അവന്റെ പ്രവർത്തിയിൽ ആദ്യമൊന്ന് പകച്ചുവെങ്കിലും അവളുടെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിടർന്നു…

പ്രണയാർദ്രം….

Story written by Reshma Devu

================

രൂപേച്ചി….ഋഷി എന്നോട് ദേഷ്യത്തിലാണോ…വന്നിട്ട് ഇത്രയും മണിക്കൂറായി എന്നോട് ഒരു വാക്ക് മിണ്ടിയിട്ടില്ല.. ഈ മുറിയിലേക്കൊന്നു വന്നിട്ടില്ല..താലി കെട്ടുമ്പോൾ പോലും മുഖത്തേക്കൊന്നു നോക്കിയിട്ടില്ല…എനിക്ക് സഹിക്കാൻ പറ്റണില്ല രൂപേച്ചി…ചേച്ചിയെങ്കിലും ഒന്ന് പറ എന്താ അവന്റെ മനസിലെന്ന്…

തന്റെ വിവാഹ വസ്ത്രങ്ങൾ അഴിച്ചു മാറ്റി മറ്റൊന്നു ധരിപ്പിക്കാനായി മുറിയിലേക്കെത്തിയ രൂപയെ കെട്ടിപിടിച്ചു ശ്രീനിധി ഉറക്കെ കരഞ്ഞു…

എന്താ നിധീ ഇത്…നീയെന്തിനാ നല്ലൊരു ദിവസായിട്ട് ഇങ്ങനെ കരയണേ…അവനു ദേഷ്യം ഒന്നൂല്ല്യ..സങ്കടാണ്..ഉള്ള് നീറി പൊളിയുന്ന പോലുള്ള സങ്കടം…ഇന്നൊരു ദിവസം അവൻ നിന്നോടൊന്നും പറയാതെ….നിന്റെ അടുത്തു വരാതെ ഒഴിഞ്ഞുമാറി നിന്നപ്പോൾ നിനക്കിത്രയും വേദനിച്ചുവെങ്കിൽ നീ അവനെ ഒറ്റപ്പെടുത്തിയ ഒരോ നിമിഷവും അവനെത്ര തീ തിന്നു കാണുമെന്നു നിനക്ക് ചിന്തിക്കാനാകുന്നുണ്ടോ?

അവളെ തന്റെ നെഞ്ചിൽ നിന്നടർത്തി മാറ്റിക്കൊണ്ട് രൂപ ചോദിച്ചു.

ചേച്ചീ…..ഞാൻ അവന്റെ നന്മയെ കരുതിയല്ലേ അങ്ങനെയൊക്കെ ചെയ്തത്..അല്ലാതെ അവനോട് സ്നേഹമില്ലാഞ്ഞിട്ടെന്നു മാത്രം പറയല്ലേ..അവൾ പറഞ്ഞു..

നിനക്കില്ലാത്തൊരു നന്മ അവനു മാത്രമായി ഉണ്ടാകുമെന്ന് നീ കരുതിയതാണ് തെറ്റ്…അങ്ങനെ ചിന്തിക്കാൻ അത് ഋഷി അല്ലാതിരിക്കണം. എന്തായാലും അതൊക്കെ പോട്ടെ എല്ലാത്തിനും ഒരു അവസാനമായില്ലേ..ഇനി കരയാനും പരാതി പറയാനും പഴയതൊന്നുമോർത്തു വേദനിക്കാനും നിൽക്കണ്ട..പുതിയ ജീവിതം. അങ്ങനെ കരുതിയാൽ മതി..ചേച്ചി പോട്ടെ..ബന്ധുക്കൾ ചിലര് കൂടി പോകാനുണ്ട് അവരെ കൂടി യാത്ര അയച്ചിട്ട് ചേച്ചി കഴിക്കാൻ കൊണ്ടോവാൻ വരാം….

