അല്ല ഹരിയേട്ടാ എന്നുമുതലാണ് എന്റെ കാര്യത്തിൽ നിങ്ങൾക്കൊക്കെ ഇത്രയും കരുതൽ ഉണ്ടായത്. അവൾ ചോദിച്ചു…

Story written by Reshma Devu

=============

“അങ്ങനിപ്പോ ഒരു ക്രിസ്ത്യാനീടെ കൂടെ പൊ റു ക്കാം എന്നെന്റെ പൊന്നുമോള് കരുതുന്നുവെങ്കിൽ അത് നടക്കില്ല. നീയാ മോഹം മനസ്സീന്നു എടുത്തു കളഞ്ഞേക്ക്.” ഹരി വീണയ്ക്കു മുന്നിൽ ഉറഞ്ഞു തുള്ളി.

കാഴ്ചക്കാരായി അമ്മയും അനിയനും അവരുടെ ഭാര്യമാരുമെല്ലാം ഉണ്ട്. എല്ലാവരുടെയും മുഖത്ത് തന്നോടുള്ള ദേഷ്യം തെളിഞ്ഞു നിൽക്കുന്നതായി വീണയ്ക്ക് തോന്നി. കൂടെ ജോലി ചെയ്യുന്ന അലക്സ് അമ്മയുമൊത്ത് അവളെ പെണ്ണു ചോദിച്ച് ഇന്ന് വീട്ടിൽ വന്നിരുന്നു അതിന്റെ വിചാരണയാണിത് എന്നവൾക്ക് മനസ്സിലായി.

“ഹരിയേട്ടനെന്തിനാണ് ദേഷ്യപ്പെടുന്നത് ഞാൻ കല്യാണം കഴിക്കുന്നതിനാണോ? അതോ അതൊരു അന്യജാതിക്കാരൻ ആയതുകൊണ്ടാണോ?” അവൾ കൈകൾ നെഞ്ചിൽ പിണച്ചു വച്ചുകൊണ്ട് ശാന്തമായി ചോദിച്ചു.

“നിന്നോട് ആരെങ്കിലും പറഞ്ഞോടി ചേച്ചി കല്യാണം കഴിക്കരുതെന്ന്?ഇത്രയും നാൾ കാത്തിരുന്നിട്ട് നീ ഇതുപോലൊരുത്തനെ കെട്ടേണ്ട കാര്യമെന്താണ്.” വിഷ്ണു ചോദിച്ചു..

ഹരിയും വീണയും വിഷ്‌ണുവും സഹോദങ്ങളാണ്. ഹരിയും വിഷ്ണുവും ഭാര്യമാരും മക്കളുമൊത്തു വീണയ്ക്കും അമ്മയ്ക്കുമൊപ്പം ഒരു വീട്ടിൽ തന്നെയാണ് താമസം.

അല്ല ഹരിയേട്ടാ എന്നുമുതലാണ് എന്റെ കാര്യത്തിൽ നിങ്ങൾക്കൊക്കെ ഇത്രയും കരുതൽ ഉണ്ടായത്. അവൾ ചോദിച്ചു.

നീയെന്താ വീണേ നിന്റെ കൂടപ്പിറപ്പുകൾ നിന്റെ നല്ലതിന് വേണ്ടി വല്ലതും പറയുമ്പോ അവരെ ശത്രുക്കളെ പോലെ കാണുന്നത്. അമ്മ പെട്ടന്ന് അവർക്കിടയിൽ ഇടപെട്ടു.

