ഞങ്ങൾ ഒന്നായി ഒറ്റ ശരീരമായി മാറുന്ന നിമിഷത്തിന് വേണ്ടി ഞങ്ങൾ കൊതിച്ചു..അതിന് വേണ്ടി…

തിരിച്ചറിവുകളിലേക്ക്….

Story written by Saheer Sha

=================

മിക്ക പ്രണയങ്ങളും പോലെ തന്നെ കോളേജ് ജീവിതമാണ് എന്നെയും പ്രണയിക്കാൻ പഠിപ്പിച്ചത്..

വിനോദുമായുള്ള എന്റെ ഫ്രണ്ട്ഷിപ്പ് എപ്പോഴാണോ പ്രണയത്തിലേക്ക് വഴി മാറിയതെന്ന് ഇപ്പോഴും ഓർക്കുന്നില്ല..

കോളേജിൽ എന്റെ സീനിയറായിരുന്ന അവന്റെ സാമീപ്യം എനിക്ക് നൽകിയിരുന്ന സന്തോഷം വളരെ വലുതായിരുന്നു…

രണ്ട് ശരീരമാണെങ്കിലും ഒരൊറ്റ മനസ്സായി ഞങ്ങൾ മാറിക്കഴിഞ്ഞിരുന്നു..അവനില്ലാത്ത ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ പോലും എനിക്ക് കഴിയില്ലായിരുന്നു…എന്റെ ഓരോ ശ്വാസത്തിലും അവനുണ്ടെന്നു തന്നെയായിരുന്നു എന്റെ വിശ്വാസം..

പഠനവും കഴിഞ്ഞ് വീട്ടിലിരിക്കുന്ന സമയത്താണ് എനിക്ക് കല്ല്യാണാലോചനകൾ വരാൻ തുടങ്ങിയത്…ആദ്യമൊക്കെ പലതും പറഞ്ഞ് ഞാൻ ഒഴിഞ്ഞു മാറിയെങ്കിലും അവസാനം വീട്ടുകാർക്കും സംശയമായി..

നിവൃത്തിയില്ലാതെ എനിക്കൊരാളെ ഇഷ്ടമാണെന്ന് പറയേണ്ടിയും വന്നു…വിനോദുമായുള്ള ആ ബന്ധം ഒരിക്കലും നടക്കില്ലെന്ന് അച്ഛൻ തീർത്തു പറഞ്ഞു..

വീണ്ടും വീട്ടുക്കാർ വിവാഹാലോചനകളുമായി മുന്നോട്ട് പോകാൻ തുടങ്ങി..വീട്ടുക്കാർ കാണിച്ചു തരുന്ന ആളെത്തന്നെ വിവാഹം കഴിക്കേണ്ടി വരുമെന്നായപ്പോൾ വിനോദ് പറഞ്ഞു തന്ന ഐഡിയായിരുന്നു അത്..

ഞാൻ ക ന്യ കയല്ലായെന്നും വിനോദുമായി ഒരുപാട് തവണ ശാ രീരിക ബ ന്ധത്തിലേർപ്പെട്ടിട്ടുണ്ടെന്നും അമ്മയുടെ അനിയത്തി വഴി ഞാൻ വീട്ടുക്കാരെ ധരിപ്പിച്ചു…

ആദ്യം വീട്ടുകാർക്ക് അതൊരു ഷോക്ക് ആയിരുന്നെങ്കിലും പിന്നീട് ഞാൻ കള്ളം പറയുകയാണെന്ന തോന്നൽ അവരിലുണ്ടായി…അവർ രഹസ്യമായി എന്റെ കസിനും സമപ്രായക്കാരിയുമായ രമ്യയെ സത്യാവസ്ഥ അറിയാൻ ഏൽപ്പിച്ചു..

അവൾ എന്നോട് വളരെ രഹസ്യമായി സത്യാവസ്‌ഥ അന്വേഷിച്ചുവെങ്കിലും..അവളോട് സത്യം പറഞ്ഞാൽ അത് വീട്ടുക്കാരിലെത്തുമെന്ന് അറിവുണ്ടായത് കൊണ്ട് തന്നെ അവളെയും വളരെ വിദഗ്ദ്ധമായി ഞാൻ ആ കള്ളം വിശ്വസിപ്പിച്ചു..

