇതുകൂടാതെ അതിഥി തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന ക്യാംപുകൾ.”

“ഉം…” ദൈവം ആലോചനയിൽ മുഴുകി. അൽപ്പ നേരത്തിന് ശേഷം കാല നോട് പറഞ്ഞു “വി വി ഐ പി ,വി ഐ പി,ഡീലക്സ് മുറികൾ തത്കാലം സിംഗിൾ ആയി തന്നെ തുടരട്ടെ. ജനറൽ എല്ലാം, മുറിയുടെ വലിപ്പം അനുസരിച്ച് രണ്ടും മൂന്നും കട്ടിലുകൾ വാങ്ങി ഇട്ടോളൂ. പിന്നെ ശുപാർശയിൽ വരുന്ന ആരെങ്കിലുമുണ്ടെങ്കിൽ , നമുക്ക് അവരെ ഡീലക്സ് മുറികളിൽ അക്കോമഡേറ്റ് ചെയ്യാം. കൂടുതൽ മുറികൾ പണിയാനായി ഇന്ന് തന്നെ ടെൻഡർ വിളിക്കാൻ ഞാൻ നമ്മുടെ എന്ജിനീയറോട് പറയാം.”

കാല ൻ വന്ന കാര്യങ്ങളൊക്കെ നടന്നതിൽ അതിയായ സന്തോഷമായി. വീണ്ടും നന്ദി പറഞ്ഞ കാലനോട്‌ ദൈവം ചോദിച്ചു “അല്ല ! ഇന്നാരാണ് വരാനുള്ളത്?”

“ഇന്നൊരാളെ ഉള്ളു..ഒരു പ്രവാസി. അയാളുടെ ഭാര്യ അഞ്ചു വർഷം മുൻപേ ഇവിടെയുണ്ട്. പക്ഷെ അയാളെ കൊണ്ടു വരുന്നതിന് മുൻപ് അവിടെ അലഞ്ഞു തിരിയുന്ന ആത്മാക്കളെ പിടിച്ചു കെട്ടികൊണ്ടു വരണം”

കാ ലൻ പറഞ്ഞത് തീരെ ഇഷ്ടപ്പെടാതെ ദൈവം കല്പിച്ചു “വേണ്ട, അവന്മാര് കുറച്ചു ദിവസം അവിടെ കിടന്നു അലയട്ടെ. എന്നിട്ട് മതി. ഇപ്പൊ താൻ പ്രവാസിയെ കൊണ്ടുവരാനുള്ള ഏർപ്പാട് ചെയ്യൂ….അല്ല…അയാളെങ്ങനെയാണ് മരിച്ചത്? കോറോണയാണോ?”

“അല്ല തിരുമനസ്സെ,.അ ത്മഹത്യ ചെയ്തതാണ് പാവം. കഴിഞ്ഞ ഒരാഴ്ച മുൻപു വന്ദേ ഭാരത് വഴി നാട്ടിലെത്തിയതാണ്. പക്ഷെ, നാട്ടുകരെല്ലാം കൂടി അയാളെ സ്വന്തം വീട്ടിൽ കയറ്റാതെ തടഞ്ഞു വച്ചു. ആകെ ബഹളമായിരുന്നു. പിന്നെ പോലീസ് വന്നാണ്  അയാളെ വീട്ടിൽ കയറ്റിയത്. അങ്ങനെ ക്വാറന്റയിനിലായിരുന്നു. ഇന്നലെ അയാൾ ജനലിലൂടെ പുറത്തേക്ക്‌ നോക്കിയപ്പോൾ, തൊട്ടടുത്ത വീട്ടിലെ കുട്ടികൾ മുറ്റത്തു ഇരുന്നു കളിക്കുന്നു. ക്വാറന്റയിനിലുള്ള പ്രവാസി കുട്ടികളെ നോക്കിയെന്നും പറഞ്ഞ് വീട്ടുകാര് പോലീസിനും ആരോഗ്യ പ്രവർത്തകർക്കും പരാതി കൊടുത്തു . പോരാത്തതിന് ജനലിന്റെ ഗ്ലാസ്സ് എല്ലാം കല്ലെറിഞ്ഞ് തകർത്തു..അതിൽ മനം നൊന്ത് അയാള് കേറി അങ്ങു തൂങ്ങി”

“ബെസ്റ്റ്  ബെസ്റ്റ്! നാടിനും വീടിനും വേണ്ടി എല്ലാം ഉപേക്ഷിച്ച് അന്യ നാട്ടിൽ പോയി കഷ്ട്ടപ്പെടുന്ന പ്രവാസികളോട് തന്നെ ഇത് വേണം”

“അതല്ല തമാശ…” കാ ലൻ പറഞ്ഞു “ഈ പരാതി കൊടുത്തവന്റെ പെങ്ങളെ കെട്ടിക്കാൻ കഴിഞ്ഞ വർഷം ഈ പ്രവാസിയാണ് പൈസ കൊടുത്ത് സഹായിച്ചത്. ആ വകയിൽ ഇനിയും തിരിച്ചു കൊടുക്കാനുണ്ട് ഒന്നര ലക്ഷം രൂപ”

“കഷ്ടം…” ദൈവത്തിന് സങ്കടം വന്നു.ഇതു പറഞ്ഞ് കാലൻ തിരിഞ്ഞ് നടന്നു.