അഹങ്കാരം തലയ്ക്കു പിടിച്ചു പോയതാണമ്മേ അവൾടെ. ഒരു ഗവണ്മെന്റ് ജോലി ഉണ്ടെന്നുള്ള അഹങ്കാരം, സ്വന്തമായി സമ്പാദിക്കുന്നു എന്ന അഹങ്കാരം. പക്ഷെ അച്ഛൻ സർവീസിൽ ഇരിക്കെ മരിച്ചതുകൊണ്ടാണ് അവൾക് ഇത് കിട്ടിയത് എന്നും ഞങ്ങൾക്ക് മൂന്നു മക്കൾക്കും അതിന് ഒരേ അവകാശം ആയിരുന്നു എന്നും ഇവൾ മറന്നു. കൂട്ടത്തിൽ വിദ്യാഭ്യാസം കൂടുതലുള്ളവൾ എന്ന പരിഗണനയിൽ ആ ജോലി ഇവൾക്ക് കിട്ടിയപ്പോൾ ഞാനോ ഇവനോ ഒരക്ഷരം എതിർപ്പ് പറഞ്ഞിട്ടില്ല..ആ ഞങ്ങളോട് ഇവൾ ഇത് കാണിക്കണം. ഹരി ദേഷ്യത്തോടെ പറഞ്ഞു നിർത്തി.

കഴിഞ്ഞോ ഹരിയേട്ടാ..എല്ലാം പറഞ്ഞു തീർന്നുവെങ്കിൽ ഇനി ഞാൻ സംസാരിക്കാം..എനിക്ക് ഇപ്പൊ പ്രായം മുപ്പത്തിരണ്ടു വയസാണ്..എന്റെ ഇരുപത്തി മൂന്നാം വയസിലാണ് അച്ഛൻ മരിക്കുന്നത്. പിന്നെ എനിക്ക് അച്ഛന്റെ ജോലി കിട്ടിയത് മുതൽ ഇന്ന് ഇപ്പൊ ദാ ഈ നിമിഷം വരേ ഞാൻ കേക്കുന്നതാണ് ഈ കണക്കു പറച്ചിൽ. ഞാൻ ചോദിക്കട്ടെ ആ ഒരു ജോലി എനിക്ക് തന്നതിന്റെ പേരിൽ എന്റെ ജീവിതം മുഴുവൻ ഞാൻ നിങ്ങൾക് തന്നില്ലേ ഇനിയും എന്താണ് ഞാൻ ചെയ്യേണ്ടത്..അവൾ ചോദിച്ചു.

നീ ഞങ്ങൾക്കു വേണ്ടി എന്ത് ചെയ്തുവെന്നാണ് ഈ പറയുന്നത്? കിട്ടുന്ന ശമ്പളം മൊത്തത്തിൽ ചിലവാക്കി എന്ന് മാത്രം..അതല്ലാതെ നീ എന്ത് ചെയ്തു. ഇത്തവണത്തെ ചോദ്യം അമ്മയാണ് ചോദിച്ചത്.

അതിലവൾക്ക് ഒട്ടും തന്നെ അത്ഭുതം തോന്നിയില്ല. എല്ലാം പ്രതീക്ഷിച്ചതു പോലെയൊരു മുഖവുമായി അവൾ നിന്നു..