വിനോദിന്റെ കൂട്ടുക്കാരന്റെ ആളൊഴിഞ്ഞ വീട്ടിൽ വെച്ച് പല തവണയായി ഞങ്ങൾ ശാ.രീ.രി.ക ബ ന്ധ.ത്തിലേർപ്പെട്ടിട്ടുണ്ടെന്ന് അവളെയും ധരിപ്പിച്ചു…

ഞങ്ങൾക്ക് പരസ്പരം നഷ്ടപ്പെടാതിരിക്കാൻ ആ കള്ളം അത്യാവിശ്യമാണെന്നുള്ളത് കൊണ്ട് തന്നെ അതിലുറച്ച് നിൽക്കാൻ ഞങ്ങൾ തീരുമാനിച്ചു..

പ്രതീക്ഷിച്ചത് പോലെ തന്നെ വീട്ടിൽ ആകെ പ്രശ്നമായി അമ്മ എന്നെ ഒരുപ്പാട് തവണ അടിച്ചു..വഴക്ക് പറഞ്ഞു..അച്ഛൻ എന്റെ അടുത്തേയ്ക്ക് വന്നതേയില്ല..എന്റെ പ്രിയപ്പെട്ട അനിയത്തി അമ്മുവടക്കം ആരും എന്നോട് സംസാരിക്കാതെയുമായി…

അതൊന്നും എന്നെ തളർത്തിയിട്ടില്ലായിരുന്നു..ഞങ്ങളുടെ വീട്ടുക്കാർ പരസ്പരം സംസാരിച്ച് അവസാനം ഞങ്ങളുടെ വിവാഹത്തിന് സമ്മതിക്കും എന്നായിരുന്നു ഞങ്ങൾ രണ്ടു പേരുടെയും ധാരണ..

എന്നാൽ ഞങ്ങളുടെ ധാരണകളെയെല്ലാം തെറ്റിച്ച് കൊണ്ട് എന്റെ അച്ഛൻ വെള്ളവുമടിച്ച് അവന്റെ വീട്ടിൽ ചെന്ന് പ്രശ്നമുണ്ടാക്കുകയാണ് ചെയ്തത്..

പ്രശ്നം ഭയങ്കര രൂക്ഷമായി..ഞങ്ങൾ രണ്ട് പേരുടെയും കുടുംബങ്ങൾ ഇതും പറഞ്ഞ് വഴക്കായി..അടിയായി..അവസാനം നാട്ടുക്കാർ മൊത്തം അറിഞ്ഞു..

പ്ലസ് ടു വിൽ പഠിക്കുന്ന എന്റെ അനിയത്തിയെ അവളുടെ കൂട്ടുക്കാർ ഇതും പറഞ്ഞ് കളിയാക്കാൻ തുടങ്ങി..ചേച്ചിയുടെ ലീലാ വിലാസങ്ങളെ കുറിച്ച് പറഞ്ഞ് പലരും അവളെ പരിഹസിക്കാൻ തുടങ്ങിയതോടെ അവൾ സ്കൂളിൽ പോവില്ലെന്ന് പറഞ്ഞ് വീട്ടിലിരിപ്പായി..

അമ്മ അവളെ നിർബന്ധിച്ച് സ്കൂളിൽ പറഞ്ഞ് വിടാൻ ശ്രമിച്ചപ്പോയൊക്കെ അവൾ ആ ത്മ ഹ ത്യാ ഭീഷണി മുഴക്കി..വീട്ടിലും കുടുംബത്തിലും ആകെ പ്രശ്നങ്ങൾ…സത്യം പറഞ്ഞാൽ എന്റെയും വിനോദിന്റെയും കൈകളിൽ നിന്ന് എല്ലാം കൈവിട്ട് പോയിരുന്നു..

