പുറത്ത് തകർത്തു പെയ്യുന്ന മഴയിൽ അവളോട്‌ എനിക്ക് ഒരു ഇഷ്ടം മുളപ്പൊട്ടി തുടങ്ങിയിരുന്നു പക്ഷെ അവൾ….

എഴുത്ത്: മനു തൃശ്ശൂർ

================

അമ്മയുടെ നിർബന്ധത്തിന് വഴങ്ങി വീണ്ടുമൊരു പെണ്ണു കാണലിന് നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ചു മൂപ്പതിയഞ്ചാം വയസ്സിൽ നാട്ടിലേക്ക് വിമാനം കയറിയത്..

വരുന്ന ആലോചന ഒന്നും അമ്മാന് പിടിക്കാത്തത് കൊണ്ട് എനിക്ക് ഉള്ള പെണ്ണ്  ദൂരെ നിന്നും മതിയെന്ന് ആയിരുന്നു വീട്ടുക്കാരുടെ തീരുമാനം

അങ്ങനെ അമ്മാവനു ഒപ്പം ഒരു പെണ്ണുകാണൽ കഴിഞ്ഞു വന്നതിന് ശേഷം മനസ്സ് മടുത്തു തുടങ്ങിയിരുന്നു

അമ്മാവൻ്റെ ആ പിടിവാശി അത്രയും നാൾ ഉള്ളിലടക്കി ഇനിയത് ശരിയാവില്ല തോന്നി അമ്മാവൻ ഇറങ്ങി പോയ നിമിഷം അമ്മയെ നോക്കി.

“ഇനിയൊരു പെണ്ണു കാണൽ ചടങ്ങിന് ഞാനില്ലെന്ന് തീർത്തു പറഞ്ഞിട്ടു മുറിയിൽ വന്നു കിടന്നപ്പോൾ പുറത്ത് മഴ തകർത്തു പെയ്യുന്നുണ്ടായിരുന്നു

എവിടെ നിന്നും എങ്കിലും ഒരു പെണ്ണ് കിട്ടിയാ ഈ നെട്ടോട്ടം അവസാനിക്കൂമല്ലോ ഓർത്തു കണ്ണടച്ചു.

പുറത്തു പെയ്യുന്ന മഴയിൽ പഴയ ഓർമ്മകൾ മനസ്സിലേയ്ക്കു ഓടി വന്നു…

“ഓമന ടീച്ചർ ക്ലാസ് എടുത്തു തുടങ്ങിയപ്പോഴേക്കും

ഇടവപ്പാതിയിലെ മഴക്കാറ് തകർത്തു പെയ്യാൻ തുടങ്ങിയിരുന്നു..

ആ മഴയിൽ ശരീരം തണുത്തു രോമങ്ങൾ ഉണർന്നു..മഴയ്ക്കൊപ്പം വീശുന്ന കാറ്റിൽ പുറത്ത് നിന്നും വരുന്ന മഴയുടെ ചെറുകണങ്ങൾ മുഖത്തും കഴുത്തിലും നനവ് പടർത്തുമ്പോൾ ഓമന ടീച്ചർ പറയുന്നു കേട്ടു..

“എല്ലാവരും പുസ്തകം അടച്ചു വച്ച് മിണ്ടാതെ ഇരിക്കു.. !!

ശാന്തമായ ആ ക്ലാസ് മുറിയിൽ ഒരിക്കൽ കൂടെ ഞാൻ ആ ഒഴിഞ്ഞ ഇരിപ്പടത്തിലേയ്ക്കു  നോക്കുമ്പോൾ ഓമന ടീച്ചർ പറഞ്ഞു..

“എന്തിനാ അവിടെ ഇടം ഒഴിച്ചിട്ടേക്കുന്നു നീങ്ങി ഇരുന്നോളൂ ശ്രീദേവി ഇന്നു വരില്ല..!!

