അടുത്ത് കിട്ടിയപ്പോൾ അവന്റെ അത്തറിന്റെ മണം അടിച്ച് കയറിയപ്പോൾ നെഞ്ചിടിപ്പ് കൂടി. സത്യമായും…

അത്തറിന്റെ മണമുള്ള ചുംബനം

Story written by Remya Bharathy

=================

“അപ്പുറത്ത് സ്റ്റേജിൽ ആനിവേഴ്സറി പരിപാടികൾ നടക്കുമ്പോൾ, ഇതാണിവിടെ പരിപാടി അല്ലേ?എല്ലാത്തിനേം ഞാൻ ശരിയാക്കുന്നുണ്ട്.”

ടീച്ചറെ കണ്ട് ഞങ്ങൾ ഞെട്ടി. കഴുത്തിനു പുറകിലേക്ക് ഒരു മിന്നൽ പോലെ എന്തോ കയറി. തലയ്ക്കുള്ളിൽ രക്തം പമ്പ് ചെയ്യുന്നതിന്റെ ശബ്ദം എനിക്ക് എന്റെ ചെവിയിൽ കേൾക്കാമായിരുന്നു.

ദൂരെ സ്റ്റേജിൽ അന്നൗൺസ്‌ ചെയ്യുന്ന ശബ്ദം ചെവിയിൽ നിന്ന് മാഞ്ഞു പോകുന്നത് പോലെ. തണുത്ത ആ രാത്രിയിൽ ഞാൻ വിറച്ചു വിയർത്തു ഒലിക്കാൻ തുടങ്ങി.

“അമീറാണ് ടീച്ചറേ അമൃതയെ…” ലേഖ പറയുന്നത് കേട്ടതും ഞാനും അമീറും ഒരേ പോലെ ഞെട്ടി

“ടീച്ചറേ ഞാനല്ല…എന്നേ ഇങ്ങോട്ട് വിളിച്ചതാ.” അമീറിന്റെ ശബ്ദത്തിൽ ദൈന്യ ഭാവം.

“ഞാൻ…”

ഞാൻ വാ തുറക്കാൻ തുടങ്ങിയപ്പോഴേക്കും ലേഖയുടെ നഖങ്ങൾ എന്റെ കൈത്തണ്ടയിൽ ആഴ്ന്നു. എന്നേ പുറകിലേക്ക് വലിച്ച് അവൾ ശബ്ദം. താഴ്ത്തി പറഞ്ഞു.

“വെറുതെ വേണ്ടാത്തതിന് നിൽക്കണ്ട. വീട്ടിൽ അറിഞ്ഞാലുള്ള അവസ്ഥ ഓർത്ത് നോക്ക്.”

അതൊരു ഭീഷണിയോ കരുതലോ എന്തോ ഒന്നായിരുന്നു. അതിനെ മറികടക്കാൻ എനിക്കായില്ല.

ഹെഡ് മാഷും കൂട്ടരും അങ്ങോട്ട് വന്നതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. അമീറിന്റെ കുറ്റങ്ങൾ അക്കമിട്ടു നിരത്താൻ തുടങ്ങി.

“അവൻ പണ്ടേ ഇങ്ങനെയാ. പെണ്ണുങ്ങളെ മണപ്പിച്ചു നടക്കലാണ് ഇവന്റെ സ്ഥിരം ശീലം. ചില ആൺകുട്ടികളുമായും വേറെ എന്തോ ഒരു പരിപാടി ഒക്കെ ഉണ്ട്. മൊത്തത്തിൽ ആളത്ര ശരിയല്ല.”

“അവന്റെ ഒരുങ്ങിക്കെട്ടലും നടത്തവും കണ്ടാ അറിയില്ലേ. അവൻ ബാക്കി കുട്ടികളെ കൂടെ കേടു വരുത്തും.”

“ഒന്നും പഠിക്കില്ല. ഇത്തവണയും എല്ലാത്തിലും തോറ്റു. അതെങ്ങനെയാ ശ്രദ്ധ വേറെ പലതിലും അല്ലേ.”

“ഇങ്ങനെ ഉള്ളോരേ ഒക്കെ പഠിത്തം നിർത്തി പറഞ്ഞ് വിടാ വേണ്ടത്.”