വിനോദിനെ അവന്റെ അമ്മാവന്മാർ ദുബായിലേക്ക് കൊണ്ട് പോയി..ശരിക്കും പറഞ്ഞാൽ അതൊരു തടവറയായിരുന്നു..ആദ്യമൊക്കെ അവിടെ നിന്നും അവന്റെ മെസ്സേജുകളുണ്ടായിരുന്നു..പതിയെ പതിയെ അവന്റെ സന്ദേശങ്ങൾ ലഭിക്കാതെയായി…

വർഷം രണ്ട് കഴിഞ്ഞു…

എല്ലാവരും പലതും മറക്കാൻ തുടങ്ങി..അനിയത്തി കോളേജിൽ പോയി പഠിക്കാൻ തുടങ്ങി..ഞാനും പതിയെ പുറത്തിറങ്ങാനൊക്കെ തുടങ്ങി..ആദ്യമൊക്കെ നാട്ടുക്കാരിൽ ചിലർ എന്നെ കാണുമ്പോൾ പരിഹസിച്ചു ചിരിക്കുകയൊക്കെ ചെയ്യുമായിരുന്നെങ്കിലും പിന്നീട് അവർക്കും അതൊക്കെ മടുത്തെന്ന് തോന്നി..

എന്നാൽ ഞാനപ്പോഴും അവനെയും കാത്തിരിക്കുകയായിരുന്നു.. അപ്രതീക്ഷിതമായിട്ടാണ് ഒരു ദിവസം അവന്റെ മെസ്സേജ് ലഭിക്കുന്നത്..അവൻ ഇപ്പോഴും ദുബായിലാണെന്നും എന്റെ വിവാഹം എന്നാണോ കഴിയുന്നത് അന്നേ അവന്റെ അമ്മാവന്മാർ അവന് നാട്ടിലേയ്ക്ക് പോരാനുള്ള അനുമതി നൽകുകയൊള്ളൂ എന്നുമൊക്കെ അവൻ പറഞ്ഞു..

മറ്റൊരു ദിവസം അവൻ പറഞ്ഞു എന്നോട് വേറൊരു വിവാഹം കഴിക്കാൻ..ഏതായാലും ഇനി അവനെ കാത്തിരിക്കണ്ടായെന്നും..

ആദ്യമൊക്കെ ഞാൻ അതിന് സമ്മതിക്കാതിരിക്കുകയും നീയല്ലാതെ വേറെയാരെയും വിവാഹം കഴിക്കില്ലെന്ന് പറയുകയുമൊക്കെ ചെയ്തു..എന്നാൽ പിന്നീടുള്ള അവന്റെ സംസാരങ്ങളാണ് എന്നെ ഞെട്ടിച്ച് കളഞ്ഞത്.. “നമ്മൾ തമ്മിലുള്ള വിവാഹം ഇനി ഒരിക്കലും നടക്കില്ല..വീട്ടുക്കാരെ വെറുപ്പിച്ച് നിന്നെ വിവാഹം കഴിക്കാൻ എനിക്കിപ്പോൾ താല്പര്യമില്ല..എന്നെ ഒരിക്കലും കാത്തിരിക്കേണ്ട..” 

അവന്റെ ഈ സന്ദേശം കേട്ടിട്ട് ജീവിതത്തിൽ ആദ്യമായി ഞാൻ തളർന്നു..ഇത്രയും കാലം കാത്തിരുന്നിട്ടും എന്നെ ചതിച്ച അവനോട് എനിക്ക് വെറുപ്പായി..ഇനിയാർക്ക് വേണ്ടി ജീവിക്കണമെന്ന ചിന്ത എന്നെ ആ ത്മഹ ത്യയിലേക്ക് നയിക്കാൻ തുടങ്ങി..എന്നാൽ മരിക്കാൻ എനിക്ക് ഭയമായിരുന്നു..ആ ത്മ ഹത്യ ചെയ്യാൻ ധൈര്യവുമില്ലായിരുന്നു..

എന്തായാലും ഇങ്ങനെയൊക്കെയായ സമയത്താണ് എനിക്കൊരു വിവാഹാലോചന വരുന്നത്..

സ്വന്തമായി ഒരുപ്പാട് സ്ഥാപനങ്ങളുള്ള പണക്കാരനായ ഒരു വ്യക്തിയാണ് വരൻ..ഒരു വിവാഹം കഴിഞ്ഞതാണ്..ഭാര്യ മരിച്ചു.. 10 വയസ്സുള്ള ഒരു മകളുമുണ്ട്..സ്വന്തമായി വലിയ വീടും വാഹനങ്ങളുമൊക്കെയുള്ളവ്യക്തി..

