അവിടുത്തെ കാര്യങ്ങൾ  എങ്ങനെ ഒക്കെയാണെന്ന് ആർക്കറിയാം. എല്ലാം പറയുന്നത് പോലെ വിശ്വസിക്കാനല്ലെ കഴിയൂ…

ഇവളിതെന്നാ ഭാവിച്ചാ!

എഴുത്ത്: ശാലിനി മുരളി

================

ഇളയ മരുമകളുടെ പ്രസവം കഴിഞ്ഞിട്ട് പത്തിരുപതു ദിവസം ആയതേയുള്ളൂ. മീനാക്ഷിയമ്മ ദിവസവും അമ്മയുടെയും കുഞ്ഞിന്റെയും വിവരം തിരക്കാൻ വീഡിയോ കാൾ ചെയ്യാറുണ്ട്. എല്ലാം മൂത്ത മോന്റെ കുഞ്ഞു മക്കൾ പഠിപ്പിച്ചു കൊടുത്തതാണ്. ഇപ്പൊ മൊബൈലിന്റെ കിസുമത്തു പണികൾ മുഴുവനും മൊട്ടേന്ന് വിരിയാത്തതുങ്ങൾക്കാണല്ലോ ഏറ്റവും കൂടുതൽ അറിയാവുന്നത്!

“അമ്മൂമ്മേ ഫോണിലിങ്ങനെ കുത്തിയാൽ അതിന്റെ സ്ക്രീൻ പൊട്ടിപ്പോകുംവെറുതെ ഒന്ന് ടച്ച്‌ ചെയ്താൽ മാത്രം മതി.. “

ഇളയ കുരിപ്പ് വലിയ ഉപദേശി ചമയുന്നത് കാണുമ്പോൾ ചിരിച്ചു പോകും. രണ്ടേ രണ്ട് ആണ്മക്കളെ ഉള്ളൂ അവർക്ക്. മൂത്തവൻ മസ്ക്കറ്റിലാണ്. അവന്റെ ഭാര്യയുടേയും രണ്ട് മക്കളുടേയും ഒപ്പമാണ് അവരുടെ താമസം. അവൻ  കഴിഞ്ഞ അവധിക്ക് വന്നിട്ട് പോയപ്പോൾ കൊണ്ട് കൊടുത്തതാണ് അമ്മയ്ക്ക് ഒരു ടച്ച്‌ ഫോൺ!

ഇപ്പൊ നാട്ടിൽ ആർക്കാ ഇതുപോലെ തേക്കുന്ന മൊബൈൽ ഇല്ലാത്തത്. മീനും കൊണ്ട് വരുന്ന പങ്കജാക്ഷിയുടെ മടിക്കുത്തിൽ വരെയുണ്ട് വലിയൊരെണ്ണം. വെറ്റിലയിൽ ചുണ്ണാമ്പ് തേക്കുന്നത് പോലല്ലേ അവര് അതിന്റെ പുറത്തൂടെ വിരലോടിക്കുന്നത്. അന്ന് മുതൽക്കേ തുടങ്ങീതാണ് ഒരാഗ്രഹം. മക്കൾ രണ്ടും നല്ല നിലയിൽ ആണെന്ന് പറഞ്ഞിട്ടെന്താ..അമ്മ ഇപ്പോഴും റൗക്കയും കെട്ടി വെള്ളെഴുത്തിന്റെ സോഡാ ഗ്ലാസും വെച്ചാണ് നടപ്പ്.

ഇന്നത്തെ കാലത്ത് ആരെയെങ്കിലും ഇതുപോലെ കാണാൻ കിട്ടുമോ. എന്തായാലും മനസ്സ് അറിഞ്ഞിട്ടോ അതോ കൊച്ചു മക്കൾ അവനോട് പറഞ്ഞു കൊടുത്തിട്ടോ എന്നറിയില്ല, ഒരു വലിയ ഫോൺ തനിക്കും ഇത്തവണ വന്നപ്പോൾ കിട്ടി. അവള് പറയുന്നത് അത് അവൾക്ക് കൊടുത്തിട്ട് അവളുടെ പഴയ ഫോൺ അമ്മയ്ക്ക് കൊടുത്തേക്കാനാണ്.