ഓരോരുത്തരും അവരവരുടെ വാദങ്ങൾ തുടരുന്നു. എനിക്ക് ഭൂമി പിളർന്നു താഴേക്ക് പോയാൽ മതി എന്നായി. കയ്യും കാലും എല്ലാം തണുത്തു വിറങ്ങലിച്ചു. അനങ്ങാൻ വയ്യാത്ത അവസ്ഥ.

അപ്പോഴേക്കും ഞങ്ങളുടെ ക്ലാസ്സ്‌ ടീച്ചറും ലേഖയുടെ അമ്മയുമായ സാവിത്രി ടീച്ചർ വന്നു.

“എന്താ? എന്താ പറ്റിയെ? ലേഖേ..അമൃതേ..പറയു. ലളിത ടീച്ചറേ എന്താ ഉണ്ടായേ? ഇവനെന്താ ഇവരുടെ കൂടെ?”

“എന്റെ സാവിത്രി ടീച്ചറെ ഇവൻ നമ്മുടെ അമൃതയെ കേറി പിടിച്ചു. ലേഖ ആകേ പേടിച്ച് നിൽക്കുന്നത് കണ്ടിട്ടാ ഞാൻ ഇങ്ങോട്ട് വന്നത്. ഞാൻ വന്നില്ലായിരുന്നെങ്കിൽ.”

“ആണോ ലേഖേ? പറ എന്താ ഉണ്ടായത് എന്ന്. അമീറെ? എന്താ ഇത്?”

“സത്യായിട്ടും ഞാനല്ല ടീച്ചറേ എന്നേ ഇങ്ങോട്ട് വിളിച്ചത് ഇവരാണ്.”

“അല്ല അമ്മേ ഞങ്ങൾ ഇത് വഴി പോയപ്പോൾ ഇവനാണ് അമൃതയോട് എന്തോ പറയാനുണ്ട് എന്ന് പറഞ്ഞ് വിളിച്ചത്.” ലേഖ വളരെ വ്യക്തമായി പറഞ്ഞു.

“ആണോ അമൃതേ? നീ പറ. ലേഖ പറഞ്ഞത് സത്യമാണോ?” ഞാൻ തല താഴ്ത്തി നിന്നു. ആ പകച്ചിലിൽ ഞാനെന്റെ തലയാട്ടിയോ എന്ന് എനിക്ക് തന്നെ സംശയമായി.

“എന്റെ ടീച്ചറെ, ആ കുട്ടി ആകെ പേടിച്ച് പോയിരിക്ക…അതിനോട് ഒന്നും ചോദിക്കണ്ട. നിങ്ങൾ പൊക്കോ പിള്ളേരെ. ഇവിടെ നടന്നത് തല്ക്കാലം ആരും അറിയണ്ട.” ഹെഡ് മാസ്റ്റർ പറഞ്ഞു.

ലേഖ എന്റെ കൈ പിടിച്ചു വലിച്ച് കൊണ്ടു പോയി. കുറച്ചുകലെ എത്തിയപ്പോഴാണ് എനിക്ക് ശ്വാസം വീണത്. ഞാൻ പതിയെ തിരിഞ്ഞു നോക്കി. അമീറിന്റെ വെള്ളാരം കണ്ണുകൾ എന്നേ തന്നെ നോക്കുന്നത് പോലെ എനിക്ക് തോന്നി.

ലേഖയുടെ കൈ ഞാൻ വിടീച്ചു തിരിഞ്ഞു നിന്നു. ലേഖ എന്റെ മുന്നിലേക്ക് കയറി നിന്നു.

“എനിക്ക് അറിയാഞ്ഞിട്ട് ചോദിക്കാ എന്താ നിന്റെ ഭാവം..ഒന്ന് വാ. ഇവിടുന്ന് പോകാം.” ലേഖ ശബ്ദമുയർത്തി.

“പക്ഷെ ലേഖ, ഞാൻ വിളിച്ചിട്ടല്ലേ അവൻ വന്നത്. ഞാനാണ് അവനെ…” എനിക്ക് കരച്ചില് വന്നു.

