ഞാൻ ചുറ്റിലും കണ്ണോടിച്ചു ചുമരിൽ പതിച്ചിരിക്കുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ ചിത്രങ്ങൾ എന്നെ നോക്കി ചിരിക്കുന്നതുപോലെ തോന്നി…

കാണാകണ്മണി

Story written by Aparna Dwithy

=================

അന്ന് രാത്രി എനിക്ക്  ഉറങ്ങാൻ സാധിച്ചില്ല. കണ്ണടക്കുമ്പോൾ മുന്നിൽ ഒരു പിഞ്ചുകുഞ്ഞിന്റെ മുഖമാണ് തെളിഞ്ഞു വരുന്നത്. കാതിൽ അതിന്റെ ശബ്ദം മുഴങ്ങുന്നു.

എപ്പോളോ തോന്നിയ ഒരു അബദ്ധത്തിനു സമ്മാനമായി വയറ്റിൽ കുരുത്തത് ഒരു കുഞ്ഞു ജീവൻ. ഇനി എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ്. ഒരു കോളേജ് പ്രണയം ചെന്നവസാനിച്ചതിങ്ങനെ!

വേണ്ടെന്ന് പലതവണ പറഞ്ഞതായിരുന്നു അവനോട്. പക്ഷേ ആശ്വാസവാക്കുകൾ പറഞ്ഞു അവൻ തന്നെ പതിയെ കീഴ്പെടുത്തുകയായിരുന്നു.

രണ്ട് ദിവസമായി വയറ്റിൽ വളരുന്ന ആ ഭ്രൂ ണം തന്നെ അലട്ടുകയായിരുന്നു. അവൻ തന്നെയായിരുന്നു അതിന് പരിഹാരം നിർദ്ദേശിച്ചതും

“അ ബോ ർ ഷ ൻ “

നാളെ അതിന് വേണ്ടി തയ്യാറായിരിക്കാനും പറഞ്ഞിട്ടുണ്ട് പക്ഷേ….

വയറ്റിൽ ജീവന്റെ തുടിപ്പ് കുരുത്തപ്പോൾ തന്നെ അറിയാതെ താനും ഒരു അമ്മയായി മാറുകയായിരുന്നു. സ്വന്തം കുഞ്ഞിനെ കൊ ല്ലാ ൻ ഏതമ്മയ്ക്കാണ് സാധിക്കുക ? പക്ഷേ….

കോളേജ് വിദ്യാർത്ഥിനി ആയ മകൾ ഗർഭിണി ആണെന്നറിഞ്ഞാൽ തന്റെ അച്ഛനും അമ്മയും മാനഹാനി കാരണം ആ ത്മ ഹ ത്യ ചെയ്തേക്കാം, തന്റെ കുഞ്ഞനിയത്തിയുടെ നല്ല ഭാവി നഷ്ടമായേക്കും, സമൂഹം തന്നെ പി ഴ ച്ച വ ൾ എന്ന് മുദ്രകുത്തിയേക്കാം, വേണ്ട ഞാൻ കാരണം ആർക്കും ഒരു നഷ്ടവും സംഭവിക്കരുത്. “വാവേ അമ്മയ്ക്ക് മാപ്പ്‌ നൽകുക ” വയറിൽ തലോടി പതിയെ ആ ഭ്രൂ ണ ത്തോട് മാപ്പപേക്ഷിച്ചു.

പിറ്റേന്ന് അവന്റെ കൂടെ ഹോസ്പിറ്റലിൽ ചെന്നതും പൂർണ്ണ മനസ്സോടെ ആയിരുന്നില്ല.

“ഡാ വേണ്ട. എനിക്ക് അതിന് മനസ്സ് വരുന്നില്ല ” ഡോക്ടറുടെ മുറിയിലേക്ക് കയറും മുൻപ് ഞാൻ അവനോട് പറഞ്ഞു.

‘നീയെന്ത് ഭ്രാ ന്താ.ണ് പറയുന്നത്. നി നിന്റെ ഭാവിയെ കുറിച്ചു ഓർത്തു നോക്ക്, പോട്ടെ നിന്റെ മാതാപിതാക്കളെ കുറിച്ചു ഓർത്തു നോക്ക്. നി ഈ കുഞ്ഞിന് ജന്മം നൽകിയാൽ എന്റെ അവസ്ഥയെ കുറിച്ചു ഓർത്തിട്ടുണ്ടോ ?ഇരുപത്തിയൊന്ന് വയസ്സ് പോലും തികഞ്ഞില്ലെനിക്ക് ‘ അവൻ പറഞ്ഞു നിർത്തി.

