എന്റെ ഭാര്യയെ അവൻ കൊണ്ടുപോയെങ്കിൽ അവന്റ ഭാര്യയെ ഞാൻ കൊണ്ടു വന്നു…

പകരത്തിനു പകരമായി..പക്ഷേ…

Story written by Jolly Varghese

================

എടീ…നിയറിഞ്ഞോ നമ്മുടെ രാഖി  വിവേകിന്റെ കൂടെ ഒളിച്ചോടി.!

ങ്..ങേ..രാഖിയോ..? ഒന്നുപോടീ..ഞാൻ രണ്ട് മാസംമുന്നേ കൂടി അവളെയും ഭർത്താവിനെയും കണ്ടതാ.!

നീ..കണ്ടതൊക്കെ ശരിയായിരിക്കും. പക്ഷേ കഴിഞ്ഞ മാസമാ അവൾ അമ്മാവന്റെ മോന്റെ കൂടെ ഒളിച്ചോടിയത്.

എന്റെ ദൈവമേ..ഞാൻ എന്തായീ കേൾക്കുന്നേ..? എന്റെ ബീനേ..എനിക്ക് തലകറങ്ങുന്നല്ലോടീ..!

എനിക്കും ആദ്യം കേട്ടപ്പോ തലകറങ്ങിയാരുന്നെടീ. !

എടീ..ബീനേ, അപ്പോ അവളുടെ മക്കളോ.?

അതാണ് കഷ്ടം..അതുങ്ങളുടെ കാര്യം ഓർത്താൽ സഹിക്കാൻ പറ്റില്ല.

ശ്ശോ…?

രാഖിയും, ബീനയും ഞാനും ഒരു നാട്ടുകാരും, ഒന്നിച്ചു പഠിച്ചവരുമാണ്. ഞങ്ങൾ മൂന്നുപേരും നല്ല കൂട്ടുകാരായിരുന്നു. വർഷങ്ങൾ നീണ്ട സൗഹൃദമാണ്‌ ഞങ്ങളുടേത്. ഞങ്ങൾ മൂന്നുപേരുടേയും കല്യാണമൊക്കെ കഴിഞ്ഞു മൂന്ന് ജില്ലകളിലായിട്ടാണ് താമസമെങ്കിലും ഇടയ്ക്കൊക്കെ വിളിക്കുകയും വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്യാറുണ്ട്.

അങ്ങനെ ഒരു ഫോൺ വിളിയിൽ കിട്ടിയ വാർത്തയാണ് ഞാൻ ആദ്യം പറഞ്ഞ കാര്യം.

രാഖിയെ കോട്ടയത്താണ് കല്യാണം കഴിച്ചയച്ചത്. അവളുടെ ഭർത്താവ് സുരേഷ്, സർക്കാർ ഉദ്യോഗസ്ഥനാണ്. പതിനേഴുവയസ്സുള്ള ആൺകുട്ടിയും, പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയുമാണ് അവർക്കുള്ളത്.

വല്ലപ്പോഴും നാട്ടിൽ പോകുമ്പോൾ അവളെയും കുടുംബത്തെയും കാണാറുണ്ട്. അവരുടെ ജീവിതം കാണുമ്പോ സന്തോഷവും അസൂയയും തോന്നും നമുക്ക്. അത്രയ്ക്ക് സ്നേഹ സമ്പന്നമായ കുടുംബമായിരുന്നു…

ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട് നിനക്ക് ഭാഗ്യമുള്ളതു കൊണ്ടാണ് സുരേഷിനെപ്പോലൊരു ഭർത്താവിനെ കിട്ടിയതെന്ന്. അതവളും അംഗീകരിക്കുമായിരുന്നു.

അതേടീ..സുരേഷേട്ടൻ എന്റെ ഭാഗ്യം തന്നെയാണെന്ന് അവളും പറയുമായിരുന്നു.

അങ്ങനെ പറഞ്ഞവളാണ് ഇപ്പോ സുരേഷിനെയും പിള്ളേരെയും ഉപേക്ഷിച്ചു ഓടിപോയത്. അതും അമ്മാവന്റെ മകന്റെ കൂടെ….അയാൾക്കും ഭാര്യയും മൂന്ന് കുട്ടികളും ഉണ്ട്.

രാഖിയും അമ്മാവന്റെ മോൻ വിവേകും തമ്മിൽ പണ്ട് ചെറിയൊരു ഇഷ്‌ടമൊക്കെ ഉണ്ടായിരുന്നു.

അന്നവൾ ഒൻപതാംക്ലാസ്സിലും വിവേക്  പ്രീഡിഗ്രീക്കും പഠിക്കുന്ന പ്രായമാണ്. വെക്കേഷൻ സമയത്ത് വിവേക് അവളുടെ വീട്ടിൽ വരാറുണ്ടായിരുന്നു. അന്നൊക്കെ വിവേകിനെപ്പറ്റി അവൾ ഞങ്ങളോട് പറയാറുണ്ടായിരുന്നു. ആ പ്രായത്തിൽ അതൊക്ക കേൾക്കാനൊരു രസവും അവളെ കളിയാക്കാൻ ഒരു കാര്യവുമായിരുന്നു ഇവരുടെ പ്രേമകഥ. പിന്നീട് എന്താണ് കാര്യമെന്ന് അറിയില്ല. വിവേക് വരാതെയുമായി….

അവളോട് ഞങ്ങൾ പലപ്പോഴും ചോദിച്ചിട്ടും അവൾ പിന്നീട് ഒന്നും പറഞ്ഞിട്ടില്ല.