“അതെ ബാക്കി കൂടെ പറ. നീയാണ് അവനെ കേറി ഉമ്മ വെച്ചത് എന്ന്. എന്നിട്ട് സ്കൂളിലും നാട്ടിലും എല്ലാം നാറ്. നീ മാത്രമോ? ഇതിനു കൂട്ട് നിന്നു എന്ന് പറഞ്ഞ് അമ്മ എന്നേ കൊ ല്ലും. നീ അവനോട് ഇഷ്ടം പറയാൻ എന്നും പറഞ്ഞല്ലേ പോയത്. 5 മിനിറ്റിൽ വരാം എന്ന് പറഞ്ഞ് പോയ ആളെ കാണാനില്ലാതെ ഞാൻ വന്നു നോക്കുമ്പോൾ നീ അവനെ ഉമ്മ വെച്ചോണ്ട് നിൽക്കുന്നു. ഞാനാകെ പേടിച്ച് പുറത്തേക്ക് ഓടി. നേരെ ചെന്ന് ലളിത ടീച്ചറുടെ മുന്നിൽ പെടുകയും ചെയ്തു. ഇതിൽ നീ ഒറ്റക്കല്ല ഞാനും കൂടെ ഉണ്ടായിരുന്നു എന്ന് മറക്കരുത്. നിന്റെ ഓരോരോ അസുഖത്തിന് എനിക്ക് പ ഴി കേൾക്കാൻ പറ്റില്ല. ഇതിപ്പോ ഇങ്ങനെ പോട്ടെ. അല്ലേലും അവൻ പറഞ്ഞത് ആരും വിശ്വസിക്കില്ല.”

എന്റെ നെഞ്ച് കുറ്റബോധം കാരണം കനം വെക്കാൻ തുടങ്ങി. ഏത് നേരത്താണാവോ അങ്ങനെ തോന്നിയത്.

വീട്ടിലെത്തിയിട്ടും അച്ഛനും അമ്മയും ചോദിച്ചിട്ടും തലവേദനയാണെന്ന് അല്ലാതെ വേറെ ഒന്നും പറയാതെ നേരെ പോയി കിടന്നു. വേഷം മാറ്റാൻ പോലും നിന്നില്ല.

ഷാൾ നേരെ വലിച്ച് ബെഡിലേക്ക് ഇട്ടു. കമിഴ്ന്നടിച്ചു ബെഡിൽ വീണു. പൊട്ടിക്കരയണം എന്നുണ്ട്. കരച്ചിൽ വരുന്നില്ല. ഷാളിൽ പിടിച്ചു വലിച്ച് മുഖത്തേക്ക് അടുപ്പിച്ചപ്പോൾ അതിൽ നേരിയതായി അവന്റെ മണം. അത്തറിന്റെ മണം.

പ്ലസ് വണ്ണിന്റെ ക്ലാസ്സിൽ ആദ്യ ദിവസം അവൻ അരികത്തുകൂടെ കടന്ന് പോയപ്പോൾ അടിച്ച അതെ മണം. ആ മണം ആസ്വദിക്കാൻ അവന്റെ അടുത്തുകൂടെ അങ്ങോട്ടും ഇങ്ങോട്ടും പോയ ദിവസങ്ങൾ. അവന്റെ വെള്ളാരം കണ്ണുകളും മുത്തു പോലെയുള്ള പല്ലുകളും. നീണ്ട വിരലിൽ ഇട്ടിരിക്കുന്ന കല്ല് വെച്ച മോതിരം. വിരലുകളിലും കൈ തണ്ടയിലും ഉള്ള നനുത്ത നീണ്ട രോമങ്ങളും. കാറ്റത്തു പാറി പറക്കുന്ന ചെമ്പൻ തലമുടിയും.

സ്കൂളിൽ അവന്റെ കൂടെ പഠിച്ച ലൈലയോടും നീനയോടും അവൻ വർത്തമാനം പറയുന്നത് കാണുമ്പോൾ ദേഷ്യം വന്നിരുന്നു. അവരോടൊത്തു അവൻ ഭക്ഷണം പങ്കിട്ടു കഴിക്കുമ്പോൾ അസൂയയായിരുന്നു. ആൺകുട്ടികളിൽ ദീപക് അല്ലാതെ അവന് അധികം കൂട്ടുകാർ ഉണ്ടായിരുന്നില്ല. ദീപക്കും അവന്റെ കൂടെ സ്കൂളിൽ ഒരുമിച്ചു പഠിച്ചതായിരുന്നു.