ശ്രീയോടായി പറഞ്ഞുകൊണ്ട് രൂപ മുറി വിട്ടിറങ്ങി പോയി…

കട്ടിലിൽ ചാരി ഇരുന്നുകൊണ്ട് ശ്രീനിധി തന്റെ കഴുത്തിലണിഞ്ഞ മാലയിലെ താലിയിൽ മെല്ലെ തലോടി…തങ്കലിപികളാൽ  ഋഷികേശ് എന്നെഴുതിയ ആ താലിയിലേക്ക് അവളുടെ കണ്ണിൽ നിന്നൊരു തുള്ളി കണ്ണീർ പൊഴിഞ്ഞു വീണു…

ഋഷിയും ശ്രീനിധിയും കോളേജ് കാലം മുതൽ പ്രണയിതാക്കളായിരുന്നു. ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ പറ്റാത്ത നിലയിലേക്ക് അവരുടെ ബന്ധം വളർന്നത്തോടെയാണ് ഇരു കുടുംബങ്ങളുടെയും അനുഗ്രഹാശിസ്സുകളോടെ അവരൊന്നിക്കാൻ ഒരുങ്ങിയത്…

പക്ഷെ വിധി മറ്റൊന്നായിരുന്നു. കല്യാണ നിശ്ചയത്തിന്റെ തലേന്ന് ടെറസിൽ ഉണങ്ങാനിട്ട വസ്ത്രങ്ങളെടുക്കാൻ കയറിയ അവൾ കാലുതെന്നി താഴേക്കു വീണു…ആ വീഴ്ചയോടെ ഇനിയൊരിക്കലും എഴുന്നേറ്റു നടക്കാനാകില്ലായെന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയ അവളുടെ ജീവിതം പിന്നെ വീൽ ചെയറിലൊതുങ്ങി..

മാസങ്ങളുടെ ആശുപത്രിവാസം കഴിഞ്ഞു തിരികെയവൾ വീട്ടിലെത്തുംവരേ അവൻ നിഴലുപോലെ അവൾക്കൊപ്പം നിന്നു. തന്റെ സ്നേഹവും പരിചരണവും കൊണ്ടവനവളെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നു…

വാതിലിൽ ആരോ മുട്ടുന്ന കേട്ടാണ് അവൾ ചിന്തകളിൽ നിന്നുണർന്നത്..

മറുപടി കൊടുക്കും മുൻപേ തന്നെ ഋഷി വാതിൽ തുറന്ന് ഉള്ളിലേക്ക് കയറി….ഒരു നിമിഷം….കണ്ണുകൾ തമ്മിലിടഞ്ഞെങ്കിലും പെട്ടന്നു തന്നെയവൻ നോട്ടം പിൻവലിച്ചുകൊണ്ട് മേശവലിപ്പ് തുറന്നു തന്റെ പേഴ്‌സ് എടുത്തു തിരികെ പോയി.

അവന്റെ മുഖത്തേക്ക് നോക്കിയിരുന്ന തന്റെ നെഞ്ചിൽ വല്ലാത്തൊരു നൊമ്പരം വന്നു നിറയുന്നതവളറിഞ്ഞു…താൻ എല്ലാത്തിനും അർഹയാണ് എന്ന തിരിച്ചറിവോടെ അവൾ കണ്ണുകൾ ഇറുക്കെ അടച്ചു..

ഹോസ്പിറ്റലിൽ നിന്നെല്ലാം വീട്ടിൽ എത്തിയതിൽ പിന്നെയാണ് ഒരു ലോകം തന്നെ മുറിക്കുള്ളിലൊതുങ്ങി പോയതിന്റെ വേദനയും പരവേശവും മനസിലാക്കാൻ തുടങ്ങിയത്..എല്ലാവരോടും എല്ലാത്തിനോടും തോന്നി തുടങ്ങിയ ദേഷ്യം എപ്പോഴാണ് അവനോടുള്ള അവഗണനയിലേക്ക് വഴി മാറിയതെന്നറിയില്ല..

