നിഷാന ടൈലേഴ്സ്
Story written by Saji Thaiparambu
==================
രാത്രി ഏറെ വൈകിയിട്ടും നിഷാന ടൈലേഴ്സിനുളളിൽ നിന്നും തയ്യൽ മെഷീന്റെ കട കട ശബ്ദം മുഴങ്ങികൊണ്ടിരുന്നു.
നാളെ കഴിഞ്ഞ് മകൾ നിഷാനയുടെ നിക്കാഹാണ്. അവൾക്ക് വേണ്ടിയുള്ള ലാച്ച തുന്നുന്ന തിരക്കിലാണ് ഷാഹിന
നിച്ചുവിന് ഒരേ നിർബന്ധം, അവളുടെ വിവാഹത്തിനുള്ളതുന്നൽ പണിയൊക്കെ ഉമ്മിച്ചി തന്നെ ചെയ്താൽ മതിയെന്ന്
നിച്ചു എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന നിഷാനയെ കൂടാതെ ഇളയ ഒരു മകനും കൂടിയുണ്ട് ഷാഹിനയ്ക്കും ഗൾഫിലുള്ള, അവളുടെ ഭർത്താവ് ഷെറീഫിനും.
ഏറെക്കാലമായി ഗൾഫിലുള്ള ഷെറീഫിനെ കൊണ്ട് സാമ്പത്തികമായി ഷാഹിനയ്ക്ക് സഹായമൊന്നുമില്ല.
മൂന്ന് വർഷത്തിൽ ഒരിക്കൽ നാട്ടിൽ വന്ന് പോകുന്ന ഭർത്താവിനോടൊത്ത് റൊമാൻറിക് ആയി ജീവിക്കാൻ എല്ലാ ഭാര്യമാരെയും പോലെ ഷാഹിനയും ഒത്തിരി ആഗ്രഹിച്ചു. പക്ഷേ തന്നെക്കാൾ മൊഞ്ച് കുറവുള്ള ഷാഹിന യോടൊത്ത് സമയം കളയുന്നതിനെക്കാൾ അയാൾക്കിഷ്ടം, താൻ കൊണ്ട് വരുന്ന സ്കോച്ച് വിസ്കി പ്രതീക്ഷിച്ചിരിക്കുന്ന പ്രിയപ്പെട്ട കുട്ടുകാരോടൊപ്പം അടിച്ച് പൊളിക്കുന്നതായിരുന്നു.
മക്കൾക്കും അയാൾ പതിയെ പതിയെ, വല്ലപ്പോഴും സമ്മാനപൊതികളുമായെത്തുന്ന വെറുമൊരു വിരുന്ന്കാരനായി മാറി.
കുടുംബത്തെക്കുറിച്ചും.കുട്ടികളെ കുറിച്ചും ഒട്ടും തന്നെ ശങ്കയില്ലാതെ അയാൾ ഗൾഫിലെ വൈറ്റ്കോളർ ജോബിൽ സന്തുഷ്ടനായി, കിട്ടുന്ന ശബ്ബളത്തിൽ നാമമാത്രമായ സംഖ്യ ഷാഹിനയ്ക്ക് അയച്ച് കൊടുത്തിട്ട്, ബാക്കി തൊണ്ണൂറ് ശതമാനവും അടിച്ച് പൊളിച്ച് ജീവിച്ചു.
പിന്നെ മക്കളെ പഠിപ്പിച്ച് വളർത്തിയെടുക്കാനുള്ള പൂർണ്ണ ഉത്തരവാദിത്തം ഷാഹിനയുടെ തലയിലായി.
അങ്ങനെ ഷാഹിനയുടെ സഹോദരങ്ങളുടെ സഹായത്താൽ അറിയാവുന്ന കൈതൊഴിലുമായി അവളൊരു തയ്യൽ കട തുടങ്ങി.
വർഷങ്ങൾ കടന്ന് പോയി….
ഇപ്പോൾ മകൾ നിഷാനയെ കണ്ട് ഇഷ്ടപ്പെട്ട് വന്ന ചെറുക്കന് തന്നെ, അവളുടെ കൈ പിടിച്ച് കൊടുക്കാൻ രണ്ട് വീട്ടുകാരുടെയും പരിപൂർണ്ണ സമ്മതത്തോടെ തീരുമാനവുമായി.