മരുമകളുടെ ഒരു കുശുമ്പ് നോക്കണേ. എന്തായാലും തന്റെ മകൻ ആദ്യമായി അമ്മയ്ക്കായി കൊണ്ട് തന്ന ഒരു ഫോണല്ലിയോ. അത് തന്റെ കൈയിൽ തന്നെ ഇരിക്കട്ടെ. പിള്ളേരല്ലേ കൂടെയുള്ളത്. അവരെല്ലാം പഠിപ്പിച്ചു തന്നോളും. ദോ..ആ ഗദ എന്ന സിനിമയിലെ രണ്ട് തള്ളമ്മാര് കാണിച്ചു കൂട്ടിയ പോലെ കോപ്രായങ്ങൾ ഒന്നും കാട്ടാൻ ഈ വയസാം കാലത്ത് തന്നെ കിട്ടില്ല. വല്ലപ്പോഴും ഇളയ മോനെയും മരുമോളെയും ഒന്ന് കാണണം. ഇപ്പോഴാണേൽ അവനുണ്ടായ ആദ്യത്തെ കണ്മണിയെ ഇതേവരെ ഒന്ന് നേരിൽ കാണാൻ പോലും പറ്റിയിട്ടില്ല.

അവനങ്ങു അമേരിക്കയിലല്ലേ. രണ്ടു പേർക്കും ജോലിയും കൂലിയും ഒക്കെ ഉള്ളതാണ്. ഒന്ന് പ്രസവിക്കാനൊന്നും നാട്ടിലേയ്ക്ക് പാഞ്ഞു വരേണ്ട കാര്യമൊന്നും ഇല്ലെന്നാ അവൻ പറയുന്നത്..കല്യാണം കഴിഞ്ഞു പോയതാണ്. രണ്ടുപേരും ദിവസവും ഫോൺ ചെയ്യും എന്നല്ലാതെ വരുന്ന കാര്യം ഒന്നും പറയാറില്ല. കൊച്ചു മക്കൾ പറയുന്നത് പോലെ അവരവിടെ അടിച്ചു പൊളിച്ചു കഴിയുവല്ലേ..

വർഷം രണ്ടാകാറായപ്പോഴാണ് അമ്മേ..അവൾക്ക് വിശേഷം ഉണ്ടെന്ന് പറഞ്ഞു ഫോൺ വന്നത്.

ആഹാ സന്തോഷം മോനെ…ഇതൊക്കെ ഒത്തിരി വെച്ച് താമസിപ്പിക്കാതെ അതിന്റെ സമയത്തു തന്നെ നടക്കട്ടെ..പിന്നെ ഗർഭിണി ആയതിന്റെ സന്തോഷം, സംശയം ആശങ്ക എന്നൊക്കെ പറഞ്ഞു എപ്പോഴും വിളിക്കും. അവര് ഈ അമ്മയെ മറന്നില്ലല്ലോ എന്നിട്ടും. അത് തന്നെ ധാരാളം !

പ്ര സവം ആയപ്പോൾ അമ്പലങ്ങളിലെല്ലാം അവൻ പറഞ്ഞ വഴിപാടുകൾ നടത്തി. എന്തായാലും കൊച്ചിനും തള്ളയ്ക്കുമൊന്നും കേട് കൂടാതെ രണ്ടും രണ്ട് പാത്രമായി എന്ന് കേട്ടപ്പോഴാണ് ഒന്ന് സമാധാനം ആയത്. എങ്കിലും അത് കഴിഞ്ഞുള്ള കാര്യങ്ങൾ ആണല്ലോ പ്രധാനം.

അവിടുത്തെ കാര്യങ്ങൾ  എങ്ങനെ ഒക്കെയാണെന്ന് ആർക്കറിയാം. എല്ലാം പറയുന്നത് പോലെ വിശ്വസിക്കാനല്ലെ കഴിയൂ..വേതുകുളിയും മരുന്ന് കഴിപ്പും ഒക്കെ സമയാ സമയത്ത് നടത്തിയില്ലെങ്കിൽ പെണ്ണിനാണ് കേട്..ഇപ്പൊ ഒന്നും അറിയില്ല. കുറെ കഴിയുമ്പോൾ നടുവിന് വേദന, മുട്ടിനു വേദന എന്നൊക്കെ പറഞ്ഞു തുടങ്ങും. മരുമകളുടെ അമ്മ പ്രസവം എടുക്കാൻ പോയിട്ടുണ്ട്. അവരാണേൽ ചുരിദാറും ജീൻസും ഇടാൻ ഒരവസരം നോക്കിയിരിക്കുന്ന ഒരു സാധനവും !

കുഞ്ഞിനെ കുളിപ്പിക്കുമ്പോഴും ഏതൊ ഒരു ട്യൂബും നോക്കിയിരിപ്പാണ് മരുമോളെന്നു അവൻ പറഞ്ഞത് കേട്ട് ഒന്ന് ഞെട്ടിയെങ്കിലും പിന്നെ അല്ലേ അവൻ കാര്യം പറഞ്ഞത്.

