കല്യാണം കഴിഞ്ഞു രണ്ടാം മാസം ആൽബിയുടെ പെണ്ണായ ആൻസി ഗർഭിണിയായപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് …

നുമ്മ സിസിടിവി എന്ന സുമ്മാവാ…

Story written by Nisha Pillai

==================

അടുത്ത വീട്ടിലെ സണ്ണിച്ചായൻ മുറ്റത്ത് നിന്ന് ആരെയോ വിളിക്കുന്നു.

“ടേയ്, തങ്കച്ചാമി ഇങ്കെ വാടേ.”

മതിലിന് അപ്പുറം നിൽക്കുന്ന ജാനറ്റിനെ നോക്കി കണ്ണിറുക്കി കാട്ടി. ഫലിതപ്രിയനാണ് സണ്ണിച്ചായൻ. പ്രവാസി, പണക്കാരൻ, മൂന്ന് മക്കളുടെ അപ്പൻ. അറുത്ത കൈയ്ക്ക് ഉപ്പ് തേക്കാത്തവൻ. ഭാര്യ നിർമ്മല ചേച്ചിയൊരു സാധ്വിയാണ്. നാട്ടിലെല്ലാവർക്കും പ്രിയപ്പെട്ടവൾ. ഭർത്താവറിയാതെ ഇടവകക്കാർക്ക് അവശ്യസഹായം ചെയ്യുന്നവൾ. സണ്ണിച്ചനെങ്ങാനുമറിഞ്ഞാൽ അന്ന് വീട്ടിൽ ലഹളയാണ്.

നിർമ്മലയും ജാനറ്റും…രണ്ട് അയൽവാസികളായ വീട്ടമ്മമാർ തമ്മിലൊരു അഗാധമായ മനസികബന്ധം ഉരുത്തിരിഞ്ഞ് വന്നിട്ടുണ്ട്. അനാഥയായ ജാനറ്റിനെ ജോസ് കെട്ടിക്കൊണ്ട് വന്നത് നിർമ്മല എല്ലാ സഹായവും ചെയ്തു കൊടുക്കാറുണ്ട്. നിർമ്മലയ്ക്ക് ഇഷ്ടപെട്ട വിഭവങ്ങളൊക്കെ പാകം ചെയ്ത് സണ്ണിച്ചൻ പുറത്തു പോകുന്ന തക്കം നോക്കി വിളിച്ചു വരുത്തി രണ്ടു പേരും കൂടെ കഴിക്കാറുണ്ട്.

“നിമ്മിച്ചേച്ചി, നല്ല നെയ്മീൻ കുടപുളിയിട്ട് മുളകിട്ട് വറ്റിച്ചതുണ്ട്, ഓടി വായോ. നമ്മുക്കൊന്നിച്ചൊന്ന് പിടിയ്ക്കാം.”

കേൾക്കേണ്ട താമസം നിർമ്മല ഓടി ചെന്ന് ഒരു പിഞ്ഞാണം നിറയെ ചോറും നല്ല ചൂടൻ മീൻ കറിയും കൂട്ടി ഒരു പിടി പിടിയ്ക്കും, എന്നിട്ടു ഏമ്പക്കം വിട്ടു കൊണ്ട് പറയും.”

“അതിയാൻ എന്താ കഴിക്കുന്നില്ലേയെന്ന് തിരക്കുമ്പോൾ തലവേദനയാണ്, ഇപ്പോൾ വിശക്കുന്നില്ലായെന്നങ്ങ് കാച്ചാം, ഇന്നലെ കൂടി ചോദിച്ചു നിനക്കിപ്പോൾ കൂടെ കൂടെയെന്തേ തലവേദനയെന്ന്? “

ജാനറ്റിന് പകരമായി കൊടുക്കുന്നത് മാർക്കറ്റിൽ ലഭിക്കാത്ത നാടൻ സാധനങ്ങളാണ്. സണ്ണിച്ചന്റെ ഭരണങ്ങാനത്തെ വീട്ടിൽ നിന്നും കൊണ്ട് വരുന്ന കുരുമുളകും കുടംപുളിയും സുഗന്ധ വ്യഞ്ജനങ്ങളും പച്ചക്കറിയുമൊക്കെ മതിൽകടന്നു ജാനറ്റിന്റെ കയ്യിലെത്തും. രണ്ടു വീട്ടമ്മമാരും തമ്മിൽ നിർദോഷമായ ഒരു ബാർട്ടർ സിസ്റ്റം നിലനിന്നിരുന്നു.

“എടീ ജാനറ്റേ എനിക്കൊരു ചോക്കോബാർ കഴിക്കണം, ടി വി യിൽ പരസ്യം കണ്ടപ്പോൾ തോന്നിയതാ.” ഇന്നാളൊരു ദിവസം നിർമല ജെനറ്റിനോട് പറഞ്ഞു.”

