മിക്ക പ്രണയങ്ങളും പോലെ തന്നെ എന്നെയും തേച്ചിട്ട് വിവാഹം കഴിക്കുന്നതിൽ അവളും സന്തോഷം കണ്ടെത്തി…

രക്ഷയ്ക്കെത്തിയ മാലാഖയ്ക്ക്…

Story written by Saheer Sha

====================

ഇന്നവളുടെ വിവാഹമായിരുന്നു..

മിക്ക പ്രണയങ്ങളും പോലെ തന്നെ എന്നെയും തേച്ചിട്ട് വിവാഹം കഴിക്കുന്നതിൽ അവളും സന്തോഷം കണ്ടെത്തി..

ഇത് കേൾക്കുമ്പോൾ നിങ്ങൾ വിചാരിക്കുന്നുണ്ടാകും സങ്കടം സഹിക്കാൻ കഴിയാതെ തകർന്ന് തരിപ്പണമായ മനസ്സും കൊണ്ട് ഞാനെഴുതിയ വരികളാണ് നിങ്ങൾ വായിച്ചു കൊണ്ടിരിക്കുന്നതെന്ന്..

എന്നാൽ അവളുടെ വിവാഹം കൊണ്ട് എനിക്കൊരു ചുക്കും സംഭവിച്ചിട്ടില്ല..അതിനൊരു കാരണമുണ്ട്..അവൾ എന്നെ വിവാഹം കഴിക്കാനൊന്നും പോവുന്നില്ലെന്ന് ഞാൻ എന്നോ മനസ്സിലാക്കിയതാണ്..

അതെന്റെ ദീർഘവീക്ഷണമാണെന്ന് വേണമെങ്കിൽ ഒരു തമാശയ്ക്ക് പറയാം..പക്ഷേ അവളെക്കുറിച്ച് അത്രയെങ്കിലും മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞിരുന്നു..അതായിരുന്നു ഒരു പക്ഷെ എന്റെ വിജയവും..

ഇങ്ങനെയൊക്കെ ചെയ്യുമെന്നറിഞ്ഞിട്ടും പിന്നെയെന്തിന് അവളെ നീ പ്രണയിച്ചു..? ഇങ്ങനെയൊരു ചോദ്യമാണ് നിങ്ങളിലുള്ളതെങ്കിൽ അതിനുമെനിക്ക് എന്റേതായൊരു മറുപടിയുണ്ട്..

കോളേജ് ജീവിതത്തിൽ പ്രണയിക്കാൻ ആഗ്രഹിക്കാത്തവരായിട്ട് ആരെങ്കിലുമുണ്ടാവുമോ..?

അതും കോളേജിലെ ഒരുപാട് പയ്യന്മാർ സ്വപ്നം കണ്ട് നടക്കുന്ന ഒരു സുന്ദരിക്കുട്ടിയെ തന്നെ പ്രണയിനി ആക്കാൻ അവസരം കിട്ടിയാലോ..?

തീർച്ചയായും..ആ അവസരം ഞാൻ വിനിയോഗിക്കുക മാത്രമാണ് ചെയ്തത് സോദരേ..

പ്രണയജോഡികളായി ക്യാമ്പസിലൂടെ ഞങ്ങൾ വിരഹിക്കുമ്പോൾ അസൂയയോടെയുള്ള ചില നോട്ടങ്ങൾ എനിക്ക് നൽകിയിരുന്ന സന്തോഷം വളരെ വലുതായിരുന്നു…

പ്രണയത്തിന്റെ മാധുര്യ നിമിഷങ്ങൾ അനുഭവിച്ചറിഞ്ഞിട്ട് തന്നെയാണ് മറ്റൊരുത്തന്റെ കൈകളിലേക്ക് അവളെ സമ്മാനിക്കുന്നത് എന്നൊരു മനഃസുഖം എന്നിലുണ്ട് താനും…

