ഇപ്പോഴെങ്കിലും ഞാനിത് എഴുതിയില്ലെങ്കിൽ പിന്നീടൊരിക്കലും എനിക്കതിനു സാധിച്ചെന്നു വരില്ല. കാരണം ഇനിയെനിക്കധികനാളില്ല…

മയിൽ‌പീലി

എഴുത്ത്: വൈദേഹി വൈഗ

================

ഫ്രം അഡ്രെസ്സ് ഇല്ലാത്ത ആ കത്ത് പൊട്ടിക്കുമ്പോൾ കൗതുകമായിരുന്നു പ്രിയക്ക്, മനുവിന്റെ പേരിലാണ് കത്ത് വന്നത്, കൂടെയൊരു മയിൽപ്പീലിയും…..പൊട്ടിച്ചു വായിച്ചാൽ അത് ശരിയാവോ…..ഒരുനിമിഷം അവൾ ഒന്ന് ശങ്കിച്ചു,

എന്ത് കുഴപ്പം എന്റെ ഭർത്താവല്ലേ….എന്തേലും കുഴപ്പമുണ്ടെൽ ഞാനങ്ങു സഹിച്ചു അല്ല പിന്നേ…..

വൃത്തിയുള്ള കൈപ്പടയിൽ മനോഹരമായ ഒരു കത്ത്, ആർക്കായാലും വായിച്ചുനോക്കാൻ തോന്നും…..

പ്രിയയുടെ കൗതുകം ഇരട്ടിച്ചു,

“മനുവിന്……..”

തുടക്കം അതായിരുന്നു, ഏറെ പ്രിയമുള്ളൊരാളോടെന്ന പോലെ ആ കത്തിലിരുന്ന് ആരോ സംസാരിക്കുന്നപോലെ പ്രിയക്ക് തോന്നി,

“മറന്നുവോ എന്നെ, മറന്നില്ലെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം, ഞാൻ വൈഷ്ണവിയാണ്….നിന്റെ വൈഷു… “

പ്രിയ ഓർമകളിൽ പരതി, എവിടെയോ കേട്ടുപരിചിതമായ പേര്….ചിന്തകൾ ഒടുവിൽ അവളെ കൊണ്ടെത്തിച്ചത് തൊട്ടിലിൽ കിടന്നുറങ്ങുന്ന തങ്ങളുടെ മകളിലാണ്, അച്ഛന്റെ വൈഷുമോൾ….

പ്രിയക്ക് തലച്ചോറിലേക്കൊരുതരം വൈദ്യുതപ്രവാഹം ഇരച്ചുകയറും  പോലെ തോന്നി, സോഫയിലേക്ക് ഇരുന്നുകൊണ്ട് അവൾ പിന്നെയുമാ കത്തിലേക്കൂളിയിട്ടു….

“വർഷം പത്തുപന്ത്രണ്ടായില്ലേ….മറന്നാലും തെറ്റൊന്നും പറയാനാവില്ല, ഇത്രേം കാലങ്ങൾക്ക് ശേഷം ഇപ്പൊ എന്താണിങ്ങനെയൊരു തിരിച്ചു വരവെന്നാവും നീ ഇപ്പൊ ചിന്തിക്കുന്നത്, ശരിയല്ലേ….

തോന്നി, ഇപ്പോഴെങ്കിലും ഞാനിത് എഴുതിയില്ലെങ്കിൽ പിന്നീടൊരിക്കലും എനിക്കതിനു സാധിച്ചെന്നു വരില്ല. കാരണം ഇനിയെനിക്കധികനാളില്ല.

ചിലപ്പോ ഈ കത്തുപോലും നിന്റെ കൈയിൽ കിട്ടുമ്പോ ഞാൻ ഉണ്ടാവണമെന്നില്ല, സ്ഥിതിഗതികൾ അത്ര മോശമാണെന്നു ഇന്നലെ ഡോക്ടർ പറയുന്നത് ഞാൻ കേട്ടിരുന്നു….

ഞാൻ വന്നിരുന്നു, കല്യാണത്തിന്….നീ എന്നെ കണ്ടിട്ടുണ്ടാവില്ല, കാണരുതേ എന്ന് ഞാനും പ്രാർത്ഥിച്ചിരുന്നു. പ്രിയ…..അവളോട് പറയണം എന്നെ വെറുക്കരുതെന്ന്…..

നീയും….വെറുക്കരുത്, അപേക്ഷയാണ്….”

എത്ര നേരമെന്നറിയില്ല പ്രിയ ലെറ്ററും കൈയിൽ പിടിച്ചങ്ങനെയിരുന്നത്….മനസ്സിൽ ഒരായിരം ചോദ്യങ്ങൾ തലപൊക്കി, ബുദ്ധിയും മനസ്സും തമ്മിലുള്ള വാഗ്‌വാദങ്ങൾക്കും ചോദ്യം ചെയ്യലുകൾക്കുമിപ്പുറം അവളാ കത്ത് തുണ്ടുതുണ്ടായി വലിച്ചുകീറി ചവറ്റുകൊട്ടയിലേക്കെറിഞ്ഞു…

വൈകുന്നേരം അത്താഴം കഴിക്കുന്നതിനിടയിൽ മനു ചോദിച്ചു,

“നീ ഒരു ലെറ്ററിന്റെ കാര്യം പറഞ്ഞില്ലേ, ഒരു ഊമക്കത്ത്…അതെവിടെ….?”

“ഓ അതൊ….അത് അഡ്രെസ്സ് മാറി വന്നതാ ഞാൻ തിരികെ ഏൽപ്പിച്ചു…”

“ആണോ…അത് നന്നായി…..”

പതിയെ അവളും ആ കത്തിനെ മറന്നുതുടങ്ങി.

ഇത് പ്രിയയുടെ ശരിയായിരുന്നു, പ്രിയയുടെ മാത്രം ശരി…..

🥀🥀🥀🥀🥀🥀

© ജാനകി