24 വയസ്സുള്ള എനിക്ക് 37 വയസ്സുള്ള വരൻ…എന്നേയ്ക്കാളും 13 വയസ്സിനു മുതിർന്ന വ്യക്തി..

പ്രായത്തിന്റെ കാര്യം ആലോചിക്കുമ്പോൾ തന്നെ എനിക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു..എങ്കിലും ഇനിയും അച്ഛന് ഭാരമായി അവരെയും സങ്കടപ്പെടുത്തി ആ വീട്ടിൽ കഴിയുന്നതിൽ അർത്ഥമില്ലെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു..മാത്രമല്ല ഇതിനേയ്ക്കാൾ മികച്ച വിവാഹാലോചന എന്നെ സംബന്ധിച്ചോളം ഇനിയുണ്ടാകാൻ പോകുന്നില്ലെന്ന തിരിച്ചറിവും എന്റെ സമ്മതത്തിന് നിദാനമായി..

എന്നെ പെണ്ണ് കാണാൻ വന്നപ്പോഴും  അയാളുടെ മുഖത്തേയ്ക്ക് ശരിക്കുമെന്ന് നോക്കാൻ പോലും എനിക്ക് സാധിച്ചില്ല..

അങ്ങനെ മനസില്ലാമനസ്സോടെ അനൂപേട്ടനുമായുള്ള എന്റെ വിവാഹം നടന്നു..അവിടെ അനൂപേട്ടന്റെ മകൾ ചിന്നു മോളായിരുന്നു എനിക്കൊരു കൂട്ട്..എപ്പോഴും എന്റെ കൂടെ തന്നെ നടക്കാനായിരുന്നു അവൾക്കിഷ്ടം…

വിവാഹം കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞ് ബന്ധുമിത്രാദികളെല്ലാം അവരുടെ വീട്ടിലേയ്ക്ക് പോയപ്പോഴാണ് ഞാനൊരു സത്യം മനസ്സിലാക്കിയത്…ആ വലിയ വീട്ടിൽ ഇനി ഞാനും അനൂപേട്ടനും ചിന്നു മോളും മാത്രമേയൊള്ളൂ എന്ന സത്യം..

എല്ലാ ദിവസവും രാവിലെ ജോലിക്കാരി അമ്മിണിയേടത്തി വന്ന് വീടൊക്കെ വൃത്തിയാക്കി ഭക്ഷണവും ഉണ്ടാക്കി വെച്ച് പോകാറാണ് പതിവ്..

സത്യം പറഞ്ഞാൽ ഇപ്പോഴും എനിക്ക് അനൂപേട്ടനെ മനസ്സ് കൊണ്ട് ഭർത്താവായി കാണാൻ സാധിച്ചിട്ടില്ല…ചിന്നു മോൾ ഞങ്ങളുടെ റൂമിൽ തന്നെ മറ്റൊരു കട്ടിലിലാണ് കിടക്കുന്നത്…

കിടപ്പറയിൽ അനൂപേട്ടനു വേണ്ടി എന്റെ ശരീരത്തെ സമർപ്പിച്ചിട്ടും  ജീവിതത്തിൽ ആദ്യമായി എന്നെ ആ മനുഷ്യൻ സ്വർഗ്ഗം കാണിച്ചിട്ടും അയാളെ ഒരു ഭർത്താവ് എന്ന രീതിയിൽ കാണാൻ എനിക്ക് സാധിച്ചില്ല…

ഞാൻ ഒരു കന്യക തന്നെയായിരുന്നുവെന്ന് മനസ്സിലാക്കിയ ആ മനുഷ്യൻ എന്നോട് അതിനെക്കുറിച്ച് ചോദിക്കുക തന്നെ ചെയ്തു..പ്രണയത്തിന് വേണ്ടി ഞാൻ കള്ളം പറഞ്ഞതാണെന്ന് ആദ്യമായി ഒരാളോട് എനിക്ക് പറയേണ്ടിയും വന്നു..ജീവിതത്തിൽ ഇത്രയും കാലം ഞാൻ പറഞ്ഞിരുന്ന ആ കള്ളം അദ്ദേഹത്തിന് മുമ്പിൽ മാത്രം ഇല്ലാതെയായി..