എല്ലാത്തിനും മുമ്പിൽ നില്ക്കേണ്ട സ്വന്തം ബാപ്പ നിക്കാഹിന്, തലേ ദിവസമായ നാളെയെ എത്തുകയുള്ളു.
ലീവില്ലത്രേ…
അത് പച്ചക്കള്ളമാണെന്ന് മുൻ അനുഭവങ്ങളിൽ നിന്ന് ഷാഹിനയ്ക്ക് നല്ല ബോധ്യമുണ്ട്. രാവിലെ മുതൽ ഒരേ ഇരുപ്പ് ഇരുന്നിട്ട് നടുവ് നുറുങ്ങുന്ന വേദന. എന്നിട്ടും ഷാഹിന തയ്ച്ച് തീർന്ന് കഴിഞ്ഞിട്ടാണ് എഴുന്നേറ്റത്.
വീട്ടിൽ ചെന്ന് മോളോട് പറഞ്ഞ് നടുവിന് കുറച്ച് അമൃതാഞ്ജൻ പുരട്ടുമ്പോൾ കുറച്ച് ആശ്വാസം കിട്ടും. എത്ര നാളായി ഇത് സഹിക്കുന്നതാണ്. വേദന കടിച്ച് പിടിച്ച് പിന്നെയും ജോലി തുടരും. അല്ലെങ്കിൽ തന്റെ കുടുംബം പട്ടിണിയാകുമെന്ന് അവൾക്ക് നന്നായിട്ടറിയാം.
വീട്ടിൽ വന്ന ഉടനെ ബെഡ് റൂമിൽ കയറി ചുരിദാർ ടോപ്പ് ഉയർത്തി കട്ടിലിൽ കമിഴ്ന്ന് കിടന്ന് കൊണ്ട് മോളെ വിളിച്ചു.
“നിച്ചു… “
”എന്താ ഉമ്മീ..?
“മോളെ, ആ അമൃതാഞ്ജൻ കുറച്ചെടുത്ത് ഉമ്മിച്ചീടെ ഇടുപ്പിന് തേച്ച് തടവി താ, വേദന സഹിക്കാൻ പറ്റുന്നില്ല.”
”ഉമ്മീ എത്ര നാളായി ഇങ്ങനെ വേദന സഹിക്കുന്നു. ഒരു ഡോക്ടറെ കാണാൻ ഞാൻ പറഞ്ഞതല്ലേ “
“സാരമില്ല മോളേ, ഡോക്ടറെ കാണാൻ പോയാൽ പിന്നെ എക്സ്റേ, സ്കാനിങ്ങ് എന്നൊക്കെ പറയും. അതൊക്കെ കൊറെ ചെലവുള്ള കാര്യമാ…നമുക്ക് അതിനൊള്ള സമ്പാദ്യമൊന്നുമില്ല. ആദ്യം എന്റെ മോളുടെ നിക്കാഹ് കഴിയട്ടെ അതാണ് ഉമ്മാടെ ഏറ്റവും വലിയ സ്വപ്നം.”
അങ്ങനെ ആ രാത്രിയും കഴിഞ്ഞു.
പിറ്റേന്ന് മൈലാഞ്ചിയിടൽ ചടങ്ങിനായ് വാടകയ്ക്കെടുത്ത ഓഡിറ്റോറിയത്തിൽ എല്ലാവരും എത്തിച്ചേർന്നു.
നിഷാനയുടെ കയ്യിൽ മെയിലാഞ്ചി തൊടുവിച്ച് കൊണ്ട്, ഷാഹിന ഇറങ്ങി , ഓഡിറ്റോറിയത്തിന് മുൻ വശത്തെ വാതിൽക്കൽ നിന്നു.
ക്ഷണിച്ചുവരുത്തിയവരെ, ഇവിടെ നിന്ന് സ്വീകരിക്കേണ്ടയാൾ, ഇത് വരെ എത്തിയിട്ടില്ല.