ആ തണുപ്പിലും മനസ്സൊന്നു ചൂട് പിടിച്ചു…

മുന്നിൽ ഇരിക്കുന്ന മനോഹരമായ പാഠപുസ്തകത്തിൻ്റെ പുറംചട്ട മടക്കി ഞാൻ കൈകൾ കൊണ്ട്  ആ കട്ടിയുള്ള കടലാസിൽ തഴുകി…

മനസ്സിൽ അപ്പോൾ മഴയിൽ കൂട് തകർന്ന പക്ഷിയുടെ നൊമ്പരമായിരുന്നു…

രാവിലെ ഓമന ടീച്ചർ എല്ലാവരുടെയും ഹാജർ എടുക്കുമ്പോൾ തൊട്ടടുത്ത് ഇരിക്കുന്ന രുഗ്മിണിയുടെ വാക്കുകൾ ഞാൻ കേട്ടിരുന്നു..

“ശ്രീദേവി ഇന്ന് വന്നില്ല ടീച്ചർ..!!

“എന്തുപറ്റി എന്നുള്ള ടീച്ചറുടെ ചോദ്യത്തിന്…

അവളിന്നു വരാത്ത കാരണം ആർക്കും അറിയില്ലായിരുന്നു..എനിക്കും അറിയില്ലായിരുന്നു..അവൾ അന്ന് ക്ലാസ്സിൽ വരാത്തതിന്റെ കാരണം.

ശൂന്യമായ അവളുടെ ഇരിപ്പടത്തിലേക്ക് നോക്കുമ്പോൾ എന്തോ വല്ലാത്തൊരു അസ്വസ്ഥത..അവൾ ക്ലാസ്സിൽ ഉള്ളപ്പോൾ അവളുടെ ഒരോ എത്തി നോട്ടങ്ങളും എന്നിലേക്ക് തന്നെ ആയിരുന്നു..

അഞ്ചാം ക്ലാസിൽ ജയിച്ചു വന്നപ്പോൾ ആയിരുന്നു ഞാനവളെ ആദ്യമായി കാണുന്നത്..

ആകാശനീല യൂണിഫോം ഷർട്ടും കടുംനീല പാവടയും ഇട്ടു രണ്ടാം നിരയിലെ ബഞ്ചിൽ ആദ്യം ഇരുന്നത് അവളായിരുന്നു

അന്നൊരു മഴയുള്ള ദിവസം ഞാൻ വൈകി വന്ന് ക്ലാസ്സിലേക്ക് കയറുമ്പോൾ അവളുടെ കണ്ണുകൾ എന്നിലേക്ക് പതിഞ്ഞത്..ഒളികണ്ണാൽ ഞാൻ കണ്ടു..

തലമുടിയിഴളിൽ നിന്നും ഇറ്റ് വീഴുന്ന മഴത്തുള്ളികളെ കൈവെള്ള കൊണ്ട് അമർത്തി തുടക്കുമ്പോഴും

ഒരു ചെറു ചിരിയോടെ….അവളെന്നെ തിരിഞ്ഞു നോക്കി ഇരിക്കുന്നുണ്ടായിരുന്നു

അന്ന് ആ ക്ലാസ് മുറിയിൽ വൈകി വന്നവൻ ഞാനായത് കൊണ്ടാവാം അവളുടെ കണ്ണുകൾ എന്നെ തന്നെ വീണ്ടും വീണ്ടും തിരഞ്ഞു വന്നത്..ഇപ്പോൾ രണ്ടു വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. അതിനോടൊപ്പം ശ്രീദേവി എന്ന പെണ്ണ് കുട്ടി എന്റെ മനസിലും ഒരു ഇടം നേടി

രണ്ടാം പിരീഡ് ശേഷമുള്ള ഇടവേളയ്ക്ക് ഞാനെഴുന്നേറ്റു പുറത്തേക്ക് നടക്കുമ്പോൾ ശ്രീദേവി എൻ്റെ കാലൊച്ച അറിഞ്ഞാവും അവളെന്നെ നോക്കാതെ നാണത്തോടെ തല താഴ്ത്തി ഇരുന്നുള്ളു..

ഞാനവളെ ഗൗനിക്കാതെ പുറത്തേക്ക് നടന്നു.തിരികെ വരുമ്പോൾ അവളുടെ കണ്ണുകൾ തിരയുന്നത് എന്നെ തന്നെ ആയിരിക്കണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു..

ബെല്ലടിച്ച്  തിരികെ ക്ലാസിലേക്ക് കയറി വരുമ്പോൾ ഞാനവളുടെ ഒരു നോട്ടവും പുഞ്ചിരിയും പ്രതീക്ഷിച്ചു..

