സീതയെ കാണാനില്ല…
എഴുത്ത്: മഹാ ദേവൻ
================
മുഹൂർത്ത സമയത്ത് എല്ലാവരെയും ഞെട്ടിച്ചത് അവളുടെ തിരോധാനമായിരുന്നു.
“ഞാൻ എനിക്ക് ഇഷ്ട്ടപ്പെട്ടവനൊപ്പം പോകുന്നു”
അവളെഴുതിവെച്ച കുറിപ്പ് നോക്കി ശശീന്ദ്രൻ തലയിൽ കൈ വെച്ചിരിക്കുമ്പോൾ ആളുകളുടെ മുറുമുറുപ്പ് അയാളുടെ കാതുകളെ ചുട്ടുപൊള്ളിച്ചു.
“എന്നാലും ആ മഹാപാപി ഞങ്ങളോടിത് ചെയ്തല്ലോ” എന്നയാൾ ഞെഞ്ചത്തടിച്ചു പറയുമ്പോൾ ചെക്കൻവീട്ടുകാർ എന്ത് ചെയ്യണമെന്ന് അറിയാതെ പരസ്പ്പരം നോക്കി നിൽക്കുകയായിരുന്നു
“ടോ ശശീന്ദ്ര…അന്നേ ഞങ്ങൾ ചോദിച്ചതല്ലെടോ പെണ്ണിന് വേറെ വല്ല ബന്ധവും ഉണ്ടോന്ന്. അപ്പൊ താൻ വളർത്തിയ മഹിമ വിളമ്പി. എന്നിട്ടിപ്പോ ന്തായടോ. അവള് കണ്ടൊന്റെ കൂടെ പോയി. ഇനി എന്റെ മോന് ഉണ്ടായ നാണക്കേടിനും നഷ്ട്ടത്തിനും ആര് സമാധാനം പറയും.”
ചെറുക്കന്റെ അച്ഛൻ ഉള്ളിലെ അമർഷം അയാളുടെ മുഖത്തു നോക്കി ചോദിക്കുമ്പോൾ ശശീന്ദ്രന് ഉത്തരമില്ലായിരുന്നു.
“എന്റെ മേനോൻചേട്ടാ…ഞാനല്ലല്ലോ….അവളല്ലേ ചതിച്ചത്. ഇപ്പോൾ എനിക്കും ഇല്ലേ നാണക്കേട്. നാട്ടിൽ ഇച്ചിരി നിലയും വിലയും ഉണ്ടായിരുന്നതാ. അതും കളഞ്ഞ്കുളിച്ച് ആ ഒ രു മ്പെ ട്ട വൾ. നശിച്ചുപോകും അവൾ “
അതും പറഞ്ഞയാൾ മേനോന്റെ കൈ ചേർത്തുപിടിച്ചു
“ഞാനൊരു കാര്യം പറഞ്ഞാൽ….”
അയാൾ മുഖവുരയോടെ തുടങ്ങിയപ്പോൾ എല്ലാവരുടെയും മുഖം അയാളിൽ ആയിരുന്നു.
“നിങ്ങൾക്ക് എല്ലാവർക്കും സമ്മതമാണേൽ ഈ കല്യാണം നമുക്ക് നടത്താം…ആ ഒരു മ്പ ട്ട വൾ മാത്രമല്ല, എനിക്ക് ഒരു മോള് കൂടെ ഉണ്ട്. ശ്രദ്ധ..നിങ്ങൾക്കും മോനും സമ്മതമാണെങ്കിൽ….എന്റെ മോൾക്ക് സമ്മതമാകും. അച്ഛൻ പറയുന്നതിനപ്പുറം അവൾ ചെയ്യില്ല..ഈ നാണക്കേടിൽ നിന്ന് കരകയറാൻ രണ്ട് പേർക്കും പറ്റുകയും ചെയ്യും… “
അയാൾ പ്രതീക്ഷയോടെ മേനോന്റെയും മകന്റെയും മറ്റ് ബന്ധുക്കളുടെയും മുഖത്തേക്ക് നോക്കുമ്പോൾ അവരുടെ മുഖത്തുണ്ടായിരുന്നു പാതി സമ്മതം.
അയാൾ സന്തോഷത്തോടെ തന്റെ മോളെ അരികിലേക്ക് വിളിച്ച് ചേർത്ത് പിടിക്കുമ്പോൾ അവൾ കാര്യമറിയാതെ എല്ലാവരെയും നോക്കി.
“ഇതാണെന്റെ മോള്…ഈ മണ്ഡപത്തിൽ വധുവായി നിൽക്കാൻ ഇവൾക്കായിരിക്കും യോഗം.”