ശരിയാണമ്മേ ഞാൻ വേറെ ഒന്നും ചെയ്തില്ല..ഏട്ടനേക്കാൾ വെറും മൂന്നു വയസ് മാത്രം ഇളയവളായ ഞാൻ ഈ വീട്ടിൽ നിൽക്കുമ്പോൾ എന്റെ ഏട്ടന്റെ വിവാഹം മുന്നിൽ നിന്നു ഞാൻ നടത്തികൊടുത്തു. പഠിത്തം പോലും പൂർത്തിയാക്കാൻ നിൽക്കാതെ  അനിയൻ ഒരു പെണ്ണിന്റെ കൈപിടിച്ച് കേറി വന്നപ്പോൾ അവനെയും അവളെയും സംരക്ഷിച്ചു..അനിയന്റെയും ഏട്ടന്റെയും മക്കളുടെ കുഞ്ഞു കുഞ്ഞ് ആവശ്യങ്ങൾക്ക് പോലും ഈ ഞാൻ വേണമായിരുന്നു..എല്ലാവരും അവരവരുടെ ജീവിതം കെട്ടിപടുത്തത് എന്റെ വിയർപ്പിനു മേലാണ്..എല്ലാവരും സ്വന്തം നിലയുറപ്പിച്ചപ്പോൾ എവിടെയൊക്കെ എന്റെ കാലിടറിയെന്ന് എന്നോടാരും ചോദിച്ചില്ല..സ്വന്തം ഭാര്യയ്ക്ക് ഒരു സാരി വാങ്ങാൻ പോലും ചേച്ചിയുടെ ശമ്പളം നോക്കി ഇരിക്കുന്ന എന്റെ അനിയനോ കുടുംബമായി ചുറ്റാൻ വേണ്ടി വാങ്ങിയ കാറിന്റെ ഫിനാൻസ് അടയ്ക്കാൻ അനിയത്തി മിച്ചം പിടിച്ച പൈസയ്ക്ക് കൈ നീട്ടുന്ന എന്റെ ഏട്ടനോ ഒരിക്കൽ പോലും ചോദിച്ചിട്ടില്ല നിന്റെ ആവശ്യങ്ങൾ നടക്കുന്നുണ്ടോ…നിനക്ക് എന്തെങ്കിലും വിഷമങ്ങൾ ഉണ്ടോ എന്ന്. അതു പറയെ വീണയുടെ ഇരു കണ്ണുകളും നിറഞ്ഞൊഴുകി.

ഓഹോ അപ്പൊ ഞങ്ങൾ കുഞ്ഞും കുടുംബവുമായി ജീവിക്കുന്നതിന്റെ അസൂയ ആണ് നിനക്കല്ലേ. ഹരി ചോദിച്ചു.

ശ്ശേ…നിങ്ങൾ ഇത്രയും തരംതാഴരുത് ഹരിയേട്ടാ. വീണ ദേഷ്യത്തോടെ പറഞ്ഞു.

പിന്നെ ഞാൻ എന്ത് പറയണം നിന്റെ സംസാരം കേട്ടാൽ തോന്നും നിന്നെ കെട്ടിക്കാൻ ഞങ്ങൾ നോക്കിയില്ല എന്ന്. എത്രയോ ആലോചനകൾ നിനക്കു വന്നു..ഒന്നും നടക്കാഞ്ഞത് ഞങ്ങളുടെ കുറ്റം അല്ല. നിനക്ക് യോഗം ഉണ്ടാവില്ല അത്ര തന്നെ..ഹരി പറഞ്ഞു.

ഉവ്വ് ഹരിയേട്ടാ…..വരുന്ന ഓരോ ആലോചനയും നിങ്ങളൊക്കെ ഓരോ കാരണം പറഞ്ഞു മുടക്കിയപ്പോഴും നീ വിഷമിക്കണ്ട നിനക്ക് ഒരു കുടുംബം ഇല്ലേൽ എന്താ ഞങ്ങളുടെ കുട്ടികൾ ഉണ്ടല്ലോ നിനക്ക് വളർത്താൻ എന്ന് പറഞ്ഞു അശ്വസിപ്പിച്ചപ്പോഴും ഒരു പൊട്ടിയെ പോലെ ഞാനും കരുതിയിട്ടുണ്ട് എനിക്ക് യോഗമില്ലാഞ്ഞിട്ടാവുമെന്ന്. ആറുമാസം മുൻപ് ബ്രോക്കർ നാണുവേട്ടനെ കാണും വരേ മാത്രം…അനിയത്തിക്ക് വിവാഹത്തിനൊന്നും താല്പര്യമില്ലെന്നും അതുകൊണ്ട് അവൾക് ആലോചന ഒന്നും കൊണ്ട് വരണ്ടായെന്നും നിങ്ങൾ അയാളോടു പറഞ്ഞു എന്ന് അറിഞ്ഞപ്പോൾ എന്റെ മനസ്സിൽ എന്റെ ഏട്ടൻ ഒരുപാട് ചെറുതായിപ്പോയി.

