ആദ്യമൊക്കെ ചിരിക്കാൻ മറക്കാത്തവൻ പിന്നെ പിന്നെ ചിരിക്കാൻ മറന്ന് തുടങ്ങി. അവളെ കൂട്ടാതെ….

എഴുത്ത്: മഹാ ദേവൻ

===============

കാലിന് മുടന്തുള്ള അവളെ അയാൾ വിവാഹം കഴിച്ചത് പണത്തിനോടുള്ള ആർത്തി കൊണ്ടായിരുന്നു.

മുടന്തുള്ള മോളെ ഏറ്റെടുത്തവന് അവളുടെ അച്ഛനിട്ട വിലയായിരുന്നു അവനിലെ ഭർത്താവിനെ സന്തോഷിപ്പിച്ചത്…

കൂടെ നടക്കുമ്പോൾ കൈ കോർത്തു പിടിച്ചും ആളുകൾക്കിടയിൽ തോളോട് ചേർത്തും അവൻ നല്ലൊരു ഭർത്താവായി. അവന്റെ ചേർത്തുപിടിക്കലിൽ കുറവുകളെ മറന്നവൾ നല്ലൊരു ഭാര്യയുമായി..

ആദ്യമൊക്കെ ചിരിക്കാൻ മറക്കാത്തവൻ പിന്നെ പിന്നെ ചിരിക്കാൻ മറന്ന് തുടങ്ങി. അവളെ കൂട്ടാതെ പുറത്തേക്കിറങ്ങി. നിന്റ കാല് വേദനിച്ചാൽ എന്റെ ഹൃദയം വേദനിക്കുമെന്ന് പറഞ്ഞവൻ അവളെ സ്നേഹപൂർവ്വം പറ്റിച്ചു. അവനെ വിശ്വസിച്ചവൾ കിട്ടിയ സൗഭാഗ്യത്തെ ഓർത്ത് റൂമിലേക്ക് ഒതുങ്ങി.

സാരി ചുറ്റുമ്പോൾ കാല് കാണുമെന്നു പറഞ്ഞവൻ, കാറ് വാങ്ങിയിട്ടും അവളെ പിന്നെ എവിടേക്കും കൂട്ടിയില്ല.

അമ്മയാവണമെന്ന് ആഗ്രഹം പറഞ്ഞപ്പോൾ ഉണ്ടാകുന്ന പെങ്കൊച്ചായാൽ, നിന്നെ പോലെ മുടന്തിയായാൽ, പിന്നെ നിന്നെ തന്നപോലെ അതിനെ ആരുടേലും തലയിൽ കെട്ടിവെക്കാൻ മാത്രം  സമ്പാദിക്കാൻ ഞാൻ മണ്ടനല്ലെന്ന് ചിരിയോടെ പറഞ്ഞ് നോവിച്ചവൻ.

“നിന്റ കെട്യോൾ മുടന്തിയല്ലടാ ” എന്ന് ചോദിച്ചവരുടൊക്കെ അവൻ പൊട്ടിച്ചിരിയോടെ പറയുമായിരുന്നു  ” ഒന്നരക്കാലായാൽ എന്താ, ഒന്നരക്കോടിയുടെ മതിപ്പാ ” എന്ന്.

പിന്നീടുള്ള അവന്റെ വളർച്ചയെ എല്ലാവരും അസൂയയോടെ ആണ് കണ്ടത്.

മുടന്തിപെണ്ണ് ശകുനക്കേട് ആണെന്ന് പറഞ്ഞവരൊക്കെ മുടന്തി കൊണ്ട് വന്ന ഭാഗ്യമാണ് ഈ വളർച്ചയെന്ന് പറഞ്ഞ് തുടങ്ങി.

കൂട്ടിലടയ്ക്കപ്പെട്ട കിളിയെപ്പോലവൾ ഭാഗ്യത്തിന്റെ അംബാസിറ്ററായി ജീവിക്കുമ്പോൾ പലരും പറഞ്ഞ് തുടങ്ങിയിരുന്നു “ചിറകറ്റുവീണ കിളിയെ വേടൻ കൊ ല്ലുമെന്ന്..”

പിന്നീടുള്ള രാത്രികൾ അവളിലെ ഉറക്കം ഇല്ലാതാക്കി. കഴുത്തിലേക്ക് മുറുകുന്ന കൈകൾക്ക് താലിയുടെ ബലമാണെന്ന് തോന്നി. പേടിപ്പെടുത്തുന്ന സ്വപ്നങ്ങള്ക്ക് ഭർത്താവിന്റെ രൂപം കണ്ടു. ഉറങ്ങാത്ത രാത്രികൾക്ക് കൂട്ടിരുന്നവൾ ആ രാത്രി നന്നായി ഉറങ്ങി. രാവിലെ എഴുനെറ്റവൾ സന്തോഷത്തോടെ കരഞ്ഞു…മറ്റുള്ളവർ അത് കണ്ടു കണ്ണീർ വാർത്തു..ആരൊക്കെയോ പറഞ്ഞ്  പെണ്ണിന്റ ഭാഗ്യദോഷം എന്ന്…ചിലർ പറഞ്ഞു മുടന്തിപ്പെണ്ണിന്റെ ജാതകദോഷം ആണെന്ന്…

കുറെ പേര് പറഞ്ഞു “എന്തുണ്ടായിട്ട് ന്താ, അവന് അനുഭവിക്കാൻ യോഗല്യാ ” ന്ന്….

അവൾ ഉള്ളാലെ ചിരിച്ചു.

ഇത് ഭാഗ്യദോഷമല്ല, ഭാഗ്യം ആണെന്ന്….ഇത് പെണ്ണിന്റ ജാതകദോഷം അല്ല, അവൻ കയ്യിലിരിപ്പ് കൊണ്ട് നേടിയ തലവരയാണെന്ന്…അവന് അനുഭവിക്കാൻ യോഗല്യ എന്ന് പറഞ്ഞവരെയവൾ നോക്കി….

അവനേ അനുഭവിക്കാൻ യോഗ്യതയുള്ളൂ…അതാണവൻ ഇപ്പോൾ അനുഭവിക്കുന്നതും എന്ന് ചിന്തിച്ചുകൊണ്ട്…

എല്ലാം കഴിഞ്ഞു..

സ്വർണ്ണമുട്ടയിട്ട താറാവിനെ കൊ ല്ലാതെ കൊ ന്നവനിപ്പോൾ വെള്ള പുതച്ചുകിടപ്പാണ് ഉമ്മറത്ത്,

ഒരു കീറ് വെള്ളതുണിക്ക് പോലും അവകാശിയല്ലാതെ….

~ദേവൻ