പിന്നെ പിന്നെ അവന്റെ ഫോൺകോളുകൾ മെല്ലെ ഒഴിവാക്കാൻ തുടങ്ങി..കാണാൻ വന്ന അവനോട് ഒരു വാക്ക് പോലും മിണ്ടാതെ മുഖം തിരിച്ചു കിടന്നത് ഓർക്കവേ അവളുടെ ഉള്ളു പൊള്ളി…മാതാപിതാക്കൾ പോലും തുണയില്ലാത്ത, ഒരു ചേച്ചി മാത്രം കൂട്ടിനുള്ള അവനുഞാനൊരു ഭാരമാകരുത് എന്നെ കരുതിയുള്ളു…

പെട്ടന്ന് ഒരു ദിവസം അച്ഛനും അമ്മയും അമ്മാവന്മാരും മുറിയിലേക്ക് കയറിവന്നു ഋഷിയുമായുള്ള വിവാഹകാര്യം പറഞ്ഞു. അന്ന് ആദ്യമായി അവർക്കുമുന്നിൽ ഞാനവനെ തള്ളി പറഞ്ഞു…ഈ വിവാഹം നടത്തിയാൽ മരിച്ചു കളയുമെന്നു പോലും പറയേണ്ടി വന്നു…

വാക്കുകളാൽ ഒരുപാട് വേദനിപ്പിച്ചു. എന്റെ ശക്തമായ എതിർപ്പിനു മുന്നിൽ  ഒന്നും മിണ്ടാതെ അവരെല്ലാം കടന്നു പോയപ്പോൾ അതവിടെ തീർന്നുവെന്നാണ് കരുതിയത്… പിറ്റേന്ന് ഋഷി എന്നെ കാണാൻ വരുന്നതുവരെ മാത്രം..

എടീ….ഞാൻ കുറേ ആയി നീയീ കാണിക്കുന്നതൊക്കെ കണ്ടു മിണ്ടാതെ ഇരിക്കുന്നു..എന്താ നിന്റെ ഉദ്ദേശം…ഈ ഋഷി നിന്നെ സ്നേഹിച്ചുവെങ്കിൽ അത് സ്വന്തമാക്കാൻ തന്നെയാണ്..ഞാൻ ജീവനോടെ ഉണ്ടെങ്കിൽ മറ്റന്നാൾ ഈ കല്യാണം നടക്കും…നിന്റെ ആഗ്രഹം പോലെ ഗുരുവായൂരപ്പന്റെ മുന്നിൽ വച്ചു തന്നെ നിന്റെ കഴുത്തിൽ ഞാൻ താലി കെട്ടും..നീ അത് എതിർത്തു എന്ന് ഞാനിനി അറിയരുത്…അറിഞ്ഞാൽ പിന്നെ എന്നെ നീ ഇങ്ങനെ ആവില്ല കാണാൻ പോണത്..ഓർത്തോ നീ…

കടന്നു പോയ അഞ്ചു വർഷങ്ങൾക്കിടയിൽ ആദ്യമായി അവനെന്റെ മുന്നിൽ ഉറഞ്ഞുതുള്ളി….

പിന്നെ അങ്ങോട്ട്‌ വല്ലാത്തൊരു മരവിപ്പായിരുന്നു..ഒന്നും തള്ളാനും കൊള്ളാനും വയ്യാതെ എല്ലാത്തിനും മൗനാനുവാദം നൽകി..വർഷങ്ങളായുളള പ്രണയത്തെ സ്വന്തമാക്കാനുള്ള മനസിന്റെ ആഗ്രഹവും തന്റെ പരിമിതികളാൽ നാളെ അവനുണ്ടാക്കാവുന്ന നഷ്ടങ്ങളെ കുറിച്ചുള്ള തിരിച്ചറിവുകളും അവളുടെ മനസിന്റെ താളം തെറ്റിച്ചു…എന്നിട്ടും ഒരിക്കൽ ആഗ്രഹിച്ചപോലെ തന്നെ ഉണ്ണിക്കണ്ണന്റെ മുന്നിൽ വച്ചു വിവാഹം നടന്നു…