വർഷങ്ങൾ കഴിഞ്ഞുപോയി. സുരേഷുമായുള്ള വിവാഹവും കഴിഞ്ഞു. കുട്ടികളുമായി…

പിന്നീടാണല്ലോ മൊബൈൽ ഫോണിന്റെ കടന്ന് വരവ്. ആ വരവിൽ അവൾക്ക് വിവേകിനെ വീണ്ടും കണ്ടുമുട്ടാനായി…

പ്രായം നാൽപതു കഴിഞ്ഞെങ്കിലും അവർക്ക് അവരുടെ ആദ്യാനുരാഗം മറക്കാനായില്ല. അത് വീണ്ടും പൂത്തുതളിർത്തു. അവിടെ അവൾ ഭാര്യയാണ് അമ്മയാണ് എന്നൊക്കയുള്ളത് മറന്നുപോയി. അതും സ്വന്തം മകൾക്ക് പെറ്റമ്മയെ ഏറെ ആവശ്യമുള്ള പ്രായമാണെന്ന് പോലും അവൾ ചിന്തിച്ചില്ല. നഷ്‌ടപ്രണയം അസ്ഥിക്ക് പിടിച്ചപ്പോൾ അവൾ വിവേകിനോടൊപ്പം ഇറങ്ങിപ്പോയി.

വിവേകും ഇവൾക്കുവേണ്ടി ഭാര്യയേയും മൂന്ന് മക്കളെയും അനാഥരാക്കി. അങ്ങനെ രണ്ട് കുടുംബം ഇല്ലാതായി.

അഞ്ചു മക്കൾ..അവരെപ്പറ്റി എന്ത് പറയാൻ..?

എന്തായാലും സംഭവം കഴിഞ്ഞിട്ട് ഒരു മാസമായി. ഇപ്പോൾ അറിയാൻ കഴിഞ്ഞത് രാഖിയുടെ ഭർത്താവ് സുരേഷ് വിവേകിന്റെ ഭാര്യയെയും മക്കളെയും വിളിച്ചോണ്ട് വന്നെന്നെന്നും അവരൊന്നിച്ചു ജീവിക്കാൻ തുടങ്ങിയെന്നുമാണ്.

“എന്റെ ഭാര്യയെ അവൻ കൊണ്ടുപോയെങ്കിൽ അവന്റ ഭാര്യയെ ഞാൻ കൊണ്ടു വന്നു.”

അതായത് പകരത്തിനു പകരം….

പക്ഷേ..പിന്നീട് രാഖിയുടെ പെൺകുട്ടി അനുഭവിക്കുന്ന യാതനകൾ അറിഞ്ഞപ്പോഴാണ് ഏറ്റവും ഞാൻ തകർന്നത്. കാരണം വിവേകിന്റെ മൂത്ത മകൻ ഈ പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിക്കുകയും ഉപദ്രവം സഹിക്കാനാവാതെ ആ കുട്ടി അടുത്തുള്ള ഒരു കന്യാസ്ത്രീ മഠത്തിൽ ആണെന്നുമാണ്…

ബീനയിൽ നിന്നും എന്റെ അമ്മയിൽ നിന്നും കിട്ടിയ അറിവുകളാണിതെല്ലാം.

ഇന്ന് എനിക്കെന്നോട് തന്നെ ദേഷ്യം തോന്നുന്നു. കാരണം രാഖിയെപോലെ ഒരുത്തി എന്റെ കൂട്ടുകാരി ആയിരുന്നല്ലോ എന്നോർത്ത്. ഈ നിമിഷം ലോകത്തിൽ ഞാൻ ഏറ്റവും വെറുക്കുന്ന വ്യക്തി രാഖിയാണ്.

അവളുടെ മക്കൾ…പ്രേത്യകിച്ചു ആ  മോളുടെ അവസ്ഥ  ഓർത്താൽ ഒരിക്കലും അവളോട് പൊറുക്കാനും ക്ഷമിക്കാനും കഴിയില്ല.

സ്നേഹം,പ്രേമം, പ്രണയം എല്ലാം സുന്ദരവും മനോഹരവുമാണ്. പക്ഷേ, ആരോട്, എപ്പോൾ, എങ്ങനെ, എന്തിന് വേണ്ടി എന്ന തിരിച്ചറിവ് മനുഷ്യനായവർക്ക് ഉണ്ടായിരിക്കണം…

സുഖം തേടി പോകുമ്പോ സ്വന്തം ചോ രയിൽ പിറന്ന കുട്ടികൾ എന്ത് പിഴച്ചു.?അവരെന്തു ചെയ്യും. നിങ്ങൾ നഷ്‌ടപ്പെടുത്തിയ അവരുടെ ഭാവി..ഇതിനൊക്കെ ആര് സമാധാനം പറയും..?

“നിങ്ങൾ തേടിപ്പോയ സുഖം നിങ്ങൾ അനുഭവിച്ച സുഖത്തെക്കാൾ കൂടുതൽ ഒന്നും ഇല്ലെന്ന തിരിച്ചറിവ് ഉണ്ടാകുമ്പോ…തിരിച്ചു നടക്കാൻ ആവില്ലാത്ത ദൂരമെത്തിയിട്ടുണ്ടാവും.”

ഒരു നിമിഷം ചിന്തിക്കുക.

“ഇതൊക്ക വിധിയെന്ന് പറഞ്ഞൊഴിയാനാവുമോ..രാഖി നിനക്ക്..? ഇല്ലാ…കാലം പോലും നിനക്ക് മാപ്പ് തരില്ല..!”

നീയെന്റെ കൂട്ടുകാരിയായിരുന്നതോർത്തു ഞാൻ ലജ്ജിച്ചു തല താഴ്ത്തുന്നു.. !

മക്കളേ.. മാപ്പ്.. !!!

(ഇതിലെ പേരുകൾക്ക് മാത്രമേ മാറ്റമുള്ളൂ.. )

~ജോളി വർഗീസ്