ഏതോ നഷ്ടസ്വപ്നം പോലെ വാതിൽക്കൽ നിൽക്കുന്ന ഭാര്യയെ ശ്രദ്ധിക്കാതെ ഗേറ്റ് കടന്ന് അയാൾ…

നിനക്ക് എന്തിനാ കാശ്…

എഴുത്ത്: ശാലിനി മുരളി

===================

ധൃതി പിടിച്ച് ജോലിക്ക് പോകാനിറങ്ങുന്ന ആളിന്റെ പിന്നാലെ ഓടിച്ചെന്നാണ് ചോദിച്ചത്..

“കേട്ടോ..എനിക്ക് കുറച്ചു രൂപ വേണമായിരുന്നു..”

“എന്തിന്?”

“അത്.. കുറച്ചു സാധനങ്ങൾ വാങ്ങാനായിരുന്നു. പിന്നെ ഒന്ന് രണ്ടു ബുക്ക്സ്..”

“എന്ത് സാധനങ്ങൾ? ഇപ്പൊ ബുക്ക്‌ വായിച്ചു പഠിക്കാനുള്ള പ്രായമാണോ? എന്റെ കയ്യിലിപ്പോ കാശൊന്നുമില്ല..”

അയാൾ സ്കൂട്ടർ സ്റ്റാർട്ട്‌ ചെയ്‌തു കഴിഞ്ഞിരുന്നു. ഏതോ നഷ്ടസ്വപ്നം പോലെ വാതിൽക്കൽ നിൽക്കുന്ന ഭാര്യയെ ശ്രദ്ധിക്കാതെ ഗേറ്റ് കടന്ന് അയാൾ അവളുടെ കണ്മുന്നിൽ നിന്ന് അകലേയ്ക്ക് മറഞ്ഞു!

തൊണ്ടയിൽ ഒരു വല്ലാത്ത വേദന വിങ്ങി പഴുക്കുന്നത് പോലെ. കണ്ണു നീർ നിറഞ്ഞു തൂവി കവിളിൽ തട്ടിത്തകർന്നു.

ദൈവമേ..ഇന്നാണല്ലോ ഓർഡർ കൊടുത്ത പുസ്തകങ്ങൾ വരുന്നത്. ഇനിയെന്ത് ചെയ്യും. സ്വന്തമായി ഒരു വരുമാനവും ഇല്ലാത്ത എല്ലാ പെണ്ണുങ്ങളുടെയും അവസ്ഥ ഇതായിരിക്കുമോ ? അപമാനവും നിന്ദയും മൂലം അവൾ നിന്നിടത്ത് നിന്നുരുകി.

എന്തെല്ലാം പഠിച്ചതാണ്. കല്യാണത്തിനു മുൻപ് എവിടെയെല്ലാം ജോലിക്ക് പോയി. എന്തെല്ലാം ജോലികൾ ചെയ്‌തു..കഴുത്തിൽ താലിയ്ക്ക് പകരം മൂക്ക് കയറാണ് വീണിരിക്കുന്നത് !വീട്ടിലെ പഠിപ്പുള്ള മറ്റു പെണ്ണുങ്ങൾ വീട്ട് ജോലി ചെയ്‌തു കഴിയുന്നത് പോലെ അടങ്ങിയൊതുങ്ങി അടുക്കളയിൽ നിന്ന് നാലു നേരവും വെച്ചുണ്ടാക്കി കഴിഞ്ഞോണം. അതായിരുന്നു വീട്ടിലുള്ളവരുടെയും മനോഭാവം !

പക്ഷെ, സ്വന്തം പെണ്മക്കൾ ജോലിക്ക് പോകുന്നതിനോട് ആർക്കും ഒരനിഷ്ടവും ഇല്ല. പെണ്ണുങ്ങളായാൽ സ്വന്തം ആവശ്യത്തിന് എങ്കിലും പത്തു രൂപ കൈയിൽ എടുക്കാൻ ഉണ്ടാവണം എന്ന് നാഴികയ്ക്ക് നാൽപ്പത് വട്ടം പറയാറുള്ള സ്വന്തം അമ്മ പോലും മകളുടെ കാര്യത്തിൽ കണ്ണടച്ചു. അല്ലെങ്കിൽ തന്നെ വിവാഹം കഴിപ്പിച്ചയച്ച മകളുടെ ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ടോ..

ചിലപ്പോൾ ആ സ്വാതന്ത്ര്യം മൂലം മകൾ വീണ്ടും തിരികെ വീട്ടിൽ വന്നു നിൽക്കേണ്ടി വന്നാലോ എന്നോർത്താവും അമ്മയും കൈ മലർത്തി.

“അവനിഷ്ടമല്ലെങ്കിൽ പിന്നെ എന്തു ചെയ്യാനാ? “

ശ്ശോ, കല്യാണം കഴിക്കണ്ടായിരുന്നു !

ഇഷ്ടമുള്ളയിടത്തത് പോകാനോ, ഇഷ്ടപ്പെട്ട സാധനങ്ങൾ വാങ്ങാനോ ഒക്കെ അനുവാദം വാങ്ങിയാലും പോരാ, ഒരു ധർമ്മക്കാരിയെ പോലെ കയ്യും നീട്ടി നിൽക്കണം എന്നത് അവളെ സംബന്ധിച്ച് ആ ത്മ ഹത്യയ്ക്ക് തുല്യമായിരുന്നു.