“അതിനെന്താ ജോസേട്ടനോട് വിളിച്ചു പറയാം നിമ്മിച്ചേച്ചി, ഓഫീസിൽ നിന്ന് തിരികെ വരുമ്പോൾ വാങ്ങി കൊണ്ട് വരും. “

“എനിയ്ക്കാണെന്ന് പറയണ്ട കൊച്ചെ, പിന്നെ ചമ്മല് കാരണം എനിക്ക് ജോസിന്റെ മുഖത്ത് നോക്കാൻ കഴിയില്ല. “

“ഓഹ് അതിലൊന്നും കാര്യമില്ല, ജോസേട്ടന് ഇതൊക്കെ ഇഷ്ടമാണ്. ചേച്ചിക്ക് ഭയങ്കര പോസിറ്റീവ് വൈബ് ആണെന്നാ പറയുന്നേ. ജോസേട്ടന്റെ ബന്ധുക്കളെന്നെ “മച്ചി മച്ചി “എന്ന് വിളിച്ചു ആക്ഷേപിച്ചപ്പോഴും അതിനെയൊക്കെ തരണം ചെയ്ത് ഞാനിവിടെ നില്കുന്നുണ്ടെങ്കിൽ അതിനു കാരണം നിമ്മി ചേച്ചിയാണ്. “

ജാനറ്റ് ഫോണെടുത്തു

“ജോസേട്ടാ മടങ്ങി വരുമ്പോൾ രണ്ടു ചോക്കോബാർ വാങ്ങി കൊണ്ട് വരണേ, ഒന്നെനിക്കും ഒന്ന് നിമ്മി ചേച്ചിക്കും, ജോസേട്ടന് ഇഷ്ടമാണെങ്കിൽ മൂന്നെണ്ണം വാങ്ങിക്കോ, പടം പിടിച്ചു ഇൻസ്റ്റാഗ്രാമിൽ ഇടാനുള്ളതാണ് .”

“അച്ചോടി പെണ്ണെ, അതൊന്നും വേണ്ട, അതിയാൻ കണ്ടു പിടിക്കും, കുരുട്ടു ബുദ്ധിയാ…നമുക്ക് തൽക്കാലം ഒരേ കളർ വേഷമിട്ട് പടമെടുക്കാം. “

“ഓ പിന്നെ അതിയാന് അത്ര ബുദ്ധിയൊന്നുമില്ല, ഇടവകയിലെ കുടുംബ സംഗമത്തിന് എടുത്ത  പടമാണെന്നു അങ്ങ് കാച്ചാം. “

സണ്ണിച്ചനും നിർമലയ്ക്കും  മൂന്ന് മക്കളാണ്. മൂത്തമകൻ ആൽബി, ഒരു നഴ്‌സാണ്, അവന്റെ വൈഫ് ആൻസിയും നഴ്‌സാണ്. അവർ ദുബായിൽ ഒരേ ആശുപത്രിയിൽ ജോലി ചെയ്യുന്നു. കൊച്ചു മകൻ ആൻഡ്രൂസ്…

രണ്ടാമത്തെ മകൾ മരിയ,ദൈവവിളി ഉണ്ടായി കന്യാസ്ത്രീ പട്ടത്തിന് പഠിക്കുന്നു. മൂത്ത രണ്ടു കൊച്ചുങ്ങളും നിർമ്മല ചേച്ചിയുടെ അതെ സ്വഭാവം, പൊതുവെ നിഷ്കളങ്കർ.

മൂന്നാമത്തെ മകൻ അലൻ, അപ്പന്റെ അതെ സ്വഭാവം. ഈയിടെയായി വക്കീൽ പരീക്ഷ ജയിച്ചു. ഇപ്പോൾ വക്കീൽ കോട്ടുമിട്ട് കോടതിയിൽ പോയി പ്രാക്ടീസ് ചെയ്യാൻ തുടങ്ങി. ഒരു ക്രി മി നൽ വക്കീൽ ആകാനുള്ള എല്ലാ യോഗ്യതയുമുണ്ട്. സ്കൂൾ ക്ലാസുകൾ മുതലേ അടിപിടി കേസുകളിൽ മുന്നിലാണ്.