താലി ചാർത്തുമ്പോഴും സിന്ദൂരം അണിയിക്കുമ്പോഴും അവന്റെ മുഖം ഗൗരവത്താൽ മൂടിയിരുന്നു. ഗൃഹപ്രവേശ നേരത്ത് അവളെ കൈകളിൽ കോരിയെടുത്ത് പടികൾ നടന്നു കയറുമ്പോൾ പോലും തന്റെ മുഖത്തേക്ക് അവനൊന്നു നോക്കിയില്ല എന്നത് അവളെ വളരെയധികം വേദനിപ്പിച്ചു..

നിധി മോളെ..നമുക്ക് കഴിക്കാൻ പോയാലോ എന്നു ചോദിച്ചുകൊണ്ടുള്ള രൂപയുടെ കടന്നു വരവിൽ ശ്രീനിധിയുടെ ചിന്തകൾ മുറിഞ്ഞു…

എനിക്ക് വേണ്ട ചേച്ചി വിശപ്പില്ല….അവൾ പറഞ്ഞു..

അത് പറ്റില്ല മോളെ..മരുന്ന് കഴിക്കേണ്ടതല്ലേ അതുകൊണ്ട് കുറച്ചു കഴിക്കാം..

പെട്ടന്നാണ് ഋഷി മുറിയിലേക്ക് കടന്നു വന്നത്.

ചേച്ചീ…..കഴിക്കാറായില്ലേ പോയി എല്ലാം എടുത്തു വയ്ക്കു..

പറയുന്നതിനോടൊപ്പം തന്നെ ശ്രീനിധിയെ ഇരു കൈകളിലും കോരിയെടുത്ത് വീൽചെയറിലേക്ക് ഇരുത്തി അവൻ മുന്നോട്ടു നീങ്ങി…

അവന്റെ പ്രവർത്തിയിൽ ആദ്യമൊന്ന് പകച്ചുവെങ്കിലും അവളുടെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിടർന്നു..

രൂപയ്ക്കും ഭർത്താവിനും മക്കൾക്കുമൊപ്പം വിശേഷങ്ങൾ പങ്കുവെച്ചു ആഹാരം കഴിക്കുന്ന അവന്റെ മുഖത്തേക്ക് അവൾ ഇടയ്ക്കിടെ നോക്കിയെങ്കിലും അവളെന്നൊരാൾ അവിടെയുള്ളതുപോലും അവൻ ശ്രദ്ധിക്കുന്നില്ലായിരുന്നു.

രൂപയ്ക്കൊപ്പം മുറിയിൽ മടങ്ങി എത്തിയപ്പോഴും നിസ്സംഗമായ മനസ്സോടെ കണ്ണുകളടച്ച് അവളിരുന്നു..

ആദ്യരാത്രിയുടെ ആഡംബരമൊന്നും തന്നെയില്ലാത്ത മുറിയിലെ കട്ടിലിൽ അവനെയും കാത്തിരിക്കുമ്പോൾ ഒരിക്കൽ ഒരുപാട് കിനാവുകണ്ടൊരു രാത്രിയാണെന്നുള്ള ഓർമ പോലുമവളെ വേദനിപ്പിച്ചു..

വാതിൽ തുറക്കുന്ന ശബ്ദം കേട്ടാണ് ശ്രീനിധി കണ്ണുകൾ തുറന്നത്. മുറിയിലേക്ക് കടന്നു വാതിലടച്ചു പൂട്ടുന്നവനെ കണ്ടപ്പോൾ ഉള്ളിലൂടൊരു പെരുപ്പ് കടന്നു പോകുന്നപോലെ  അവൾക് തോന്നി..വേഷം മാറ്റി വന്നു കിടക്കുമ്പോഴും കൈ എത്തിച്ചു മുറിയിലെ വെളിച്ചം കെടുത്തുമ്പോഴും അവൻ അവളോടൊന്നും പറഞ്ഞില്ല..