അവനെ നോക്കി ഇരിക്കുമ്പോൾ എല്ലാം ലേഖ എന്നേ വഴക്ക് പറഞ്ഞിരുന്നു. നിനക്ക് വേറെ ആരെയും കണ്ടില്ലേ വായി നോക്കാൻ എന്നും പറഞ്ഞ് ചീത്ത വിളിച്ചിരുന്നു. പക്ഷെ അവനോടുള്ള ഇഷ്ടം ദിനംപ്രതി കൂടികൊണ്ടിരുന്നു.

ഒന്നാം കൊല്ലം കഴിയാറായിട്ടും അവനോട് കൂട്ട് കൂടാനും മിണ്ടാനും പറ്റാത്തതിന്റെ സങ്കടത്തിൽ ആണ് പ്രോഗ്രാം നടക്കുന്നതിനിടെ അവനോട് ക്ലാസ്സ്‌റൂമിനടുത്തേക്ക് വരാൻ പറഞ്ഞത്. കൂടെ ദീപക് വരാതെ നോക്കാൻ ലേഖ അവനോട് മിണ്ടിയും പറഞ്ഞും നിൽക്കുകയും ചെയ്തു. അതായിരുന്നു പ്ലാൻ…

അടുത്ത് കിട്ടിയപ്പോൾ അവന്റെ അത്തറിന്റെ മണം അടിച്ച് കയറിയപ്പോൾ നെഞ്ചിടിപ്പ് കൂടി. സത്യമായും പരിസരം മറന്നു പോയി. എനിക്ക് നിന്നെ ഒത്തിരി ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ അവന്റെ കണ്ണുകൾ വിടർന്നത് ആശ്ചര്യത്തിൽ ആയിരുന്നൊ അതോ സന്തോഷത്തിലോ?

ഓർമകളിൽ മുങ്ങി താണ് ഞാൻ ഒന്നെണീറ്റ് കണ്ണാടിയിൽ നോക്കി. എന്താണ്‌ എനിക്കൊരു കുറവ്? എത്ര പേര് പുറകെ നടന്ന് ഇഷ്ടം പറഞ്ഞു, പക്ഷെ ആരോടും തോന്നാത്ത ഒരു ഇഷ്ടം അമീറിനോട് തോന്നാൻ എന്തായിരുന്നു കാരണം?

അവനോട് ഇഷ്ടം പറഞ്ഞപ്പോൾ അവന്റെ വിരലുകളും ചുണ്ടും വിറക്കുന്നത് കണ്ടപ്പോൾ സഹിക്കാനായില്ല. കൂടെ ആ മണവും. എവിടുന്നാണ് ധൈര്യം വന്നത് എന്നറിഞ്ഞൂടാ. അവന്റെ കവിളിൽ പിടിച്ചു ചുണ്ടിൽ ചുണ്ടമർത്തിയപ്പോൾ ആദ്യം അവൻ ഞെട്ടിയത് കൊണ്ടാണെന്നു തോന്നുന്നു ഒന്ന് അകറ്റി മാറ്റാൻ ശ്രമിക്കും പോലെ തോന്നിയത്. പിന്നെ അവന്റെ എതിർപ്പ് അയയുന്നതും പിന്നീട് മുറുകുന്നതും തോന്നിയില്ലേ? അത് വെറും തോന്നലല്ലല്ലോ?

എല്ലാം നേരം പോലെ വന്നതായിരുന്നു. അപ്പഴാണ് ടീച്ചർ.

അവിടെ എന്തായിട്ടുണ്ടാവുമോ എന്തോ? ആലോചിക്കും തോറും പേടിയും ആകാംഷയും.

ഇല്ല ഒന്നും സംഭവിച്ചിട്ടുണ്ടാവില്ല. തിങ്കളാഴ്ച കാണുമ്പോൾ അവൻ എന്നേ നോക്കി ചിരിക്കും. ഇനി അവന്റെ ചിരികൾക്ക് ഞാനാവും അവകാശി.