ദിവസങ്ങൾ അങ്ങനെ കടന്ന് പോയി….

ചിന്നുമോൾ അഞ്ചാം ക്ലാസ്സിലാണ് പഠിക്കുന്നത്..അവൾ സ്കൂളിൽ പോവുകയും അനൂപേട്ടൻ അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിലേയ്ക്ക് പോവുകയും ചെയ്‌താൽ മിക്ക ദിവസങ്ങളിലും ആ വീട്ടിൽ ഞാൻ ഒറ്റയ്ക്കാണ്…ആർക്കോ വേണ്ടി ജീവിക്കുകയാണെന്ന തോന്നൽ എന്നെ വേട്ടയാടിക്കൊണ്ടിരിക്കാൻ തുടങ്ങി..

ആ ദിവസങ്ങളിലാണ് എനിക്ക് വിനോദിന്റെ ഒരു മെസ്സേജ് വന്നത്..അവൻ നാട്ടിലുണ്ടെന്നും അവന്റെ വിവാഹം കഴിഞ്ഞെന്നും അവനിൽ നിന്നും മനസ്സിലായി..

അനൂപേട്ടനും ചിന്നുമോളും പോയി കഴിഞ്ഞാൽ മിക്കപ്പോഴും ഞങ്ങൾ ഫോൺ വിളിച്ചു സംസാരിക്കാൻ തുടങ്ങി..അവൻ എന്നോട് വിവാഹം കഴിക്കാൻ പറഞ്ഞത് എന്നോട് സ്നേഹമില്ലാഞ്ഞിട്ടല്ലായെന്നും എന്റെ വിവാഹം കഴിഞ്ഞാലേ അവനെ അവന്റെ അമ്മാവന്മാർ നാട്ടിലേയ്ക്ക് പറഞ്ഞയക്കൂ എന്നുള്ളത് കൊണ്ടാണെന്നുമൊക്കെ പറഞ്ഞപ്പോൾ അവനോട് തോന്നിയിരുന്ന ചെറിയ വെറുപ്പും എനിക്കില്ലാതെയായി..

വിവാഹം കഴിച്ചെങ്കിലും ഇപ്പോഴും ഞാൻ മാത്രമേ അവന്റെ മനസ്സിലൊള്ളൂയെന്ന് അവൻ പറഞ്ഞപ്പോൾ എനിക്കും അങ്ങനെ തന്നെയൊക്കെയാണെന്ന മറുപടിയാണ് ഞാൻ നൽകിയത്…

എന്തായാലും ഞങ്ങളുടെ പ്രണയം വീണ്ടും തളിരിടാൻ തുടങ്ങി..ഞങ്ങൾ ഒന്നായി ഒറ്റ ശരീരമായി മാറുന്ന നിമിഷത്തിന് വേണ്ടി ഞങ്ങൾ കൊതിച്ചു..അതിന് വേണ്ടി അവസരങ്ങൾക്കായി ഞങ്ങൾ കാത്തിരുന്നു..

ഞങ്ങൾ അക്കാര്യം തീരുമാനിച്ചു കഴിഞ്ഞു..വിനോദ് ദുബായിലേക്ക് തിരിച്ചു പോകുന്നതിന് മുമ്പ് ഒരു പ്രാവിശ്യമെങ്കിലും ഞങ്ങൾക്ക് ഞങ്ങളുടെ ലോകത്തൊന്ന് ആഘോഷിക്കണം..ഒന്നായി മാറണം..

അന്നത്തെ ദിവസം വിനോദിന്റെ പ്ലാനിംഗ് പ്രകാരം അനൂപേട്ടനും ചിന്നുമോളും വീട്ടിൽ നിന്നിറങ്ങിയ സമയം ഞാനും വീട് പൂട്ടി ഇറങ്ങി..ചിലപ്പോൾ കൂട്ടുക്കാരിയുടെ വീട്ടിലേയ്ക്കൊന്ന് പോകുമെന്ന് അനൂപേട്ടനോട് സൂചിപ്പിച്ചിരുന്നു..