മുറിയിലെ ഇരുണ്ട വെളിച്ചത്തിൽ അവൾ അവനെ തന്നെ നോക്കിയിരുന്നു…

ഋഷീ….ഇങ്ങനെ അവഗണിക്കാനായിരുന്നുവെങ്കിൽ നീയെന്നെ കൂടെ കൂട്ടേണ്ടിയിരുന്നില്ല…

പതിഞ്ഞ ശബ്ദത്തിൽ അവളതു പറയുമ്പോൾ കരച്ചിൽ ചീളുകളാൽ ഒച്ച ചിലമ്പുന്നുണ്ടായിരുന്നു..

അവന്റെ ഭാഗത്തു നിന്നുള്ള നിശബ്ദത മുറി മുഴുവൻ നിറയുന്നതായി അവൾക്കു തോന്നി.

ഞാൻ നിന്റെ നന്മ മാത്രമാണ് മുന്നിൽ കണ്ടത്. എന്നെപോലെ ഒരാളെ കൂടെ കൂട്ടിയാൽ നിനക്ക് നഷ്ടങ്ങൾ മാത്രമേ ഉണ്ടാകുള്ളൂ. നീ ആഗ്രഹിക്കുന്ന പോലൊരു ഭാര്യയാകാൻ എനിക്കൊരിക്കലും കഴിയില്ല. എന്റെ പരിമിതികൾ ഇന്നല്ലെങ്കിൽ നാളെ നിനക്കൊരു ബാധ്യതയാകും..

നിർത്തെടി…ഇനി നീ മിണ്ടിയാൽ നീ വാങ്ങിക്കും എന്റേന്ന്..കട്ടിലിൽ നിന്ന് എഴുന്നേറ്റിരുന്ന ഋഷിയുടെ അലർച്ചയിൽ ശ്രീനിധിയുടെ വാക്കുകൾ പാതിയിൽ മുറിഞ്ഞു.

നീയെന്താടി എന്നെക്കുറിച്ചു ധരിച്ചു വച്ചേക്കുന്നെ…നീ ഈ പറയും പോലെ എന്റെ ശരീരത്തിന്റെ സുഖം നോക്കി മാത്രമാണ് ഞാൻ നിന്നെ സ്നേഹിച്ചത് എന്നോ..അതോ ഭാര്യ എന്നുള്ള പേരിൽ ഒന്നിനെ കൊണ്ട് വരുന്നത് ഈ ഒരു കടമ തീർക്കാൻ വേണ്ടി മാത്രം ആണെന്നോ..എന്നെകൊണ്ട് പറയിക്കരുത് നീ…അവൻ ദേഷ്യത്തോടെ എഴുന്നേറ്റു മുറിയിലെ ലൈറ്റ് ഓൺ ചെയ്തു..

ദേഷ്യത്താൽ വലിഞ്ഞു മുറുകിയ അവന്റെ മുഖം കാണെ അവൾ ഭയം കൊണ്ട് വിറച്ചു.

നീ എട്ടൊൻപതു മാസം ആയിട്ട് എന്നോട് കാണിച്ചു കൂട്ടിയതൊക്കെ കണ്ടിട്ടും അനുഭവിച്ചിട്ടും ഞാൻ മിണ്ടാതെ ഇരുന്നത് ഒരുപക്ഷെ നിന്റെ സ്ഥാനത്ത് ഞാൻ ആയിരുന്നാലും അങ്ങനെയൊക്കെ ചിന്തിച്ചാലോ എന്നു തോന്നി മാത്രം ആണ്…പക്ഷെ അത് പൂർണ്ണമായും എന്നെ വേണ്ടെന്ന് വയ്ക്കും എന്നുള്ള നിലയിലേക്ക് വളരുമെന്ന് വിചാരിച്ചില്ല…ഞാൻ നിന്നെ സ്നേഹിച്ചത് അങ്ങനെ അങ്ങ് കൈവിട്ടു കളയാനല്ല എനിക്ക് ഈ അവസ്ഥ വന്നുവെങ്കിൽ നീയെന്തു ചെയ്യുമോ അതേ ഞാനും ചെയ്തുള്ളൂ. എനിക്ക് നിന്നെ വേണം….അതിനി ഇതിനപ്പുറമുള്ളൊരു അവസ്ഥയിൽ ആയാലും ശരി..

