എന്നാലും ഇത്ര നല്ലൊരു പെണ്ണിനെ സ്നേഹിക്കാതിരിക്കാൻ അയാൾക്കെങ്ങനെ കഴിയുന്നു…

അ വി ഹി തം…

എഴുത്ത് : ശ്രീജിത്ത് പന്തല്ലൂർ

=======================

” ഹായ്…”.

” ഹായ്…”.

” ഉറങ്ങിയില്ലേ…?”.

” ഉറക്കം വരുന്നില്ല…”.

” അതെന്തേ…?”.

”……..”.

” ഇന്നും കെട്ട്യോനുമായി വഴക്കുണ്ടായോ…?

” ഉം…”.

” സാരല്യ, ഭർത്താക്കൻമാരൊക്കെ അങ്ങനെയാ…”.

” അതു നിങ്ങൾക്കെങ്ങനെ അറിയാം…”.

” ഞാനുമൊരു ഭർത്താവല്ലേ…”.

” എല്ലാ ഭർത്താക്കൻമാരും ഒരു പോലെയാണോ…?”.

” അതെ…”.

” അല്ല, നിങ്ങൾ അയാളെപ്പോലെയല്ല, നിങ്ങൾക്ക് സ്നേഹിക്കാനറിയാം…”.

” എന്തേ, ഇയാൾടെ ഭർത്താവ് ഇയാളെ സ്നേഹിക്കാറില്ലേ…?”.

” സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ്. അല്ലാതെ ഉള്ളിൽ കെട്ടിപ്പൂട്ടി വയ്ക്കാനുള്ളതല്ല…”.

” ഇതു തന്നെയാണ് എന്നെക്കുറിച്ച്‌ എന്റെ ഭാര്യയ്ക്കുള്ള പരാതി…”.

” പക്ഷേ, നിങ്ങൾക്ക് സ്നേഹിക്കാനും അത് പ്രകടിപ്പിക്കാനുമറിയാമല്ലോ…”.

” അതു പിന്നെ ഇയാളെൻ്റെ കാമുകിയല്ലേ…?”.

” അയ്യട, അപ്പോഴേക്കും എന്നെയങ്ങ് കാമുകിയാക്കി മാറ്റിയോ…?”.

” അല്ലാതെപ്പിന്നെ ഈ നട്ടപ്പാതിരയ്ക്ക് ഉറക്കമൊഴിച്ചിരുന്ന് എന്നോട് ചാറ്റ് ചെയ്യുന്നതെന്തിനാ…?”.

” അതോ, അതെനിക്കിഷ്ടമുണ്ടായിട്ട്…”.

” ഇഷ്ടമുള്ളതു കൊണ്ടാണ് ഞാൻ കാമുകിയെന്ന് വിളിച്ചത്…”.

” അയ്യട…”.

” ആട്ടെ, ഇയാൾടെയാ മുരടൻ ഭർത്താവെന്ത്യേ…?”.

” ഇവിടെയുണ്ട്, എൻ്റെ പിന്നിൽ അങ്ങോട്ടു തിരിഞ്ഞ് കെടക്കാണ്…”.

” അയ്യോ, അപ്പോ നമ്മൾ തമ്മിൽ ചാറ്റ് ചെയ്യുന്നത് കണ്ടു പിടിക്കില്ലേ…?”.

” കണ്ടു പിടിക്കട്ടെ, എനിക്കൊരു പേടിയുമില്ല…”.

” ആരുമായിട്ടാണ് ഈ പാതിരാത്രിയിൽ ചാറ്റിങ്ങെന്നു ചോദിച്ചാലോ…?”.

” ഞാൻ പറയും എൻ്റെ കള്ളക്കാമുകനുമായിട്ടാണെന്ന്…”.

” ങാഹാ… എന്നെ കള്ളനാക്കിയോ…?”.

” എൻ്റെ കരളു കട്ടെടുത്ത നിങ്ങളെ കള്ളനെന്നല്ലാതെ പിന്നെന്താ വിളിക്കുക…”.

” എങ്കിൽ കൊഴപ്പില്ല…”.

” കൊഴപ്പായാലും എനിക്ക് കൊഴപ്പില്ല…”.

” എന്നാലും ഇത്ര നല്ലൊരു പെണ്ണിനെ സ്നേഹിക്കാതിരിക്കാൻ അയാൾക്കെങ്ങനെ കഴിയുന്നു…”.

” ഏയ്, അങ്ങേർക്ക് സ്നേഹമൊക്കെയുണ്ട്. പ്രകടിപ്പിക്കുന്നില്ലെന്നേയുള്ളൂ…”.