പക്ഷേ അവൾ ക്ലാസിൽ ഇല്ലായിരുന്നു. ഞാൻ ആകാംഷയോടെ ഒരോ മൂലയിലും കൂടി നിൽക്കുന്ന മുഖങ്ങളിലേക്ക് നോക്കി.അവളെന്നെ എവിടെ നിന്നെങ്കിലും ഒളിഞ്ഞു നോക്കുന്നുണ്ടോ ..??

ഇല്ല…

അവളാനിമിഷം ക്ലാസിൽ ഇല്ലായിരുന്നു എനിക്ക് ആ ഒരു നിമിഷം അവളോട് ദേഷ്യം തോന്നി..

അവൾക്ക് ഒന്ന് എന്നെ കാത്തിരുന്നു  കൂടെ ഞാൻ എത്രമാത്രം നീൻ്റേ നോട്ടത്തെ പ്രതീക്ഷിച്ചു എന്നോ ??മനസ്സിൽ ഒരു നിരാശ തോന്നി.

എല്ലാവരും ബഞ്ചിൽ വന്നിരുന്നിട്ടും അവൾ മാത്രം വന്നില്ല..

അവളിത് എവിടെ പോയി എന്നോർത്തു ഇരിക്കുമ്പോൾ ക്ലാസിലേക്ക് കയറി വരുന്ന ഓമന  ടീച്ചർക്ക് ഒപ്പം മുഖം താഴ്ത്തി..അവളും നടന്ന് വരുന്നുണ്ടായിരുന്നു.

ടീച്ചർ അവളുടെ മുടിയൽ മെല്ലെ തലോടി  കൊണ്ട് പറഞ്ഞു ശ്രീദേവി അവിടെ പോയിരിക്കു..

അവൾ ആർക്കും മുഖം കൊടുക്കാതെ അവളുടെ ബഞ്ചിൽ പോയിരുന്നു.തല കുനിച്ച് ഇരിന്നു

ഓമന ടീച്ചർ പറഞ്ഞു “രുഗ്മിണി എഴുന്നേറ്റു നിന്നെ.”.രുഗ്മിണി സങ്കടത്തോടെ എഴുന്നേറ്റു നിൽക്കുമ്പോൾ ടീച്ചർ എല്ലാവരോടും ആയി പറഞ്ഞു..

ഇനി ഇത് അവർത്തിക്കെരുത് ആരേയും സങ്കടപ്പെടുത്തി സംസാരിക്കരുത് കുറവുകൾ എല്ലാവർക്കും ഉണ്ട്. അതു ദൈവം തരുന്നതാണ്.ആരും എല്ലാം തികഞ്ഞവർ ആകണമെന്നില്ല..

മറ്റുള്ളവരുടെ കുറവുകൾ ചൂണ്ടി കാട്ടി പരിഹസിക്കുമ്പോൾ അല്ല. അവരുടെ കുറവുകളോടെ അവരെ സ്നേഹിച്ചു കൂടെ നിൽകുമ്പോഴാണ് നമ്മൾ മനുഷ്യർ ആകുന്നത്.. അതു കൊണ്ട് ആരും ആരുടെയും കുറവുകൾ പറഞ്ഞു പരിഹസിക്കാതെ പരസ്പരം സ്നേഹത്തോട് കൂട്ട് കൂടുക

രുഗ്മിണി കേട്ടല്ലോ..ശ്രീദേവിയുടെ കുറവിൽ നീ ആയിരിക്കണം അവൾക്കു താങ്ങായി നിൽക്കേണ്ടത്

അവളിൽ നിന്നും ഒരു മൂളൽ ഉണ്ടായ്..

ഇരിക്കു ..!!

ടീച്ചറുടെ വാക്കുകൾ കേട്ട് രുഗ്മിണി ശ്രീദേവിയെ  ക്ഷമാപണം നടത്തും പോലെ ഒന്നും നോക്കി കൊണ്ട് അവളുടെ അടുത്തിരുന്നു..

ഓമന ടീച്ചർ ക്ലാസിൽ നിന്നും പോയപ്പോൾ എന്താണ് സംഭവിച്ചത് എന്ന് അറിയാതെ ഞാൻ അടുത്തിരുന്നവനോട് ചോദിച്ചപ്പോൾ അവൻ പറഞ്ഞു..