നാട്ടിൽ പ്രവാസിയുടെ ശവസംസ്കാര ചടങ്ങ് കഴിഞ്ഞയുടൻ ‘ബാബു’ പോത്തിൻപുറത്തു അയാളുടെ വീട്ടുമുറ്റത്തെത്തി. പെട്ടെന്ന് കയറാൻ പ്രവാസിയുടെ ആ ത്മാവിനോട് ആംഗ്യം കാണിച്ചു. കേട്ടറിവിലെ കാലന്റെ വിദൂര സാദൃശ്യം പോലും ഇല്ലാത്ത ബാബുവിനെ പ്രവാസി സംശയത്തോടെ നോക്കി. എന്നിട്ട് ചോദിച്ചു ”താനാരാ”.

“ഞാൻ ബാബു. കാലൻ പറഞ്ഞിട്ട് വന്നതാണ്. അദ്ദേഹം ക്വാറന്റയിനിലാണ്”

പിന്നെയും സംശയത്തോടെ നോക്കുന്ന പ്രവാസിയെ,.തന്നെ താത്കാലികമായി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് ബാബു കാണിച്ചു കൊടുത്തു. അതോടെ പ്രവാസി ബാബുവിന്റെ പുറകിൽ ഇരുന്ന് യാത്ര പുറപ്പെട്ടു. പോകുന്ന വഴിയിൽ, പ്രവാസിക്ക് സന്തോഷമുള്ള ഒരു കാര്യം ബാബു പറഞ്ഞു..ഇനി മുതൽ ആയാളും ഭാര്യയും ഒരു മുറിയിലായിരിക്കും കഴിയുക എന്ന്..കഴിഞ്ഞ അഞ്ച് വർഷം മുൻപ് പിരിഞ്ഞ തന്റെ ഭാര്യയുമായി ഒന്നിച്ചുള്ള ജീവിതം സ്വപ്നം  കണ്ട്‌ പ്രവാസി ഇരുന്നു.

താഴെ പതിവില്ലാത്ത ബഹളം കേട്ടാണ്  ദൈവം മട്ടുപ്പാവിൽ നിന്ന് താഴേക്ക് നോക്കിയത്. പ്രവാസിയുടെ ഭാര്യയുടെ മുറിക്ക് മുൻപിൽ ഒരാൾക്കൂട്ടം. കാ ലൻ താടിക്ക് കൈയ്യും കൊടുത്ത് നിൽക്കുന്നു. സഹദേവന്മാരൊക്കെ ആ സ്ത്രീയോട് എന്തൊക്കെയോ പറയുന്നു..ഒന്നും മനസ്സിലാവാതെ തന്റെ മൊബൈൽ എടുത്തു ദൈവം കാലനെ വിളിച്ചു.

“എന്തുവാടോ അവിടെ?”

“ഒന്നും പറയണ്ട തിരുമേനി, പ്രവാസിയുടെ ഭാര്യ അയാളെ മുറിയിൽ കയറ്റുന്നില്ല. അവർക്ക് കൊറോണ വരുമെന്ന്. ഞങ്ങളൊക്കെ എത്ര പറഞ്ഞിട്ടും അവർക്ക് ഒരു കൂസലുമില്ല..ഒടുവിൽ ഗത്യന്തരമില്ലാതെ അയാളുടെ പരിശോധന ഫലവും കാണിച്ചുകൊടുത്തു. അപ്പോൾ അവരു പറയുകയാണ് ക്വാറന്റയിൻ കഴിഞ്ഞിട്ട് നോക്കാമെന്ന്”

കാല ന്റെ വിഷമം കണ്ട്‌ ദൈവം അൽപ നേരം ആലോചനയിൽ മുഴുകി.എന്നിട്ടു ചോദിച്ചു

തൊട്ടടുത്ത മുറി ആരുടേതാണ്?

അത് ഒരു അഥിതി തൊഴിലാളി,.രാംസിംഗിന്റെ ഭാര്യ സപ്നയുടെ. അവരൊറ്റയ്ക്കാണ്. രാംസിംഗ് കേരളത്തിലാണ്”.കാലൻ പറഞ്ഞ് നിർത്തി.

ശരി, അപ്പൊൾ താൻ പ്രവാസിയുടെ ഭാര്യയുടെ മുൻപിൽ വച്ചു അയാളോട് സപ്നയുടെ മുറിയിലേക്ക് പൊയ്ക്കോളാൻ പറയൂ

കാ ലൻ ഒന്നു ഞെട്ടി “തിരുമനസ്സേ!!! ഒരു ദൈവത്തിന് നിരക്കുന്നതാണോ ഈ തീരുമാനം?”

എടോ കാലാ..തിരുമണ്ടാ തന്നോട് ചെയ്യാനല്ല, അങ്ങനെ പറയാനെ പറഞ്ഞുള്ളു. എടോ ഭൂമിയിലായാലും പരലോകത്തിലായാലും ഒരു പെണ്ണും തന്റെ ഭർത്താവ് മറ്റൊരു സ്ത്രീയെ നോക്കുന്നത് പോലും സഹിക്കില്ല..പിന്നല്ലേ കൂടെ താമസിക്കുന്നത്. ദൈവം ഒന്നു ചിരിച്ചു.

കാ ലന് കാര്യം പിടികിട്ടി

“എന്റെ ദൈവമേ….അങ്ങയുടെ ഒരു ബുദ്ധി…” ഇതും പറഞ്ഞ് കാലൻ ഫോൺ കട്ട് ചെയ്തു.

~രഞ്ജിത ലിജു