എല്ലാ പ്രണയവും അവസാനിപ്പിക്കുമ്പോൾ ഇവർക്ക് പറയാൻ ചില കാരണങ്ങളുണ്ടാവുമല്ലോ..? എന്നോട് സ്വാഭാവികമായും അവൾക്ക് പറയാനുണ്ടായിരുന്നത് ഞങ്ങളുടെ മതങ്ങളെക്കുറിച്ചായിരുന്നു…

“പ്രണയിച്ചു നടന്നപ്പോൾ തനിക്ക് ഈ പറയുന്ന മതമൊന്നും ഒരു പ്രശ്നമായിരുന്നില്ലല്ലോ..?” ചുമ്മാ അവളിലെ മറുപടി കേൾക്കാൻ വേണ്ടിയങ്ങനെ ചോദിച്ചപ്പോൾ ഒരു പൊട്ടിക്കരച്ചിലായിരുന്നു മറുപടി “എന്റെ അച്ഛനെയും അമ്മയെയൊന്നും സങ്കടപ്പെടുത്താൻ എനിക്ക് കഴിയില്ലെടാ”..

എന്തായാലും കല്ല്യാണം വിളിച്ചത് കൊണ്ട് തന്നെ നല്ല അന്തസ്സായി സദ്യ ഉണ്ണിട്ട് വരാൻ ഞാൻ തീരുമാനിച്ചു..

കോളേജ് ജീവിതം കഴിഞ്ഞിട്ട് ഇതു വരെയും ഒരു ഫോൺകോൾ പോലും ചെയ്യാതിരുന്ന പലരും എനിക്കിപ്പോൾ നിറുത്താതെ വിളിച്ചു കൊണ്ടിരിക്കുകയാണ്…

എല്ലാവർക്കും അറിയേണ്ടിയിരുന്നത് എന്നെ കല്ല്യാണം വിളിച്ചിട്ടുണ്ടോ..? ഞാൻ കല്ല്യാണത്തിന് പോകുന്നുണ്ടോ..? എന്നൊക്കെയാണ്..

വിരഹത്തിന്റെ വേദനയിൽ ഞാൻ ആകെ തളർന്നിരിക്കുകയാവും എന്ന ധാരണയിൽ ഫോൺ വിളിച്ച് ആനന്ദം കണ്ടെത്തുകയാണ് അവരെല്ലാവരും…നമ്മുടെ പാഷാണം ഷാജിയൊക്കെ പറയുന്നത് പോലെ ഒരു മനഃസുഖം..അത്രയൊള്ളൂ..

എന്തായാലും..ഒന്നും നോക്കിയില്ല കല്ല്യാണത്തിന് ചെത്തി മിനുങ്ങി നേരത്തെ തന്നെയങ്ങ് പോയി..അവിടെയെത്തിയപ്പോൾ മിക്ക സുഹൃത്തുക്കളും എനിക്ക് മുന്നേ എത്തിയിട്ടുണ്ട്..പലർക്കും എന്നെയവിടെ കണ്ടപ്പോൾ വിശ്വസിക്കാൻ കഴിയാത്തത് പോലെ..ചിലർ സമാധാനിപ്പിക്കാനെന്ന തരത്തിൽ എന്റെയൊപ്പം തന്നെ കൂടിയെങ്കിലും അവരുടെ ഉള്ളറകളിലെ പരിഹാസം എനിക്ക് വ്യക്തമായി മനസ്സിലാവുന്നുണ്ടായിരുന്നു…

അത്രയ്ക്ക് വിഷമത്തിലൊന്നുമല്ല ഞാൻ അങ്ങോട്ട് പോയതെങ്കിൽ പോലും എന്തോ ആ നിമിഷങ്ങൾ എന്നെ ശരിക്കും തളർത്തുന്നതായി ഞാൻ അറിയുന്നുണ്ടായിരുന്നു…

അണിഞ്ഞൊരുങ്ങി നിൽക്കുന്ന അവളെ കാണുക കൂടി ചെയ്തപ്പോൾ ശരിക്കും കരച്ചിൽ വരുന്നുണ്ടായിരുന്നു…

അവളെ വിവാഹം കഴിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല എന്നത് സത്യമായ കാര്യമാണ്…എന്നിട്ടും അവളെ കണ്ടപ്പോൾ ഹൃദയം തകരുന്നതിൽ എനിക്ക് തന്നെ അത്ഭുതമായിരുന്നു..