വീണ പറയുന്നതു കേട്ട് അമ്മയുടെ മുഖത്തു പോലും ഒരു ഞെട്ടൽ ഉണ്ടാകാത്തതിൽ നിന്നും ഇതൊരു കൂട്ടായ തീരുമാനം ആയിരുന്നു എന്ന് അവൾക് മനസ്സിലായി. എങ്കിലും അമ്മയുടെ മൗനം അവളെ അപ്പോഴും വേദനിപ്പിച്ചു.

എന്റെ വരുമാനം നിന്നു പോയാൽ ഉണ്ടാകുന്ന നഷ്ടം മാത്രമാണ് നിങ്ങളൊക്കെ കണക്കുകൂട്ടിയത്. അതുകൊണ്ടാണ് എനിക്കൊരു ജീവിതം ഉണ്ടാവരുതെന്ന് എന്റെ കൂടപ്പിറപ്പുകളും അമ്മയും തീരുമാനിച്ചത്.. അല്ലെ??വേദനയോടെ അവൾ ചോദിച്ചു.

അവൾ എല്ലാം അറിഞ്ഞുവെന്ന തിരിച്ചറിവിൽ ഹരിയും വിഷ്ണുവും മുഖം കുനിച്ചു.

ഒരു കാര്യം കൂടി ഞാൻ പറയാം മറ്റന്നാൾ എന്റെയും അലക്സിന്റെയും വിവാഹമാണ്..ഒന്നിച്ചു ജോലി ചെയ്യുന്ന എന്റെ അതേ പ്രായമുള്ള അവന് എന്നെ മറ്റാരേക്കാളും മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം. അതുകൊണ്ട് തന്നെ ജാതിയോ മതമോ ഞങ്ങൾ നോക്കുന്നില്ല. ഇവിടെ ആരും സമ്മതിക്കില്ല എന്ന് അറിയാമായിരുന്നു. അതുകൊണ്ടാണ് എല്ലാം തീരുമാനിച്ചുറപ്പിച്ചതിന് ശേഷം അലക്സ് നിങ്ങളെ കാണാൻ വന്നത്..അവൾ പറഞ്ഞു.

ഓഹോ അപ്പൊ എല്ലാം തീരുമാനിച്ചു അല്ലെ..നീ അവനെ കെട്ടി ഞങ്ങളെ നാണംകെടുത്താൻ തന്നെ തീരുമാനിച്ചു. വിഷ്ണു വീണയ്ക്ക് നേരെ കയർത്തു..

നിങ്ങൾക്ക് പണമുണ്ടാക്കി തരുന്ന നിങ്ങളുടെ ആവശ്യങ്ങൾ മാത്രം നടത്തിതരുന്ന ഒരു മെഷീൻ അല്ല ഞാൻ. ഞാനും ഒരു മനുഷ്യ ജീവിയാണ്. നിങ്ങൾക്ക് വേണ്ടി ഞാൻ ഇതുവരെ ജീവിച്ചു. ഇനി നിങ്ങളുടെ മക്കൾക്ക് വേണ്ടി കൂടി ജീവിതം ഉഴിഞ്ഞു വയ്ക്കാൻ മനസ്സില്ലയെനിക്ക്. അവർക്ക് ജന്മം കൊടുത്തത് നിങ്ങളാണെങ്കിൽ അവരെ സംരക്ഷിക്കേണ്ട ചുമതലയും നിങ്ങളുടേതാണ്. അതുകൊണ്ട് എന്റെ തീരുമാനത്തിൽ ഒരു മാറ്റവും ഇല്ല. അത് മാത്രമല്ല അലക്സിന് അമ്മ മാത്രമേയുള്ളൂ വിവാഹശേഷം അമ്മയെ കൂടി ഇവിടെ കൊണ്ടുവന്നു ഞങ്ങൾക്കൊപ്പം താമസിപ്പിക്കാനാണ് ഞങ്ങളുടെ തീരുമാനം. വീണ ദേഷ്യത്തോടെ പറഞ്ഞു.