അമ്മേ..അത് ഫോണിലുള്ള ഒരു സാധനം ആണെന്ന്. അതിൽ നോക്കിയാൽ എന്ത്‌ സംശയം വേണേലും മാറുമത്രേ! അത് കേട്ടപ്പോൾ മുതൽ തോന്നീതാണ്. തന്റെ ഈ നരച്ചു പഞ്ഞിക്കെട്ട് പോലെയായ മുടിയൊന്നു കറുപ്പിക്കാൻ വല്ലതും കിട്ടുമോയെന്ന്. പക്ഷെ, കൊച്ചുങ്ങള് പറയുന്നത്, അമ്മൂമ്മ ഇനി കറുപ്പിക്കാനൊന്നും പോകണ്ട. കളറ് ചെയ്യിച്ചാൽ മതിയെന്ന്! എന്നിട്ട് വേണം അമേരിക്കയിൽ പോകാൻ മുടി ചുവപ്പിച്ചെന്ന് നാട്ടുകാര് പറയാൻ !

അന്നും പതിവ് പോലെ വീഡിയോ കാളിങ്ങിൽ കുഞ്ഞു വാവയെയും കൊണ്ട് മരുമകൾ ശ്രുതി ഹാജരായി.

“മോളെ..കുഞ്ഞിന് നല്ലത് പോലെ പാല് കൊടുക്കണം കേട്ടോ. അവന്റെ നൂല് കെട്ട് ചടങ്ങ് ഭംഗിയായി നടത്തണം..അവനിതൊന്നും വല്യ പിടിയില്ല..പിന്നെ..നീയെന്താ മോളെ കഴിഞ്ഞ തവണ കണ്ടതിലും അങ്ങ് ക്ഷീണിച്ചു പോയല്ലോ. പെറ്റ ദേഹമാണ്. ആഹാരവും മരുന്നുമൊക്കെ നല്ലത് പോലെ കഴിച്ചു ശരീരം നന്നാക്കിയെടുക്കണം. നീ കഴിക്കുന്നതിന്റെ പ്രയോജനം നിന്റെ കുഞ്ഞിനാണ് കിട്ടുന്നത്.

ഇപ്പൊ മു ലപ്പാൽ കൊടുത്തു വേണം വളർത്താൻ. ഉടനെ ഒന്നും പൊടിയൊന്നും കലക്കി കൊടുത്തു അതിന് അസുഖം വരുത്തി വെയ്ക്കരുത് കേട്ടോ..”

ഒക്കെത്തിനും എന്ത് അനുസരണയോടെയാണ് അവൾ തലയാട്ടുന്നത്. ഇതുപോലെ ഒരു മരുമകളെ കിട്ടിയ താൻ ഭാഗ്യം ചെയ്തവളാണ്.

ഇവിടെ ഒരെണ്ണം ഉണ്ട് ! ആദ്യം വന്ന് കേറിയവൾ. ഒരു പെണ്ണില്ലാത്ത ദുഃഖം തീർത്തു തരാൻ അവളെക്കൊണ്ട് കഴിയുമെന്ന് കരുതി. പക്ഷെ, അവൾക്ക് അവളുടെ അമ്മ കഴിഞ്ഞിട്ടേ കെട്ടിയോൻ പോലുമുള്ളൂ.

മോളെ..തേനേ…എന്നൊക്കെ എത്ര വിളിച്ചാലും അവള് പറയുന്നത് അതിന്റെ മുന്നിൽ ഞാൻ വേറെ ഏതാണ്ടൊക്കെ ചേർത്തിട്ടാണ് വിളിക്കുന്നതെന്നാ..അല്ലെങ്കിലും അമ്മായിയമ്മ എത്ര സ്നേഹം കാണിച്ചാലും അത് ഏതെങ്കിലും മരുമക്കളുമാര് സമ്മതിച്ചു കൊടുക്കുമോ.

ഒന്ന് ഒറച്ചു നോക്കിയാൽ അമ്മായിയമ്മ പോര്., പീ ഡനം എന്നൊക്കെ പറഞ്ഞു കേസിനു പോകുന്ന കൂട്ടങ്ങളാണ് ഇപ്പോഴുള്ള പെണ്ണുങ്ങൾ. പണ്ടൊക്കെ എന്തൊക്കെ കുത്തുവാക്കുകളും അപമാനങ്ങളും കേട്ട് സഹിച്ചാണ് ഓരോ പെണ്ണുങ്ങളും ഭർത്താവിന്റെ വീട്ടിൽ കഴിയുന്നത്. അതെങ്ങനെ ആണ് ഇന്ന് ആണുങ്ങൾക്ക് വരെ ഭാര്യമാരെ പേടിയാണല്ലോ.