“ഇതൊക്കെ എന്തേ നി മുൻപേ ഓർത്തില്ല ” ഞാൻ തിരിച്ചടിച്ചു.

‘ദേ നോക്ക് തെറ്റ് രണ്ടുപേരുടെ ഭാഗത്തും ഉണ്ട്..നിന്നെ മാത്രം ന്യായീകരിക്കണ്ട. കുറച്ചു ദിവസമല്ലേ ആയുള്ളൂ ഇപ്പോ ഒരുപക്ഷേ ഒരു ടാബ്ലെറ്റിൽ ഇത് തീർക്കാൻ സാധിചേക്കാം. കൂടുതൽ ഒന്നും ആലോചിക്കേണ്ട നി വാ ‘ അവൻ തന്നെ അകത്തേക്ക് കൂട്ടിയിട്ട് പോയി

“ഇരിക്കൂ….എന്താ പ്രശ്നം ?” ഡോക്ടർ ചോദിച്ചു

‘വിവാഹ നിശ്ചയം കഴിഞ്ഞു എന്നും അടുത്തവർഷമാണ് വിവാഹമെന്നും ഒരു കുഞ്ഞു ഇപ്പോൾ വേണ്ട എന്നും അവൻ പറഞ്ഞവസാനിപ്പിച്ചു. അവൻ എല്ലാം പ്ലാൻ ചെയ്താണ് വന്നിരിക്കുന്നതെന്ന് എനിക്ക് മനസിലായി. ഞാൻ ചുറ്റിലും കണ്ണോടിച്ചു ചുമരിൽ പതിച്ചിരിക്കുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ ചിത്രങ്ങൾ എന്നെ നോക്കി ചിരിക്കുന്നതുപോലെ തോന്നി.

“ഇയാൾ ഒന്നും പറഞ്ഞില്ല ?” ഡോക്ടറുടെ ചോദ്യം എന്നിൽ  പരിസരബോധം ഉണ്ടാക്കി.

‘എല്ലാം അവന്റെ ഇഷ്ട്ടം ‘ ഞാൻ മറുപടി നൽകി.

“സീ നിങ്ങൾ എന്തായാലും മാര്യേജ് ചെയ്യാൻ പോകുന്നവരാണ് പിന്നെന്താണ് പ്രശ്നം ? വീട്ടുകാരോട് സംസാരിച്ചു മാര്യേജ് കുറച്ചു നേരത്തേ അറൈൻജ് ചെയ്യൂ. അറിഞ്ഞു കൊണ്ട് ഒരു കുഞ്ഞിന്റെ ജീവൻ  കളയണോ ?”

‘അതൊന്നും ശരിയാവില്ല ‘ ഡോക്ടർ പറഞ്ഞു തീരും മുൻപേ അവൻ ഇടയിൽ കയറി പറഞ്ഞു.

“നിങ്ങൾ ഒരു കാര്യം മനസിലാക്കണം ഒരു കുഞ്ഞു കൂടെ ഉണ്ടെങ്കിൽ ജീവിതം എത്ര മനോഹരമായിരിക്കുമെന്ന് ” ഡോക്ടർ പിന്നെയും ഞങ്ങളെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു.

‘ഡോക്ടർ പ്ലീസ്…..പറ്റുമെങ്കിൽ ഞങ്ങളെ ഹെൽപ് ചെയ്യൂ ‘ അവന്റെ ക്ഷമ നശിച്ചു തുടങ്ങിയിരുന്നു.

“ശരി ഞാനൊരു ടാബ്ലറ്റ് തരാം അത് രാത്രി കഴിക്കു. ചെറിയ പെയിൻ ഉണ്ടാവും. എന്തേലും അസ്വസ്ഥത തോന്നുന്നുണ്ടേൽ എന്നെ വന്നു കണ്ടാൽ മതി “

‘ഓക്കേ ഡോക്ടർ ‘ അവൻ പ്രിസ്ക്രിപ്ഷൻ വാങ്ങി എന്നെയും കൂട്ടി മുറിക്ക് പുറത്തിറങ്ങി.

