മനുവിന്റെയും മഹിമമോളുടെയും ഇഷ്ടങ്ങൾക്കൊത്ത് ഓരോ സാധനങ്ങളും തിരഞ്ഞു തിരഞ്ഞെടുക്കുമ്പോൾ അവൾ…

സർപ്രൈസ്…

എഴുത്ത്: വൈദേഹി വൈഗ

==============

ഖത്തറിന്റെ മാറിലെ ആ തിരക്കേറിയ ഷോപ്പിംഗ് മാളിലൂടെ നടക്കുമ്പോൾ രാധികയുടെ മനസ്സ് നിറയെ നാടും നാട്ടിൽ തന്നെയും കാത്തിരിക്കുന്ന തന്റെ മോളും മനുവും ആയിരുന്നു, 5 വർഷങ്ങൾക്ക് ശേഷം അവൾ നാട്ടിലേക്ക് പറക്കുകയാണ്….

മനുവിന്റെയും മഹിമമോളുടെയും ഇഷ്ടങ്ങൾക്കൊത്ത് ഓരോ സാധനങ്ങളും തിരഞ്ഞു തിരഞ്ഞെടുക്കുമ്പോൾ അവൾ പണത്തെകുറിച്ച് ചിന്തിച്ചില്ല, എത്ര കോടി പണം കിട്ടിയാലും താൻ കൈയിൽ വച്ചു കൊടുക്കുന്ന ചോക്ലേറ്റ് കാണുമ്പോൾ മോൾടെ മുഖത്തു വിരിയുന്ന പുഞ്ചിരിയോളം വരില്ലല്ലോ….ഒന്നും….

അവൾ ഒരു ചോക്ലേറ്റ് ബോക്സ്‌ കൈയിൽ എടുത്തു കൊണ്ട് ചിന്തിച്ചു, പിന്നെ ഒന്ന് പുഞ്ചിരിച്ചു….

ഡ്രസ്സ്‌ കമ്മലുകൾ, മാലകൾ, വാച്ച്, ചോക്ലേറ്റ്, ഫോൺ എന്നുവേണ്ട…തന്റെ സമ്പാദ്യത്തിന്റെ പാതിയും അവൾ ആ ഷോപ്പിംഗ്ൽ പൊടിപൊടിച്ചു, അത്രക്കും സന്തോഷമുണ്ടായിരുന്നു അവൾക്ക്….

5 വർഷങ്ങൾക്ക് മുൻപ്…കടബാധ്യത കൂടിയപ്പോൾ കിട്ടിയ ഒരു പിടിവള്ളിയായിരുന്നു വിദേശത്തെ ഈ ജോലി, കടക്കെണിയിൽ പെട്ട് കുടുംബത്തോടെ ആ ത്മഹ ത്യ ചെയ്യുന്നതിലും നല്ലതല്ലേ, കുറച്ചു നാൾ വിട്ടുനിന്നാലും പിന്നീടുള്ള കാലം സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കാൻ കഴിയുമല്ലോ…ഈ ജോലി വിട്ട് കളയണ്ടായെന്ന് മനുവേട്ടനാണ് പറഞ്ഞതും….

ഇല്ലെങ്കിൽ ആറുമാസം പ്രായം മാത്രം ഉണ്ടായിരുന്ന മകളെ വിട്ട് താൻ ഇത്രയും ദൂരം വരില്ലായിരുന്നു, പക്ഷെ മനുവേട്ടൻ അന്നത് പറഞ്ഞില്ലായിരുന്നുവെങ്കിൽ എന്നേ മരിച്ചു മണ്ണടിഞ്ഞു പോയിരുന്നു….

ഒരു നെടുവീർപ്പോടെ അവൾ കഴിഞ്ഞകാലത്തെ ഓർത്തെടുത്തു. ഇക്കഴിഞ്ഞ കാലങ്ങൾക്കിടയിൽ ഒന്ന് വീഡിയോ കോളിൽ പോലും കാണാൻ പറ്റിയിട്ടില്ല തന്റെ മോളെയും ഭർത്താവിനെയും…ആ സങ്കടം മണിക്കൂറുകൾക്കുള്ളിൽ തീരാൻ പോവുകയാണല്ലോ എന്നോർത്തപ്പോൾ അവളുടെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിചാടി.

വരുന്ന കാര്യം വിളിച്ചു പറയണ്ട ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് ലീവ് സാങ്ഷൻ ആയപ്പോൾ എടുത്ത തീരുമാനമാണ്, ആദ്യമായി മോള് അമ്മയെ കാണുന്നതല്ലേ….സ്പെഷ്യൽ ആയിക്കോട്ടെ എന്ന് അവളും കരുതി.