അതും പറഞ്ഞയാൾ മോളെ സ്നേഹത്തോടെ ഒന്ന് നോക്കി.
“എന്റെ മോൾക്ക് സമ്മതക്കുറവ് ഉണ്ടാകില്ലെന്ന് അറിയാം. എന്നാലും അച്ഛൻ ചോദിക്കാ..നിന്റ ചേച്ചി ഉണ്ടാക്കിയ നാണക്കേട് മാറ്റാൻ മോള് ഈ കല്യാണത്തിന്…. “
അയാൾ വാക്കുകൾ മുഴുവനാക്കുംമുന്നേ അവൾ സ്വന്തം തോളിൽ നിന്ന് അച്ഛന്റെ കൈ എടുത്ത് മാറ്റി.
ഒട്ടും പ്രതീക്ഷിക്കാതെയുള്ള അവളുടെ പ്രവർത്തിയിൽ അയാൾ സ്തബ്ധരായി നിൽക്കുമ്പോൾ അവൾ അച്ഛനെ പുച്ഛത്തോടെ നോക്കി….
“സ്വന്തം സ്വാർത്ഥതയ്ക്ക് വേണ്ടി എന്തിനാണ് അച്ഛാ മക്കളെ ബലിയാടാകുന്നത്.? കൂടെ പഠിക്കുന്ന ഒരാളെ ഇഷ്ടമാണെന്ന് ആണയിട്ട് പറഞ്ഞതല്ലേ ചേച്ചി. അപ്പോഴൊക്കെ അച്ഛൻ അവളെ ഭീഷണിപ്പെടുത്തി..അച്ഛന് ആവശ്യം അച്ഛന്റെ കൺസ്ട്രക്ഷൻഫീൽഡിൽ ഒതുക്കിനിർത്താൻ ഒരു എഞ്ചിനീയറേ ആയിരുന്നു. അതിലൂടെ നേടാൻ പോകുന്ന പണവും പദവിയും ആയിരുന്നു. അല്ലാതെ മക്കളുടെ മനസ്സോ ഇഷ്ടങ്ങളോ അച്ഛന് ഒന്നുമില്ലായിരുന്നു..എന്തെങ്കിലും പറഞ്ഞാൽ വളർത്തിയതിന്റെ കണക്കുകൾ അല്ലാതെ അച്ഛൻ എന്നെങ്കിലും സ്നേഹത്തോടെ സംസാരിച്ചിട്ടുണ്ടോ. അച്ഛന്റെ ഇഷ്ടങ്ങൾക്കൊത്തു മാത്രം മക്കൾ വളരാൻ പാടുള്ളൂ എന്ന വാശി. അവർക്കും ഉണ്ട് പറക്കാൻ കൊതിക്കുന്ന ചിറകുകൾ,.ആഗ്രഹങ്ങൾ, ഇഷ്ടങ്ങൾ….
ഒരാളെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ അവളെ സ്നേഹത്തോടെ ചേർത്ത് പിടിച്ചൊന്ന് സംസാരിച്ചിരുന്നെങ്കിൽ, അവളുടെ ഇഷ്ടത്തെ കുറിച്ച് ഒന്ന് അറിഞ്ഞിരുന്നെങ്കിൽ അച്ഛനീ നാണക്കേട് ഒഴിവാക്കാമായിരുന്നു , അതിന് പകരം അച്ഛൻ അവളെ ഭീഷണിപ്പെടുത്തി, കൂട്ടിലടച്ച കിളിയെ പോലെ മാനസികമായി തളർത്തി സ്വന്തം മോളാണെന്ന് പോലും ചിന്തിക്കാതെ….
എന്നിട്ടോ തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുംപ്പോലെ അവളുടെ മനസ്സിൽ അച്ഛന്റെ ആത്മാഭിമാനത്തിന്റെ കയറും കെട്ടിവെച്ച് കല്യാണത്തിന് നിർബന്ധിച്ചു….
എന്നിട്ടിപ്പോ എന്തായി….ഒരാളെ സ്നേഹിച്ചു എന്ന പേരിൽ അവളോട് അച്ഛൻ ചെയ്ത ക്രൂ രതകൾക്ക് കിട്ടിയ മറുപടിയായി കണ്ടാൽ മതി. ഇനി പോയ അഭിമാനം തിരിച്ചു പിടിക്കാൻ എന്നെ കൂടെ കെട്ടിയൊരുക്കാൻ ആണ് ഉദ്ദേശമെങ്കിൽ വെറുതെ ആരും അതിന് മിനക്കെടേണ്ട. എനിക്കീ കല്യാണത്തിന് സമ്മതമല്ല “
അവളുടെ അറുത്തുമുറിച്ചുള്ള വാക്കുകൾ കേട്ട് അയാൾ ഞെട്ടലോടെ മോളെ നോക്കുമ്പോൾ മറ്റുള്ളവരും അതെ അവസ്ഥയിൽ ആയിരുന്നു.