” ങാഹാ, അപ്പോ ഞാൻ ഔട്ടായോ, എങ്കിൽ ഞാനെൻ്റെ ഭാര്യയുടെ പിണക്കം മാറ്റാൻ പോവട്ടേ…?”.

” നിങ്ങളെന്തിനാ ഭാര്യയുമായി പിണങ്ങിയത്…?”.

” അവൾക്കും ഇയാളു പറഞ്ഞ അതേ പരാതിയാ… ഞാൻ സ്നേഹിക്കുന്നില്ലെന്ന്…”.

” നിങ്ങൾക്ക് സ്നേഹിക്കാനും അത് നന്നായി പ്രകടിപ്പിക്കാനുമറിയാമല്ലോ…”.

” അതു പിന്നെ ഇയാളെൻ്റെ കാമുകിയായതു കൊണ്ടാണെന്നു പറഞ്ഞില്ലേ…?”.

” അപ്പോൾ ഭാര്യയോട് സ്നേഹം പ്രകടിപ്പിച്ചാലെന്താ കുഴപ്പം…?”.

” അതു പിന്നെ കൈയിൽ കിട്ടിയതിനേക്കാൾ കൊതി കിട്ടാത്തതിനോടല്ലേ തോന്നൂ…”.

” അപ്പോൾ എന്നെ കൈയിൽ കിട്ടിയാൽ എന്നോടുള്ള കൊതിയും ഇല്ലാതാവുമോ…?”.

” അതില്ല, ഇയാൾക്കെന്റെ എല്ലാ ടേസ്റ്റുകളും അറിയാമല്ലോ…”.

” നിങ്ങളുടെ ഭാര്യയ്ക്കെന്തേ നിങ്ങളുടെ ടേസ്റ്റുകളെക്കുറിച്ച് അറിയാത്തേ…?”.

” അവളെന്നോട് ചോദിക്കാറില്ല, ഞാൻ പറയാറുമില്ല…”.

” എന്നോട് പറയാറുള്ളതു പോലെ ഭാര്യയോടും പറഞ്ഞൂടെ…?”.

” വേണമെങ്കിൽ അവൾ തന്നെ മനസ്സിലാക്കിക്കോട്ടെ…”.

” അതെന്തേ…?”.

” അവൾക്ക് ഞാൻ ഒരു കുറവും വരുത്തിയിട്ടില്ല… പിന്നെ പണ്ട് പ്രേമിച്ചു നടന്നപ്പോഴുള്ളതു പോലെ ഇപ്പോഴും ചക്കരേ, പൊന്നേ, മുത്തേ എന്നൊക്കെ വിളിച്ചോണ്ട് നടക്കാൻ പറ്റ്വോ…?”.

” അപ്പോൾ എന്നെ അങ്ങനെയൊക്കെ വിളിക്കുന്നതോ…?”.

” അതിന് ഇയാളെൻ്റെ കാമുകിയല്ലേ…”.

” നിങ്ങളീ കാണിക്കുന്നതിൻ്റെ ഒരംശം സ്നേഹമെങ്കിലും എൻ്റെ ഭർത്താവെന്നോടു കാണിച്ചിരുന്നെങ്കിൽ…”.

” എങ്കിൽ…?”.

” എങ്കിൽ ഞാനിങ്ങനെ നട്ടപ്പാതിരായ്ക്ക് നിങ്ങളോട് ചാറ്റാൻ നിൽക്കില്ലായിരുന്നു…”.

” ഞാൻ സ്നേഹിക്കുന്നില്ലെന്ന് എൻ്റെ ഭാര്യ നാഴികയ്ക്കു നാൽപ്പതു വട്ടം പരാതി പറഞ്ഞോണ്ടിരുന്നില്ലായിരുന്നേൽ ഞാനും ഇയാളോട് ചാറ്റാൻ വരില്ലായിരുന്നു…”.

” ഇനീപ്പോ എന്താ ചെയ്യാ…?”.

” ടീ പോ ത്തേ…”.

” എന്താടാ കൊ രങ്ങാ…?”.

” എന്നാലിങ്ങോട്ട് തിരിഞ്ഞ് കിടക്ക്, നമുക്ക് സ്നേഹിക്കാം…”.

” അയ്യട, എന്നിട്ട് നാളെ മുതൽ പിന്നേം ഈ ചാറ്റ് നാടകം കളിക്കാനല്ലേ…?”.

” ഇനി നീ പരാതി പറയാതെ ഞാൻ നോക്കിക്കോളാം…”.

” എങ്ങനെ…?”.

” ദാ ഇങ്ങനെ, നിന്നെ സ്നേഹിച്ചിട്ട്…”.