അവന്റെ മണമുള്ള ഷാൾ കെട്ടിപ്പിടിച്ചു മൂക്ക് തുറന്ന് ആ മണം വലിച്ച് കയറ്റി. അവനെ സ്വപ്നം കണ്ട് കിടന്നു. അവനോടൊപ്പം വരാനിരിക്കുന്ന ദിവസങ്ങൾ എന്നെ കുളിരുകോരിച്ചു.

സ്വപ്നം കണ്ട് കണ്ട് എപ്പോ ഉറങ്ങി എന്നോർമയില്ല. രാവിലെ എണീറ്റപ്പോൾ ഒത്തിരി വൈകി. ലേഖയെ ഒന്ന് പോയി കാണണം സാവിത്രി ടീച്ചർ പറഞ്ഞ് അവൾ അറിഞ്ഞു കാണും ഇന്നലെ എന്തുണ്ടായി എന്ന്.

ഉച്ചതിരിഞ്ഞേ വീട്ടിൽ നിന്ന് ഇറങ്ങാൻ പറ്റിയുള്ളൂ. ടീച്ചർ ഉമ്മറത്ത് തന്നെ ഉണ്ട്. ചിരിച്ചെന്നു വരുത്തി അകത്തേക്ക് കടന്നു. ലേഖ ബെഡിൽ കിടന്നു വായിക്കുന്നു. ഓടി ചെന്ന് അവളുടെ കൂടെ കിടന്നു.

“ഇന്നലെ പിന്നെ എന്താ ഉണ്ടായേ എന്ന് പറഞ്ഞോ നിന്റെ അമ്മ?”

“ഓ മോള് അതറിയാൻ വന്നതാണല്ലേ.”

“നീ ചുമ്മാ ജാട ഇറക്കാതെ പറ പെണ്ണേ.” എന്റെ ക്ഷമ കെട്ടു.

“അവന്റെ ഉപ്പ ഗൾഫിൽ ആണല്ലോ. അവന്റെ മാമയെ എങ്ങാണ്ട് വിളിച്ചു ഹെഡ് മാഷ് വിവരം പറഞ്ഞു. അവരോട് തിങ്കളാഴ്ച സ്കൂളിൽ വരാൻ പറഞ്ഞിട്ടുണ്ട്.”

ഒരു താക്കീതു കൊടുക്കുമായിരിക്കും. അത്രേം കാണുള്ളൂ. ഞാൻ മനസ്സിൽ പറഞ്ഞത് ഇത്തിരി ഉറക്കെയായി. ലേഖ അർത്ഥം വെച്ചു തലയാട്ടുകയും ചെയ്തു.

പിന്നീട് കാത്തിരിപ്പായിരുന്നു. പ്രാർത്ഥനയോടെ ഉള്ള കാത്തിരിപ്പ്. കുറ്റബോധത്തോടെ ഉള്ള പ്രാർത്ഥന. അവന് ചീത്തയൊന്നും കേൾക്കേണ്ടി വരല്ലേ, അവന്റെ ജീവിതത്തിൽ ഒരു പ്രശ്നവും ഉണ്ടാവല്ലേ എന്ന് നെഞ്ചുരുകി പ്രാർത്ഥിച്ചു. അവനെ ഒന്ന് കണ്ടാ മതിയായിരുന്നു. പക്ഷെ അവൻ വന്നില്ല. തിങ്കളാഴ്ച എന്നല്ല. ആ ആഴ്ച മുഴുവൻ അവൻ വന്നില്ല.

കൂടുതൽ വിവരങ്ങൾ ലേഖക്കും കിട്ടിയില്ല. അമ്മയൊന്നും പറഞ്ഞില്ല എന്നാണ് അവൾ പറഞ്ഞത്.

അവനില്ലാതെ ദീപക്കും ലൈലയും നീനയും എല്ലാം മൂടികെട്ടിയ പോലെ. അവരെ കാണുമ്പോൾ എന്റെ കുറ്റബോധത്തിന്റെ കനം കൂടുന്നു. രണ്ടും കല്പ്പിച്ചു അവസാനം ദീപകിനോട് ചോദിച്ചു. അവനെന്താ വരാത്തത് എന്ന്.