നിമ്മി ചേച്ചിക്ക് ഏറ്റവും പ്രിയം മൂത്ത മകനോടാണ്. മഹാ സാധുവായ ഒരു ചെറുക്കൻ, അവന്റെ സ്വഭാവം വച്ച് വല്ല അച്ഛൻ പട്ടത്തിന് പോകുകയേ ഉള്ളെന്നാ എല്ലാവരും കരുതിയത്. അത്രയ്ക്ക് നല്ലവൻ. അവനൊരു പെണ്ണിനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കണമെന്നും വീട്ടിൽ അറിയിച്ചപ്പോൾ “ഇവനൊക്കെ എന്തിനാടി കെട്ടുന്നത് ? ഇവനെ കൊണ്ട് വല്ലതും നടക്കുമോ, വെറും ആണും പെണ്ണും കേട്ട ജന്മം.” എന്നൊക്കെ പറഞ്ഞു അപ്പനായ സണ്ണിച്ചൻ കളിയാക്കി. അന്ന് കരഞ്ഞു കൊണ്ട് ജാനറ്റിന്റെ അടുത്തേക്കോടി വന്നു നിർമ്മല. അവരിലെ പെറ്റമ്മയെ പറഞ്ഞാശ്വസിപ്പിക്കാൻ കുറെയേറെ പാടുപെടേണ്ടി വന്നു. അന്ന് മുതൽ ജാനറ്റിന് സണ്ണിച്ചനെ കണ്ണെടുത്താൽ കണ്ടുകൂടാ…

കല്യാണം കഴിഞ്ഞു രണ്ടാം മാസം ആൽബിയുടെ പെണ്ണായ ആൻസി ഗർഭിണിയായപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് അമ്മായിയമ്മയായ നിർമ്മലയാണ്. ആൻസിയെ കെട്ടിപ്പിടിച്ചു നിറയെ ഉമ്മകൾ നൽകി.

“അമ്മയ്‌ക്കെന്താണ് ഇത്ര സന്തോഷം ?”

“അമ്മയ്ക്ക് അത്രക്കും സന്തോഷമുണ്ട് കുട്ടി .കാരണമുണ്ട്. നിന്നോട് ഞാൻ പറയാം, അവനൊരു കാരണവശാലും അറിയരുത്. ഇത് കേട്ടാൽ എന്റെ കുഞ്ഞ് സങ്കടപ്പെടും. ഞാൻ ഇത് മനസ്സിൽ സൂക്ഷിച്ചു. ഇനി വയ്യ, നീയും കൂടി അറിയാനാ. അവനെക്കൊണ്ട് ഇതൊന്നും പറ്റില്ലെന്ന് അവന്റെ അപ്പൻ എന്നോടൊരിക്കൽ പറഞ്ഞിരുന്നു. സ്വന്തം അപ്പൻ തന്റെ കുഞ്ഞിനെ അവഹേളിക്കുമ്പോൾ ഏതമ്മയുടെ ഹൃദയമാണ് വേദനിക്കാത്തത്. ഞാനെന്തോരം നേർച്ചകൾ നടത്തി. ദൈവമെനിക്ക് പൊന്നിൻകുടം പോലത്തെ കൊച്ചുമക്കളെ നിറയെ തരും, നീ നോക്കിക്കോ.”

“ഞാൻ ആൽബിച്ചന്റെ മനസ് വിഷമിക്കുന്നതൊന്നും പറയത്തിലമ്മച്ചി. ഇത് നമ്മൾ രണ്ടാളും അറിഞ്ഞാൽ മതി. അപ്പച്ചന്റെ വിവരക്കേട്, അത്ര തന്നെ .”

ജാനറ്റ് പഴയ കാര്യങ്ങളോർത്തു കൊണ്ട് സണ്ണിച്ചന്റെ മുറ്റത്തേക്ക് നോക്കി നിന്നു. ഇടത്തോട്ട് ലുങ്കിയുടുത്ത ഭസ്മക്കുറിയിട്ട ഒരു തമിഴൻ ഗേറ്റ് കടന്നു കയറി പോകുന്നു

“എന്നതാ നിമ്മി ചേച്ചി പരിപാടി? “

ജാനറ്റ് നിർമ്മലയോട് ചോദിച്ചു.അവർ ചുറ്റും നോക്കി പതിയെ പറഞ്ഞു.

“എന്റെ കൊച്ചേ ഇവിടെ കുറെ ഇരുമ്പും ചെമ്പും പ്ലാസ്റ്റിക്കും ഒക്കെയായി കുറെ ആക്രി സാധനങ്ങൾ കിടക്കുന്നു. ആർക്കെങ്കിലും വെറുതെയെടുത്ത് കൊടുക്കാൻ പറഞ്ഞതാ. രാവിലെ നടക്കാൻ പോയ ആളിപ്പോൾ ഒരു തമിഴനെയും കൂട്ടി കൊണ്ട് വന്നിരിക്കുന്നു. രണ്ടുപേരും തമ്മിൽ നല്ല തർക്കം. ഇനി അവനെ പിഴിഞ്ഞ് പൈസ വാങ്ങിയേ മടക്കൂ.”

