എന്റെ സങ്കല്പങ്ങൾ ഒക്കെ വലിച്ചെറിഞ്ഞു പുതിയ ജീവത്തോട് പൊരുത്തപ്പെടാൻ ഞാൻ മനസാൽ തയ്യാറെടുത്തു…

സ്വർഗം

Story written by Aparna Dwithy

==============

വീട്ടിൽ കല്യാണത്തിന്റെ ഒരുക്കങ്ങൾ ഒക്കെ ഭംഗിയായി നടക്കുകയാണ് പക്ഷേ എനിക്ക് മാത്രം ഒരു സന്തോഷവും ഇല്ല. ഞാൻ ഒരിക്കലും പൂർണ്ണമനസോടെയല്ല ഈ കല്യാണത്തിന് സമ്മതിച്ചത്. എല്ലാവരും നിർബന്ധിച്ചു സമ്മതിപ്പിച്ചതാണെന്ന് പറയാം. മനസ്സിന് ഒരു സന്തോഷവുമില്ല,

വിവാഹത്തെ കുറിച്ച് ഒരുപാട് സ്വപ്നം കണ്ടിരുന്നു. പ്രേമിച്ചൊന്നും കെട്ടണമെന്നില്ലെങ്കിലും കെട്ടുന്ന ആളെക്കുറിച്ചും വീട്ടുകാരെ കുറിച്ചും ഒരു സങ്കല്പമൊക്കെ ഉണ്ടായിരുന്നു. ഒരുപാട് സ്നേഹിക്കുന്ന ഒരമ്മയും, അച്ഛനും പിന്നെ തല്ലുകൂടാൻ ഒരു നാത്തൂനും ഉള്ള ഒരു കുടുംബത്തിലേക്ക് കയറി ചെല്ലണമെന്നായിരുന്നു ആഗ്രഹം.

ഇതിപ്പോ അച്ഛനും അമ്മയുമില്ലാത്ത  ഒരു വീട്ടിലേക്ക് കയറിചെല്ലണമെന്ന് ആലോചിക്കുമ്പോൾ തന്നെ സങ്കടം വരുന്നു. സങ്കടം അമ്മയോട് പറഞ്ഞപോൾ, “അവന്റെ അച്ഛനും അമ്മയും മരിച്ചുപോയത് അവന്റെ കുഴപ്പം കൊണ്ടാണോ ” എന്ന മറുപടി ആണ് ലഭിച്ചത്.

ഒരുകണക്കിന് ആലോചിച്ചു നോക്കിയപ്പോൾ ശരിയാണ്. ചെറുക്കൻ ഡോക്ടർ ആയത് കൊണ്ടാണ് വീട്ടിൽ എല്ലാവർക്കും താല്പര്യം അതാണെന്റെ അടുത്ത പ്രശ്‌നവും….

ഡോക്ടർ എന്നൊക്കെ പറയുമ്പോൾ എപ്പോളും തിരക്കുള്ള ജോലിയല്ലേ. എന്നോടൊപ്പം ചിലവഴിക്കാനൊക്കെ സമയം കിട്ടുമോ ആവോ.

ആകെയുള്ളൊരു ആശ്വാസം ചെറുക്കന്റെ അനിയനാണ്. വിവാഹാനിശ്ചയം കഴിഞ്ഞന്നു മുതൽ എന്റെ ചങ്കാണ്. ഏട്ടത്തീന്നും വിളിച്ചോണ്ട് ഇടക്കൊക്കെ വീട്ടിൽ കയറി വരും. വന്ന ഉടനെ അടുക്കളയിൽ കയറി ഒരു യുദ്ധമാണ് പുതിയ പുതിയ പാചകപരീക്ഷണങ്ങൾ അമ്മക്ക് പരിചയപ്പെടുത്തി കൊടുക്കും. അമ്മ അതൊക്കെ ഉണ്ടാക്കി അവനെ കഴിപ്പിച്ചിട്ടല്ലാതെ വിടില്ല. കെട്ടാൻ പോണ ചെറുക്കൻ വിളിച്ചില്ലേലും അനിയൻ എന്നും വിളിച്ചു വിശേഷം പറയും…

അങ്ങനെ വിവാഹദിവസം ഇങ്ങെത്തി….

എന്റെ സങ്കല്പങ്ങൾ ഒക്കെ വലിച്ചെറിഞ്ഞു പുതിയ ജീവത്തോട് പൊരുത്തപ്പെടാൻ ഞാൻ മനസാൽ തയ്യാറെടുത്തു. താലികെട്ടും കഴിഞ്ഞു എന്നെ ചെറുക്കന്റെ വീട്ടിൽ കൊണ്ടുവിട്ട് വീട്ടുകാരൊക്കെ പോയി.

ഞാനും, എന്റെ കെട്ട്യോനും അനിയൻകുട്ടനും മാത്രമായി വീട്ടിൽ. അനിയൻകുട്ടൻ എന്നെ അടുക്കളയിലേക്ക് ആനയിച്ചു.

“ഏട്ടത്തി ഇതാണ് ഞങ്ങളുടെ പരീക്ഷണശാല. ഇനി മുതൽ ഇതിന്റെ അധികാരി ഏട്ടത്തിയാണ്. അപ്പോ നമ്മുക്ക് ഐശ്വര്യമായിട്ട് ഒരു കഞ്ഞീം ചമ്മന്തീം ഉണ്ടാക്കി ഭരണം തുടങ്ങിയാലോ” അനിയൻകുട്ടൻ പറഞ്ഞു തീരുമ്പോളേക്കും എന്റെ കെട്ട്യോനും അവിടേക്കെത്തി.