എനിക്കുമുണ്ട് രണ്ട് പെങ്കോന്തൻമാർ. നാട്ടിൽ എത്തിയാൽ പിന്നെ ഭാര്യ വീട്ടീന്ന് ഇറങ്ങാൻ നേരമില്ല. അവളാണെങ്കിൽ അവൻ കൊണ്ട് കൊടുക്കുന്ന എന്തൊക്കെയോ കുന്ത്രാണ്ടങ്ങള് വലിച്ചു കേറ്റി അവന്റെയൊപ്പം ഞെളിഞ്ഞു പോകുന്നത് കാണുമ്പോൾ ചൊറിഞ്ഞു വരും. എന്തൊക്കെയായാലും ഞാനാണല്ലോ അവനെ പെറ്റത്. അതിന്റെ ക്രെഡിറ്റ് വേറെയാരും തട്ടിയെടുക്കില്ലല്ലോ. അത്രയും സമാധാനം !

മുറ്റത്തെ ചരലിൽ ഉണങ്ങാൻ ഇട്ടിരുന്ന തുണികൾക്ക് മേലെ കോഴി കേറി നിരങ്ങാൻ തുടങ്ങിയിരിക്കുന്നു. എല്ലായിടത്തും എന്റെ കണ്ണ് തന്നെ ചെല്ലണം.

“എടീ പ്രിയേ. ഈ തുണികളൊന്നും എടുത്തോണ്ട് പോകാറായില്ലേ..എല്ലാ കാര്യത്തിനും എനിക്ക് ഓടിനടക്കാൻ വയ്യ. അതെങ്ങനെയാ ഏത് നേരവും ഫോണിൽ തോണ്ടിക്കൊണ്ടിരിക്കലല്ലേ പണി..”

ഓരോന്നും ഫോണിൽ തിന്നതും കുളിച്ചതും, കെട്ടിപ്പിടിച്ചതും വരെ ഫോട്ടോ ഇട്ടു രസിക്കുവല്ലേ..കാലത്തിന്റെ ഒരു പോക്ക് എങ്ങോട്ടാണെന്ന് ദൈവത്തിനു പോലും നിശ്ചയം ഇല്ല! ആരുടെയും അനക്കം ഒന്നും കേൾക്കുന്നില്ലല്ലോ. എല്ലവരും എവിടെ പോയി.

“അമ്മൂമ്മേ…ഇത് നോക്കിയേ..ദേ ഈ വീഡിയോ കണ്ടോ. ” കൊച്ചു മോളാണ്. അവളുടെ കയ്യിൽ തന്റെ ഫോൺ ആണല്ലോ. ഈ പിള്ളേര് ഏത് നേരവും ഫോണും കൊണ്ടാണ് നടപ്പ്..എന്റെ ഫോൺ എടുക്കരുതെന്ന് പറഞ്ഞാൽ കേൾക്കില്ല. വീഡിയോ കാണാനൊന്നും ഇപ്പൊ ഒരു താല്പ്പര്യവും ഇല്ലാതായിരിക്കുന്നു.

ഫോൺ കിട്ടിയ ആദ്യ നാളിൽ ഓരോന്നും കാണുമ്പോൾ വായും പൊളിച്ചിരുന്നു പോയിട്ടുണ്ട്. കൊച്ചു മോള് ഫോണും എടുത്തു അടുത്തേയ്ക്ക് വന്നു. ഏതൊ ഒരുത്തി നിന്ന് നെഞ്ചും കുലുക്കി എന്തൊക്കെയോ കാണിക്കുന്നു. ചാടുന്നു..ഓടുന്നു. മുട്ടിമേൽ തല കുനിച്ചു വെച്ച് നിവരുന്നു. ഒപ്പം ഏതൊ ഇംഗ്ലീഷ് പാട്ടുമുണ്ട്. ബനിയൻ പോലെ എന്തോ ഒന്ന് ഇട്ടിട്ടുണ്ട്. പക്ഷെ എന്ത് പ്രയോജനം..കണ്ടിട്ട് മേല് പെരുക്കുന്നു !

“ഇതൊക്കെ എന്തിനാടീ എന്നെ കാണിക്കുന്നത്.? “

“അമ്മൂമേ..ഒന്ന് സൂക്ഷിച്ചു നോക്കിയേ. ഇത് ആരാണെന്നു പറയാമോ..?”