“ശ്രീദേവിക്ക് ഒരു കൈക്ക് ശേഷിയില്ല ജനിച്ചപ്പോഴെ തളർന്നു പോയിരുന്നു..

അതുകൊണ്ട് ആ കൈകൊണ്ട് ഭാരമൊന്നും എടുക്കാൻ പറ്റില്ല അതുകൊണ്ടാണ് അവൾ എപ്പോഴും ആ കൈ മടക്കി പിടിച്ചു ഇരിക്കുന്നത് അത് പറഞ്ഞു രുഗ്മിണി അവളെ കളിയാക്കി.. ശ്രീദേവി കരയുന്നത് കണ്ടു കുട്ടികൾ അതു ടീച്ചറോടു പോയി പറഞ്ഞു.ടീച്ചർ വന്നു അവളെ കൂട്ടികൊണ്ട് പോയി അതാണ് സംഭവിച്ചത്.

അവൻ പറഞ്ഞു കഴിഞ്ഞപ്പോൾ ഞാൻ തല കുനിഞ്ഞു ഇരിക്കുന്ന ശ്രീദേവിയെ നോക്കി..

ആ നിമിഷം അവൾ എന്നെ ഒന്ന് നോക്കിയിരുന്നെങ്കിൽ എന്ന് ഞാൻ അതിയായി ആഗ്രഹിച്ചു..

രുഗ്മിണിയോടുള്ള ദേഷ്യം കൊണ്ട് എഴുന്നേറ്റ് ചെന്ന് അവളുടെ തള്ളക്ക് വിളിക്കാൻ എനിക്ക് തോന്നി പക്ഷെ ഞാനത് ചെയ്തില്ല

അന്നവൾ ഒരു പിരിഡ് കഴിയുമ്പോഴും പുറത്ത് ഇറങ്ങാതെ അങ്ങനെ ഇരുന്നു ഞാനും പുറത്ത് പോയില്ല അവളേ തന്നെ നോക്കി പിറകിലെ ബഞ്ചിൽ ഞാനിരുന്നു..

പുറത്ത് തകർത്തു പെയ്യുന്ന മഴയിൽ അവളോട്‌ എനിക്ക് ഒരു ഇഷ്ടം മുളപ്പൊട്ടി തുടങ്ങിയിരുന്നു പക്ഷെ അവൾ എന്നെ തിരിഞ്ഞു നോക്കിയില്ല ഞാനൊരു നിമിഷം ആഗ്രഹിച്ചിരുന്നു അവളിൽ നിന്നും ഒരു നോട്ടം..

തിരിച്ചു അവളുടെ തകർന്നു പോയ മനസ്സിന് ഒരു പുഞ്ചിരി നൽക്കാനും ഞാൻ കൊതിച്ചിരുന്നു….

അന്ന് വൈകുന്നേരം സ്ക്കൂൾ വിടുമ്പോഴും പുറത്ത് തകർത്തു പെയ്യുന്ന മഴയെ  നോക്കി അവസനമായ് അവൾ ഇറങ്ങി നടക്കുമ്പോൾ പിന്നിലായി ഞാൻ ഉണ്ടായിരുന്നു..

മെല്ലെ അവൾ വരാന്തയിലേക്ക് നടന്നു ബാഗിൽ നിന്നും കുടയെടുക്കാൻ ബുദ്ധിമുട്ടുമ്പോൾ ഞാൻ  അവളുടെ അടുത്തേക്ക് ചെന്നു..

കുട ഞാൻ എടുത്തു തരട്ടെ എന്ന് ചോദിച്ചപ്പോൾ അവളൊന്നു മൂളി..

ഞാനവളുടെ ബാഗിൽ നിന്നും കുടയെടുത്തു നിവർത്തുമ്പോൾ അവളുടെ കണ്ണുകൾ എൻ്റെ മുഖത്ത് ആയിരുന്നു…

ഞാനവളോട് പറഞ്ഞു എന്റെ അടുത്ത് കുടയില്ല അതുകൊണ്ട് ഞാനും കൂടെ വന്നോട്ടെ ..??