അതെങ്ങനെ ശരിയാകും വീണേ…ഇവിടെ ഞങ്ങൾ എല്ലാവരും ഉള്ളപ്പോൾ നീയും ഭർത്താവും അവന്റെ അമ്മയും ഒക്കെ കൂടി ഇവിടെ എങ്ങനെ താമസിക്കും. നീ കല്യാണത്തിൽ നിന്ന് പിന്മാറാൻ തയാറല്ല എങ്കിൽ വേണ്ട..നീ അവന്റെ കൂടെ അവന്റെ വീട്ടിൽ പോയി ജീവിക്കൂ ഈ വീട്ടിലെ സ്വസ്ഥത കെടുത്താതെ…അമ്മ പറഞ്ഞു.

ഒരു നിമിഷം അവൾ ഞെട്ടിപ്പോയി. എപ്പോഴും ആണ്മക്കൾക്ക് വേണ്ടി മാത്രമാണ് അമ്മ സംസാരിക്കാറുള്ളതെങ്കിലും ഈ മറുപടി അവളെ തകർത്തു കളഞ്ഞു. എങ്കിലും നിമിഷനേരംകൊണ്ട് അവൾ സമചിത്തത വീണ്ടെടുത്തു.

നടക്കില്ല അമ്മേ ഇത് ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീടാണ്. കിട്ടുന്ന ശമ്പളം മിച്ചം പിടിക്കാനില്ലാഞ്ഞിട്ട് പാതിരാ വരേ തുണി തുന്നിക്കൊടുത്തും കുട്ടികളെ ട്യൂഷൻ പഠിപ്പിച്ചും ചിട്ടി കെട്ടിയും കഷ്ടപ്പെട്ട് ഞാനുണ്ടാക്കി എടുത്തത്. ഇന്നുവരെയുള്ളതിൽ എനിക്കെന്നു പറഞ്ഞുള്ള ഒരേ ഒരു സാമ്പാദ്യം. അത് ആർക്കും വിട്ടു തരാൻ ഞാൻ ഒരുക്കമല്ല. ഞങ്ങൾക്കൊപ്പം താമസിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് നമ്മുടെ പഴയ വീട് ഒഴിഞ്ഞു കിടപ്പുണ്ട് അങ്ങോട്ട് മാറാം. എന്തായാലും എന്റെ തീരുമാനത്തിൽ മാറ്റമില്ല. അവളുടെ കണ്ണുകളിൽ തീയാളി.

ഒരു ജീവിതം മുഴുവൻ തന്റെ കുടുംബത്തിനായി മാറ്റി വച്ചിട്ടും തനിക് പകരം കിട്ടിയ അവഗണയോർത്ത് അവളുടെ ഹൃദയം മുറിഞ്ഞു. മറ്റുള്ളവർക്കിടയിൽ ചർച്ചകൾ പുരോഗമിക്കുമ്പോഴേക്കും ഒന്നിലും പെടാതെ ഒറ്റപ്പെട്ടുപോയ അവൾ മുറിയിലേക്ക് നടന്നു.

പിറ്റേന്ന് രാവിലെ ഒരു യാത്ര പോലും പറയാതെ ഇറങ്ങി പോകുന്ന കൂടപ്പിറപ്പുകളെയും അമ്മയെയും നോക്കി നിൽകുമ്പോൾ തന്റെ കണ്ണുകൾ പോലും നിറയുന്നില്ലായെന്ന് അവൾ സ്വയം ഉറപ്പുവരുത്തി.

ആണ്മക്കൾക്കൊപ്പം പടിയിറങ്ങിപോകുന്ന അമ്മയെ മക്കൾ തള്ളിപ്പറയുകയും അമ്മ തന്നെ തേടിയെത്തുകയും ചെയ്യുന്നകാലം വിദൂരമല്ലായെന്ന തിരിച്ചറിവോടെ അവർക്ക് പിന്നിൽ ഉമ്മറ വാതിലടച്ച് ഉറച്ച ചുവടുകളോടെ അവൾ അകത്തേക്കു നടന്നു…

✍️രേഷ്മ ദേവു