‘നി ഇവിടെ ഇരിക്ക് ഞാൻ പോയി മരുന്ന് വാങ്ങി വരാം ‘ അവൻ എന്നെ അടുത്ത് കണ്ട ബെഞ്ചിൽ ഇരുത്തി മരുന്ന് വാങ്ങാൻ പോയി.

“മോൾക്കിപ്പോ എത്രാം മാസമാ ?” പെട്ടന്ന് അടുത്തിരുന്ന സ്ത്രീ എന്നോട് ചോദിച്ചു. ഞാൻ ഉത്തരം പറയാതെ അവരുടെ മുഖത്തേക്ക് നോക്കി.

“കൂടെ ഉണ്ടായതാവുമല്ലേ ഭർത്താവ് ?ചെറുപ്രായത്തിൽ കല്യാണം കഴിഞ്ഞതല്ലേ നല്ലോണം ശ്രദ്ധിക്കണംട്ടോ. ആൺകുട്ടി ആയിരിക്കും മോളുടെ ചെക്കനെ പോലെ ഒരു സുന്ദരൻ കുട്ടൻ ” അവരുടെ വാക്കുകൾ കേട്ട് പുറത്തേക്കൊഴുകിയ കണ്ണീർ പാടുപെട്ട് പിടിച്ചു നിർത്തി ഞാൻ മൗനം പാലിച്ചു.

“ഞാൻ ശ്രീലത. ഞാനും ആനി ഡോക്ടറെ കാണാൻ വന്നതാ. കുറേ നാളായി ഡോക്ടറുടെ കീഴിലാ ചികിത്സ ഒരു കുഞ്ഞുണ്ടാവാനേ…..കല്യാണം കഴിഞ്ഞിട്ട് വർഷം പത്തു കഴിഞ്ഞു. ഇത് വരെ ഒരു കുഞ്ഞുണ്ടാവാനുള്ള ഭാഗ്യം ഈശ്വരൻ തന്നില്ല. ഒരുപാട് പ്രാർത്ഥനേം വഴിപാടും ഒക്കെ നേർന്നു, കുറേ ചികിത്സയും നടത്തി ഇതുവരെ ഫലമുണ്ടായില്ല. ഇതാണ് അവസാന പ്രതീക്ഷ ഈശ്വരൻ അനുഗ്രഹിക്കാതിരിക്കില്ല ” അവർ കണ്ണീർ തുടച്ചു പറഞ്ഞു നിർത്തി.

ഒരു കുഞ്ഞുണ്ടാവാത്തതിന്റെ വേദന അവരുടെ വാക്കുകളിൽ നിന്നും വ്യക്തമായിരുന്നു.

“ഡി വാ പോകാം “.അപ്പോളേക്കും അവൻ വന്നു വിളിച്ചു.

ഞാൻ അവിടെ നിന്നും ഇറങ്ങുമ്പോൾ മനസ്സിൽ ചിന്തകൾ ഏറെയായിരുന്നു. ഒരുപാടുപേർ കുഞ്ഞുണ്ടാവാനായി പ്രാർത്ഥനയും ചികിത്സയുമായി നടക്കുമ്പോൾ ഞാൻ…

“ഡീ നീയെന്താ ആലോചിക്കുന്നേ വീടെത്തി, ഇറങ്‌ ” അവൻ പറഞ്ഞപ്പോൾ ചിന്തയിൽ നിന്നുണർന്നു.

“ദാ മരുന്ന്, പിന്നെ പറഞ്ഞതോർമ്മയുണ്ടല്ലോ വെറുതെ ഓരോന്നോർത്ത് സെന്റി അടിച്ചിരിക്കേണ്ട. നിന്നെ മാത്രമല്ല ഇത് ബാധിക്കുക നിന്റെ അച്ഛനേം അമ്മയേം അനിയത്തിയേം ഒക്കെ ഓർക്കണം.  മനസിലായല്ലോ ?” അതും പറഞ്ഞു അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു.

വീട്ടിലേക്ക് ചെന്ന് മരുന്ന് കയ്യിൽ എടുത്തപ്പോൾ മനസ്സിൽ ജന്മം നൽകിയവരുടെ മാത്രം മുഖമായിരുന്നു. വേദന കൊണ്ട് പുളയുമ്പോൾ മരിച്ചത് എന്റെ കുഞ്ഞുമാത്രമായിരുന്നില്ല എന്നിലെ മാതൃത്വവുമായിരുന്നു……!

~അപർണ