“നിനക്കിപ്പോൾ തൃപ്തിയായില്ലേ? അവനെ അവന്റെ വീട്ടുകാർ ഇവിടെ നിന്ന് കൊണ്ടു പോയി. ഇനി അവനെ ആർക്കും കാണാൻ പറ്റില്ല. അവൻ നിന്നോട് എന്ത് തെറ്റാ ചെയ്തത് അവനെ ഇങ്ങനെ ദ്രോഹിക്കാൻ?” ദീപക്കിന്റെ മുഖം ദേഷ്യത്തിൽ ചുവന്നു.

ദിവസങ്ങളായി കെട്ടി കിടന്ന സങ്കടം മൂക്കിന്റെ തുമ്പത്തെത്തി പൊട്ടിത്തെറിച്ചു. എന്റെ കരച്ചിൽ കണ്ട് എല്ലാരും പേടിച്ചു. ഇനി ഇതിന്റെ പേരിൽ പ്രശ്നം ഉണ്ടാവാതിരിക്കാൻ ദീപക് വന്ന് എന്നോട് കുറെ സോറിയൊക്കെ പറഞ്ഞു.

പിന്നെയും കുറെ നാളെടുത്തു ഞാൻ ആ സങ്കടത്തിൽ നിന്ന് പുറത്ത് വരാൻ. ഇടക്കെപ്പോഴോ എവിടെനിന്നോ. അവന്റെ അത്തറിന്റെ മണം വരുന്നത് പോലെ തോന്നും. പിന്നെ പിന്നെ ആ മണം എങ്ങനെ ആയിരുന്നു എന്ന് പോലും ഞാൻ മറന്നു.

പോവുന്ന പെർഫ്യൂം കടകളിൽ എല്ലാം ഞാൻ ഓരോരോ മണമായി പരീക്ഷിച്ചു നോക്കും. എവിടെയും കിട്ടിയില്ല അവന്റെ അത്തറിന്റെ മണം.

കാലമൊരുപാട് കടന്നു പോയി. അവനെ ഞാൻ മറന്നിരുന്നു.

ഒരിക്കൽ ഒരു യാത്രയ്ക്കിടെയുള്ള കാത്തിരിപ്പിൽ ആയിരുന്നു. മുന്നിലൂടെ കടന്നു പോയ ഒരു പെൺകുട്ടിയിൽ നിന്ന് പെട്ടന്ന് പഴയ അത്തറിന്റെ മണം. അറിയാതെ ആ കുട്ടിയെ ഒന്നു തിരിച്ചു വിളിക്കാൻ തോന്നി.

“എസ്ക്യൂസ്‌ മി”

അവൾ തിരിഞ്ഞപ്പോൾ, ആദ്യം കണ്ടത് വെള്ളാരം കണ്ണുകൾ ആയിരുന്നു. അമീറിന്റെ പോലത്തെ കണ്ണുകൾ. മോഡേൺ ആയി വസ്ത്രം ധരിച്ച ഒരു സുന്ദരി കുട്ടി. അമീറിന്റെ പെങ്ങളായിരിക്കുമോ? ചോദിക്കണോ? വേണ്ട.

“സോറി കേട്ടോ, ഞാൻ ഉദ്ദേശിച്ച ആളല്ല.” ഞാൻ തിരികെ ഇരുന്നു.

അവൾ ചിരിച്ച് കൊണ്ട് അടുത്തേക്ക് വന്നു.

“നീ ഉദ്ദേശിച്ച ആള് തന്നെ ആണ്. അമൃതയല്ലേ?”

“അതെ. എങ്ങനെ അറിയാം?”

“നീ ഇത്രവേഗം അമീറിനെ മറന്നോ? അമീറിനെ ഉമ്മ വെച്ചത് മറന്നോ?”

ഞാനൊന്നു ഞെട്ടി. ഇതറിയാവുന്നവർ ഞാനും ലേഖയും അമീറും മാത്രമല്ലേ. അമീർ ആരോടേലും പറഞ്ഞു കാണുമോ?

“അമീറിന്റെ ആരാണ്?” ഞാൻ സംശയത്തോടെ ചോദിച്ചു.