“മോളെ ” എന്ന് വിളിച്ചുകൊണ്ട് അമ്മ കയ്യിൽ മുറുക്കെ പിടിക്കുമ്പോൾ അവളാ കൈ ബലം പ്രയോഗിച്ചു വിടുവിച്ചു
“അമ്മ എന്തിനാ പേടിക്കുന്നത്. സ്വന്തം ഇഷ്ടങ്ങൾ ആർക്ക് മുന്നിലും അടിയറവു വെക്കാൻ എന്നെ കിട്ടില്ല. അച്ഛന് മക്കളെ കുറിച്ചല്ല, മരുമക്കളുടെ വലുപ്പത്തെ കുറിച്ചാണ് ചിന്ത. മക്കളുടെ ഇഷ്ടം എന്തോ ആയിക്കോട്ടെ, വന്നു കേറുന്ന മരുമകൻ അച്ഛന്റെ താല്പര്യം മാത്രമാകണം എന്ന വാശി. പക്ഷേ, എനിക്ക് എന്റെതായ തീരുമാനങ്ങൾ ഉണ്ട്. ചേച്ചിക്ക് വേണ്ടി അച്ഛൻ കണ്ടുവെച്ച ആൾക്ക് മുന്നിൽ കെട്ടാൻ കഴുതിനീട്ടി കുടുംബത്തിന്റെ മാനം കാക്കുന്ന കുലീനയായ പെണ്ണാവാൻ എനിക്ക് താല്പര്യം ഇല്ല….
അവൾ പോയെങ്കിൽ അതിന് അച്ഛൻ തന്നെ ആണ് കാരണം. അവളെ ഒന്ന് കേൾക്കാൻ മനസ്സ് കാണിച്ചിരുന്നെങ്കിൽ, അവളുടെ ഇഷ്ടത്തെ ഒന്ന് മനസ്സിലാക്കാൻ ശ്രമിച്ചിരുന്നെങ്കിൽ ഈ നാണക്കേട് ഒഴിവാക്കാമായിരുന്നു. അഭിമാനത്തിന് ഒരു കുറവും സംഭവിക്കില്ലായിരുന്നു.
അന്തസ്സ് എന്നത് നമ്മൾ മറ്റുള്ളർക്ക് മുന്നിൽ പുറമേ കാണിക്കുന്നത് മാത്രമല്ല, അത് വീടിന്റെ ഉള്ളിലും ആവാം. ഇതൊന്നും ഒരു മകൾ അച്ഛനോട് പറയേണ്ടതല്ലെന്ന് അറിയാം….
വീട്ടിൽ സ്വന്തം ഇഷ്ടങ്ങൾക്ക് അപ്പുറം ഒരു ഇല പോലും അനങ്ങരുതെന്ന് നിഷ്കർഷിക്കുന്ന ആള് നാട്ടിൽ മറ്റുള്ളവരെ കേൾക്കുന്നത് കാണുമ്പോൾ വെറുപ്പ് തോന്നിയിട്ടുണ്ട് എനിക്ക് പോലും. വാക്കുകൾ കൊണ്ട് ജയിക്കാൻ ആർക്കും കഴിയും അച്ഛാ, പക്ഷേ സ്നേഹം കൊണ്ട് ജയിക്കാൻ പ്രയാസമാണ്.”
അവൾ അതും പറഞ്ഞ് മറ്റുള്ളവർക്ക് മുന്നിൽ കൈ കൂപ്പി “സോറി ” എന്നും പറഞ്ഞ് മാറി നിൽക്കുമ്പോൾ ശശീന്ദ്രന് പറയാൻ വാക്കുകൾ ഇല്ലായിരുന്നു.
തോറ്റു പോയത് മക്കൾക്ക് മുന്നിലോ അതോ മനസ്സിൽ കൊണ്ടുനടന്ന സ്വാർത്ഥതാല്പര്യങ്ങൾക്ക് മുന്നിലോ എന്നറിയാതെ അയാൾ മൗനം പാലിച്ചു, ഉയർത്തിപ്പിടിച്ച ആത്മാഭിമാനത്തിന്റെ ഉടഞ്ഞ ചില്ലുകളുമായി….
✍️ദേവൻ