കണ്ണട എടുത്തു ഊരി നേര്യതിന്റെ കോന്തലയിൽ ഒന്ന് തുടച്ചു. എങ്ങാണ്ട് നല്ല കുടുംബത്തിൽ പിറന്ന കൊച്ചാണെന്ന് തോന്നുന്നു. ഇവളുമാരുടെ വീട്ടിൽ ചോദിക്കാനും പറയാനുമൊന്നും ആരുമില്ലേ..ഓരോന്നിനെ അഴിഞ്ഞാടാൻ അങ്ങ് അഴിച്ചു വിട്ടേക്കുവല്ലേ..

“ആരാ കുഞ്ഞേ ഇത് ? എനിക്ക് പിടികിട്ടിയില്ലല്ലോ “

“എന്റെ അമ്മൂമ്മേ..ഇത് കുഞ്ഞാന്റി എക്സർസൈസ് ചെയ്യുന്ന വീഡിയോ ആണ്. ഫേസ്ബുക്കിൽ ഇട്ടതാ .”

കേട്ടത് വിശ്വസിക്കാനായില്ല. കുഞ്ഞാന്റിയോ !! അതും നാട്ടുകാരെ കാണിക്കാൻ, പെ റ്റു കിടക്കുന്നവള് വീഡിയോ ഇട്ടേക്കുന്നോ..!! പ്രസവോം കഴിഞ്ഞു അൻപത്തിയാറു പോലും തികയാത്ത പെണ്ണാ !!

“എന്റെ ദൈവമേ ! ഇവളിതെന്നാ ഭാവിച്ചാ..വല്ല ലേഹ്യവും ആഹാരവുമൊക്കെ കഴിച്ചു അനങ്ങാതിരിക്കേണ്ട നേരത്താണോ ഇങ്ങനെ കിടന്നു കൂ ത്താടുന്നത്..വല്ലയിടത്തും പോയി എന്ത്‌ തോന്ന്യാസവും കാട്ടാമെന്നാണോ..അവനെന്തിയെ..? അവനെ ഒന്ന് വിളിച്ചു തന്നെ മോളെ..രണ്ട് വർത്തമാനം പറഞ്ഞില്ലേൽ ശരിയാകത്തില്ല..”

“എന്റെ അമ്മേ..ഇത് അവള് വയറു ചാടാതിരിക്കാനും വണ്ണം വെക്കാതിരിക്കാനും വേണ്ടി ചെയ്യുന്ന ജോഗിങാണ്. അതൊക്കെ ഇപ്പൊ എല്ലാരും ചെയ്യുന്നതൊക്കെയാ. ഇതിലിത്ര കുറ്റം പറയാൻ എന്തിരിക്കുന്നു.”

മൂത്തവളാണ്..! ഹും, കൊള്ളാം. അവൾക്കും ഇതുപോലെ നെഞ്ചും കുലുക്കി ചാടാൻ മോഹമുണ്ടാവും. അശ്രീകരങ്ങള്!

“അത് ഈ സമയത്താണോ ചെയ്യുന്നത് എന്നാണ് ഞാൻ ചോദിക്കുന്നത്. രണ്ട് മൂന്ന് മാസമൊക്കെ കഴിഞ്ഞിട്ട് പോരായോ സൗന്ദര്യ സംരക്ഷണമൊക്കെ. ഞാനും രണ്ട് പെറ്റതാണ്. എന്നിട്ട എന്റെ വയറ് എവിടാ ചാടികിടക്കുന്നത്. അതേ..വെള്ളം കണ്ടമാനം വലിച്ചു കുടിക്കാതെ വയറ് മുറുക്കി കെട്ടിനടക്കണം. അപ്പൊ ഒരു വയറും ചാടത്തില്ല. ഈ കണക്കിന് അവള് കൊച്ചിന് പാല് കൊടുക്കുന്നുണ്ടോന്ന് ആർക്കറിയാം. അതും ഇനി ചാടിപ്പോയാലോ!.എന്നാലും ഇത് ഇച്ചിരി
കൂടിപ്പോയി ” ദേഷ്യം അടങ്ങാതെ പിന്നെയും എന്തൊക്കെയോ വിളിച്ചു പറയാൻ തോന്നിയതാണ്.

മരുമകൾ മുഖവും വക്രിച്ചോണ്ട് എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് മുറ്റത്തു കിടന്ന തുണികൾ പെറുക്കാൻ പോയി. രണ്ടും കണക്കാ ! ആരോട് പറയാൻ ? കയ്യിലിരിക്കുന്ന ഫോണിലപ്പോഴും പെണ്ണ് കിടന്നു തുള്ളുന്നുണ്ടായിരുന്നു !!

**********

~ശാലിനി മുരളി