“അമീറിന്റെ ആരുമല്ല. അമീറു തന്നെയാണ്. മൊത്തത്തിൽ ഒന്ന് മാറി എന്ന് മാത്രം. പേരും ഐഡന്റിറ്റിയും കൂടെ. അന്നത്തെ നിന്റെ ചുംബനത്തിൽ ആണ് സത്യത്തിൽ ഞാൻ ആരാണ് എന്നെനിക്ക് മനസ്സിലായത്. എന്റെയുള്ളിൽ ആണിനെക്കാളും പെണ്ണുണ്ടെന്ന് മനസ്സിലായത്. ഒത്തിരി കഷ്ടപ്പെടേണ്ടി വന്നു അമീറിൽ നിന്ന് അമീറയിലേക്ക് എത്താൻ. പക്ഷെ ഇപ്പൊ ഞാൻ ഹാപ്പിയാണ്.”

ഒന്നും വിശ്വസിക്കാൻ ആവാതെ കണ്ണും മിഴിച്ചു നോക്കുന്ന എന്നേ കണ്ട് അവൻ അല്ല അവൾ ചിരിച്ചു. അത് കണ്ട് ഞാൻ എന്റെ അബോധത്തിൽ നിന്ന് ഉണർന്ന് ചിരിച്ചെന്നു വരുത്തി.

“നീയിപ്പോൾ എവിടെയാ? എന്താ ചെയ്യുന്നേ?”

“ഞാനൊരു മോഡലും മേക്കപ്പ് ആർട്ടിസ്റ്റും ഒക്കെയാണ്. നിന്റെ മുഖത്തെ സഹതാപ ഭാവം ഒന്നും വേണ്ട. ഞാൻ വിദേശത്താണ്. ഇവിടത്തെ പോലെ പ്രശ്നങ്ങളൊന്നും പുറമെ ഉള്ളവർക്ക് ഇല്ല. അത് കൊണ്ട് തന്നെ ഹാപ്പിയാണ് ഞാൻ. അല്ല ഞങ്ങൾ.” അവൾ കൈ നീട്ടിയപ്പോൾ ഒരു മനുഷ്യൻ അവളുടെ അടുത്തേക്ക് വന്നു.

“ദീപക്? നീയോ?” എനിക്ക് വിശ്വസിക്കാനായില്ല.

“ഞങ്ങൾക്കിടയിൽ എന്താണെന്ന് പഠിക്കുന്ന കാലത്ത് ഞങ്ങൾക്ക് മനസ്സിലായില്ല. പക്ഷെ ഈ ലോകത്ത് മറ്റാരേക്കാളും ഇവന് എന്നേ മനസ്സിലാവുമായിരുന്നു. അങ്ങനെ ഞങ്ങൾ ഒന്നായി.” അമീറയുടെ ചിരിയിൽ എന്റെ മനസ്സും നിറഞ്ഞു.

വർത്തമാനമൊക്കെ പറഞ്ഞ് സെൽഫികൾ എടുത്തു പിരിയാൻ നേരം ഞാൻ അവളെ ചേർത്തു നിർത്തി അവളെ കെട്ടിപ്പിടിച്ചു അവളുടെ കവിളിൽ ഉമ്മ കൊടുത്തു. അവളും എന്നെ ചേർത്തു പിടിച്ച് പകരം ഒരുമ്മ എന്റെ കവിളിലും തന്നു.

ഇപ്പഴും അവൾക്ക് അത്തറിന്റെ മണമുണ്ട്. അത് പക്ഷെ അത്തറിന്റെ അല്ല അവളുടെ മണമാണ് എന്ന് ആ നിമിഷം എനിക്ക് തോന്നി. പക്ഷെ പണ്ട് ആ മണമടിക്കുമ്പോൾ തോന്നിയ വികാരങ്ങളൊന്നും എന്റെ ഉള്ളിൽ ഇല്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ എനിക്കെന്നോട് സ്നേഹം തോന്നി.

അവളും അവനും പോയി മറയുന്നത് വരെ ഞാൻ അവരെ നോക്കി നിന്നു. ഇപ്പോൾ ഒരിക്കൽ കൂടി എന്റെ മേൽ ആ മണമുണ്ട്. അത്തറിന്റെ മണം.