അവൾമെല്ലെ തലയാട്ടി. കുട നിവർത്തി ഞാൻ  അവൾക്കൊപ്പം മഴയിലേക്കിറങ്ങി നടക്കുമ്പോൾ

എനിക്ക് അവളോടും അവൾക്ക് എന്നോടും ചോദിക്കാൻ ഒരുപാട് ചോദ്യങ്ങൾ ഉണ്ടായിരുന്നതായി തോന്നിട്ടും.മഴയുടെ നനവിൽ വാക്കുകൾ കിട്ടാതെ മനസ്സുകൾ വിറച്ചു നിന്നതെ ഉള്ളൂ..

കൊഴിഞ്ഞു പോയ ദിനങ്ങൾക്കിടയിൽ ഞങ്ങളുടെ മനസുകൾ പറയാതെ പലതും പങ്കു വെച്ചിരുന്നു.ഒടുവിൽ കലാലയ ജീവിതം അവസാനിപ്പിച്ചു ഇരുപേരും വേർ പിരിയുമ്പോൾ. ഉള്ളിൽ ഒലിപ്പിച്ച എന്തോ ഒന്ന് മിഴികളെ ഈറനണിയിച്ചിരുന്നു..

പിന്നിടുള്ള ദുരിത ജീവിതത്തിൽ ഇടയ്ക്കിടെ സുഖം ഉള്ള നോവ് പടർത്തി ഉള്ളിൽ തെളിഞ്ഞിരുന്ന മിഴിനീർ നിറഞ്ഞ ആ മിഴികൾ.

ആരോ തോളിൽ തട്ടുന്നത് അറിഞ്ഞ ഞാൻ പതിയെ കണ്ണു തുറന്നു നോക്കുമ്പോൾ അമ്മയായിരുന്നു…

“ചായ വേണ്ടെ…?

ഞാനമ്മയുടെ കണ്ണുകളിലേക്ക് നോക്കി പതിയെ ചിരിച്ചു..

എന്താട ചിരിക്കുന്ന് .!!

“ഒന്നുമില്ല ഞാൻ ഒരു കാര്യം ചോദിക്കട്ടെ അമ്മെ….

“ഉം..

“വേണ്ട ഞാൻ പിന്നെ പറയാം അമ്മ നീട്ടിയ ചായ വാങ്ങി കുടിച്ചു. ഞാൻ ഇപ്പോൾ വരാം എന്ന് പറഞ്ഞു മെല്ലെ പുറത്തേക്ക്…

അന്നെവരെ എൻ്റെ മനസ്സിൽ അമ്മാവനും ബന്ധുക്കളും തീർത്ത ഇഷ്ടമില്ലായ്മയുടെ വേലിക്കെട്ടുകൾ തകർത്തു ഞാൻ മുറ്റത്തേക്ക് ഇങ്ങുമ്പോൾ മഴ ചെറുതായി തോർന്നിരുന്നു..

സ്കൂൾ വിട്ടു കുട്ടികൾ പുറത്തേക്ക് ഓടിയിറങ്ങിയതും മഴ വീണ്ടും ചാറി തുടങ്ങിയിരുന്നു…

ഞാൻ വരാന്തയുടെ  ഒരു സൈഡിൽ നിന്നു കുട്ടികളെല്ലാം പോയി കഴിഞ്ഞപ്പോൾ അകലെ വരാന്തയിൽ ഒരു രൂപം തെളിഞ്ഞു വന്നു ..

“ശ്രീദേവി…ശ്രീദേവി ടീച്ചർ..ഹൃദയം വല്ലാതെ ഒന്നും തുടിച്ചുയർന്നു

അവളെന്നെ കണ്ടതും ഒരു പുഞ്ചിരിയോടെ അടുത്ത് വന്നു..

“എപ്പോൾ നാട്ടിൽ വന്നു..

“രണ്ടു ദിവസം ആയുള്ളു..

പിന്നെ എന്തുണ്ട് വിശേഷങ്ങൻ…തൻ്റെ കല്ല്യാണം കഴിഞ്ഞില്ലെ ശ്രീദേവി..??

അവളുടെ ചുണ്ടിൽ..വേദന നിറഞ്ഞ ഒരു ചിരി പടർന്നു

ഇല്ല…ഞാനിതുവരെ അതോർത്തില്ല ഹരി..പിന്നെ വൈകല്യം ഉള്ള എന്നെ ആര് വിവാഹം ചെയ്യാൻ..എനിക്കിപ്പോൾ അങ്ങനെ ഒരു ആഗ്രഹം ഇല്ല..