‘ഡാ നീ അവള് കയറിവന്ന അന്നുതന്നെ അടുക്കളയിൽ കയറ്റിയോ. ഭക്ഷണമൊക്കെ ഞങ്ങളുണ്ടാക്കാം, നല്ല ക്ഷീണം കാണും നീ പോയി റസ്റ്റ്‌ എടുത്തോ…” ഏട്ടൻ എന്നോടായി പറഞ്ഞു.

“അതുവേണ്ട നമ്മുക്ക് മൂന്നുപേർക്കും കൂടെ ഉണ്ടാക്കാം” ഞാനും അവരുടെ കൂടെ കൂടി.

മൂന്നു പേരും കത്തിയടിച്ചോണ്ട് പാചകം ആരംഭിച്ചു. വിവാഹനിശ്ചയം കഴിഞ്ഞു ഒരുദിവസം പോലും എന്നെ വിളിച്ചു സംസാരിക്കാത്ത ഏട്ടന്റെ.പെരുമാറ്റമാണ് എന്നെ ഏറെ അത്ഭുതപ്പെടുത്തിയത്. എന്റെ മനസ്സ് വായിച്ചിട്ടെന്നോണം ഏട്ടൻ പറഞ്ഞു

“എനിക്കും വേണ്ടി മാത്രം ഇവൻ നിന്നെ എന്നും വിളിച്ചു ശല്യപ്പെടുത്താറില്ലേ ?”

“ആര് പറഞ്ഞു അവൻ ശല്യമാണെന്ന്. എന്റെ കുട്ടനെ പറഞ്ഞാലുണ്ടല്ലോ, അവനേ എന്നോട് സ്നേഹമുള്ളു.” ഞാനും വിട്ടുകൊടുത്തില്ല.

“ഇവൻ നിന്നേം കയ്യിലെടുത്തല്ലേ. ഇവനുള്ള ഒരു പ്രത്യേക കഴിവാണത്.”

അങ്ങനെ ചിരിയും കളിയുമായി ഞങ്ങളുടെ പാചകം തുടർന്നു….

പിന്നീടങ്ങോട്ടുള്ള എന്റെ ഓരോ ദിവസവും ഞാൻ ആസ്വദിക്കുമായിരുന്നു. ഞാൻ വിചാരിച്ച പോലൊരു ജീവിതമേ ആയിരുന്നില്ല അത്. എത്ര തിരക്കുണ്ടെങ്കിലും ഞങ്ങളുടെ കൂടെ ചിലവഴിക്കാൻ ഏട്ടൻ സമയം കണ്ടെത്തിയിരുന്നു. എനിക്കെന്തു പ്രശ്നമുണ്ടെങ്കിലും അത് പരിഹരിക്കാൻ എന്റെ അനിയൻകുട്ടനും മുന്നിൽ ഉണ്ടായിരുന്നു. അവന്റെ എല്ലാ കുരുത്തക്കേടിനും കൂട്ട് നിന്നു ഞാനും. ശരിക്കും പറഞ്ഞാൽ ഒരു സ്വർഗം, അതായിരുന്നു ഞങ്ങളുടെ വീട്.

ഇപ്പോൾ എന്റെ വീട്ടിൽ പോയി നിൽക്കാൻ പോലും എനിക്ക് തോന്നാറില്ല. ഞാൻ പോയാൽ തന്നെ ഏട്ടനും അനിയനും കൂടെ വിളിയോട് വിളിയാ എന്നാ വരുവാ എന്നും ചോദിച്ചു. പിന്നെ ഞാൻ അവിടെ നിൽക്കില്ല അപ്പോ തന്നെ ഏട്ടനോട് വന്ന്  കൊണ്ട്പോകാൻ പറയും.

“ആദ്യം ആ വീട്ടിലേക്ക് പോകില്ലെന്ന് പറഞ്ഞ പെണ്ണാ. ഇപ്പോ അവൾക്കു  ഇങ്ങോട്ടൊന്നു വരാൻ പറ്റില്ല.” അമ്മ പരാതി പറയാൻ ആരംഭിക്കും.

“അമ്മയ്ക്കും അച്ഛനും അവിടെ വന്നു നിന്നൂടെ. അവരവിടെ ഒറ്റയ്ക്കായ കൊണ്ടല്ലേ”

“പിന്നേ…..അല്ലാതെ നിനക്കവരെ കാണാണ്ടിരിക്കാൻ പറ്റാത്തകൊണ്ടല്ല ” എന്റെ മനസ്സ് മനസിലാക്കി കൊണ്ട് അമ്മ പറയും.

ശരിയാണ് എനിക്ക് അവരെ കാണാതിരിക്കാൻ പറ്റില്ല. അവരുടെ കൂടെയുള്ള ഓരോ നിമിഷവും ഞാൻ ആസ്വദിച്ചു ജീവിക്കുവാണ്. ഇപ്പോ ഞങ്ങളുടെ ഇടയിലേക്ക് പുതിയ ഒരു അഥിതി കൂടെ വരാൻ പോവുകയാണ്. ആ കുഞ്ഞതിഥിയെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങൾ മൂവരും….. !

നമ്മൾ ആഗ്രഹിക്കുന്ന പോലായിരിക്കില്ല പലപ്പോളും നമ്മുടെ ജീവിതം. പക്ഷേ നമ്മൾ ആഗ്രഹിച്ചതിലും കൂടുതൽ സന്തോഷം നൽകുന്ന ഒരു ട്വിസ്റ്റ്‌ ദൈവം നമ്മുക്കായി കരുതിവെച്ചിട്ടുണ്ടാകും…..

~അപർണ