എന്താ ചേച്ചി പ്രശ്നം…അവിടെ കൂടിനിന്നിരുന്ന കുറച്ച് പേർ കാര്യാണ്വേഷണത്തിനെത്തി..

വായ്നോട്ടം

Story written by Praveen Chandran

==============

“കുറച്ച് ദിവസമായി ആ പയ്യൻ എന്നെത്തന്നെ തുറിച്ച് നോക്കുന്നു..അവന്റെ ഉദ്ദേശം മറ്റെന്തോ ആണ്..എന്തൊക്കെയോ ഘോഷ്ടികളും കാണിക്കുന്നുണ്ട്. വന്ന് വന്ന് ഇവൻമാർക്കൊക്കെ പ്രായവും ഒരു പ്രശ്നമല്ലാതായിരിക്കുന്നു” അവർ ദേഷ്യത്തോടെ പറഞ്ഞു..

“ആര് ആ പയ്യനോ..അവന്റെ അമ്മേടെ പ്രായമുണ്ടല്ലോ നിനക്ക്..ഇവറ്റകൾക്കൊക്കെ നല്ല അടിയുടെ കുറവാ..” നീ വാ ഇത് അങ്ങനെ വിട്ടാൽ പറ്റില്ല..

അവർ അവനെ ലക്ഷ്യമാക്കി നടന്നു..

രാവിലെയായതിനാൽ ബസ്റ്റോപ്പിൽ ആളുകൾ കൂടുതലായിരുന്നു..

“നീ കുറെ നാളായല്ലോ ഒലിപ്പിക്കാൻ തുടങ്ങിയിട്ട്..നിന്റെ വീട്ടിൽ അമ്മേം പെങ്ങന്മാരുമൊന്നുമില്ലേടാ നാ റി” അവർ അവനെനോക്കി അലറി..

അവന്റെ മുഖമാകെ വിളറി വെളുത്തു.

“അത്..ഞാൻ..ചേച്ചി”.. അവൻ വാക്കുകൾ കിട്ടാതെ ഉഴറി…

“എന്താ ചേച്ചി പ്രശ്നം?” അവിടെ കൂടിനിന്നിരുന്ന കുറച്ച് പേർ കാര്യാണ്വേഷണത്തിനെത്തി..

“ഈ പു ന്നാ രമോൻ കുറച്ച് നാളായി എന്നെ നോക്കി വെളളമിറക്കുന്നു..വേണ്ട വേണ്ടാന്ന് വക്കും തോറും കൂടിവരുന്നേയുളളൂ..അലപലാതി”

“ആണോടാ..നീ പെണ്ണുങ്ങളെ വഴി നടക്കാൻ സമ്മതിക്കില്ല അല്ലേടാ വായ്നോക്കി”.. പീ.ഡനത്തിന് രണ്ട് വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുളള ബൈജു ആയിരുന്നു അത് പറഞ്ഞത്…

“അയ്യോ..ചേട്ടാ..

“ടപ്പേ” ആദ്യത്തെ അടി പൊട്ടിയതും അവൻ കരയാൻ തുടങ്ങി..

“അയ്യോ അവനെ ഒന്നും ചെയ്യല്ലേ”..

ആ കിളിനാദം കേട്ട് എല്ലാവരും തിരിഞ്ഞ് നോക്കി..

പ്ലസ്ടുവിന് പഠിക്കുന്ന ഒരു പെൺകുട്ടിയായിരുന്നു അത്..

“അവനെ അടിക്കല്ലേ..അവൻ എന്നെയാ നോക്കുന്നത്..ഞങ്ങൾ തമ്മിൽ സ്നേഹത്തിലാ..അവന് കോങ്കണ്ണാ ചേട്ടന്മാരെ” അവൾ അത് പറഞ്ഞതും എല്ലാവരും അവനെ നോക്കി..

“അതെ ചേട്ടന്മാരെ..ഞാൻ നോക്കിയത് അവളെയാ..അല്ലാതെ ഈ അമ്മച്ചിയെ അല്ല”

അത് കേട്ടതും കൂട്ടംകൂടിയവർ ചമ്മലോടെ അവിടെനിന്ന് വലിഞ്ഞു..

“അല്ലെങ്കിൽ തന്നെ ഈ അമ്മച്ചിമാർക്ക് ചോരയും നീരുമുളള അമ്പിളളാരെ കാണുംമ്പോ ഒരിളക്കം പതിവാ” നാട്ടുകാരിലൊരാൾ പറഞ്ഞു…

***നാട്ടുകാർ അങ്ങിനെയാണ്..നിമിഷ നേരം കൊണ്ട് കാലുമാറിക്കളയും..കാര്യമറിയാതെ ഒരു കാര്യത്തിലും പ്രതികരിക്കരുത്***

~പ്രവീൺ ചന്ദ്രൻ