പെട്ടെന്നാണ് ഇടിത്തീ പോലെ ആ വാർത്ത വന്നത്. ഗൾഫിൽ ഒരു വലിയ ആക്സിഡൻറ് നടന്നു..അതിൽ മ രണപ്പെട്ട ഏഴ് പേരിൽ ഒരാൾ ഷെറീഫ് ആയിരുന്നു.
ശബ്ദകോലാഹലങ്ങൾ നിലച്ചു. ഓഡിറ്റോറിയത്തിനുള്ളിൽ നിശബ്ദത നിറഞ്ഞു.
ഷെറീഫിന്റെ മരണവാർത്തയറിഞ്ഞ ഷാഹിന ബോധംകെട്ട് വീണു.
******************
അടഞ്ഞ കണ്ണുകൾ, ഷാഹിന പ്രയാസപ്പെട്ടാണ് തുറന്നത്.
ഏതോ മുറിക്കുള്ളിൽ താൻ കിടക്കുകയാണ്. മുകളിൽ വെള്ളപൂശിയ മേൽക്കൂരയാണ് കാണുന്നത്. ഫാനില്ലാതിരുന്നിട്ടും നന്നായി തണുക്കുന്നുണ്ട്. തന്നെ പുതച്ചിരിക്കുന്നത് പച്ച ഷീറ്റ് കൊണ്ടാണ്.
ങ് ഹേ, അപ്പോൾ താനേതോ ആശുപത്രിക്ക് ഉള്ളിലെ icu വിലാണെന്ന് തോന്നുന്നു. അവൾ പഴയ കാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രമിച്ചു.
അതെ തന്റെ മോളുടെ നിക്കാഹിന് ഓഡിറ്റോറിയത്തിൽ പോയത് ഓർമ്മയുണ്ട്. പിന്നെ എന്താണ് സംഭവിച്ചത്. പെട്ടെന്നവൾ ഞെട്ടി.
അതെ ഇപ്പോൾ ഓർമ്മ വരുന്നു.
ഷെറീഫിക്കാ മരിച്ച വാർത്ത കേട്ട് താൻ ബോധംകെട്ടത്.
എന്റെ റബ്ബേ…അപ്പോൾ എന്റെ മോളുടെ നിക്കാഹ് നടന്നില്ലേ? താനിത്ര നാളും കഷ്ടപ്പെട്ട തൊക്കെ വെറുതെയായോ?
ഷാഹിനയ്ക്ക് സങ്കടം അടക്കാനായില്ല. അവൾ പൊട്ടിക്കരഞ്ഞു.
“ഷാഹിന നീ ഉണർന്നോ?”
ആ ശബ്ദം കേട്ട ഭാഗത്തേയ്ക്ക് അവൾ തല തിരിച്ച് നോക്കി.
അമ്പരപ്പ് കൊണ്ടവൾക്ക്, വീണ്ടും ബോധക്ഷയം വരുമെന്ന് തോന്നി.
അടുത്ത കട്ടിലിൽ, താൻ കിടക്കുന്നത് പോലെ തന്റെ ഭർത്താവും കിടക്കുന്നു.
”ങഹേ, നിങ്ങൾ? നിങ്ങളെങ്ങനെ ഇവിടെ വന്നു, അപ്പോൾ ഞാൻ കേട്ടതൊക്കെ? “
അവളുടെ അമ്പരപ്പ് കണ്ടപ്പോൾ ഷറീഫ് പറഞ്ഞു.
“ഉം. ഞാൻ മരിച്ചു പോയി എന്ന വാർത്ത കേട്ടല്ലേ നീ അന്ന് ബോധംകെട്ടത്. അതൊരു ഫേക്ക് ന്യൂസ് ആയിരുന്നു. നീ ബോധം കെട്ട് ഹോസ്പിറ്റലിലാണെന്നറിഞ്ഞാണ് ഓഡിറ്റോറിയത്തിൽ വന്ന ഞാൻ വേഗം ഇവിടെയെത്തിയത്.
വിദഗ്ദ പരിശോധനയിൽ നിന്റെ രണ്ട് വൃക്കകളും തകരാറിലാണെന്ന് ഞാനുൾപ്പെടെ എല്ലാവരും അപ്പോഴാണ് അറിയുന്നത്.