യാത്രയൊക്കെ കണ്ണടച്ച് തുറക്കും പോലെ കഴിഞ്ഞത് തന്റെ മനസ്സിലെ വെമ്പൽ കൊണ്ട് തോന്നിയതാവും എന്ന് അവൾ വെറുതെ ചിന്തിച്ചു,

പുതിയ വീട് വച്ച് താമസം മാറിയ കാര്യം മനുവേട്ടൻ പറഞ്ഞിരുന്നു, അപ്പോഴും  പറഞ്ഞതാ ഒരു സ്മാർട്ട്‌ ഫോൺ വാങ്ങാൻ…ഒന്നുമല്ലേലും കണ്ടു സംസാരിക്കാമല്ലോ, അതൊന്നും വേണ്ട സാധാ ഫോൺ മതി അധികം ചെലവ് ഒന്നും നമുക്ക് വേണ്ടാന്ന് പറഞ്ഞത് അവൾ ഓർത്തെടുത്തു. വാങ്ങിയ സ്മാർട്ട്‌ ഫോൺ കൈയിൽ വച്ച് കൊടുക്കണം…ആ മുഖത്തെ സന്തോഷം എനിക്ക് കാണണം….

എന്നെ കാണുമ്പോൾ എന്താവും പ്രതികരണം…..

ഓടിവന്നു കെട്ടിപ്പിടിക്കുമായിരിക്കും, ഉമ്മ തരുമായിരിക്കും….അമ്മയാണ് എന്ന് പറയുമ്പോൾ മോള്  കെട്ടിപിടിച്ചു  ചിണുങ്ങും, അപ്പൊ അവളുടെ കവിളിൽ ഒരു മുത്തം കൊടുക്കാം…ഒരു ചക്കരമുത്തം….

“മാഡം പറഞ്ഞ അഡ്രെസ്സ് ഇതല്ലേ….”

ഡ്രൈവറുടെ ചോദ്യമാണ് അവളെ ചിന്തകളിൽ നിന്നും ഉണർത്തിയത്…

“ഹാ ഇത് തന്നെ…”

ഏകദേശം ഊഹം വച്ച് ഇത് തന്നെയാണ്….ആദ്യമായി തന്റെ വീട് കാണുകയാണ്, അവളുടെ കണ്ണ് നിറഞ്ഞു,

ബാഗും എടുത്തു അവൾ വീടിന്റെ ഗേറ്റ് തുറന്നു അകത്തു കടന്നു, അവൾ ചിന്തിച്ചു..

ഒരു രൂപ പോലും മനുവേട്ടൻ  പാഴാക്കിയിട്ടില്ല…

ഡോർ ബെൽ അടിച്ചപ്പോൾ  5 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു കുട്ടി വാതിൽ തുറന്നു,

വിചാരിച്ചപോലെ അല്ല, ആകെ മെലിഞ്ഞു ഒട്ടിയ രൂപം…എന്തുപറ്റി തന്റെ മകൾക്ക്…

“ആരാ…”

കുഞ്ഞിന്റെ  മുന്നിൽ അവൾ മുട്ടുമടക്കിയിരുന്നു, കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു, മോളുടെ നെറുകയിലും കവിളിലും തലോടിക്കൊണ്ട് വിങ്ങുന്ന സ്വരത്തിൽ രാധിക പറഞ്ഞു..

“അമ്മയാ…മോളെ….”

“അമ്മ ഇനി വരില്ല എന്നാണല്ലോ പപ്പ പറഞ്ഞത്….എനിക്ക് പുതിയ മമ്മിയെയും കൊണ്ടുവന്നു….പക്ഷെ ആ മമ്മി ചീത്തയാ…എന്നെ എപ്പോഴും തല്ലും….വിശക്കുന്നു ന്ന് പറഞ്ഞാലും മോൾക്ക് മാമം തരില്ല….”

മോളുടെ പരാതികൾ കേട്ടതും രാധിക മോളെ കെട്ടിപിടിച്ചു കരഞ്ഞു,.അവളുടെ ഹൃദയത്തിൽ നിന്നും ചോര പൊടിയുന്നുണ്ടായിരുന്നു..വർഷങ്ങളായി കെട്ടിപൊക്കിയ ചീട്ടുകൊട്ടാരം ഒരു നിമിഷം കൊണ്ട് തകർന്നുവീണു…അവൾക്ക് അത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു…

ഇനിയെന്ത് എന്നറിയാതെ നിൽക്കുമ്പോൾ ആണ് മുറിയിൽ നിന്ന് ഇറങ്ങി വന്ന തന്റെ ഭർത്താവിനെയും ഒപ്പമുള്ള സ്ത്രീയെയും കണ്ടത്.

അയാൾ എന്തോ പറയാൻ തുടങ്ങിയെങ്കിലും ഒന്നും കേൾക്കാനോ പറയാനോ നിൽക്കാതെ അവൾ തന്റെ മകളെയും കൂട്ടി പടിയിറങ്ങി, ആ വീട്ടിൽ നിന്നും അവന്റെ ജീവിതത്തിൽ നിന്നും….

വൈകാതെ തന്നെ അവൾ ജോലിസ്ഥലത്തേക്ക് മടങ്ങി, പക്ഷെ ഒറ്റക്കായിരുന്നില്ല, ഒപ്പം മോളും ഉണ്ടായിരുന്നു….

കഴിഞ്ഞു പോയ കാലങ്ങളെ ചവറ്റുകൊട്ടയിൽ വലിച്ചെറിഞ്ഞു പുതിയൊരു ജീവിതം തുടങ്ങി രാധികയും മകളും….സന്തോഷമുള്ളൊരു ജീവിതം….

© ജാനകി