എന്നെ കണ്ടിട്ടെന്നോണം എന്റെ അടുത്തേയ്ക്കവൾ പുഞ്ചിരിച്ച് കൊണ്ട് വന്നു..എന്നോട് സരസമായ രീതിയിൽ വിശേഷങ്ങൾ ചോദിച്ചു..അവളുടെ കൂട്ടുക്കാരികൾക്ക് എന്നെ പരിചയപ്പെടുത്താനും മറന്നില്ല..എന്നെ മനസ്സിലായിട്ടെന്നോണമുള്ള അവരുടെ നോട്ടം എനിക്ക് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു…

എന്തോ സുഹൃത്തുക്കളുടെ അടുത്തേയ്ക്ക് പോകാനും അവരോട് സംസാരിക്കാനും എനിക്ക് സാധിക്കുന്നില്ലായിരുന്നു…കരഞ്ഞു പോകുമോ എന്നുപോലും ഞാൻ ഭയന്നു..അവളെ ഇത്രയധികം സ്‌നേഹിച്ചിരുന്നെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്..

എന്തായാലും തളർന്ന് പോകാതിരിക്കാനും ആൾക്കൂട്ടത്തിലേക്ക് പോകാനുള്ള മടിയുള്ളതിനാലും ആളുകൾ കുറവുള്ളൊരിടത്ത് പോയി ഇരിക്കാൻ ഞാൻ തീരുമാനിച്ചു…

കുറച്ചു നേരം അവിടെയിരുന്ന് എന്തോ ചിന്തിക്കുന്നതിനിടയിൽ അറിയാതെ തന്നെ കണ്ണുകൾ അവളിലേക്ക് പോയി..ഞാൻ അങ്ങോട്ട് നോക്കിയതും അവൾ എന്നെ നോക്കിയതും ഒരുമിച്ചായിരുന്നു..ഞങ്ങളുടെ കണ്ണുകൾ ഒരു നിമിഷം തമ്മിലിടഞ്ഞു..ഞാനെന്തോ വല്ലാതെയായി..

പതിയെ ഞാൻ ഫോണിലേക്ക് ദൃഷ്ടി പതിപ്പിച്ച് അതിൽ ശ്രദ്ദിക്കുന്നതായി വരുത്തി തീർക്കാൻ തുടങ്ങി..

“ഹലോ..” ഒരു പെൺ ശബ്ദം കേട്ടപ്പോഴാണ് എനിക്ക് സ്ഥലകാല ബോധം ഉണ്ടായത്..പ്രകാശം പരത്തി കൊണ്ട് സുന്ദരിയായ ഒരു മൊഞ്ചത്തിക്കുട്ടി എനിക്കരികെ വന്നു നിൽക്കുന്നു…ധരിച്ചിരിക്കുന്ന തൂവെള്ള വസ്ത്രത്തിൽ ഒരു മാലാഖയെപ്പോലെ അവളെ തോന്നിപ്പിച്ചു..അവളുടെ മുഖത്തു നിന്ന് കണ്ണെടുക്കാനേ കഴിയുന്നുണ്ടായിരുന്നില്ല…മെല്ലെയവൾ എന്റെയടുത്ത് വന്നിരുന്നു..അത്ഭുതത്തോടെയും അതിലേറെ സംശയത്തോടെയുമാണ് ഞാൻ അവളുടെ മുഖത്തേയ്ക്ക് നോക്കിയത്..