അവന്റെ ഒച്ച ഉയർന്നു അല്പസമയത്തിനകം ദേഷ്യമടങ്ങിയപ്പോൾ തിരിഞ്ഞു നോക്കിയ ഋഷി കണ്ടത് ഇരു കണ്ണുകളും നിറഞ്ഞൊഴുകി നിശബ്ദമായി കരയുന്ന ശ്രീയെയാണ്.

അവൻ അവളുടെ അടുത്തേക്കു ചെന്നു ഇരു തോളിലും കൈകളമർത്തി. പെട്ടെന്നൊരു പൊട്ടിക്കരച്ചിലോടെ അവളവന്റെ നെഞ്ചിലേക്ക് ചേർന്നു.

ഋഷീ നീയെന്നോട് ക്ഷമിക്ക്…എനിക്ക് നിന്നെ അറിയാഞ്ഞിട്ടല്ല. നിന്നിൽ നിന്നകലാൻ എനിക്ക് കഴിയുമായിരുന്നിട്ടുമല്ല..നീ എന്നിൽ നിന്നു കൊതിക്കുന്നതൊന്നും അതിന്റെതായ പൂർണ്ണതയിൽ നിനക്ക് തരാൻ ഇനിയെനിക്ക് പറ്റില്ല. നിന്റെ മോഹങ്ങളും സ്വപ്നങ്ങളും എനിക്കറിയാം അതിനൊപ്പം നടക്കാൻ കെൽപില്ലാത്ത എന്നെ നിനക്കിനി എന്തിനാണെന്ന് പോലും ഞാൻ ചിന്തിച്ചുപോയി..കരഞ്ഞു ചിലമ്പിച്ച ഒച്ചയിൽ അവൾ പറഞ്ഞു..

ഒന്നും മിണ്ടാതെ അവൻ അവളെ തന്റെ നെഞ്ചിൽ നിന്നടർത്തി മാറ്റി. കണ്ണീരിനാൽ കുതിർന്ന മുഖം കൈകളിലെടുത്ത് അത്രമേൽ ആർദ്രതയോടെ അവളുടെ നെറ്റിയിൽ ചുണ്ടുകളമർത്തി.

ശ്രീ….നീ പറഞ്ഞത് ശരിയാണ്..ഒരുപക്ഷെ എന്റെ മോഹങ്ങൾക്കൊപ്പം നടക്കാനുള്ള വേഗത നിന്റെ ശരീരത്തിനില്ലായിരിക്കാം…പക്ഷെ പെണ്ണേ…ഞാനെന്ന പുരുഷന് നീയെന്നെ സ്ത്രീയോടുള്ള മോഹത്തേക്കാൾ ഒരായിരം ഇരട്ടിയാണ് നിന്നോടുള്ള എന്റെ പ്രണയം. അതീ ചങ്കിലിങ്ങനെ തീ പോലെ പടരുന്നിടത്തോളം കാലം നിന്നിൽ ഞാൻ പരിപൂർണ തൃപ്തനാണ്. അതുകൊണ്ട് ഇനി മേലിൽ എന്റെ ശ്രീ ഇങ്ങനെ ചിന്തിച്ചുവെന്ന് പോലും ഞാനറിയരുത് കേട്ടല്ലോ….അവസാന വരികളിൽ ശാസന കലർത്തി അവനതു പറയുമ്പോൾ അവളുടെ ചുണ്ടിലും പ്രണയം നിറഞ്ഞൊരു പുഞ്ചിരി വിടർന്നു…ഒത്തിയിരിയിഷ്ടത്തോടെ അവനെ നെഞ്ചോടു ചേർക്കുമ്പോൾ വിരുന്നു വരാനിരിക്കുന്നൊരു വസന്തകാലത്തിന്റെ ഓർമയിൽ അവളുടെ മിഴിയിൽ നിന്നൊരു തുള്ളി കണ്ണുനീർ കൂടിയവന്റെ മുടിയിഴകളിൽ വീണു ചിതറി……

