കനമുള്ള സഞ്ചിയും കൊണ്ട് വേച്ചു വേച്ചു നടക്കുമ്പോഴാണ് പുറകിൽ ആരുടെയോ പാദപതനത്തിൻ്റെ ശബ്ദം….

ഭ്രാന്തൻ

Story written by Nisha Pillai

=================

വൈകിട്ടത്തെ ഫുട്‌ബോൾ കളിയും കഴിഞ്ഞു മടങ്ങിയെത്തിയപ്പോൾ നേരം വൈകി. വന്നപാടെ റേഷൻകാർഡും തുണിസഞ്ചിയും എടുത്ത് ഒറ്റയൊരോട്ടം. ഈ മാസം റേഷനായി ഗോതമ്പ് ഉണ്ടെന്ന്. പന്ത്രണ്ട് പേരുള്ള കൂട്ടുകുടുംബത്തിന് അതൊരു സഹായകമാകും. അരവയർ കഞ്ഞികുടിച്ചവൻ്റ സംതൃപ്തിയെക്കാൾ വലുതാണ് വിശന്നിരിക്കുന്നവൻ്റെ പ്രത്യാശ. അത് കിട്ടിയാൽ നാളെ തന്നെ അമ്മ കഴുകിയുണക്കി പൊടിക്കും. പിന്നെ രണ്ടാഴ്ചത്തേയ്ക്ക്  അരവയർ നിറവിൽ കമഴ്ന്നു കിടന്നുറങ്ങേണ്ട. കറിയില്ലെങ്കിലും ചപ്പാത്തിയുണ്ടാക്കിയാൽ പഞ്ചസാര കൂട്ടി കഴിക്കാം.

അടുത്ത വീട്ടിലെ റേഷൻകാർഡും കൂടി കിട്ടിയതു കൊണ്ട് എട്ടു കിലോ ഗോതമ്പ് ലഭിച്ചു. അവന് സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു. പതിനൊന്ന് വയസ്സുകാരൻ മെലിഞ്ഞ പയ്യന് സഞ്ചിയും തൂക്കി നടക്കാൻ ബുദ്ധിമുട്ട് തോന്നി. പോരാത്തതിന് ഇരുട്ടും കനത്തു തുടങ്ങി.

കനമുള്ള സഞ്ചിയും കൊണ്ട് വേച്ചു വേച്ചു നടക്കുമ്പോഴാണ് പുറകിൽ ആരുടെയോ പാദപതനത്തിൻ്റെ ശബ്ദം. അവൻ ചെവി കൂർപ്പിച്ചു. തൊട്ടടുത്ത് തന്നെയാണ്. പേടി കൊണ്ട് തിരിഞ്ഞു നോക്കാൻ വയ്യ.വേഗത്തിൽ നടന്നു. സഞ്ചിയുടെ ഭാരത്താൽ കൈ വേദനിക്കുന്നു.

വീടിനു മുന്നിൽ ശീമക്കൊന്നയും മരച്ചീനിയും കൊണ്ട് നിർമിച്ച വേലിക്കടുത്ത് എത്തിയപ്പോഴാണ് അവനൊന്ന് തിരിഞ്ഞു നോക്കിയത്.

ഭ്രാന്തൻ വേലായുധൻ…

വീട്ടിലെ കുട്ടികൾ കുറുമ്പ് കാട്ടുമ്പോൾ ചെറിയമ്മ ഭയപ്പെടുത്താറുണ്ട് “ഭ്രാന്തൻ വേലായുധൻ പിടിച്ച് കൊണ്ട് പോവും “. അയാളാണ് അവനു പിന്നാലെ.

ഉമ്മറത്ത്   മുത്തശ്ശൻ ഇരിക്കുന്നതു കണ്ടു അവനു ധൈര്യമായി. വിയർത്തു കുളിച്ചു നിൽക്കുന്ന അവനെ കണ്ട് മുറ്റത്തേയ്ക്ക് ഇറങ്ങി വന്നു സഞ്ചി വാങ്ങി ചവിട്ടുപടിയിൽ വച്ചു.

“എന്തേ ഉണ്ണ്യേ….നീ ആകെ വീയർത്തുവല്ലോ. ഓടിയോ…ഈ ഭാരം നിറഞ്ഞ സഞ്ചിയും കൊണ്ട് ഓടി മറിഞ്ഞു വീണെങ്കിലോ.?”

“മുത്തശ്ശാ,.ഭ്രാന്തൻ എന്നെ പിടിക്കാൻ വന്നു. എൻ്റെ പുറകെയുണ്ടായിരുന്നു അയാൾ.”

അവൻ റോഡിലേക്ക് വിരൽ ചൂണ്ടിക്കാട്ടി.