“ഞാൻ ഷഹ്‌ന..ആതിരയുടെ അടുത്ത വീട്ടിലെയാ..ചേച്ചി എന്നോട് ഇക്കയെ കുറിച്ചെല്ലാം പറഞ്ഞിട്ടുണ്ട് ” ഇത്രയും പറഞ്ഞവൾ ഒന്ന് നിർത്തി..

ദൈവമേ..ആ പി ശാ ച് എന്തായിരിക്കും ഈ കൊച്ചിനോട് പറഞ്ഞിട്ടുണ്ടാവുകായെന്ന് ഒരു നിമിഷം ഞാൻ ചിന്തിച്ചു..

“ഇക്കയ്ക്ക് നല്ല സങ്കടമുണ്ടല്ലേ..” എന്നവൾ ചോദിച്ചപ്പോൾ ഞാൻ ചുമ്മാ ഒരു ചിരി അവൾക്ക് സമ്മാനിച്ചു..

അവൾക്ക് വിടാനുള്ള ഭാവമില്ലെന്നെനിക്ക് മനസ്സിലായി.. “ചേച്ചിയ്ക്ക് ഇപ്പോഴും ഇക്കയെ വളരെയധികം ഇഷ്ടമാണ്..മതങ്ങളെ കുറിച്ച് ചിന്തിക്കാതെ പ്രണയിച്ചിട്ടല്ലേ ഇങ്ങനെയൊക്കെയായത് ?”

“ഞാനല്ല..അവളാണ് എന്നെ പ്രേമിക്കുന്നുണ്ടെന്ന് പറഞ്ഞു വന്നത് ” കുറച്ച് ദേഷ്യത്തോടെയാണ് ഞാനത് പറഞ്ഞത്…

ഞങ്ങളുടെ സംസാരം കുറച്ചധികം നീണ്ടു പോയി..എന്നെ സമാധാനിപ്പിക്കാൻ അവൾ കിണഞ്ഞു ശ്രമിക്കുന്നുണ്ടായിരുന്നു…ഇത് വരെ ആരോടും തോന്നാത്ത ഒരു ഇഷ്ടം എനിക്ക് ആ പെൺകുട്ടിയോട് തോന്നി തുടങ്ങി..അവൾ വീണ്ടും വീണ്ടും സംസാരിക്കുന്നത് കേൾക്കാൻ ഞാൻ കൊതിച്ചു..

എത്ര സമയമാണ് അങ്ങനെ സംസാരിച്ചിരുന്നതെന്നറിയില്ല. എന്നിലവൾ പ്രണയത്തിൻ വിത്ത് പാകി കഴിഞ്ഞെന്ന് ഞാൻ മനസ്സിലാക്കി തുടങ്ങിയിരുന്നു…

ഈ മാലാഖ തന്നെയാണ് എന്റെ പ്രാണ സഖി..ഇവൾ തന്നെയാണ് എന്റെ ജീവിത പങ്കാളി..ആദ്യമായി എന്റെ മനസ്സ് എന്നോട് തന്നെ പറയാൻ തുടങ്ങിയിരിക്കുന്നു..

“ഇക്ക ഭക്ഷണം കഴിച്ചില്ലല്ലോ..? കഴിച്ചിട്ട് വാ..” എന്നു പറഞ്ഞവൾ നിർബന്ധിച്ചപ്പോഴാണ് ഞാൻ ഭക്ഷണം കഴിക്കാൻ പോയത്..

ഭക്ഷണം കഴിച്ചു വന്നപ്പോഴും അവൾ അവിടെത്തന്നെ ഇരിക്കുന്നുണ്ടായിരുന്നു..എനിക്കവളോട് എന്തോ പറയണമെന്നുണ്ടായിരുന്നു..വാക്കുകൾ കിട്ടുന്നില്ല..

“എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്..താൻ ചിന്തിച്ചിട്ട് മറുപടി പറഞ്ഞാൽ മതി..” അവളുടെ കണ്ണുകളിലേക്ക് നോക്കി വിറയാർന്ന ശബ്ദത്തിൽ ഞാൻ പറഞ്ഞതും..

പെട്ടെന്ന് തന്നെ അവൾ പറയാൻ തുടങ്ങി ” ഇക്കാ..നിങ്ങൾ എന്താണ് പറയാൻ പോവുന്നതന്നെനിക്കറിയില്ല..നിങ്ങൾ അങ്ങോട്ടൊന്ന് നോക്കൂ..അവിടെയൊരു കുഞ്ഞിനെയെടുത്തിരിക്കുന്ന സ്ത്രീയെ കണ്ടില്ലേ..? അതെന്റെ കുഞ്ഞാണ്..എടുത്തിരിക്കുന്നത് എന്റെ ഉമ്മയും..”

ഒരു നിമിഷം എന്തു പറയണമെന്നറിയാതെ ഞാനൊന്ന് പതറി..ഒരു കുഞ്ഞിന്റെ ഉമ്മയോടാണ് പ്രണയാഭ്യർത്ഥന നടത്താനൊരുങ്ങിയതെന്നോർത്തപ്പോൾ എനിക്ക് ജാള്യത തോന്നി..

എന്റെ മനസ്സിലെ മാലാഖയുടെ ചിറകുകൾ കൊഴിഞ്ഞ് പോയി..ജാള്യത മറച്ചു വെച്ച് കൊണ്ട് തന്നെ ഞാൻ അവളോട് പറഞ്ഞു “എനിക്ക് വേണ്ടി ഒരുപകാരം ചെയ്യോ..? എന്റെ കൂട്ടുക്കാർ പലരും ഇവിടെയൊക്കെയുണ്ട്..അവരുടെ മുമ്പിൽ ഞാൻ യാത്രയാവുവോളം എന്റെ പ്രണയിനിയായിട്ടൊന്ന് അഭിനയിക്കാമോ…? “

എന്റെ ആ അപേക്ഷ പുഞ്ചിരിയോടെയവൾ സ്വീകരിച്ചു..അവരെല്ലാവരും കാണാൻ വേണ്ടി തന്നെ കുറച്ചു നേരം കമിതാക്കളായി ഞങ്ങൾ അഭിനയിച്ചു തകർത്തു…

ആ കല്ല്യാണ വീട്ടിൽ നിന്ന് ഞാൻ സുഹൃത്തുക്കളോട് വിട വാങ്ങുമ്പോൾ അവൾ എന്റെ കൂടെ തന്നെയുണ്ടായിരുന്നു..എല്ലാവരുടെയും നോട്ടം അവളിലേക്ക് തന്നെയായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ..

കല്ല്യാണ വീട്ടിലേയ്ക്ക് ഞാൻ കയറി ചെല്ലുമ്പോൾ മിക്കവരുടെയും മുഖത്തുണ്ടായിരുന്ന ആ പരിഹാസച്ചിരി ഇപ്പോൾ കാണുന്നേയില്ല..

എല്ലാവരുടെയും കണ്ണുകളിൽ ഒരുപ്പാട് ചോദ്യങ്ങൾ എനിക്ക് കാണാൻ സാധിക്കുന്നുണ്ടായിരുന്നു…

അതെ..അവളെ കുറിച്ചായിരുന്നു അവർക്കറിയേണ്ടിയിരുന്നത് എന്റെ കൂടെയുള്ള ആ സുന്ദരിക്കൊച്ചിനെ കുറിച്ച്…

ഒരു പരിഹാസക്കളരിയിൽ നിന്ന് എന്നെ രക്ഷിച്ചെടുത്ത മാലാഖക്കുട്ടീ..നിനക്ക് നന്ദി..നന്ദി…