**********************

മാസങ്ങൾക്കു ശേഷമുള്ളൊരു സായന്തനത്തിൽ അസ്തമയ സൂര്യന്റെ പ്രണയചുവപ്പിൽ സുന്ദരിയായ കടൽത്തീരത്ത് അവന്റ നെഞ്ചിൽചാരി അവളിരുന്നു..

ഋഷീ….നീയെന്നെ എത്രത്തോളം പ്രണയിക്കുന്നുണ്ട്…

തന്റെ വയറിനുമേൽ  കരുതലെന്നോണം ചുറ്റി പിടിച്ച അവന്റെ കൈകളിൽ പതിയെ തലോടിക്കൊണ്ട്  ശ്രീനിധി ചോദിച്ചു..

അതെന്താ പെണ്ണേ നിനക്കിപ്പോ അങ്ങനെയൊരു സംശയം…പൊട്ടിച്ചിരിയോടവൻ മറു ചോദ്യമെറിഞ്ഞു..

പറയ്‌…ചുമ്മാ ഒന്നറിയാല്ലോ…അവൾ പിന്നെയും പറഞ്ഞു…

ഹാ…..പറയാം….നീയീ കടലു കണ്ടോ…..തന്നിൽ നിന്നും കരയിലേക്ക് അകന്നു പോകുന്ന ഒരോ തിരയെയും അതിനേക്കാൾ ഇരട്ടി ശക്തിയോടെ തന്റെ നെഞ്ചിലേക്ക് തന്നെ വലിച്ചു ചേർക്കുന്ന ഈ കടൽ…..ഈ കടലു പോലെയാണ് ഞാൻ…നീയെന്റെ തിരയും….എന്നിൽ നിന്നേതു കരയിലേക്കു നീയോടി മറഞ്ഞാലും എന്റെ പ്രണയം കൊണ്ടു ഞാൻ നിന്നെ തിരിച്ചെന്നിലേക്കു തന്നെ വലിച്ചടുപ്പിക്കും. അകന്നു പോകാനൊരു തീരവും തേടാതെ നീയെന്നെ തിരയെ ഞാൻ ദാ ഇങ്ങനെ എന്റെ നെഞ്ചിൽ തന്നെയിട്ടു കൊണ്ടു നടക്കുന്നതിനപ്പുറം ഇനി നിന്നോട് ഞാനെങ്ങനെയാണ് ശ്രീ എന്റെ പ്രണയം പറയുക….

അവളുടെ കാതോരം ചുണ്ടുകൾ ചേർത്തു പതിഞ്ഞ സ്വരത്താൽ അവനതു പറയുമ്പോൾ കടലിലേക്കാണ്ടു പോയ സൂര്യൻ ബാക്കി വച്ച ചെഞ്ചുവപ്പത്രയും അവളുടെ കവിളുകളിൽ നാണത്തിന്റെ കളമെഴുതി..

ചില സ്നേഹങ്ങളങ്ങനെയാണ്…കളങ്കങ്ങളില്ലാതെ ഒരു ഹൃദയത്തിൽ നിന്നു മറ്റൊന്നിലേക്ക് അനുസ്യൂതം ഒഴുകിക്കൊണ്ടേയിരിക്കും….അത്രമേൽ പ്രണയാർദ്രമായി…..

✍️ രേഷ്മ ദേവു