“ആര് വേലായുധനോ? അവനങ്ങനെ ചെയ്യില്ല കുട്ടി. നിനക്കവനെ അറിയാഞ്ഞിട്ടാണ്. അവനു കുട്ടികളെ വലിയ ഇഷ്ടമാണ്. നിൻ്റെ പ്രായത്തിൽ അവനൊരു മോളുണ്ടായിരുന്നു. അവനോട് പിണങ്ങി ഭാര്യ കുട്ടിയെയും കൊണ്ട് കിണറ്റിൽ ചാടിയതാ. കുട്ടി മാത്രം മരിച്ചു. ആ കുഞ്ഞിൻ്റെ ശരീരം അവൻ ഒന്നേ നോക്കിയുള്ളൂ. അന്ന് തുടങ്ങിയതാ അവനീ ഉന്മത്താവസ്ഥ. മോൻ പേടിക്കണ്ട. അവനാരെയും ഉപദ്രവിയ്ക്കില്ല.”

അതിനു ശേഷം പലപ്പോഴും ഇരുട്ടു വീഴുമ്പോൾ അല്ലെങ്കിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കുട്ടികൾക്കു തുണയായി വേലായുധൻ അനുഗമിക്കുന്നത് അവൻ കണ്ടിട്ടുണ്ട്. അപ്പോഴൊക്കെ സന്തോഷം തോന്നിയിട്ടുണ്ട്. അവനും അയാൾ പലപ്രാവശ്യം തുണയായിട്ടുണ്ട്. പ്രത്യുപകാരമായി അവൻ ചിലപ്പോൾ പൊരിമിഠായിയും തേൻ മിഠായിയും വാങ്ങി നൽകാറുണ്ട്. അതു ഒരു പുഞ്ചിരിയോടെ വാങ്ങി കഴിക്കാറുമുണ്ട്. അദൃശ്യമായ ഒരു സൗഹൃദം അവർക്കിടയിൽ ഉടലെടുത്തു. മുത്തശനും വേലായുധനും തമ്മിലുള്ള സൗഹൃദത്തിൻ്റെ ഒരു മിനി വേർഷൻ.

ഒരു ദിവസം രാവിലെ റോഡിലെ ബഹളം കേട്ടാണ് ഉണർന്നത്. ആളുകൾ അവിടെ കൂട്ടം കൂടി നിൽക്കുന്നു. പോലീസും സന്നിഹിതരാണ്. റോഡിൽ ആരോ കമഴ്ന്നു കിടക്കുന്നു. പച്ചോല വെട്ടി മൂടിയെങ്കിലും കാലുകൾ അനാവരണമാണ്. അതിനടുത്ത് കിടന്ന അഴുക്കു പുരണ്ട തുണിയുടെ മാറാപ്പുകെട്ടിൽ നിന്നവന് ആളിനെ പിടികിട്ടിയിരുന്നു. മുന്നോട്ട് കുതിയ്ക്കാനാഞ്ഞ അവനെ മുത്തശ്ശൻ പിടിച്ചു നിർത്തി.

“അവനെ നീ കാണണ്ട ഉണ്ണിയേ, കുത്തി വികലമാക്കിയിട്ടുണ്ട് മുഖവും ശരീരവും. പേടിയാകും കണ്ടാൽ….ഭ്രാന്തൻമാർ.”

“ആര്.? ആരാ ചെയ്തത് മുത്തശ്ശാ.”

“അറിയില്ല കുട്ടി. രക്ഷപ്പെട്ടു അവർ. സാക്ഷിയായി ഒരു പെൺകുട്ടിയുണ്ട്. അവൾ പാലുമേടിയ്ക്കാൻ പോയതാ. അവളുടെ കൂടെ പോയ വേലായുധനെ ഏതോ സദാചാര ഭ്രാന്തൻമാർ കുത്തി പരിക്കേൽപിക്കാൻ നോക്കിയതാ. ചോ ര കുറെ വാർന്നുപൊയെന്നാ കേട്ടത്. ശരിക്കും ഭ്രാന്ത് ആർക്കാണെന്നാണ് സംശയം. പാവം വേലായുധൻ, ഈ വൃത്തികെട്ട ലോകത്തു  നിന്നും അവനെങ്കിലും രക്ഷപ്പെട്ടല്ലോ.”

പ്രിയപ്പെട്ട ആരുടെയോ വേർപാടു സംഭവിച്ച പോലെ ആ വീട് ആ പകൽ മുഴുവൻ മൂകമായി കിടന്നു. ആ പതിനൊന്നു വയസ്സുകാരൻ്റെയുള്ളിൽ ഈ ലോകത്തോട് തന്നെ വെറുപ്പ് തോന്നി.

~നിശീഥിനി