ആദ്യം ഓട്ടോറിക്ഷയിൽ അവൻ പറഞ്ഞ സ്ഥലത്തേയ്ക്ക് വരാനാണ് പറഞ്ഞത്..അവിടെ നിന്ന് അവന്റെ കാറിൽ റൂം ബുക്ക് ചെയ്തിട്ടുള്ള ഏതോ ഒരു ഹോട്ടലിലേയ്ക്ക്…അനൂപേട്ടനും ചിന്നുമോളും വീട്ടിലെത്തുന്നതിനു മുമ്പേ വീട്ടിൽ തിരിച്ചെത്തുക..ഇതൊക്കെയായിരുന്നു പ്ലാൻ…

ഏതായാലും ആദ്യം കണ്ട ഓട്ടോറിക്ഷയ്ക്ക് തന്നെ കൈകാണിച്ചു..വിനോദിനെ വളരെ കാലങ്ങൾക്ക് ശേഷം കാണാൻ പോകുകയാണെന്നുള്ള സത്യാവസ്ഥയെ കുറിച്ചും ഇഷ്ടപ്പെട്ട പുരുഷനുമായി പങ്കിടാൻ പോകുന്ന സുന്ദരനിമിഷങ്ങളെ കുറിച്ചോർത്തും ഏതോ ഒരു മായാലോകത്തായിരുന്നു ഞാൻ..

പെട്ടെന്നാണ് അത് സംഭവിച്ചത്..ഒരു ടിപ്പർ ലോറി ഞങ്ങളുടെ ഓട്ടോറിക്ഷയ്ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു…

ബോധം വരുമ്പോൾ ഞാൻ ഹോസ്പിറ്റലിലാണ്..എന്റെയടുത്തുള്ള നേഴ്സ് എന്നോട് എന്തോ പറയുന്നത് പോലെ എനിയ്ക്ക് തോന്നി..അല്പം കഴിഞ്ഞ് അനൂപേട്ടൻ എന്റെയടുത്തേയ്ക്ക് വന്നു..

അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു..ഏട്ടൻ എന്റെ കവിളിലും മുഖത്തുമായി ഒരുപ്പാട് ചുംബനങ്ങൾ നൽകി..അദ്ദേഹത്തിന്റെ കണ്ണുനീർ തുള്ളികൾ എന്റെ മുഖത്ത് പതിച്ചപ്പോഴാണ് ഞാൻ ആ സ്നേഹം ശരിക്കും മനസ്സിലാക്കുന്നത്..

നിനക്കൊന്നുമില്ലെന്ന് പറഞ്ഞ് ഏട്ടൻ എന്നെ സമാധാനിപ്പിക്കുമ്പോഴും ഈ മനുഷ്യനെയല്ലേ ദൈവമേ ഞാൻ ചതിക്കാൻ ശ്രമിച്ചത് എന്നോർത്ത് ശരിക്കും ഞാൻ കരഞ്ഞ് പോവുകയായിരുന്നു..

ഏട്ടൻ എന്നെ തലോടുമ്പോഴും എന്റെ കൈകളിൽ പല തവണയായി മുത്തം വെയ്ക്കുമ്പോഴും ഞാൻ അടുത്തറിഞ്ഞു കൊണ്ടേയിരിക്കുകയായിരുന്നു ആ സ്നേഹത്തിന്റെ തീവ്രത…

ഹോസ്പിറ്റലിലേക്ക് വന്ന ചിന്നു മോൾ എന്നെ കണ്ടതും വാവിട്ട് കരഞ്ഞ ആ നിമിഷം ഈ ജീവിതത്തിൽ എനിക്ക് മറക്കാനേ കഴിയില്ല. ആ രണ്ട് പേർക്കിടയിലും സ്നേഹം കൊണ്ട് വീർപ്പ് മുട്ടുകയായിരുന്നുവെന്ന സത്യം തിരിച്ചറിയാൻ ഞാൻ വൈകിപ്പോയിരുന്നു…

ഇന്ന് ഞാനൊരു ഭാര്യയാണ്..ഭർത്താവിനെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു ഭാര്യ…

ഇന്ന് ഞാനൊരു അമ്മയും കൂടിയാണ്..എന്റെ ചിന്നുമോളുടെ സ്നേഹനിധിയായ അമ്മ…