ഉം..ഞാനൊന്നു മൂളി…

കാരണം ആ മറുപടി എന്നിൽ ഒരു വേദന നിറച്ചു..ആ ചോദ്യം വേണ്ടിരുന്നില്ല എന്ന് തോന്നി..

അതു പോട്ടെ ഹരിക്ക് “നിനക്ക് കല്ല്യാണം നോക്കുന്നുണ്ടെന്ന് അറിഞ്ഞു..

“ഉം നോക്കുന്നുണ്ട് ഇതുവരെ ഒന്നും ശരിയായില്ല..

“അതെന്തു പറ്റി.??

“എനിക്ക് ഒന്നും ശരിയായ് തോന്നിയില്ല..ഞാനവളുടെ കണ്ണിലേക്ക് നോക്കി..

മെല്ലെ മുന്നോട്ടു നടന്ന എനിക്ക് ഒപ്പം അവളും നടന്നു. മഴ ശക്തി പ്രാപിച്ചു പെയ്തു തുടങ്ങി..

അവൾ ബാഗിൽ നിന്നും കുടയെടുക്കാൻ ബുദ്ധിമുട്ടുന്നു കണ്ടു ഞാൻ പറഞ്ഞു..

“ഞാനെടുത്തു തരാം..??

അവളെൻ്റെ കണ്ണുകളിലേക്ക് നോക്കുമ്പോൾ ഞാൻ പതിയെ കുട നിവർത്തി അവളോട് പറഞ്ഞു..

ഞാൻ കുട കൊണ്ട് വന്നില്ല ഞാനും കയറി നിന്നോട്ടെ…

ഒരു നിമിഷം മൗനമായി അവളൊന്നു മൂളി….

മെല്ലെ അവൾക്ക് ഒപ്പം കുട പിടിച്ചു മഴയിലേക്ക് ഇറങ്ങി നടക്കുമ്പോൾ എനിക്ക് അവളോടും അവൾക്ക് എന്നോടും ചോദിക്കാൻ ഒരുപാട് ചോദ്യങ്ങൾ ഉണ്ടായിരുന്നു…

മഴയുടെ നനവിൽ വാക്കുകൾ കിട്ടാതെ മനസ്സ് വിറച്ചു നിന്നതെ ഉള്ളൂ ഞാനും അവളും ഒന്നും മിണ്ടിയില്ല…

ഒരൽപ്പം മുന്നോട്ടു നടന്നു ഞാനവളുടെ കൈയ്യിൽ പിടിച്ചു മനസ്സ് പിടഞ്ഞു മുഖമുയർത്തി അവളെന്നെ നോക്കുമ്പോൾ ഞാനവളോട് പറഞ്ഞു..

അന്നൊരു മഴയിൽ ഞാൻ പറയാൻ ഒരുപാട് കൊതിച്ചിട്ടുണ്ട്…എനിക്ക് നിന്നൊടുള്ള ഇഷ്ടം…ഇന്ന് അതെ ആ വഴിയിൽ ആ മഴയുടെ ഓർമ്മ പെടുത്തി പെയ്യുന്ന ഈ മഴയിൽ ഞാൻ ഒന്നു ചോദിച്ചോട്ടെ…

നിനക്ക് എന്നെ ഇഷ്ടമാണോ..? എൻ്റെ ജീവിത സഖിയായ് നീ എനിക്കൊപ്പം വരുമോ..??..

ആർത്തലച്ചു പെയ്യുന്ന മഴത്തുള്ളികൾ കുടയിൽ തട്ടി തെറിക്കുമ്പോൾ ഞാൻ കണ്ടു അവളുടെ മിഴികളിൽ നിന്നും ഒഴുകി ഇറങ്ങുന്ന കണ്ണു നീർ തുള്ളി..

മൃദുവായി ഞാനാ കണ്ണുനീർ തുടച്ചു മാറ്റി അവളോട് ചോദിച്ചു…

“ഇഷ്ടമാണോ..??

“ഉം.. ഇഷ്ടമാണ്.. ഒരുപാട്..!!

~മനു തൃശൂർ