മുറ്റത്തു കിടന്ന ആക്രി സാധനങ്ങളൊക്കെ തമിഴൻ ഒരു ചാക്കിൽ നിറയ്ക്കുന്നു.

“തങ്കച്ചാമി അത് മുടിച്ചു മേലെ വാങ്കെ .”

തമിഴൻ ചാക്ക് കെട്ടി വച്ച് സണ്ണിച്ചായനെ പിന്തുടർന്ന് വീടിന്റെ മുകൾ നിലയിലേയ്ക്ക് പുറത്തെ സ്റ്റെയർകേസ് വഴി പോയി. സണ്ണിച്ചൻ മടങ്ങി വരുന്നത് കാണാതെ ജാനറ്റ് നിർമ്മലയോടു പറഞ്ഞു.

“എല്ലാം കള്ള കൂട്ടങ്ങളാണേ, എന്ത് വിശ്വസിച്ചാണ് ഈ സണ്ണിച്ചൻ ഇവനെ മുകളിലേയ്ക്ക് കൂട്ടി കൊണ്ട് പോകുന്നത്. ഇവര് പകൽ വീട് നോക്കി വച്ചിട്ട് രാത്രിയിൽ വേറെ വേഷത്തിൽ വരും. എല്ലാവരും അങ്ങനെയല്ല. എന്നാലും സൂക്ഷികണം.”

“അതുക്കല്ലേ നുമ്മ സി സി ടി വി ക്യാമറ. അതെന്ന സുമ്മാവാ തങ്കച്ചി .”

സണ്ണിച്ചൻ പുറകെ നിന്നു അവളെ കളിയാക്കി ചിരിച്ചു. ജാനറ്റ് മെല്ലെ അവളുടെ വീടിനുള്ളിലേക്ക് വലിഞ്ഞു.

പിറ്റേന്ന് രാവിലെ നിർമ്മലയുടെ നിലവിളി കേട്ടാണ് ജോസും ജാനറ്റും ഉണർന്നത്. സണ്ണിച്ചന്റെ വീടിനു മുന്നിൽ പോലീസ് ജീപ്പ് ,ഡോഗ് സ്‌ക്വാഡ് .വീട്ടിൽ നിന്നും പുറത്തേക്ക് അലന്റെ കാർ പാഞ്ഞു പോകുന്നു. സണ്ണിച്ചന്റെ അനിയനും ഫാമിലിയും മറ്റൊരു കാറിൽ വന്നിറങ്ങി.

പോലീസ് വീട് പരിശോധിക്കുന്നു. മുപ്പതിനായിരം രൂപയും നാലഞ്ചു പവനും നഷ്ടമായിട്ടുണ്ട്. നിർമ്മലയുടെ അലമാര തുറന്നു കിടന്നിരുന്നു. തലേന്ന് ഹെന്ന തലയിൽ തേയ്ക്കാൻ വേണ്ടി, ഇട്ടിരുന്ന ആഭരണങ്ങളൂരി  അടുക്കളയിലെ ഷെൽഫിൽ വച്ചതിനാൽ അത് നഷ്ട്ടപെട്ടിട്ടില്ല. മുകളിലത്തെ നിലയിലെ ജനലഴികൾ മുറിച്ചാണ് കള്ളൻ അകത്തു കടന്നത്.

“സി സി ടി വി കാമറ പരിശോധിച്ചില്ല? “

“കറുത്ത വസ്ത്രം ധരിച്ച രണ്ടു പേർ ഷേഡ് വഴി മുകളിൽ കടന്നു. അവിടത്തെ ക്യാമറ ഇളക്കി മാറ്റിയിരുന്നു. ജനൽ മുൻപ് തുറന്നു വച്ചിരുന്ന പോലെ തോന്നുന്നു. അവർക്ക് ക്യാമറകൾ എവിടെയൊക്കെയാണെന്ന് അറിയാമായിരുന്നുവെന്ന് തോന്നുന്നു.”

“സണ്ണിച്ചനെവിടെ ? “

“പുള്ളിക്ക് ചെറിയൊരു നെഞ്ച് വേദന,മകൻ പുള്ളിയെയും കൊണ്ട് ആശുപത്രിയിൽ പോയി. ഇപ്പോൾ വിളിച്ചിരുന്നു, ഇ സി ജി യിൽ ചെറിയ വേരിയേഷൻ. അഡ്മിറ്റാക്കി.”

സണ്ണിച്ചന്റെ അനിയന്റെ വൈഫ് മറുപടി പറഞ്ഞു.

“അയാളുടെ ഒരു സി സി ടി വി, പാവം നിമ്മിച്ചേച്ചി ” എന്ന് പിറുപിറുത്തു കൊണ്ട്, ജാനറ്റ് വീടിനകത്തേക്ക് നടന്നു.

✍️ നിശീഥിനി