“ഞാനൊരു ജോലിക്ക് പൊയ്ക്കോട്ടേ..ഒരാള് തന്നെ കഷ്ടപ്പെടുന്നത് കൊണ്ട് ഇന്നത്തെ കാലത്ത് വല്യ ബുദ്ധിമുട്ടാണ്. എനിക്കും കൂടെ ഒരു ജോലിയുണ്ടെങ്കിൽ
ചേട്ടന് ഒരു സഹായമായേനെ..മക്കളുടെ ഫീസും, കറന്റ് ചാർജും ലോണുമൊക്കെ മുടങ്ങാതെ സമയത്തിന് കൊടുക്കാമായിരുന്നു..”

ആഗ്രഹങ്ങൾകൊണ്ട് കെട്ടിയുയർത്തിയ പളുങ്ക് കോട്ട എത്ര പെട്ടെന്നാണ് നിലം പരിശായത്!

“ഇവിടെ ജോലിക്ക് പോയിട്ടാരും ഒന്നും ചിലവ് നടത്തണ്ട. എന്റെയും പിള്ളേരുടെയും കാര്യങ്ങൾ നോക്കി വീട്ടിൽ അടങ്ങിയൊതുങ്ങി കഴിയാമെങ്കിൽ കഴിഞ്ഞാൽ മതി. ഇല്ലേൽ നിന്റെ ഇഷ്ടത്തിന് ജീവിക്കാൻ വേറെ സ്ഥലം നോക്കാം..”

എങ്ങനെ ഉണ്ട്? ഒരു പെണ്ണിന്റെ ആഗ്രഹങ്ങൾക്ക് മേലെ ഒരൊറ്റ വാക്കിന്റെ മൂർച്ച കൊണ്ട് വരഞ്ഞു ചോ ര ചീന്തിക്കുന്നത് ഈ ആണുങ്ങൾക്കൊക്കെ ഒരു വല്ലാത്ത രസമാണ് അല്ലേ ?

വേറെ പോകാൻ നിവൃത്തി ഇല്ലാഞ്ഞിട്ടോ, എല്ലാം അനുഭവിക്കാൻ തയ്യാറായിട്ടോ എന്തോ. പലരും തന്നെ പോലെ തന്നെ പലതും സഹിച്ചു ജീവിക്കുന്നതിന് കാരണം ഒന്നേയുള്ളൂ..സ്വന്തമായി ഇല്ലാതെ പോയൊരു വരുമാനം..

ഒരു പൊട്ടിനും, കണ്മഷിയ്ക്കും എന്തിന് അ ടിവ സ്ത്രങ്ങൾക്ക് പോലും കയ്യ് നീട്ടി
നിന്ന് മടുത്തു പോയിരുന്നു അവൾ.

ക്ലോക്കിൽ പന്ത്രണ്ടു മണിയുടെ അറിയിപ്പുകൾ മുഴങ്ങിതുടങ്ങി. പോസ്റ്മാൻ ഇപ്പൊ എത്തും. കയ്യിൽ അവശേഷിക്കുന്നത് ഏതാനും പത്തു രൂപാ നോട്ടുകൾ മാത്രം! വായിക്കാൻ ആഗ്രഹിച്ചിരുന്ന രണ്ടു മൂന്ന് പുസ്തകങ്ങൾക്ക് ഓർഡർ കൊടുക്കുമ്പോൾ എങ്ങനെ എങ്കിലും വാങ്ങണം എന്നൊരു ചിന്ത മാത്രമേ അന്നേരം മനസ്സിലുണ്ടായിരുന്നുള്ളൂ. അപ്പോഴേക്കും കാശ് എങ്ങനെയെങ്കിലും ഒപ്പിക്കാം എന്ന് കരുതി. നല്ല മൂഡിലാണെങ്കിൽ ഒന്നും മിണ്ടാതെ പൈസ എടുത്തു നീട്ടുകയും ചെയ്യും ! ഇതേ മൂഡില്ലായ്‌മയിൽ ഒരു ദിവസം അടുക്കളയിൽ കയറാതെ ഇരുന്നാൽ അന്ന് നടക്കാൻ പോകുന്നത് എത്ര വലിയ ഭൂകമ്പം ആയിരിക്കും എന്നവൾ ചിലപ്പോഴൊക്കെ ഓർത്ത് പോകാറുണ്ട്.

പക്ഷെ ഒരിക്കൽ പോലും, നിനക്ക് കാശ് വല്ലതും വേണോ എന്ന് ചോദിച്ചിട്ടേയില്ല. അല്ലെങ്കിലും ‘വെറുതെ’ വീട്ടിൽ ഇരിക്കുന്ന പെണ്ണുങ്ങൾക്ക് എന്തിനാ കാശ് അല്ലെ!!

ഇനി ഇതൊക്കെ ആലോചിച്ചിട്ട് ഒരു കാര്യവുമില്ല. അവൾ കണ്ണാടിയിൽ നോക്കി മുഖം അമർത്തി തുടച്ചു. മുടിയഴിച്ച് കെട്ടി. അടുത്ത വീട്ടിലെ രാധ ചേച്ചിയോട് ചോദിക്കാം. രണ്ട് ദിവസത്തിനുള്ളിൽ കൊടുക്കാം എന്ന് പറയാം. വാതിൽക്കൽ പോസ്റ്മാൻ വന്നു നിൽക്കുമ്പോൾ താനെന്ത് സമാധാനം പറയും..

വാതിൽ ചാരി ഇറങ്ങുമ്പോൾ, ഇനി മേലിൽ ഇത്തരം ആഗ്രഹങ്ങളും ആവശ്യങ്ങളും തനിക്ക് ഉണ്ടാകാതെ നോക്കണം എന്ന് അനുസരണയൊട്ടുമില്ലാത്ത മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു കൊണ്ടേയിരുന്നു..

~ശാലിനി മുരളി