ബാപ്പ കാരണമാണ് ഞങ്ങടെ ഉമ്മച്ചിക്ക് ഈ ഗതി വന്നതെന്നും, ഇനി ഞങ്ങൾക്കാരുമില്ലന്നും പറഞ്ഞ് എന്റെ മക്കൾ എന്നെ ശപിച്ചു.
സത്യത്തിൽ അപ്പോൾ മാത്രമാണ് ഞാൻ എന്റെ കുടുംബത്തെ കുറിച്ച് ചിന്തിക്കുന്നത്.
“അപ്പോൾ എന്റെ മോളുടെ കല്യാണം മുടങ്ങിയല്ലേ.?
ഷാഹിനയ്ക്ക് തന്റെ അസുഖമറിഞ്ഞതിനെക്കാൾ ഉത്ക്കണ്ഠ മകളുടെ വിവാഹ കാര്യത്തിലായിരുന്നു.
“ഇല്ല ഷാഹീ, അവരുടെ കുറ്റപ്പെടുത്തലുകളാണ് എന്നെ കൊണ്ട് ഇതെല്ലാം ചെയ്യിച്ചത്.
“എന്തെല്ലാം?
ഷാഹിനയ്ക്ക് ജിജ്ഞാസയായി.
“മോളുടെ നിക്കാഹ് നിശ്ചയിച്ചത് പോലെ തന്നെ ഞാൻ നടത്തിക്കൊടുത്തു.
ഷറീഫ് തുടർന്നു….
“പിന്നെ നേരത്തെ തന്നെ നിന്റെ അസുഖത്തെ കുറിച്ച് നീ, ബോധവതിയായിരുന്നിട്ടും എന്നോട് പോലും പറയാതെ മക്കളുടെ ഭാവിയോർത്ത് എല്ലാം സഹിച്ചു.
“ശരിയാ നിന്നെക്കുറിച്ച് ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല.
സ്വാർത്ഥനായ ഞാൻ എന്റെ സുഖങ്ങൾക്കായി പണവും സമയവും ചിലവഴിച്ചപ്പോൾ മക്കൾക്ക് വേണ്ടി ജീവിച്ച നീയാണ് ഏറ്റവും മികച്ച ഭാര്യയും ഉമ്മയും എന്ന് എനിക്ക് തെളിയിച്ച് തരികയായിരുന്നു. മക്കളുടെ കുറ്റപ്പെടുത്തലുകൾ എന്റെ കണ്ണ് തുറപ്പിച്ചു.
ഞാനായിട്ട് നഷ്ടപ്പെടുത്തിയ നല്ലൊരു കുടുംബ ജീവിതം ഇനിയെങ്കിലും നിനക്ക് നല്കണമെന്ന് ഞാനാഗ്രഹിച്ചു.
അത് കൊണ്ടാണ് വൃക്ക മാറ്റിവച്ചാൽ നിന്നെ തിരിച്ച് കിട്ടുമെന്നു, ഡോക്ടർ പറഞ്ഞപ്പോൾ ആരോഗ്യവാനായ എന്റെ രണ്ട് വൃക്കകളിൽ ഒന്ന് നിനക്ക് തരാൻ ഞാൻ തയ്യാറായത്.
ഇനിയുള്ള കുറച്ച് നാളെങ്കിലും നമുക്ക് ഒരുമിച്ച് ജീവിക്കണം ഷാഹിന. ഇനി ഞാൻ ഗൾഫിൽ പോകുന്നില്ല. ഈ വിശ്രമം കഴിയുമ്പോൾ നമുക്ക് രണ്ട് ഇലക്ട്രിക് തയ്യൽ മെഷിൻ വാങ്ങാം.
എന്റെ പഴയ തൊഴിൽ മറന്നിട്ടില്ല ഞാൻ.
ഇനി മുതൽ നീ ഒറ്റക്കല്ല. നമ്മുടെ ജീവിത നദിക്ക് കുറുകെയുള്ള ഈ തോണിയെ നമുക്ക് ഒരുമിച്ച് തുഴയാം,
ആ വാക്കുകൾ കേട്ടപ്പോൾ ഷാഹിന ആദ്യമായി ഉള്ള് തുറന്ന് ചിരിച്ചു.
~സജിമോൻ തൈപ്പറമ്പ്.